നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഈ അലാറം പുതിയതാണ്

Image may contain: 1 person
വീടിനുള്ളിലേക്ക് കാലെടുത്ത് വച്ച അവളെ സ്വീകരിച്ചത് അകത്ത് നിന്ന് ടി വി യില് ഉപദേശം തന്നു കൊണ്ടിരിക്കുന്ന ക്ലിനിക്കല് സൈക്കോളജിസ്റ്റ് മിസ്സിസ് മേനക പുരുഷോത്തമന് ആയിരുന്നു. .. ഞായറാഴ്ചകളില് ഈ ടി വി യ്ക്ക് 'ഉപദേശം' ഇത്തിരി കൂടുതൽ ആണല്ലൊ എന്നോര്ത്ത് അവൾ വീടിനുള്ളിലേക്ക് കയറി..
"കൂടുമ്പോള് ഇമ്പമുള്ള താണ് കുടുംബം...... "ഉപദേശിക്കുന്ന മേനക യെയും അത് കേട്ട് കൊണ്ടിരിക്കുന്ന തന്റെ ഭർത്താവിനെയും അവൾ മാറി മാറി നോക്കി. മേനക സ്ഥിരം ഉപദേശിക്കുന്നുണ്ട്, അയാള് കേള്ക്കുന്നുമുണ്ട്. എകദേശം ഒരു വർഷമായി എല്ലാ ഞായറാഴ്ചയും അയാള് ഇത് കേള്ക്കുന്നുണ്ട്... ആരുടെയും ഉപദേശങ്ങള് കേൾക്കാൻ താല്പര്യമില്ലാത്ത ആൾ ഇത് കേൾക്കുകയാണോ അതോ 'കാണുക' യാണോ എന്ന ഒരു സംശയം അവള്ക്ക് എപ്പൊഴും ഉണ്ട്. മഹാ ഋഷി വിശ്വാമിത്രന്റെ തപസ്സ് ഇളക്കിയവളുടെയും പേര്‌ മേനക എന്ന് തന്നെയായിരുന്നല്ലോ..
"ചോറുണ്ടതാരുന്നോ?"
"ആ" അവളുടെ ചോദ്യത്തിന്‌ മറുപടിയായി അത്ര തൃപ്തിയില്ലാത്ത ഒരു മൂളല് അയാളില് നിന്നെത്തി.
"അവന് എങ്ങനുണ്ട്"? മാര്ക്കറ്റിംഗ്‌ ഫീല്ഡില് ജോലി ചെയ്യുന്ന അവളുടെ അനുജനെപ്പറ്റിയാണ് അയാൾ ചോദിച്ചത്‌. "ആ കുഴപ്പമില്ല.. എന്നാലും കിടപ്പ് കണ്ടപ്പോ രണ്ടെണ്ണം പൊട്ടിക്കാനാ തോന്നിയത്...പാവം അമ്മ... അവരെ കഷ്ടപ്പെടുത്താനാ യിട്ട്....."
സത്യത്തില് അവനു കല്യാണ പ്രായം കഴിഞ്ഞിരിക്കുന്നു. ഒന്നും ശരിയാവുന്നില്ല. ബൈക്ക് വർക്ക്ഷോ പ്പില് കൊടുത്ത ഒരു ദിവസം ബസ് ഇറങ്ങി നടന്ന് വരുമ്പോള് പുതുതായി പണിയുന്ന ഒരു കെട്ടിടത്തിനു വേണ്ടി ലിഫ്റ്റ് നിര്മ്മിക്കാന് എടുത്ത കുഴി യില് വീണതാണ്. ഇരുട്ട് വീണിരുന്നു. എന്തോ ഭാഗ്യത്തിന്‌ തൊട്ടടുത്ത് വെജിറ്റബിള് ഷോപ്പ് നടത്തുന്ന സത്യന് ചേട്ടന് ശബ്ദം കേട്ടു.. നടന്നു പോയവരുടെ ആരുടെയൊക്കെയോ സഹായത്താല് അയാൾ അവനെ ര ക്ഷപ്പെടുത്തി .കുഴി മൊത്തം എടുത്തിരുന്നില്ല. ആഴം കുറവായതിനാല് കൈയും കാലു മൊക്കെ ഒടിഞ്ഞതേയുള്ളു..
വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിച്ചെന്ന അവളോട് സത്യന് ചേട്ടന് പറഞ്ഞത്‌ അവന് ഫോണില് നോക്കിയാണ് നടന്നു പോയതെന്നാണ്.. ഇന്ന്‌ ചോദിച്ചപ്പോ അത് സത്യമാണെന്ന് അവന് പറഞ്ഞു. "വാട്സ് ആപ്പിലെ മെസ്സേജ് നോക്കി അതിന്‌ റിപ്ലെ കൊടുത്ത് നടന്ന് പോയതാ എന്നാ അവന് പറയുന്നെ" അവൾ മറുപടി പറഞ്ഞു. "ഒരു ഭാര്യ പോലും ഇല്ലാത്തവനെ ഇങ്ങനെ കുഴിയില് ചാടിക്കാന് മെസേജ് ചെയതത് ആരാന്ന് ചോദിക്കണം" അയാൾ കിട്ടിയ സമയം അവൾക്കും ലോകത്തിലെ എല്ലാ ഭാര്യമാര്ക്കും ഒരു തട്ടു കൊടുത്തു കൊണ്ട്‌ പറഞ്ഞു.
അവള്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. സ്നേഹവും മനുഷ്യത്വവും ഒട്ടും ഇല്ലാത്ത ഒരു അളിയന് ആണ് താനെന്ന്‌ അയാൾ തെളിയിച്ചുകൊ ണ്ടിരിക്കുകയാണ്. സ്വന്തം അനിയനെ ജീവനാണ്‌ അവള്ക്ക് . അമ്മ തനിയെ നോക്കുകയാണ് അവനെ. അതുകൊണ്ടാണ് അയാൾ വരില്ലെന്ന് പറഞ്ഞെങ്കിലും ആകെ കിട്ടിയ ഈ അവധി ദിവസം അയാള്ക്ക് കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വച്ച് അവൾ മകനെയും കൂട്ടി വീട്ടില് പോയി അവനെ കണ്ടത് .ഇത് മൂന്നാമത്തെ ഞായറാഴ്ചയാണ് അവൾ ഇങ്ങനെ രാവിലെ വീട്ടില് പോയി അവനെ കണ്ടിട്ട് വരുന്നത്. "വരുന്ന വഴി മാഷിന്റെ അടുത്ത് ഒന്ന് കേറി അതാ താമസിച്ചത്.ഓ ഞാനിനി പഠിക്കാൻ വരുന്നില്ലെന്ന് പറഞ്ഞു. ജോലി, വീട് എല്ലാം കൂടി ശരിയാവുന്നില്ല"
അത്ര നേരം മേനകയെ നോക്കിയിരുന്ന അയാൾ അത് കേട്ടതും ടി വി യുടെ വോള്യം കുറച്ച് അവളോട് പറഞ്ഞു "അത് വേണ്ടിയിരുന്നില്ല... നീ ഒരുപാട്‌ ആഗ്രഹിച്ച് പോയതല്ലേ"
"ആഗ്രഹിച്ച് തന്നെ പോയതാ.. പക്ഷേ ശരിക്കൊന്ന് തേച്ചു കുളിക്കണം.. ഇപ്പോഴത്തെ ആഗ്രഹം അത് മാത്രമാ" അവളുടെ ക്ഷീണം കലര്ന്ന വാക്കുകള്....
"കഥകളിയോ വേറൊന്നും കണ്ടില്ലേ പഠിക്കാൻ" എന്ന് പലരും ചോദിച്ചപ്പോഴൊക്കെ മറ്റുള്ളവരില് നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള ഒരു പെണ്ണാണല്ലൊ തന്റെ ഭാര്യ എന്നോര്ത്ത് അയാൾ അഭിമാനിച്ചിരുന്നു.
അയാളുടെ തലയ്ക്ക് മുകളില്ക്കൂടി തൊട്ടു തൊട്ടില്ല എന്ന മട്ടില് പറന്നുപോയി ഒരു മൂലയില് വീണ ആ ഷിഫോൺ സാരിയില് അവളുടെ വിഷമവും പ്രതിഷേധവും ഒരേപോലെ പ്രതിഫലിച്ചു.
ഓഫീസും വീടും കഴിഞ്ഞ്‌ സമയം കണ്ടെത്തി വലിയ ആഗ്രഹത്തോടെ പഠിച്ചിരുന്ന കഥകളി ഉപേക്ഷിച്ച് തേച്ചു കുളിക്കുക എന്ന ചെറിയ ആഗ്രഹത്തോടെ അവൾ ബാത് റൂമിൽ കയറിയപ്പോഴാണ് സ്വന്തം കാര്യങ്ങൾ നോക്കാന് പോലും അവള്ക്ക് സമയം കിട്ടുന്നില്ല എന്ന് അയാള്ക്ക് ആദ്യമായി തോന്നിയത്‌.
വെള്ളിയാഴ്ച രാവിലെ സ്കൂൾ ബസ്സിന്റെ ഹോണടി കേട്ട് പിള്ളേര് ഓടി ചെന്നപ്പോൾ ഡ്രൈവർ അവളോട് പറയുന്നത് കേട്ടു . "എന്റെ ചേച്ചീ പിള്ളേരെ കൃത്യ സമയത്തിന് ഒരുക്കി നിർത്തണമെന്ന് എത്ര നാളായി ഞാൻ പറയുന്നു... ഈ വീട്ടു പടിക്കല് കിടന്ന് കിടന്ന് എന്നും രാവിലെ സമയം പോവാ. കൊച്ചു കുഞ്ഞുങ്ങളെ കൊണ്ട്‌ പോന്ന വണ്ടിയാ ഇനി ഇത് പ്ലെയിന് പറപ്പിക്കുന്ന സ്പീഡില് ഓടിച്ചാല് പോലും സമയത്തിന് ചെല്ലാന് പറ്റത്തില്ല. ചേച്ചി എന്റെ പണി തെറിപ്പിക്കല്ലേ "
ജനലിലൂടെ സംസാരം കേട്ട് എത്തി നോക്കിയ താൻ വേഗം തല വലിച്ച് അകത്തിട്ട് ഒരു മര്യാദക്കാരനെപ്പോ ലെ അനങ്ങാതിരുന്നു. എത്ര ജോലികളാണ് അവൾ രാവിലെ ചെയതത്.. മോനെ കുളിപ്പിച്ച് ഒരുക്ക ണം, യൂണിഫോം അയണ് ചെയ്യണം, ബ്രേക്ക് ഫാസ്റ്റ്, ടിഫിന്, ലഞ്ച് എല്ലാം ഉണ്ടാക്കി എല്ലാര്ക്കും ഉള്ളത്‌ പൊതിഞ്ഞു കൊടുത്തിട്ട് വേണം അവള്ക്ക് ഒരുങ്ങാന്....
അവളെ സഹായിക്കണം എന്ന് എന്നും ഓര്ക്കാറുണ്ട്... പക്ഷേ ഒന്നുകൂടി നന്നായി പുതച്ച് ചായ വരാൻ കാത്ത് കിടക്കുകയാണ് ചെയ്യുന്നത്.
കര്ട്ടന് മാറ്റി ഒന്നൂടെ നോക്കി. സ്കൂൾ ബസ് പോയിക്കഴിഞ്ഞിരുന്നു. സമയത്തിന് മക്കളെ ഒരുക്കാന് പറ്റാത്തതിന്റെ വിഷമം, ഭർത്താവ് എന്തെങ്കിലും പറയുമോ എന്നുള്ള ഭയം, ഡ്രൈവർ പറഞ്ഞതിലെ സത്യം മനസ്സിലാക്കിയപ്പോൾ ഉണ്ടായ ജാള്യത.... എല്ലാം അവളുടെ മുഖത്ത് പ്രകടമായിരുന്നു .. "നാളെ മുതൽ കുറച്ചൂടെ നേരത്തെ എഴുന്നേല്ക്കണം. രാവിലെ വല്ലവന്റെയും വായിലിരിക്കുന്നത് കേൾക്കാൻ വയ്യ.. ഇന്നത്തെ ദിവസം പോയി" ...തന്റെ മുന്നിലെ കാലിയായ ചായക്കപ്പ് എടുത്ത് കൊണ്ട്‌ അവൾ പറഞ്ഞു.
മൊബൈൽ റിങ് ചെയ്യുന്നത്‌ കേട്ടാണ് അയാൾ ചിന്തകളില് നിന്ന് ഉണര്ന്നത്. എഴുന്നേറ്റ് അതെടുത്ത് പതിയെ വരാന്തയിലേക്ക് ഇറങ്ങി... കൂടെ ജോലി ചെയ്യുന്ന ദാസ് ആണ്‌... പറഞ്ഞ്‌ പറഞ്ഞ്‌ ഓഫീസിലുള്ള മുഴുവന് ആളുകളുടെയും (പ്രത്യേകിച്ച് ബോസ്സിന്റെ) കുറ്റം മതിയാവോളം പറഞ്ഞ്‌ സന്തോഷത്തോടെ അവസാനിപ്പിക്കുമ്പോള് ആണ്‌ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കാൻ വിളിച്ചു കൊണ്ട്‌ അവൾ അയാളുടെ അടുത്തേക്ക് വന്നത്. തിരിച്ച് ഉള്ളിലേക്ക് കയറാൻ നോക്കുമ്പോഴാണ് തൊട്ട് അയല് പക്കക്കാരുടെ വാതില്ക്കലേക്ക് അവൾ ശ്രദ്ധിക്കുന്നത്. "അയ്യോ അവരുടെ ചെടിച്ചട്ടിയും ഷൂ റാക്കു മൊക്കെ എവിടെ പോയി?" അവൾ അതിശയത്തോടെ ചോദിച്ചു. "നീയ റിഞ്ഞില്ലേ അവര് കല്ക്കട്ടയ്ക്ക് പോയി" "എപ്പോ?" അവള്ക്ക് അതിശയം മറച്ചു വയ്ക്കാന് കഴിഞ്ഞില്ല "എപ്പോ പോയി എന്നറിയില്ല.. ഇന്ന്‌ രാവിലെ ഫേസ്ബുക്കില് ഫോട്ടോ കണ്ടു. കല്ക്കട്ടയിലുള്ള അവരുടെ മകള് പ്രസവിച്ചു.. എനിക്ക് വാട്സ് ആപ്പില് മെസേജ് ഉണ്ടാരുന്നു മോൾക്ക് ഇന്നലെ ഒരു പെണ്കുട്ടി ഉണ്ടായെന്ന്." "എന്നിട്ട്‌ അവർ എന്നോട് പറഞ്ഞില്ലല്ലോ "... "നിന്റെ വാട്സ് ആപ്പിലും മെസേജ് വന്നിട്ടുണ്ടാകും .. ചെടിച്ചട്ടിയും ഷൂ റാക്കുമൊക്കെ അവരുടെ വീടിന്ന കത്തു തന്നെ കാണും" അയാൾ പറഞ്ഞു.
രണ്ട് ദിവസം മുന്നേ ചെടി നനച്ചു കൊണ്ടിരുന്ന ആ ചേച്ചിയോട് താൻ സംസാരിച്ചതാണ്‌. അവർ അവിടെ താമസം തുടങ്ങിയിട്ട് രണ്ടു വര്ഷമേ ആയുള്ളൂ എങ്കിലും കൽക്കട്ടയ്ക്ക് പോകുമ്പോൾ പറഞ്ഞിട്ട് പോകാനുള്ള സൗഹൃദമൊക്കെ ആയിട്ടുണ്ട്. അധികം സഹകരണമി ല്ലെങ്കിലും വല്യ കുഴപ്പമില്ലാത്ത ആള്ക്കാര്.. ആകെയൊരു വിരോധം അവിടുത്തെ പയ്യനോടാണ്‌.. വല്ലാതെ വളര്ത്തിയ താടിയും മുടിയും, തന്നെയും സ്നേഹ മോളെയും കാണുമ്പോൾ ഒരു വല്ലാത്ത നോട്ടവും ചിരിയും ... കൃത്യമായി പറയാന് പണിയൊന്നുമില്ല... ഏതോ മ്യൂസിക് ബാന്ഡില് ചേര്ന്ന് പാടുന്നുണ്ടെന്നാണ്‌ അവന്റെ അമ്മ പറഞ്ഞത്. അങ്ങനെ ആകെപ്പാടെ ഒരു പന്തികേട് തോന്നിയത്‌ കാരണം അവനോട് അത്ര അടുപ്പത്തിന് പോയില്ല... എങ്കിലും ആ ചേച്ചി ഒരു വാക്ക് പറയാതെ പോയല്ലോ.. തൊട്ടടുത്ത് ജീവിക്കുന്നവര് നേരിട്ട് കാണുമ്പോൾ മിണ്ടാനും ചിരിക്കാനും നില്ക്കാതെ എവിടെയോ ദൂരെ പോയിട്ട് വാട്സ് ആപ്പിലും ഫേസ് ബുക്കിലും സംസാരിക്കുന്നു.. അയല് പക്കം എന്ന ബന്ധത്തോട് അവള്ക്ക് ശരിക്കും വെറുപ്പ് തോന്നിപ്പോയി.
"സിദ്ദു ഉറങ്ങി.. സ്കൂളിൽ നിന്ന് എന്റെ ഫോണിലേക്ക് ഹെഡ്മിസ്ട്രസ് വിളിച്ചിരുന്നു.. വീണ്ടും എന്തോ പരാതി ആണ്.. ഒരു നാലാം ക്ലാസുകാരനെ പ്പറ്റി ഇത്രയധികം എന്ത് പറയാനാണ്..കഴിഞ്ഞ തവണ അവന്റെ ടിഫിന് ബോക്സില് പോഷകാഹാരം ഇല്ല എന്നാണ്‌ ക്ലാസ് ടീച്ചർ പറഞ്ഞത്" ചപ്പാത്തിയും കറിയും പാത്രത്തിലേക്ക് എടുത്തു കൊണ്ട്‌ അവൾ പറഞ്ഞു.
ക്ലാസില് കൂട്ടുകാരനോട് തല്ലു കൂടിയ കഥ ഇന്നലെ അവന് വന്ന് പറയുമ്പോൾ ഇന്നത്തേക്കുള്ള സാമ്പാര് കഷണങ്ങൾ ഉറക്കം തൂങ്ങി ക്കൊണ്ട് മുറിക്കുകയായിരുന്നു താൻ.
"എല്വിന് എന്നെ ഇടിച്ചു.
അവന്റെ ആര്ട്ട് ബുക്കിലെ പെന്ഗ്വിന്റെ ഫോട്ടോ
ഞാൻ കീറിക്കളഞ്ഞു" അവന് പറഞ്ഞത് അവ്യക്തമായി താൻ കേട്ടിരുന്നു. ഈ സംഭവങ്ങളുടെ ബാക്കിയാവണം ഇന്നത്തെ സ്കൂളിൽ നിന്നുള്ള വിളി.. അവൾക്ക് കാര്യങ്ങൾ ഏകദേശം പിടികിട്ടി. അവന് സ്വല്പം കുസൃതി യാണ്. പക്ഷേ അവനും കാണും അവന്റേതായ ന്യായങ്ങള്.. അത് കേൾക്കാൻ ഇവിടെ ആര്ക്ക് നേരം..
അമ്മ എന്ന ആൾ ഒരു കുഞ്ഞിന്‌ എങ്ങനെ ആവണം എന്ന് അവള്ക്ക് അറിയാം... പക്ഷേ പലപ്പോഴും അതിന്‌ കഴിയാതെ വരുന്നത് അവൾ തിരിച്ചറിയുന്നുണ്ട്.
ഇന്നലെ രാത്രിയില് "പപ്പാ "എന്ന് വിളിച്ച് മോന് തന്റെയടുത്തേക്ക് ഓടിവന്നത് അയാൾ ഓര്ത്തു. ഫോണിൽ ആരോടൊ സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട്‌ ഒന്ന് വെയിറ്റ് ചെയ്യാൻ അവനെ കൈ കാണിച്ചു. അവന് തന്റെയരികില് എന്തോ പറയാനായി കുറെ നേരം നിന്നതും പിന്നെ ടി വി യില് കായംകുളം കൊച്ചുണ്ണി സിനിമ കണ്ടപ്പോ അങ്ങോട്ട് ഓടിപ്പോയതും അയാൾ ഓര്ത്തു.. എന്ത് കൊണ്ടാണ്‌ രാവിലെ എഴുന്നേറ്റപ്പോഴും തന്റെ കുഞ്ഞിനോട് സംസാരിക്കാൻ താൻ മറന്നു പോയത്... അച്ഛന് എന്ന ആൾ ഇങ്ങനെയാണോ ആവേണ്ടത്.... അയാൾ സ്വയം ചിന്തിച്ചു...
രണ്ടുപേരും കഴിച്ചെന്നു വരുത്തുകയാ യിരുന്നു. എന്നാൽ അത് പരസ്പരം മനസ്സിലാകാതിരിക്കാൻ അവർ നന്നേ പ്രയാസപ്പെട്ടു.
സുജിത് ഭക്തന്റെ കാശ്മീര് ട്രാവലോ ഗ് കണ്ട് ലാപ്ടോപ്പ് ഷട്ട് ഡൗണ് ചെയത് അയാൾ ബെഡ്റൂമിലേക്ക് ചെന്നപ്പോഴേക്കും അവൾ തന്റെ ശരീരം ഇന്നിനി ഒന്നിനും കൊള്ളില്ല എന്ന് പറയാതെ പറഞ്ഞ്‌ പാതി മടക്കിയ തുണികള്ക്കിടയില് ഉറക്കത്തിലേക്ക് പോയിരുന്നു.
അയാൾ ആ തുണികള് എല്ലാം വാരി കട്ടിലില് നിന്ന് മാറ്റിയിട്ടു. ഇത് തനിക്ക് മടക്കി വെക്കാമാരുന്നു... രാവിലെ കൂട്ടുകാർ വന്ന് ഒന്നിച്ചിരുന്ന്‌ മദ്യപിച്ച് സൊറ പറഞ്ഞ്‌ പോയതിന് ശേഷം അവളും മോനും തിരിച്ച് വരുന്നത് വരെ താൻ എന്ത് ചെയ്യുകയായിരുന്നു.... തനിക്ക് എന്തൊക്കെ ചെയ്യാമായിരുന്നു....
അയാൾ കുടിക്കാന് കുറച്ച് വെളള മെടുക്കാൻ അടുക്കളയിലേക്ക് പോയി . ഫ്രിഡ്ജ് തുറന്ന് വെള്ളവും ആപ്പിളും എടുക്കുമ്പോള് ആണ് അത് ശ്രദ്ധിച്ചത്. അവള്ക്ക് ബ്ലഡ് കുറവാണ്‌, അനീമിയ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിട്ട് അവള്ക്ക് വേണ്ടി വാങ്ങി വച്ച ഫ്രൂട്ട്സ് എല്ലാം അതേപടി ഫ്രിഡ്ജില് തന്നെയിരിക്കുന്നു. കഴിക്കാനായി എടുത്ത ആപ്പിൾ അയാൾ തിരികെ വച്ചു..
വെള്ളവുമായി തിരികെ നടക്കുമ്പോൾ ഹാളിലെ ഭിത്തിയില് ഷോ കേസിനോട് ചേര്ന്ന് ഒരു ചെറിയ ഡ്രോയിങ് കണ്ണിലുടക്കി. വെറുതെ നോക്കുമ്പോള് പല നിലങ്ങളിലുള്ള മീനുകള്... ജീവൻ തുടിക്കുന്ന പോലെ... അക്വേറിയം... അയാൾ ഒരു നിമിഷം ഒന്ന് പകച്ചു പോയി... ഒരു അക്വേറിയം വീട്ടില് സെറ്റ് ചെയത് കൊടുക്കാൻ പറഞ്ഞ്‌ മോൾ തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി... താൻ അതൊന്നും അത്ര സീരിയസായി കണ്ടിരുന്നില്ല. അതെപ്പറ്റി ഓര്ക്കാറു പോലുമില്ല. "ഇനി ഞാൻ പപ്പായോട് ഇതേപ്പറ്റി പറയുകയേയില്ല" അതാണ്‌ സ്വപ്നത്തിലെ അക്വേറിയത്തെപ്പറ്റി തന്നോട് അവളുടെ അവസാനത്തെ വാക്കുകൾ. ഒരു പന്ത്രണ്ടുകാരിയുടെ
മനസ്സ്.... സ്വന്തം രക്തത്തില് ഉണ്ടായ കുഞ്ഞിന്റെ മനസ്സ് തിരിച്ചറിയാൻ ഈ കടലാസ് കഷണം വേണ്ടി വന്നല്ലോ എന്നോര്ത്ത് അയാള്ക്ക് സ്വയം പുച്ഛം തോന്നി. നന്നായി പാടുകയും സംസാരിക്കുകയും ചെയ്തിരുന്ന കുട്ടി വളരെ പെട്ടെന്ന് മൗനിയായി മാറി ചിത്രരചനയിലേക്ക് മാത്രമായി ഒതുങ്ങി പോയതിന്റെ കാരണങ്ങൾ അയാൾ തന്നില് നിന്ന് തന്നെ കണ്ടെടുത്തു.
സ്കൂളിൽ നിന്ന് ടൂര് പോയ മകള് നാളെ വൈകുന്നേരം ആറു മണിക്ക് സ്കൂളിൽ തിരിച്ചെത്തുമെന്ന് പറഞ്ഞ്‌ ടീച്ചർ വിളിച്ചിരുന്നു... അത് അവളോട് പറയാന് മറന്നുപോയി. അവൾ അതേപ്പറ്റി ഒന്നും ചോദിച്ചുമില്ല. ടീച്ചർ അവളെയും വിളിച്ചു കാണും.. വിവരം അറിഞ്ഞിട്ടുണ്ട്.. അല്ലെങ്കില് അവൾ തന്നോട് ചോദിച്ചേനെ.. അയാൾ സ്വയം സമാധാനിക്കാന് ശ്രമിച്ചു. പക്ഷേ ഇത്ര നേരമായിട്ടും മകളെപ്പറ്റി തങ്ങൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ലല്ലോ എന്നോര്ത്ത് അയാളുടെ മനസ്സൊന്നു പിടഞ്ഞു..എല്ലാം ഉണ്ടായിട്ടും
എവിടെയോ ജീവിതം കൈ വിട്ട് പോ കുന്ന പോലെ...
തളര്ന്നുറങ്ങുന്ന അവളില് ചുറുചുറുക്കും പ്രസരിപ്പും കുസൃതി യും ഒക്കെ ഉണ്ടായിരുന്ന ഒരു ഭാര്യയെ യോ, അമ്മയെയോ, കഥകളി നര്ത്തകിയെയോ കാണാന് അയാള്ക്ക് കഴിഞ്ഞില്ല..." ഞാൻ സുപ്രിയാ ഹരീഷ് ആണ്‌. ഒന്ന് പറഞ്ഞാൽ അത് നടത്തിയിരിക്കും" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ട് ജീവിച്ചവൾ..വളരുന്ന പ്രായത്തില് മക്കള്ക്ക് ഏറ്റവും വേണ്ടത് അച്ഛനമ്മമാരുടെ സാമീപ്യവും സ്നേഹവും കരുതലുമാണെന്ന് പലപ്പോഴും പറയുന്നവള്... . അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടിട്ടാവണം ഭര്ത്താവിനോടു പോലും ആലോചിക്കാതെ കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളൊക്കെ വലിച്ചെറിയുന്നത്.
മക്കൾ തങ്ങളില് നിന്ന് അകലാന് തുടങ്ങിയിരിക്കുന്നു എന്ന സത്യം തനിക്ക് മുന്നേ അവൾ മനസ്സിലാക്കി യിരിക്കുന്നു...
അപ്പോഴും ഒരു ചെറിയ പ്രതീക്ഷയില് അയാൾ ആലോചിച്ചു.. സമയം വൈകിയിട്ടില്ല .ഒന്ന് ശ്രമിച്ചാല് പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ മാത്രമേയുള്ളു... എല്ലാം ശരിയാവും എന്ന് അയാള് സ്വയം പല പ്രാവശ്യം പറഞ്ഞു...മേനക പുരുഷോത്തമന്റെ ഉപദേശം ഓര്ത്തെടുക്കാന് അയാൾ ശ്രമിച്ചു. "കുടുംബം എന്നാൽ കൂടുമ്പോള് ഇമ്പമുള്ളതാണ്‌. അവരെ കണ്ടു പഠിക്ക്, ഇവരെ കണ്ടു പഠിക്ക് എന്ന് കുട്ടികളോട് പറയുന്നതിനു പകരം അച്ഛനെ കണ്ടു പഠിക്ക് എന്ന് അമ്മയ്ക്ക് ആണ്മക്കളോടും, അമ്മയെ കണ്ടു പഠിക്ക് എന്ന് അച്ഛന്‌ പെണ് മക്കളോടും പറയാന് പറ്റുന്ന ഒരു ഇടമാവണം കുടുംബം... കുടുംബത്തിൽ ഏറ്റവും വേണ്ടത് സമാധാനവും സന്തോഷവും ആണ്‌."
അര്ത്ഥവത്തായ ആ വരികള് നിശ്ശബ്ദമായി ഉരുവിട്ടു കൊണ്ട്‌ അയാൾ ഓര്ത്തു....
അതെ അവരാണ് ശരി..
അയാൾ അങ്ങനെ
തന്റെ ഫോണിൽ ആദ്യമായി ഒരു അലാറം കാലത്ത് ഏഴുന്നേല്ക്കാ നായി സെറ്റ് ചെയ്തു വച്ചു. എന്നിട്ട് അവളെ പതുക്കെ കുലുക്കി വിളിച്ചു. "പ്രിയാ"
"ഉും"
"പ്രിയാ"
"എന്താ ഹരീ.?"ഉറക്കച്ചടവോടെ അവൾ ചോദിച്ചു.
"നിനക്ക് ഞാനുണ്ട്"....അവളുടെ കാ തിലേക്ക് ചുണ്ടുകള് ചേർത്ത് അയാൾ പറഞ്ഞു.
അവൾ അത് കേട്ടോ എന്നറിയില്ല.
അരങ്ങേറ്റം നടത്തുന്ന സുപ്രിയാ ഹരീഷ് എന്ന കഥകളി നര്ത്തകി യുടെ മുഖത്തെ ശൃംഗാര രസമാ യിരുന്നു അപ്പോൾ അയാളുടെ മനസ്സ് നിറയെ... ❤️
ശശികല 💒💗
1st Nov'2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot