Slider

അല്ലിയിളം പൂവോ...

0
Image may contain: one or more people, beard and closeup
-------------------------------
അല്ലിയിളം പൂവോ.. ഇല്ലിമുളം തേനോ....
തന്റെ മടിയിൽ കിടന്ന് ഉറക്കത്തിലേക്ക് വഴുതി വീണ കുഞ്ഞിന്റെ ദേഹത്തിന്റെ ചൂട് ആസ്വദിച്ചു കൊണ്ട് സുമൻ കുഞ്ഞിനെ എടുത്ത് പതിയെ കട്ടിലിനടുത്തേക്ക്‌ നീങ്ങി. ചെറുതായി പാട്ടിന്റെ ശബ്ദം കുറച്ച് കൊണ്ട് കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ച് ഇടത്തെ കൈ കൊണ്ട് ഷീറ്റ് നേരെയാക്കി സുമൻ കുഞ്ഞിനെ പതിയെ കട്ടിലിൽ കിടത്തി..
സീത നൈറ്റ് ഡ്യൂട്ടിക്ക്‌ ഹോസ്പിറ്റലിൽ പോകുന്ന അവസരങ്ങളിൽ സുമൻ ആണ് കുഞ്ഞിനെ നോക്കാറുള്ളത്. ചിലപ്പോഴൊക്കെ അമ്മ കൂടെയുണ്ടാകും. എന്നാലും രാത്രിയിൽ സീത ഇല്ലെങ്കിൽ കുഞ്ഞ് സുമന്റെ കൂടെ കിടക്കാൻ വാശി പിടിക്കും... ഒരേയൊരു പ്രശ്നം, ചെറിയ ശബ്ദങ്ങൾക്ക്‌ പോലും കുഞ്ഞ് ഞെട്ടിയുണർന്നു കരയും എന്നതാണ്. അപ്പോഴൊക്കെ സുമന്റെ വജ്രായുധമായ താരാട്ടുപാട്ട് ആണ് അല്ലിയിളം പൂവോ..
കുഞ്ഞിനെ കിടത്തി, ഉലഞ്ഞു കിടന്ന ഷർട്ട് നേരെയാക്കി, തലയ്ക്ക് മുകളിൽ കിടന്ന ക്വിക് ഡ്രൈ ഷീറ്റ് എടുത്ത് കുഞ്ഞിന്റെ കാൽ പൊക്കി അടിയിൽ വിരിച്ച് ഒരു ചെറിയ ഫ്ലാനിൽ എടുത്ത് പുതപ്പിക്കുന്നതിനിടെ എത്ര ശ്രമിച്ചിട്ടും തികട്ടി വന്ന ഒരു തുമ്മൽ നിയന്ത്രിക്കാനായില്ല സുമന്..
ഒറ്റ ഞെട്ടലിൽ എഴുന്നേറ്റ കുഞ്ഞ് വീണ്ടും കരച്ചിൽ ആരംഭിച്ചു. ആദ്യമാദ്യം അമ്മയെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ ഏങ്ങലടി സുമൻ നിസ്സഹായനായി നോക്കി നിൽക്കെ നേർത്തു നേർത്തു നിശ്ശബ്ദമായി... കുഞ്ഞു കണ്ണുകളിൽ ആദ്യം കണ്ട സങ്കട ഭാവം പതിയെ ഭീതിയിലേക്ക്‌ ചുവടു വയ്ക്കുന്നത് ഒട്ടൽഭുതത്തോടെ സുമൻ ശ്രദ്ധിച്ചു. തന്റെ കൈകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞുകൈകളുടെ മുറുക്കം കൂടി വരുന്നു.. കുഞ്ഞിന്റെ കൈ കൊണ്ട് മുറുകെ പിടിച്ചിരിക്കുന്ന ഭാഗം വല്ലാതെ വിയർപ്പിൽ നനയുന്നു...
"എന്താ ബേബി.... എന്തിനാ ന്റെ മോൻ പേടിക്കണെ?" സുമൻ ചോദിച്ചു...
"ശ്.... അച്ചേ... ഒച്ച വെക്കല്ലേ.. അത് വരും...നമ്മളെ പിടിക്കും..."
"എന്ത്? ആര് വരും ന്നാ? മോൻ സ്വപ്നം കണ്ടോ?"
"അച്ചേ... ഒച്ച വെക്കല്ലെ...."
ഇത്രയും പറയുമ്പോഴേക്കും ഭയത്താൽ കുഞ്ഞിന്റെ മുഖം ചുവന്നു തുടുത്തിരുന്നു... തീക്കനൽ പോലെ കവിളുകൾ ജ്വലിച്ചു...കുഞ്ഞിനെ നോക്കാൻ സുമന് ഭയം തോന്നി..
"അച്ചേ.... അത് ഇപ്പൊ കേറി വരും... നമ്മളെ പിടിക്കും..."
"ഇല്ലെടാ.. ഇവിടെ നമ്മളല്ലാതെ ആരും ഇല്ലല്ലോ... പിന്നെ ആരു പിടിക്കും ന്നാ..?"
"അല്ലച്ചേ... മിണ്ടല്ലെ...അത് താഴെ ണ്ട്.. കേറി വരും... നമ്മളെ പിടിക്കും..."
അപ്പോഴേക്കും ശബ്ദം ഇടറി, ഒച്ച നഷ്ടപ്പെട്ട അവസ്ഥയിൽ കുഞ്ഞ് ആകെ പരിക്ഷീണനായി..സുമൻ പതിയെ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു ...
"അച്ച നോക്കട്ടെ... അച്ചയെ കണ്ടാ അത് ഓടിപ്പൊക്കൊള്ളും"
കുനിഞ്ഞ് മുട്ടുകുത്തി നിലത്തിരുന്ന് കട്ടിലിനടിയിലേക്ക് അയാൾ എത്തി നോക്കി...
കൂനിക്കൂടി പേടിച്ചു ചുരുണ്ട് വിറച്ചു കൊണ്ടിരിക്കുന്ന ഒരു രൂപം കട്ടിലിനടിയിൽ...ഉള്ളിൽ നിന്ന് ഒരാന്തലോടെ സുമൻ തിരിച്ചറിഞ്ഞു..
അത് സ്വന്തം മകൻ തന്നെയാണ്... അതേ കുഞ്ഞു ഷർട്ടും അതേ കുട്ടി നിക്കറും...
ഒരു നിമിഷാർദ്ധത്തിൽ ആ രൂപം തലയുയർത്തി ഒറ്റ വരവിന് സുമന്റെ കൈയിൽ മുറുകെ പിടിച്ചു...
പിന്നെ വിറച്ചു കൊണ്ട് അയാളോട് പതിയെ പറഞ്ഞു...
"അച്ചേ.... ഇങ്ങോട്ട് കേറിക്കോ... അത് .. അത്... കട്ടിലിനു മേളിലുണ്ട്.... നമ്മളെ പിടിക്കും...."
================ Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo