നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചാവേറുകൾ

Image may contain: 1 person, plant, outdoor and nature
ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോൾ വാമഭാഗത്തിന്റെ മുഖം കടന്നൽ കുത്തിയ പോലെ. എന്താണ് കാര്യമെന്ന് ആരാഞ്ഞപ്പോൾ രാവിലെ ഉണ്ടാക്കി വച്ച ഏത്തപ്പഴം പുഴുങ്ങിയ പാത്രത്തിന്റെ അടപ്പ് തുറന്ന് കാണിച്ചു. അതിൽ നിറയെ ചെറിയ ഉറുമ്പുകൾ. ആഹാ അതു കൊള്ളാമല്ലോ!!! കുറേ ഉണ്ടല്ലോ?? ഇവൻമാർക്ക് ഇനി രണ്ടു ദിവസത്തേക്ക് നല്ല കോളായി. പാത്രം ഞാൻ ശരിക്ക് അടച്ചു വച്ചില്ല. അങ്ങിനെ പറ്റിയതാണ്. വാമഭാഗത്തോട് ക്ഷമ പറഞ്ഞ് മേലിൽ ആവർത്തിക്കില്ല എന്ന ഉറപ്പിൻമേല് എന്നെ അവൾ വെറുതെ വിട്ടു.
അടുത്ത ദിവസം വീണ്ടും ഇതേ പ്രശ്നം. ഇത്തവണ ചോറിൽ കേറിയിരിക്കുന്നു ആശാൻമാർ. ശ്ശെടാ, ഈ വെള്ളച്ചോറിൽ ഇവൻമാരിത് എന്തു ചെയ്യുന്നു?? പാത്രത്തിൽ നിന്ന് ലവൻമാരെയൊക്കെ തൂത്ത് കളഞ്ഞ് കഴുകിവച്ചു. അവരുടെ റൂട്ട് ഒന്ന് നോക്കി മനസ്സിലാക്കി. അപ്പോഴാണ് ലവൻമാർക്ക് പല റൂട്ടുകൾ ഉണ്ടെന്ന് മനസ്സിലായത്. അനേകം കുഞ്ഞനുറുമ്പുകൾ ഒന്നിനു പുറകേ ഒന്നായി വേഗത്തിൽ നടന്നു നീങ്ങുന്നു. നേരെയും കുറുകെയും എന്നിങ്ങനെയുള്ള പല ഫോർമേഷനുകളിൽ അവർ നടന്നു നീങ്ങുന്നു. ഞാൻ അവൻമാരുടെ വഴിയേ പോയി നോക്കിയപ്പോൾ വീടിനു പുറത്തും ഉണ്ട്. എല്ലാത്തിനേം കാലപുരിക്കയച്ചു.
ഉറുമ്പുപൊടി ഇടാം എന്നൊരു നിർദ്ദേശം ഞാൻ മുന്നോട്ട് വെച്ചെങ്കിലും അത് നമ്മുടെ ശ്വസകോശത്തിന് പറ്റില്ല എന്നറിഞ്ഞ് ആ ഉദ്യമം ഉപേക്ഷിച്ചു. പിന്നെന്തു ചെയ്യാം ഈ ഇത്തിരിക്കുഞ്ഞൻമാരെ മെരുക്കാൻ?? എലിയെ പേടിച്ച് ചെറുതായി ഇല്ലം ചുടാൻ ഞങ്ങൾ തീരുമാനിച്ചു. മധുരപലഹാരങ്ങൾ, കറിപ്പാത്രങ്ങൾ, ചോറ് മുതലായ സാധനങ്ങൾ വലിയ പാത്രത്തിൽ വെള്ളം നിറച്ച് അതിനു മുകളിൽ ഒരു ദ്വീപിലെന്ന പോലെ പാത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കുകളായി വച്ചു. അതു വിജയിച്ചു. നീന്തലറിയാത്ത ഉറുമ്പുകളെ ഞങ്ങൾ ചെറുതായി തോൽപ്പിച്ചുവെന്ന് പറയാം.
അതു കഴിഞ്ഞപ്പോൾ ഇതാ ഞങ്ങളെ അങ്ങിനെ തോൽപ്പിക്കാൻ പറ്റില്ല എന്നു പറഞ്ഞ് ലവൻമാര് നുഴഞ്ഞ് കേറാനുള്ള ശ്രമം, എവിടെ?? നമ്മ്ടെ ഗോതമ്പു പൊടിയുടെ പാത്രത്തിൽ, അതും എങ്ങിനെ?? പ്ലാസ്റ്റിക് പാത്രത്തിന്റെ മൂടിയുടെ അരിക് കാർന്നു തിന്ന് അത് തുളച്ച് അകത്ത് കേറാൻ ശ്രമിച്ചിരിക്കുന്നു ശപ്പൻമാർ. ഇവൻമാരെ സമ്മതിക്കണം “ Survival of the fittest “ എന്ന ഡാർവിൻ സിദ്ധാന്തം ഇവൻമാരും പഠിച്ചിട്ടുണ്ടാകണം.
അവസാനം നിവൃത്തിയില്ലാതെ ഒരു പുതിയ പരീക്ഷണം. ഒരു ന്യൂ ഇൻഫോർമേഷൻ. വിനാഗരിയുടെ കൂടെ സോപ്പ് ഉപയോഗിച്ച് മിക്സ് ചെയ്തു സ്പ്രേ ചെയ്താൽ ഇവൻമാരെ സ്പോട്ടിൽ തീർക്കാം. Wow!!!!! വാട്ട് ആൻ ഐഡിയ. ഉടനേ പരീക്ഷിച്ചു നോക്കി. മിക്സ് ചെയ്ത് മുറികളിലെ നിരനിരയായി പോകുന്നവൻമാരുടെ നേരെ സ്പ്രേബോട്ടിൽ നിന്ന് ആ മിശ്രിതം മെഷീൻഗണിൽ നിന്നും ഷൂട്ട് ചെയ്യുന്നതു പോലെ ഞാൻ ചീറ്റിച്ചു. കൊള്ളാം, സ്പ്രേ ചെയ്ത സ്ഥലങ്ങളിലെല്ലാം ലവൻമാർ തൽക്ഷണം മരവിച്ചു കിടന്നു. സ്പോട്ടിൽ തീർന്നു എല്ലാം. വൈകിട്ടത്തോടെ കൺമുന്നിൽ പെട്ട വീട്ടിലെ എല്ലാ കുഞ്ഞനുറുമ്പുകളേയും സ്വർഗ്ഗരാജ്യത്തേക്കയച്ചു വിജയിയെപ്പോലെ സാമാധാനമായി ഞാൻ കിടന്ന് ഉറങ്ങി.
പിറ്റേന്ന് ഞാൻ എഴുന്നേറ്റ് ഇന്നലെ വീരമൃത്യു വരിച്ച ആ ഉറുമ്പുകളെ നോക്കിയപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് ആ മരവിച്ച കുഞ്ഞൻ ശരീരങ്ങളുടെ അരികിലൂടെ ഇന്നലത്തേതിനേക്കാൾ കൂടുതൽ കുഞ്ഞനുറുമ്പുകൾ ഉറച്ച കാൽവയ്പ്പുകളോടെ ചെറിയ തരികൾ ചുമന്ന് നടന്നു പോകുന്നു. ഇത്തിരിക്കുഞ്ഞൻമാർ - എന്നാൽ ശക്തൻമാർ, ആ പാതയിലൂടെ സഞ്ചരിച്ചാൽ മരവിച്ച ശരീരമാകേണ്ടി വരുമെന്നറിഞ്ഞു കൊണ്ടു തന്നെ പോകുന്ന കുഞ്ഞൻമാർ, മരണത്തെ വരെ തങ്ങളുടെ കർമ്മശേഷി കൊണ്ട് തോൽപ്പിച്ചു കളഞ്ഞ ആ “ചാവേർപ്പട” കൾ എനിക്കൊരു വിസ്മയമായി.
ഈ ഇത്തിരിക്കുഞ്ഞൻമാരുടെ ധൈര്യം പോലും ഇന്ന് ജീവിതത്തിന്റെ പാതിവഴിയിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന എന്റെ സഹപ്രവർത്തകർ കാണിക്കുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇനിയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ, സർവ്വശക്തൻ എല്ലാ പ്രാണനിലും നൻമകൾ നിറയ്ക്കട്ടെ 

By: Kiran Puthenveedu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot