-------------------------------------------------
പച്ചനിറത്തിൽ വീതിയുള്ള അരപ്പട്ടയിലെ, മഞ്ഞനിറത്തിലുള്ള കീശയിൽ നിന്നും അഞ്ചുറുപ്പികയുടെ മുഷിഞ്ഞ നോട്ടെടുത്ത് ഹംസ എളയാപ്പ..
"മെയ്തീന്റെ പീടീന്ന് വെറ്റിലയും ഒരു ചെറിയ നല്ല പുകയിലയും വാങ്ങീറ്റ് വാ എന്ന ആജ്ഞ കലർന്ന ആവശ്യം എനിക്ക് നിരസിക്കാനാവില്ലായിരുന്നു.
പുകയില മണപ്പിച്ചു നോക്കി തൃപ്തിപ്പെട്ട എളയാപ്പ , വെറ്റില പത്തെണ്ണം തികച്ചുണ്ടോ എന്ന് എണ്ണി നോക്കി , വാട്ടമുള്ള ചെറുതായി മഞ്ഞിച്ചു തുടങ്ങിയ രണ്ട് വെറ്റിലകൾ മാറ്റിവെച്ചു, എന്നെ വീണ്ടും വിളിച്ചു "സൽമാ, ഏയ് സൽമാ, .. ഇവിടെ വാ"..
അനുസരണയുള്ള കുട്ടിയായി എളാപ്പയുടെ മുന്നിൽ ഹാജരായ എന്നോട് അയാൾ വീണ്ടും കല്പനാസ്വരം പുറപ്പെടുവിച്ചു..
"ഈ രണ്ട് വെറ്റില, കൊള്ളൂല , നീ പോയി ഇത് മൈതീന് മടക്കിക്കൊടുത്തിട്ട്, നല്ലത് രണ്ടെണ്ണം തരാൻ പറ",
എനിക്കതിൽ അതിശയമൊന്നും തോന്നിയില്ല. ഇതിങ്ങനെ എത്രയോ തവണ ചെയ്യേണ്ടി വന്നിട്ടുണ്ട്..
വെറ്റില തിരികെ കൊണ്ടുവന്നത് കണ്ട മൈതീൻ..
"നിന്റെ എളയാപ്പാക്ക് വെറ്റില വിൽക്കുകാന്ന് പറഞ്ഞാ , നമ്മള് എടങ്ങേറിലായീന്ന് പറഞ്ഞാ മതിയല്ലോ.. മൂപ്പർക്ക് വള്ളീന്ന് പറിച്ചെടുത്തപാടെ കിട്ടുന്ന വെറ്റില തന്നെ വേണം വായിലിട്ട് ചവക്കാൻ, ഞാനെന്താ വെറ്റില കൃഷി ചെയ്യുന്നുണ്ടോ ഇവിടെ ?, കിട്ടുന്നത് വിൽക്കുന്നൂന്നല്ലാതെ.. ", മൊയ്‌തീൻക്ക എന്നോട് തന്റെ അമർഷം രേഖപ്പെടുത്തി. ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഞാനൊന്നും മിണ്ടിയില്ല.
മാറ്റി വാങ്ങിയ വെറ്റിലയുമായി വീട്ടിലെത്തുമ്പോളേയ്ക്കും പോക്കുവെയിൽ പെട്ടെന്ന് മാഞ്ഞു, മഴക്കോള് കാണായി. ഇടിവെട്ടുംപോലെ എളയാപ്പയുടെ ശബ്ദം എന്നോടായി, ഉമ്മറത്ത് അലയടിച്ചു..
"എത്ര നേരായി നീ പോയിട്ട്, മഴക്കോളുണ്ട് , നീ സൈദിനെയും വിളിച്ച് , പെട്ടെന്ന് ആ കൊപ്പരയെല്ലാം കൊട്ടേലും ചാക്കിലുമാക്കി ചായ്പ്പിൽ കേറ്റ് , ഉമ്മാനേം വിളിക്ക് ",
പറമ്പിൽ ഫുട്ബോൾ കളിക്കാൻ പോയിരുന്ന, പത്ത് വയസ്സുകാരൻ സൈദ് ഇത്താത്തയുടെ വിളികേട്ട് മനസ്സില്ലാ മനസ്സോടെ ഓടിയെത്തി. ഇത്താത്ത വിളിച്ചില്ലായിരുന്നെങ്കിൽ മഴയത്തും അവൻ കളി തുടർന്നേനെ...
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മഴ തുടങ്ങിയത്, ഇന്നലെയും ഇന്നും നല്ല വെയിലുണ്ടായിരുന്നതിനാലാണ് കൊപ്രക്കായി ഉണക്കാനിട്ടിരുന്നത്.
ഞാനും , സൈദും, ഉമ്മ ബീഫാത്തുവും , മുളച്ചീളുകളിൽ ചകിരിക്കയറിനാൽ വലതീർത്ത വലിയ കൊട്ടകളിലും നൂൽച്ചാക്കുകളിലും കൊപ്രയാക്കാനായി ഉണക്കാനിട്ടിരിക്കുന്ന, ഭാഗികമായി ഉണങ്ങിത്തുടങ്ങിയ മുറിത്തേങ്ങകൾ വെപ്രാളപ്പെട്ട് നിറച്ചു കൊണ്ടിരുന്നു. ഇരമ്പലോടെ പെയ്യാൻ തുടങ്ങിയ മഴ ഞങ്ങളെയും മുറിത്തേങ്ങകളെയും നനക്കുന്നതിന് മുൻപേ ഞങ്ങൾ മുറ്റം കാലിയാക്കിയിരുന്നു!
എന്റെ ശരീരം വളർന്നപ്പോൾ, അടുക്കളയടുപ്പിൽ ഊതിക്കൊണ്ടിരിക്കുമ്പോൾ , ഒരു ദിവസം ഉമ്മ പറഞ്ഞു, ,
"സൽമാ , നാളെ മുതൽ നീ സ്‌കൂളിൽ പോകണ്ട , നീ ഇപ്പൊ വല്യ പെൺകുട്ടിയായി. പെൺകുട്ടികൾ പഠിച്ചിട്ട് എന്താകാനാണ് ? ആരാ നിന്നെ കൊറേ പഠിപ്പിക്കാൻ പോണേ"..
അങ്ങനെ എട്ടാം ക്ലാസ്സിൽ എന്റെ പഠനം നിന്നു. അത് വരെ ഞാൻ എഴുതിയിരുന്ന പരീക്ഷകളിൽ , മദ്രസയിൽ അഞ്ചാം ക്ലാസ്സ് വരെയും, സ്ക്കൂളിൽ എട്ടാം ക്ലാസിലെ കൊല്ലപ്പരീക്ഷയും എനിക്ക് വിജയമല്ലാതെ സമ്മാനിച്ചിരുന്നുമില്ല. പ്രമീളയോടും , ശോഭയോടും, റഷീദയുമൊടൊപ്പം പഴകി മങ്ങിയ നിറങ്ങളിലുള്ള പാവാടയും കുപ്പായവുമിട്ടു, തിളക്കം മാഞ്ഞ വെള്ളിക്കൊലുസ്സുമിട്ട്, പാഠപുസ്തകങ്ങൾ മാറോട് ചേർത്തുപിടിച്ചു , കളിയും ചിരിയുമായി വിശാലമായ വയലുകൾക്ക് നടുവിലൂടെ റെയിൽപ്പാളങ്ങൾ പോലെ നീളത്തിലുള്ള തോട്ടിൻ പുറത്തുകൂടെ നടന്നു, തുടർന്നും സ്ക്കൂളിൽ പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
"എന്റെ ബാപ്പ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹത്തിനപ്പുറമാവില്ലല്ലോ മറ്റൊരു ആഗ്രഹവും ".. ഉമ്മയുടെ വയറ്റിൽ മറ്റൊരു ബീജത്തിൽ പിറന്നവനെങ്കിലും അനുജൻ സൈദിനോട് , എനിക്ക് സ്ക്കൂളിൽ പോകാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞു തീർക്കും.
സായാഹ്നങ്ങളിൽ , മുറ്റത്ത് , ഞാൻ വെള്ളമൊഴിച്ചും, വളമിട്ടും ഓമനിച്ചു വളർത്തുന്ന ചാമ്പക്ക മരത്തോട് എന്റെ മനസ്സും, കഷ്ടപ്പാടുകളും പങ്കുവെച്ചു. ഇളം കാറ്റിൽ ചെറുശിഖരങ്ങൾ മെല്ലെ അനക്കിക്കൊണ്ട് .."നിന്റെ വിഷമങ്ങളെല്ലാം മാറും, ഞാനും പൂക്കാനും കായ്ക്കാനും തുടങ്ങുമല്ലോ.. സമാധാനിക്കൂ" എന്ന് ആശ്വസിപ്പിക്കും പോലെ ആ ചെറുമരം എന്നെ ചേർത്തുപിടിച്ചു.
വീടിനു മുന്നിലെ വയലിലേക്ക് ചാഞ്ഞു നിൽക്കുന്ന നീളൻ തെങ്ങിലിരുന്നു കാലാട്ടിക്കൊണ്ട് ഞാൻ പലപ്പോഴും ചിന്തയിലാണ്ടു. താഴെ ഉഴുതുമറിച്ചിട്ട ഉണങ്ങിയ മൺകട്ടകളിൽ തലയുയർത്തിത്തുടങ്ങിയ ഉഴുന്നു ചെടികൾ എന്നോട് കിന്നരിച്ചു.
ദിവസവും അടുക്കളയിലെ വിറകടുപ്പിലേക്ക് , അടുത്ത പറമ്പുകളിൽ നിന്നും ചുള്ളിക്കൊമ്പുകളും , ഉണക്കയിലകളും ശേഖരിക്കാനും, എനിക്ക് പോകേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച്ച, ഉണക്കയിലകൾക്കിടയിൽ ഒളിഞ്ഞു കിടന്ന വലിയൊരു അണലിയുടെ കടിയിൽ നിന്നും തലനാരിഴക്കാണ് ഞാൻ രക്ഷപ്പെട്ടത്. അതോർക്കുമ്പോൾ തന്നെ ഞാൻ പേടിച്ചു വിറക്കും . വീട്ടിൽ നിന്നും കുറച്ചകലെയുള്ള ഈർച്ചമില്ലിൽ നിന്നും , ചാക്കിൽ നിറച്ച ഈർച്ചപ്പൊടിയുമായി വരവേ എന്റെ വളർന്ന ശരീരം നോക്കി ആഭാസന്മാരുടെ തുറിച്ചു നോട്ടവും അടക്കം പറച്ചിലുകളും എനിക്ക് പതിവുള്ള അനുഭവങ്ങളാണ്. ഒരു ദിവസം അതിൽ ഏറ്റവും വൃത്തികെട്ടയൊരുത്തന്റെ കൈ തന്റെ മാറിന് നേരെ നീണ്ടപ്പോൾ, ഈർച്ചപ്പൊടിച്ചാക്ക് അവന്റെ മുഖത്തേക്ക് ഇട്ടു കൊടുത്തു ഞാൻ രക്ഷപ്പെട്ടു.
പറമ്പുകളിലെ നടവഴികളിലൂടെ , കുഞ്ഞനുജൻ റാഷിദിനെ കവുങ്ങിൻ പാളയിലിരുത്തി വലിച്ച് കളിപ്പിക്കുവാനും, ഓലപ്പീപ്പിയും ഓലക്കണ്ണടയും മെടഞ്ഞു കൊടുക്കാനും, കുഞ്ഞനുജത്തി ഹസീനയെ താലോലിക്കുവാനും, മാവുണ്ണിക്കുവാനും ഞാൻ സമയം കണ്ടെത്തിയിരുന്നു .
ഒരു ദിവസം കവുങ്ങ് പാളയിൽ നിന്നും ഊർന്നു മാറി മണ്ണിലേക്ക് നിരങ്ങിപ്പോയ റാഷിദിന്റെ ചന്തിയിലെ തോലുരഞ്ഞു ചോര പൊടിഞ്ഞത് കണ്ട എളയാപ്പ തന്റെ പച്ച അരപ്പട്ടയൂരി അവളുടെ ഇടത്തെ ചുമലിൽ ആഞ്ഞടിച്ചു. അടികൊണ്ട ഭാഗം ഒരാഴ്ചയോളം കരുവാളിച്ചു നിന്നിരുന്നു.
എനിക്കുള്ള വലിയ താക്കീതായിരുന്നു അത്. കാലങ്ങൾ കഴിഞ്ഞു പോകവേ , ഹംസ എളയാപ്പയുടെ പല ചെയ്തികളിലും " എന്റെ ചെലവിൽ കഴിയുന്നവളാണ് നീ, മരിച്ചു പോയ നിന്റെ ബാപ്പ നിനക്ക് വേണ്ടി ഒന്നും ഇവിടെ സമ്പാദിച്ചു വെച്ചിട്ടില്ല" എന്ന കാര്യം എന്നെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു . എളയാപ്പ പാട്ടത്തിനെടുക്കുന്ന തേങ്ങയും , അടക്കയും കച്ചവടച്ചരക്കുകളാക്കി മാറ്റുന്നതിന് സ്ഥിരം ജോലിക്കാരായ, ഭാനുവേച്ചിയുടെയും , മാധവിയേച്ചിയുടെയും കൂടെ മൂന്നാമത്തെ ജോലിക്കാരിയായി ഞാനും ഉണ്ടായിരിക്കണം. കൂടാതെ അടുക്കളപ്പണിയിൽ ഉമ്മയെ സഹായിക്കുകയും, എൻറെ എഴുതപ്പെട്ട ചുമതലകളിൽ ഉണ്ടായിരുന്നു.
സൈദിനോടും , എളേമ്മയുടെ മകൾ ശരീഫയോടും, പഴയ സഹപാഠികളെക്കാണുമ്പോളും , നീണ്ടു വളഞ്ഞ കൊമ്പുകളുള്ള മൂരികളുമായി വയലിൽ നിലമുഴുതു മറിച്ചിടാനെത്താറുള്ള അപ്പക്കുട്ടിയേട്ടന് കഞ്ഞിവെള്ളം കൊണ്ടുകൊടുക്കുമ്പോളും, ഞാൻ വേദനകളെല്ലാം മറച്ചു പുഞ്ചിരിക്കാറുണ്ടായിരുന്നു.
മുളക്കഴുക്കോലുകളിൽ അടുക്കിയിട്ട, കരിമ്പനടിച്ച ഓടുകൾക്ക് താഴെ, ചാണകം മെഴുകിയ തറയിൽ , പൂപ്പൽ മണമുള്ള പായയിൽ, പഴയൊരു തലയണ വെച്ച് കിടക്കുമ്പോൾ, രാത്രികളിൽ ഞാൻ വിതുമ്പും. ഹംസ എളയാപ്പയുടെ ശകാരവും, കുത്തുവാക്കുകളും കേൾക്കാത്ത ദിനങ്ങൾ എന്റെ ഓർമ്മയിലില്ല !
തന്റെ ഗർഭപാത്രത്തിൽ പിറന്ന മകളോട് , ഭർത്താവിന്റെ പെരുമാറ്റത്തിൽ ഉമ്മ ബീഫാത്തുവിന് അമർഷവും രോഷവുമുണ്ടെങ്കിലും, അയാളെ പിണക്കിയാൽ തന്റെയും സല്മയുൾപ്പെടെ നാല് മക്കളുടെയും ജീവിതം പ്രയാസത്തിലാകുമെന്ന ഭയം അവരെ ഭർത്താവിനെ വാക്കു കൊണ്ടുപോലും എതിർക്കാത്ത ആജ്ഞാനുവർത്തി മാത്രമാക്കി മാറ്റിയിരിക്കുന്നു. ബാപ്പ ജീവിച്ചിരിപ്പില്ലാത്ത ഞാൻ , ഹംസ എളയാപ്പയുടെ ഔദാര്യത്തിൽ കഴിയുന്ന, സ്വപ്നം കാണാൻ പോലും അവകാശമില്ലാത്ത ഒരു മനുഷ്യ ജീവി മാത്രം.
നാട്ടിൽ , എന്റെ സമപ്രായക്കാരായ ആൺകുട്ടികൾ പോലും ഓരോരുത്തരായി കല്യാണം കഴിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീധനമായി പണവും , പറമ്പും, എന്തിന്, കാറ് വരെ ലഭിക്കുന്ന കാലത്ത്, ചെറുക്കനെ അന്വേഷിച്ച് ചെന്നപ്പോളൊക്കെ , കാര്യമായി ഒന്നും ലഭിക്കാനിടയില്ലാത്ത, കുടുംബത്തിൽ നിന്നായതിനാൽ തങ്ങളുടെ ചെക്കനെ 'വെറുതെ അങ്ങനെ' കെട്ടിക്കാൻ മാതാപിതാക്കൾ ത തയ്യാറില്ല. അത്ര ആകർഷണീയ സൗന്ദര്യമില്ലാത്ത എന്നെ തേടി ഒരു ചെറുപ്പക്കാരനും നികാഹ് ചെയ്യാൻ തയ്യാറായി വന്നതുമില്ല. അങ്ങനെ, നാട്ടു നടപ്പനുസരിച്ച് പെൺകുട്ടികൾ പതിനെട്ടിനും ഇരുപതിനും ഇടയിൽ വിവാഹിതരാവുന്ന സാഹചര്യത്തിൽ പോലും അവിവാഹിതയായ എൻറെ പ്രായം ഇരുപത്തിനാലിലേക്ക് കടന്നു.
നാട്ടിലെ പല ചെറുപ്പക്കാരുടെയും ജീവിതത്തിൽ വൈവാഹിക ബന്ധനത്തിന് കാരണക്കാരനായ ബ്രോക്കർ കുഞ്ഞാലി ഒരു ദിവസം എന്റെ ജീവിതത്തിലേക്കും ഒരു ബന്ധത്തിന്റെ വിവരങ്ങളുമായി എളയാപ്പയെ കാണാനെത്തി.
"നല്ല ചെറുപ്പക്കാരനാണ്, സ്വർണ്ണം വേണ്ടുന്ന കാര്യത്തിൽ പോലും വാശിയില്ല, ഉള്ളതെന്തെങ്കിലും കൊടുത്താ മതി, പണമോ, സ്വത്തോ വേണ്ട, അതൊക്കെ അവർക്ക് ആവശ്യത്തിനുണ്ട്. ഇവിടെ വീട്ടിൽ ഒരു മണിയറയും വേണ്ട, എന്നാൽ ഒരു കണ്ടീഷൻ മാത്രം, കല്യാണം കഴിഞ്ഞാൽ പിന്നെ പെണ്ണിനെ അവന്റെ വീട്ടിൽ നിർത്തണം. വീട്ടിൽ അവന്റെ ഉമ്മാക്ക് ഒരു കൂട്ട് വേണം. സ്വന്തമായി റബ്ബർ തോട്ടമുൾപ്പെടെയുള്ള സ്വത്തു വകകളുള്ള വീട്ടിൽ അതൊക്കെ നോക്കി നടത്തുന്നത് അവനാണ്. "
കുഞ്ഞാലിയുടെ വിവരണങ്ങളും, വർണ്ണനകളും കേട്ടപ്പോൾ ഹംസക്ക് ഈ ആലോചന കൊള്ളാമെന്ന് തോന്നി. ഇനി കൊള്ളില്ലെങ്കിൽ തന്നെ തനിക്കെന്താ ? തന്റെ രക്തത്തിൽ പിറന്നതൊന്നുമല്ലല്ലോ ഈ പെണ്ണ് എന്ന് സമാധാനിച്ചു. "നാട്ടുനടപ്പനുസരിച്ച് പുതുപെണ്ണിനും ചെറുക്കനും പെണ്ണിന്റെ വീട്ടിൽ മണിയറയൊരുക്കണം. അതാണ് പിന്നീട് അവരുടെ മുറി - 'അവകാശം'. മണിയറയൊരുക്കൽ ചെലവേറിയതാണ്. ഇവനെക്കൊണ്ട് ഇവളെ കെട്ടിച്ചാൽ ആ പണവും ലാഭമാണ്."
അടുത്ത ദിവസം തന്നെ, എത്രയോ വർഷങ്ങൾക്ക് ശേഷം പെങ്ങളുടെ വീടിന്റെ പടി ചവിട്ടിയ എന്റെ കാരണവർ അബൂബക്കറും , എളയാപ്പയും ചേർന്ന് , ബന്ധുക്കളുടെയും, മറ്റുനാട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാൻ ,ചെറുക്കന്റെ നാട്ടിൽ പോയി ഒരു അന്വേഷണപ്രഹസനം നടത്തി തൃപ്തി രേഖപ്പെടുത്തി.
ലളിതമായ ചടങ്ങിൽ വിവാഹം കഴിഞ്ഞു. അനാഥപ്പെൺകുട്ടിയുടെ കല്യാണത്തിന് പലരും സാമ്പത്തിക സഹായങ്ങൾ നൽകിയതും ഹംസ എളയാപ്പ തന്നെ കൈകാര്യം ചെയ്തു. അതിൽ നിന്നും വല്ലതും ബാക്കിയായിട്ടുണ്ടെങ്കിൽ അത് എന്നെ പോറ്റിയ വകയിൽ എളയാപ്പയുടെ അവകാശമായി അങ്ങെടുത്തു!..
"ബാപ്പ പോലും ജീവിച്ചിരിപ്പില്ലാത്ത, ആരുമില്ലാത്ത, ഒന്നുമില്ലാത്തവളെ കെട്ടിക്കൊണ്ട് വന്നു പോറ്റുന്നതും പോര, എന്നെ നിയന്ത്രിക്കാൻ വരുന്നോ".. എന്നും പറഞ്ഞു മുഖമടച്ചൊരടി കൂടി എനിക്ക് കിട്ടിയപ്പോളാണ്, ഭർത്താവിന് നാട്ടിൽ തന്നെ മറ്റൊരു പെണ്കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ആ പെൺവീട്ടുകാരോടുള്ള വാശി തീർക്കാൻ എത്രയും വേഗം മകനെകൊണ്ടൊരു കല്യാണം കഴിപ്പിക്കണമെന്ന ബാപ്പയുടെ വാശിയാണ്, ബ്രോക്കർ കുഞ്ഞാലിയിലൂടെ തന്നെ ഈ റബ്ബർ മരങ്ങളുടെ ഇടയിലെ വീട്ടിൽ എത്തിച്ചത്. , ചെറിയ സന്തോഷമുണ്ടായിരുന്ന ഏതോ രാത്രിയിലെ കൂടിച്ചേരലിന്റെ ഫലമായി ഞങ്ങൾക്കൊരാണ് കുഞ്ഞു പിറന്നു.. . സഫ്‌വാൻ
കുഞ്ഞ് ജനിച്ചതൊന്നും അഷ്‌റഫിന്റെ സ്വഭാവത്തിൽ മാറ്റമൊന്നും വരുത്തിയില്ലെന്ന് മാത്രമല്ല, കുത്തുവാക്കുകളും ശാരീരിക മർദ്ദനങ്ങളും കൂടിക്കൂടി വരുകയും ചെയ്തു. മാതാപിതാക്കളെ തീരെ അനുസരിക്കാതെയായ അഷ്‌റഫ്, പലപ്പോളും എനിക്ക് നൽകിയത് കാളരാത്രികളായിരുന്നു..
വല്ലപ്പോഴും തന്നെ കാണാനെത്താറുള്ള ഉമ്മയോട് എന്റെ സങ്കടങ്ങൾ പറയാറുണ്ടെങ്കിലും, എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാനാണ് ഉമ്മ ഉപദേശിക്കാറുണ്ടായിരുന്നത്.
"മറ്റാരും നിന്നെ നോക്കാനില്ല അത് നിനക്കറീലെ", ഉമ്മ പറയും.
"നീ ഇനി ഇവിടെ നിൽക്കരുതെന്ന് പല പ്രാവശ്യം അഷ്‌റഫ് ആജ്ഞാപിച്ചിട്ടും , " നിങ്ങൾ എന്നെ കൊന്നാലും ഞാൻ ഇവിടുന്നു പോകുന്ന പ്രശ്നമില്ല. എന്നെ ഇവിടെ ഉപേക്ഷിക്കും പോലെ ഇട്ടിട്ട് പോയ എളയാപ്പയെയും കാരണവരെയും എനിക്ക് കാണുകയും വേണ്ട”, അപ്പോൾ ഞാൻ വാശിയോടെ അങ്ങനെ പറഞ്ഞെങ്കിലും രാത്രിയിൽ ഞാൻ തേങ്ങിക്കരഞ്ഞു.
ഇപ്പോൾ എല്ലാ രീതിയിലും അശ്രഫിനോടുള്ള എന്റെ ചെറുത്തു നിൽപ്പ് ശോഷിച്ചു ശോഷിച്ചു ഇല്ലാതായിപ്പോയി രിക്കുന്നു.
സഫ്‌വാന് മൂന്ന് വയസ്സ് തികയുന്നതിന് മുൻപെ , ഒരു ദിവസം അഷ്‌റഫ് എന്നെ വീടിനടുത്തുള്ള അങ്ങാടിയിലെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു, ഇനി എന്റെ വീട്ടിലേക്ക് വന്നേക്കരുതെന്ന് ഭീഷണിപ്പടുത്തിക്കൊണ്ട് തിരികെ പോയി. ജനിച്ചു വളർന്ന വീട് വിട്ട ഞാൻ, സഫ്‌വാനെയും കൊണ്ട്, വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. ഉമ്മയും, രോഗിയായി മാറിയ എളയാപ്പയും എന്നെ നിസ്സംഗതയോടെ മാത്രം നോക്കി. ഒരു മാസം കഴിഞ്ഞപ്പോൾ, രോഗ ശയ്യയിലായിരുന്ന ഹംസ എളയാപ്പ മരണപ്പെട്ടു. ആശ്ച്ചകൾക്ക് ശേഷം , പള്ളിക്കമ്മറ്റി മുഖേന എനിക്ക് അഷ്‌റഫിന്റെ ത്വലാഖും ലഭിച്ചു.
അയല്പക്കത്ത് താമസിക്കുന്ന എളേമ്മയുടെ മകൾ ഷരീഫ. പ്രായം കൊണ്ട് എന്റെ അനുജത്തിയാണ് . അവളിപ്പോൾ നല്ല തയ്യൽക്കാരിയാണ്. അത്യാവശ്യം നല്ല ഓർഡറുകളുമുണ്ട് . ഷരീഫ എന്റെ ജീവിതത്തിൽ പുത്തൻ പ്രതീക്ഷകൾ നൽകി. തയ്യൽ പഠിപ്പിച്ചു, പഞ്ചായത്ത് വക ഒരു നല്ല തയ്യൽ മെഷീനും തരപ്പെടുത്തിത്തന്നു.
പുതുക്കിപ്പണിത വീട്ടിൽ , ഇടുങ്ങിയതെങ്കിലും ആ മുറിയിൽ തയ്യൽ മെഷീനിട്ട് ജീവിതത്തിൽ സംഭവിച്ചതെല്ലാം മറക്കാനും, മകൻ സഫ്‌വാനിലൂടെ മെല്ലെ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറണമെന്ന വാശിയോടെയും ഞാൻ തയ്യൽ മെഷീനിൽ ചവുട്ടിക്കയറിക്കൊണ്ടിരുന്നു. പരുക്കൻ ജീവിതാനുഭവങ്ങൾ തനിക്ക് നൽകിയത് വലിയ മനക്കരുത്താണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം..
കമ്പ്യൂട്ടർ എഞ്ചിനീയറായ സഫ്‌വാൻ ജോലിയിൽ പ്രവേശിക്കാൻ , ഇന്ന്, അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബാംഗ്ലൂർ ശാഖയിലേക്ക് യാത്ര പുറപ്പെടാനുറങ്ങുകയാണ്.
"ഉമ്മാ, ഞാനിറങ്ങുകയാണ്", നന്നായി വേഷം മാറി, തന്റെ ബ്രീഫ്‌കേസും, ബാക്പാക്ക് ബാഗും തൂക്കി തയ്യാറായി അവൻ ഉമ്മയെ സ്നേഹത്തോടെ വിളിച്ചു..
വളർന്ന് യുവാവായ സഫ്‌വാനെ ചേർത്ത് നിർത്തി, അവന്റെ തലയിൽ സ്നേഹത്തോടെ തലോടികൊണ്ട് ഞാൻ പറഞ്ഞു .. ", നിന്റെ ഉപ്പാന്റെ നിറമാണ് നിനക്ക് , ആ കണ്ണുകളും അതേ പോലെ തന്നെ കിട്ടിയിട്ടുണ്ട് " വലതു കൈകൊണ്ട് തലയുടെ പിൻവശത്ത് പിടിച്ചു ,സഫ്‌വാൻറെ നെറ്റി തന്റെ ചുണ്ടോടു ചേർത്തുകൊണ്ട് ഞാൻ ചുംബിച്ചു. ആനന്ദാശ്രുക്കൾ, ഞാൻ തയ്ച്ചു നൽകിയ അവന്റെ ഇഷ്ടപ്പെട്ട പുത്തൻ കുപ്പായത്തിൽ തുള്ളികളായി ഇറ്റു വീണു കൊണ്ടിരുന്നു. ഉമ്മയുടെ കഷ്ടപ്പാടുകൾ കണ്ടുവളർന്ന സഫ്‌വാനും വികാരാധീനനായി പൊട്ടിക്കരഞ്ഞുപോയി. "ഉമ്മ കരയല്ലേ, ഞാനെന്നും ഉമ്മയോടൊപ്പം തന്നെയുണ്ടാകും, കമ്പനിയിൽ ജോയിൻ ചെയ്ത് കാര്യങ്ങളെല്ലാം നേരെയാവട്ടെ"..
സഫ്‌വാൻ ഉമ്മയെ സമാധാനിപ്പിച്ചു.
അകത്ത് , മുറിയിലെ വാതിൽക്കലിൽ നിന്നും എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഉമ്മാമയുടെ അനുഗ്രഹവും വാങ്ങി, കാരണവർ സൈദിന്റെ കൂടെ, പുറത്ത് റോഡിൽ കാത്തു നിന്നിരുന്ന ഓട്ടോറിക്ഷ ലക്ഷ്യമാക്കി സഫ്‌വാൻ നടന്നു.
നീരുവെച്ച തന്റെ നഗ്നപാദങ്ങൾ മുറ്റത്തെ ചിരൽക്കല്ലുകൾക്ക് മീതെ ചവുട്ടി വീട്ടിലേക്ക് കയറുമ്പോൾ ഞാൻ വെറുതെ ഒന്നെന്റെ പ്രിയപ്പെട്ട ചാമ്പക്ക മരത്തിലേക്ക് നോക്കി. അപ്പോൾ വീശിയ കുളിർക്കാറ്റിൽ , ചുവന്നു തുടുത്ത ചാമ്പക്കകൾ പേറുന്ന ചില്ലകൾ എന്നെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് പോലെ തോന്നി..
സഫ്‌വാനിലാണ് ഇനി എന്റെ ശിഷ്ട ജീവിതത്തിലെ പ്രതീക്ഷ. മകനിലൂടെ ജീവിതത്തിലെ അർഹമായ സൗഭാഗ്യങ്ങൾക്കായി ഞാൻ കാത്തിരിപ്പ് ആരംഭിക്കുകയാണ്…
- മുഹമ്മദ് അലി മാങ്കടവ്
18/11/2019
18/11/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക