Slider

അവസാനത്തെ അതിഥി..

0
Image may contain: 1 person, beard and closeup
••••••••••••••••••••••••••••••••••••••••
ഓണത്തിനു നാലുദിവസങ്ങൾക്കും,ഞങ്ങളുടെ വീട്ടിൽകൂടലിനു മൂന്ന് ദിവസങ്ങൾക്ക്‌ മുന്നെ ഏറെ തിരക്കേറിയ തലശ്ശേരി പട്ടണത്തിൽ, പുതിയ വീട്ടിലേക്ക്‌ ആവശ്യമായ നിലവിളക്ക്‌, കിണ്ടി, കിണ്ണം മറ്റ്‌ അടുക്കളസാധനങ്ങൾ എന്നിവ വാങ്ങാൻ ഉച്ചക്ക്‌ ശേഷം ഇറങ്ങാൻ തീരുമാനിച്ച്‌, ഒടുവിൽ സന്ധ്യയും കഴിഞ്ഞ്‌ ഞങ്ങളുടെ സ്വന്തം ഓട്ടോക്കാരനായ ‘കുട്ടനെയും’ കൂട്ടി ഇറങ്ങിയതായിരുന്നു ഞങ്ങൾ.
ഞാനും ഭാര്യയും അവളുടെ ചേച്ചിയുമാണു കൂടെ ഉള്ളത്‌. എന്റെ അനിയത്തി അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഇറങ്ങി പുതിയ ബസ് സ്റ്റാന്റിൽ കാത്തുനിൽക്കുന്നുണ്ട്‌. ഞങ്ങൾ തിരക്കേറിയ പഴയ സ്റ്റാന്റിൽ ഇറങ്ങി ‘കുട്ടനോട്‌’ സൗകര്യമുള്ളൊരു സ്ഥലത്ത്‌ വണ്ടി പാർക്ക്‌ ചെയ്ത്‌ വരാൻ പറഞ്ഞ്‌ ചിത്രവാണി റോഡിലേക്ക്‌ നടന്നു.
കുറച്ച്‌ മുന്നോട്ട്‌ നീങ്ങുമ്പോൾ തന്നെ കാണാം, റോഡിനു ഇരുവശങ്ങളിലും നിരനിരയായി ചെമ്പ്‌പാത്രങ്ങളും അലൂമിനിയപാത്രങ്ങളുമടങ്ങിയ നിരവധി കടകളുണ്ട്‌.
നടക്കുന്നതിനിടയിലാണു അനിയത്തിയുടെ ഫോൺ വന്നത്‌. ‘ഇരുട്ട്‌ പരന്ന സമയത്ത്‌ ബസ്‌സ്റ്റോപ്പിൽ അധികനേരം നിൽക്കാൻ സധിക്കില്ല, ആളുകളൊക്കെ വല്ലാതെ നോക്കുന്നു’ എന്ന്, സ്വതവേ പേടിക്കാരിയായ അവളോട്‌ അത്ര ‘പേടിച്ചാൽ പറ്റില്ല പഴയസ്റ്റാന്റിലേക്ക്‌ നടന്ന് വന്നോളൂ ഞാൻ അങ്ങോട്ടേക്ക്‌ വരുന്നുണ്ട്‌’ എന്നും പറഞ്ഞ്‌ ഭാര്യയെയും ചേച്ചിയേയും അടുത്ത്‌ കണ്ട ഒരു പാത്രക്കടയിലേക്ക്‌ കയറ്റിയിട്ട്‌ ‘ആവശ്യമുള്ള സാധനങ്ങൾ എടുത്ത്‌ വെക്കൂ അപ്പോളേക്കും ഞാൻ അവളെയും കൂട്ടി എത്താം’ എന്ന് പറഞ്ഞ്‌ ഞാൻ പോയി.
അവളെയും കൂട്ടി നടന്ന് വരുന്ന വഴി അവളാണു പറഞ്ഞത്‌, വർഷങ്ങൾക്ക്‌ മുമ്പ്‌ അവളുടെ വീട്ടിൽകൂടലിനു പാത്രങ്ങൾ വാങ്ങാൻ അച്ഛന്റെ കൂടെ വന്നതും, അച്ഛന്റെ ഒരു ചങ്ങാതീന്റെ കടയിൽ നിന്ന് സാധങ്ങൾ വാങ്ങിയതും, പൈസ തികയാതെ വന്നപ്പോളും “ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളൂ മോളെ ന്റെ ബാലാട്ടന്റെ മോളല്ലേ” എന്നൊക്കെ പറഞ്ഞ്‌ ബാക്കി കൊടുക്കാനുള്ള പൈസ പിന്നെയും കുറേ ദിവസം കഴിഞ്ഞ് കൊടുത്തതും, ഒക്കെ പറഞ്ഞ്‌ അവൾ കണ്ണു നിറച്ചപ്പൊ അറിയാതെ എന്റെ കണ്ഠവും ഇടറിയിരുന്നു.
അല്ലെങ്കിലും അച്ഛനെ നഷ്ടപ്പെട്ട മക്കൾക്ക്‌ അച്ഛനെക്കുറിച്ചുള്ള എല്ലാ ഓർമ്മകളും കണ്ണീരണിയിക്കും.
അവൾ പറഞ്ഞ കടയിൽ നിന്ന് തന്നെ വാങ്ങിയാൽ മതിയെന്ന ഉദ്ദേശത്തോടെ ഞാനും അവളും അവൾക്ക്‌ മാത്രം അറിയുന്ന ആ മുഖച്ഛായ ഉള്ള ആളെ ഇരുവശങ്ങളിലെയും കടകളിൽ തിരയാൻ തുടങ്ങി.
പലരും കട പൂട്ടാനുള്ള തയ്യാറെടുപ്പിൽ സാധനങ്ങൾ ഉള്ളിലേക്ക്‌ എടുത്ത്‌ വെക്കുന്നതിനിടയിലും ഞങ്ങളെ മാടി വിളിക്കുകയും ‘എന്ത്‌ വേണം എന്ത്‌ വേണം’ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പെട്ടെന്നാണു ചെറിയ ഒരു താടി വച്ച്‌ മുണ്ട്‌ ഇടത്തോട്ട്‌ മടക്കി കുത്തി, ഞങ്ങളുടെ അച്ഛനെ പോലെ ഇത്തിരി മുന്നോട്ട്‌ കുനിഞ്ഞ്‌ മധ്യവയസ്കനായ ഒരാളെ കാണിച്ചിട്ട്‌ അവൾ പറഞ്ഞത്‌. “ഏട്ടാ ദേ അയാളാണെന്ന് തോന്നുന്നു എന്ന്”. അവൾക്ക്‌ ശരിക്ക്‌ ഉറപ്പില്ലായിരുന്നതിനാലും എല്ലാ കടകളിലും അന്വേഷിച്ച്‌ മുഷിഞ്ഞതിനാലും, ‘ഇനി ഇപ്പൊ ഇത്‌ ആയാലും അല്ലെങ്കിലും ഇവിടുന്ന് വാങ്ങാം’ എന്ന ഉദ്ദേശത്തിൽ ഞങ്ങൾ കൂടുതൽ ഒന്നും അന്വേഷിച്ചില്ല. പക്ഷെ എന്തോ നിമിത്തം കണക്കെ ഞാൻ സാധങ്ങൾ നോക്കി വെക്കാൻ പറഞ്ഞ്‌ ഭാര്യയെയും ചേച്ചിയേയും കയറ്റി വിട്ടത്‌ ആ കടയിലേക്ക്‌ തന്നെ ആയിരുന്നു.
പുറത്ത്‌ നിന്ന് നോക്കുമ്പോൾ ഉള്ളത്ര ചെറുതല്ല,അകത്ത്‌ നല്ല സൗകര്യമുള്ള അതിവിശാലമായ കട. അടുക്കളയിലേക്കും വീട്ടാവശ്യത്തിനുമുള്ള ഏകദേശം എല്ലാ സാധനങ്ങളും ആ കടയിൽ തന്നെ ഉണ്ടായിരുന്നു. ഉള്ളിൽ മൂന്നാലു പേർ ഞങ്ങൾക്ക്‌ ആവശ്യമുള്ള സാധനങ്ങളൊക്കെ തരം തിരിച്ച്‌ എടുത്ത്‌ തരുമ്പോളും, ‘വിലയും ക്വാളിറ്റിയും പറഞ്ഞ്‌ തരാനും, വ്യത്യാസങ്ങൾ മനസ്സിലാക്കി തരാനും’ മറ്റുള്ളവർ അയാളെ വിളിക്കുകയും അയാൾ വളരെ വിശ്വാസപൂർവ്വം സംശയങ്ങൾ നിവർത്തി തരികയും ചെയ്ത്‌ തരുന്നതിൽ നിന്ന് എനിക്ക്‌ മനസ്സിലായി അത്‌ കടയുടെ ഉടമ തന്നെ ആണെന്ന്.
സാധനങ്ങൾ, പ്രത്യേകിച്ച്‌ അടുക്കളസാധനങ്ങൾ പെണ്ണുങ്ങളെ തന്നെ ഏൽപിച്ചത്‌ കൊണ്ട്‌, ഒരു വലിയ പർച്ചേസിംഗ്‌ നടന്ന വകയിലെ സാധനങ്ങൾ ഒരു മൂലയിലേക്കിട്ട്‌ മറ്റ്‌ രണ്ട്‌ പേർ ചേർന്ന് വിലയിടുകയാണു. അതിനിടയിലാണു എന്നിലെ ‘അൽപം വിലക്കുറവ്‌ കിട്ടിയാലോ’ എന്ന സ്വാർത്ഥത പുറത്തേക്ക്‌ ചാടിയത്‌.
ഞാൻ അയാളോട്‌ പെങ്ങളെ ചൂണ്ടി കാണിച്ച്‌ “ഇവളെ അറിയോ?” എന്ന് ചോദിച്ചു.
സംശയത്തോടെ ഓർമ്മിച്ചെടുക്കാൻ അയാൾ ശ്രമിക്കുന്നതിനിടയിലാണു ഞാൻ “ബാലാട്ടനെ അറിയ്യോന്ന്” ചോദിച്ചത്‌. സാധനങ്ങളുടെ വിലയിടുന്ന നേരത്ത്‌ ഇത്തരം പല അടവുകളും കാണുന്ന ആൾ അത്രക്ക്‌ താൽപര്യമില്ലാതെ ഞങ്ങളെ നോക്കി ചോദിച്ചു “ഏത്‌ ബാലൻ”?.
ഞാൻ പറഞ്ഞു
‘വന്ദന ഹോട്ടലിൽ’ സപ്ലൈയറായി ജോലി ചെയ്തിരുന്ന ബാലൻ.
ഇത്‌ കേട്ട മാത്രയിൽ അയാളെന്റെ കൈയ്യിൽ കടന്ന് പിടിച്ചു.
“ഊയീ ഞമ്മള ബാലാട്ടനെ അറിയ്യോന്നോ, എത്ര ചോറു വെളമ്പി തന്ന ബാലാട്ടനാണു, ബാലാട്ടന്റെ മക്കളാണോ, അറിയാഞ്ഞിട്ടാ മക്കളെ”.
എന്ന് പറഞ്ഞ്‌ അയാൾ വല്ലാതെ വികാരാധീനനായി.
അപ്പൊളേക്കും പെങ്ങളുടെ ഇരുകവിളുകളുകളിലും അരുവികളൊഴുകി ഇറങ്ങിയിരുന്നു.
കണ്ണീരിനെ കണ്ഠശുദ്ധിയിലൊളിപ്പിക്കാൻ ഞാനും എന്തോ ഞാനും സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒരു മൂന്നാലു മിനുട്ട്‌ മൂന്ന് പേരും വല്ലാത്ത ഒരു ഓർമ്മച്ചുഴിയിൽ അകപ്പെട്ട്‌ പോയി. “സാരമില്ല മക്കളെ” എന്ന്
തോളിൽ തട്ടി ഏറെ വാത്സല്യത്തോടെ ഞങ്ങളെ അയാൾ ആശ്വസിപ്പിച്ചു.
പെങ്ങൾക്ക്‌ പാത്രങ്ങളെടുക്കാൻ പോയതും ഒക്കെ അയാൾ ഓർമ്മിച്ചെടുത്ത്‌ പറയുന്നുണ്ടായിരുന്നു.
അതിനിടയിൽ സാധനങ്ങളുടെ വില എഴുതുന്നവരിൽ ഒരാൾ ഏതോ പാത്രത്തിന്റെ വിലയുടെ സംശയം ചോദിച്ചപ്പോൾ അയാൾ ഇത്തിരി കർശ്ശനമായി അയാളോട്‌ പറഞ്ഞു.
“നിങ്ങൾ സാധനം എടുത്ത്‌ എഴുതി വച്ചാ മതി വില ഞാനിട്ടോളാമെന്ന്.”
ഓരോ സാധനങ്ങളുടെയും വില ഇടുമ്പോൾ ഒന്നോ രണ്ടോ വട്ടം എഴുതി വീണ്ടും വെട്ടികുറച്ച്‌ ഏകദേശം ഇരുപതിനായിരത്തിലും മേലെ വരുമായിരുന്ന ബില്ല് അയാൾ പതിനഞ്ചായിരത്തി എണ്ണൂറ്റിചില്ലറ രൂപയാക്കി കൂട്ടി ബില്ല് തന്നു. പതിനാറായിരം രൂപ കൊടുത്ത എനിക്ക്‌ തൃപ്തി വരാത്തത്‌ പോലെ പിന്നെയും വെട്ടിത്തിരുത്തി ആയിരം രൂപ പിന്നെയും തിരിച്ച്‌ തന്നു.
സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റാനും മറ്റും സഹായിച്ച്‌ ഞങ്ങളെ കൂടെ നിൽക്കെ ഞാൻ ഔപചാരികതയുടെ പേരിൽ വീട്ടിൽകൂടലിനു ക്ഷണിച്ചു. ഉടൻ തന്നെ അയാൾ ഒരു പഴയ ബുക്കിൽ വീട്ടിൽ കൂടലിന്റെ ദിവസവും, വീട്ടിലേക്കുള്ള വഴിയും ഒക്കെ കുറിച്ച്‌ വെക്കുന്നുണ്ടെങ്കിലും ഓണത്തിന്റെ തലേദിവസം, കച്ചവടത്തിരക്കിനിടയിൽ അയാൾ അത്‌ മറക്കും എന്ന് ഞാൻ വിശ്വസിച്ചു.
വീട്ടിൽ കൂടൽ നേരിട്ട്‌ പറയാൻ പലരെയും വിട്ടുപോയിരുന്നു. ആകെ കിട്ടിയ ഏഴ്‌ ദിവസത്തെ ലീവ്‌, ആ സമയത്തെ തുടർച്ചയായ മഴ, അവസാനഘട്ടം വീട്ടിലെ പണിക്കാരുടെ തിരക്ക്‌ ഒക്കെ അതിനു കാരണമായി. ചില അടുത്ത ബന്ധുക്കളുടെ വീട്ടിൽ പോലും രാത്രി പത്ത്‌ മണി കഴിഞ്ഞിട്ടൊക്കെ ആയിരുന്നു ക്ഷണം.
പലരെയും ഫോൺ വിളിച്ചും മറ്റും ഷണിച്ചതും ഒക്കെ കാരണം കൃത്യമായി ‘ഇത്ര പേരുടെ ഭക്ഷണം’ എന്ന കണക്ക്‌ പാചകക്കാരനു കൊടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി.
എന്നാലും ഉള്ള ഒരു കണക്ക്‌ വച്ച്‌ ഞാൻ ആയിരത്തി ഇരുന്നൂറു പേരുടെ കണക്ക്‌ കൊടുത്തു. ചിലപ്പോൾ അത്‌ ആയിരത്തി നാനൂറായാൽ അതിനുള്ള കറികൾ കരുതാനും, ആവശ്യമാണേൽ ചോറു മാത്രം ഉണ്ടാക്കാനും അവർക്ക്‌ നിർദ്ദേശം കൊടുത്തു.
‘ക്ഷണിച്ചിട്ട്‌ വരുന്നവർക്ക് ഭക്ഷണം കിട്ടാതാവുന്നതിലും വലിയ നാണക്കേട്‌’ ഇല്ലാ എന്ന ഓർമ്മയിൽ ആളു കൂടിയാലും ഭക്ഷണം കുറയരുതെന്നായിരുന്നു ചിന്ത.
ചില കണക്ക്‌ കൂട്ടലുകൾ അങ്ങനാണു. ഒരു ചില നേരെം ഇത്തരം കണക്കുകൾ വായുവിൽ നിന്ന് എടുത്ത്‌ കൊടുക്കേണ്ടി വരും.
വീട്ടിൽ കൂടലിന്റെ ചടങ്ങുകളിലും, ആളുകൾ കൂടുമ്പോൾ ഉള്ള ബഹളത്തിൽ ബന്ധുക്കളും പ്രായമായവരും ഒക്കെ വീട്ടിലേക്ക്‌ കയറി വരുമ്പോൾ അവരെ കൈപിടിച്ച്‌ വീട്ടിലേക്ക്‌ ക്ഷണിക്കാൻ വടിവൊത്ത്‌ ഇസ്ത്രിരിയിട്ട വെള്ളമുണ്ടും ഷർട്ടുമിട്ട്‌ മുറ്റത്ത്‌ നിൽക്കുന്ന, ഇടക്കിടക്ക്‌ വന്ന് “നീ എന്തെങ്കിലും തിന്നിനാ”,
“ഇല്ല അച്ഛൻ തിന്ന്”
, “അല്ല നീ തിന്ന്”
ഒടുവിൽ എങ്കിൽ നമുക്കൊന്നിച്ച്‌ തിന്നാം” എന്നൊക്കെ പറയുന്ന എന്റെ അച്ഛൻ എവിടെയൊക്കയോ നേർത്തൊരു വേദനയായി ഇടക്കിടെ എന്നെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.
ഉച്ചക്ക്‌ ഏകദേശം ഒരു അറുന്നൂറോളം ആളുകൾ ഭക്ഷണത്തിനുണ്ടായിരുന്നു.
നമ്മുടെ നാട്ടിലെ വീട്ടിൽകൂടലിന്റെ പ്രത്യേകത രാത്രിയും ആളുകൾ ഉണ്ടാകും എന്നതാണെങ്കിലും ഏകദേശം ഏഴ്‌ മണി മുതൽ പ്രതീക്ഷിക്കാത്ത രീതിയിൽ ഒറ്റയ്ക്കും കുടുംബമായും ആളുകൾ വന്ന് തുടങ്ങി.
ഉണ്ടാക്കിയ ചോർ തീർന്ന് വീണ്ടും ഇരുന്നൂറു പേർക്ക്‌ ഉള്ള ചോറും കൂടി വച്ചു.
അതിൽ നിന്നും ഏകദേശം ഒരു നൂറുപേർ ഭക്ഷണം കഴിച്ചു, ഞാൻ ആകെ ബേജാറാവാൻ തുടങ്ങി ഇനിയും ഒരു നൂറാളുകൾ കൂടി വന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലുകളും ബന്ധുക്കൾ എടുത്ത്‌ ചവറ്റ്കൊട്ടയിലെറിയും, ഭക്ഷണമില്ലാതെ ആളുകളെ മടക്കി അയക്കുന്ന കാര്യം ആലോചിക്കാനേ വയ്യ. എങ്ങനെ എങ്കിലും ഈ രാത്രി ഒന്ന് കഴിഞ്ഞാൽ മതിയെന്ന് മനസ്സുരുകി പ്രാർത്ഥിച്ച്‌ പോയ നിമിഷങ്ങൾ…
പെട്ടെന്ന് ഒരു ബ്രേക്കിട്ടത്‌ പോലെ കൃത്യം പത്ത്‌ മണിക്ക്‌ ആളുകളുടെ വരവ്‌ നിലച്ചു. അടുത്ത ബന്ധുക്കളും വീട്ടുകാരും എല്ലാവരും ഭക്ഷണം കഴിച്ചു എന്ന് ഉറപ്പ്‌ വരുത്തി, അവസാനം ഭക്ഷണം കഴിക്കാൻ വേണ്ടി കൈയ്യും കഴുകി ഇരിക്കാൻ നോക്കുമ്പോളാ ഒരു സ്കൂട്ടർ വന്ന് വീടിനു മുന്നിൽ നിർത്തിയത്‌. ആരോ വിളമ്പുന്നവരോട്‌ വിളിച്ച്‌ പറഞ്ഞു
“നിർത്തല്ലെ രണ്ടാളും കൂടി ഉണ്ട്‌". ഇരുന്നിടത്ത്‌ നിന്ന് എഴുന്നേറ്റ്‌ ചെന്ന് നോക്കുമ്പോൾ അത്‌ അയാളായിരുന്നു.
അച്ഛന്റെ സുഹൃത്ത്‌.
ഉപചാരപൂർവ്വം രണ്ട്‌ പേരെയും ക്ഷണിച്ച്‌ വീട്ടിലേക്ക്‌ കൂട്ടി. വൈകിയതിനാൽ വീട്‌ കാണുന്നതിനും മുന്നെ അവരെ ഞാൻ നേരെ ഭക്ഷണത്തിനായി ക്ഷണിച്ചു.
കൂടെ വന്നയാൾ ‘ഷുഗറാണു ചോറു വേണ്ടെന്ന്’ പറഞ്ഞപ്പോൾ എന്നാ നീ പോയി “കിണ്ണത്തപ്പവും പായസവും കുടിച്ചോളൂ” എന്ന് അയാളെ കളിയാക്കി “മോൻ കഴിച്ചാ” എന്ന് എന്നോട്‌ ചോദിച്ചപ്പോൾ .
“ഇല്ല ഇനിയും ആരെങ്കിലും വന്നാലോ, കുറച്ച്‌ കഴിഞ്ഞ്‌ കഴിക്കാം എന്ന് പറഞ്ഞ്‌ ഞാൻ മാറി നിന്നു.
എല്ലാരെയും പരിചയപ്പെടുത്തി വീടൊക്കെ ചുറ്റികണ്ട്‌ “വളരെ നന്നായിട്ടുണ്ട്‌, നല്ലത്‌ വരട്ടെ” എന്ന് പറഞ്ഞ്‌ അയാൾ ഇറങ്ങി.
ഇനിയും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ ചടങ്ങിലെ അവസാനത്തെ അതിഥി അയാൾ ആയിരുന്നു.
പിന്നീട്‌ ആ പന്തലിൽ നിന്ന് ആരും ഭക്ഷണം കഴിച്ചില്ല.
ആരുടെയോ സാമീപ്യം പോലെ, ഏറെ കൊതിക്കുന്ന ആരുടെയോ ഇഷ്ടവും പേറി വന്ന് ഒരുപാട്‌ അനുഗ്രഹങ്ങളും തന്ന് പോയ ആ മനുഷ്യൻ ആരെയൊക്കെയോ ഓർമ്മിപ്പിച്ച്‌ കൊണ്ടേ ഇരുന്നു കുറേ ദിവസങ്ങളോളം…
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo