Slider

കടമ്പേറിയ നെല്ലി

0

സന്തോഷ് ഗംഗാധരൻ
Image may contain: 2 people, including Santhosh Gangadharan, people smiling, cloud, sky, ocean, beard, mountain, outdoor, nature and water
അലാറം അടിക്കുന്നത് കേട്ടാണ് അമല കണ്ണ് തുറന്നത്. കുറച്ചു നേരം അനങ്ങാതെ കിടന്നു. ഇന്നെന്താണ് ദിവസം? കോളജിൽ പോകേണ്ടേ? അപ്പോൾ തലയിൽ മന്ത്രണം എത്തി – ഇന്ന് ഞായറാഴ്ചയാണ് മോളേ, അമലേ!
വെറുതേ ഉറക്കം കളഞ്ഞു. എന്തിനാണാവോ ഇന്നലെ ഉറങ്ങുന്നതിന് മുമ്പ് അലാറം വച്ചത്? അഞ്ചു മണിയെ ആയിട്ടുള്ളു. ഇനിയിപ്പോൾ കിടന്നിട്ട് കാര്യമില്ല. പോയ ഉറക്കം തിരിച്ചു പിടിക്കാൻ സാധിക്കില്ല. എഴുന്നേൽക്കുക തന്നെ.
അമല എഴുന്നേറ്റ് പടിഞ്ഞാറ് ഭാഗത്തുള്ള ജനലിലേയ്ക്ക് നോക്കി. അത് തുറന്നിട്ട് ഒരു ഗുണവുമില്ല. അപ്പുറത്തെ വീട്ടിലെ ചുവരും അടച്ചിട്ട ജനലും മാത്രമേ കാണുകയുള്ളു. ഏറ്റവും സ്വകാര്യതയുള്ള മൂലയ്ക്കലെ മുറിയാണെന്ന് പറഞ്ഞിട്ടെന്ത് പ്രയോജനം! നിർഭാഗ്യവശാൽ പ്രകൃതിഭംഗി കോളനിയുടെ തെക്കും വടക്കും ആണ്. അവിടേയ്ക്ക് തുറക്കുന്ന ജനലുകൾ ഇല്ലാതെ പണിഞ്ഞ ആർക്കിടെക്റ്റിനെ കണ്ടാൽ രണ്ടെണ്ണം കൊടുക്കേണ്ടതാണ്. അയാൾ ഇനി ഈ വഴിയൊന്നും വരുമെന്ന് തോന്നുന്നില്ല.
എന്നാലും കിഴക്കുദിക്കുന്ന സൂര്യന്റെ പ്രകാശം ചുറ്റിത്തിരിഞ്ഞ് പടിഞ്ഞാറെ ജനലിൽ കൂടി അകത്തേയ്ക്ക് വരട്ടെയെന്ന് പ്രാർത്ഥിച്ച് അമല ജനൽ തള്ളിത്തുറന്നു.
അപ്പുറത്തെ കാഴ്ച കണ്ട് അമല അമ്പരന്നു.
XXX
അമലയുടെ അമ്മ ശാരദയുടെ ഏറ്റവും വലിയ ആനന്ദം വീടിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലാണ്. രണ്ട് കൊല്ലം മുമ്പ് കണ്ണൂരിൽ പോയപ്പോളാണ് ആദ്യമായി നാളുകളും മരങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയത്. ഓരോ നാളിനും ചേരുന്ന മരങ്ങളുണ്ട്. കളരിവാതുക്കൽ ഭഗവതിയെ തൊഴുന്നതിനോടൊപ്പം അതിന് ചുറ്റും നട്ടിരിക്കുന്ന മരങ്ങളെ പറ്റിയുള്ള അറിവും പകർന്നു തന്നു, കൂടെയുണ്ടായിരുന്ന കളരിയാശാൻ.
പക്ഷേ, കളരിവാതുക്കൽ ക്ഷേത്രത്തിന് ചുറ്റം നട്ട് പിടിപ്പിച്ച മരങ്ങൾ എന്തൊക്കെയാണെന്ന് അവിടെ എഴുതി വയ്ക്കാത്തതിനാൽ അതിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചില്ല.
പിന്നീട് ആനകൊട്ടിൽ കാണാനായി കോടനാട് പോയപ്പോളാണ് അവിടെ നട്ടിരിക്കുന്ന മരങ്ങളും അതിനനുയോജ്യമായ നാളുകളും എഴുതിവച്ചിരിക്കുന്നത് കണ്ടത്. അതെല്ലാം മൊബൈലിൽ പകർത്തി.
മരത്തൈകൾക്കായി ഒരു നാൾ മണ്ണൂത്തിയിൽ പോയി. അങ്ങനെ വീടിന്റെ പിന്നാമ്പുറത്ത് നിരയായി നാല് തൈകൾ നട്ടു.
വിജയന്റെ ഉത്രാടം നാളിന് വേണ്ടി പ്ലാവ്. ശാരദയുടെ മകം നാളിനായി പേരാൽ. അമലയ്ക്ക് നെല്ലി മരം ഭരണി നാളിനെ കുറിക്കാൻ. പിന്നെ രാജീവന്റെ തിരുവോണത്തിന് എരുക്കും. നാല് തൈകളും വേര് പിടിച്ച് വളരാൻ തുടങ്ങിയിരിക്കുന്നു.
ബാക്കിയുള്ള ഇരുപത്തിമൂന്ന് നാളുകളുടേയും ഇഷ്ടമരങ്ങൾക്കായി ശാരദ തെരച്ചിൽ തുടങ്ങിയതാണ്. പക്ഷേ, വിജയൻ സമ്മതിക്കാഞ്ഞത് കൊണ്ട് മാത്രം ആ പ്രൊജക്റ്റ് മാറ്റി വച്ചിരിക്കുന്നു എന്നേയുള്ളു. ഓരോ വീടിനും ഒരു പൂങ്കാവനം എന്ന മുദ്രാവാക്യത്തിന് പകരം ശാരദാലയത്തിന് ഒരു വനം എന്ന് തിരുത്തേണ്ടി വരുമെന്ന് ബാക്കി മൂന്നുപേരും കളിയാക്കിയിരുന്നു. ഒന്നാലോചിച്ചാൽ അത് ശരിയാണെന്ന് ശാരദയ്ക്കും തോന്നിയിരുന്നു. ഇതിൽ പറയുന്ന മിക്ക മരങ്ങളും വനവൃക്ഷങ്ങൾ തന്നെയാണ്.
അമ്മയുടെ ഈ മരങ്ങളോടുള്ള പ്രേമം ഒരു പരിധി വരെ നന്നെന്ന് അമലയ്ക്കും തോന്നായ്കയില്ല. പക്ഷേ, അവൾക്കിഷ്ടം എന്നും പൂക്കളോടായിരുന്നു. പ്രത്യേകിച്ചും റോസാപ്പൂക്കളോട്. വീടിന് മുന്നിലെ റോസ് ഗാർഡൻ അമലയ്ക്ക് സ്വന്തം.
രാജീവന് പിന്നെ പഠിത്തമല്ലാതെ വേറൊന്നിനോടും ഒരു പ്രതിപത്തിയില്ലായിരുന്നു. ‘എരുക്കും കരിക്കും തിരിച്ചറിഞ്ഞു കൂടാത്ത ചെക്കൻ’ എന്നായിരുന്നു അനിയനെ പറ്റി അമലയുടെ അഭിപ്രായം. അവന്റെ മുഖത്തു നോക്കി അത് പറഞ്ഞാലും അവന് യാതൊരു ഭാവഭേദവും ഉണ്ടാകില്ല. അവന്റെ സ്വഭാവത്തിന് പറ്റിയ നാൾമരം തന്നെ എരുക്ക്!
അച്ഛന് പിന്നെ അച്ഛന്റെ ജോലി. ഓഫീസിൽ തീർക്കാൻ പറ്റാത്തത് വീട്ടിലും കൊണ്ട് വന്ന് ചെയ്യുന്നത് കാണാം. മൊത്തത്തിൽ നാല് പേരും നാല് ലോകത്തെന്ന് തോന്നാമെങ്കിലും തീൻമേശയിൽ നാലാളും കർശനമായും ഒന്നിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്. ആശയവിനിമയത്തിന്റെ ഇരുപത് മിനിറ്റുകളായിരുന്നു അത് എപ്പോഴും. മൂന്ന് നേരത്തെ ആഹാരമാകുമ്പോൾ ഒഴിവ് ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം കൂടിയിരുന്ന് സംസാരിക്കാൻ അവസരം.
കോഴിക്കോട്-കണ്ണൂർ പരിപാടിയൊരുങ്ങിയത് തീൻമേശയിൽ നിന്നാണ്. അതുപോലെ തന്നെ ഇരിങ്ങോൾക്കാവ്-കോടനാട്-പാണിയെലി പോര് യാത്രയ്ക്ക് അരങ്ങൊരുങ്ങിയതും അവിടെ നിന്ന് തന്നെ. ടിവിയുടെ മുമ്പിലിരുന്ന് ആഹാരം കഴിക്കുന്നതിനോട് നാലാൾക്കും ഒരേ പോലെ എതിർപ്പായിരുന്നു. അങ്ങനെ ഈ ഒരു കാര്യത്തിൽ ഒത്തൊരുമയോടെ അവർ നീങ്ങി.
അപ്പോഴാണ് അടുത്ത വീട്ടിൽ പുതിയ കൂട്ടർ ചേക്കേറിയത്. അച്ഛനും അമ്മയും ഒരു മകനും. മകന് ഒമാനിലെ മസ്ക്കറ്റിൽ ജോലി.
XXX
അമല അടുത്ത വീട്ടിലെ ജനലിനരികിൽ കണ്ട കാഴ്ചയിൽ അത്ഭുതം പൂണ്ട് നിന്നു. ജനൽപ്പടിയിൽ ഒരു ചെടിച്ചട്ടിയിൽ നിൽക്കുന്ന റോസാച്ചെടി. അതിൽ വിടരാറായ ഒരു പൂമൊട്ടും.
ആ റോസാപ്പൂവിനെ തൊടാനെന്നവണ്ണം അവൾ കൈ നീട്ടി. അവളുടെ കൈയ്യിൽ ആദ്യത്തെ മഴത്തുള്ളികൾ പൊടിഞ്ഞ് വീണു. പെട്ടെന്ന് അനുഭവപ്പെട്ട തണുപ്പിൽ അവൾ കൈ പിൻവലിച്ചെങ്കിലും വീണ്ടും കൈ പുറത്തേയ്ക്ക് നീട്ടി. ഇത്തവണ റോസിന് വേണ്ടിയായിരുന്നില്ല. മഴവെള്ളം കൈയ്യിൽ സ്വീകരിക്കാനായിരുന്നു.
മഴ ചെറിയ തോതിൽ പെയ്യാൻ തുടങ്ങിയിരുന്നു. മഴ തന്ന ആഹ്ലാദത്തിൽ അല്പ സമയത്തേയ്ക്ക് അവൾ അങ്ങേ വീട്ടിലെ അത്ഭുത റോസാപ്പൂവിനെ വിസ്മരിച്ചു. മഴക്കാലത്ത് മഴ പെയ്യുന്നതൊരു അത്ഭുതമല്ല. എങ്കിലും മഴ എപ്പോഴും അമലയ്ക്ക് ഉത്തേജനം ആയിരുന്നു. ഇന്നത്തെ ദിവസത്തിന്റെ തുടക്കം കൊള്ളാം – പൂമൊട്ടിനോടൊപ്പം മഴയും!
എങ്കിലും അപ്പുറത്തെ വീട്ടിലെ അത്ഭുത റോസ് എങ്ങനെ വന്നെന്ന് അറിയുവാൻ ഒരു ആകാംക്ഷ അമലയിൽ വളർന്നു. അവിടെ പോയി ലളിതാന്റിയോട് ചോദിക്കാം. നേരം നല്ലവണ്ണം ഒന്ന് വെളുക്കട്ടെ.
മഴ പെയ്തുകൊണ്ടേയിരുന്നു. ഞായറാഴ്ച ആയതിനാൽ എല്ലാവരും മഴയിൽ കുതിർന്ന ഒരു ഒഴിവ് ദിവസത്തിന്റെ ആലസ്യത്തിൽ ആണ്ടു. പുറത്ത് കടയിൽ പോകാൻ ഭാര്യമാർ ആവശ്യപ്പെടുകയില്ലെന്ന നിശ്ചയത്തിന്റെ ഉത്സാഹത്തിലായിരുന്നിരിക്കണം ഭർത്താക്കന്മാർ.
ഒഴിവ് ദിവസമാണെങ്കിലും എട്ട് മണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്ന പതിവായിരുന്നു ശാരദാലയത്തിൽ. ഇന്നും ആ പതിവ് തെറ്റിക്കാതെ നാലാളും മേശയ്ക്ക് ചുറ്റുമെത്തിയിരുന്നു.
“മഴയായതുകൊണ്ട് ഇന്ന് പുതിയ മരങ്ങളൊന്നും നടുന്നില്ലായിരിക്കും!” എന്നുമെന്ന പോലെ ഭാര്യയുടെ നേരെ ആദ്യത്തെ അസ്ത്രം എയ്തുകൊണ്ടാണ് വിജയൻ ഭക്ഷണം കഴിക്കുവാൻ തുടങ്ങിയത്.
“കൂടുതൽ മരങ്ങൾ നട്ട് വനമാക്കിയാൽ പിന്നെ കാനന ഛായയിൽ ആട് മേയ്ക്കാൻ പോയി നിങ്ങൾ ഒരു രമണൻ ആയി മാറിയാലോ? അതുകൊണ്ട് വേണ്ടാന്ന് വച്ചു.” ശാരദയും നല്ല സംസാര മൂഡിലായിരുന്നു. കാലത്തെ പെയ്ത് തുടങ്ങിയ മഴ എല്ലാവരിലും ഉത്സാഹം വർദ്ധിപ്പിച്ചിരിക്കുന്നു.
“ഒരു നാൾമരം കൂടി വയ്ക്കാൻ സ്ഥലം കണ്ട് വയ്ക്കേണ്ടേ?” വിജയൻ ചോദിച്ചു.
അച്ഛൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അമലയ്ക്ക് മനസ്സിലായി. പക്ഷേ, അത് അമ്മയുടെ തലയിലെത്തിയെന്ന് തോന്നുന്നില്ല.
“നമ്മൾ നാലാളല്ലെയുള്ളു. പിന്നെന്തിനാണാവോ അഞ്ചാമത്തെ ഒരെണ്ണം? എന്താണ് വയസ്സുകാലത്ത് ഒന്നു കൂടി കെട്ടാനുള്ള ഭാവമുണ്ടോ?” ശാരദ ഗൗരവം വിടാതെ തന്നെ ചോദിച്ചു.
വിജയൻ അമലയ്ക്ക് നേരെ നോക്കി തല കുലുക്കി. “ഈ കടമ്പ കടക്കണ്ടേ?”
അമലയുടെ നിസ്സംഗഭാവം കണ്ടപ്പോൾ ശാരദയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“അതിന് നിങ്ങൾ ബുദ്ധിമുട്ടണമെന്നില്ല. ഞാൻ കണ്ടുപിടിച്ചോളാം.” അമലയും സംസാരത്തിലെ ഹാസ്യത്തിന് ഭഗ്നം വരാതെ പറഞ്ഞു. തീൻമേശയ്ക്കു ചുറ്റുമിരുന്നുള്ള ഇത്തരം രസകരമായ സംഭാഷണങ്ങളായിരുന്നു ആ കുടുംബത്തിന്റെ ജീവനാഡി.
“കണ്ടുപിടിക്കുന്നതൊക്കെ കൊള്ളാം. നാള് നോക്കി പ്രേമിച്ചാൽ മതി. അല്ലെങ്കിൽ അമ്മ ബുദ്ധിമുട്ടും. മണ്ണൂത്തിയിൽ കിട്ടുന്ന മരമായിരിക്കണം എന്ന് മാത്രം.” വിജയൻ ശാരദയെ വിടാനുള്ള ഭാവമില്ലായിരുന്നു.
“മണ്ണൂത്തിയിൽ കിട്ടിയില്ലെങ്കിൽ സാരമില്ല അമ്മേ. ഞാൻ ആമസോണിൽ നിന്നും വരുത്തിച്ച് തരാം.” അമല അമ്മയുടെ പക്ഷം ചേർന്നു.
പുറത്ത് മഴ കനത്തു തുടങ്ങിയിരുന്നു. ആകാശം ഇരുട്ടടച്ചു തന്നെ നിന്നു. മഴ ഉടനെ കുറയാനുള്ള ഭാവമില്ലെന്നു തോന്നിച്ചു.
“ഹായ് നല്ല മഴ. ഇത്തവണയെങ്കിലും ഒരു വെള്ളപ്പൊക്കം കാണുവാൻ പറ്റിയിരുന്നെങ്കിൽ എന്ത് രസമായിരുന്നു!” അത്രയും നേരം മിണ്ടാതെയിരുന്ന രാജീവനായിരുന്നു അത്.
“അതേ, ചെക്കന് വെള്ളപ്പൊക്കം കാണാത്തതിന്റെ കുറവേയുള്ളു. മലവെള്ളത്തിന്റെ ശക്തിയെ പറ്റി അറിയാഞ്ഞിട്ടാണ്.” ശാരദ രാജീവന് നേരെ കടുപ്പിച്ചു. തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തെ പറ്റി അമ്മാമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് കരിമ്പാടവും ചേന്ദമംഗലവുമൊക്കെ വെള്ളത്തിനടിയിൽ പോയതാണ്. അതിന് ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതായിട്ടേ കേട്ടിട്ടുള്ളു. അതുകൊണ്ട് കർപ്പകം ഗാർഡനിൽ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കുകയേ ഉണ്ടായില്ല.
പറവൂർ നിന്നും ചേന്ദമംഗലത്തേയ്ക്ക് പോകുമ്പോൾ പാലം കടന്നയുടനെയായിരുന്നു ഈ പുതിയ വീട്ടുകൂട്ടം. ടൗണിൽ പോകാനും അമ്പലത്തിൽ പോകാനും സൗകര്യം. നല്ല അയൽപക്കം. ഇടയ്ക്കിടെ എല്ലാ വീട്ടുകാരുടേയും ഒത്തുചേരൽ. എല്ലാം കൊണ്ടും മനസ്സിനിണങ്ങിയ സ്ഥലം. കുട്ടികൾക്കും സന്തോഷമായി.
“വെള്ളം വന്നാൽ നല്ലതല്ലെ. അമ്മയുടെ മരങ്ങൾ പെട്ടെന്ന് വളർന്ന് വലുതാകും.” രാജീവനും അമ്മയെ കളിയാക്കാനാണെങ്കിൽ നാക്കിന് നീളം കുറവില്ലായിരുന്നു.
“നീ നോക്കിക്കോ, നിനക്ക് ഉത്രട്ടാതി നക്ഷത്രക്കാരിയെ തന്നെ ഞാൻ കണ്ടുപിടിക്കുന്നുണ്ട്. എന്നിട്ട് വേണം ഒരു കരിമ്പന നടാൻ.” അമ്മയുടെ ദേഷ്യം ബാക്കി മൂന്നുപേരിലും ചിരിയാണ് വരുത്തിയത്.
“അത് നല്ലതാണ്. കരിമ്പനയിൽ താമസിക്കാൻ ഒരു യക്ഷി ഇപ്പോഴേ ഇവിടെയുണ്ട്.” വിജയൻ വിടാതെ ശാരദയുടെ പുറകേ തന്നെ.
“എന്നെ അതിന് കണക്കാക്കേണ്ടാ. ആ പഴയ വിജയത്തിനെ കൂട്ടിക്കൊണ്ട് വന്നോളു.” അമ്മയുടെ മർമ്മത്തുള്ള ഞോണ്ടലിൽ അമലയും രാജീവും ചിരിച്ച് തകർത്തു.
“വിജയൻ ആന്റ് വിജയം! കേൾക്കാൻ തന്നെ ഒരു രസമുണ്ട്! വിജയനും ദാസനും പോലെ ആകാതിരുന്നാൽ മതിയായിരുന്നു.” അമല അമ്മയുടെ ചുവട് പിടിച്ചു.
വഴിക്കുളങ്ങരെയുണ്ടായിരുന്ന വിജയവുമായുള്ള വൺവേ പ്രേമത്തിന്റെ കഥ ഇവരോടെല്ലാം തമാശയ്ക്ക് പറഞ്ഞത് അബദ്ധമായിയെന്ന് വിജയന് തോന്നി.
“പിന്നെ ഒരു വിജയം! അവളെ ഞാനെന്നേ മുഖത്തു നോക്കി ഉപേക്ഷിച്ചതാണ്. അവളെങ്ങനെ കരിമ്പന കയറാൻ വരും. അതുകൊണ്ടല്ലേ ഞാൻ മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയെ തന്നെ പിടികൂടിയത്.” വിജയൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
“അതാണിപ്പോൾ ഭേഷായത്. മലയാറ്റൂരെങ്ങനെ കരിമ്പാടത്തെത്തി?” ശാരദ ശബ്ദത്തിൽ ഒരു പുച്ഛരസം വരുത്തി.
“അയ്യയ്യോ, അമ്മേ, യക്ഷി സിനിമയിൽ ശാരദയായിരുന്നില്ലേ യക്ഷിയായിട്ട്. അതിത്ര പെട്ടെന്ന് മറന്നുപോയോ?” അമലയ്ക്ക് മലയാള സിനിമയെ പറ്റി നല്ല വിവരമായിരുന്നു.
“അപ്പുറത്തെ ലളിതയുടെ മകൻ പ്രണവ് വന്നിട്ടുണ്ട്. മസ്കറ്റിൽ നിന്നും ഒരു മാസത്തെ ലീവിന്.” കരിമ്പന സംഭാഷണം പന്തിയല്ലെന്ന് കണ്ട് ശാരദ വിഷയം മാറ്റി.
പ്രണവ് – നല്ല പേര്. ഓംകാരമന്ത്രം. അമലയുടെ മനസ്സിൽ ജനാലപ്പടിയിലെ പുതിയ റോസാച്ചെടി ഓടിവന്നു. പുതിയ ആളുടെ വരവോടെ അടുത്ത വീട്ടിൽ പൂക്കളുടെ വരവായെങ്കിൽ, ആ പുതിയ ആൾ ഒരു സുന്ദരൻ ആയിരിക്കും. തനിക്കിഷ്ടമുള്ള റോസ് തന്നെ വച്ചത് എന്തിന്റെയെങ്കിലും ഒരു നിമിത്തമായി കൂടെന്നില്ല.
“മോഹൻ പറഞ്ഞിരുന്നു, മകൻ വരുന്ന കാര്യം. കർപ്പകത്തിലേയ്ക്ക് മാറിയിട്ട് ആദ്യത്തെ വരവാണ്. മഴ മാറിയിട്ട് നമുക്ക് അവിടം വരെയൊന്ന് പോകാം.” വിജയൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു.
അമലയും ഉടനെ എഴുന്നേറ്റ് പാത്രം കഴുകി വച്ചിട്ട് മുറിയിലേയ്ക്ക് പോയി. ജനലരികിൽ ചെന്നാൽ പുതിയ ആളെ കാണാമെന്നുള്ള പ്രതീക്ഷയിലായിരുന്നു അവൾ.
പുറത്ത് മഴ നിൽക്കാതെ പെയ്യുക തന്നെയായിരുന്നു. ആഗസ്റ്റ് മാസത്തിൽ മഴ അവസാനിക്കുന്നതിന് മുമ്പ് നല്ലവണ്ണം പെയ്ത് തീർക്കാൻ ഒരുമ്പെട്ടിറങ്ങിയ പോലെ തോന്നിച്ചു. ഇടയ്ക്കിടെ മഴയുടെ ഘനം കുറയുന്നത് കണ്ടു. പക്ഷേ, അടുത്ത നിമിഷത്തിൽ തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയും. വലിയ വീടുകളിലുള്ളവർ മഴ ആസ്വദിച്ചിരിക്കുമ്പോൾ പുഴയ്ക്കരികിലും തോടിന്റെ വക്കത്തും താമസിച്ചിരുന്നവർ അവരവരുടെ ചെറിയ കൂരക്കുള്ളിൽ ‘അരുതാത്തതൊന്നും വരുത്തല്ലേ ദൈവമേ’ എന്ന് പ്രാർത്ഥിച്ച് ഒതുങ്ങിക്കൂടി.
അമല തുറന്നിട്ടിരുന്ന ജനലിനരികിൽ ചെന്ന് നിന്നു. മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ട്. അടുത്ത വീട്ടിലെ റോസാച്ചെടി കാറ്റത്താടി കൊണ്ടിരിക്കുന്നത് കാണാൻ ഒരു സുഖം. ഇതിന്റെ ഉടമസ്ഥൻ വരാതിരിക്കില്ല.
അമല രണ്ടു കൈയ്യും പുറത്തേയ്ക്കിട്ട് മഴവെള്ളം പിടിച്ചു. എന്നിട്ട് ആ വെള്ളം മുഖത്ത് ഒഴിച്ചു. മുഖം കഴുകി കണ്ണ് തുറന്നപ്പോൾ അതാ അപ്പുറത്തെ ജനലിക്കൽ ഒരു മുഖം. അയാൾ അമലയെ നോക്കി ചിരിക്കുകയാണ്. “എന്താ വീട്ടിലെ പൈപ്പിൽ വെള്ളമില്ലേ?” അയാൾ ചോദിച്ചു.
പെട്ടെന്ന് താൻ പ്രതീക്ഷിച്ചിരുന്ന ആളെ മുമ്പിൽ കണ്ട ചമ്മലിൽ നിന്നും രക്ഷപ്പെടാനായി അമല മുഖം ഒന്നുകൂടി കൈകൊണ്ട് തുടച്ചു. “മഴ കണ്ടപ്പോഴുള്ള ഒരു ത്രിൽ.”
“അമല. നല്ല പേര്.” അയാൾ പറഞ്ഞു. “ഞാൻ പ്രണവ്.”
പ്രണവ് – വിചാരിച്ച പോലെ സുന്ദരൻ തന്നെ. “ഹായ്. എന്റെ പേരെങ്ങനെ മനസ്സിലായി?”
“റോസാച്ചെടികളെ സ്നേഹിക്കുന്ന അമലയെ അറിയാത്തവർ ആരാ ഉള്ളത്! വീട്ടിലെത്തിയപ്പോൾ മുതൽ അമ്മയുടെ വായിൽ നിന്നും അമലയെ പറ്റിയുള്ള വിവരണമാണ്. ഇപ്പോൾ കണ്ടപ്പോൾ അമ്മ പറഞ്ഞതപ്പടി സത്യമെന്ന് മനസ്സിലായി.”
തനിയ്ക്ക് വേണ്ടിയാണ് ജനൽപ്പടിയിലെ റോസാച്ചെടിയെന്ന് അമലയ്ക്ക് മനസ്സിലായി. “അമ്മ എന്താണാവോ പറഞ്ഞു തന്നത്?”
പ്രണവ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ പറ്റുന്നതിന് മുന്നെ അടുക്കളയിൽ നിന്നും അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടു. “അമലേ, വേഗം ഇങ്ങ് വന്നെ.”
പ്രണവിനോട് ‘പിന്നെ കാണാം’ എന്ന് ആംഗ്യം കാട്ടിയിട്ട് അമല തിരിഞ്ഞു നടന്നു. തന്റെ കൈയ്യിൽ ആദ്യം പൊടിഞ്ഞു വീണ മഴത്തുള്ളികൾ പോലെ തന്റെ മനസ്സിൽ അനുരാഗത്തിന്റെ ആദ്യനാമ്പുകൾ വിരിയുന്നത് അമല അറിഞ്ഞു.
തൊടിയിൽ മുഴുവൻ വെള്ളം കെട്ടാൻ തുടങ്ങിയിരിക്കുന്നു. അടുക്കള ഭാഗത്തായിരുന്നു കൂടുതൽ. അതാണ് ശാരദ അമലയെ വിളിച്ചത്. വർക്ക് ഏരിയയിലെ വാതിൽപ്പടിയിൽ കൂടി വെള്ളം അകത്ത് കടക്കാതിരിക്കാനായി കുറേ പഴയ തുണികഷണങ്ങൾ വച്ച് അടക്കാനായിരുന്നു അവരുടെ ശ്രമം.
അതിനിടയിൽ മഴ തോർന്നു. കുറച്ചു നേരമായി നിർത്താതെ പെയ്യുന്ന മഴയിൽ ഒരു ശമനം കണ്ടപ്പോൾ ശാരദയ്ക്ക് സമാധാനമായി. മുറ്റത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഇനി വലിഞ്ഞുകൊള്ളും. തെക്കുവശത്ത് നട്ടിരുന്ന മരത്തൈകളുടെ പകുതിയോളം വെള്ളം എത്തിയിരുന്നു.
പിന്നീട് വൈകുന്നേരം വരെ മഴ പെയ്യാതെ ആകാശം കാർമേഘാവൃതമായി തന്നെ നിന്നു. അതിനിടയിൽ ചുറ്റിനും കെട്ടിക്കിടന്നിരുന്ന വെള്ളമെല്ലാം ഒഴുകിയും വലിഞ്ഞും അപ്രത്യക്ഷമായി.
വൈകുന്നേരം വിജയനും കുടുംബവും അപ്പുറത്തെ വീട്ടിലെത്തി, പുതിയ കഥാപാത്രത്തെ പരിചയപ്പെടാനായി. എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോഴും അമലയുടെ കണ്ണുകൾ പ്രണവിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിച്ചു പഠിക്കുകയായിരുന്നു. ബാക്കിയുള്ളവർ കാണാതെ ഇടയ്ക്കിടയ്ക്ക് തന്റെ നേരെ പ്രണവിന്റെ കണ്ണുകൾ നീളുന്നതായി അമലയ്ക്ക് മനസ്സിലായി. അന്ന് രാത്രി തിരിച്ച് വീട്ടിലെത്തുമ്പോഴേയ്ക്കും അമലയുടെ ഹൃദയത്തിൽ ഓംകാരധ്വനി വർണ്ണങ്ങൾ വിരിയിച്ചിരുന്നു.
രാത്രി വീണ്ടും മഴ പെയ്യാൻ തുടങ്ങി. വെളുക്കുന്നത് വരെ മഴയുടെ താണ്ഡവം തന്നെയായിരുന്നു.
കോളനിയുടെ മുമ്പിലുള്ള റോഡിൽ മുഴുവൻ കണങ്കാലിനൊപ്പം വെള്ളം കെട്ടി നിൽക്കുന്നു. ശാരദാലയത്തിന് ചുറ്റും ഒരു തടാകം തീർത്തു രാത്രി മഴ. ഭാഗ്യത്തിന് രാവിലെ മഴ പെയ്യണോ വേണ്ടയോ എന്ന സംശയത്തിൽ പെയ്യാതെ നിന്നു.
“നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട കരയെ ദ്വീപ് എന്ന് പറയുന്നു.” രാവിലെ എഴുന്നേറ്റ് വന്നയുടനെ രാജീവൻ ഉറക്കെ പ്രഖ്യാപിച്ചു. “അതുകൊണ്ട് ഞാനിന്ന് കോളജിൽ പോകുന്നില്ല.”
പക്ഷേ, വിജയൻ കാറെടുത്ത് തന്റെ ഓഫീസിലേയ്ക്ക് പോയി. അമല അമ്മയെ സഹായിക്കാൻ കൂടി. എങ്കിലും അവളുടെ മനസ്സ് തന്റെ ജനാലയ്ക്കരികിൽ തന്നെയായിരുന്നു.
അതിനിടയിൽ കൊച്ചി വിമാനത്താവളം ഒരു ദിവസത്തേയ്ക്ക് പ്രവർത്തനം നിർത്തി വച്ചതായി വാർത്ത വന്നു. ചെങ്കൽത്തോട് നിറഞ്ഞ് റൺവേയിലെല്ലാം വെള്ളം നിറഞ്ഞതായിരുന്നു കാരണമായി പറഞ്ഞത്. മഴ പെയ്യാതെ നിന്നാൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് പ്രവർത്തനം പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
പക്ഷേ, മഴ മനുഷ്യരുടെ വരുതിയിൽ അല്ലല്ലോ. അത് അതിന്റെ ഇഷ്ടപ്രകാരം പെയ്യുകയോ പെയ്യാതിരിക്കുകയോ ചെയ്യും. ഉച്ചയോടെ വീണ്ടും മഴ തന്റെ കലാപരിപാടികൾ ആരംഭിച്ചു.
അമല തന്റെ മുറിയിലെ ജനലിനരികിൽ ഇടയ്ക്കൊക്കെ വന്ന് നോക്കിയിരുന്നു. പക്ഷേ, പ്രണവിനെ കണ്ടുകിട്ടിയില്ല. അപ്പോഴാണ് അവൾക്ക് ഒരു കുസൃതി തോന്നിയത്. ഒരു കടലാസ്സിൽ ‘ഓംകാരം’ എന്നെഴുതി അതിനെ ഒരു ‘ആരോ’ ആക്കി അപ്പുറത്തെ തുറന്നിട്ട ജനലിലൂടെ പ്രണവിന്റെ മുറിയിലേയ്ക്ക് തെന്നിച്ചു. എപ്പോഴെങ്കിലും പ്രണവ് അത് കാണാതിരിക്കില്ലെന്ന് അമലയ്ക്ക് ഉറപ്പുണ്ടായിരുന്നു. തന്റെ സന്ദേശത്തിന്റെ അർത്ഥം മനസ്സിലാക്കുമോ എന്നേ ഒരു സന്ദേഹമുണ്ടായിരുന്നുള്ളു.
മൂന്ന് മണിയോടെ വിജയൻ തിരിച്ചെത്തി. മഴവെള്ളം പല സ്ഥലത്തും കയറി തുടങ്ങിയതായി വിവരം ലഭിച്ചത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ ഓഫീസുകളിൽ നിന്നും ഇറങ്ങിത്തുടങ്ങി. സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു.
പല അണക്കെട്ടുകളുടേയും മൂന്നും നാലും ഷട്ടറുകൾ വീതം തുറന്നിരിക്കുന്നു. ചാലക്കുടിയിലും ആലുവായിലും പട്ടണത്തിലേയ്ക്ക് വെള്ളം കയറി. പെരിയാർ കര കവിഞ്ഞൊഴുകുന്നു. ഇങ്ങനെ പല വാർത്തകളുമായിട്ടാണ് വിജയൻ വന്നത്. അപ്പോഴും മഴ ഉടനെ ശമിക്കാതിരിക്കില്ല എന്നൊരു വിശ്വാസത്തിലായിരുന്നു ജനം. എത്രയോ കൊല്ലങ്ങളായി മഴ പലതരത്തിലും പെയ്യുകയും പെയ്യാതിരിക്കുകയും ചെയ്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.
അമല തന്റെ മുറിയിലേയ്ക്ക് വീണ്ടും കയറി. കുറച്ചുനേരം എന്തെങ്കിലും വായിക്കാമെന്ന ചിന്തയിലായിരുന്നു. അറിയാതെ ജനലിൽ കൂടി അപ്പുറത്തേയ്ക്ക് നോക്കി. ആരുമില്ല. ഇന്നെന്ത് പറ്റിയാവോ? ചിലപ്പോൾ താൻ വിചാരിച്ച പോലെ ഒന്നുമുണ്ടാകില്ല. ഇനിയിപ്പോൾ താൻ എഴുതിയത് ഇഷ്ടപ്പെട്ടില്ലെന്ന് വരുമോ?
അപ്പോഴാണ് കാലിൽ എന്തോ തടഞ്ഞത്. താൻ എറിഞ്ഞ കടലാസ്സ്. ചെറിയൊരു നെഞ്ചിടിപ്പോടെ അതെടുത്ത് നോക്കി. താൻ എഴുതിയതിന് താഴെ നല്ല വടിവൊത്ത കൈപ്പടയിൽ എഴുതിയിരിക്കുന്നു. ‘നെല്ലിയ്ക്ക് കൂട്ടായി ഒരു കടമ്പ് നടാൻ അമ്മയോട് പറഞ്ഞു കൂടേ?’
അമലയുടെ മനസ്സ് വല്ലാത്തൊരു ആഹ്ലാദതിമിർപ്പിൽ നൃത്തം ചെയ്തു.
അവൾ തന്റെ നോട്ട്ബുക്കെടുത്ത് നാൾമരങ്ങളുടെ ലിസ്റ്റ് നോക്കി. കടമ്പ് ചതയം നാളിന്റെ മരമാണ്. ഭരണിയ്ക്ക് പറ്റിയ നാൾ തന്നെ ചതയം.
അമല ജനലിനടുത്തേയ്ക്ക് നീങ്ങി നിന്നു. കൈ വായയ്ക്ക് ഇരുവശവുമായി ചുറ്റി പിടിച്ചിട്ട് ശബ്ദം കുറച്ച് വിളിച്ചു. “ഓം....ഓം...”
ശബ്ദം അധികം പരന്നു പോകാതെ അപ്പുറത്തെ ജനലിൽ കൂടി അവിടെയുള്ള ആൾക്ക് മാത്രം കേൾക്കാൻ പാകത്തിനായിരുന്നു ആ വിളി. പ്രണവിന് അത് മനസ്സിലാവുമെന്ന് അമലയ്ക്കുറപ്പായിരുന്നു.
താമസിയാതെ അമലയുടെ മനസ്സിൽ തെളിഞ്ഞ ആ മുഖം അപ്പുറത്തെ ജനലരികിൽ എത്തി.
“എന്താണ് അംല മന്ത്രം ജപിച്ചുകൊണ്ടിരിക്കുന്നത്?”
“അംലയല്ല, അമലയാണ്.” പേര് ശരിക്ക് മനസ്സിലായില്ലെന്നുണ്ടോ?
“അതെനിക്കറിയാം. പക്ഷേ, നാളിന് യോജിപ്പ് അംലയല്ലേ? നെല്ലിക്ക. ആദ്യം കയ്ക്കും പിന്നം മധുരിക്കും.” പ്രണവ് പുഞ്ചിരിച്ചു.
അമല തലയാട്ടി. അംലയെങ്കിൽ അംല. വർത്തമാനം പറയാൻ ആളെ കിട്ടിയല്ലോ. അതു മതി.
“ഈ കടമ്പ് എന്താണ് സാധനം? ഞാനിതു വരെ കണ്ടിട്ടില്ല. മണ്ണൂത്തിയിൽ കിട്ടുമോ എന്തോ?”
“മണ്ടി. അറിഞ്ഞു കൂടാത്ത സാധനങ്ങൾ മനസ്സിലാക്കാനല്ലേ ഗൂഗിൾ.”
കാറ്റിന് ശക്തി കൂടി വന്നു. മഴയും തകർത്തു പെയ്യാൻ തുടങ്ങി. മഴചാറ്റൽ ജനലു വഴി അകത്തേയ്ക്ക് തെറിച്ചു. കാറ്റിന്റേയും മഴയുടേയും ശബ്ദത്തിൽ സംസാരം കേൾക്കാൻ ദുസ്സഹമായി.
“ജനലടച്ച് അകത്തേയ്ക്ക് പൊയ്ക്കൊള്ളു. ഇവിടെ നിന്ന് മഴ കൊള്ളണ്ട.” പ്രണവ് മഴയുടെ ശബ്ദത്തിന്റെ മുകളിൽ ഒച്ചയുയർത്തി പറഞ്ഞു.
അമല തലയാട്ടികൊണ്ട് ജനൽപാളികൾ വലിച്ചടച്ചു. ബാക്കിയുള്ള ജനലും വാതിലുമെല്ലാം അടയ്ക്കണം. അവൾ തിരക്കിട്ട് തിരിഞ്ഞ് നടന്നു. ധൃതിയിലുള്ള നടത്തത്തിൽ വലത് കാൽപാദം കട്ടിലിന്റെ കാലിൽ തട്ടി. മുന്നോട്ടുള്ള ആയത്തിൽ പാദം വളഞ്ഞു. പുളയുന്ന വേദന കാലിൽ കൂടി ശരീരമാസകലം പ്രസരിച്ചു.
എന്നാലും വേദന സാരമാക്കാതെ അമല അടുക്കളയിൽ അമ്മയെ സഹായിക്കാൻ എത്തി. അപ്പോഴേയ്ക്കും കാറ്റും മഴയും പ്രകമ്പനം കൊണ്ടിരുന്നു.
എല്ലാ ജനലുകളും വാതിലുകളും അടച്ചതിന് ശേഷം നാലാളും സ്വീകരണമുറിയിൽ ഒത്തുകൂടി. ടിവി ഓണാക്കി വാർത്തകൾ കേൾക്കാൻ ആരംഭിച്ചു.
മഴ അതിന്റെ തേരോട്ടം തുടരുകയാണ് എല്ലായിടത്തും. കൊച്ചി വിമാനത്താവളം ഒരാഴ്ചയിലേയ്ക്ക് അടച്ചിടുമെന്ന ശ്രുതി സത്യമായിരുന്നു. എല്ലാവരോടും ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ഇടുക്കി അണക്കെട്ടിന്റേയും ഷട്ടർ തുറക്കേണ്ടി വരുമെന്നു കൂടി മുന്നറിയിപ്പ് വന്നു.
ഇടയ്ക്ക് കറണ്ട് പോകുകയും പിന്നീട് വരുകയും ചെയ്തു. ഈ കാറ്റത്തും മഴയത്തും കറണ്ട് പോയാൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. രാത്രി പത്തു മണിയോടെ മഴ ഒരുവിധം ഒതുങ്ങി. കാറ്റിനും ശമനമായി.
ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ലെന്ന സമാധാനത്തോടെയാണ് അവർ ഉറങ്ങാൻ കിടന്നത്. അപ്പുറത്തെ വീട്ടിലേയും വിളക്കുകൾ അണയുന്നത് കണ്ടുകൊണ്ട് അമല കിടക്കയിൽ അമർന്നു.
വലതു കാലിന്റെ പാദം ചെറിയ വേദന തരുന്നുണ്ടായിരുന്നെങ്കിലും അത് കാര്യമാക്കാതെ അമല ഉറക്കത്തിലേയ്ക്ക് വഴുതി വീണു. മനസ്സിൽ കടമ്പ് എന്താണെന്ന് അറിയാനുള്ള ആഗ്രഹം ഊറി നിന്നു.
XXX
പതിവ് പോലെ അമല അഞ്ച് മണിയ്ക്ക് തന്നെ ഉണർന്നു. കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്ന് കണ്ണുകൾ തുറക്കുന്നതിന് മുമ്പ് ഇന്നത്തെ ദിവസം എന്താണ് ചെയ്യാനുള്ളതെന്ന് ആലോചിച്ചു. പക്ഷേ, എന്തെങ്കിലും മനസ്സിൽ എത്തുന്നതിന് മുമ്പേ തന്നെ കണ്ണുകൾ തുറന്നു. താഴേയ്ക്ക് നിവർത്തിയ കാലുകൾ നനഞ്ഞിരിക്കുന്നു.
അമല തറയിലേയ്ക്ക് നോക്കി. മുറിയിൽ മുഴുവൻ വെള്ളം കയറിയിരിക്കുന്നു. അവൾ എഴുന്നേറ്റ് ലൈറ്റിട്ടു. കണങ്കാലിനൊപ്പം വെള്ളം. “അമ്മേ” എന്ന് വിളിച്ച് മുറിയ്ക്ക് പുറത്തേയ്ക്ക് നടക്കാൻ ശ്രമിച്ചു. അപ്പോഴാണ് കാലിന്റെ വേദന ശരിയ്ക്കും പിടികൂടിയത്. എങ്കിലും വലത് കാല് വലിച്ച് വച്ച് നടന്നു.
അമ്മയും മുറിയ്ക്ക് പുറത്തെത്തിയിരിക്കുന്നു. അവർ വിജയനേയും രാജീവനേയും ഉണർത്തി. ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കിയപ്പോൾ മനസ്സിലായി കോളണി മുഴുവൻ വെള്ളം കയറിയിട്ടുണ്ടെന്ന്. രാത്രി മഴ അധികം പെയ്തില്ലെങ്കിലും അണക്കെട്ടിൽ നിന്നും തുറന്നു വിട്ട വെള്ളമായിരിക്കണം ഇതിന് കാരണം.
മഴ പെയ്യാത്തതുകൊണ്ട് സാവധാനം വെള്ളം താഴ്ന്നുകൊള്ളുമെന്ന് വിജയൻ പറഞ്ഞു. എന്തായാലും വിലപ്പെട്ട സാധങ്ങളെല്ലാം അവർ അലമാരകളുടെ മുകളിലേയ്ക്ക് എടുത്തു വച്ചു.
വീട്ടിനകത്ത് വെള്ളം കയറിയത് കൊണ്ട് അധികം നടക്കാതെ കഴിച്ചുകൂട്ടി. ഇടയിൽ അമല തന്റെ മുറിയിൽ എത്തിയപ്പോൾ അടുത്ത വീട്ടിലെ ജനൽ തുറന്നു കിടക്കുന്നത് കണ്ടു. തലേന്ന് ചെയ്ത പോലെ അമല കൈ രണ്ടും വായയ്ക്ക് ഇരുവശവും കുഴലുപോലെ പിടിച്ച് ‘ഓം ...’ എന്ന് വിളിച്ചു.
അധികം താമസിയാതെ പ്രണവ് അപ്പുറത്തെത്തി. “അമലാ, അമ്മയോട് കടമ്പിനെ പറ്റി ചോദിച്ചപ്പോൾ കണ്ണൂരിലുള്ള കടമ്പേരി അമ്പലത്തിനെ പറ്റി പറഞ്ഞു തന്നു. അമ്മയുടെ വീട് ഇരുട്ടിയാണ്. അവിടെ നിന്നും വലിയ ദൂരമില്ല.”
“അതെന്താ കടമ്പ് മരമുള്ള സ്ഥലമാണോ?”
“പണ്ടുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കണ്ടു കിട്ടാൻ പ്രയാസമാണ്.”
“പിന്നെന്ത് കാര്യം? കാണാൻ അവിടെ പോയിട്ടും ഫലമില്ലല്ലോ!”
“കടമ്പേരിയമ്പലത്തിന്റെ ഐതിഹ്യമാണ് രസം. പണ്ട് യോഗമായ നഗ്നയായി അവിടുത്തെ ഒരു കടമ്പ് വൃക്ഷത്തിലിരുന്ന് ഊഞ്ഞാലാടുമ്പോൾ അതുവഴി വന്ന ഒരു തിരുമേനി തന്റെ ഉത്തരീയം എറിഞ്ഞ് കൊടുത്തെന്നും പുടവ കൊടുത്തത് കൊണ്ട് ദേവി തിരുമേനിയെ ഭർത്താവായി കരുതി കൂടെച്ചെന്നെന്നും അദ്ദേഹം ദേവിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നെ കടമ്പേരി അമ്പലമായതെന്നുമാണ് പറയുന്നത്”
“നല്ല കഥ. എന്നെ അങ്ങനെ ഊഞ്ഞാലാടാനൊന്നും കിട്ടുകയില്ലാട്ടോ. പുടവ തരാൻ മുന്നിലെ ഗേറ്റ് കടന്ന് വന്നാൽ മതി.” അമല പുഞ്ചിരിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി പ്രണവിനെ ഇടിയ്ക്കുമെന്ന് കാണിച്ചു.
പ്രണവ് കൈ രണ്ടും പൊക്കി. രണ്ടാളും ചിരിക്കുന്നതിനിടയിൽ ശാരദ വിളിക്കുന്നത് കേട്ടു. അതോടെ അമല കൈ രണ്ടും തൊഴുന്ന പോലെ ചേർത്ത് പിടിച്ച് ‘ബൈ’ പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് കടന്നു.
ഉച്ച വരെ വീട്ടിലെ അടുക്കലും ഒതുക്കലുമായി സമയം നീങ്ങി. അതിനിടയിൽ വിജയൻ മോഹനായിട്ടും ലളിതയായിട്ടും ഇനിയങ്ങോട്ട് എന്താണ് വേണ്ടതെന്നെല്ലാം ചർച്ച ചെയ്തു. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്തു.
ഇനിയും വെള്ളത്തിന്റെ നില ഉയരുകയാണെങ്കിൽ എല്ലാവരും കൂടി വീടുകൾ പൂട്ടിയിറങ്ങണമെന്ന കൂട്ടായ ഒരു തീരുമാനത്തിലെത്തി കോളനിവാസികൾ. അവരുടെ അടുത്തുള്ള ക്യാമ്പുകൾ ടൗൺഹാളിലും പുല്ലുങ്കുളം സ്കൂളിലുമാണെന്ന വിവരവും കിട്ടിയിരുന്നു.
അമല അമ്മയോട് പറഞ്ഞ് കാലിൽ മുറിവെണ്ണ പുരട്ടിത്തിരുമ്മി. അത് തല്ക്കാലം വേദനയ്ക്കൊരു ആശ്വാസം നൽകി.
ഉച്ചയായപ്പോഴേയ്ക്കും വീണ്ടും ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അതോടെ മുറിയിലെ ജലനിരപ്പും ഉയർന്നു. കാറിന്റെ ടയറിന്റെ പൊക്കത്തിൽ വെള്ളം എത്തിക്കഴിഞ്ഞിരുന്നു.
വിജയനും ശാരദയും എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥയിലായിരുന്നു. ഇനിയിപ്പോൾ കാറ് വെളിയിലേയ്ക്ക് എടുക്കാൻ പറ്റില്ലെന്നുറപ്പായി. അവർ ഓരോ ചെറിയ പെട്ടികളിൽ അത്യാവശ്യം വേണ്ടതെല്ലാം എടുത്ത് വച്ചു.
ബാക്കി വീട്ടുകാരും വീടുകൾ അടച്ചു പൂട്ടി പെട്ടികളുമായി പുറത്തേയ്ക്കിറങ്ങി. എല്ലാവരും കൂടി നടന്ന് പറവൂർക്ക് കടക്കാമെന്ന് തീരുമാനിച്ചു.
അപ്പോഴാണ് അമല പറഞ്ഞത് തനിക്ക് നടക്കുവാനേ പറ്റുന്നില്ലെന്ന്. കാൽപാദം നല്ലവണ്ണം നീര് വച്ച് വീർത്തിരുന്നു. ഒരു കാല് വലിച്ച് വച്ച് പറവൂർ വരെ നടക്കുകയെന്നത് അസാദ്ധ്യം.
അമലയുടെ സ്ഥിതി കണ്ടയുടനെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാർ ചേർന്ന് കോളനിയിലെ കേറ്ററിംഗ് കമ്പനിയുടമ ബീരാനിക്കയുടെ വീട് തുറന്ന് ഒരു ബിരിയാണിച്ചെമ്പുമായി എത്തി. അമലയെ അതിൽ കയറ്റി ഇരുത്തി. എല്ലാവരും നടക്കുന്നതിന്റെ കൂടെ ചെമ്പും മുന്നോട്ട് നീങ്ങി.
എല്ലാവരും നടക്കുമ്പോൾ താൻ മാത്രം ചെമ്പിൽ യാത്ര ചെയ്യുന്നതിൽ അമലയ്ക്ക് വല്ലായ്മ തോന്നിയെങ്കിലും ഈയൊരവസരത്തിൽ അഭിമാനം വിചാരിച്ചിട്ട് കാര്യമില്ലെന്ന് സ്വയം വിശ്വസിച്ച് മിണ്ടാതെ അതിൽ ഇരുന്നു. പ്രണവിനെ ആയിരുന്നു അമലയുടെ കണ്ണുകൾ തെരഞ്ഞിരുന്നത്.
നേരെ പുറകിൽ നിന്നും വളരെ പതിഞ്ഞ സ്വരത്തിൽ ‘അംല’ എന്ന വിളി കേട്ട് തിരിഞ്ഞപ്പോൾ അമല പ്രണവിനെ കണ്ടു. തന്നെ വിട്ടുപിരിയാതെ തൊട്ടരികിൽ തന്നെ നിൽക്കുന്ന തന്റെ ഓംകാരം.
കോളനിയിൽ നിന്നും പുറത്തു കടന്ന് ആ സംഘം പറവൂർക്കുള്ള റോഡിലെത്തി. കൂട്ടത്തിലെ ചെറപ്പക്കാർ എല്ലാവരേയും ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു, “അടിയൊഴുക്കുള്ള വെള്ളമാണ്. കാലുകൾ ഉറപ്പിച്ച് ചവുട്ടി വേണം നടക്കാൻ. പറവൂർക്കുള്ള പാലം കടക്കുവോളം നല്ലവണ്ണം സൂക്ഷിക്കണം. ഒഴുക്കിൽ പെട്ടാൽ പെരിയാറിലായിരിക്കും എത്തുക. നീന്തൽ അറിഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. ഭാഗ്യവും കൂടെയുണ്ടാകണം.”
അവർ ഏകദേശം പാലത്തിനടുത്തെത്തിയിട്ടുണ്ടാകും. അപ്പോഴാണ് അത് സംഭവിച്ചത്.
വടക്ക് പടിഞ്ഞാറ് നിന്ന് പെട്ടെന്ന് വെള്ളം വലിയ ശക്തിയോടെ അലയടിച്ച് വന്ന് എല്ലാവരേയും തള്ളിക്കൊണ്ട് എതിർ ദിശയിലേയ്ക്ക് പാഞ്ഞു. വെള്ളത്തിന്റെ അപ്രതീക്ഷിതമായ തള്ളിച്ചയിൽ പലരും തപ്പിത്തടഞ്ഞ് താഴെ വീണെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ഓരോരുത്തരായി എഴുന്നേറ്റു.
പെട്ടെന്നുണ്ടായ ബഹളം ഒന്നടങ്ങിയപ്പോഴാണ് പ്രണവിന്റെ ശബ്ദം ഇടിയൊച്ച പോലെ മുഴങ്ങിയത്. “അയ്യോ, അമലയെവിടെ?”
വിജയനും ശാരദയും ഉറക്കെ വിളിച്ചു. “അമലേ!” പക്ഷേ, വിളി കേൾക്കാൻ അമലയെ ചുറ്റിനെവിടേയും കാണാനില്ലായിരുന്നു. ആ മലവെള്ളപ്പാച്ചിലിൽ ചെമ്പിനോടൊപ്പം അമലയും ഒഴുക്കിൽ പെട്ട് അപ്രത്യക്ഷയായിരുന്നു.
XXX
ശാരദാലയത്തിലെ തീൻമേശയ്ക്ക് ചുറ്റും എല്ലാവരും ഇരുന്നു. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കഷ്ടപ്പാടുകളുടെ പാരവശ്യം അവരുടെയെല്ലാം മുഖത്ത് പ്രതിഫലിച്ചു.
“പ്രണവ് അന്ന് അമലയുടെ പിറകേ ചാടാഞ്ഞത് ഭാഗ്യം. അത്രയും ശക്തിയുള്ള ഒഴുക്കിൽ നല്ലൊരു നീന്തൽക്കാരനു പോലും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല.” വിജയൻ എല്ലാവരോടുമായി പറഞ്ഞു.
“നമ്മുടെ കോളനിയിലെ ചെറുപ്പക്കാരെ സമ്മതിക്കണം. എത്ര പെട്ടെന്നാണ് വഞ്ചിയുമായി എത്തിയത്.” മോഹൻ പറഞ്ഞത് എല്ലാവരുടേയും മനസ്സിലുള്ളത് തന്നെയായിരുന്നു. “വെള്ളത്തിന്റെ നിരപ്പ് കൂടുകയാണെങ്കിൽ ഉപയോഗിക്കാൻ അവർ അതും തെയ്യാറാക്കി നിർത്തിയിരുന്നു.”
“ആ ചെമ്പ് എന്തുകൊണ്ടാണ് നേരെ കിഴക്കോട്ട് ഒഴുകാഞ്ഞതെന്നാണ് എന്റെ സംശയം. അന്ന് രാത്രി മുഴുവൻ പെരിയാറിന് നേരെ വഞ്ചിയിൽ പോയിട്ട് കാണാഞ്ഞപ്പോൾ ഞാൻ കരുതിയത് എല്ലാം അവസാനിച്ചു എന്നാണ്.” അത് പറയുമ്പോൾ പ്രണവിന്റെ ശബ്ദം ഇടറി.
“നീ ഞങ്ങളെയൊക്കെ തീ തീറ്റിച്ചു പെണ്ണേ!” ശാരദ അത് പറഞ്ഞപ്പോൾ എല്ലാവരുടേയും കണ്ണുകൾ മേശയുടെ ഒരു തലയ്ക്കൽ ഇരുന്നിരുന്ന അമലയുടെ നേരെ തിരിഞ്ഞു.
അമല ചെറുതായിട്ടൊരു പുഞ്ചിരി ചുണ്ടുകളിൽ വരുത്തി. അന്നത്തെ ദിവസം ഒരു ഞെട്ടലോടെ മാത്രമേ ഓർക്കുവാൻ കഴിയുകയുള്ളു. ഇന്നിവിടെ എല്ലാവരുടേയും ഒപ്പം ഇരിക്കുന്നത് അച്ഛനമ്മമാർ ചെയ്ത പുണ്യം!
അമലയേയും കൊണ്ട് ആ ചെമ്പ് ഒഴുക്കിൽ പെട്ട് അതിവേഗത്തിൽ പാലത്തിന്റെ കുറുകെ കിടക്കുന്ന തോട്ടിൽ കൂടി പാഞ്ഞു. ചെമ്പിൽ നിന്നും തെറിച്ച് പോകാതിരിക്കാൻ അവൾ കൈകൾ രണ്ടും കൊണ്ട് അതിന്റെ അരികിൽ മുറുക്കിപ്പിടിച്ചു.
വടക്ക് പടിഞ്ഞാറ് നിന്നു വന്ന വെള്ളപ്പാച്ചിലായതിനാൽ അത് തോട് കുറുകെ കടന്ന് തെക്കോട്ട് പോകുന്ന പഷ്ണിത്തോട്ടിലാണ് ചെന്നു കയറിയത്. അതുകൊണ്ട് മാത്രമാണ് അമല രക്ഷപ്പെട്ടതും.
തോടും കരയും ഒന്നായി കിടന്നിരുന്നു. എപ്പോഴെന്നറിഞ്ഞില്ല ചെമ്പ് മറിഞ്ഞ് അമല വെള്ളത്തിലായി. ആ ഒഴുക്കിലെപ്പോഴോ അവളുടെ കൈകൾ ഒരു മരത്തിന്റെ തടിയിൽ തടഞ്ഞു. കുറേ നേരം ആ മരത്തിൽ പിടിച്ച് കിടന്നു. പിന്നെ ഒരുവിധം ശക്തി സംഭരിച്ച് അതിന് മുകളിൽ കയറിപ്പറ്റി. രണ്ട് ശിഖരങ്ങളുടെ ഇടയിൽ ഇരുന്നതേ ഓർമ്മയുള്ളു. പിന്നെ ഉണരുന്നത് ആശുപത്രി കിടക്കയിലാണ്.
അന്നത്തെ രാത്രിയിൽ അമലയെ കിട്ടാതെ അന്വേഷണസംഘം തിരിച്ച് പുല്ലുങ്കുളം സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ എത്തി. പിറ്റേന്ന് രാവിലെ വീണ്ടും പ്രണവിന്റെ നേതൃത്വത്തിൽ അവർ അന്വേഷണം പുനരാരംഭിച്ചു. ഉച്ചയായിട്ടും അമലയെ കണ്ടുകിട്ടാഞ്ഞത് കൊണ്ട് അവർ പഷ്ണിത്തോട്ടിലൂടെ തെക്കോട്ട് യാത്ര ചെയ്തു. അങ്ങനെ ഏതാണ്ട് വാണിയക്കാടിന് അടുത്തെത്തിയപ്പോഴാണ് വെള്ളം ഇറങ്ങിയ ഒരു ചതുപ്പിൽ കിടക്കുന്ന അമലയെ കണ്ടെത്തിയത്.
പ്രണവ് വഞ്ചിയിൽ നിന്നും ചാടിയിറങ്ങി അമലയെ വാരിയെടുത്തു. തണുത്ത് വിറച്ചിരുന്ന അവളെ തന്റെ ഷർട്ടൂരി പുതപ്പിച്ച് വഞ്ചിയിലേയ്ക്ക് കയറ്റി. ബോധമില്ലാതിരുന്ന അമലയെ നേരെ താലൂക്കാശുപത്രിയിലെത്തിച്ചു. നാല് ദിവസം ബോധമില്ലാതെ പനി പിടിച്ച് കിടന്നു അവൾ.
കർപ്പകം ഗാർഡൻസിലെ വെള്ളമിറങ്ങിയപ്പോൾ അമലയേയും കൊണ്ടവർ ആശുപത്രി വിട്ടു. അപ്പോഴേയ്ക്കും അമലയുടെ പനി മാറി, സ്വബോധം വീണ്ട് കിട്ടിയിരുന്നു.
“പക്ഷേ, ഒന്ന് ചോദിക്കട്ടെ അമലേ. താൻ പറയുന്നു ഇയ്യാളൊരു മരത്തിന് മുകളിലായിരുന്നെന്ന്. താൻ കിടന്നിരുന്ന സ്ഥലത്തിനടുത്തൊന്നും മരങ്ങളില്ലായിരുന്നു. അതെങ്ങനെയാണ്?” പ്രണവിന് അമലയെ തിരിച്ചുകിട്ടിയത് ഒരത്ഭുതമായി തന്നെ നിന്നു.
“എനിയ്ക്ക് ഓർമ്മയുള്ളപ്പോൾ ഞാൻ മരത്തിന് മുകളിൽ ആയിരുന്നു. വിശന്നപ്പോൾ അതിൽ കണ്ട ഒരു ഉരുണ്ട പഴം പറിച്ച് തിന്നതും ഓർമ്മ വരുന്നു.” അമല ഉറപ്പിച്ചു പറഞ്ഞു.
“പിന്നീടെപ്പോഴെങ്കിലും ബോധം പോയപ്പോൾ കൈ വിട്ട് താഴെ വീണ് ഒഴുകി പോയതാവും.” ലളിത തന്റേതായ ഒരു വിശദീകരണത്തിനൊരുങ്ങി.
“കണ്ണീക്കണ്ട പഴമൊക്കെ പറിച്ച് തിന്നിട്ടാവും ബോധം പോയത്.” ശാരദയിലെ അമ്മ പുറത്തുവന്നു. “എന്ത് പഴമായിരുന്നു അത്?”
അമല ആലോചിച്ചു. എന്തായിരുന്നു താൻ തിന്ന പഴം? ഇതിന് മുമ്പ് കാണാത്ത ഒന്നായിരുന്നു. “ഉരുണ്ട ഒരു പഴം. അതിന്റെ പുറന്തോടിന് ചുറ്റും വെളുത്ത മെലിഞ്ഞ വടികൾ പോലെ ചെറിയ രോമങ്ങൾ നീണ്ട് നിന്നിരുന്നു.”
അത് കേട്ടയുടനെ ലളിതയിൽ നിന്നും ഒരു നെടുവീർപ്പുയർന്നു. “ദൈവമേ, കടമ്പ്! എന്റെ കടമ്പേരി ഭഗവതി!”
XXXXX
സന്തോഷ് ഗംഗാധരൻ
Santhosh Gangadharan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo