രാത്രിമുഴുവൻ നല്ല മഴപെയ്തതുകൊണ്ടാവാം പുലർച്ചയ്‌ക്കൊരു കുളിർമ്മ തോന്നുന്നു ..പുതപ്പിന്റെ ഉള്ളിലേക്ക് കാലുകളെ വലിച്ചെടുത്ത് കണ്ണുതുറക്കാതെ ഞാൻ ഇത്തിരി ഉറക്കെ പറഞ്ഞു ....നളിനി ...നല്ലൊരു കാപ്പിയെടുക്കടോ ....
ഇത്തിരി നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതായപ്പോൾ ഇത്തിരി നീരസത്തോടെ ഞാൻ കണ്ണുതുറന്നു .....മാറോടു ചേർത്ത് ഞാൻ കെട്ടിപ്പുണർന്നു കിടക്കുന്ന തലയിണയിലെ നിറംമങ്ങിയ ഇതളറ്റ പൂക്കളുടെ ചിത്രം കണ്ണുകളിൽ ഉടക്കി ..നെഞ്ചിൽ ഒരു നടുക്കവും ....
നളിനി പോയിട്ട് ഇപ്പൊ നാളുകൾ എത്രയായി ....എങ്കിലും ഇടയ്ക്കിടെ അവൾ കൂടെയുള്ളപോലെ തോന്നും ..അവളെ കുറിച്ചോർക്കുമ്പോൾ മാത്രം കണ്ണുകൾ നനയുകയും ചുണ്ടിൽ പുഞ്ചിരി വിരിയുകയും ചെയ്യാറുണ്ട് .
നിറങ്ങളോട് അവൾക്ക് അടങ്ങാത്ത പ്രണയമായിരുന്നു .പ്രായം അവളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായിരുന്നു ..ഇടാൻ മേടിക്കുന്ന വസ്ത്രങ്ങൾ ആയാലും ജനാലയിലെ കർട്ടൻ ആയാലും കട്ടിലിൽ വിരിക്കുന്ന പുതപ്പയായും നല്ല നിറമുള്ളതെ അവൾ എടുക്കൂ ...എന്റെ ആഗ്രഹങ്ങളെ വകവെയ്ക്കാറേയില്ല ...പല പ്രാവശ്യം ഞാൻ പറഞ്ഞുനോക്കിയിട്ടുണ്ട് .പ്രായം അനുസരിച്ചുള്ള വസ്ത്രങ്ങളാണ് മനുഷ്യർക്ക് ചേരുന്നതെന്ന് ..അവൾ സമ്മതിക്കില്ല ...നിറമാണ് ജീവിതമെന്നും മങ്ങിയ നിറം മരണത്തിനാണെന്നും അവൾ വാദിക്കും .ചിലപ്പോൾ മോനും മരുമോൾക്കും വരെ നീരസം തോന്നാറുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ..പക്ഷെ നളിനി ഒരു മാറ്റത്തിനും തയാറല്ലായിരുന്നു ..
പൊട്ടിച്ചിരിച്ചുംകൊണ്ട് കൊച്ചുമകനൊപ്പം അവൾ ഓടിക്കളിക്കുമായിരുന്നു ...65 വയസ്സായെന്ന് അവൾക്ക് സ്വയം വിശ്വാസമില്ലാത്തതുപോലെ ...
രാത്രിയിൽ കിടക്കുമ്പോൾ രണ്ട് തലയിണയും ഇടയ്ക്ക് സ്ഥലം വരാത്ത രീതിയിൽ ചേർത്തുവെയ്ക്കും .എന്നിട്ട് എന്റെ വലതുകൈയിലെ വിരലുകളിൽ അവളുടെ വിരലുകൾ കോർത്ത് ഇടതു നെഞ്ചിൽ തലചായ്ച്ചാണ് അവൾ കിടക്കുന്നത് ..രാവിലെ കാപ്പി വേണമെന്ന് പറഞ്ഞാൽ കണ്ണുതുറക്കാതെ ഒന്നൂടെ പുതപ്പിലേക്ക് വലിയും എന്നിട്ട് എന്നെയും നന്നായി പുതപ്പിച്ച് കെട്ടിപിടിച്ചുകിടക്കും ..ഞാൻ മിക്കവാറും ഒന്നുടെ ഉറങ്ങിപോകും ...പിന്നെ എപ്പോഴോ ഞാനറിയാതെ ഉണർന്ന് കാപ്പിയുമായെത്തും ..അതായിരുന്നു അവളുടെ പതിവ് .
ഒരു കാര്യത്തിൽ ഞങ്ങൾ മറ്റുള്ള ഭാര്യാ ഭർത്താക്കൻമാരെക്കാൾ വ്യത്യസ്തരായിരുന്നു ..അവൾ എന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കാറില്ലായിരുന്നു ..ഞാൻ തിരിച്ചും .
അവളെന്നും പറയും എന്നേക്കാൾ മുൻപ് സുധിയേട്ടൻ പോയാൽമതിയെന്ന് ..അവൾ നേരത്തെ പോകട്ടെയെന്ന് ഞാനും ആഗ്രഹിച്ചിരുന്നു ...അവളുടെ ഈ കുസൃതിയും ,കുട്ടിത്തവും പൊട്ടിച്ചിരിയും എല്ലാം എനിക്കുവേണ്ടിയാണെന്ന് എനിക്ക് നന്നായറിയാമായിരുന്നു .അവൾക്ക് വെളുപ്പിനെ ഒരിക്കലും സ്നേഹിക്കാനാവില്ലെന്നും ഞാൻ മനസിലാക്കി ....ഞാനില്ലെങ്കിൽ പിന്നെ അവളുമില്ല ...ഞാനതറിഞ്ഞിരുന്നു .
പക്ഷെ അവളുടെ ന്യായങ്ങൾ മറ്റെന്തൊക്കെയോ ആയിരുന്നു ...അവൾ പറയുന്നത് സുധിയേട്ടൻ പോയാൽ ഞാൻ എങ്ങിനെയെങ്കിലും കഴിഞ്ഞുകൂടും ..മീരയുടെ കൂടെ അടുക്കളയിൽ സഹായിച്ചും ..മോനുന് പലഹാരങ്ങൾ ഉണ്ടാക്കികൊടുത്തും അവന്റെകൂടെ കളിച്ചും കഥപറഞ്ഞും നാമംജപിച്ചും രാമായണം വായിച്ചുമൊക്കെ ഞാനങ്ങു കഴിയും പക്ഷെ സുധിയേട്ടനാവില്ല ഞാനില്ലെങ്കിൽ ....
മീര അടുക്കള ഏറ്റെടുത്തതോടെ സുധിയേട്ടൻ ആ അടുക്കളയിൽപോലും ഒന്ന് കയറിയിട്ടില്ല ...കുട്ടികളോട് കഥപറഞ്ഞുകൊടുത്തിട്ടില്ല ..എല്ലാകാര്യത്തിനും ഞാനുള്ളതുകൊണ്ട് ഇതുവരെ ആരെയും ആശ്രയിച്ചിട്ടില്ല ..എന്തിന് മീശ വെട്ടാൻ പോലും ഞാനല്ലേ വരുന്നത് ...
ശെരിയാണ് ..ഇപ്പൊ കൈവിറയ്ക്കാറുള്ളതുകൊണ്ട് അവളാണ് മീശ വെട്ടിത്തരുന്നത് ...നന്നായി വെട്ടിത്തന്നിട്ട് വിരലുകൾകൊണ്ട് ഒന്നൊതുക്കി വെച്ചിട്ട് ചുണ്ടുകളിൽ ഒരു ചുംബനം തരും അവളുടെ പതിവാണത് ..എന്നിട്ട് പൊട്ടിചിരിച്ചുകൊണ്ട് പറയും മീശയൊക്കെ വെട്ടി നല്ല കുട്ടപ്പനായപ്പോൾ ഒരു പത്തുവയസ്സ് കുറഞ്ഞിട്ടുണ്ട് ട്ടോ ....നീണ്ടു വളർന്നുനിൽക്കുന്ന വെളുത്ത ദാടിയിൽ ഞാൻ വെറുതെ കൈതടവി ....
മെല്ലെ കട്ടിലിൽ നിന്നും എഴുനേറ്റ് വെള്ളമെടുക്കാൻ തുനിഞ്ഞപ്പോൾ ആണോ ർമ്മവന്നത് ഇന്നലെ മീര വെള്ളം വെയ്ക്കാൻ മറന്നിരുന്നു ...പാവം ഇപ്പൊ വീടിന്റെ മുഴുവൻ ചുമതലയും അവളുടേതല്ലെ ....
ഞാൻ ഗ്ലാസ്സുമായി അടുക്കളയിലേക്ക് നടന്നു ...
ഞാൻ ഗ്ലാസ്സുമായി അടുക്കളയിലേക്ക് നടന്നു ...
തിണ്ണയുടെ കിഴക്കേമൂലയിൽ ചെറിയ തടികൊണ്ട് നിർമ്മിച്ച അമ്പലത്തിൽ കൃഷ്ണന്റെ മൂർത്തി ...അവിടെ തെളിഞ്ഞു നിൽക്കുന്ന ചുവന്ന ബൾബ് ...ഇപ്പൊ സന്ധ്യയാകുമ്പോൾ മീര വിളക്കുകൊളുത്തുന്നതിനുപകരം ഈ ബൾബ് ഓൺ ചെയ്യും അത് പുലർച്ചെവരെ തെളിഞ്ഞുനിൽക്കും ...ഞാൻ ആ ബൾബ് off ചെയ്ത് വെറുതെ ആ വിഗ്രഹത്തെ ഒന്ന് നോക്കി ...ഒരു പഴയ സന്ധ്യ ഓർമ്മയിൽ ഓടിയെത്തി ....
ഞാൻ ഓഫീസിൽ നിന്നും വന്നയുടനെ ഒരു ഇൻട്രൊഡക്ഷനും ഇല്ലാതെ കതക്‌തുറന്ന് നളിനി പറഞ്ഞു ...ഈ കൃഷ്ണൻ ഭയങ്കര സാധനമാ .....ഞാൻ ചോദിച്ചു ഏതു കൃഷ്ണൻ .....ദാ ആ ഓടക്കുഴലും പിടിച്ചോണ്ട് നിക്കുന്ന ചെക്കൻ അവളുടെ ദേഷ്യത്തിലുള്ള പറച്ചിൽ കേട്ട് എനിക്ക് ചിരിവന്നു .....എന്താ ആ ചെക്കൻ നിന്നോട് ചെയ്തത് .....ഞാൻ ചോദിച്ചു ..
സുധിയേട്ടാ ..ഞാൻ എന്നും വൈകിട്ട് നിലവിളക്കു കൊളുത്തി കഴിയുമ്പോൾ സുധിയേട്ടനുവേണ്ടിയും കുട്ടികൾക്ക് വേണ്ടിയും പ്രാർത്ഥിക്കും അപ്പൊ കൃഷ്ണൻ എന്നെ തന്നെ നോക്കിനിൽക്കും ...എന്റെ കാര്യം പറയാൻ തുടങ്ങുമ്പോൾ ഒരുമാതിരി കോങ്കണ്ണുപോലെ കാണിച്ച് തെക്കോട്ടും നോക്കിനിൽക്കും ....ഭഗവാനാണെങ്കിലും അഹങ്കാരം ഇത്തിരി കൂടുതലാ ...
ഉള്ളിലൊരു പുഞ്ചിരി നിറഞ്ഞതിനെ വരണ്ട ചുണ്ടുകൾ ഏറ്റെടുത്തു ...അപ്പോഴാണ് ദാഹിച്ചതിനെപ്പറ്റി ഓർത്തത് ...അടുക്കളയിലേക്ക് നടന്നപ്പോൾ വെറുതെ തിരിഞ്ഞ് ആ കണ്ണുകളിലേക്ക് ഞാനൊന്ന് നോക്കി ...പണ്ടത്തെ ആ തിളക്കം കൃഷ്ണന്റെ കണ്ണുകളിൽ ഇല്ലെങ്കിലും നോട്ടം നേരെതന്നെ ...നളിനിയുടെ ഓരോരോ കാര്യങ്ങൾ ....
അടുക്കള ആകെ മാറിയിരുന്നു ..ഞാനും നളിനിയും ഒരുമിച്ച് അളന്നും ഗണിച്ചും പണിതതാണ് ..എല്ലാ ആധുനിക ഉപകരണ ങ്ങളും വാങ്ങിയെങ്കിലും അവൾക്ക് അരകല്ലിനോട് വല്ലാത്ത അടുപ്പമായിരുന്നു ..എനിക്ക് അതിൽ അരച്ച ചമ്മന്തി ഒരുപാട് ഇഷ്ട്ടമായിരുന്നു ..മോനും കുടുംബവും വെളിയിൽ ആഹാരം ക ഴിക്കാൻ പോകുമ്പോൾ നളിനി സ്പെഷ്യൽ ആണ് ഇന്നെന്നുംപറഞ്ഞു ചോറും ചമ്മന്തിയും ഇത്തിരി മോരും ഉണ്ടാക്കും ...ഒരു മടിച്ചിപ്പാറു ആയിരുന്നവൾ ...എങ്കിലും അവൾ ഉണ്ടാക്കുന്ന ആഹാരത്തിനോട് എന്നും ഒരു അടുപ്പമായിരുന്നു എനിക്ക് ....
ആഹാരം ക ഴിക്കുമ്പോൾപോലും അവൾ കലപില സംസാരിച്ചുകൊണ്ടേയിരിക്കും ...എത്ര പ്രാവശ്യമാണെന്നോ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായത് ....പക്ഷെ അവളിൽ ഒരു മാറ്റവും ഉണ്ടാവാറില്ല ....
ഇത്തിരി വെള്ളം കുടിച്ചപ്പോൾ ഒരാശ്വാസം തോന്നി ....വെറുതെ ആ അരകല്ലിലേക്ക് ഒന്നുനോക്കി ....നളിനിയുടെ വളകളുടെ കിലുക്കം ..ആ പൊട്ടിചിരിയുടെ മാറ്റൊലികൾ ...നാവിൽ ആ പഴയ രുചി ...
ഹൃദയത്തിൽ നിന്നൊരു മിഴിനീർ മെല്ലെ ഒഴുകി വയറ്റിൽ എത്തിയപ്പോഴേക്കും അത് ഉമിനീരായി മാറിയപോലെ ....വിശപ്പ് തോന്നുന്നു ....ഒരുപാട് നാളുകൾകൂടെ ....
നളിനി ....എനിക്ക് താനില്ലാതെ ഒക്കുന്നില്ലല്ലോ ...നീ പറഞ്ഞതായിരുന്നു ശെരി ...അല്ലെങ്കിലും നീ എപ്പോഴും ശെരിയായിരുന്നു .....നിന്റെ ശബ്ദങ്ങൾ ആയിരുന്നു എന്റെ ലോകം ...ഇന്ന് ചുറ്റും നിശബ്ദതയാണ് നളിനി ...ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്ന അവസ്ഥ ....
പുറത്തപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു .....
വേർപാടിൽ വേദനിക്കുന്ന എന്റെ ഭാവമാണോ ....ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന നളിനിയുടെ ചിത്രമാണോ ആ മഴത്തുള്ളികൾ വരയ്ക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ഞാൻ ഒന്നുകൂടി കിടക്കയിലേക്ക് ചാഞ്ഞു ......
വേർപാടിൽ വേദനിക്കുന്ന എന്റെ ഭാവമാണോ ....ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന നളിനിയുടെ ചിത്രമാണോ ആ മഴത്തുള്ളികൾ വരയ്ക്കുന്നതെന്ന് തിരിച്ചറിയാനാവാതെ ഞാൻ ഒന്നുകൂടി കിടക്കയിലേക്ക് ചാഞ്ഞു ......
Jaya.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക