ഹക്കീം മൊറയൂർ
=============
തീട്ടം മണക്കുന്ന തെരുവിലെ ചേറിൽ പുളച്ചു നടക്കുന്ന പന്നികളെയും പട്ടികളെയും തള്ളി മാറ്റിയ കൈ കൊണ്ടു വിളമ്പിയ ചപ്പാത്തി പാർസൽ പോവുന്ന വഴിക്ക് ഞാൻ നീട്ടിയെറിഞ്ഞു.
അവജ്ഞയായിരുന്നു എനിക്ക്. വൃത്തിയില്ലാത്ത കൈകൾ കൊണ്ടു വിളമ്പിയ ഭക്ഷണത്തോടുള്ള പുച്ഛം. വിശപ്പ് എന്തെന്നറിയാത്ത മനസ്സിലെ മനസ്സിന്റെ കറുപ്പ് പുറത്ത് ചാടിയ നിമിഷം.
തെരുവിൽ പെട്ടെന്ന് എണ്ണയിടാത്ത പാറിയ ചെമ്പൻ മുടിയും മുഷിഞ്ഞ കുപ്പായവും ഉള്ള കുറെ കുട്ടികൾ നിറഞ്ഞു. പന്നികളും പട്ടികളും കുട്ടികളും ആ ഒരേ ഒരു പാക്കറ്റിനായി കടിപിടി കൂടി. ഒടുവിൽ ആർക്കുമില്ലാതെ ഒരു നൂറായിരം കഷ്ണങ്ങളായി അത് ചിന്നിച്ചിതറി.
ആ ഒരൊറ്റ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഒരിക്കലും വിശപ്പ് എന്തെന്നറിയാത്ത എന്നോട്.
ഓർക്കുക. നമ്മൾ വലിച്ചെറിയുന്ന എന്തിനും മൂല്യം ഉള്ള കുറെ ഗ്രാമങ്ങൾ നമ്മുടെ ചുറ്റും ഉണ്ട്. ഒരു നേരത്തെ വിശപ്പ് മാറ്റാൻ പട്ടികളോടും പന്നികളോടുമൊപ്പം ചപ്പു ചവറുകളിലെ എച്ചിലുകളിൽ മുഖം പൂഴ്ത്തുന്നവർ. എന്റെ യാത്രകളിൽ കണ്ടു കണ്ണ് നിറഞ്ഞ കാഴ്ചകൾ.
ഓരോ പിടി ചോറിനും ഓരോ ജീവന്റെ വിലയുണ്ട്.
..........................................
..........................................
ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക