Slider

സിയോണയുടെ_കാമുകൻ.

0
Image may contain: 1 person, selfie, closeup and outdoor
മേഘങ്ങൾ ഒഴിഞ്ഞ തെളിഞ്ഞ നീലാകാശം പോലെയായിരുന്നു. തായ്ലാൻഡിലെ കടൽ.
അവിടവിടെയായി വെള്ളത്തിൽ മുളച്ച് പൊങ്ങിയ, വലിയ പച്ചക്കൂണുകൾ പോലെ തോന്നിക്കുന്നു. പച്ചപ്പുകളുമായി കുട പിടിച്ച് ഉയർന്ന് നിൽക്കുന്ന നാൽപ്പതോളമുള്ള ദ്വീപുകൾ.
ഡൻസൂസുമായി വാട്ടർ ബൈക്ക് കടലിലൂടെ വേഗതയിൽ സഞ്ചരിച്ചു.
ഇരുവശത്തുമായി ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ സൂര്യപ്രകാശമേറ്റ് മഴവില്ല് തെളിയുന്നുണ്ടായിരുന്നു.
ഒരു ദ്വീപ് കൂടെ കടന്നപ്പോൾ വാട്ടർ ബൈക്കിന് പുറകിലിരുന്ന ഡൻസൂസ് "ഇരുപത്തൊന്ന് " എന്ന് എണ്ണി. വാട്ടർ ബൈക്കിന്റെ ഡ്രൈവർ, തായ്ലൻഡ്കാരൻ,
ഒരു അഭ്യാസിയെ പോലെ വാട്ടർബൈക്ക് ചരിഞ്ഞും, വളഞ്ഞും കസർത്ത് കാണിച്ച് ഓടിച്ചു.
ഒരു ബർമുഡയും, ബനിയനും മാത്രമായിരുന്നു. അവന്റെ വേഷം. ബനിയന് പുറകിലെ ഉയർന്ന് ചാടുന്നൊരു ഡോൾഫിന്റെ ചിത്രത്തിലേക്ക് ചേർന്ന്, വീഴാതെ പിടിച്ചിരിക്കാൻ ഡൻസൂസ് പരിശ്രമിക്കുന്നുണ്ട്.
"മൊത്തം നാല്പ്തോളം ദ്വീപുകൾ ഇവിടുണ്ട്. ചിലതിലൊക്കെ ആൾവാസവും ഉണ്ട്. മുപ്പത്തെട്ടാം ദ്വീപിലേക്കാണ് നിങ്ങളെ കൊണ്ട് പോകുന്നത്. അവിടെ ആൾവാസമൊന്നുമില്ല."
തായ്ലൻഡുകാരന്റെ ശബ്ദം,
മോട്ടോർ ബൈക്കിന്റെ ശബ്ദത്തിനിടയിൽ അലിഞ്ഞ് ചേർന്നു.
ബൈക്കിന്റെ വേഗതയിൽ മുഖത്തേയ്ക്ക് തെറിച്ച കടൽ വെള്ളത്തോടൊപ്പം,
അവന്റെ തുപ്പലും തെറിച്ചു വന്നതായി ഡൻസൂസിന് തോന്നി.
പച്ചമീൻ ചവച്ചരച്ച നാറ്റമായിരുന്നു. അവന്റെ ശ്വാസത്തിന്.
ഇടതു കൈ ഉയർത്തി മുട്ടിന് മുകളിലെ ഷർട്ടിന്റെ ഭാഗം കൊണ്ട് ഡൻസൂസ് മുഖം തുടച്ചു.
കറുപ്പിൽ കുറെ മഞ്ഞപ്പുള്ളികളുള്ള ഷർട്ടും, അതെ തുണിയിലെ തന്നെ പാന്റും ആയിരുന്നു അവന്റെ വേഷം.
നീഗ്രാ വർഗ്ഗക്കാരനായിരുന്നു. ഡൻസൂസ്.
ഒരു കൂട്ടം സ്പ്രിങ്ങുകൾ കൂട്ടി വച്ചത് പോലെയായിരുന്നു. അവന്റെ തലമുടി.
ചീറ്റിത്തെറിക്കുന്ന വെള്ളത്തുള്ളികൾ ചേമ്പിലയിലെ മുത്തുകൾ പോലെ അവന്റെ തലമുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
"താങ്കൾക്ക് എന്തിനാ ശിക്ഷ കിട്ടിയത്.?
ജോലി ഇവിടേക്ക് ഇടാനായി?"
ബൈക്ക് ചീറിപ്പായുന്നതിനിടയിൽ തായ്ലന്റുകാരൻ ചോദിച്ചു.
"എന്ത് പറയാനാ സഹോദരാ?
ഒരു ബാങ്കിലായിരുന്നു. കാവൽക്കാരന്റെ ജോലി. രാത്രി ഒന്ന് ഉറങ്ങിപ്പോയി.
അതിനുള്ള ശിക്ഷയാണ്.
ഒരു മാസം ഈ ദ്വീപിലെ ജോലി. "
ഡൻസൂസ് പറഞ്ഞ് നിർത്തി.
അപ്പോഴേക്കും വാട്ടർ ബൈക്കിന്റെ എഞ്ചിൻ തായ്ലൻഡ്കാരൻ ഓഫ് ചെയ്തു.
ഓടി വന്ന വേഗതയിൽ വാട്ടർബൈക്ക് ഒരു ദ്വീപിനോട് ചേർന്ന് നിന്നു.
"ഇറങ്ങിക്കോളു ഇതാണ് സ്ഥലം."അയാൾ പറഞ്ഞു.
ഭാരമേറിയൊരു ബാഗും മുതുകിൽ തൂക്കി ഡൻസൂസ് കരയിലേക്കിറങ്ങി.
ഒരു മാസത്തേയ്ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങളും മറ്റും ഉണ്ടായിരുന്നു. ആ ബാഗിൽ.
ദ്വീപിലെ കാവൽ ജോലിയും, താമസവുമായി ഡൻസൂസ് ആറുദിനങ്ങൾ പിന്നിട്ടിരുന്നു.
സന്ധ്യകളിൽ ഡൻസൂസ് കടലിൽ കുളിക്കാനിറങ്ങും.
നീല ജലത്തിന് മുകളിൽ ഉയർന്ന് കിടക്കുന്ന കരിവീട്ടി തടി പോലെ, അവൻ വെള്ളത്തിൽ ഉയർന്ന് കിടക്കും.
തല മാത്രം മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കും.
ഇടയ്ക്കവൻ വായിലേക്ക് വെള്ളം നിറച്ച് മുകളിലേക്ക് നീട്ടി തുപ്പിത്തെറിപ്പിക്കും.
ദേഹം തണുക്കുവോളം ഡൻസൂസ് അങ്ങനെ കിടന്നു.
അകലെ കാണുന്ന കരയ്ക്കപ്പുറമായി സൂര്യൻ മറയുന്നു.
ഇരുട്ട്, കരയെയും, ദ്വീപിനെയും പുണരാൻ തുടങ്ങിയിരുന്നു.
ഡൻസൂസ് വെള്ളത്തിനടിയിലേക്ക് മുങ്ങി നിവർന്ന് കരയിലേക്ക് കയറി.
ചേമ്പിലയിൽ നിന്ന് ഒഴുകുന്ന പോലെ അവന്റെ തലമുടിയിൽ നിന്ന് വെള്ളം,
തുള്ളികളായി താഴേക്ക് വീണു.
അസ്തമയ സൂര്യൻ അവനിൽ പതിച്ച്, നിലത്തെ മണ്ണിലവന്റെ നിഴൽ വീഴ്ത്തി.
ആറടിയിലേറെ ഉയരമുള്ള കറുത്ത നിറമാർന്ന അവന്റെ ശരീരത്തിൽ,
ഒരു നൂൽബന്ധം പോലുമില്ലായിരുന്നു.
മണ്ണിൽ പതിഞ്ഞ നിഴലിൽ ഉയരമേറിയ രണ്ട് വലിയ തൂണുകൾ പോലെ തോന്നിച്ചു. അവന്റെ കാലുകൾ.
അതിനിടയിലൂടെ കണ്ട ചെറുനിഴൽ അവന്റെ പൂർണ്ണ നഗ്നത വ്യക്തമാക്കിയിരുന്നു.
ഡൻസൂസ് ദ്വീപിനുള്ളിലേക്ക് നടന്നു.
നഗ്നനായ അവന്റെ കാൽപ്പാദങ്ങൾ വെളുത്ത മണലിലേക്ക് താഴ്ന്നു.
അവിടെ ചെറിയ ചെറിയ കുഴികളുണ്ടായി.
അതിൽ നിന്നും വെള്ളം മുകളിലേക്ക് ഉയർന്ന് വന്നു. കുറച്ച് നടന്നിട്ട് അവൻ നിന്നു.
ഉറക്കെ അലറി ശബ്ദമുണ്ടാക്കി.
ശബ്ദം ദ്വീപിന് ചുറ്റും അലയടിച്ചു.
ശബ്ദം ഉണ്ടാക്കി കൊണ്ട് ദ്വീപിനുള്ളിലേക്ക് ഓടി. ആഞ്ഞൊന്ന് ഓടിയാൽ മിനിട്ടുകൾ കൊണ്ട് ചുറ്റിവരാവുന്നത്ര വലിപ്പമേ ഉണ്ടായിരുന്നുള്ളു ആ ദ്വീപിന്.
തായ്ലൻഡിലെ നാൽപ്പതോളം വരുന്ന ദ്വീപസമൂഹങ്ങളിൽപ്പെട്ട ആൾവാസമില്ലാത്ത ഒരു ദ്വീപായിരുന്നു. അത്.
ദ്വീപിന് ചുറ്റും വിലയേറിയ പവിഴങ്ങളും മുത്തുകളും ഉണ്ടെന്നാണ് ഭാഷ്യം.
അതിനൊരു കാവൽ. ഡൻസൂസിന് ശിക്ഷയായി ലഭിച്ചു. കരയിലേക്ക് ബന്ധപ്പെടാൻ ഒരു വയർലെസ്സ് സംവിധാനം ഉണ്ടായിരുന്നു.
ഒരു മാസത്തേയ്ക്ക് അതിൽ ഉപയോഗിക്കാനുള്ള ബാറ്ററികളും അവന്റെ ബാഗിൽ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ അവൻ വസ്ത്രം ധരിച്ച് അവിടെ ചുറ്റി നടക്കും.
ചിലപ്പോൾ അവൻ അതെല്ലാം പറിച്ചെറിഞ്ഞ് നഗ്നനായി അവിടെ ഉറക്കെ ശബ്ദിച്ച് കൊണ്ട് ചുറ്റി നടക്കും.
കരിവീട്ടി കടഞ്ഞ പോലെ കാലുകളും,
ഉരുക്കു ശരീരവുമായി സൂര്യപ്രകാശത്തിന് കീഴിൽ ആ കറുത്ത ശരീരം തിളങ്ങും.
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടതായിരുന്നു.
ആ ചെറിയൊരു കരപ്രദേശം.
അതിന് നടുവിലായി പലകകൾ കൊണ്ട് നിർമ്മിച്ചിരുന്നൊരു ചെറിയൊരു മുറിയുണ്ടായിരുന്നു.
അതിനുള്ളിലാണ് ഡൻസൂസ് ഉറങ്ങിയിരുന്നത്.
ആൾവാസമുണ്ടായിട്ട് വർഷങ്ങളായിട്ടുണ്ടാകും എന്ന അവസ്ഥയായിരുന്നു. ഡൻസൂസ് വന്ന ദിവസം ആ മുറിയ്ക്ക്.
ദ്വീപിന് നടുവിലായിരുന്നു.
തടികൊണ്ടു നിർമ്മിച്ചയാ ചെറിയൊരു മുറി.
വാതിൽ ഇല്ലാത്ത അതിനുള്ളിൽ നാല് മരത്തൂണുകളിൽ ചാക്ക് കെട്ടിയുണ്ടാക്കിയൊരു കട്ടിൽ,
അതിനടുത്തായി മേശ പോലെ തടികൾ അടുക്കിയതിന് മുകളിലായിരുന്നു.
അവൻ ബാഗ് വച്ചിരുന്നത്. വയർലെസ്സ് സെറ്റും ബാറ്ററികളും അതിനരികിൽ തന്നെ വച്ചു.
നീളമുള്ള മരത്തടിയുടെ പിടിയുള്ള ഒരു മഴു അതിനരികിൽ ഉണ്ടായിരുന്നു.
ദ്വീപിനുള്ളിൽ മുഴുവൻ ആകാശം മുട്ടുവോളം തോന്നിപ്പിച്ച് വളർന്ന് നിൽക്കുന്ന മരങ്ങളായിരുന്നു.
ഉയരത്തിൽ അതിന്റെ ചില്ലകളും ഇലകളും അകത്തേയ്ക്ക് കടന്നു വരുന്ന സൂര്യപ്രകാശത്തിനെ തടയുന്നുണ്ട്.
ദ്വീപിനെ വലം വച്ച് ഇരുമ്പ് കമ്പിവേലി കെട്ടിയിരിക്കുന്നു.
പച്ചനിറത്തിലെ പ്ലാസ്റ്റിക് പൊതിഞ്ഞ ഇരുമ്പ് നെറ്റായിരുന്നു.
കമ്പിവേലി അവിടവിടെയായി പൊളിഞ്ഞ് പോയിരുന്നു.
വശങ്ങളിലെ വെള്ളം കമ്പിവേലിയിലെ നെറ്റിന്റെ കാൽ ഭാഗത്തോളം ഉണ്ടായിരുന്നു. വേലിയ്ക്കുള്ളിലൂടെ നെറ്റിനെ നനച്ച് കൊണ്ട് വെള്ളം അകത്തേയ്ക്ക് കടന്ന് കയറിയിട്ടുണ്ട്.
കമ്പിവേലിയിലെ ഇരുമ്പ്നെറ്റ് പൊടിക്കാറ്റിലൂടെ ചെളി നിറമായിപ്പോയിരുന്നു.
നെറ്റിന്റെ യഥാർത്ഥ നിറം, കടും പച്ചയായിരുന്നു. എന്ന് വെള്ളത്തിൽ കുതിർന്ന താഴ്ഭാഗങ്ങൾ കാട്ടുന്നുണ്ടായിരുന്നു.
ദ്വീപിന് ഒരു വശം താഴ്ന്ന പ്രദേശമായിരിക്കണം.
അവിടെന്ന് കണ്ണെത്താ ദൂരത്തോളം വളർന്ന് നിൽക്കുന്ന മരങ്ങൾ.
മരങ്ങളുടെയെല്ലാം തടിയുടെ പകുതി ഭാഗം വരെ കറുത്ത നിറമാർന്ന വെള്ളത്തിൽ മുങ്ങിയിരുന്നു.
വെള്ളത്തിന് മുകളിലായി മരങ്ങളുടെ പകുതി തടിയുടെ ഉയരമെ കാണാനുണ്ടായിരുന്നുള്ളു.
ജല പ്രതലത്തിലായി അടിയിൽ നിന്നും ഉയർന്ന് പൊങ്ങിയ മരത്തിന്റെ വേരുകൾ ചുറ്റി പിണഞ്ഞു കിടക്കുന്നു. ഒരു വല പോലെ.
അതിനുള്ളിലേക്ക് വീണാൽ നീരാളിയുടെ വായിൽപ്പെട്ടതു പോലെ വലയിൽ കുടുങ്ങിയത് തന്നെ.
രണ്ടാമതൊരു വശം വെള്ളത്തിന് മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന കൂർത്ത പാറക്കൂട്ടങ്ങളാണ്.
മറ്റ് രണ്ട് വശങ്ങളും നീല നിറത്തിലെ ജലമായിരുന്നു.
അവിടേക്ക് ദ്വീപിൽ നിന്ന് വെള്ളത്തിലേക്ക് നടന്നടുക്കാൻ, വെള്ള മണൽ, പരവതാനി പോലെ ഉണ്ടായിരുന്നു.
ദ്വീപ് ഇരുട്ടിൽ മുങ്ങി.
ഡൻസൂസ് ഉണങ്ങിയ ഈന്തപ്പഴവും കുടിവെള്ളവുമായി രാത്രി ഭക്ഷണത്തിനായിരുന്നു.
പുറകിൽ മരക്കൂട്ടത്തിനിടയിലെ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം ഒരു പ്രാവശ്യം കേട്ടു.
വീണ്ടും അത് കേട്ടപ്പോൾ ഡൻസൂസ് എഴുന്നേറ്റു.
നീളമേറിയ ടോർച്ചുമായി അവിടേയ്ക്ക് നടന്നു.
ഇരുട്ടിൽ തിളങ്ങുന്ന രണ്ട് കണ്ണുകളാണ് ആദ്യം കണ്ടത്.
ഡൻസൂസ് കൈയ്യിലിരുന്ന ടോർച്ച് തെളിച്ചു.
"എന്താണത്?
സിംഹമാണോ?
സിംഹത്തിന് കറുപ്പു നിറമല്ലല്ലോ?"
തലയ്ക്ക് ചുറ്റും ജടയോട് കൂടി ശരീരം രോമാവൃതമായ കറുത്ത നിറത്തിൽ ഒരു മൃഗം.
തിളങ്ങുന്ന ചുവന്ന കണ്ണുകൾ,
ത്രികോണാകൃതിയിൽ കൂർത്ത ചെവികൾ,
ചെവികളിൽ ഒന്ന് പകുതി മുറിഞ്ഞ് പോയിരിക്കുന്നു. രക്തം തുള്ളികളായി മുറിവിലൂടെ വീഴുന്നുണ്ട്.
മുഖം ഒരു നായയെപ്പോലെയായിരുന്നു.
വലിപ്പം ഒരു ചെറിയ പശുക്കുട്ടിയോളവുമുണ്ട്.
"കാട്ടുച്ചെന്നായ ആണ്."
ഡൻസൂസിന്റെ മനസ്സ് പറഞ്ഞു.
വേരുകൾ ചുറ്റിക്കിടക്കുന്ന,
മരക്കൂട്ടങ്ങൾ നിറഞ്ഞ വെള്ളത്തിൽ നിന്നത് കരയിലേക്ക് കയറുവാൻ ശ്രമിക്കുകയായിരുന്നു.
"ഇത് കരയിൽ കയറിയാൽ എനിക്കപകടം. ഈ കാട്ടു ചെന്നായ എന്നെ ഭക്ഷണമാക്കും."
ഡൻസൂസിന്റെ മനസ്സ് താക്കീത് നൽകി.
പുറംതിരിഞ്ഞ് അവൻ മുറിയിലേക്ക് ഓടി.
നിമിഷം നേരം കൊണ്ട് തിരികെയെത്തി. അവന്റെ കൈയ്യിൽ നീളമേറിയ തടിക്കഷണത്തിൽ തീർത്ത ആ മഴു ഉണ്ടായിരുന്നു.
ചെന്നായയുടെ അരികിലേക്ക് അവൻ ചെന്നു.
ചെന്നായയുടെ ഒരു കാൽ പുറകിലെ വള്ളിപ്പടർപ്പുകളിൽ കുരുങ്ങിയിട്ടുണ്ട്.
ഇനി അതിന് അനങ്ങാൻ കഴിയില്ല.
സുരക്ഷിത ഭാവത്തിൽ ഡൻസൂസിന്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.
ചെന്നായയുടെ കഴുത്ത് തന്നെ ലക്ഷ്യം വച്ചു.
മഴു ഇരുകൈകളിലും പിടിച്ചവൻ തലയ്ക്ക് മുകളിലേക്കുയർത്തി.
ദയനീയമായി അവനെ നോക്കിയ ചെന്നായ മുന്നിലെ കൂർത്ത പാറയിലേക്ക് തന്റെ തല ചേർത്ത് വച്ചു കൊടുത്തു.
ക്രൂരത അല്ലായിരുന്നു. ആ മൃഗത്തിന്റെ കണ്ണുകളിൽ. അവൻ കണ്ടത്.
ദയനീയത, നിസ്സഹായവസ്ഥ നിറഞ്ഞ മിഴികൾ. കൊല്ലരുതേ എന്ന അപേക്ഷ.
പെട്ടെന്നാണ് ചെന്നായയുടെ പുറകിൽ നിന്നും വീണ്ടുമെന്തോ വെള്ളത്തിലേക്ക് വീണത്.
വായിൽ കടിച്ചു പിടിച്ചിരുന്ന ടോർച്ചിന്റെ പ്രകാശം ഡൻസൂസ് ശബ്ദം കേട്ട ഭാഗത്തേയ്ക്ക് തിരിച്ചു.
ചോരയിൽ മുങ്ങിയ രണ്ട് കുഞ്ഞ് ചെന്നായ്ക്കുട്ടികൾ വെള്ളത്തിൽ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.
ഡൻസൂസൊന്ന് ഞെട്ടി.
ടോർച്ച് വെട്ടം ചെന്നായയിലേക്കടിച്ചു.
പിൻകാലുകൾക്ക് മുകളിലായി ചെന്നായ വാൽ ഉയർത്തിപ്പിടിച്ചിരിക്കുന്നു.
വാലിന് കീഴെയായി നൂല് പോലെ കൊഴുത്ത ചോര താഴെ വെള്ളത്തിലേക്ക് ഒലിക്കുന്നു.
അതിനിടയിലൂടെ വീണ്ടുമൊരു ചെന്നായ കുഞ്ഞിന്റെ മുഖം പുറത്തേയ്ക്ക് വന്നു.
ഗർഭിണിയായ ചെന്നായ പ്രസവവേദനയിലാണ്.
അപ്പോഴാണ് അതിന്റെ വീർത്തിരിക്കുന്ന വയറും ഡൻസൂസ് കണ്ടത്.
തലയ്ക്ക് മുകളിൽ ഉയർത്തി പിടിച്ചിരുന്ന മഴു അവൻ പുറകിലേക്കിട്ടു.
അൽപ്പനേരം ഇരുകൈകൾ കൊണ്ടും ഗർഭിണിച്ചെന്നായയെ കൈകൂപ്പി നിന്നു പോയവൻ.
അടുത്ത ചെന്നായകുട്ടിയും വെള്ളത്തിലേക്ക് വീഴും മുൻപ്,
ഡൻസൂസ് കൈക്കുമ്പിളിൽ അതിനെ ഏറ്റുവാങ്ങി.
വള്ളിപ്പടർപ്പുകൾ വകവയ്ക്കാതെ ഡൻസൂസ് വെള്ളത്തിലേക്ക് എടുത്ത് ചാടി.
വെള്ളത്തിൽ വീണുപോയ മറ്റ് രണ്ട് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി.
ചെന്നായ പിന്നെയും രണ്ട് കുഞ്ഞുങ്ങളെക്കൂടെ പ്രസവിച്ചു.
വളരെ കഷ്ടപ്പെട്ടായിരുന്നു. ഡൻസൂസ് ചെന്നായയുടെ കാലിൽ കുരുങ്ങിയ വേരുകൾ വിടുവിച്ചെടുത്തത്.
ചെന്നായയുടെ പുറകിലെ കാലിൽ ഒന്നിൽ ഒടിവ് പറ്റിയിരുന്നു.
ചെന്നായയെയും കുഞ്ഞുങ്ങളെയും ഡൻസൂസ് അവന്റെ ചെറിയ മുറിയിൽ എത്തിച്ചു.
പിറ്റേന്ന് പുലരി മുതൽ അഞ്ച് ചെന്നായ്ക്കുട്ടികൾ അവിടെമാകെ ഓടിക്കളിച്ച് തുടങ്ങി.
വെള്ളത്തിൽ മുങ്ങി വരുന്ന ഡൻസൂസ് പിന്നെ ഒരിക്കലും നഗ്നനായി നടന്നില്ല.
അമ്മച്ചെന്നായ തന്റെ കുഞ്ഞുങ്ങളെ പാലൂട്ടി കൊണ്ട് ഡൻസൂസിനരികിൽ കിടക്കും.
''സിയോണ നിനക്കെന്റ കഥ അറിയാമോ?"
ഡൻസൂസ് തന്റെ പ്രണയിനിയുടെ പേര് ചെന്നായയ്ക്ക് ഇട്ടിരുന്നു.
"എന്റെ നാട് ഒരു കാടാണ്.
ഇതുപോലുള്ള കാടൊന്നുമല്ല.
നിറയെ മരങ്ങളുണ്ട്. എന്നാൽ ഒന്നിലും ഇലകൾ ഉണ്ടാകില്ല.
ശിഖരങ്ങൾ ഒരുപാടുണ്ട്. വെള്ളമില്ലാതെ ഉണങ്ങിക്കരിഞ്ഞ മരങ്ങളും, ശിഖരങ്ങളും.
പൊടിപറക്കുന്ന ജല സ്പർശമേൽക്കാത്ത മണൽ പ്രദേശം.
വർഷത്തിൽ ഒരിക്കൽ മാത്രം മഴത്തുള്ളികളാൽ നനയുന്നൊരു മണ്ണാണ് അവിടമാകെ.
നാവ് നനയ്ക്കാൻ ഒരു തുള്ളി വെള്ളം കിട്ടാൻ കഷ്ടപ്പെടണം.
കത്തിജ്വലിക്കുന്ന സൂര്യനാണ് എന്റെ നാട്ടിലെന്നും.
ചുട്ടുപഴുത്ത ഉണങ്ങിവരണ്ട ആ പ്രദേശത്തിന് നടുവിലായി ചില ഗർത്തങ്ങളുണ്ട്.
ഗർത്തത്തിനുള്ളിൽ വെള്ളം കിനിയുന്നതും കാത്ത് അതിന് ചുറ്റും എപ്പൊഴും ഒരു കൂട്ടമുണ്ടായിരിക്കും.
അതിൽ ഒരുവളായി എന്റെ സിയോണയും കാത്തിരിക്കുന്നുണ്ടാകും.
എന്റെ കളിക്കൂട്ടുകാരിയായിരുന്നവൾ.
കുട്ടിക്കാലത്ത് ഒരിക്കൽ വെള്ളം ശേഖരിച്ച് വന്ന സിയോണയെ ഒരു കൂട്ടം കാട്ടുനായ്ക്കൾ ആക്രമിച്ചു.
ഞാനാണ് എല്ലാത്തിനെയും തുരത്തിയോടിച്ചത്.
എനിക്ക് അന്ന് കുറെ കടി കിട്ടി.
ദാ കണ്ടോ?"
ഡൻസൂസ് ഷർട്ട് ഉയർത്തി വയറിലെ പാട് കാണിച്ചു.
പിന്നെ വീണ്ടും പറഞ്ഞ് തുടങ്ങി.
"പക്ഷേ എത്ര മുറിവ് ഉണ്ടായിരുന്നാലും ചോരയിൽ കുളിച്ച് നിന്ന എന്റെ മാറിലേക്ക് ചേർന്ന് നിന്നവൾ അന്നെന്നെ കെട്ടിപ്പിടിച്ചു.
അന്ന് മുതൽ സിയോണ എന്റെ ജീവനായി.
എനിക്കായി അവൾ നാട്ടിൽ കാത്തിരിക്കുന്നുണ്ട്.
ഇവിടെ തായ്ലാൻഡിൽ ഞാൻ വന്നിട്ട് ഒരു വർഷമായി. ഇവിടെന്ന് പോയാലുടൻ ഞാൻ നാട്ടിലേക്ക് പോകുന്നുണ്ട്. ശിക്ഷയായിട്ടാണ് ഇവിടെ എത്തിയത്. കണ്ടില്ലേ?
ഇവിടെ എനിക്ക് ചുറ്റും വെള്ളമാണ്.
നല്ല ശിക്ഷ അല്ലേ?"
ചെന്നായ ഒന്നു മുരണ്ടു.
ഉയർന്നിരുന്ന തല മണ്ണിലേക്ക് ചേർത്ത് വച്ച് വീണ്ടും അവൻ പറയുന്നത് കേൾക്കാനായി കാത് കൂർപ്പിച്ചു. ചെന്നായക്കുട്ടികൾ പാൽ കുടിക്കാനായി അമ്മ ചെന്നായയുടെ മുലക്കാമ്പുകളിൽ മാറി മാറി മത്സരിച്ചു കൊണ്ടിരുന്നു.
"പെണ്ണെ നിനക്കെന്തിനാണീ എട്ട് മുലക്കാമ്പുകൾ.
അഞ്ച് കുട്ടികളല്ലേ നിനക്കുള്ളു.
ഒന്നിൽ നിന്ന് ഞാനും നുണഞ്ഞോട്ടെ?"
ചെന്നായ ആണെങ്കിലും അവളും പെണ്ണായിരുന്നല്ലോ?
അമ്മ വാത്സല്യം ആയിരുന്നില്ല.
ആ കണ്ണുകളിൽ പൂത്തുലഞ്ഞത്.
തൃകോണാകൃതിയിലെ ചെവിയാടുന്നുണ്ടായിരുന്നു.
മറുപടിയായുള്ള മുരൾച്ചയിൽ
വാല് കൊണ്ട് പുറകിലെ മണലിൽ ചിത്രം വരച്ചു.
"പെണ്ണിന് നാണം വന്നല്ലോ?"
ഡൻസൂസ് കളിയാക്കി പറഞ്ഞ് കൊണ്ട് ചെന്നായയുടെ തലയിൽ തലോടുവാനായി കൈകൾ നീട്ടി.
തന്നെ തൊടുവാനായി നീണ്ടു വരുന്ന കാമുകന്റെ കൈകൾ കണ്ടപോലെ അവൾ നാണത്തോടെ തലകുനിച്ചു.
ചെന്നായ കുട്ടികൾക്ക് രണ്ടു മാസത്തോളം വളർച്ചയായി.
ഒരു മാസം ശിക്ഷ എന്നുള്ളത് കഴിഞ്ഞിട്ടും ഡൻസൂസിനെ തിരികെ കൂട്ടികൊണ്ട് പോകാൻ ആരും വന്നില്ല.
ഭക്ഷണവും, വെള്ളവും എല്ലാം തീർന്നിരുന്നു.
ഇടയ്ക്ക് വെള്ളത്തിൽ നിന്ന് കൂർത്ത കമ്പുകളിൽ കുത്തിയെടുക്കുന്ന മീനുകൾ അവനും ചെന്നായയും പച്ചയ്ക്ക് തിന്നു തുടങ്ങി.
ചുറ്റിനും വെള്ളം ഉണ്ട്.
കുടിക്കാൻ ഒരു തുള്ളിയില്ലാതെ അവർ അവശരായി.
തൊണ്ട നനയ്ക്കാൻ ഇടയ്ക്ക് കടലിലെ ഉപ്പുവെള്ളവും നുണഞ്ഞിറക്കി.
അത് പിന്നെ ദാഹത്തിന്റെ ആഴം വർദ്ധിപ്പിക്കുകയായിരുന്നു.
തളർന്നു കിടക്കുന്ന ചെന്നായയുടെ മുലക്കാമ്പുകളിൽ കടിച്ചീമ്പി കൊണ്ട് അഞ്ച് കുട്ടികൾ കിടക്കും.
അമ്മ ചെന്നായയ്ക്ക് അരികിൽ തന്നെ തളർന്ന് അവശനായ ഡൻസൂസും കിടന്നു.
"സിയോണ നീയൊരു കഥ കേട്ടിട്ടുണ്ടോ?
നിന്റെ പൂർവ്വികരിൽ ആരോ പാൽ കൊടുത്ത് വളർത്തിയ റോമുലസും, റീമസിന്റെയും കഥ.
റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി. റോമിന്റെ തന്നെ സൃഷ്ടാവ്.
ചെന്നായയുടെ പാൽ കുടിച്ച് വളർന്ന കുട്ടികൾ ആയിരുന്നു.അവർ.
അധികാര മോഹത്തിൽ സ്നേഹം മറന്ന ഇരട്ട സഹോദരങ്ങൾ,
ഒടുവിൽ ഒരാൾ മറ്റൊരാളെ കൊന്നു.
എങ്കിലും ചെന്നായ പാൽ കൊടുത്ത് വളർത്തിയതായിരുന്നു. നഷ്ടമായ രാജ്യം തിരികെ നേടിയെടുത്ത അവരുടെ കരുത്ത്. "
മണ്ണിൽ തലചേർത്ത് വച്ച് അവശതയിലായിരുന്നു.
ഡൻസൂസ് കഥ പറഞ്ഞത്.
പറഞ്ഞ് നിർത്തിയവൻ ശ്വാസം ആഞ്ഞ് വലിച്ച് വിട്ടപ്പോൾ മുഖത്തിന് മുന്നിലെ കരിയിലകൾ പറന്നു.
ചെന്നായ ഡൻസൂസിന്റെ മിഴികളിലേക്ക് നോക്കി കിടന്നു.
അപ്പോൾ അതിന്റെ മിഴികളിൽ അമ്മ വാത്സല്ല്യത്തിന്റെ ക്ഷണമുണ്ടായിരുന്നു.
ഡൻസൂസ് ഇഴഞ്ഞ് സിയോണയുടെ അരികിലേക്കെത്തി.
അഞ്ചു ചെന്നായ്ക്കുട്ടികളോടും മത്സരിച്ച്, അവനും അമ്മച്ചെന്നായയുടെ പാൽ മൊത്തി മൊത്തി കുടിച്ചു.
പുതു ജീവനുമായിട്ടായിരുന്നു.
ഡൻസൂസ് എഴുന്നേറ്റത്.
ചുണ്ടുകളിൽ പറ്റിയിരുന്ന പാൽത്തുള്ളികൾ നാവ് നീട്ടി നുണഞ്ഞു.
ഡൻസൂസ് അന്നു രാത്രി തടിപ്പലകകൾ കൊണ്ടുണ്ടാക്കിയ ആ മുറി പൊളിച്ചു.
അതിന്റെ പലകകൾ നിരത്തി വച്ച് ഒരു ചങ്ങാടം പണിയുവാൻ ആരംഭിച്ചു.
ദിവസങ്ങളായി ഭക്ഷണവും, വെള്ളവും ഇല്ലാതെയുള്ള തളർച്ച എവിടെയോ പോയ് മറഞ്ഞിരുന്നു.
മരക്കൂട്ടത്തിനിടയിലെ വെള്ളത്തിലേക്കിറങ്ങി കുറച്ച് വേരിന്റെ വള്ളിപ്പടർപ്പുകൾ മുറിച്ചെടുത്തു.
വേരുകൾ വച്ച് പലകകൾ ചേർത്ത് വരിഞ്ഞ് കെട്ടി.
കൂട്ടിനായി അവന്റെ പുറകെ അമ്മച്ചെന്നായ നടക്കുന്നുണ്ടായിരുന്നു.
കുഞ്ഞുങ്ങളെല്ലാം ഉറക്കത്തിലാണ്.
പുലരാറായപ്പോഴാണ് ഡൻസൂസ് തളർന്ന് തന്റെ ചാക്ക് കട്ടിലിൽ മയങ്ങിയത്.
അപ്പോഴേക്കും ചെറിയൊരു ചങ്ങാടം തയ്യാറായിരുന്നു.
ശരീരം മുഴുവൻ നനഞ്ഞ് കുതിർന്ന് തണുത്ത് വിറച്ച് തുടങ്ങിയപ്പോഴാണ്,
ഡൻസൂസ് ഉറക്കത്തിൽ നിന്നുണർന്നത്.
അമ്മച്ചെന്നായയും കുട്ടികളും ചങ്ങാടത്തിന് മുകളിൽ കയറി ഇരിക്കുന്നു.
ചങ്ങാടം വെള്ളത്തിന് മുകളിൽ പൊങ്ങി നിൽക്കുകയായിരുന്നു.
ദ്വീപിന് ഉള്ളിലേക്ക് കടൽവെള്ളം കയറി കൊണ്ടിരിക്കുന്നു.
ശക്തമായ കാറ്റിൽ മരങ്ങളെല്ലാം ആടി ഉലയുന്നുണ്ട്.
ഡൻസൂസ് വേഗം എഴുന്നേറ്റു.
ചാക്ക് കട്ടിലിൽ നിന്നും താഴേക്കിറങ്ങി. മുട്ടോളം വെള്ളം പൊങ്ങിയിരുന്നു.
ചെന്നായയും കുട്ടികളും ചങ്ങാടത്തിന് മുകളിൽ വിചിത്രമായ ശബ്ദത്തിൽ ഒച്ച ഉണ്ടാക്കി കൊണ്ടിരുന്നു.
ചാറ്റൽ മഴയും പെയ്തു തുടങ്ങി.
നിമിഷ നേരം കൊണ്ടാണ് വെള്ളം ഡൻസൂസിന്റെ കഴുത്തിനോളം എത്തിയത്.
ചങ്ങാടത്തിനരികിലേക്ക് നീന്തിയവൻ അതിന്റെ മുകളിലേക്ക് കയറി.
മഴ ശക്തിയായി പെയ്തു തുടങ്ങി.
ചങ്ങാടത്തിൽ നിന്നൊരു വളളി അടുത്തൊരു മരത്തിൽ കെട്ടിയിരുന്നു.
കാറ്റിൽ ഒഴുകാനാകാതെ ചങ്ങാടം വള്ളിയിൽ കുരുങ്ങി ഉലഞ്ഞു.
ഡൻസൂസ് മഴു എടുത്ത് ആ വേരിന്റെ വള്ളി വെട്ടിമുറിച്ചു.
ചങ്ങാടം വെള്ളത്തിന്റെ ഒഴുക്കിലൂടെ വേഗതയിൽ ഒഴുകി.
പലക കൊണ്ടൊരു തുഴ ഡൻസൂസ് ഉണ്ടാക്കിയിരുന്നു.
തുഴകൊണ്ട് ഡൻസൂസ് ചങ്ങാടം നിയന്ത്രിക്കാൻ ശ്രമിച്ച്, പതിയെ മുന്നോട്ട് തുഴഞ്ഞു.
ദ്വീപ് കഴിഞ്ഞ് ചങ്ങാടം അൽപ്പ ദൂരം മുന്നിലായി കഴിഞ്ഞു.
അവർക്ക് പുറകിൽ ആ ചെറിയ ദ്വീപ് മുഴുവൻ വെള്ളത്തിനടിയിൽ ആയിരുന്നു.
അകലെ കര ലക്ഷ്യമാക്കി ഡൻസൂസ് ചെന്നായയും, കുട്ടികളുമായി ചങ്ങാടം തുഴഞ്ഞു.
#ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo