------------------------------------------------------------
പണ്ട്, ജോലി ചെയ്തു കൊണ്ടിരുന്ന ഫാക്ടറിയിൽ, ഒരു പയ്യനെ അപ്രന്റീസ് ആയി സർക്കാർ നിയമനം ഉണ്ടായി.
(ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം ആണ് അപ്രന്റീസ്. ഒരു നിശ്ചിത തുക സ്റ്റൈപ്പന്റ് ആയി കിട്ടും. ഒരു മിനിമം പ്രവർത്തി പരിചയം എന്നതു കൂടാതെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ഈ സംവിധാനം ഉപകാരമാണ്. ചില കമ്പനികൾ ഈ സംവിധാനം അവസാനിക്കുമ്പോൾ നിയമനം സ്ഥിരമാക്കാറുമുണ്ട്.)
ഇൗ കക്ഷി ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു. രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എന്തെങ്കിലുമൊക്കെ സ്നാക്സും കൊണ്ടുവരും. ഫാക്ടറിയുടെ ഓഫീസിൽ എവിടെയെങ്കിലും ഒളിച്ചു വെയ്ക്കും. എന്നിട്ട് സാധാരണ സ്റ്റാഫിന്റെ കൂടെ കാന്റീനിൽ നിന്ന് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഒക്കെ കഴിക്കും. ആരും കാണാതെ വളരെ രഹസ്യമായി ഇയാൾ കൊണ്ട് വന്ന ഭക്ഷണവും കഴിക്കും...
കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ വാങ്ങിയ ഭക്ഷണം ആരെങ്കിലും തട്ടിയെടുത്തെങ്കിലോ എന്ന മട്ടിൽ ഇടതു കൈ കൊണ്ട് പ്ലേറ്റ് കെട്ടിപ്പിടിച്ച്, തല കൊണ്ട് മൂടി ആരും കാണാതെ ആകും കഴിക്കുക.
ചില അവസരങ്ങളിൽ, ഫാക്ടറിയിൽ ചില ഗസ്റ്റുകൾ വരും. കമ്പനി അധികൃതർ അവരുമായി മീറ്റിംഗുകൾ നടത്തും. തുടർന്ന് അത്യാവശ്യം കൊള്ളാവുന്ന ലഞ്ച് ഒക്കെയുണ്ടാകും. അറേഞ്ച് ചെയ്യുന്ന ഭക്ഷണം മിക്കവാറും കൂടുതൽ പേർക്കുള്ളതുണ്ടാകും. അങ്ങനെ ഉള്ള അവസരങ്ങളിൽ കാന്റീനിൽ പോകാതെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ചിലർ ഉണ്ടായിരുന്നു. ഇൗ കക്ഷി കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ സിസ്റ്റം മനസ്സിലാക്കി. അവരുമായി കട്ട സൗഹൃദം ആയി. എപ്പോൾ മീറ്റിംഗുകൾ ഉണ്ടായാലും വയറു വേദന എന്നോ മറ്റോ പറഞ്ഞ് ഞങ്ങളുടെ കൂടെ കാന്റീനിൽ വരവ് ആൾ ഒഴിവാക്കി. ഞങ്ങൾ കാന്റീനിലേക്ക് പോയതും ഓടി മീറ്റിംഗ് നടക്കുന്ന സ്ഥലത്ത് കൂട്ടുകാരോടൊപ്പം പറന്നെത്തി ലഞ്ച് കഴിക്കുന്നതും പതിവാക്കി.
മറ്റൊരു കാര്യം, അപ്രതീക്ഷിതമായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്, ഇവന്റെ വേഷ വിധാനം ആയിരുന്നു. രാവിലെ ഒരു സാധാരണ പാന്റും ഷർട്ടും ഇട്ട് വരുന്ന ഇവൻ, മീറ്റിംഗ് ഉള്ള ദിവസങ്ങളിൽ ഉച്ച സമയത്ത് ഓടിപ്പോയി, കൊള്ളാവുന്ന ഒരു പാന്റും ഒരു നല്ല ഷർട്ടും ഇട്ട് ഇൻ ചെയ്ത് ഓഫീസിലെ ഏതോ ഒരു സ്റ്റാഫ് എന്ന ലുക്ക് തോന്നിക്കും വിധം ആയിരുന്നു ലഞ്ചിന് പോയിക്കൊണ്ടിരുന്നത്.
ഫാക്ടറിക്ക്, ചില കെമിക്കലുകളും, അത്യാവശ്യ ഫയലുകളും റെക്കോർഡുകളും ഒക്കെ വെക്കാനുള്ള ഒരു സ്റ്റോർ മുറി ഉണ്ടായിരുന്നു. ഞങ്ങൾ കുറച്ചു പേർക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന ആ മുറിയിൽ ഞങ്ങളുടെ സെക്ഷനിലെ സ്റ്റാഫ് എന്ന നിലയിൽ ഇവന് കൂടി അനുമതി ഉണ്ടായിരുന്നു. പൊതുവേ ആരും അങ്ങോട്ട് കയറേണ്ടി വരാറില്ല. അത്യാവശ്യം മെയിന്റനൻസ് ആവശ്യങ്ങൾക്കും ചില ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കും മാത്രമേ അതിനുള്ളിൽ പോകേണ്ടി വരാറുണ്ടായിരുന്നുള്ളു.
ഒരു ദിവസം, ഉച്ച തിരിഞ്ഞ്, ഞാൻ ഒരു അത്യാവശ്യ റെക്കോർഡ് തപ്പിയെടുക്കാനായി റെക്കോർഡ് റൂമിൽ കയറി. റൂമിൽ കയറി റെക്കോർഡുകൾ പരിശോധിക്കാനായി ഇട്ടിട്ടുള്ള മേശയിൽ ഓരോ ഫയലുകളായി വെച്ച് പരിശോധിക്കാൻ ഇരുന്ന ഞാൻ മേശയിൽ എന്തോ ഭക്ഷണ ശകലങ്ങൾ കണ്ട് ഞെട്ടി.
അത്രയും സേഫ് ആയി, വിശുദ്ധമായി വെക്കുന്ന സ്ഥലമാണ്. ഒരു പേപ്പർ കഷണം പോലും അലക്ഷ്യമായി ഇടില്ല. ഒരു മാറാല പോലും വരാൻ സമ്മതിക്കില്ല. അങ്ങനെയുള്ള സ്ഥലത്ത് ഭക്ഷണ ശകലങ്ങൾ. ഞാൻ നന്നായി പരിശോധിച്ചു. കേക്കോ മറ്റോ കഴിച്ച പൊടി ആണ്. ഉറുമ്പ് വന്നു തുടങ്ങിയിട്ടില്ല. അതായത് കഴിച്ചിട്ട് അധിക സമയമായിട്ടില്ല എന്നർത്ഥം.
ഞാൻ കൂടാതെ അന്ന് ഫാക്ടറിയിൽ ഉള്ളവരിൽ സ്റ്റോർ അനുമതി ഉള്ള രണ്ടാമതൊരാൾ നമ്മുടെ അപ്രന്റീസ് ആയിരുന്നു. സൗകര്യങ്ങൾ ദുരുപയോഗം ചെയ്തത് കൂടാതെ ഒളിച്ചും പതുങ്ങിയും ഒരു കാര്യം ചെയ്തു എന്നതും ഞാൻ അറിഞ്ഞാൽ തട്ടിയെടുത്തേക്കും എന്ന് വിചാരിച്ചു എന്നതും അവശിഷ്ടം അത്ര വിശുദ്ധമായി നമ്മൾ സൂക്ഷിക്കുന്ന സ്ഥലത്ത് അശ്രദ്ധമായി ഇട്ടു എന്നതും എന്നിൽ തെറ്റില്ലാത്ത ദേഷ്യവും അമർഷവും ഉണ്ടാക്കി.
ഞാൻ ചവിട്ടിക്കുതിച്ച് പുറത്തിറങ്ങി ഒരലർച്ചയോടെ ഇവനെ വിളിച്ചു. അവശിഷ്ടങ്ങളുടെ മുന്നിൽ നിർത്തി ആക്രോശിച്ചു...
"ആരോട് ചോദിച്ചിട്ടാടാ ഇതിനകത്ത് ഇരുന്ന് കഴിച്ചത്?"
"ഞാൻ കഴിച്ചില്ല" മറുപടി.
"തെറ്റ് ചെയ്തതും പോരാ നുണയും പറയുന്നോ? നമ്മൾ രണ്ടു പേരല്ലാതെ ആരും ഇവിടെ ഇല്ല. പിന്നെ നീയല്ലാതെ ആരാ ഇവിടെ ഇരുന്ന് കഴിച്ചത്?"
"ഞാനല്ല."
"നീയല്ലേ... പിന്നെ ആരാ ഇവിടെ ഇരുന്ന് കേക്ക് കഴിച്ചത്?"
"ഞാൻ കേക്ക് കഴിച്ചില്ല. കാന്റീനിൽ നിന്ന് വന്ന സ്നാക്സാ കഴിച്ചത്"
"അല്ല. ഇത് കേക്കാ... നീ മാത്രേ വീട്ടിൽ നിന്ന് സ്നാക്സ് കൊണ്ട് വരാറുള്ളൂ... മാത്രല്ല, കാന്റീനിൽ ഇന്ന് ഇലയട ആയിരുന്നു. അതിന്റെ അവശിഷ്ടം ഇങ്ങനെ അല്ല"
"ഞാനല്ല."
"നുണ പറഞ്ഞാ ഞാൻ കമ്പ്ലെയിന്റ് ചെയ്യും."
"ഞാനല്ല"
എനിക്ക് ദേഷ്യവും സങ്കടവും നിസ്സഹായതയും എല്ലാം കൂടി വന്നു. ഇതെന്തായാലും കമ്പ്ലെയിന്റ് ചെയ്യണം എന്ന തീരുമാനത്തിൽ ഞാൻ പറഞ്ഞു...
"ഇനി മേലാൽ...
ഇൗ സ്റ്റോറിൽ ഇരുന്നെങ്ങാനും എന്തെങ്കിലും കഴിച്ചാൽ അതോടെ നിന്റെ കമ്പ്ലീറ്റ് ഇടപാടും ഞാൻ പൂട്ടിക്കും... നിന്നെ ശരിയാക്കും ഞാൻ..."
ഇൗ സ്റ്റോറിൽ ഇരുന്നെങ്ങാനും എന്തെങ്കിലും കഴിച്ചാൽ അതോടെ നിന്റെ കമ്പ്ലീറ്റ് ഇടപാടും ഞാൻ പൂട്ടിക്കും... നിന്നെ ശരിയാക്കും ഞാൻ..."
പിന്നെയും ദേഷ്യം സഹിക്കാതെ അവനെ കൊല്ലാൻ ചെല്ലുന്ന പോലെ ഏതാനും ആക്ഷനുകൾ ഒക്കെ കാണിച്ച് ഞാൻ എന്റെ ദേഷ്യം അടക്കാൻ ശ്രമിച്ചു...
പിന്നെ ബോളിങ്ങ് ചെയ്യും മുൻപ് ശ്രീശാന്ത് കാണിച്ചോണ്ടിരുന്ന പോലെ രണ്ടു കൈയും കൊണ്ട് എന്തൊക്കെയോ ഗോഷ്ടികൾ ഒക്കെ കാണിച്ച് മനസ്സിനോട് അടങ്ങ്.. അടങ്ങ് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് സ്റ്റോറിന്റെ വാതിൽ തുറന്ന് പുറത്ത് കടക്കാൻ നോക്കി..
പെട്ടെന്നതാ പുറകിൽ നിന്നൊരു വിളി.
"രാജീവേ"
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
നമ്മുടെ കക്ഷിയതാ കൈയിൽ ഒരു കഷണം കേക്കും നീട്ടി നിൽക്കുന്നു...
ഒരു ചോദ്യവും...
ഒരു ചോദ്യവും...
"രാജീവിന് കേക്ക് വേണോ?"
----------------------------------------------------@RajeevPanicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക