Showing posts with label AmanAshiq. Show all posts
Showing posts with label AmanAshiq. Show all posts

നല്ല മുട്ടൻ തെറി


"ആരാടാ വിളിച്ചത് ..."?
ഫോണ്‍ കട്ട് ചെയ്യുമ്പൊഴെക്കും ഉമ്മയെത്തി ...
"അതു നമ്മടെ ഷുക്കൂർ ആണുമ്മാ ..
എന്റൊപ്പം നാലാം ക്ലാസ് വരെ പഠിച്ച ..."
"ഏതു ആ തെങ്ങാക്കള്ളൻ ബീരാന്റെ മോനാ ..."?
"എന്റുമ്മാ അങ്ങിനൊന്നും അവന്റെ മുന്നീന്ന് പറഞ്ഞേക്കല്ലേ ...
അവനിപ്പോ ഗൾഫിൽ കാശൊക്കെ ഉണ്ടാക്കി ഭയങ്കര സെറ്റപ്പിലാ .."
"ഞാൻ തുടങ്ങാൻ പോണ ഫാൻസി ഷോപ്പിനു കാശു മുടക്കാന്നു ഏറ്റിട്ടുണ്ട് ...
നാളെ ഓനേം ഭാര്യയെയും ഇങ്ങോട്ടേക്ക് ക്ഷണിച്ചിട്ടുണ്ട് ..ഉമ്മ കൊളമാക്കരുത്..."
"ആളുകളോട് പെരുമാറാൻ നീയെന്നെ പഠിപ്പിക്കണ്ട ..
പോയ്‌ അവരു വരുമ്പോഴേക്കും തിന്നാൻ ഉണ്ടാക്കാൻ എന്തെലും വാങ്ങിച്ചോണ്ട് വാ ..."
പിറ്റേന്ന് കാലത്തു തന്നെ ഉമ്മയെഴുന്നേറ്റു പലഹാരൊക്കെ ഉണ്ടാക്കുന്നത് കണ്ടപ്പൊ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി ...
എകദേശം പത്തു മണിയാവുമ്പോഴേക്കും അവനും ഭാര്യയുമെത്തി ...
ഉമ്മാന്റെ വായിൽ നിന്നു അബദ്ധമൊന്നും വീഴല്ലെന്നു മനസ്സിൽ പ്രാർഥിച്ചു കൊണ്ടു അവരെ സ്വീകരിച്ചിരുത്തി...
"കേറി വാ മക്കളെ" ന്നും പറഞ്ഞു അഞ്ഞൂറാൻ സ്റ്റൈലിൽ ഉമ്മയവരെ അകത്തേക്കു ആനയിച്ചപ്പൊ ഞാൻ ശരിക്കും അന്തം വിട്ടു....
ഉമ്മാന്റെ സ്പെഷ്യൽ മുന്തിരി ജ്യൂസും കഴിച്ചു സംസാരിച്ചിരിക്കുമ്പൊഴെക്കും അടുക്കളയിൽ നിന്നു ഉമ്മാന്റെ വിളി വന്നു...
"ഓന്റെ പത്രാസൊക്കെ കാണുമ്പൊ എനിക്കു ചൊറിഞ്ഞു
വരുന്നുണ്ടു ട്ടാ "
ചായ ഗ്ലാസ്സിലേക്കു പകർന്ന് കൊണ്ടു ഉമ്മയങ്ങിനെ പറഞ്ഞപ്പോ ഞാൻ ദയനീയമായി ആ മുഖത്തേക്കു നോക്കി ...
"നീ ആളാകെ മാറിയല്ലോ ടാ ..
അന്റെ വാപ്പക്കു സുഖന്ന്യല്ലേ ..."
ചായ കുടിച്ചോണ്ടിരിക്കുംപോ ഉമ്മാന്റെ തോക്കീന്നു ആദ്യത്തെ വെടി പൊട്ടി ..
വെടി ശബ്ദം കേട്ടതും എന്റെ കയ്യിലിരുന്ന ഉന്നക്കായ ഉരുണ്ടു പിരണ്ടു താഴേക്കു വീണു...
"കേട്ടോ മോളെ ..
തുണിയും ഉടുക്കാണ്ട് മൂക്കളയും ഒളിപ്പിച്ചു എന്റെ മോന്റൊപ്പം കളിച്ചു നടന്ന ചെക്കനാ ..
ഇപ്പം കണ്ടാ തിരിച്ചറിയാൻ പറ്റാത്ത കോലായി .."
എന്നും പറഞ്ഞു കുലുങ്ങി ചിരിച്ചു...
അവന്റെ ഭാര്യയും ഒപ്പം ചിരിച്ചു.
അതുടെ കേട്ടതോടെ ഷുക്കൂർ "നിനക്കു ഞാൻ വെച്ചിട്ടുണ്ടെടാ" എന്നർത്ഥത്തിൽ എന്നെ നോക്കി ...
"എടുത്തു കയിക്കെടാ ..
കാശും പത്രാസും കൂടിയപ്പോ ഞാനുണ്ടാക്കിയതൊന്നും പിടിക്കുന്നുണ്ടാവില്ല ല്ലെ ..."
ഒന്നും കഴിക്കാതെ ഷുക്കുനു നേരേ ഉമ്മ വീണ്ടും നിറയൊഴിച്ചു ...
കെട്ടോ മോളെ ..
ഇവന്റുമ്മ എന്റെ ചങ്ങായിച്ചിയാ..
അവളുടെ കോന്തലമ്മൽ തൂങ്ങി ഇവനിവിടെ വരുന്ന പ്രായത്തിൽ എന്തു കൊടുത്താലും ആർത്തിയോടെ വാരി വലിച്ചു തിന്നും...
ഒരു വല്യ പെരുന്നാളിന്റെ തലേന്നു ഇവന്റെ വാപ്പ ....
ഷുക്കൂറിന്റെ കയ്യിലുണ്ടാരുന്ന ചായക്കപ്പ് താഴെ വീഴുന്നതും ഒഴുകിയിറങ്ങുന്ന ചായയിൽ അവനലിഞ്ഞു ഇല്ലാണ്ടാവുന്നതും കാണാനുള്ള ശേഷിയില്ലാതെ ഞാൻ കണ്ണുകൾ ഇറുകെയടച്ചു ...
അതു കഴിഞ്ഞു കൃത്യം രണ്ടാം നാൾ ഷുക്കൂറിന്റെ ഷെയർ എനിക്കു കിട്ടി.
നല്ല മുട്ടൻ തെറിയുടെ രൂപത്തിൽ ..
അതോടെ ഫാൻസി ഷോപ്പ് തുടങ്ങാനുള്ള എന്റെ സ്വപ്നോം പൂട്ടിക്കെട്ടി.

by: Aman Ashiq

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo