Slider

മിന്നൽഒസ്യത്ത് .

0

★---------------★
"എനിക്കെന്തെങ്കിലും സംഭവിച്ചാൽ .. ഏട്ടൻ മറ്റൊരു വിവാഹം കഴിച്ച്, സന്തോഷമായ്
ജീവിക്കണം. എനിക്ക് വാക്ക് താ "
ഇന്ദു തന്റെ നേരെ കൈകൾ നീട്ടി .കുട്ടികളെ
പോലെ വാശിപിടിച്ചു.
നിറഞ്ഞുതുളുമ്പുന്ന അവളുടെ മിഴികളിലേയ്ക്ക് നോക്കിനിൽക്കാനെ ആയുള്ളൂ ..
"എന്റെ പെണ്ണെ...അങ്ങിനെ ഒന്നും പറയല്ലേ .. "
ഇടറിയ ശബ്ദം കേട്ട് ,നേഴ്സ് തലയുയർത്തി
നോക്കി .
തന്റെ കൈകവർന്ന ശേഷം ,നെഞ്ചോട് ചേർത്ത് പിടിച്ചവൾ പതിയെ ചിരിച്ചു .വെയിലേറ്റ് വാടിയ
ചെമ്പകപ്പൂപോലെ വിളറിയ അവളുടെ കണ്ണുകൾ പറയുവാൻ ഇനിയും ഒരുപാട്ബാക്കിയുണ്ടെന്നു
വിളിച്ചു പറയുന്നുണ്ടായിരുന്നു.
പൊട്ടിക്കരയാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടവൾ.കരഞ്ഞു പോയാൽ
തനിക്കത് താങ്ങുവാനാവില്ലെന്ന്
തിരിച്ചറിഞ്ഞിട്ടാവണം വേദന കടിച്ചമർത്തി
ചിരി അഭിനയിക്കുന്നത് .
"നമ്മുടെമോളെ ,നല്ലതുപോലെ നോക്കണെ
അപ്പുവേട്ടാ ... അവൾക്ക് ഏട്ടനല്ലാതെ
മറ്റാരുമില്ലെന്ന് അറിയാല്ലോ ?ഏട്ടന്റെഡ്രസ്സുകൾ
എല്ലാം അലക്കി തേച്ച് ,അലമാരിയിൽ വച്ചിട്ടുണ്ട് സമയത്തു ഭക്ഷണം കഴിക്കണം. ..ഇനി .. "
പൂർത്തിയാക്കാനാവാതെ പാതിയിൽ നിർത്തി അവൾ ഏങ്ങലടിച്ചു .
"എന്റെ പെണ്ണിന് ഒന്നുമില്ല,നമ്മളാർക്കും ദ്രോഹമൊന്നുംചെയ്തിട്ടില്ലല്ലോ .ദൈവം കൈ വിടില്ല..!"
ശബ്ദം പിന്നെയും ഇടറി ..
വികാരസാന്ദ്രമായാരംഗത്തിനയവുവരുത്താൻ എന്നോണംകൂടെയുണ്ടായിരുന്ന സുഹൃത്ത് സേതു തന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു .
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ
തുറക്കപ്പെട്ടു ഉള്ളിലേക്ക് നോക്കി ഇന്ദു..,
" ഏട്ടാ .. എനിക്ക് പേടിയാവുന്നു .ഏട്ടന്റെ
ഭാര്യയായ് ജീവിച്ചു കൊതി തീർന്നിട്ടില്ല .. "
അവളുടെ മുഖത്തെ പരിഭ്രമം വർദ്ധിച്ചത്
കണ്ടു ,രക്തം വാർന്നു പോയപോലെ ..
"ഒന്നൂല്ലെടാ ... ധൈര്യമായിരിക്ക് .. ഞാനുണ്ട് കൂടെ..."
സ്ട്രെച്ചർ ഓപ്പറേഷൻ തിയേറ്ററിന്റെ ഉള്ളിലേയ്ക്ക് ഉരുണ്ട് തുടങ്ങവെ .തന്റെ കയ്യിലെ പിടുത്തം മുറുകി വന്നു .
"ഏട്ടാ.. എനിക്ക് പേടിയാ.. അടുത്ത ജന്മത്തിലും ഏട്ടന്റെ ഭാര്യായായ് .. "
ഇതിനോടകം തിയേറ്ററിന്റെ ഡോർ അടഞ്ഞു. ബാക്കി,അകലങ്ങളിൽ അലയൊലികളായ് പിടഞ്ഞൊടുങ്ങി .
ഡെറ്റോൾമണക്കുന്നഅശുപത്രിത്തിണ്ണയുടെ
നിർജ്ജീവമായ കുഞ്ഞുമൗനം ഭേദിച്ചു കൊണ്ടു തന്റെ ശബ്ദമുയർന്നു .
"എന്റെ ,ജീവൻ എടുത്തുകൊള്ളു..
പകരം അവൾക്ക് ജീവൻ നൽകൂ ..ദൈവമേ..."
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു
പുറത്തേയ്ക്ക് വരികയായിരുന്ന നേഴ്സിനെ കണ്ടു ..
"എന്തായി സിസ്റ്ററെ..?"തന്റെ മുഖത്തെ
ആവലാതി കണ്ടു അവർ ഒന്നുനിന്നു.
"അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു കൊള്ളാൻ ഡോക്ടർ പറഞ്ഞു "
അത് കേട്ട് പ്രപഞ്ചം വെറുങ്ങലിച്ചുനിന്നു. മോർച്ചറിയുടെവാതിൽ എന്തിനോ തുറന്നടഞ്ഞു. മുന്നിലെ അക്കേഷ്യാമരം ഭ്രാന്തമായി ആടിയുലഞ്ഞു..
------------------------------
ആ വാർത്തകേട്ട് ഞെട്ടിത്തെറിച്ചു.സേതു തന്നെ നോക്കി വാ പൊളിച്ചു .കൂടെ കണ്ണുംമിഴിച്ചു .
"സത്യായിട്ടും..?വെറുതെ ആശിപ്പിക്കല്ലേ
സിസ്റ്ററെ.."
നുരഞ്ഞു പൊങ്ങിയ ആഹ്ലാദമടക്കി.. ശോകം വരുത്തി ചോദിച്ചു..
"അകത്ത് ഹൃദയം മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയയൊന്നുമല്ലല്ലോ നടക്കുന്നത് ?കുഴിനഖം ക്ലീനിംങ്ങ് അല്ലെ ?ഇങ്ങനെയുമുണ്ടോ
ആളുകൾ ..? "
"അവൾക്കു ഭയങ്കര പേടിയാ സിസ്റ്ററെ..
ഒരു സപ്പോർട്ട് ആയിക്കോട്ടെന്നു കരുതി......"
തന്റെ വളിച്ച ശബ്ദം .
"ഇതു ഒരാശുപത്രിയാണ് മിസ്റ്റർ..അല്ലാതെ
ഓഡിയേഷൻ ഹാൾ അല്ല ,ഓവർ സീൻ
അഭിനയിച്ചു കാണിക്കാൻ.."
അവർ ഒരു ബക്കറ്റ് നിറയെ പുച്ഛം വിതറിയശേഷം ,എന്തോ പിറുപിറുത്തു കൊണ്ട് വേഗത്തിൽ നടന്നു നീങ്ങി ...!
''ശ്ശെ ,ഹൃദയംമാറ്റി വയ്ക്കുന്ന ഓപ്പറേഷൻ ആയാൽ മതിയായിരുന്നു ആല്ലെടാ ?"
നിരാശയോടെയുള്ള തന്റെ ചോദ്യം കേട്ട്,
"അതെന്താടാ ഇപ്പോൾ അങ്ങനെ തോന്നാൻ ?" സേതുവിന്റെ മറുചോദ്യമുയർന്നു .
"എന്നോട് മറ്റൊരുവിവാഹം കഴിക്കാൻ ഇന്ദു പറയുന്നത് നീയും കേട്ടതല്ലെ .? ഒരു മോചനം,ആരാണ് ആഗ്രഹിക്കാത്തത് സേതു ? "
ആശകൾ വറ്റിയ മുഖമുയർത്തി നോക്കുമ്പോൾ എല്ലാം ശ്രദ്ധിച്ച് ഓപ്പറേഷൻ തിയേറ്ററിന്റെ
വാതിൽ പാതി തുറന്ന് തല പുറത്തിട്ടു,
പല്ലുകടിച്ച് ,നാക്കു നീട്ടി നിൽക്കുന്ന ഇന്ദുവിനെ കണ്ടതും,മുഖത്തു വേഗം ശോകം വരുത്തി...
"അയ്യടാ.. എന്താ മോന്റെ ഒരു പൂതി..?വീട്ടിൽ ചെല്ലട്ടെ കാണിച്ചു തരാം.."
പിന്നെയും ഞെട്ടി .!
ചങ്കിൽ ഒരാറ്റൻ വെള്ളിടി വെട്ടി .
ശുഭം .
By ,
Nizar vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo