Slider

ശ്മശാനത്തിനരികെ വീടുള്ള ഒരു കുട്ടി

0
Image may contain: 1 person, smiling, closeup
കഥ.....................
ഇരുട്ടായിരുന്നു .. അവിടം മുഴുവൻ ഇരുട്ടായിരുന്നു ... ഇരുട്ടിലൂടെ കൂർത്ത നഖങ്ങളുള്ള ഒരു കൈ പെൺകുട്ടിയുടെ വായ പൊത്തി.
ങ്ങ്...ങ് ... എന്ന് അപശബ്ദങ്ങൾ ഉണ്ടാക്കി ഞരങ്ങിക്കൊണ്ട് കുട്ടി പിടഞ്ഞു.
പക്ഷേ കഴിയുന്നത്ര ശക്തി ഉപയോഗിച്ച് കുതറിയിട്ടും കുട്ടിയ്ക്ക് അനങ്ങാനായില്ല.
അവളെന്നും ഭയന്നത് പോലെ വീടിന്റെ കിഴക്കേ അതിരിനോട് ചേർന്നുള്ള ശ്മശാനത്തിൽ നിന്ന് .....
കുരിശുകളുടെ ബന്ധനത്തിൽ നിന്ന് മോചിതനായ ഒരു പിശാച് അകത്ത് കടന്നിരിക്കുന്നു.
ശ്മശാനത്തിന് അടുത്തു തന്നെയുള്ള തന്റെ വീടിനെ അവൾ എന്നും ഭയന്നിരുന്നു.
കല്ലറകൾക്കുള്ളിൽ നിന്ന് മരിച്ചവരുടെ പ്രേതങ്ങൾ ഉയർത്തെണീറ്റ് വരുമെന്നും ഉറങ്ങുന്ന അവളുടെ കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ച് കൊന്നുകളയുമെന്നും കുട്ടി വിചാരിച്ചിരുന്നു.
അവളുടെ കൂട്ടുകാർ അങ്ങനെയുള്ള കഥകൾ മെനഞ്ഞുണ്ടാക്കി അവളെ ഭയപ്പെടുത്തി.
രാത്രിയെന്നല്ല പകലും അവൾ ആ ഭാഗത്തേക്ക് നോട്ടമെത്താതെ ഓടി മറഞ്ഞു.
എന്നിട്ടും ഏതോ ഒരു പിശാച് തന്നെ കണ്ടെത്തിയെന്നോർത്ത് അവൾ മനസിൽ
"ഈശോ .. ഈശോ " എന്ന് നിസഹായയായി കേണു. ദൈവനാമം ഉച്ചരിക്കുന്ന മാത്രയിൽ പ്രേതം ഞെട്ടിവിറച്ച് ഇരകളെ ഉപേക്ഷിച്ച് പോകുമെന്നാണവൾ സിനിമകളിൽ നിന്നും മനസിലാക്കിയിരുന്നത്.
" അപ്പോൾ അല്ലി പറഞ്ഞതും കിച്ചു പറഞ്ഞതും നുണയായിരുന്നോ.പ്രേതങ്ങൾക്ക് ദൈവങ്ങളെ ഒട്ടും പേടിയില്ലേ.. "
അവൾ വിറയാർന്ന മനസുകൊണ്ട്
" സ്വർഗസ്ഥനായ പിതാവേ " ചൊല്ലാൻ തുടങ്ങി .
അത് ഫലമില്ലെന്ന് കണ്ട്
" യഹോവ എന്റെ ഇടയനാകുന്നു" എന്നു തുടങ്ങി ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലേക്ക് വഴിമാറി.
ഒടുവിൽ നിരാശപ്പെട്ട് ഭയന്ന് ഉടലാകെ വിറച്ച്
"എന്നെ കൊല്ലല്ലേ" ന്ന് ഉള്ളാലേ അലറിയലറി അവൾ അവശയായി കിടന്നു.
അവളുടെ കഴുത്തിലെ കൊന്ത മാലയെ പോലും പേടിയില്ലാത്ത പിശാച് ..
അതിന്റെ പിടിയിൽ അവൾ ഞെരിഞ്ഞു.
അതിന്റെ ഭാരം അവളുടെ ദേഹത്ത് കനത്ത മണൽച്ചാക്കു പോലെ അമർന്നു.
"അയ്യോ.. എന്നെ വിടണേ.. ഞാൻ പാവമാണേ" എന്ന് അവൾ ഉറക്കെ കരയാൻ ഭാവിച്ചു. ഇല്ല ... വിട്ടില്ല.
തീഷ്ണമായ എന്തോ ഒരു തരം വൃത്തികെട്ട ഗന്ധമുള്ള കൈപ്പത്തി അവളെ ശ്വാസം മുട്ടിച്ചു.
അവളുടെ ഉടുപ്പുകൾ പ്രേതം വകഞ്ഞു മാറ്റി..
കാലുകൾക്കിടയിൽ അതി ഭയങ്കരമായ ഒരു വേദന അനുഭവപ്പെട്ടു. അവൾ ബോധരഹിതയായി.
അന്നു പകൽ... അപ്പന് സുഖമില്ലാതെ ആശുപത്രിയിൽ കൂട്ടിരിപ്പിന് പോയിരുന്ന ട്രീസ തിരിച്ച് വന്നു.
മുറിയ്ക്കുള്ളിലെ ഇരുട്ടിൽ .. പലക കട്ടിലിൽ വിരിച്ച പുതപ്പിന് മീതെ കട്ടപിടിച്ച ഇരുട്ടു പോലെ കുട്ടി കിടപ്പുണ്ടായിരുന്നു.
ട്രീസ സ്വിച്ച് ബോർഡ് പരതി.
മുറിയിൽ വെട്ടം പരന്നു.
കുട്ടി ബോധമറ്റത് പോലെ ഉറങ്ങുകയായിരുന്നു.
അവളുടെ കൊച്ചു പാവാട പാതിയും കീറിയിട്ടുണ്ട് ..
ഏതെങ്കിലും മരംകേറി ചില്ല ഉടക്കി വലിച്ച് കീറിയതാവണം.
" നല്ല തല്ലു കൊടുക്കണം പെണ്ണിന് ''
ട്രീസ പിറുപിറുത്തു.
അടുത്ത് ചെന്ന് നോക്കിയപ്പോൾ ചിത്രം ഒട്ടാകെ മാറി.. ആരോ അശ്രദ്ധയോടെ അലങ്കോലമക്കി വരച്ച ഒരു ചിത്രമാണ് മകളെന്ന് ട്രീസയ്ക്ക് തോന്നി.
"പൊന്നൂ.. മോളേ.. പൊന്നൂ " എന്ന് വിളിച്ച് ട്രീസ കുനിഞ്ഞ് അവളെ തൊട്ടു.
ആ നിമിഷം ചിത്രത്തിന് ജീവൻ വെച്ചു.
"അയ്യോ.. കൊല്ലുന്നേ." എന്നലറിക്കൊണ്ട് കുട്ടി ചാടിയെഴുന്നേറ്റു..
ഇത്തിരിപ്പോണ മകളെ നോക്കി ട്രിസ തരിച്ച് നിന്നു.
അടുപ്പിൽ കഞ്ഞി തിളയ്ക്കുമ്പോഴും
എച്ചിൽ പാത്രങ്ങൾ വാരിയിട്ട് കഴുകുമ്പോളും ട്രീസ ആലോചനയിലായിരുന്നു. അവളുടെ ഹൃദയത്തെ ചിന്തകൾ ചുളു ചുളാ കുത്തി വേദനിപ്പിച്ചു.
വെളുത്തു നരച്ച പെറ്റിക്കോട്ടിട്ട് വേച്ച് പോകുന്ന വേദനിക്കുന്ന കാലുകളോടെ കുട്ടി അരികിൽ വന്ന് ചേർന്നു നിന്നു.
"പിശാചിന് ഒന്നും പേടിയില്ലമ്മച്ചീ .. ആരേം പേടിയില്ല.. കുരിശും പേടിയില്ല.. അമ്പലത്തിന് കേൾക്കുന്ന പാട്ടും പേടിയില്ല.. അള്ളാഹു അക്ബർ ബാങ്ക് വിളി ഇല്ലേ.. അതും പേടിയില്ല".
കുട്ടി അതിശയത്തോടെയാണ് പറഞ്ഞത് ..
" എന്ന ക്ലാസിലെ കൃഷ്ണേം സഫേം പിന്നെ അല്ലീം ഒക്കെ നുണ പറഞ്ഞു. എല്ലാം നുണച്ചികളാ"
കുട്ടി ചിരിച്ചു.
"നന്മ നിറഞ്ഞ മറിയം ചൊല്ലീതോണ്ടാണോ പിശാച് എന്നെ കൊല്ലാതിരുന്നേ.. അമ്മച്ചിയല്ലേ പറഞ്ഞേ അത് ചൊല്ലിയാൽ ഒരു പിശാചും വരില്ലാന്ന് ''.
തനിക്ക് അനുകൂലമായ ഒരു മറുപടിയ്ക്ക് വേണ്ടി കുട്ടി ട്രീസയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
ആ പളുങ്കു കണ്ണുകൾ കണ്ട് ട്രീസയുടെ ഉള്ളിൽ നിന്നൊരു ആന്തലുണ്ടായി.
"ഒരിക്കലും എന്റെ വീട്ടിൽ ഇങ്ങനൊന്ന്.... "
ട്രീസ നിലത്തേക്ക് നോക്കി പിറുപിറുത്തു.
" ആണോ അമ്മച്ചീ... അതോണ്ടാണോ ".
കുട്ടി വീണ്ടും അവളെ തൊട്ടു.
"ഒന്നു പോ അസത്തേ അവിടുന്ന് "
ട്രീസ കുട്ടിയ്ക്ക് ഒരു തട്ടുവെച്ചു കൊടുത്തു.
കുട്ടി നിലത്ത് വീണു.
അവിടെ ചുരുണ്ട് കിടന്ന് ഉറക്കെ കരയാൻ തുടങ്ങി.
തലേന്ന് രാത്രി ഭയത്തിലമർന്ന് കുട്ടി ബാക്കി വെച്ച നിലവിളിയായിരുന്നു അത്.
ട്രീസയുടെ നെഞ്ചു പൊട്ടി.
"എന്റെ പൊന്നുമോളേ ".
കുഞ്ഞിന്റെ അരികിലേക്ക് നിരങ്ങി വീണ് ട്രീസയും നിലവിളിച്ചു.
പിണക്കം മറന്ന് കുട്ടി അവളെ വാരിപ്പുണർന്നു.
അമ്മയുടെ മാറിൽ ആശ്വാസത്തോടെ അത് മുഖം ചേർത്തുവെച്ചു കിടന്നു.
ട്രീസയുടെ നിലവിളി പതുക്കെ നേർത്ത് നേർത്ത് തേങ്ങലായി മാറി.
കുട്ടി സമാധാനത്തോടെ ഉറക്കം പിടിച്ചിരുന്നു.
കുഞ്ഞുപൈതലെ തട്ടിയുറക്കുന്നത് പോലെ ട്രീസ മകളുടെ മേനിയിൽ തഴുകി.
ഇടയ്ക്കിടെ ആ വിരൽ പൊള്ളലേറ്റ് കുട്ടി നടുങ്ങിയുണർന്നു.
അന്ന് ഇരുട്ടിയപ്പോഴാണ് അയാൾ വന്നത്. മദ്യ ഗന്ധത്തിന്റെ അകമ്പടിയോടെ .
മുറ്റത്തേക്ക് ഇറക്കി കെട്ടിയ പടിയിൽ ചെരിപ്പൂരിവെച്ച് അയാൾ നിർഭയം അകത്തേക്ക് കയറി വന്നു.
അവിടെ മുഴുവൻ ഇരുട്ടായിരുന്നു.
"വെട്ടോം വെളിച്ചോം ഇടാൻ വയ്യേടീ..". അയാൾ ഉച്ചത്തിൽ അലറി.
ഭീഷണിയും സ്വയം പ്രതിരോധവും ഭാര്യയെ അടിച്ചമർത്താനുള്ള വ്യഗ്രതയും അയാളുടെ അലർച്ചയിൽ മുന്നിട്ട് നിന്നു .
ട്രീസ എഴുന്നേറ്റ് വന്ന് ലൈറ്റിട്ടു.
വീടാകെ വെളിച്ചത്തിൽ കുതിർന്നു .
അവളുടെ കൈയ്യിലെ വളയൻ കൊയ്ത്തരിവാളിന്റെ വായ്ത്തല വെളിച്ചമേറ്റ് മിനുങ്ങി.
അയാൾ സ്തബ്ധനായി നിന്നു.
" ജനിപ്പിച്ച തന്ത എന്തിനിത് ചെയ്തു." ഉടവാളേന്തിയ ദേവിയെ പോലെ ട്രീസ ജ്വലിച്ചു.
" അക്കാര്യത്തിൽ എനിക്ക് നല്ല
സംശയമുണ്ട്.. അതു കൊണ്ട് "
പുച്ഛം മൊട്ടിട്ട ചിരി അയാൾക്ക് ക്രൂരതയുടെ പരിവേഷം നൽകി.
"ഇനി നിങ്ങളെ ഇവിടെ കാണരുത്... ഈ പുരയ്ക്കകത്ത് സമാധാനത്തോടെ ഉറങ്ങില്ല ... ഉറക്കത്തിൽ നിങ്ങടെ സാമാനം ഞാൻ വെട്ടിയെടുത്ത് പട്ടിയ്ക്കിട്ട് കൊടുക്കും".
ട്രീസയുടെ മുഖത്തേക്ക് നോക്കി അയാൾ ആ പ്രസ്താവനയുടെ ആഴം അളന്നു.
അവളെ എതിരിട്ട് തോൽപിക്കാമെന്ന അയാളുടെ പ്രതീക്ഷ പൊലിഞ്ഞു.
ഏതു മനുഷ്യനും ഒരു വീടിനുള്ളിൽ ഉറങ്ങാതെ കിടക്കാനാവില്ലല്ലോ.
അവളുടെ കണ്ണുകളിൽ നിന്ന് അടർന്നു പറന്ന തീപ്പൊരികൾ അവൾ പറഞ്ഞത് ചെയ്യും എന്ന് ബോധ്യപ്പെടുത്തി.
അയാൾ അകത്തേക്ക് കയറി എന്തൊക്കെയോ വാരിയെടുത്ത് ഒരു സഞ്ചിയിലിട്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.
ട്രീസ വാതിലടച്ചു.
അതിന് ശേഷം എട്ടു പത്തുകൊല്ലം കഴിഞ്ഞ് ട്രീസ തളർന്ന് വീണെന്നറിഞ്ഞാണ് അയാൾ തിരിച്ചു വന്നത്.
പെൺകുട്ടിയ്ക്ക് അപ്പോഴും ശ്മശാനങ്ങളെ പേടിയായിരുന്നു.
പക്ഷേ അന്ന് ഇരുട്ടിൽ നിന്നെഴുന്നേറ്റു വന്നത് പിശാചല്ലെന്ന് മനസിലാക്കാൻ മാത്രം കുട്ടി വളർന്നു.
ട്രീസ തളർന്നു കിടപ്പായതിൽ പിന്നെ അവൾ
വീട്ടിലിരുന്ന് ചുരിദാറുകൾ തയ്ച്ച് ജീവിക്കാനുള്ള പണമുണ്ടാക്കി.
കേവലമായ ആ വീടിന്റെ സ്വസ്ഥതയിലേക്ക് ഒരിടിത്തീ പോലെയായിരുന്നു അയാളുടെ മടങ്ങിവരവ്.
"എവിടെടീ നിന്റെ വെട്ടുകത്തി " എന്ന് ഭാര്യയെ നോക്കി പരിഹസിച്ച് അയാൾ കുട്ടിയെ തിരഞ്ഞു..
അടുക്കളയിലൊതുങ്ങി പെൺകുട്ടി ഞെട്ടിവിറച്ചു.
അവളിൽ വന്നു ചേർന്ന പതിനാറിന്റെ തുടുപ്പ് അയാൾ ആസക്തിയോടെ നോക്കി.
" നീ വളർന്നു .. " അയാൾ പറഞ്ഞു.
അവൾക്ക് മരിച്ചാൽ മതിയെന്നായി.
രാത്രിയുടെ ഇരുട്ട് കനത്തപ്പോൾ അയാൾ പെൺകുട്ടിയുടെ കട്ടിലിൽ അവളെ തിരഞ്ഞു.
അവിടം ശൂന്യമായിരുന്നു. അയാൾ വീടിന്റെ ഓരോ മുക്കിലും മൂലയിലും അവളെ തിരഞ്ഞു.
പെൺകുട്ടി അപ്പോൾ ശ്മശാനത്തിലെ ഒരു പുതിയ കല്ലറയ്ക്ക് മീതെ കമിഴ്ന്നു കിടക്കുകയായിരുന്നു.
ആദ്യമൊക്കെ ഭയന്നെങ്കിലും പിന്നീട് ആ ശാന്തത അവളെ ആനന്ദിപ്പിച്ചു.
പെൺകുട്ടി മലർന്ന് കിടന്നു
ആകാശത്ത് മിന്നുന്ന നൂറായിരം നക്ഷത്രങ്ങളെ കണ്ടു.
മരിച്ചവരുടെ പുനർജനനം.
പെൺകുട്ടി ചെരിഞ്ഞു കിടന്ന് താൻ കിടന്ന കല്ലറയിൽ കൊത്തിയ പേരു വായിച്ചു.
ജിതിൻ തോമസ്.
ജനനം 8-10 - 1999
മരണം 5-4-2019
"ഒരു മാസം കഴിഞ്ഞു മരിച്ചിട്ട് " കുട്ടി വല്ലായ്മയോടെ പറഞ്ഞു.
താൻ തല വെച്ച് കിടന്ന ഭാഗത്ത് അവന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു.
ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖമുള്ള ഒരു ചെറുപ്പക്കാരൻ.
പെൺകുട്ടിയ്ക്ക് പേടി തോന്നി
അന്ന് ആ പിശാച് ആക്രമിച്ചതിൽ പിന്നെ അവൾക്ക് പുരുഷൻമാരെ ഭയമായിരുന്നു.
അവൾ എഴുന്നേറ്റ് നേർത്ത നിലാവെളിച്ചത്തിൽ പെൺകുട്ടി സ്ത്രീയുടെ പേരെഴുതിയ കല്ലറ നോക്കി നടന്നു.
"ജോയമ്മ ജോൺ " എന്ന് പേരുകൊത്തിയ കല്ലറ തേടിപ്പിടിച്ച് അവൾ അതിന് മീതെ കിടന്ന് കണ്ണുകളടച്ചു.
ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു.
പുലരി മഞ്ഞിൽ കുതിർന്ന ഒരു പനിനീർപ്പൂവ് അവൾക്കരികിൽ സുഗന്ധം പരത്തി കിടപ്പുണ്ടായിരുന്നു.
പെൺകുട്ടി അത്ഭുതത്തോടെ ചുറ്റും നോക്കി.
അവിടെങ്ങും അവൾ ആരെയും കണ്ടില്ല.
ജോയമ്മ ജോണിന്റെ കല്ലറയ്ക്ക് മീതെ അത് സമർപ്പിച്ച് അവൾ തന്റെ വീട്ടിലേക്ക് ഓടിപ്പോയി.
അയാൾ അതിരാവിലെ സ്ഥലം വിട്ടിരുന്നു .അയാൾ അങ്ങനെയാണ്. മനുഷ്യരുടെ വെട്ടത്ത് പ്രത്യക്ഷപ്പെടില്ല. ട്രീസ ആ കഥകൾ ആരോടെങ്കിലും പറഞ്ഞു കാണുമെന്ന് അയാൾ ഭയന്നു.
അവർ പോലീസിനെ വിളിച്ചാൽ എത്ര പഴകിയ കേസാണെങ്കിലും താൻ അകത്താകുമെന്ന് അയാൾ കണക്കുകൂട്ടി.
രാത്രിയുടെ മറപറ്റി അയാൾ തിരിച്ചുവരുമെന്ന് പെൺകുട്ടിയ്‌ക്കും അറിയാമായിരുന്നു.
അവൾ ട്രീസയ്ക്ക് നേരത്തേ ഭക്ഷണവും മരുന്നും കൊടുത്തു.
ഇഴജന്തുക്കൾ ഇറങ്ങുന്നതിന് മുമ്പേ ശ്മശാനത്തിലേക്ക് നൂണ്ടു കയറി.
അമ്മയുടെ മടിത്തട്ടിൽ എന്നപോലെ അവൾ ജോയമ്മ ജോണിന്റെ കല്ലറയിൽ കിടന്നു.
പതിയെ പതിയെ അവൾ ശ്മശാനവുമായി ഇണങ്ങി.
"എങ്ങന്യാ മരിച്ചത് "
അവൾ ജോയമ്മ ജോണിന്റെ കല്ലറയിൽ തൊട്ട് ചോദിച്ചു.
അപ്പോൾ അരികിലാരോ വന്നിരിക്കുന്നത് അവൾ കണ്ടു.
വെളുത്ത സാരി അലസം വലിച്ചുടുത്ത മുഖം നിറയെ ചിരിയുള്ള കറുത്ത ഒരു അമ്മച്ചി ..
" വയ്യാരുന്നു.. പ്രായമായില്ലേ കുഞ്ഞേ ... "
അവർ അവളെ തലോടി.
"കുട്ടീടെ പേടി മാറിയോ?
അടുത്ത കല്ലറയിൽ നിന്നാരോ വിളിച്ചു ചോദിച്ചു.
" മാറി.. മാറി.. "ജോയമ്മ ചിരിച്ചു
"ദേ .. മിടുക്കിയായിട്ടിരിക്കുന്നു."
ദാനിയേൽ സാർ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ അടുത്ത് കല്ലറയിലിരുന്നു.
"പ്രേതങ്ങളോട് കൂട്ടുപിടിക്കാൻ പേടിയില്ലല്ലേ"
അയാൾ കൃത്രിമ കോപത്തോടെ അവളുടെ തലയിൽ കിഴുക്കി.
"എനിക്കൊരു പേടിയുമില്ല" കുട്ടി മന്ദഹസിച്ചു. "എന്നെ നല്ല പേടിയാ".
ഇരുട്ടിൽ ശബ്ദം കേട്ടിടത്തേക്ക് കുട്ടി ഭയന്നു നോക്കി.
ജിതിൻ തോമസ് അവിടെ നിൽപ്പുണ്ടായിരുന്നു.
"ഫ്രീക്കനാണല്ലോ "
അവന്റെ രൂപം കണ്ട് അവൾ പൊട്ടി ചിരിച്ചു.
" അടിപൊളി.. ഞാൻ പോവാ "
ജിതിൻ തോമസ് കെറുവിച്ചു.
" ഫ്രീക്കൻ പോലും...ചത്താലും തീരാത്ത പേരുദോഷമായിപ്പോയി "
" കൊച്ചിനോട് പെണങ്ങാതെടാ"
ജോയമ്മ അവനെ തോണ്ടി.
"നീ ഇവിടിരുന്നേ.. നിനക്കീ തലേം മുടീം ഒക്കെ നല്ല ചേർച്ചയാരുന്നു.. "
ജിതിൻ തോമസിന്റെ മുഖത്ത് തെളിച്ചം വീണു.
"ചേട്ടായി എങ്ങനാ മരിച്ചെ.. അധിക ദിവസമൊന്നും ആയില്ലല്ലോ "
അവൾ ചോദിച്ചു.
"എടംവലം നോക്കാതെ ബൈക്ക് റൈഡായിരുന്നു .. അതും നമ്മുടെ റോട്ടീക്കൂടേയ്... എന്റൊരു കാര്യം ".
ജിതിൻ സ്വയം പരിഹസിച്ച് ചിരിച്ചു.
അവൾ സഹതാപത്തോടെ നോക്കി.
"ഈ പള്ളിക്കാടിന് ചുറ്റും കുരിശ് വെച്ച് തടഞ്ഞിട്ടാ.. അല്ലേൽ വീട്ടിൽ പോയി മമ്മിയെ ഒന്നു കാണാരുന്നു.. " അവൻ സങ്കടപ്പെട്ടു.
അവൾക്ക് പാവം തോന്നി.
"സാരമില്ല ചേട്ടായി .. അവരും ഇങ്ങോട് തന്നെ വരുമല്ലോ.. "
അവൾ ആശ്വസിപ്പിച്ചു.
"നിനക്കാ റോസാപ്പൂ തന്നത് ഞാനാ.. " ജിതിൻ തോമസ് അവളുടെ കൈ പിടിച്ചു.
"നിനക്കപ്പോ എന്നെ പേടിയാരുന്നല്ലോ."
"എനിക്കെല്ലാരേം പേടിയാ.. ആണുങ്ങളെ മൊത്തം പേടിയാ.. ഇപ്പോഴും പേടിയാ.. "
അവൾ പിറുപിറുത്തു.
" പഠിച്ചിട്ട് ബിമർഷിക്കൂ സുഹൃത്തേ "
ജിതിൻ തോമസ് വിളറി ചിരിച്ചു.
"നല്ലവരുമൊണ്ട് മോളേ... നല്ല മനുഷ്യര്.. "
ദാനിയേൽ സാർ സമാധാനിപ്പിച്ചു.
" അങ്ങനെ മുഴുവൻ പേരേം തെറ്റിദ്ധരിക്കരുത്.. ഞങ്ങളൊക്കേം ജീവിച്ചിരുന്ന ഭൂമിയല്യോ ഇത് .. "
"ചില തെണ്ടികൾ ആണുങ്ങളെ മൊത്തം പറയിപ്പിക്കും" ജിതിൻ തോമസ് അമർഷപ്പെട്ടു.
"നീയൊന്നടങ്ങെടാ ചെക്കാ "
ജോയമ്മ ജോൺ അവന്റെ ചെവിയിൽ തിരുമ്മി .
എന്നിട്ടവളെ തന്റെ നെഞ്ചോട് ചേർത്തണച്ചു.
അങ്ങനെയിരിക്കുമ്പോൾ കാട്ടുപൊന്തകൾ ഞെരിയുന്നത് കേട്ടു.
ചുറ്റുമതിലില്ലാത്ത ശ്മശാനത്തിനകത്തേക്ക് ടോർച്ച് വെട്ടം വീണു. രണ്ടു മൂന്ന് വെട്ടങ്ങൾ ..
"ഇങ്ങോട്ട് ഒറ്റയ്ക്ക് വന്ന് കേറാൻ എനിക്കൊരു പേടി.. "
അയാളുടെ ശബ്ദം അവൾ കേട്ടു .
" അതാ കൂടെ നിങ്ങളെ വിളിച്ചത് "
അവളിരുന്ന് തുള്ളി വിറച്ചു.
ഭ്രാന്തു വന്നത് പോലെ മൂന്നാല് പേർ ശ്മശാനമാകെ അരിച്ചുപെറുക്കുന്നത് അവൾ കണ്ടു.
" ഒന്നും പേടിക്കണ്ടന്നേ "
ജിതിൻ തോമസ് അവളെ ധൈര്യപ്പെടുത്തി.
ശ്മശാനത്തിനകത്ത് നിന്ന് നായ്ക്കളുടെ ഓരിയിടലുയർന്നു. ഞെട്ടിപ്പോയ അയാളും കൂട്ടരും കണ്ടു.
ആകാശത്ത് കെട്ടിയ ഊഞ്ഞാലിലിരുന്ന് ആയത്തിൽ ആടുകയാണ് പെൺകുട്ടി.
വെളുത്ത ഉടയാടയണിഞ്ഞ ആത്മാക്കൾ പക്ഷികളെപ്പോലെ പറന്നു നിന്ന് അവളെ ആയത്തിൽ ആട്ടുന്നു
ഊഞ്ഞാലിലിരുന്ന് അവൾ അവരെ നോക്കി ഉറക്കെയുറക്കെ അലറി ചിരിച്ചു.
അവൾക്ക് ദംഷ്ട്രകൾ വളർന്നു.
അവളുടെ കൈകൾ അവർക്ക് നേരെ നീണ്ടു വന്നു...
........ 000..
ഷൈനി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo