Showing posts with label DeepaRajesh. Show all posts
Showing posts with label DeepaRajesh. Show all posts

തീരാവേദന

Image may contain: Deepa Rajesh, smiling

തോമാച്ചോ വരുന്നില്ലേ കുർബാന തുടങ്ങാറായി. തോമാ തപ്പി തടഞ്ഞ് എണീറ്റു...
ഈശോയെ വൈകിയോ മാധവേട്ടനിന്നും പറയും നോക്കാനും വിളിക്കാനും ആളു കൂടുതലായേന്റെ കുഴപ്പമാണീ മടിയെന്ന്. പുറത്തേക്ക് നോക്കി നേരം പുലർന്നിട്ടില്ല പിന്നെ എന്തിനാകും മാധവേട്ടൻ ഇത്ര നേരത്തെ വിളിച്ചേ....
പെട്ടന്നാണ് തോമാ ഓർത്തത് മാധവേട്ടൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
കണ്ണുകൾ നിറയണ പോലെ നെഞ്ചിൻ കൂട്ടിൽ വേദനയുടെ തിരയിളക്കം , വീണ്ടും കിടന്നു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട്.
തന്നെക്കാൾ ഒരു പത്ത് വയസ്സ് കൂടുതലുണ്ട്. വാർദ്ധക്യത്തിലെത്തിയപ്പോൾ എന്നും രാവിലെ ആറു മണിക്ക് പള്ളീലേക്കും അമ്പലത്തിലേക്കും ഒന്നിച്ചാണ് പോയിരുന്നത്.
ജോലി ഉണ്ടായിരുന്നപ്പോൾ അവിടെ എന്തു വിശേഷ മുണ്ടായാലും ബാക്കി വരുന്ന ആഹാരസാധനങ്ങളിൽ ഒരു പങ്ക് മാധവേട്ടൻ കൊണ്ടുവരും. സ്വന്തം മക്കൾക്കും വരുമ്പോൾ കാണുന്ന പ്രിയപ്പെട്ടവർക്കും കൊടുക്കും.
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. പറക്കമുറ്റാത്ത മൂന്ന് ചുണക്കുട്ടന്മാരെ നല്കിയിട്ട് ഭാര്യ നേരത്തേ ക്യാൻസറിനു കീഴടങ്ങി. മക്കളെ ഒറ്റയ്ക്ക് വളർത്തി അവരുടെ വിവാഹവും നടത്തി കൊടുത്തു ആ പാവം.
അവിടെ തുടങ്ങി കഷ്ടകാലം.
ഭാര്യമാരുടെ വാക്കു കേട്ട് മക്കൾ പരസ്പരം വഴക്കിട്ട് പല വഴിക്കു പോയി. മൂത്ത പുത്രനോടൊപ്പം തറവാട്ടിൽ കൂടി മാധവേട്ടൻ. ഒരിക്കലും ആരോടും മക്കളേയും മരുമക്കളേയും കുറ്റം പറയാത്ത ഒരു സാധു മനുഷ്യൻ. മരുമകൾക്ക് ഭാരവും പുച്ചവുമായിരുന്നു ആ സാധുവിനെ. എന്നും കുറ്റപ്പെടുത്തലും ശകാരവും.
ഒരു ദിവസം എടാ തോമച്ചാ കയ്യിലൊരു മുഴ പോലെ എന്താന്നു അറിയില്ല കുറേ നാളായി അവളുടെ പോലെ വല്ലോം ആകോ? ഒന്നു പോ മാധവേട്ടാ ഇയാൾക്ക് ഭ്രാന്താണോ എന്നു പറഞ്ഞ് താനന്ന് പോയതോർത്തപ്പോൾ വീണ്ടും കണ്ണു നിറഞ്ഞു.
' പ്രഭാത സവാരിക്കിടെ ഒരു ദിവസം പറഞ്ഞു തോമാച്ചാ എനിക്കും കിട്ടിയെടാ ക്യാൻസർ എന്ന സമ്മാനം. ഡോക്ടർ പറഞ്ഞത് ഇത് കീറി കളഞ്ഞാൽ എല്ലാം ശരിയാകുമെന്നും നൂറു വയസ്സ് വരെ ജീവിക്കാമെന്നുമാണ്. താനാ മുഖത്തേക്ക് പാളിയൊന്നു നോക്കി വളരെ ശാന്തമാണ് ഉള്ളിൽ വിഷമമുണ്ടെങ്കിൽ തന്നെ അതിന്റെ ഒരു കണിക പോലും പുറത്തില്ല.
…നീ എന്താ തോമാച്ചാ മിണ്ടാത്തെ കപ്പലണ്ടി കച്ചോടത്തിൽ നഷ്ടം വന്നോ? ഞാനുണ്ടാകൂടാ നിന്റൊപ്പം എന്നുമിങ്ങനെ നടക്കാൻ.
എല്ലാം പെട്ടന്നായിരുന്നു മുഴ നീക്കം ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. ക്യാൻസറെന്ന രാക്ഷസന്റെ വേരുകൾ ശരീരത്തിലേക്ക് വ്യാപിച്ചിരുന്നു. നീ എന്താ വരാത്തേന്ന് ഓർത്ത് കിടന്നേയുള്ളൂ ഞാൻ , ഇപ്പോൾ നല്ല കുറവുണ്ട് കീമോയുടെ തളർച്ച മാത്രമേയുള്ളൂ ഇപ്പോ. അന്റപ്പന്റൊപ്പം ആശുപത്രിയിൽ കാണാൻ ചെന്നപ്പോൾ കുട്ടികളുടേത് പോലെ പ്രസരിപ്പോടെ പറഞ്ഞതാണ്.
രക്ഷപെടുമെന്നുള്ള ആത്മവിശ്വാസം കൂടുതലായിരുന്നു. ഓരോ ദിനം കഴിയും തോറും മാധവേട്ടന് വേദനകൾ കൂടി വന്നു മനസ്സിനും ശരീരത്തിനും. മക്കൾക്ക് ശല്യമായെന്ന് അവർ മുഖത്ത് നോക്കി പറയാൻ തുടങ്ങി. ഇനി രക്ഷയില്ലെന്ന് മക്കൾ വിധി എഴുതി. കാണാൻ വരുന്നവരോട് അതു പറഞ്ഞവർ മാധവേട്ടനെ മാനസീകമായി കൊന്നു കൊണ്ടിരുന്നു.
വിശപ്പു മാറാനുള്ള ഭക്ഷണം പോലും മാലതി കൊടുക്കാതായി. ആർത്തി പിടിച്ച് കഴിച്ചിട്ട് എന്നും വയറ്റീന്ന് പോകുമ്പോൾ അതു കോരാൻ എനിക്ക് മനസ്സില്ല. ഇപ്പോ തന്നെ ഇത്ര കുറച്ച് കഴിച്ചിട്ട് പോലും രണ്ട് ദിവസം കൂടുമ്പോൾ കിടക്ക ചീത്തയാക്കും നാശം.മാലതിയുടെ ഈ പ്രാക്കും ചീത്തയും എന്നും കേൾക്കാം .
തോമാച്ചാന്നുള്ള വിളി കേട്ട് താൻ ഓടി ചെല്ലും. എപ്പോഴും ചെല്ലുന്നത് അവിടാർക്കും ഇഷ്ടമല്ല. ഭക്ഷണവും മരുന്നും ഇല്ലാണ്ട് ക്ഷീണിച്ച് എല്ലുന്തി ഒരു പ്രാകൃത രൂപമായി മാറി ആ മിണ്ടാപ്രാണി. ആരും കാണാതെ താൻ കൊടുക്കണ കപ്പയും മീനുമെല്ലാം കരഞ്ഞു കൊണ്ട് ആരെങ്കിലും കാണുമോന്നു പേടിച്ച് വേഗം കഴിക്കും.
അതു കാണുമ്പോൾ വിച്ചൂട്ടൻ പറയണത് ഓർമ്മ വരും " അച്ഛൻ ഒന്നും കഴിക്കില്ല തോമസേട്ടാ എന്തു കൊടുത്താലും വേണ്ടാന്നു പറഞ്ഞ് അവളെ ചീത്ത പറയും. വാശിയാ വാശി ആരേ കാണിക്കാനാ. വയസ്സായില്ലേ കുറേശ്ശെ ചിന്നനും ഉണ്ട്". ആരും കാണാതെയുള്ള ആ കൊടുക്കൽ വാങ്ങൽ ഒരു ദിവസം കയ്യോടെ ആ രാക്ഷസി കണ്ടു പിടിച്ചു.
അതോടെ എല്ലാവർക്കും എന്നും നല്ല നല്ല ഭക്ഷണങ്ങളും പലഹാരങ്ങളും നല്കിയിരുന്ന ആ സാധു മനുഷ്യൻ മുഴു പട്ടിണിയിലേക്ക് വീണു.
മൂത്ത മോളുടെ കൂടെ വേളാങ്കണ്ണിൽ പോയി രണ്ടാഴ്ച്ച കഴിഞ്ഞ് വന്നപ്പോൾ തന്നെ മാധവേട്ടനെ കാണനായി ഓടി.
ആ റൂമിലേക്ക് കയറിയപ്പോൾ മൂക്കിലേക്ക് മൂത്രത്തിന്റെയോ മുഷിഞ്ഞ തുണിയുടേയോ ഒരു തരം മണം അടിച്ചു കയറി. കട്ടിലിലേക്ക് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ടു കയറിയ പോലെ തോന്നി. ഒരു ഉണക്ക കമ്പ് പോലെ തോന്നി ആ രൂപം. അടുത്തിരുന്ന് കുറേ വിളിച്ചു തടവിയുംകുലുക്കിയും നോക്കി ഒന്നും മിണ്ടണില്ല. മാലതി കള്ള കണ്ണീരൊപ്പി പറഞ്ഞു ഒന്നും കഴിക്കണില്ല ഇപ്പോൾ ഇടക്ക് വെള്ളം ഇറ്റിച്ച് കൊടുക്കും .
ആരേയും തിരിച്ചറിയണില്ല എത്ര നാളിങ്ങനെ നോക്കും. വീച്ചൂട്ടനും വന്നു മുറിയിലേക്ക്. അവന്റെ ആ മുഖത്തു നോക്കി രണ്ട് പറയാൻ തുടങ്ങിയപ്പോഴാണ് മാധവേട്ടന്റെ അടഞ്ഞ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകണത് കണ്ടത്. ഒരു തരം കരച്ചിൽ പോലുള്ള മൂളലും കേൾക്കാം. ഈശോയെ എന്റെ സാമീപ്യം മാധവേട്ടൻ തിരിച്ചറിഞ്ഞു.
എത്ര നേരം അവിടെ അങ്ങനെ ഇരുന്നൂന്ന് ഇപ്പോ ഓർമ്മ വരണില്ല. മേശപ്പുറത്തിരുന്ന ഗുളിക എടുത്ത് ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ പറയാ ചിലപ്പോൾ ചിന്നൻ കൂടി ബഹളം വയ്ക്കും അപ്പോൾ വെള്ളത്തിൽ ചാലിച്ച് കൊടുക്കാനാണെന്ന്. ഉറങ്ങാൻ വേണ്ടീട്ട് ആണത്രേ.
എന്തിനാടാ നീ ഈ പാപത്തിന് കൂട്ടു നില്ക്കണത്. മിണ്ടാനോ അനങ്ങാനോ പറ്റാത്ത ആളാണോ ഒച്ച എടുക്കണത്. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒന്നിച്ച് കൊന്നൂടേടാ ഈ മനുഷ്യനെ.
'അവനോട് അത്രയും പറഞ്ഞപ്പോഴാണ് ഇത്തിരി സമാധാനമായത്. എന്റെ മാതാവേ ഈ ജീവൻ ഒന്നു അവസാനിപ്പിച്ചു തരണമേ എന്ന് ആത്മാർത്തമായി പ്രാർത്ഥിച്ചു .പിന്നെ അങ്ങോട് മാധവേട്ടനെ കാണാൻ പോകേണ്ടി വന്നില്ല. രണ്ടാം നാൾ വെളുപ്പിന് കരച്ചിലും ബഹളവും കേട്ടപ്പോൾ മനസ്സിലായി തീർന്നു ആ ജീവനെന്ന്. ചിലപ്പോൾ കൊന്നതാകും മരുന്ന് കൂടുതൽ നല്കി. എന്റെ മനസ്സങ്ങനെ പറഞ്ഞു. മരുമക്കൾ മൂന്ന് പേരും കരഞ്ഞ് നന്നായി അഭിനയിച്ചു ചടങ്ങുകൾ അവസാനിപ്പിച്ചു.
ഒരു മകളുണ്ടായിരുന്നേൽ മാധവേട്ടനെന്ന് ഞാനാ നിമിഷം ഓർത്തു. അന്നു പടി ഇറങ്ങിയേ പിന്നെ ആ വീട്ടിലേക്ക് പോലും നോക്കാറില്ല. അതിനു ശേഷം ഇന്നുവരെ രാവിലത്തെ കുർബാനക്ക് പോയിട്ടുമില്ല. ചാച്ചനെന്താ എണീക്കാത്തേന്നുള്ള മോളീടെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്.
ഒരു കാര്യം ഉറപ്പാണ് ഇന്ന് മാധവേട്ടൻ എന്നെ കാണാൻ വന്നിരുന്നു. അതോർത്തപ്പോൾ വേദന ഒരു സുഖമുള്ളതായി. കുറേ നാൾ കൂടി മാധവേട്ടന്റെ വീട്ടിലേക്ക് നോക്കി നിന്നു ഒരു നിമിഷം.
മാധവേട്ടൻ അവിടെ തന്നേയും നോക്കി നില്പുണ്ടാകും........ അല്ല അവിടെ നില്പുണ്ട്.
ദീപ

ഒരു പെണ്ണിന്റെ കഥ

Image may contain: 1 person....

...
മൊബൈലിന്റെ കിണുങ്ങൽ കേട്ട് കണ്ണു പയ്യെ ചിമ്മി കൊണ്ട് ഒന്നു കൂടി പുതപ്പിനടിയിലേയ്ക്കവൾ നൂണ്ടുകയറി.
നാല് മണി അല്ലേ ഇനീം കിടക്കാം. കണ്ണടച്ചുള്ളൂ .........അതാ വീണ്ടും നാലുനാല്പതിന്റെ കിണുങ്ങൽ. ചാടിയെണീറ്റ് ഒന്നു മുഖം കഴുകി എന്നാലും കുടിയന്മാരുടേതു പോലെ ആടിയാടി അടുക്കളയിലേക്ക് .
റൈസ് കുക്കറിൽ നിന്ന് കലമെടുത്ത് അടുപ്പിൽ വച്ചു. ജീരകവും ഇഞ്ചിയുമിട്ട് കുടിക്കാനുള്ള വെള്ളവും വച്ചു അടുപ്പിൽ. ഇനിയാണ് തമാശ.
കറി എന്തു വയ്ക്കണം..[ പരീക്ഷക്ക് ഉപന്യാസം എഴുതാൻ പറഞ്ഞപ്പോൾ പോലും ഇത്രക്ക് ആലോചിക്കേണ്ടി വന്നിട്ടില്ലല്ലോന്നു അവളോർത്തു..... ഇപ്പോൾ വായിക്കണ നിങ്ങളും] ഭർത്താവിനു , മക്കൾക്ക് എന്തിനു പറയണം ഓരോരുത്തർക്കും മുഖം തെളിയണ കറി വേണ്ടെ തയ്യാറാക്കാൻ.
ഹൊ ഒരാണായി പിറന്നാൽ മതിയായിരുന്നു എന്നോർത്തപ്പോൾ പാത്രമൊക്കെ കഴുകാനുള്ളത് സിങ്കിലേക്ക് പറന്നു .
അയ്യോ 5.45 മൊബൈൽ കരഞ്ഞു തുടങ്ങി അത് ഓഫാക്കാനായി എടുത്തപ്പോൾ അമ്മമ്മയുടെ വക " പാത്രം പൊട്ടി പോകൂട്ടോ മോളേ ... ചില്ലു പാത്രം പൊട്ടാൻ പാടില്ലാട്ടോ" .
എന്താ പൊട്ടിയാൽ ആകാശം ഇടിഞ്ഞു വീഴോന്ന് ചോദിക്കാൻ തോന്നി.എന്നാലും മിണ്ടീല്ല എന്റെ ചക്കര അമ്മമ്മ എങ്കിലും അറിയണുണ്ടല്ലോ എന്റെയീ ഓട്ടം.
കുപ്പീന്നു വന്ന ഭൂതത്തേപ്പോലവൾ എല്ലാം തയ്യാറാക്കി. രണ്ടു മക്കളുടേം ഭർത്താവിന്റേം ചോറു പാത്രങ്ങളും വെള്ള കുപ്പികളും കൊണ്ട് ഊണു മേശ നിറഞ്ഞു.
സമയം 6.19 .... മോനേ കുളി കഴിഞ്ഞില്ലേ.. ഇപ്പോ ഇറങ്ങാമ്മേ..... ഇതു കുറേ കേട്ടിട്ടുണ്ട് എന്ന് പറയുന്ന ഇന്നസെന്റിനേപ്പോലെ മൂന്നാം ക്ലാസ്സുകാരൻ സുഖമായി ഉറങ്ങുന്ന റൂമിലേക്ക് ഓടി.
ഈ ഓട്ടം ഇന്ത്യക്കു വേണ്ടി ആയിരുന്നേൽ ഒരു വെള്ളി എങ്കിലും കിട്ടിയേനെ.
മോനെ എണീക്ക് സമയം പോയീട്ടോ. ...

ആരു കേൾക്കാൻ മെസ്സി ഗോളടിക്കണതും സ്വപ്നം കണ്ടുറങ്ങുകയാണ് എന്നത്തേയും പോലെ.
എടാ മര്യാദക്ക് എണീറ്റോ അല്ലേൽ നല്ല ചുട്ട അടി കിട്ടും . ഒന്നുകൂടി കുലുക്കിയപ്പോൾ..... ഹോ ഈ അമ്മ ചീത്തയാ ഉറങ്ങാനും സമ്മതിക്കില്ല എന്നുള്ള പതിവ് പല്ലവിയോടെ കുളിക്കാൻ കയറി....[ ഒരു കാട്ടു പൂച്ചയുടേതു പോലെ തോന്നി അവനെ ].
ഏഴു മണി ഇപ്പോൾ പുറത്തൂന്ന് ഒരാൾ വന്നാൽ ചിന്തിക്കും ഇതെന്തപ്പാ എറണാകുളം ചന്തയാണോ എന്തൊരു ബഹളമാണിത്... മോനേ വായ് തുറക്കൂ ഈ ദോശ കഴിക്കൂ. അപ്പു ടാ നീ ഷർട്ടിട്ടോ ചോറ്റും പാത്രം എടുത്ത് വച്ചോ. നിനക്കൊക്കെ എല്ലാം എടുത്ത് തരാൻ ഞാനുണ്ടായിട്ടാ.................... ഒരു അച്ചടക്കം ഇല്ലാത്തെ പിള്ളേരു മടുത്തു എനിക്ക്.
7.05 ആ നശിച്ച മൊബൈൽ വീണ്ടും കരഞ്ഞു.
അപ്പോഴേക്കും രാവിലത്തെ ഒരു മണിക്കൂറിന്റെ നീരാട്ടും കഴിഞ്ഞ് ഓഫീസിലേക്ക് പോകാനായി ഒരുങ്ങി നമ്മുടെ ഗൃഹനാഥന്റെ വരവ്.
കുട്ടികളുടെ ബസ് 7.15 വരും എന്നറിയാവുന്നയാളാണ് .
എല്ലാ പുരുഷ പ്രജകളും ചെയ്യണ പോലെ .. എന്താ നീ ഇതുവരെ റെഡിയാക്കിയില്ലേ മക്കളെ.. ..
കണ്ണു ചുവപ്പിച്ചു കൊണ്ട് നിനക്കിവിടെ എന്ത് മല മറിക്കണ പണിയാണ് ഉള്ളത്.
നമ്മുടെ കണ്ണ് തള്ളി പുറത്തേക്ക് വരുമ്പോൾ അടുത്ത ചോദ്യം അകെ ഒരു ചോറും കറീം വയ്ക്കണം അതിനാണ് ഇത്രയും സമയം.
പാവം കുട്ടികൾ അവർക്കും കിട്ടും ബാഗെടുത്തില്ല ഷൂ ഇട്ടില്ല എന്നിങ്ങനെ.
മക്കൾ അമ്മയെ നോക്കും ആ നോട്ടത്തിൽ അറിയാം അച്ഛൻ വൈകിയിട്ട് എന്തിനാ നമ്മുടെ അടുത്ത് ഒച്ചയെടുക്കണത് എന്ന്. അമ്മയുടെ പുഞ്ചിരിയിൽ അവരാ വിഷമം മറക്കും.
അച്ഛനും മക്കളും പോയപ്പോൾ
ഒരു യുദ്ധം തീർന്ന പ്രദേശം പോലായി വീടും മനസ്സും.
ഒന്നിരുന്ന് രാവിലെ തൊട്ടുള്ള ഓട്ട പാച്ചിൽ ഓർക്കുമ്പോൾ മടുപ്പ് തോന്നിയ ആ നിമിഷങ്ങളെയൊക്കെ നിറകണ്ണുകളോടെ സംതൃപ്തിയോടെ എനിക്ക് വേണ്ടി തന്നെയല്ലേ അതെല്ലാമെന്ന് അവളോർത്തു.
അപ്പോഴാണ് മേലധികാരിയുടെ മുഖം ഒർമ്മ വരിക. പിന്നെ വീണ്ടും തുടങ്ങും ഓഫീസിലേക്കുള്ള ഓട്ടം.
ഒരു സ്ത്രീയുടെ ഓട്ടം തീരുന്നതെന്നാണെന്ന് ആർക്കെങ്കിലും അറിയോ? ??????
അതു പോലെ സ്വയം ഒരുങ്ങി ഇറങ്ങാൻ ഭർത്താവ് ഒരു മണിക്കൂർ എടുത്താൽ കുഴപ്പമില്ല. പക്ഷെ ഭാര്യ ഒരുങ്ങി ഇറങ്ങാൻ ഒരു മണിക്കൂറിന്റെ കൂടെ അഞ്ച് മിനിറ്റു കൂടെ എടുത്താലോ?
ഈശ്വരോ അപ്പോ പറയും എത്ര ഒരുങ്ങിയാലും തീരില്ല ഇവളാരപ്പ ഐശ്വര്യ റായിയോന്നു.
അപ്പോൾ അവൾ കുട്ടികളെ കുളിപ്പിച്ച് ഉടുപ്പിടീച്ചതും, പ്രിയതമന്റെ ഷർട്ട് ഇസ്തിരിയിട്ടതും മക്കൾക്ക് ഭക്ഷണം കൊടുത്തതും ഇതെല്ലാം കഴിഞ്ഞ് വെറും പത്ത് മിനിട്ടിൽ ഒരുങ്ങി ഇറങ്ങിയതും സൗകര്യപൂർവ്വം മറക്കും........
Deepa

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo