Slider

വിമാനാനുഭവങ്ങൾ

0
Image may contain: 1 person, smiling, closeup
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
--------------------------------------------
വിമാനാനുഭവങ്ങൾ ആണ് ഇന്നത്തെ ഹൈലൈറ്റ് എന്ന് തോന്നുന്നു....
എങ്കിൽ ആരോടും പറയണ്ട എന്ന് വെച്ച ഒരു അനുഭവം എനിക്കും ഉണ്ട്..
എനി പ്രോബ്ലം സർ?
------------------------------
അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഒരു ദുബായ് ട്രിപ് അടിക്കാം എന്ന് ഞങ്ങൾ എട്ട് കസിൻസിന് ഒരു തോന്നൽ ഉണ്ടായി. കുടുംബസമേതം ഞങ്ങൾ ഇരുപത്തിയാറു പേര് ഒരുമിച്ച് ദുബായ് കാണാൻ പുറപ്പെട്ടു. എട്ടിൽ അവിടെയുള്ള ഒരുത്തന്റെ വീട്ടിലേക്ക് ആയിരുന്നു യാത്ര.
സ്ഥിരം യാത്രയല്ലല്ലോ വല്ലപ്പോഴും അല്ലേ എന്ന തോന്നലിൽ, ഒട്ടും കുറയ്ക്കണ്ട, എമിറേറ്റ്സ് തന്നെ ആയിക്കോട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു.
ഫ്ലൈറ്റിൽ എന്റെ ഒരു കസിന്റെ മകൻ കൂടി ഉണ്ടായി. അവന് അന്ന് മൂന്ന് വയസ്സ്. ഫ്ലൈറ്റിൽ കയറി കുറെ നേരമായി അവന്റെ ബഹളം ഒന്നും കേൾക്കാതെ വന്നപ്പോൾ എല്ലാവരും അവനെ അന്വേഷിച്ചു. അപ്പോഴുണ്ട്, പല സമയത്തായി കൊണ്ടുവന്ന സാൻഡ്വിച്ചിന്റെ കൂടെ തന്ന ബട്ടർ പൊട്ടിച്ച് അവൻ മുന്നിലത്തെ സീറ്റിന് പുറകിൽ ഒരു മാല പോലെ തേച്ചു പിടിപ്പിച്ച്, കൂടെ കിട്ടിയ ഷുഗർ പാക്കറ്റ് പൊട്ടിച്ച് ബട്ടറിൽ പഞ്ചസാര ഒട്ടിച്ചു വെക്കുകയാണ്...
എന്തിനാടാ ഇങ്ങനെ എന്ന് ചോദിച്ചപ്പോ പറയുന്നു...
ഫ്ലൈറ്റിൽ ഉറുമ്പ് വരുമോ എന്നറിയാൻ ആണെന്ന്!
എമിറേറ്റ്സ് ഫ്ലൈറ്റിൽ യാത്രയ്ക്കിടെ എയർ ഹോസ്റ്റസ്, ഒരു ഉന്തുവണ്ടിയിൽ വിവിധ മദ്യങ്ങളോടൊപ്പം ട്രോപ്പിക്കാനയുടെ വിവിധ ഫ്ലേവറുകൾ എന്റെ സീറ്റിലേക്ക് കൊണ്ടുവന്നു... മദ്യപാന ശീലം ഇല്ലാത്ത കാരണം ഇതിൽ ഒരെണ്ണം എടുക്കാൻ ഞാൻ നിർബന്ധിതനായി.
എനിക്ക് വലിയ ഇഷ്ടമുള്ള പേരക്ക, പൈനാപ്പിൾ, മാംഗോ ഫ്ലേവറുകൾ ഒന്നും എടുക്കാതെ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി ടൊമാറ്റോ ഫ്ലേവറാണ് ഞാൻ എടുത്തത്... അപ്പൊൾ തന്നെ ആ ഹോസ്റ്റസ് ഒരു വൈൻ ഗ്ലാസ് എടുത്ത് അതിൽ നിറച്ചും ഇത് പൊട്ടിച്ച് ഒഴിച്ചു മുന്നിൽ വെച്ചു.
കൂടെ ഉണ്ടായിരുന്നവർ പലരും ഒന്നുകിൽ മദ്യം അല്ലെങ്കിൽ ഇത്തരം അവർക്കിഷ്ടമുള്ള ഏതൊക്കെയോ ഫ്ലേവറുകൾ ആസ്വദിച്ച് കുടിക്കുന്നതിനിടെ, ഞാൻ ഈ ദ്രാവകം ജെയിംസ് ബോണ്ട് വോഡ്ക മാർട്ടീനി കുടിക്കും പോലെ ചുണ്ടോടടുപ്പിച്ചു.
മാരകം!.
ഒട്ടും ഡയലൂട്ട്‌ ചെയ്യാത്ത സോസ് കുപ്പിയിലാക്കി തന്ന പോലെ ആയിരുന്നു ടൊമാറ്റോ. ഗ്ലാസിൽ ആയ കാരണം കളയാൻ പോലും നിവർത്തിയില്ല. കവിൾ കൊണ്ട ട്രോപ്പിക്കാന ആരും കാണാതെ തിരികെ തുപ്പാൻ ഞാൻ ചുറ്റും നോക്കി. അപ്പോഴതാ എന്റെ തോളിൽ ഒരു തട്ട്.
പഴയ എയർ ഹോസ്റ്റസ് ആണ്...
"എനി പ്രോബ്ലം സർ?"
ഞാൻ മിസ്റ്റർ ബീനിന് ലോട്ടറി അടിച്ച പോലത്തെ ഒരു മുഖഭാവത്തോടെ ഒന്നുമില്ല എന്ന ആംഗ്യം കാണിച്ചു.
പിന്നെ അന്നേരം വായിൽ ഉള്ളതും ഗ്ലാസിൽ ഉള്ളതുമായ ട്രോപ്പിക്കാന മുഴുവൻ അമൃത് പോലെ കുടിച്ചു തീർത്ത് വാ കഴുകാൻ ചിട്ടി റോബോട്ട് നടക്കും പോലെ വാഷ് റൂമിലേക്ക് ഒറ്റ നടത്തം വെച്ചു കൊടുത്തു.
---------------------------------Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo