Showing posts with label ShyniJohn. Show all posts
Showing posts with label ShyniJohn. Show all posts

ഓരി.

Image may contain: 1 person, smiling, closeup
പാടത്ത് നിന്ന് വീശി വന്ന കാറ്റിന് മൂത്ത നെല്ലിന്റെ മണമായിരുന്നു.
ചാളയുടെ തിണ്ണയിൽ നിന്ന് നോക്കിയാൽ നിലാവിന്റെ തിളക്കത്തിൽ ഇളംമഞ്ഞ നിറമാർന്ന നെൽച്ചെടികൾ സ്വർണ്ണ പരവതാനി വിരിച്ചത് പോലെ കാണപ്പെട്ടു.
തോടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന നെൽമണികൾ സ്വർണ മുത്തുകളായി.
ദൂരെ മൺവഴിയിൽ നിന്നൊരാൾ
വയൽ വരമ്പിലേക്ക് കയറുന്നത് കണ്ടു. തേവി പിടച്ചു ചാടാൻ വെമ്പുന്ന ഹൃദയത്തെ തന്റെ ഇടംകൈയ്യാൽ അമർത്തിപ്പിടിച്ചു.
" ദെയ് വേ ശേഖരൻ തമ്പ് രാൻ.. "
എന്നവൾ ശബ്ദമില്ലാതെ തേങ്ങി. കാലടികൾ വിറപൂണ്ടു.
വേവലാതിയോടെ തേവി പുരയ്ക്കകത്തേക്ക് മിഴി നീട്ടി.
ഓല കെട്ടി തിരിച്ച കൊച്ചുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായിൽ കുഞ്ഞനും ചിന്നുവും ഉറങ്ങിക്കിടപ്പുണ്ട്.
എളേതുങ്ങളെ അവളെ ഏൽപിച്ച്
അവളുടെ അപ്പനും അമ്മയും കൊയ്യാറായ വയലിന് കാവൽ കിടക്കാൻ കാടരികത്തെ മാടത്തിലേക്ക് പോയിരിക്കുകയാണ്.
അന്നു ഉച്ചയ്ക്കാണ് മനയ്ക്കലെ തമ്പ്രാൻ അവളെ വയൽ വരമ്പിൽ വെച്ച് നേർക്കുനേർ കണ്ടത്.
മുഷിഞ്ഞ കള്ളിമുണ്ട് നെഞ്ചിന് മീതെ ഉടുത്തു വന്ന അവൾ പുഴയിൽ കുളിച്ച് ഈറനോടെ നടന്നു വരികയായിരുന്നു.
കാറ്റിൽ ചുരുളൻ അളകങ്ങൾ അവളുടെ മുഖത്തിന് ചുറ്റും വീണു കിടന്നു.
സാധാരണ പെലപ്പെണ്ണുങ്ങളെ അപേക്ഷിച്ച് ആ പെണ്ണ് വെളുത്ത സുന്ദരിയാണെന്ന് ശേഖരൻ കണ്ണുകൾ കൊണ്ടളന്നു.
നല്ലൊരു നേര്യതുടുപ്പിച്ചാൽ അന്തർജനമല്ലാന്ന് ആരും പറയില്ല.
ജാത്യാലുള്ള ചുരുണ്ട മുടി കെട്ടഴിഞ്ഞ് അവളുടെ മാറിലൂടെ വീണ് കാൽമുട്ടുവരെ നീണ്ടു കിടന്നു.
നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ അവളുടെ തുണി ഒട്ടിപ്പിടിച്ച മാറിടങ്ങളുടെ മുഴുപ്പ് അയാൾ കണ്ടു.
അയാൾ ഭാവഭേദമൊന്നുമില്ലാതെ
" അയിത്തമാക്കാനാ ഭാവം'' എന്നൊന്ന് മുരണ്ടു.
അവൾ ഒതുങ്ങി ഒതുങ്ങി വയലിലേക്ക് വീണുപോകുമെന്നത്ര വിളുമ്പിലേക്ക് മാറി നിന്നു .
"നിന്നെ കാണാൻ നല്ല ചന്തമുണ്ടല്ലോ പെണ്ണേ " എന്ന് ശേഖരൻ കുട്ടി തമ്പ്രാൻ ആഞ്ഞു ചിരിച്ചു.
"ഈ ചന്തം കാണാൻ ഇന്ന് രാത്രി ഞാൻ വര്ന്ന് ണ്ട്. ചാള തുറന്നിട്ടേക്കണം.. ഇല്ലെങ്കി തട്ടിപ്പൊളിക്കും.. കുഞ്ഞിരയ്ക്കും വേലനും ഇന്ന് രാത്രി പാടത്താ പണി.. ഒന്നും അവരറിയണ്ട.. അറിഞ്ഞാൽ പാടത്ത് രാത്രി രണ്ട് ശവം വീഴും... "
ഭീഷണിയുടെ ശബ്ദത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.
തേവി നിന്നുരുകി.
വയൽക്കാറ്റിൽ അവളുടെ ഉടുമുണ്ട്
പടപടാന്ന് പാറി ..അതു പോലെ അവളുടെ ഹൃദയമിടിപ്പുയർന്നു.
അതൊന്നും ശ്രദ്ധിക്കാതെ ശേഖരൻ കുട്ടി അവളെ കടന്ന് പോയി.
തേവി ഒന്ന് തിരിഞ്ഞു നോക്കി.
മുപ്പത് കഴിഞ്ഞ ചെറുപ്പക്കാരനാണയാൾ.
ദൂരെ എവിടെയോ ആയിരുന്നു താമസം.
ഈയിടെ മനയ്ക്കലെത്തിയെന്ന് നാടാകെ പറഞ്ഞു കേട്ടിരുന്നു.
ആ കഥാനായകന്റെ കണ്ണുകൾ ഒരിക്കലും തന്നിൽ പതിയുമെന്ന് അവൾ വിചാരിച്ചിരുന്നില്ല.
ശേഖരൻകുട്ടി തമ്പ് രാന്റെ നിഴൽ മുറ്റത്തോളം നീണ്ടു വന്നു.
അറുക്കാൻ ബലിക്കല്ലിൽ കിടക്കുന്നവളെ പോലെ അവളാകെ മരവിച്ചു.
നിലാവ് അവളുടെ മുഖത്ത് വീണ് മിന്നി.
"വെളുത്ത പെലപ്പെണ്ണേ.. "
ശേഖരൻ കുട്ടി അവളുടെ മിന്നുന്ന കവിളിൽ തൊട്ടു.
അയിത്തമില്ലാത്ത വിരലുകൾ അവളുടെ ചുവന്നു തിണർത്ത ചുണ്ടുകളിൽ തൊട്ടു
അവ മാറോളം എത്തിയപ്പോഴേക്കും ശേഖരൻ കുട്ടി അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു.
അയാൾ ദേവലോകത്തു നിന്നിറങ്ങി വന്ന ഗന്ധർവനാണെന്ന് തേവിയ്ക്ക് തോന്നി.
അയാൾ തന്റെ ഉടമയും താൻ അയാളുടെ അടിമയാണെന്നും തേവി വിചാരിച്ചു.
ഓല കെട്ടിമറച്ച അടുത്ത മുറിയിൽ തഴപ്പായയിൽ അവൾ ആദ്യമായി ഒരു പുരുഷനെന്തെന്ന് അറിഞ്ഞു.
അപ്പോഴേക്കും അയാൾ അവളുടെ അടിമയും അവൾ അയാളുടെ ഉടമയും ആയി പരിണമിച്ചു കഴിഞ്ഞിരുന്നു.
പെലപ്പെണ്ണുങ്ങൾക്ക് പുരുഷനെ അഗാധമായി അനുഭവിപ്പിക്കാൻ കഴിയുമെന്ന് അയാൾ പറഞ്ഞു കേട്ടിരുന്നു. അല്ലെങ്കിൽ ചന്ദനത്തിന്റെ നിറവും തളിരിന്റെ മൃദുത്വവുമുള്ള തങ്ങളുടെ പെണ്ണുങ്ങളെ വിട്ട് എന്തിനാണ് തങ്ങളുടെ കൂട്ടർ അയിത്തക്കാരികളെ തിരഞ്ഞിറങ്ങുന്നത്.
അവരുടുത്ത തുണിയ്ക്കേ ചേറിന്റെ മണമുള്ളു.
ഉടലിൽ പൊടിയുന്ന വിയർപ്പിന് ആണിനെ വശീകരിക്കുന്ന ഗന്ധമാണ്.
അവളിലെ രതിയുടെ ഗന്ധം പുരുഷനെ കൊല്ലാൻ പോന്നതാണ്.
പിന്നീട് അത് പോലൊരു പൗർണമി രാവിലാണ് ശേഖരൻ കുട്ടി തമ്പ് രാൻ ആ ചാളപ്പുരയിൽ നിന്ന് വിളിച്ചിറക്കി കൂടെ കൊണ്ടുപോയത്.
അവളെ ഭാര്യയാക്കണമെന്ന ചിന്തയിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു.
പക്ഷേ തേവി ഒരു അഗ്നിയായി അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു.
അവളുടെ ഉടലിന്റെ ആഴം അയാളെ മാടി വിളിച്ചുകൊണ്ടിരുന്നു.
നിദ്രാദേവി അയാളെ അനുഗ്രഹിച്ചില്ല.
അവളെ അനുനിമിഷം കാണാനുള്ള മോഹത്തിൽ അയാളൊരു ഭ്രാന്തനായി തീർന്നു.
അങ്ങനെ ഭ്രാന്തു മൂത്ത രാത്രിയായിരുന്നു അത്.
ആ വിളി കേൾക്കാൻ കാത്തിരുന്നവളെ പോലെ
തേവി ഇറങ്ങിച്ചെന്നു.
നിലാവുടുത്തു മിനുങ്ങിനിൽക്കുന്ന തന്റെ ഗ്രാമത്തെ തേവി അവസാനമായി തിരിഞ്ഞു നോക്കി.
നേരം പുലർന്നപ്പോൾ അവർ മറ്റൊരു നാട്ടിൽ എത്തിയിരുന്നു.
അവിടുന്നു പിന്നെയും സഞ്ചരിച്ചു. മലബാറിന്റെ ഒരു മലയടിവാരത്ത് തുള്ളിച്ചാടി പോകുന്ന പരന്ന പുഴയുടെ തീരത്തായി അയാൾ ഒരു വീട് വിലയ്ക്ക് വാങ്ങി.
അവിടെ അവർ കാലുറപ്പിച്ചു.
ഊരും പേരും ഭാവവും മാറി.
ശേഖരൻകുട്ടി തമ്പ്രാൻ കുഞ്ഞൂട്ടൻ നമ്പൂരിയായി.
തേവി ദേവിയായി.
വെറും ദേവിയല്ല..
ദേവി അന്തർജനം.
മനയ്ക്കലെ അന്തർജനങ്ങളുടെ വേഷമായി ദേവിയ്ക്ക് .
അതിരാവിലെ കുളിച്ച് ചന്ദനകുറിയിട്ട് അവൾ കണ്ണാടിയിൽ നോക്കി മന്ദഹസിച്ചു.
കോലോത്തെ പെണ്ണുങ്ങൾക്കൊപ്പം
മറക്കുട പിടിച്ച് ആദ്യമായി ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയപ്പോൾ അവളുടെ കൈ വിറച്ചു.
തന്നെ അയിത്തമില്ലാത്ത
അവർക്കൊപ്പം അവൾ കളിച്ച് ചിരിച്ച് നടന്നു.
"അവർണർക്ക് പ്രവേശനമില്ല" എന്നെഴുതിയ സൂചിക താണ്ടി അവൾ ക്ഷേത്രപ്പടവുകൾ കയറിച്ചെന്നു.
ദൂരേന്ന് വന്നെത്തിയ അന്തർജനത്തിന് ആഢ്യത്വമുള്ള നമ്പൂരിപ്പെണ്ണിന്റെ ഉത്തമ ഭംഗിയുണ്ടെന്ന് ശാന്തിക്കാരനും സമ്മതിച്ചു.
അവൾക്ക് പ്രസാദം നൽകിയപ്പോൾ അയാളുടെ മുഖത്ത് സൗമ്യമായ മന്ദഹാസം പടർന്നു.
ദേവി ചുവന്ന പട്ടിൽ ജ്വലിക്കുന്ന യഥാർത്ഥ ദേവിയെ നോക്കി വിമൂകം നിന്നു.
കൈ കൂപ്പിയപ്പോൾ ദേവി മഹാമായ അവളെ നോക്കി ചിരിതൂകി.
"എന്റെ ദെയ് വേ " എന്ന വിളി മന:പൂർവം മറച്ച് "ദേവീ " എന്ന് അവൾ ഉച്ചരിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരിയുടെ ഉടമസ്ഥതയിലുള്ള വയലിലൂടെ വരുമ്പോൾ ദേവി മറക്കുട മാറ്റിപ്പിടിച്ച് തന്റെ പണിക്കാരെ നോക്കി.
ചേറിന്റെ മണം അവളെ ഉന്മത്തയാക്കി.
മൂത്ത് വീണ നെൽചെടികൾ അരിഞ്ഞെടുക്കാൻ കൈ തരിച്ചു.
എന്നിട്ടും ദേവി ധാർഷ്ട്യത്തോടെ അവരെ നോക്കി മൂളി.
"വേഗന്ന് ആയ്ക്കോട്ടേട്ടോ " എന്നു കൽപ്പിക്കാനും മറന്നില്ല.
അടുക്കളയിൽ കുഞ്ഞൂട്ടൻ അവളെ പുളിശേരിയും അരച്ചുകലക്കിയും ഇഞ്ചിക്കറിയും രസവുമൊക്കെ വെച്ചുവിളമ്പാൻ പഠിപ്പിച്ചു.
നമ്പൂരി പാചകം ദേവി വേഗത്തിൽ പഠിച്ചെടുത്തു. അവളുടെ കായകാളൻ രുചിച്ച് അയൽക്കാരികൾ നന്നെന്ന് പുകഴ്ത്തി. ദേവി മുഖം കുനിച്ച് കുലുങ്ങി ചിരിച്ചു.
ദേവിയായി കഴിയുമ്പോഴും തേവിയുടെ അവശേഷിപ്പുകൾ അവളെ തൊട്ടു കൊണ്ടേയിരുന്നു. തൂത്താൽ പോകാത്ത അടയാളങ്ങളെ തുടച്ചു മാറ്റാൻ അവൾ വെമ്പി.
തണുത്ത പുഴയിൽ മുങ്ങി നിവരുമ്പോൾ അവളുടെ പാദങ്ങളിലും തുടയിലും മുഴുത്ത മീനുകൾ വന്നുരസി.
കനലിൽ ചുട്ടെടുക്കുന്ന പരൽ മീനുകളുടെ രുചിയ്ക്കായി നാവു കൊതിച്ചു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത രുചികൾ അവളെ മോഹിപ്പിച്ചിട്ടും പുളിയിഞ്ചിയും ഉപ്പേരിയും ഉണ്ടാക്കി ഭരണികൾ നിറച്ചു വെക്കാൻ അവൾ ഉത്സാഹിച്ചു.
അടുക്കളപ്പുറത്തെ മുറ്റത്ത് കുത്തിയിരുന്ന് പഴങ്കഞ്ഞി മോന്തുന്ന തന്റെ ആളുകൾ അവളെ വേദനിപ്പിക്കാതിരുന്നില്ല.
അവരിൽ ഒരാളായിരുന്നു താനെന്ന ഓർമയുടെ മാറാലകളെ ദേവി അതിവേഗം തുടച്ച് മാറ്റി.
അവരുടെ വിശന്ന കണ്ണുകളെ ഒട്ടിയ വയറുകളെ അവജ്ഞയോടെ നോക്കാൻ അവൾ ശീലിച്ചു.
വിശപ്പിന് തികയാത്ത ഭക്ഷണം അവരുടെ മുമ്പിൽ കൊണ്ടുചെന്നു വെച്ചിട്ട്
"ഇതും കുടിച്ച് കിസ പറഞ്ഞിരിക്കാതെ വേഗം പോയി പണിയെടുക്കിൻ " എന്നവൾ കൽപ്പിച്ചു.
എച്ചിൽ അയിത്തമാക്കാതെ ദൂരെ എറിയാൻ നിർദ്ദേശിച്ചു.
അധികാര മേധാവിത്വ ശക്തിയുടെ ഹരം അവളെ ആവേശിച്ചു.
ഉന്മത്തയാക്കി.
മറ്റുള്ളവരെ ഭരിക്കാനും ചൂഷണം ചെയ്യാനും കഴിയുന്ന സാഹചര്യം ഒരാളെ മത്തുപിടിപ്പിക്കുമെന്ന് ദേവി മനസിലാക്കി .
അവൾ പെലപ്പെണ്ണാണെന്ന് കുഞ്ഞൂട്ടൻ നമ്പൂരിയും മറന്നു തുടങ്ങിയിരുന്നു
അവളാണെങ്കിൽ അക്കാര്യം ഓർക്കാൻ കൂടി ഇഷ്ടപ്പെട്ടില്ല.
നീലകുറുക്കനെപ്പോലെ തന്റെ ചായം ഇളകി വീണ് താൻ അനാവൃതയാകരുതേ എന്ന് അവൾ മുക്കോടി മുപ്പത്താറായിരം ദേവകളോടും മൗനമായി അപേക്ഷിച്ചു കൊണ്ടിരുന്നു.
എന്നിട്ടും അഞ്ചാറ് കൊല്ലം കഴിഞ്ഞപ്പോൾ ... ഒരു ദിനം...അവളുടെ ആ ഭയം പരകോടിയിലെത്തിച്ച് വേലൻ അവളെ തിരഞ്ഞെത്തി.
അവളുടെ അപ്പൻ.
"മാളേ " എന്ന് വിളിക്കാൻ അയാൾ ശ്രമിച്ചപ്പോൾ കൂർത്ത നോട്ടം കൊണ്ട് ദേവി അത് തടഞ്ഞു.
" അപ്പ ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ "? എന്നവൾ ജാഗരൂകയായി തിരക്കി.
" ഇല്ലെന്ന് " വയസൻ കിതച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.
"ആ... അവിടിരുന്നോളൂ" എന്ന് അവൾ മുറ്റത്തെ കോണ് ചൂണ്ടിക്കാട്ടി.
നീരു വെച്ചു വീർത്ത കാലുകൾ മുന്നോട്ട് നീട്ടി വൃദ്ധൻ നിലത്തിരുന്ന് വേദനിച്ച് പുളഞ്ഞു.
അയാളുടെ വയർ വല്ലാതെ വീർത്തിരുന്നു.
നീരു കെട്ടിയ കൺപോളകൾ വലിച്ച് തുറന്ന് അയാൾ മകളെ ദയനീയമായി നോക്കി.
അവൾ അകത്തമ്മയാണെന്ന് അയാൾ ഒരു നോട്ടം കൊണ്ടറിഞ്ഞു.
ഇനി ഒരിക്കലും അവൾ തന്റെ മകളായി മാറുകയില്ലെന്നും അയാൾക്ക് വ്യക്തമായി.
വാല്യക്കാരി കൈവശം അവൾ കൊടുത്തയച്ച മോരു വെള്ളം അയാൾ അമൃത് പോലെ ഒറ്റ വീർപ്പിന് കുടിച്ചു തീർത്തു.
എന്നിട്ട് ആ വലിയ ചിരട്ട നിലത്ത് കമിഴ്ത്തിവെച്ചു.
"ഇവിടാരും ഒന്നും അറിയരുത്.."
അവൾ പറഞ്ഞു.
അവളുടെ ചൂണ്ടിയ വിരലിന് നേരെ വയസൻ പകച്ചു നോക്കി.
" അറിഞ്ഞാൽ പിന്നെ ഈ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്യ.. "
അവളിലെ തമ്പ്രാട്ടിയെ കണ്ട്വ നടുങ്ങി
വയസൻ അനങ്ങാതിരുന്നു.
ഉച്ചകഴിഞ്ഞ് കുഞ്ഞൂട്ടൻ നമ്പൂരി വന്നു.
മുറ്റക്കോണിൽ ഇരിക്കുന്ന വേലനെ അയാൾ പകച്ചു നോക്കി.
വൃദ്ധന്റെ ദാരുണാവസ്ഥ അയാളെ പൊള്ളിച്ചു.
അയാൾ ദേവിയെ പുറത്തേക്ക് വിളിച്ചു.
''അച്ഛനെ അകത്തേക്ക് സ്വീകരിക്കാൻ
വയ്യേ " എന്ന് അയാൾ ഭാര്യയോട് ചൊടിച്ചു.
ദേവി ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്നു.
"നിനക്കെന്താ മിണ്ടാട്ടമില്ലേ " എന്ന് അയാൾ ശുണ്ഠിയെടുത്തു.
" വുദ്ധ ശാപം കുലം മുടിക്കും.. മറക്കരുത്" എന്ന് ശാസിച്ചു.
ദേവി ഒരു നോട്ടം കൊണ്ട് അയാളെ നേരിട്ടു.
" അപ്പനെ കണ്ടാൽ നമ്പൂരിയാണെന്ന് തോന്നുമോ" അവൾ ചോദിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരി അന്തിച്ചു നിന്നു.
പിന്നീട് അയാൾ തന്നെയാണ് കളപ്പുരയിലെ ചായ്പിൽ വേലന് ഒരു കട്ടിൽ കൊണ്ടിട്ടത്.
വലിയക്കാരിയോട് അയാളെ നന്നായി നോക്കണമെന്നും പറഞ്ഞേൽപിച്ചു.
" പഴയ അടിയാളനാണ് ... ആരും ഇല്ലാതായപ്പോ കേറി വന്നതാ.. "
എന്ന് അയാളും ദേവിയും ചോദിച്ചവരോടൊക്കെ പറഞ്ഞു.
അവരുടെ നല്ല മനസ് നാടാകെ വാഴ്ത്തിപ്പാടാൻ തുടങ്ങി.
വ്യദ്ധന് അതും ഒരു ആശ്വാസമായിരുന്നു.
ചാവുകട്ടിലിൽ കിടന്ന് അയാൾ തന്റെ മകളെക്കുറിച്ചോർത്തു.
അവളുടെ കുട്ടിക്കാലമോർത്തു.
തന്റെ നെഞ്ചിൻ ചൂട് പറ്റിയേ അവൾ ഉറങ്ങുമായിരുന്നുള്ളു.
അക്കാലമൊക്കെ പോയി ..
അവളിപ്പോൾ തേവിയല്ല..
ദേവിയാണ്.
തന്റെ മകൾ അങ്ങനെയായി തീർന്നതിലും അയാൾ സന്തോഷിച്ചു.
അവൾ തമ്പ്രാൻകുട്ടിയുടെ കൂടെ കടന്ന് കളഞ്ഞപ്പോൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടായി..
മനയ്ക്കലെ മൂത്തമ്പ്രാന്റെ ചവിട്ട് കിട്ടിയതിന്റെ ആറാം നാൾ അവളുടെ അമ്മ ചോര തൂറി മരിച്ചു.
അധികം വൈകാതെ കുഞ്ഞനും ചിന്നുവും പനി പിടിച്ച് മരിച്ചു.
മൂത്തമ്പ്രാന്റെ ചവിട്ടേറ്റ് തന്റെ വയറു കലങ്ങി ...
പിന്നൊരിക്കലും അത് പൂർവസ്ഥിതിയിലായില്ല.
പണിയെടുക്കാൻ വയ്യാതെ ഒന്നു രണ്ട് കൊല്ലം കടത്തിണ്ണയിൽ കിടന്നു.
ഏതോ ഒരു കുപ്പിവള വിൽപനക്കാരൻ പറഞ്ഞു കേൾപ്പിച്ച സംശയ പ്രകാരമാണ് നിരങ്ങി നീങ്ങി ഇവിടെ വരെ എത്തിയത്.
അതു കൊണ്ട് കിടക്കാൻ ഒരു കിട്ടി ..
മകളെ ഉയർന്ന നിലയിൽ കണ്ടു സന്തോഷിക്കാനും സാധിച്ചു.
അയാൾ ആ കട്ടിലിൽ കിടന്ന് ഞരങ്ങി ഞരങ്ങി കരയുമ്പോൾ ദേവി തന്റെ മുറിയുടെ ജനാലയിൽ മുഖം ചേർത്ത് അങ്ങോട്ടു നോക്കി നിന്ന് കരഞ്ഞു.
കുഞ്ഞൂട്ടൻ നമ്പൂരി പിറ്റേന്ന് രാവിലെ വൈദ്യരെ വിളിച്ചു കൊണ്ടുവന്നു.
" അധിക നാളില്ല." എന്നയാൾ പറഞ്ഞെങ്കിലും
എന്തൊക്കെയോ മരുന്നുകൾ പറഞ്ഞു കൊടുത്തേൽപിച്ചാണ് മടങ്ങിയത്
വാലിയക്കാരി അതെല്ലാം ചിട്ടയോടെ എടുത്ത് കൊടുത്തെങ്കിലും
"പെലേനെ ശുശ്രൂഷിക്കാൻ വയ്യാ''ന്ന് അവർ സദാ ആവലാതിപ്പെട്ടു കൊണ്ടിരുന്നു.
ദേവി അതു കേട്ടില്ലെന്ന് നടിച്ചു.
"സുഖമായോ അപ്പാ " എന്ന് ചോദിക്കണമെന്ന് അവളുടെ ഉള്ളു പിടച്ചു.
അന്ന് രാത്രി ഉറങ്ങിക്കിടക്കുന്ന വാല്യക്കാരിയുടെ കണ്ണുവെട്ടിച്ചാണ് അവൾ കളപ്പുരയിലെത്തിയത്.
ഓരോ ചുവിടലും എവിടെ നിന്നോ ഒരു നീലക്കുറുക്കന്റ ഓരിയിടൽ അവൾ കേട്ടു .
പിടിക്കപ്പെടരുത് എന്ന് ഉള്ളം മന്ത്രിച്ചു.
അവൾ ചെല്ലുമ്പോൾ നരച്ച രാത്രി വെട്ടത്തിൽ അയാൾ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയായിരുന്നു.
മകളുടെ കരയുന്ന മുഖത്തേക്ക് അയാൾ ജീവവായുവിന് ഏങ്ങി വലിക്കുന്നതിനിടയിലും അവിശ്വസനീയതയോടെ നോക്കി.
" അപ്പാ.. " അവൾ പൊട്ടിക്കരഞ്ഞ് കൊണ്ട് അയാളുടെ മേലേക്ക് വീണു.
അപ്പോഴേക്കും അയാൾ മരണത്തിലേക്ക് വഴുതിപ്പോയിരുന്നു.
കരഞ്ഞു തീർന്നപ്പോൾ നിശ്ചലമായ ആ ശരീരത്തിൽ നിന്നും ദേവി അകന്നു മാറ്റി.
ഒരു നിമിഷം തന്നിലെ കാപട്യം വെളിപ്പെട്ടുവോ എന്ന് അവൾ വല്ലാതെ ഭയന്നു.
അരിച്ചരിച്ച് അവൾ ചുറ്റും നോക്കി.
ആരും കണ്ടില്ല ... ആരും ..
ഒന്നുമറിയാത്തത് പോലെ
ദേവി തന്റെ വീടിന് നേർക്ക് ഓടിപ്പോയി.
.... 000.........
ഷൈനി.

ശ്മശാനത്തിനരികെ വീടുള്ള ഒരു കുട്ടി

Image may contain: 1 person, smiling, closeup
കഥ.....................
ഇരുട്ടായിരുന്നു .. അവിടം മുഴുവൻ ഇരുട്ടായിരുന്നു ... ഇരുട്ടിലൂടെ കൂർത്ത നഖങ്ങളുള്ള ഒരു കൈ പെൺകുട്ടിയുടെ വായ പൊത്തി.
ങ്ങ്...ങ് ... എന്ന് അപശബ്ദങ്ങൾ ഉണ്ടാക്കി ഞരങ്ങിക്കൊണ്ട് കുട്ടി പിടഞ്ഞു.
പക്ഷേ കഴിയുന്നത്ര ശക്തി ഉപയോഗിച്ച് കുതറിയിട്ടും കുട്ടിയ്ക്ക് അനങ്ങാനായില്ല.
അവളെന്നും ഭയന്നത് പോലെ വീടിന്റെ കിഴക്കേ അതിരിനോട് ചേർന്നുള്ള ശ്മശാനത്തിൽ നിന്ന് .....
കുരിശുകളുടെ ബന്ധനത്തിൽ നിന്ന് മോചിതനായ ഒരു പിശാച് അകത്ത് കടന്നിരിക്കുന്നു.
ശ്മശാനത്തിന് അടുത്തു തന്നെയുള്ള തന്റെ വീടിനെ അവൾ എന്നും ഭയന്നിരുന്നു.
കല്ലറകൾക്കുള്ളിൽ നിന്ന് മരിച്ചവരുടെ പ്രേതങ്ങൾ ഉയർത്തെണീറ്റ് വരുമെന്നും ഉറങ്ങുന്ന അവളുടെ കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ച് കൊന്നുകളയുമെന്നും കുട്ടി വിചാരിച്ചിരുന്നു.
അവളുടെ കൂട്ടുകാർ അങ്ങനെയുള്ള കഥകൾ മെനഞ്ഞുണ്ടാക്കി അവളെ ഭയപ്പെടുത്തി.
രാത്രിയെന്നല്ല പകലും അവൾ ആ ഭാഗത്തേക്ക് നോട്ടമെത്താതെ ഓടി മറഞ്ഞു.
എന്നിട്ടും ഏതോ ഒരു പിശാച് തന്നെ കണ്ടെത്തിയെന്നോർത്ത് അവൾ മനസിൽ
"ഈശോ .. ഈശോ " എന്ന് നിസഹായയായി കേണു. ദൈവനാമം ഉച്ചരിക്കുന്ന മാത്രയിൽ പ്രേതം ഞെട്ടിവിറച്ച് ഇരകളെ ഉപേക്ഷിച്ച് പോകുമെന്നാണവൾ സിനിമകളിൽ നിന്നും മനസിലാക്കിയിരുന്നത്.
" അപ്പോൾ അല്ലി പറഞ്ഞതും കിച്ചു പറഞ്ഞതും നുണയായിരുന്നോ.പ്രേതങ്ങൾക്ക് ദൈവങ്ങളെ ഒട്ടും പേടിയില്ലേ.. "
അവൾ വിറയാർന്ന മനസുകൊണ്ട്
" സ്വർഗസ്ഥനായ പിതാവേ " ചൊല്ലാൻ തുടങ്ങി .
അത് ഫലമില്ലെന്ന് കണ്ട്
" യഹോവ എന്റെ ഇടയനാകുന്നു" എന്നു തുടങ്ങി ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലേക്ക് വഴിമാറി.
ഒടുവിൽ നിരാശപ്പെട്ട് ഭയന്ന് ഉടലാകെ വിറച്ച്
"എന്നെ കൊല്ലല്ലേ" ന്ന് ഉള്ളാലേ അലറിയലറി അവൾ അവശയായി കിടന്നു.
അവളുടെ കഴുത്തിലെ കൊന്ത മാലയെ പോലും പേടിയില്ലാത്ത പിശാച് ..
അതിന്റെ പിടിയിൽ അവൾ ഞെരിഞ്ഞു.
അതിന്റെ ഭാരം അവളുടെ ദേഹത്ത് കനത്ത മണൽച്ചാക്കു പോലെ അമർന്നു.
"അയ്യോ.. എന്നെ വിടണേ.. ഞാൻ പാവമാണേ" എന്ന് അവൾ ഉറക്കെ കരയാൻ ഭാവിച്ചു. ഇല്ല ... വിട്ടില്ല.
തീഷ്ണമായ എന്തോ ഒരു തരം വൃത്തികെട്ട ഗന്ധമുള്ള കൈപ്പത്തി അവളെ ശ്വാസം മുട്ടിച്ചു.
അവളുടെ ഉടുപ്പുകൾ പ്രേതം വകഞ്ഞു മാറ്റി..
കാലുകൾക്കിടയിൽ അതി ഭയങ്കരമായ ഒരു വേദന അനുഭവപ്പെട്ടു. അവൾ ബോധരഹിതയായി.
അന്നു പകൽ... അപ്പന് സുഖമില്ലാതെ ആശുപത്രിയിൽ കൂട്ടിരിപ്പിന് പോയിരുന്ന ട്രീസ തിരിച്ച് വന്നു.
മുറിയ്ക്കുള്ളിലെ ഇരുട്ടിൽ .. പലക കട്ടിലിൽ വിരിച്ച പുതപ്പിന് മീതെ കട്ടപിടിച്ച ഇരുട്ടു പോലെ കുട്ടി കിടപ്പുണ്ടായിരുന്നു.
ട്രീസ സ്വിച്ച് ബോർഡ് പരതി.
മുറിയിൽ വെട്ടം പരന്നു.
കുട്ടി ബോധമറ്റത് പോലെ ഉറങ്ങുകയായിരുന്നു.
അവളുടെ കൊച്ചു പാവാട പാതിയും കീറിയിട്ടുണ്ട് ..
ഏതെങ്കിലും മരംകേറി ചില്ല ഉടക്കി വലിച്ച് കീറിയതാവണം.
" നല്ല തല്ലു കൊടുക്കണം പെണ്ണിന് ''
ട്രീസ പിറുപിറുത്തു.
അടുത്ത് ചെന്ന് നോക്കിയപ്പോൾ ചിത്രം ഒട്ടാകെ മാറി.. ആരോ അശ്രദ്ധയോടെ അലങ്കോലമക്കി വരച്ച ഒരു ചിത്രമാണ് മകളെന്ന് ട്രീസയ്ക്ക് തോന്നി.
"പൊന്നൂ.. മോളേ.. പൊന്നൂ " എന്ന് വിളിച്ച് ട്രീസ കുനിഞ്ഞ് അവളെ തൊട്ടു.
ആ നിമിഷം ചിത്രത്തിന് ജീവൻ വെച്ചു.
"അയ്യോ.. കൊല്ലുന്നേ." എന്നലറിക്കൊണ്ട് കുട്ടി ചാടിയെഴുന്നേറ്റു..
ഇത്തിരിപ്പോണ മകളെ നോക്കി ട്രിസ തരിച്ച് നിന്നു.
അടുപ്പിൽ കഞ്ഞി തിളയ്ക്കുമ്പോഴും
എച്ചിൽ പാത്രങ്ങൾ വാരിയിട്ട് കഴുകുമ്പോളും ട്രീസ ആലോചനയിലായിരുന്നു. അവളുടെ ഹൃദയത്തെ ചിന്തകൾ ചുളു ചുളാ കുത്തി വേദനിപ്പിച്ചു.
വെളുത്തു നരച്ച പെറ്റിക്കോട്ടിട്ട് വേച്ച് പോകുന്ന വേദനിക്കുന്ന കാലുകളോടെ കുട്ടി അരികിൽ വന്ന് ചേർന്നു നിന്നു.
"പിശാചിന് ഒന്നും പേടിയില്ലമ്മച്ചീ .. ആരേം പേടിയില്ല.. കുരിശും പേടിയില്ല.. അമ്പലത്തിന് കേൾക്കുന്ന പാട്ടും പേടിയില്ല.. അള്ളാഹു അക്ബർ ബാങ്ക് വിളി ഇല്ലേ.. അതും പേടിയില്ല".
കുട്ടി അതിശയത്തോടെയാണ് പറഞ്ഞത് ..
" എന്ന ക്ലാസിലെ കൃഷ്ണേം സഫേം പിന്നെ അല്ലീം ഒക്കെ നുണ പറഞ്ഞു. എല്ലാം നുണച്ചികളാ"
കുട്ടി ചിരിച്ചു.
"നന്മ നിറഞ്ഞ മറിയം ചൊല്ലീതോണ്ടാണോ പിശാച് എന്നെ കൊല്ലാതിരുന്നേ.. അമ്മച്ചിയല്ലേ പറഞ്ഞേ അത് ചൊല്ലിയാൽ ഒരു പിശാചും വരില്ലാന്ന് ''.
തനിക്ക് അനുകൂലമായ ഒരു മറുപടിയ്ക്ക് വേണ്ടി കുട്ടി ട്രീസയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ആ പളുങ്കു കണ്ണുകൾ കണ്ട് ട്രീസയുടെ ഉള്ളിൽ നിന്നൊരു ആന്തലുണ്ടായി.
"ഒരിക്കലും എന്റെ വീട്ടിൽ ഇങ്ങനൊന്ന്.... "
ട്രീസ നിലത്തേക്ക് നോക്കി പിറുപിറുത്തു.
" ആണോ അമ്മച്ചീ... അതോണ്ടാണോ ".
കുട്ടി വീണ്ടും അവളെ തൊട്ടു.
"ഒന്നു പോ അസത്തേ അവിടുന്ന് "
ട്രീസ കുട്ടിയ്ക്ക് ഒരു തട്ടുവെച്ചു കൊടുത്തു.
കുട്ടി നിലത്ത് വീണു.
അവിടെ ചുരുണ്ട് കിടന്ന് ഉറക്കെ കരയാൻ തുടങ്ങി.
തലേന്ന് രാത്രി ഭയത്തിലമർന്ന് കുട്ടി ബാക്കി വെച്ച നിലവിളിയായിരുന്നു അത്.
ട്രീസയുടെ നെഞ്ചു പൊട്ടി.
"എന്റെ പൊന്നുമോളേ ".
കുഞ്ഞിന്റെ അരികിലേക്ക് നിരങ്ങി വീണ് ട്രീസയും നിലവിളിച്ചു.
പിണക്കം മറന്ന് കുട്ടി അവളെ വാരിപ്പുണർന്നു.
അമ്മയുടെ മാറിൽ ആശ്വാസത്തോടെ അത് മുഖം ചേർത്തുവെച്ചു കിടന്നു.
ട്രീസയുടെ നിലവിളി പതുക്കെ നേർത്ത് നേർത്ത് തേങ്ങലായി മാറി.
കുട്ടി സമാധാനത്തോടെ ഉറക്കം പിടിച്ചിരുന്നു.
കുഞ്ഞുപൈതലെ തട്ടിയുറക്കുന്നത് പോലെ ട്രീസ മകളുടെ മേനിയിൽ തഴുകി.
ഇടയ്ക്കിടെ ആ വിരൽ പൊള്ളലേറ്റ് കുട്ടി നടുങ്ങിയുണർന്നു.
അന്ന് ഇരുട്ടിയപ്പോഴാണ് അയാൾ വന്നത്. മദ്യ ഗന്ധത്തിന്റെ അകമ്പടിയോടെ .
മുറ്റത്തേക്ക് ഇറക്കി കെട്ടിയ പടിയിൽ ചെരിപ്പൂരിവെച്ച് അയാൾ നിർഭയം അകത്തേക്ക് കയറി വന്നു.
അവിടെ മുഴുവൻ ഇരുട്ടായിരുന്നു.
"വെട്ടോം വെളിച്ചോം ഇടാൻ വയ്യേടീ..". അയാൾ ഉച്ചത്തിൽ അലറി.
ഭീഷണിയും സ്വയം പ്രതിരോധവും ഭാര്യയെ അടിച്ചമർത്താനുള്ള വ്യഗ്രതയും അയാളുടെ അലർച്ചയിൽ മുന്നിട്ട് നിന്നു .
ട്രീസ എഴുന്നേറ്റ് വന്ന് ലൈറ്റിട്ടു.
വീടാകെ വെളിച്ചത്തിൽ കുതിർന്നു .
അവളുടെ കൈയ്യിലെ വളയൻ കൊയ്ത്തരിവാളിന്റെ വായ്ത്തല വെളിച്ചമേറ്റ് മിനുങ്ങി.
അയാൾ സ്തബ്ധനായി നിന്നു.
" ജനിപ്പിച്ച തന്ത എന്തിനിത് ചെയ്തു." ഉടവാളേന്തിയ ദേവിയെ പോലെ ട്രീസ ജ്വലിച്ചു.
" അക്കാര്യത്തിൽ എനിക്ക് നല്ല
സംശയമുണ്ട്.. അതു കൊണ്ട് "
പുച്ഛം മൊട്ടിട്ട ചിരി അയാൾക്ക് ക്രൂരതയുടെ പരിവേഷം നൽകി.
"ഇനി നിങ്ങളെ ഇവിടെ കാണരുത്... ഈ പുരയ്ക്കകത്ത് സമാധാനത്തോടെ ഉറങ്ങില്ല ... ഉറക്കത്തിൽ നിങ്ങടെ സാമാനം ഞാൻ വെട്ടിയെടുത്ത് പട്ടിയ്ക്കിട്ട് കൊടുക്കും".
ട്രീസയുടെ മുഖത്തേക്ക് നോക്കി അയാൾ ആ പ്രസ്താവനയുടെ ആഴം അളന്നു.
അവളെ എതിരിട്ട് തോൽപിക്കാമെന്ന അയാളുടെ പ്രതീക്ഷ പൊലിഞ്ഞു.
ഏതു മനുഷ്യനും ഒരു വീടിനുള്ളിൽ ഉറങ്ങാതെ കിടക്കാനാവില്ലല്ലോ.
അവളുടെ കണ്ണുകളിൽ നിന്ന് അടർന്നു പറന്ന തീപ്പൊരികൾ അവൾ പറഞ്ഞത് ചെയ്യും എന്ന് ബോധ്യപ്പെടുത്തി.
അയാൾ അകത്തേക്ക് കയറി എന്തൊക്കെയോ വാരിയെടുത്ത് ഒരു സഞ്ചിയിലിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.
ട്രീസ വാതിലടച്ചു.
അതിന് ശേഷം എട്ടു പത്തുകൊല്ലം കഴിഞ്ഞ് ട്രീസ തളർന്ന് വീണെന്നറിഞ്ഞാണ് അയാൾ തിരിച്ചു വന്നത്.
പെൺകുട്ടിയ്ക്ക് അപ്പോഴും ശ്മശാനങ്ങളെ പേടിയായിരുന്നു.
പക്ഷേ അന്ന് ഇരുട്ടിൽ നിന്നെഴുന്നേറ്റു വന്നത് പിശാചല്ലെന്ന് മനസിലാക്കാൻ മാത്രം കുട്ടി വളർന്നു.
ട്രീസ തളർന്നു കിടപ്പായതിൽ പിന്നെ അവൾ
വീട്ടിലിരുന്ന് ചുരിദാറുകൾ തയ്ച്ച് ജീവിക്കാനുള്ള പണമുണ്ടാക്കി.
കേവലമായ ആ വീടിന്റെ സ്വസ്ഥതയിലേക്ക് ഒരിടിത്തീ പോലെയായിരുന്നു അയാളുടെ മടങ്ങിവരവ്.
"എവിടെടീ നിന്റെ വെട്ടുകത്തി " എന്ന് ഭാര്യയെ നോക്കി പരിഹസിച്ച് അയാൾ കുട്ടിയെ തിരഞ്ഞു..
അടുക്കളയിലൊതുങ്ങി പെൺകുട്ടി ഞെട്ടിവിറച്ചു.
അവളിൽ വന്നു ചേർന്ന പതിനാറിന്റെ തുടുപ്പ് അയാൾ ആസക്തിയോടെ നോക്കി.
" നീ വളർന്നു .. " അയാൾ പറഞ്ഞു.
അവൾക്ക് മരിച്ചാൽ മതിയെന്നായി.
രാത്രിയുടെ ഇരുട്ട് കനത്തപ്പോൾ അയാൾ പെൺകുട്ടിയുടെ കട്ടിലിൽ അവളെ തിരഞ്ഞു.
അവിടം ശൂന്യമായിരുന്നു. അയാൾ വീടിന്റെ ഓരോ മുക്കിലും മൂലയിലും അവളെ തിരഞ്ഞു.
പെൺകുട്ടി അപ്പോൾ ശ്മശാനത്തിലെ ഒരു പുതിയ കല്ലറയ്ക്ക് മീതെ കമിഴ്ന്നു കിടക്കുകയായിരുന്നു.
ആദ്യമൊക്കെ ഭയന്നെങ്കിലും പിന്നീട് ആ ശാന്തത അവളെ ആനന്ദിപ്പിച്ചു.
പെൺകുട്ടി മലർന്ന് കിടന്നു
ആകാശത്ത് മിന്നുന്ന നൂറായിരം നക്ഷത്രങ്ങളെ കണ്ടു.
മരിച്ചവരുടെ പുനർജനനം.
പെൺകുട്ടി ചെരിഞ്ഞു കിടന്ന് താൻ കിടന്ന കല്ലറയിൽ കൊത്തിയ പേരു വായിച്ചു.
ജിതിൻ തോമസ്.
ജനനം 8-10 - 1999
മരണം 5-4-2019
"ഒരു മാസം കഴിഞ്ഞു മരിച്ചിട്ട് " കുട്ടി വല്ലായ്മയോടെ പറഞ്ഞു.
താൻ തല വെച്ച് കിടന്ന ഭാഗത്ത് അവന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു.
ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖമുള്ള ഒരു ചെറുപ്പക്കാരൻ.
പെൺകുട്ടിയ്ക്ക് പേടി തോന്നി
അന്ന് ആ പിശാച് ആക്രമിച്ചതിൽ പിന്നെ അവൾക്ക് പുരുഷൻമാരെ ഭയമായിരുന്നു.
അവൾ എഴുന്നേറ്റ് നേർത്ത നിലാവെളിച്ചത്തിൽ പെൺകുട്ടി സ്ത്രീയുടെ പേരെഴുതിയ കല്ലറ നോക്കി നടന്നു.
"ജോയമ്മ ജോൺ " എന്ന് പേരുകൊത്തിയ കല്ലറ തേടിപ്പിടിച്ച് അവൾ അതിന് മീതെ കിടന്ന് കണ്ണുകളടച്ചു.
ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു.
പുലരി മഞ്ഞിൽ കുതിർന്ന ഒരു പനിനീർപ്പൂവ് അവൾക്കരികിൽ സുഗന്ധം പരത്തി കിടപ്പുണ്ടായിരുന്നു.
പെൺകുട്ടി അത്ഭുതത്തോടെ ചുറ്റും നോക്കി.
അവിടെങ്ങും അവൾ ആരെയും കണ്ടില്ല.
ജോയമ്മ ജോണിന്റെ കല്ലറയ്ക്ക് മീതെ അത് സമർപ്പിച്ച് അവൾ തന്റെ വീട്ടിലേക്ക് ഓടിപ്പോയി.
അയാൾ അതിരാവിലെ സ്ഥലം വിട്ടിരുന്നു .അയാൾ അങ്ങനെയാണ്. മനുഷ്യരുടെ വെട്ടത്ത് പ്രത്യക്ഷപ്പെടില്ല. ട്രീസ ആ കഥകൾ ആരോടെങ്കിലും പറഞ്ഞു കാണുമെന്ന് അയാൾ ഭയന്നു.
അവർ പോലീസിനെ വിളിച്ചാൽ എത്ര പഴകിയ കേസാണെങ്കിലും താൻ അകത്താകുമെന്ന് അയാൾ കണക്കുകൂട്ടി.
രാത്രിയുടെ മറപറ്റി അയാൾ തിരിച്ചുവരുമെന്ന് പെൺകുട്ടിയ്‌ക്കും അറിയാമായിരുന്നു.
അവൾ ട്രീസയ്ക്ക് നേരത്തേ ഭക്ഷണവും മരുന്നും കൊടുത്തു.
ഇഴജന്തുക്കൾ ഇറങ്ങുന്നതിന് മുമ്പേ ശ്മശാനത്തിലേക്ക് നൂണ്ടു കയറി.
അമ്മയുടെ മടിത്തട്ടിൽ എന്നപോലെ അവൾ ജോയമ്മ ജോണിന്റെ കല്ലറയിൽ കിടന്നു.
പതിയെ പതിയെ അവൾ ശ്മശാനവുമായി ഇണങ്ങി.
"എങ്ങന്യാ മരിച്ചത് "
അവൾ ജോയമ്മ ജോണിന്റെ കല്ലറയിൽ തൊട്ട് ചോദിച്ചു.
അപ്പോൾ അരികിലാരോ വന്നിരിക്കുന്നത് അവൾ കണ്ടു.
വെളുത്ത സാരി അലസം വലിച്ചുടുത്ത മുഖം നിറയെ ചിരിയുള്ള കറുത്ത ഒരു അമ്മച്ചി ..
" വയ്യാരുന്നു.. പ്രായമായില്ലേ കുഞ്ഞേ ... "
അവർ അവളെ തലോടി.
"കുട്ടീടെ പേടി മാറിയോ?
അടുത്ത കല്ലറയിൽ നിന്നാരോ വിളിച്ചു ചോദിച്ചു.
" മാറി.. മാറി.. "ജോയമ്മ ചിരിച്ചു
"ദേ .. മിടുക്കിയായിട്ടിരിക്കുന്നു."
ദാനിയേൽ സാർ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ അടുത്ത് കല്ലറയിലിരുന്നു.
"പ്രേതങ്ങളോട് കൂട്ടുപിടിക്കാൻ പേടിയില്ലല്ലേ"
അയാൾ കൃത്രിമ കോപത്തോടെ അവളുടെ തലയിൽ കിഴുക്കി.
"എനിക്കൊരു പേടിയുമില്ല" കുട്ടി മന്ദഹസിച്ചു. "എന്നെ നല്ല പേടിയാ".
ഇരുട്ടിൽ ശബ്ദം കേട്ടിടത്തേക്ക് കുട്ടി ഭയന്നു നോക്കി.
ജിതിൻ തോമസ് അവിടെ നിൽപ്പുണ്ടായിരുന്നു.
"ഫ്രീക്കനാണല്ലോ "
അവന്റെ രൂപം കണ്ട് അവൾ പൊട്ടി ചിരിച്ചു.
" അടിപൊളി.. ഞാൻ പോവാ "
ജിതിൻ തോമസ് കെറുവിച്ചു.
" ഫ്രീക്കൻ പോലും...ചത്താലും തീരാത്ത പേരുദോഷമായിപ്പോയി "
" കൊച്ചിനോട് പെണങ്ങാതെടാ"
ജോയമ്മ അവനെ തോണ്ടി.
"നീ ഇവിടിരുന്നേ.. നിനക്കീ തലേം മുടീം ഒക്കെ നല്ല ചേർച്ചയാരുന്നു.. "
ജിതിൻ തോമസിന്റെ മുഖത്ത് തെളിച്ചം വീണു.
"ചേട്ടായി എങ്ങനാ മരിച്ചെ.. അധിക ദിവസമൊന്നും ആയില്ലല്ലോ "
അവൾ ചോദിച്ചു.
"എടംവലം നോക്കാതെ ബൈക്ക് റൈഡായിരുന്നു .. അതും നമ്മുടെ റോട്ടീക്കൂടേയ്... എന്റൊരു കാര്യം ".
ജിതിൻ സ്വയം പരിഹസിച്ച് ചിരിച്ചു.
അവൾ സഹതാപത്തോടെ നോക്കി.
"ഈ പള്ളിക്കാടിന് ചുറ്റും കുരിശ് വെച്ച് തടഞ്ഞിട്ടാ.. അല്ലേൽ വീട്ടിൽ പോയി മമ്മിയെ ഒന്നു കാണാരുന്നു.. " അവൻ സങ്കടപ്പെട്ടു.
അവൾക്ക് പാവം തോന്നി.
"സാരമില്ല ചേട്ടായി .. അവരും ഇങ്ങോട് തന്നെ വരുമല്ലോ.. "
അവൾ ആശ്വസിപ്പിച്ചു.
"നിനക്കാ റോസാപ്പൂ തന്നത് ഞാനാ.. " ജിതിൻ തോമസ് അവളുടെ കൈ പിടിച്ചു.
"നിനക്കപ്പോ എന്നെ പേടിയാരുന്നല്ലോ."
"എനിക്കെല്ലാരേം പേടിയാ.. ആണുങ്ങളെ മൊത്തം പേടിയാ.. ഇപ്പോഴും പേടിയാ.. "
അവൾ പിറുപിറുത്തു.
" പഠിച്ചിട്ട് ബിമർഷിക്കൂ സുഹൃത്തേ "
ജിതിൻ തോമസ് വിളറി ചിരിച്ചു.
"നല്ലവരുമൊണ്ട് മോളേ... നല്ല മനുഷ്യര്.. "
ദാനിയേൽ സാർ സമാധാനിപ്പിച്ചു.
" അങ്ങനെ മുഴുവൻ പേരേം തെറ്റിദ്ധരിക്കരുത്.. ഞങ്ങളൊക്കേം ജീവിച്ചിരുന്ന ഭൂമിയല്യോ ഇത് .. "
"ചില തെണ്ടികൾ ആണുങ്ങളെ മൊത്തം പറയിപ്പിക്കും" ജിതിൻ തോമസ് അമർഷപ്പെട്ടു.
"നീയൊന്നടങ്ങെടാ ചെക്കാ "
ജോയമ്മ ജോൺ അവന്റെ ചെവിയിൽ തിരുമ്മി .
എന്നിട്ടവളെ തന്റെ നെഞ്ചോട് ചേർത്തണച്ചു.
അങ്ങനെയിരിക്കുമ്പോൾ കാട്ടുപൊന്തകൾ ഞെരിയുന്നത് കേട്ടു.
ചുറ്റുമതിലില്ലാത്ത ശ്മശാനത്തിനകത്തേക്ക് ടോർച്ച് വെട്ടം വീണു. രണ്ടു മൂന്ന് വെട്ടങ്ങൾ ..
"ഇങ്ങോട്ട് ഒറ്റയ്ക്ക് വന്ന് കേറാൻ എനിക്കൊരു പേടി.. "
അയാളുടെ ശബ്ദം അവൾ കേട്ടു .
" അതാ കൂടെ നിങ്ങളെ വിളിച്ചത് "
അവളിരുന്ന് തുള്ളി വിറച്ചു.
ഭ്രാന്തു വന്നത് പോലെ മൂന്നാല് പേർ ശ്മശാനമാകെ അരിച്ചുപെറുക്കുന്നത് അവൾ കണ്ടു.
" ഒന്നും പേടിക്കണ്ടന്നേ "
ജിതിൻ തോമസ് അവളെ ധൈര്യപ്പെടുത്തി.
ശ്മശാനത്തിനകത്ത് നിന്ന് നായ്ക്കളുടെ ഓരിയിടലുയർന്നു. ഞെട്ടിപ്പോയ അയാളും കൂട്ടരും കണ്ടു.
ആകാശത്ത് കെട്ടിയ ഊഞ്ഞാലിലിരുന്ന് ആയത്തിൽ ആടുകയാണ് പെൺകുട്ടി.
വെളുത്ത ഉടയാടയണിഞ്ഞ ആത്മാക്കൾ പക്ഷികളെപ്പോലെ പറന്നു നിന്ന് അവളെ ആയത്തിൽ ആട്ടുന്നു
ഊഞ്ഞാലിലിരുന്ന് അവൾ അവരെ നോക്കി ഉറക്കെയുറക്കെ അലറി ചിരിച്ചു.
അവൾക്ക് ദംഷ്ട്രകൾ വളർന്നു.
അവളുടെ കൈകൾ അവർക്ക് നേരെ നീണ്ടു വന്നു...
........ 000..
ഷൈനി.

നിഴലായ്‌ മാത്രം. - Part 50


അധ്യായം-50
വീശിയടിച്ച അതിശക്തമായ കാറ്റില്‍ വലിയേടത്ത് മന പ്രകമ്പനം കൊണ്ടു
മന്ത്രവാള കളത്തിലെ നിറങ്ങള്‍ കാറ്റിനൊപ്പം ധൂളികളായി പറന്നു പൊങ്ങി.
' അടങ്ങ്.. ഇല്ലെങ്കില്‍ തച്ചു കൊല്ലും നിന്നെ'
കാറ്റില്‍ പറന്നു പോകാതെ ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമപ്പെട്ട് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി മാന്ത്രികവടി അന്തരീക്ഷത്തിലേക്ക് വീശി.
' അടങ്ങാന്‍'
കിഴക്കേടത്ത് ഭട്ടതിരിയും അലറി
ശക്തമായ ഒരു ചുഴലിയായിരുന്നു മറുപടി.
അതിന്റെ ആഘാതത്തില്‍ വലിയേടത്തും കിഴക്കേടത്തും പിന്നോട്ട് വേച്ചു പോയി.
നിലത്ത് അമര്‍ന്നിരുന്ന് ഹോമകുണ്ഡത്തിലെ അഗ്നി അണയാതെ കൈപ്പടം കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു ദേവദത്തനും വ്യാസും.
അണയാന്‍ പാടില്ല.
കര്‍മ്മം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ
പക്ഷെ യഥാവിധി പ്രകാരമല്ലാതെ അഗ്നി കെട്ടു പോകരുത്.
മന്ത്രങ്ങള്‍ ഒന്നിനൊന്നായി ചൊല്ലി
എന്നിട്ടും് അവളുടെ ശക്തി തടുക്കാനാവുന്നില്ല.
' നിന്റെ അഹന്തയ്ക്ക് ഫലം നാശം.. സര്‍വനാശം'
വലിയേടത്ത് കോപാക്രാന്തനായി അലറി വിളിച്ചു.
മഹേഷിന്റെ കഴുത്തില്‍ നിന്നും ഇടം കൈയ്യെടുക്കാതെ തന്നെ ധ്വനി അന്തരീക്ഷത്തിലൂടെ ഒഴുകി ചെന്ന് വലിയേടത്തിന്റെ മുന്നില്‍ നിന്നു.
മഹേഷ് ബാലന്റെ കഴുത്തില്‍ മുറുകിയ കൈ കുരുക്ക് തെല്ലയഞ്ഞു.
ശ്വാസമെടുക്കാന്‍ കഴിഞ്ഞതോടെ ഇക്കിള്‍ പോലെയൊരു ശബ്ദം അവനില്‍ നിന്നുണ്ടായി.
' മഹിയേട്ടാ' എന്ന അലര്‍ച്ചയോടെ ദുര്‍ഗ അവന്റെ അരികിലേക്ക് കുതിച്ചു ചെന്നു.
നിലത്തേക്ക് വീഴാന്‍ തുടങ്ങിയ അവനെ അവള്‍ താങ്ങി .
ചുറ്റുവരാന്തയുടെ ഉരുളന്‍ തൂണിലൊന്നില്‍ അവനെ ചാരി നിര്‍ത്തി ആ നെഞ്ചിലേക്ക് വീണ് ദുര്‍ഗ ഉറക്കെ നിലവിളിച്ചു.
മഹേഷ് ബാലന്‍ നിന്നു കിതച്ചു.
കണ്ണു തുറക്കാനോ ധ്വനിയുടെ പിടിയില്‍ നിന്നും മുക്തനാകാനോ അവന് കഴിഞ്ഞില്ല.
എന്നിട്ടും നെഞ്ചില്‍ പടരുന്ന ദുര്‍ഗയുടെ കണ്ണു നീരിന്റെ ചൂട് അവനറിഞ്ഞു.
' മഹിയേട്ടാ.. എന്റെ പൊന്നേ'
ദുര്‍ഗ അലറിയലറി കരഞ്ഞു.
അവളുടെ നേരെ കുതിച്ചു ചെല്ലാനാഞ്ഞ പെണ്‍കുട്ടികള്‍ക്കും രവിമേനോനും ഊര്‍മിളയ്ക്കും അതിന് കഴിഞ്ഞില്ല.
അദൃശ്യമായ ഏതോ കരിങ്കല്‍ ഭിത്തിയില്‍ തട്ടിയെന്നോണംഅ്‌വര്‍ പിറകിലേക്ക് തെറിച്ചു.
ധ്വനിയുടെ കൈ ദൂരത്തിനൊപ്പം നീണ്ടു.
' മാന്ത്രികന്‍.. മഹാ മാന്ത്രികന്‍.. വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി.. കൂടെ.. കിഴക്കേടത്ത് കുഞ്ഞുകുട്ടന്‍.. എന്നിട്ടെന്തേ എന്നെ തളച്ചില്ലാ..'
അലറുകയായിരുന്നു ധ്വനി
' കണ്ടോ .. നോക്കെന്നെ.. എന്റെ ആത്മാവിനെ പോലും വെറുതെ വിടാതെ പൊള്ളിച്ചില്ലേ നിങ്ങള്‍'
വെന്തു പോയ വികൃതമായ ശരീരവുമായി ധ്വനി അട്ടഹസിച്ചു
ആ കാഴ്ച കാണാന്‍ കരുത്തില്ലാതെ ദേവദത്തന്‍ മുഖംതിരിച്ചു കളഞ്ഞു
.' കണ്ടോ... കുളത്തിലെ വെള്ളത്തില്‍ തീപടര്‍ത്തി എന്നെ പൊള്ളിച്ചെടുത്ത രൂപം..'
മാംസമടര്‍ന്ന മുഖവുമായി ധ്വനി പൊട്ടിച്ചിരിച്ചു.
അവള്‍ പെട്ടന്ന് പഴയ രൂപത്തിലേക്ക് വഴിമാറി.
അപ്പോള്‍ ആ മുഖത്ത് കരച്ചിലായിരുന്നു.
' എന്റെ പ്രതികാരം തീര്‍ത്ത് ഈ ലോകം വിട്ടു പോകാനിരുന്നവളാ ഞാന്‍.. എന്നിട്ടും വിടാതെ പിടിച്ചു വെച്ച് സ്‌നേഹം കാട്ടി കൊതിപ്പിച്ച് എന്നെ കീഴടക്കുകയായിരുന്നു നിങ്ങളുടെ മരുമകള്‍'
ധ്വനി വലിയേടത്തിന്റെ നേരെ വലം കൈചൂണ്ടി..
' എന്റെ മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് പോകാന്‍ തയാറായിരുന്നു ഞാന്‍.. പക്ഷേ ദുര്‍ഗ.. അവളെന്നെ തടഞ്ഞു.. മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് ഈ ലോകത്ത് തുടരാന്‍ എനിക്കാവില്ലാ..'
ധ്വനി ഒരു സാധാരണ പെണ്‍കുട്ടിയേ പോലെ തേങ്ങിത്തേങ്ങി കരഞ്ഞു.
' അതു കൊണ്ട് എന്നെ തളയ്ക്കാന്‍ നോക്കരുത്.. എനിക്ക് മോക്ഷം വേണം.. ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടില്‍ ചേര്‍ത്തു കെട്ടിയിരിക്കുകയാ എന്നെ .. അതഴിച്ചു മാറ്റാന്‍ ഞാനവളെ അനുവദിക്കാം..അഴിച്ചേ പറ്റൂ..എനിക്കു പോകണം.. മരിച്ചവരുടെ ലോകത്തേക്ക്.. എന്നെ തളച്ച് ഭൂമിയിലും പരബ്രഹ്മത്തിലുമല്ലാതെ നരകിപ്പിച്ചു നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലാ..'
' തരാം'
ചീറിയടിച്ച കാറ്റിനെ എതിര്‍ത്തു നില്‍ക്കുന്നതില്‍ വിജയിച്ച് വലിയേടത്ത് വിളിച്ചു കൂവി.
' മോക്ഷം തരാം നിനക്ക്.. സര്‍വപാപങ്ങളും പൊറുത്ത് ഏറ്റവും നല്ല പരലോകവും പുനര്‍ജന്മവും നിനക്കു കൈവരാനുള്ള ക്രിയകളും ചെയ്യാം ഞാന്‍..'
വലിയേടത്തിന്റെ വാക്കുകള്‍ മഹേഷ്ബാലന്റെ നെഞ്ചില്‍ തലവെച്ചു നിന്ന ദുര്‍ഗയെ പ്രകമ്പനം കൊള്ളിച്ചു.
നടുക്കത്തോടെ അവള്‍ നിന്നു
' പോകാന്‍ തയാറാണോ നീ'
വലിയേടത്ത് വിളിച്ചലറി
' പറ.. തയാറാണോ'
' പോകാം..' ധ്വനിയുടെ ശബ്ദം കൂര്‍ത്തു.
' ഞാന്‍ പോകാം .. പക്ഷെ എന്റെ മഹിയേട്ടനെ എനിക്കു വേണം.. കൊണ്ടു പോകും ഞാന്‍.. '
ധ്വനി ആര്‍ത്തട്ടഹസിച്ചു.
ആകാശത്തൊരു വെള്ളിടി മുഴങ്ങി.
മഹേഷ് ബാലന്റെ നെഞ്ചില്‍ നിന്നും ദുര്‍ഗ പ്രജ്ഞയറ്റ് നിലംപതിച്ചു
വലിയേടത്ത് ആ കാഴ്ചയിലേക്കൊന്നു നോക്കി.
' തങ്കം എന്റെ മോളേ..'
ഹോമകുണ്ഡത്തിലെ അഗ്നി നാളങ്ങളെ മറന്ന് ദേവദത്തന്‍ അവള്‍ക്കു നേരെ കുതിച്ചു.
കഴിഞ്ഞില്ല.
അയാള്‍ പിന്നാക്കം നിരങ്ങി നീങ്ങി ഇരുന്നിടത്തു തന്നെ ചെന്നു വീണു.
' എഴുന്നേല്‍ക്കരുത്.. മായയാണ്.. അവളുടെ മായ.. അഗ്നിപ്രീതി നേടു.. അത് കെടുത്തരുത്'
വലിയേടത്ത് ദേവദത്തനെ നോക്കി ഉറക്കെ പറഞ്ഞു.
ദേവദത്തന്‍ അതനുസരിച്ചു.
ദുര്‍ഗയുടെ കിടപ്പ് ഹൃദയം പിളര്‍ത്തിയെങ്കിലും വിറയ്ക്കുന്ന കൈപ്പടകള്‍ നീട്ടി ഉലയുന്ന തീനാളങ്ങള്‍ക്ക് മറ തീര്‍ക്കാന്‍ ശ്രമിച്ചു
' തോല്‍വി സമ്മതിക്കാന്‍ വയ്യ അല്ലേ'
ധ്വനി പൊട്ടിച്ചിരിച്ചു
' വലിയേടവും കിഴക്കേടവും തോറ്റു.. ധ്വനി ജയിച്ചു.. അല്ല അവളുടെ പ്രണയം.. '
ധ്വനിയുടെ കണ്ണില്‍ നിന്നും രക്തം കുതിച്ചു ചാടി.
മഹേഷ്ബാലന്റെ കഴുത്തില്‍ വീണ്ടും അവളുടെ കൈ മുറുകിത്തുടങ്ങി.
' ദുഷ്ട പിശാചേ'
ശക്തി സംഭരിച്ച് വലിയേടത്ത് വീണ്ടും മാന്ത്രികവടി അവള്‍ക്കു നേരെ നീട്ടി.
അന്തരീക്ഷത്തില്‍ നിന്നൊരു തീജ്വാല പറന്നു വന്ന് വലിയേടത്തിന്റെ കൈപൊള്ളിച്ചു
'ഹൗ..' വലിയേടത്ത് പിടഞ്ഞു പോയി
ആ നിമിഷം മാന്ത്രികവടി ദൂരേക്ക് തെറിച്ചു പോയി.
' നിന്നെ നശിപ്പിക്കാന്‍ ഞാന്‍ മതി.. ഞാന്‍ മാത്രം.'
കിഴക്കേടത്ത് മുന്നോട്ട് വന്നു
അയാളുടെ മുഖം അഗ്നിപോലെ ചുട്ടപഴുത്തിരുന്നു.
്അടുത്ത നിമിഷം ഒരു മിന്നല്‍ പുളഞ്ഞു വന്ന് അയാളുടെ മാന്ത്രിക വടിയില്‍ തൊട്ടു
അതൊരിത്തിരി ചാരമായി താഴേക്ക് പറന്നു വീഴുന്നത് അവിശ്വസനീയതയോടെ കിഴക്കേടത്ത് കണ്ടു
ശക്തയാണവള്‍..അതിശക്ത..
ആവാഹനമന്ത്രങ്ങളെ അതിജീവിക്കും. അവളുടെ ശക്തി ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടിലാണ്.
അതഴിച്ചു മാറ്റാതെ അവള്‍ക്ക് പോകാനാവില്ല.
മഹേഷ് ബാലനെയും കൊണ്ട് സ്വസ്ഥതയോടെ ഈ ലോകം വിട്ടു പോകാനാണവള്‍ മോഹിക്കുന്നത്.
അതിനവള്‍ക്ക് തങ്ങളുടെ സഹായം വേണം.
അവളുടെ മായാ വിലാസങ്ങള്‍ക്കും ശക്തിയ്ക്കും ആ ചരടില്‍ തൊടാന്‍ കഴിയില്ല. ്
ആ ചരട് ദുര്‍ഗ അഴിക്കില്ല.
അതഴിയാതെ ധ്വനി മഹേഷിനെ കൊല്ലാനിടയില്ല.
കാരണം മഹി ഈ ലോകം വിട്ടു പോയാലും ദുര്‍ഗയില്‍ അവള്‍ ബന്ധിതയായിരിക്കും.
കിഴക്കേടത്ത് അതു ചിന്തിച്ചപ്പോഴേക്കും വേദവ്യാസ് ചാടിയെഴുന്നേറ്റു.
' ദേവീ.. മഹാമായേ.. ദുര്‍ഗാ ഭഗവതീ'
പിന്നെയൊരു കുതിപ്പായിരുന്നു.
ദുര്‍ഗയ്ക്ക് നേരെ.
ശ്വാസം മുട്ടി കിതയ്ക്കുന്ന അര്‍ധ ബോധാവസ്ഥയിലെന്ന പോലെ തൂണിലേക്ക് ശിരസര്‍പ്പിച്ച് മയങ്ങ് നില്‍ക്കുന്ന മഹേഷിനെ അവഗണിച്ച് അവന്‍ ദുര്‍ഗയെ ഇരു കൈകളിലും വാരിയെടുത്തു
അപ്പോഴും മോഹാലാസ്യത്തില്‍ നിന്നുണര്‍ന്നിരുന്നില്ല ദുര്‍ഗ.
ധ്വനി അവനെ നോക്കി ആര്‍ത്തഹസിച്ചു.
അവര്‍ക്കു ചുറ്റും വട്ടത്തില്‍ ഒരു അഗ്നിവളയം രൂപപ്പെട്ടു.
അത് വേദവ്യാസിനെ പൊള്ളിച്ചു
ഒരടി മുന്നോട്ട് വെക്കാന്‍ കഴിയുന്നില്ല.
'ധ്വനീ' വേദവ്യാസ് ഉറക്കെ അലറി.
' നിന്നെ തളയ്ക്കാന്‍ ഈ ചരട് മതി.. കഴിഞ്ഞു നിന്റെ മായ'
ആ വാക്കുകളുടെ ശക്തിയില്‍ ധ്വനി ഒന്നുലഞ്ഞെന്ന് നോക്കി
അട്ടഹാസം നിലച്ചു
പരിപൂര്‍ണ നിശബ്ദത
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി വലം കൈ അന്തരീക്ഷത്തിലേക്കുയര്‍ത്തി ഒരു മന്ത്രം ചൊല്ലി.
എവിടെ നിന്നോ മാന്ത്രികവടി പറന്നുയര്‍ന്ന് അയാളുടെ നീട്ടിയ കൈയ്യില്‍ വന്നിരുന്നു.
' ഉപാസനാ മൂര്‍ത്തികളേ'
വലിയേടത്ത് അത് നെഞ്ചോടു ചേര്‍ത്തു.
ഹോമകുണ്ഡത്തില്‍ അഗ്നി ആളിപ്പടര്‍ന്നു.
വേദവ്യാസ് മാഞ്ഞു തുടങ്ങിയ മന്ത്രവാദക്കളത്തില്‍ ദുര്‍ഗയെ കിടത്തി.
' ഞാന്‍ നിരൂപിച്ചപ്പോഴേക്കും നീയതറിഞ്ഞു'
അയാള്‍ മന്ദഹസിച്ചു.
ഹോമകുണ്ഢത്തിലേക്ക് ഹവിസും എള്ളും പൂവും മലരും വന്നു വീണു
മഹേഷ് ബാലന്റെ കഴുത്തിലെ ധ്വനിയുടെ പിടി അയഞ്ഞു.
ജീവനില്ലാത്ത ഒരു പ്രതിമ പോലെ അവന്‍ ചുറ്റുവരാന്തയിലേക്ക് നിലം പതിച്ചു
വലിയേടത്ത് കൈ നീട്ടി.
' പതിയെ' അയാള്‍ മന്ത്രിച്ചു.
ഒരില വീഴുന്ന ലാഘവത്വത്തോടെ മഹേഷ് നിലത്തു വീണു.
ബന്ധനമഴിഞ്ഞു
ഊര്‍മിളയും സ്വാതിയും വലിയൊരു നിലവിളിയോടെ അവന് നേരെ കുതിച്ചു.
' മോനേ..'
ഊര്‍മിള തേങ്ങിക്കരച്ചിലോടെ അവന്റെ ശിരസെടുത്ത് മടിയില്‍ വെച്ചു
' വരിക'
ധ്വനിയെ നോക്കി വേദവ്യാസ് ഗര്‍ജ്ജിച്ചു,
' ഈ ചരട് ഞാന്‍ അഴിച്ചു കളയുന്നു..അതിന് വലിയേടത്തെ മാന്ത്രികര്‍ക്ക് ശക്തിയുണ്ട്. ഇത്രനാള്‍ ദുര്‍ഗ ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാലിപ്പോള്‍ അവളുടെ സമ്മതത്തോടെ ഇതു ഞാനഴിച്ച് അഗ്നിയിലെറിയും'
ഉറച്ച ശബ്ദം ധ്വനിയുടെ കാതില്‍ പെരുമ്പറ കൊട്ടി
ആടിയാടി അവള്‍ കളത്തിന് മുന്നിലേക്ക് വന്നു.
' നിനക്കതിന് കഴിയില്ല വേദവ്യാസ്'
വികൃതമായ ശബ്ദത്തില്‍ അവള്‍ മുരണ്ടു
' ഞാന്‍ കൂടി അനുവദിക്കാതെ അതഴിച്ചു കളയാന്‍ നിനക്ക് കഴിയില്ല.'
' കളത്തിലേക്ക് വാ..'
വേദവ്യാസ് അലറി
അവന്റെ ശബ്ദം ധ്വനിയെ ഉന്മാദത്തിലാഴ്ത്തി
' ഇല്ലാ'
ധ്വനി പൈശാചികമായി മുരണ്ടു
' ഇല്ല.. ഇതിന് നീ അനുഭവിക്കും.. ഈ വലിയേടത്ത് മനയും നിന്റെ കിഴക്കേടത്ത് മനയും ഇതോടെ നശിക്കും.'
ധ്വനി പറഞ്ഞു തീരുന്നതിന് മുന്‍പ് വലിയേടത്തെ പടിപ്പുര ഒരു ഹുങ്കാരവത്തോടെ നിലംപൊത്തി
സ്ത്രീകളുടെ കൂട്ടക്കരച്ചിലുയര്‍ന്നു.
ദേവദത്തനും വേദവ്യാസും ചാടിയെഴുന്നേല്‍ക്കാന്‍ ഭാവിച്ചു
' ശാന്തം'
കിഴക്കേടത്ത് അവരെ ശാസിച്ചു.
വലിയേടത്ത് മനയുടെ പടിപ്പുരയുടെ അവശിഷ്ടങ്ങളില്‍ വേദവ്യാസിന്റെ നോട്ടം വേദനയോടെ ഒന്നു തൊട്ടു.
ധ്വനി അവനെ നോക്കി പൊട്ടിച്ചിരിച്ചു.
അവള്‍ വലിയേടത്ത് മനയിലേക്ക് ദൃ്ഷ്ടി പതിച്ചു
അടുത്ത നിമിഷം അവരെ ഞെട്ടിച്ച് ചുറ്റുവരാന്തയൊഴികെയുള്ള ഭാഗങ്ങള്‍ ഒരു മണല്‍ കൊട്ടാരം പോലെ ചിതറിവീഴുന്നത് അവര്‍ കണ്ടു.
'ധ്വനീ' നിയന്ത്രണം വിട്ട് ദേവദത്തന്‍ അലറി.
' അരുത് കുട്ടാ'
വലിയേടത്ത് മന്ദഹസിച്ചു
' മായ.. വെറും മായ..' അയാള്‍ മാന്ത്രിക വടി നീട്ടി.
മന്ത്രങ്ങളുടെ ശക്തിയില്‍ തെ്‌ങ്ങോലകള്‍ വരെ കരിഞ്ഞു.
പടിപ്പുരയും മനയും പഴയ നിലയിലായി
' മായ കാട്ടി ഞങ്ങളുടെ മനസു തകര്‍ക്കാമെന്ന് കരുതിയോ നീ'
വലിയേടത്ത് ചിരിച്ചു.
ധ്വനി തീര്‍ത്തും പതറിയെന്ന് അവര്‍ക്ക് തോന്നി.
' വന്ന് കളത്തിലിരിക്ക്'
മനസാന്നിധ്യം വീണ്ടെടുത്ത് വേദവ്യാസ് സൗമ്യമായി വിളിച്ചു.
' മഹാ മാന്ത്രികരാണിവര്‍.. ഇവരേ കൂടുതല്‍ ആയാസപ്പെടുത്തരുത്... അത് നീ താങ്ങില്ല.. കടന്നു വാ'
' ഇല്ല.. അഗ്നി സാക്ഷിയായി എനിക്കു വാക്കു തരണം.. എന്നെ മോചിപ്പിക്കുമെന്ന്.. തീര്‍ത്തും മോക്ഷം.. അതല്ലാതെ തളച്ചിടാന്‍ ഞാന്‍ സമ്മതിക്കില്ല'
' ഹ..ഹ..'
വേദവ്യാസ് പരിഹാസത്തോടെ ചിരിച്ചു.
പിന്നെ ചുട്ടുപഴുത്ത ചൂരല്‍ ഹോമകുണ്ഡത്തിനരികെ നിന്ന് വലിച്ചെടുത്ത് മന്ത്രവാദക്കളത്തിലെ ചുവന്ന വൃത്തത്തിനുള്ളില്‍ ആഞ്ഞൊരടിയടിച്ചു.
ധ്വനിയില്‍ നിന്ന് വല്ലാത്ത ഒരു കരച്ചിലുര്‍ന്നു.
അവള്‍ ഒരു ചുഴലിയായി വട്ടം ചുറ്റി
വേദവ്യാസ് ഒരിക്കല്‍ കൂടി ചൂരല്‍ ഓങ്ങി.
ഒരു നിലവിളിയോടെ ധ്വനി മന്ത്രവാദക്കളത്തിനുള്ളില്‍ ദുര്‍ഗയുടെ സമീപത്തേക്ക് വന്നു വീണു.
വേദവ്യാസിന്റെ മുഖത്ത് വിജയ സ്മിതം തെളിഞ്ഞു.
വേദവ്യാസ് ചൂരല്‍ കൊണ്ട് ധ്വനിയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു
' ഇവിടെ നിന്ന് അനങ്ങരുത്.. അനങ്ങിയാല്‍'
ചൂരല്‍തുമ്പ് ഒന്നു അഗ്നിയില്‍ മുട്ടിച്ചു വേദവ്യാസ്.
ധ്വനി പൊള്ളിപ്പിടഞ്ഞു
ആകെ പൊള്ളിയടര്‍ന്ന ബീഭത്സരൂപം ഏതാനും നിമിഷത്തേക്ക് പ്രത്യക്ഷമായി.
പിന്നെ അവള്‍ സാധാരണ രൂപം പൂണ്ട് ഇരുന്നു കിതച്ചു
കണ്ണുകളില്‍ നിന്നും തീയാളി.
' കിഴക്കേടത്ത് വേദവ്യാസ്.. ഒരു അവസരം കിട്ടിയാല്‍ നിന്നെ ഞാന്‍ കൊല്ലും'
ധ്വനി കൈചൂണ്ടി.
്‌വേദവ്യാസ് ചിരിച്ചുകളഞ്ഞു
' അതിനൊരിക്കല്‍ ശ്രമിച്ചതല്ലേ നീ.. ഈശ്വരന്‍ തന്ന ആയുസാണിത്.. നിനക്കെടുക്കാനാവില്ല'
'കുട്ടാ' വലിയേടത്ത് ദേവദത്തനെ വിളിച്ചു.
' മുന്നോട്ട് എഴുന്നേറ്റ് വരിക.. മൊന്തയിലെ പുണ്യതീര്‍ഥം തങ്കത്തിന് മീതെ തളിക്കുക.. അവളുണരട്ടെ'
ദേവദത്തന്‍ എഴുന്നേറ്റു.
മൊന്തയിലെ തീര്‍ത്ഥ കണങ്ങള്‍ ദുര്‍ഗയുടെ മുഖത്തേക്ക് ഇറ്റു വീണു
ദുര്‍ഗ കണ്ണു തുറന്നു.
സ്ഥലകാല ബോധം വരാത്ത മട്ടില്‍ അവളുടെ മുഖത്തൊരു പകപ്പ് ദൃശ്യമായി
പതിയെ അവള്‍ എഴുന്നേറ്റിരുന്നു.
ദുര്‍ഗ ഞെട്ടിപ്പോയി
തൊട്ടരികെ ധ്വനി.
മന്ത്രവാദക്കളത്തിലാണ് താനെന്ന യാഥാര്‍ഥ്യബോധത്തില്‍ ദുര്‍ഗയിലൂടെ ഒരു വിറയല്‍ കടന്നു പോയി
യാചനാ ഭാവമായിരുന്നു ധ്വനിയുടെ മുഖത്ത്.
യുഗങ്ങളോളം പീഡനമേറ്റ് തളര്‍ന്നവളുടെ താറുമാറായ രൂപം.
' ദുര്‍ഗ'
അവളുടെ ചുണ്ടുകള്‍ ചലിച്ചു.
ദുര്‍ഗയിലൊരു പിടച്ചിലുണ്ടായി.
' തങ്കം' വേദവ്യാസിനരികെ ചെന്നിരുന്ന് ദേവദത്തന്‍ വിളിച്ചു.
' മനസ് ദൃഢമാക്കുക .. അവള്‍ നിന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്.. അലിവ് തോന്നരുത്.. മഹിയുടെ ജീവന്‍ അപകടത്തിലാണ്.. പതറരുത് നീ '
ശേഷം ഒരലര്‍ച്ചയോടെ ദേവദത്തന്റെ കൈയ്യിലെ ചൂരല്‍ ധ്വനിയുടെ ദേഹത്തു വീണു
' കാരിരുമ്പാണിയില്‍ തളയ്ക്കാന്‍ സമ്മതമാണോ നിനക്ക്'
' ആ..' ധ്വനിയുടെ ഭയാക്രാന്തമായ നിലവിളി ഉയര്‍ന്നു.
അവള്‍ മന്ത്രവാദക്കളത്തിനുള്ളില്‍ വേദന സഹിക്കാനാവാതെ കിടന്നു പിടച്ചു
ദുര്‍ഗയുടെ ഹൃദയം വിറച്ചു
അവള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി
കണ്‍പോളകള്‍ക്കിടയില്‍ നിന്നും അവളറിയാതെ ഒരു നീര്‍ച്ചാല്‍ ഒഴുകി വന്നു.
ധ്വനി..
ജീവന്റെ പാതിയായി സ്‌നേഹിച്ചതാണവളെ.
പീഢകള്‍ കൊണ്ട് അവളെ തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാനാവുന്നില്ല.
തടയാന്‍ പാടില്ല.
മഹിയേട്ടനെ കൊല്ലാന്‍ മടിക്കാത്ത ആത്മാവായിരിക്കുന്നു അവള്‍.
' തങ്കം' ദേവദത്തന്‍ ദുര്‍ഗയുടെ നെറ്റിയില്‍ സ്പര്‍ശിച്ചു.
' ഉള്ളുറപ്പിച്ച് നീ ആ ഏലസ കെട്ടിയ ആവാഹനചരട് ഊരിമാറ്റണം.. നിന്റെ മഹിയേട്ടന് വേണ്ടി..'
' ഇല്ല.. ഞാന്‍ കൂടി ആഗ്രഹിക്കാതെ അതൂരിയെടുക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല'
ധ്വനി ആര്‍ത്തട്ടഹസിച്ചു.
' നിന്നെ കൊണ്ട് ആഗ്രഹിപ്പിക്കാന്‍ എനിക്കറിയാം.. തങ്കത്തിന്റെ മനസ് മാത്രം മതി'
വലിയേടത്ത് മുന്നോട്ട് വന്നു.
അയാള്‍ വലംകാലുയര്‍ത്തി.
കൃത്യം ധ്വനിയുടെ നെറുകില്‍ തന്നെ ആ പെരുവിരല്‍ അമര്‍ന്നു.
ഒരു ശലഭത്തെ പോലെ ധ്വനി പിടച്ചു.
ദുര്‍ഗ കണ്ണുകള്‍ ഇറുകെ ഇറുകെ പൂട്ടി.
' കുട്ടാ.. അതൂരി വാങ്ങു'
വലിയേടത്ത് ഗര്‍ജിച്ചു.
' തങ്കം' ദേവദത്തന്റെ വിളിയുടെ അര്‍ഥം ദുര്‍ഗയ്ക്ക് മനസിലായി.
അവളുടെ കൈ അവളറിയാതെ ആവാഹന ചരടിലേക്ക് നീണ്ടു.
പൊടുന്നനെ ചരട് ചുട്ടുപഴുത്തു
സഹിക്കാന്‍ വയ്യ.
ദുര്‍ഗ ഒരു ഞരക്കത്തോടെ ദേവദത്തനെ നോക്കി.
ചരട് കെട്ടിയ ഭാഗത്ത് തീക്കനലുകള്‍ മാംസത്തിലേക്കാഴ്ന്നിറങ്ങുന്നത് ദേവദത്തന്‍ കണ്ടു.
' വലിയമ്മാമ്മേ'
ദേവദത്തന്‍ അതു സഹിയാതെ ഉറക്കെ വിളിച്ചു.
വലിയേടത്തിന്റെ പെരുവിരലിന്റെ ഊന്നല്‍ വര്‍ധിച്ചു.
തീയണഞ്ഞു.
' തങ്കം അത് ഊരി തരൂ'
ദേവദത്തന്‍ കൈ നീട്ടി.
ദുര്‍ഗയുടെ വലതുകൈ വിറച്ചു.
വിറപൂണ്ട കൈകള്‍ ആവാഹന ചരടില്‍ തൊട്ടു.
ഒപ്പം ഒരു തിരശീലയിലെന്ന പോലെ ധ്വനിയെ ആദ്യം കണ്ടത് അവള്‍ ഓര്‍ത്തു.
എത്രവട്ടം അവളോടുള്ള ഇഷ്ടം താന്‍ പറഞ്ഞിരിക്കുന്നു.
ഈ ആവാഹന ചരടു പോലും തന്റെ മാത്രം തീരുമാനമായിരുന്നു.
ഈ ചരട് ഇതൂരിയെടുത്താല്‍ പിന്നെ ധ്വനിയില്ല.
.ലോകാവസാനത്തോളം നീളുന്ന ബന്ധനം
ഈ ലോകത്തെ ഏവരും മരിച്ചു മണ്ണടിഞ്ഞാലും പരലോകമോ പുനര്‍ജന്മമോ ഇല്ലാതെ ...
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ആ ഭാവമാറ്റം കണ്ട് കിഴക്കേടത്തിന്റെ നെറ്റി ചുളിഞ്ഞു
' ദത്താ.. ബലംപ്രയോഗിച്ച് ഊരി മാറ്റുക.. കുട്ടിയുടെ മനസിപ്പോളും അവളുടെ സ്വാധീനത്തിലാണ്.'
അയാളത് വിളിച്ചു പറഞ്ഞപ്പോഴേക്കും ധ്വനിയില്‍ നിന്നും ഒരു പൊട്ടിച്ചിരിയുണ്ടായി.
അടുത്ത നിമിഷം വലിയേടത്ത് മന്ത്രവാദക്കളത്തിന് പുറത്തേക്ക് തെറിച്ചു വീണു.
ധ്വനി അന്തരീക്ഷത്തിലേക്ക് തെന്നിമാറി.
' ആ ചരട് അത് നശിപ്പിക്കണമെങ്കില്‍ ദുര്‍ഗയുടെ പൂര്‍ണ സമ്മതം വേണം..'
ഒരു ചുഴലിക്കാറ്റു പോലെ ധ്വനി വട്ടം ചുറ്റി ഏതാനും പുകകണമായി അലിഞ്ഞു പോകുന്നത് അവര്‍ കണ്ടു.
കിടന്നിടത്തു കിടന്ന് വലിയേടത്ത് അവിശ്വസനീയതയോടെ ആ കാഴ്ച കണ്ടു.
തന്നെയും മഹാമാന്ത്രികനായ കിഴക്കേടത്തിനെയും വേദവ്യാസിനെയും ദേവദത്തനെയും തോല്‍പിച്ച്.. വെറും വിഡ്ഢികളാക്കി അവള്‍ രക്ഷപെട്ടിരിക്കുന്നു.
' അരുത്..'
ആ നിമിഷം വേദവ്യാസ് ചാടിയെഴുന്നേറ്റു.
' അനുവദിക്കരുത്.. ഇനി അവള്‍ പൂര്‍വാധികം ശക്തയാകും.. നമുക്ക് നേരിടാന്‍ കഴിയാത്ത വിധം'
' അതിനു മുന്‍പ് ഇനി ചെയ്യാന്‍ ഒരേയൊരു മറുമരുന്ന് മാത്രമേയുള്ളു'
വേദവ്യാസ് ദുര്‍ഗയുടെ കൈപിടിച്ചു.
' എഴുന്നേറ്റ് വാ.. എന്റെ കൂടെ' അവന്‍ ഗര്‍ജ്ജിച്ചു
ദുര്‍ഗ സ്വയമറിയാതെ ചാടിയെഴുന്നേറ്റു.
ചുറ്റുവരാന്തയുടെ നേര്‍ക്കാണ് വേദവ്യാസ് ഓടിയടുത്തത്.
വരാന്തയില്‍ കേശവന്‍ വൈദ്യരുടെ പരിചരണത്തിലായിരുന്നു മഹേഷ് ബാലന്‍.
വേദവ്യാസ് ഓടിച്ചെന്ന് അവന്റെ ശിരസില്‍ തൊട്ടു.
' ഇല്ല.. നിനക്കൊന്നുമില്ല.. ഒരു അവശതയുമില്ല.. എല്ലാം അവളുടെ മായ.. നിനക്കൊന്നുമില്ല.. എഴുന്നേല്‍ക്ക്'
വേദവ്യാസിന്റെ ശബ്ദം അവിടെ പ്രതിഫലിച്ചു.
വേദവ്യാസ് മുഖം ചെരിച്ച് രുദ്രയെ നോക്കി.
പിന്നെ പവിത്രയേയും.
' എത്രയും പെട്ടന്ന് ഇവരുടെ കിടപ്പുമുറിയില്‍ മണിയറ ഒരുങ്ങണം.. എത്രയും വേഗം'
ഒന്നും മനസിലാകാതെ രുദ്രയും പവിത്രയും നിന്നു
' ഭയക്കണ്ട.. അവള്‍ പിന്തുടരില്ല.. അവള്‍ക്കതിന് കഴിയില്ല.'
വേദവ്യാസ് എന്തോ മന്ത്രം ചൊല്ലി.
' ചെല്ല്. വേഗം.'
അവന്‍ പൂര്‍ത്തിയാക്കും മുമ്പേ രുദ്രയും പവിത്രയും അകത്തേക്കോടി.
വേദവ്യാസ് ദുര്‍ഗയെ നോക്കി.
ഇപ്പോള്‍ തകര്‍ന്നടിഞ്ഞു വീഴാവുന്ന ഒരു നനഞ്ഞ മണ്‍പ്രതിമയായി നില്‍ക്കുകയായിരുന്നു അവള്‍
വേദവ്യാസ് അവളുടെ നെറ്റിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഓം എന്നെഴുതി.
' ചെല്ല്.. മുറിയിലേക്ക് ചെല്ല്.. ഒന്നും ഭയപ്പെടരുത്.. ഞങ്ങളെല്ലാമുണ്ട് തങ്കത്തിന്റെ കൂടെ'
അവന്റെ മൃദുസ്വരം ദുര്‍ഗയില്‍ ഒരു കരച്ചിലുണ്ടാക്കി.
എങ്കിലും എന്താണ് വേദവ്യാസ് ഉദ്ദേശിക്കുന്നതെന്ന് മാത്രം അവള്‍ക്ക് മനസിലായില്ല.
' ചെല്ല്'
വേദവ്യാസ് നിര്‍ബന്ധിച്ചു
തളര്‍ന്ന കാലടികളോടെ ദുര്‍ഗ അകത്തേക്ക് നടന്നു.
' മഹി' വേദവ്യാസ് മഹേഷ് ബാലനെ ചേര്‍ത്തു പിടിച്ചു
' വരൂ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..'
' ഈ രാത്രി.. ഈ രാത്രിയേ നമുക്ക് മുന്നിലുള്ളു.. അതു കഴിഞ്ഞാല്‍ ദുരന്തമാണ്.. മഹാ ദുരന്തം.'
വേദവ്യാസ് അവന്റെ ചുമലില്‍ തട്ടി.
' ഇന്നു രാത്രി.. എന്തൊക്കെ സംഭവിച്ചാലും ശരി.. ദുര്‍ഗയിലെ കന്യകാത്വം നഷ്ടപ്പെടണം.. പിന്നെ..'
വേദവ്യാസ് പറഞ്ഞതെല്ലാം മഹേഷ്ബാലന്‍ ഹൃദയമിടിപ്പോടെ കേട്ടു.
' ധ്വനി അതിന് അനുവദിക്കില്ല.. പക്ഷേ അവളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.. മഹി ഒന്നു മാത്രം മനസില്‍ കരുതുക.. ഇന്നു രാത്രി മാത്രമേയുള്ളു.. നാളെ മുതല്‍ അവള്‍ രക്തരക്ഷസാണ്.. താങ്ങാനാവാത്ത വിധം ശക്ത..'
വേദവ്യാസ് മഹേഷ്ബാലന്റെ നെറ്റിയിലും ഓംകാര ചിഹ്നം വരച്ചു
തകര്‍ന്നുടഞ്ഞ ഉടലാകെ പുതിയൊരു ശക്തി പ്രസരിക്കുന്നത് മഹേഷ്ബാലന്‍ അറിഞ്ഞു.
' പറഞ്ഞതൊന്നും ദുര്‍ഗ അറിയരുത്.. വളരെ സ്വാഭാവികമായി മാത്രം ്അവളെ സമീപിക്കുക.'
വേദവ്യാസ് പറഞ്ഞു.
ചുറ്റു വരാന്തയുടെ തണുത്തതറയില്‍ അമര്‍ത്തി ചവുട്ടി മഹേഷ്ബാലന്‍ അകത്തേക്ക് പോകുന്നത് വേദവ്യാസ് നോക്കി നിന്നു.
തനിക്കല്ലാതെ വലിയേടത്തിനോ ദേവദത്തനോ എന്തിന് തന്റെ അച്ഛനോ പോലും ഇത്തരമൊരു ഉപദേശം മഹിയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അവന്റെ മനസു പറഞ്ഞു.
ഇതുകൂടി പരാജയപ്പെട്ടാല്‍ പിന്നെ ഒരു രക്ഷപെടലില്ല ആര്‍ക്കും.
വേദവ്യാസ് തിരികെ ഹോമകുണ്ഡത്തിന് നേര്‍ക്ക് ചെന്നു.
്അവിടെ വേദവ്യാസിന്റെ മനസറിഞ്ഞത് പോലെ തെളിഞ്ഞു കത്തുന്ന അഗ്നിയ്ക്ക മുന്നില്‍ ധ്യാന നിമിലിതരായി ഇരിക്കുകയായിരുന്നു ദേവദത്തനും വലിയേടത്തും കിഴക്കേടത്തും.
വേദവ്യാസിന്റെ സാന്നിധ്യമറിഞ്ഞിട്ടും അവര്‍ കണ്ണു തുറന്നില്ല.
ഇന്നൊരു രാത്രി ഒരു മാത്ര പോലും ശ്രദ്ധ തെറ്റാതെ ഉപാസന മൂര്‍ത്തികളോട് അപേക്ഷിക്കണം..
ഓരോ മനസുമെരിഞ്ഞു.
.............. .................. ........................
മുല്ലപ്പൂമണമുള്ള മണിയറ.
തൂവെള്ള വിരിപ്പുകള്‍ക്കിടയില്‍ ദുര്‍ഗയെ കാത്തിരിക്കുകയായിരുന്നു മഹേഷ്ബാലന്‍.
വിറയ്ക്കുന്ന പാദങ്ങളോടെ ദുര്‍ഗ അകത്തേക്ക് കയറിച്ചെന്നു.
തൊട്ടു മുന്‍പു നടന്നതെല്ലാം മറന്ന പ്രതീതി.
നെറ്റിയില്‍ വേദവ്യാസ് ഓം എന്നെഴുതിയപ്പോഴോ അതിന് ശേഷമോ എപ്പോഴോ കഴിഞ്ഞു പോയതെല്ലാം പാടേ വിസ്മരിച്ചിരുന്നു അവള്‍.
ഇതു തന്റെ ആദ്യരാത്രിയാണെന്നു തന്നെ ഒരു തോന്നലില്‍ ചുവന്നു തുടുത്തിരുന്നു മുഖം.
ലജ്ജ തന്റെ ശരീരത്തിന്റെ ഓരോ അണുവിലും പൊട്ടിവിടരുന്നതിന്റെ സുഖമറിഞ്ഞു ദുര്‍ഗ.
'തങ്കം' മഹേഷ്ബാലന്‍ അവളുടെ ഇരു ചുമലുകളിലും സ്പര്‍ശിച്ചു.
' എത്രനാള്‍ കൊതിച്ചതാണല്ലേ നമ്മള്‍.. ഇങ്ങനെയൊരു രാത്രി..'
ജനല്‍കര്‍ട്ടനുകളിലേക്ക് ഒരു തീജ്വാല പറന്നു വന്നത് മഹേഷ് ബാലന്‍ കണ്ടു.
അതിന് തീപിടിക്കുന്നു.
' എന്റെ പൊന്നേ'
അതു ശ്രദ്ധിക്കാതെ മഹേഷ്ബാലന്‍ അവളെ നെഞ്ചോടു ചേര്‍ത്തു
ഒരു വെള്ളാമ്പല്‍ പൂ പോലെ ദുര്‍ഗ അവന്റെ മാറോടു ചേര്‍ന്നു.
ഹോമകുണ്ഡത്തിലേക്ക് ഒരു പിടി മഞ്ഞള്‍പൊടി ചെന്നു വീണു.
ജനല്‍ കര്‍ട്ടനുകളിലെ തീയണഞ്ഞു.
മഹേഷ്ബാലന്റെ ചുംബനം തന്റെ അധരത്തിലേക്കമരുന്നതറിഞ്ഞു ദുര്‍ഗ.
രാത്രിയിലെവിടെയോ പാലപ്പൂക്കള്‍ വിടര്‍ന്ന സുഗന്ധം
കിടക്കയിലേക്ക് ചായാനൊരുങ്ങവേ തൂവെള്ള വിരികള്‍ കടുംചുവപ്പായത് അവന്‍ കണ്ടു
രക്തം.
' പതറരുത്.. ഒന്നും സംഭവിക്കില്ല.. പുറത്ത് ഞങ്ങളുണ്ട്.. ഒന്നിനും കണ്ണും കാതും മനസും കൊടുക്കരുത്.. അവളില്‍ അലിയുക.. അതുമാത്രം'
വേദവ്യാസിന്റെ ശബ്ദം മനസില്‍ പ്രതിഫലിച്ചു.
കടുംചുവപ്പ് നിറത്തിന് മീതെ തന്നെ മഹേഷ്ബാലന്‍ അവളെ ചായ്ച്ചു കിടത്തി.
പതുക്കെ പതുക്കെ ഒരു പനിനീര്‍പ്പൂവിലെ ഓരോ ഇതളിലെയും ഗന്ധമറിഞ്ഞു മഹേഷ്ബാലന്‍.
തെല്ലു വേദനിപ്പിച്ച് .. അവളെ അല്‍പ്പം കരയിച്ചു തന്നെ അവളിലെ ആഴമറിഞ്ഞു.
വെളുത്ത വിരിപ്പില്‍ രക്തപ്പാടുകള്‍ വരച്ചു ദുര്‍ഗയുടെ കന്യകാത്വം.
ഒടുവില്‍ മഹേഷ്ബാലന്റെ നെഞ്ചിലേക്ക് മുഖം വെച്ച് തളര്‍ന്നുറങ്ങി ദുര്‍ഗ.
മഹേഷ് ബാലനും നിദ്രയിലേക്കു വീണു
അതിനിടെ കിടക്കയില്‍ തീപടര്‍ന്നതോ അണഞ്ഞതോ ഭിത്തകള്‍ തുരന്നു കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുള്ള കൈപ്പത്തികള്‍ അകത്തേക്ക് വന്നതോ അവര്‍ കണ്ടില്ല.
ഹോമകുണ്ഡത്തിനരികെയിരുന്ന് അവരുടെ കണ്ണും മനസും കെട്ടി മഹാമാന്ത്രികര്‍.
' ദുര്‍ഗാ.. ദുര്‍ഗാ..'
ആരോ വിളിക്കുന്ന ശബ്ദം കേട്ടു ദുര്‍ഗ ഞെട്ടിയുണര്‍ന്നു.
വീണ്ടും വീണ്ടും അതേ ശബ്ദം.
ധ്വനി.
' ദുര്‍ഗാ..' തേങ്ങല്‍ പോലെ വീണ്ടും ഒരു വിളി.
ഒരു മായിക ശക്തിയ്ക്ക് കീഴടങ്ങിയത് പോലെ ദുര്‍ഗ ചാടിയെഴുന്നേറ്റു.
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ വാരിചുറ്റി അവള്‍ പുറത്തേക്കോടി.
മുറിയ്ക്ക് പുറത്ത് ബാല്‍ക്കണിയില്‍ അവള്‍ നില്‍ക്കുന്നു
ധ്വനി.
വെളുത്ത ഗൗണിട്ട് താന്‍ ആദ്യം കണ്ടത് പോലെ തന്നെ.
അവള്‍ പതിയെ പതിയെ അന്തരീക്ഷത്തിലേക്കുയരുകയായിരുന്നു.
' ധ്വനീ'
ദുര്‍ഗ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു.
' ധ്വനീ'
പഴയത് പോലെ സ്‌നേഹാര്‍ദ്രമായ വിളിയൊച്ച.
തന്നെ ഭയന്നതല്ലാതെ ഒരിക്കലും ദുര്‍ഗ വെറുത്തിട്ടില്ല.. ഒരിക്കല്‍ പോലും.
' ഞാന്‍ പോകുന്നു'
ധ്വനി അവളെ നോക്കി മന്ദഹസിച്ചു.
' ഈ ലോകത്ത് ഇനി ഞാനില്ല.. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞും ഭൂമിയില്‍ തുടര്‍ന്ന ഒരാത്മാവ് പരമപദത്തിലേക്ക് ചേരുന്നു'
ധ്വനിയുടെ മുഖത്ത് ശാന്തമായ ഒരു മന്ദഹാസം ദുര്‍ഗ കണ്ടു
' ധ്വനീ'
ദുര്‍ഗ വിങ്ങി.
അതോടൊപ്പം അവള്‍ തന്റെ ഇടത് കൈമുട്ടിന് മീതെ കെട്ടിയ ചരടിലേക്ക് കൈ ചേര്‍ത്തു
ദുര്‍ഗ ഞെട്ടിപ്പോയി.
്അത് അവിടെ ഉണ്ടായിരുന്നില്ല.ആവാഹന ചരട്.
ദുര്‍ഗയുടെ ദേഹം കിടുകിടുത്തു.
' ധ്വനീ'
ഇക്കുറി ദുര്‍ഗയുടെ കരച്ചില്‍ ഉച്ചത്തിലായി.
എവിടെ നിന്നോ ആരൊക്കെയോ ഓടി വന്നു
ഒന്നും ശ്രദ്ധിക്കാതെ ദുര്‍ഗ ധ്വനിക്ക് നേരെ കൈനീട്ടി.
' ധ്വനീ.. ഞാനല്ല.. ഞാനല്ല.. '
്്അവള്‍ അലമുറയിട്ടു.
' സ്വാര്‍ഥതകളെല്ലാത്തിനും അര്‍ഥമില്ലാതായി.. നീയിപ്പോള്‍ എല്ലാ വിധത്തിലും മഹിയേട്ടന്റെ പെണ്ണാണ്.. ഈ ജന്മം നിനക്കാണ് അതിനുള്ള വിധി.. ഞാനത് തിരുത്താന്‍ നോക്കിയത് എന്റെ തെറ്റ്... '
ധ്വനി മന്ദഹസിച്ചു
' കൊല്ലാമായിരുന്നു എനിക്ക്.. നിന്നെ .. മഹിയേട്ടനെ.. പക്ഷെ പ്രാണന്‍ വേര്‍പെടുന്ന അവസാന നിമിഷം എനിക്കു കഴിഞ്ഞില്ല.. കഴിയില്ല.. മഹിയേട്ടനേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദുര്‍ഗാ..'
' ധ്വനീ'
ബാല്‍ക്കണിയുടെ കൈവരിയിലേക്ക് അലച്ചുതല്ലി നിന്ന് ദുര്‍ഗ കരഞ്ഞു.
ഓടിയെത്തിയ ജാസ്മിനും സ്്വാതിയും നേഹയും കണ്ടു.
അന്തരീക്ഷത്തിലേക്ക് പതിയെ പതിയെ ഒരു ഇളം കാറ്റ് പോലെ ഉയരുന്ന ധ്വനിയെ.
' ധ്വനീ'
പരിസരമറിയാതെ അവരും വിളിച്ചു പോയി.
ധ്വനി അവരെ നോക്കി.
പതിയെ .. നിറഞ്ഞ ചിരിയോടെ കൈവീശി..
' തങ്കം'
പിന്നില്‍ മഹേഷ്ബാലന്റെ വിളി കേട്ടു ദുര്‍ഗ.
' പോട്ടെ..' കാതില്‍ അവസാനമായി ധ്വനിയുടെ ശബ്ദം കേട്ടു ധ്വനി.
ഒരു മിന്നല്‍ പോലെ ധ്വനി ഉയര്‍ന്ന് ആകാശമേലാപ്പിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒരു വെള്ളപൊട്ടായി മാറുന്നതറിഞ്ഞു ദുര്‍ഗ.
' മഹിയേട്ടാ..'
ദുര്‍ഗ കരഞ്ഞു കൊണ്ട് തിരിഞ്ഞ് മഹേഷ്ബാലന്റെ നെഞ്ചിലേക്ക് വീണു
ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുകയായിരുന്നു മഹേഷ്ബാലനും
ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ധ്വനി എന്നേക്കുമായി ഈ ലോകം വിട്ടു പോയെന്ന് അവനറിഞ്ഞു.
ഉള്ളില്‍ ഒരു വേദന വിങ്ങിക്കഴച്ചു.
' അവള്‍ പോയി.. പോയി'
ദുര്‍ഗ തേങ്ങികരയുന്നത് അവന്‍ കേട്ടു.
അപ്പോള്‍ ഹോമകുണ്ഡത്തിലേക്ക് ്അവസാന തുള്ളി ഹവിസും അര്‍പ്പിച്ച് സാഷ്ടാംഗം നമസ്‌കരിച്ചു
വലിയേടത്തും കിഴക്കേടത്തും വേദവ്യാസും ദേവദത്തനും.
്അവളെ തളയ്ക്കാനായില്ല.
പക്ഷെ ആര്‍ക്കുമാര്‍ക്കും ദോഷമല്ലാതെ അവള്‍ മോക്ഷത്തിലേക്ക് കടന്നു പോയി.
ദുര്‍ഗയറിയാതെ ധ്വനി ആഗ്രഹിച്ചു തന്നെ ആ ചരടഴിച്ചു കളയുക
അതിനുള്ള അവസാന മാര്‍ഗമായിരുന്നു ആ മണിയറ.
ആദ്യരതിയുടെ ആലസ്യത്തില്‍ ദുര്‍ഗ മയങ്ങി കിടക്കുമ്പോള്‍ മഹേഷ്ബാലന്‍ ആ ചരടറുത്തു.
ചെയ്യുന്നത് മഹേഷ് ബാലനായത് തന്നെ ധ്വനിയെ ഏറെ വേദനിപ്പിക്കുമെന്നറിയാമായിരുന്നു.
അതിലേറെ ദുര്‍ഗയുമായി നടന്ന ശാരീരിക ബന്ധത്തോടെ തന്നെ മഹേഷ് ബാലന്‍ എന്ന നഷ്ടം അംഗീകരിക്കാന്‍ ധ്വനി തയാറാകുമെന്നും കണക്കു കൂട്ടിയിരുന്നു.
അത് പിഴച്ചില്ല.
ആ ചരടറുക്കാന്‍ മഹേഷ് ബാലന് കഴിഞ്ഞത് ധ്വനിയുടെ സമ്മതത്തോടെ തന്നെയാണ്.
വേദവ്യാസ് ദീര്‍ഘമായി നിശ്വസിച്ചു.
അവസാനമായി ഹോമകുണ്ഡത്തിന് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ വലിയേടത്തിന്റെയും കിഴക്കേടത്തിന്റെയും ദേവദത്തന്റെയും വേദവ്യാസിന്റെയും മനസില്‍ ഒരേ പ്രാര്‍ഥന തന്നെയായിരുന്നു
' ഉപാസനാ മൂര്‍ത്തികളേ നന്ദി.. നന്ദി.. നന്ദി..'
..................... .............. ............
' മഹേഷ് ബാലന്‍.. മഹേഷ് ബാലന്‍'
ആരോ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ് മഹേഷ് പാതി തുറന്ന ചില്ലു വാതിലിന് നേരെ ഓടിച്ചെന്നത്.
പവിത്രയും രുദ്രയും ദേവദത്തനും വേദവ്യാസും ശ്രീധരന്‍ ഭട്ടതിരിയുമൊക്കെ ഓടി വരുന്നത് അവന്‍ കണ്ടു.
' ദുര്‍ഗ പ്രസവിച്ചു.. പെണ്‍കുഞ്ഞ്.. സമയം പതിനൊന്ന് മുപ്പത്തിയേഴ്..'
സിസ്റ്റര്‍ നനുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ മഹേഷ്ബാലന് കൈമാറി.
പൂവിതള്‍ പോലെ തുടുത്ത ഓരോമനമുഖം അവന്‍ കണ്ടു.
നിറകണ്ണുകളോടെ മഹേഷ് ബാലന്‍ അതിന്റെ നെറുകയില്‍ ഉമ്മവെച്ചു.
' ഹായ്.. ദക്ഷാ ഭാഗീരഥി'
പവിത്ര കുഞ്ഞിനെ വാങ്ങി ഓമനിച്ചു.
രുദ്രയും ഒപ്പം കൂടി.
ദുര്‍ഗ സെലക്ട് ചെയ്ത പേരായിരുന്നു അത്.
ദേവദത്തന്‍ ഉടനെ വലിയമ്മാമ്മയെ വിളിച്ചു.
നിറഞ്ഞ മനസോടെയാണ് വലിയേടത്ത് ആ വാര്‍ത്ത കേട്ടത്.
അയാളുടെ കണ്ണകള്‍ ഉടനെ കലണ്ടറിലേക്ക് നീണ്ടു.
കാര്‍ത്തിക.
ജനനസമയം പതിനൊന്ന് മുപ്പത്തിയേഴ്..
ദക്ഷ ഭാഗീരഥി.
അയാള്‍ പൂജാമുറിയിലേക്ക് കടന്നു.
കവിടികളുരുണ്ടു.
വലിയേടത്തിന്റെ നെറ്റിത്തടം വിയര്‍്ത്തു.
കാര്‍ത്തിക നക്ഷത്രത്തിലെ അപൂര്‍വ പാദത്തില്‍ ജനനം.
ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അത്യപൂര്‍വ യോഗം.
നേര്‍വിരുദ്ധാഗമന യോഗം.
................... അവസാനിച്ചു...........................

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo