നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹനൊമ്പരങ്ങൾ...

.Image may contain: 1 person
************************
തിങ്കളാഴ്ചയാണ് ബാങ്കിൽ ജോയിൻ ചെയ്യണ്ടത്.. കൊണ്ടുപോകാനുള്ള പെട്ടി ഒതുക്കി വെക്കുകയാണ് മാളൂട്ടി.. ഡ്രെസ്സുകൾ തേച്ച് മടക്കി അടുക്കി വെച്ചു കൊണ്ടിരുന്നപ്പോ...
മനസ്സ് നാലഞ്ചു വർഷം പുറകിലേക്ക് പോയി.........
.......................................................
ഡിഗ്രി ഫൈനൽ ഇയർ സ്റ്റഡി ടൂർ...
ഒരാഴ്ച വീട്ടിൽ നിന്ന് മാറി ഫ്രണ്ട്സിനോടൊപ്പം എൻജോയ് ചെയ്യാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു..
കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വെക്കുവാൻ റൂമിലേക്ക് ചെല്ലുമ്പഴാണ്..
"മാളൂട്ടീ... ദേ നോക്കൂ, കൊണ്ടോവാനുള്ളതൊക്കെ എട്ത്ത് വെച്ച്ണ്ട് ട്ടോ അമ്മ.. ദാ ഈ സൈഡിലെ അറേല് രാസ്നാദിപ്പൊടീം ഭൃംഗാമലകാദി വെളിച്ചെണ്ണേം വെച്ച്ണ്ട്.. എന്നും എണ്ണ തേച്ച് കുളിക്കണട്ടോ.... എണ്ണ തേക്കാണ്ടെ കാറ്റ് കൊള്ളിച്ച് അഴിച്ചിട്ട് ആ മുടി കളയരുത് വരുമ്പളേയ്ക്ക് "
"എന്തിനാമ്മേ... തൊടങ്ങി അമ്മേടെ വട്ട്... ഇതൊന്നും വേണ്ട.. ഞാൻ കോളേജീന്ന് ടൂറ് പോണതാ.. അല്ലാണ്ടെ എണ്ണ തേച്ച് കുളിച്ച് സുഖവാസത്തിനല്ല "
"അതല്ല മാളൂട്ടീ...കണ്ട വെള്ളത്തിലൊക്ക്യല്ലേ കുളിക്ക്യാ... എണ്ണേം കൂടി തേച്ചില്ലാച്ചാ മുട്യൊക്കെ പോവും..... വെള്ളം മാറിക്കുളിച്ചാ വല്ല ജലദോഷോം വന്നാലോ... ഇവിടിരിക്കുമ്പോ അമ്മയ്ക്കൊരു സമാധാനം ണ്ടാവില്യാ... അതോണ്ടല്ലേ..."
"തൊടങ്ങീലോ അമ്മേം മോളും.. എന്താ അവടെ..? ഈ ന്യൂസൊന്ന് കാണാൻ സമ്മതിക്കരുത് ട്ടോ.."
" കണ്ടോ അച്ഛാ... അമ്മേടെ വിചാരം ഞാനിപ്പളും ള്ളക്കുട്ട്യാന്നാ....
ന്റെ ഫ്രണ്ട്സൊക്കെ എപ്പളും കളിയാക്കും 'അമ്മേടെ കുഞ്ഞുവാവ' ന്ന് വിളിച്ച് ..... അവര്ടെ വീട്ടിലേക്കൊക്കെ ഒരൂസത്തേക്ക് പോയാലും ണ്ടാവും ന്റെ ബാഗില് എണ്ണേം, രാസ്നാദിപ്പൊടീം കസ്തൂര്യാദി ഗുളികേം ഒക്കെ.. ഞാൻ വല്യ കുട്ട്യായീന്ന് അമ്മയ്ക്ക് ബോധല്യ... പിന്നെങ്ങന്യാ ദേഷ്യം വരാണ്ടിരിക്ക്യ..... "
അച്ഛനപ്പോ അടുത്തേക്ക് വിളിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു..
"നിനക്കെന്താ കുട്ടീ, അമ്മ തരുമ്പോ അതങ്ങട് എടുത്ത് വെച്ചൂടേ ? നീ അത് ഉപയോഗിക്കണില്യാച്ചാ വേണ്ട. തന്നിട്ട് കൊണ്ടോവാണ്ടിരുന്നാ അത് മതി നിൻറമ്മയ്ക്ക് ഇന്ന് കരയാൻ.. അതൊരു തൊട്ടാവാട്യാന്ന് നിനക്കറിഞ്ഞൂടേ.. എന്തിനാ പോവാൻ നേരത്ത് വെറുതെ പ്രശ്നണ്ടാക്കണത് മാളൂ...? "
അച്ഛൻ പറയണത് കേട്ടപ്പോ ദേഷ്യാ വന്നത്..
''അച്ഛനാ ഈ അമ്മേ വഷളാക്കണത്.. അമ്മയ്ക്ക് വെഷമാവുംന്ന് പറഞ്ഞ് അമ്മ പറയണതൊക്കെ ന്റെ ഇഷ്ടം നോക്കാണ്ടെ അനുസരിപ്പിച്ച്....ഹും.... ''
മുഖം വീർപ്പിച്ച് പെട്ടി എടുത്ത് വെച്ചു. അപ്പൊ അമ്മ ചിരിക്കണത് കണ്ടു..
''ഹും.. എനിക്ക് ചിരിയൊന്നും വരണില്യ.. അമ്മേടെ വാശി ജയിച്ചൂന്നാ വിചാരം... വല്യ കാര്യായി.. ഞാനിത് എടുത്ത് വെച്ചൂന്നല്ലേ ഉള്ളു.. ഉപയോഗിച്ചിട്ട് വേണ്ടേ.. അല്ല പിന്നെ...''
കോളേജിലെത്തി ബസ്സിലേക്ക് കയറുമ്പോ അമ്മ കെട്ടിപ്പിടിച്ച് നെറ്റിയില് ഉമ്മ തന്നപ്പളും ചിരിക്കാൻ പോയില്ല...മുഖം വീർപ്പിച്ച് ബസ്സിലേക്ക് കയറീപ്പോ ഗ്രീഷ്മേം നയനേം കളിയാക്കി..
" വന്നൂലോ അമ്മേടെ കുഞ്ഞുവാവ.. എന്താടോ അമ്മയോട് വഴക്കിട്ടോ? മുഖം കൊട്ട പോലെ ഉണ്ടല്ലോ ??"
ഒന്നും മിണ്ടാൻ പോയില്ല
ബസ് നീങ്ങി കുട്ടികളൊക്കെ ആർപ്പും ബഹളോം തുടങ്ങീപ്പോ ഉത്സാഹായി.. പാട്ടും കൂത്തുമൊക്കെയായി ഉഷാറായി..
കോയമ്പത്തൂര് കഴിഞ്ഞപ്പോ ജാൻസി മിസ്സിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത് കണ്ടു. ഫോൺ വെച്ച് മിസ്സ് മറ്റു ടീച്ചേഴ്സിനെ വിളിച്ച് എന്തൊക്കെയോ ഡിസ്കസ്സ് ചെയ്യുന്നുണ്ട് .. പിന്നെ ഡ്രൈവറുടെ അടുത്ത് ചെന്ന് ചെവിയിൽ മെല്ലെ എന്തൊക്കെയോ പറയുന്നതും ശ്രദ്ധിച്ചു.
"ടീച്ചേഴ്സൊക്കെ എന്നെ നോക്കുന്നുണ്ടോ...
ഏയ്... തോന്നണതാവും''
ബസ്സ് കുറച്ചു നേരം അവിടെ നിർത്തിയിട്ടു. ജാൻസി മിസ്സ് പുറത്തിറങ്ങി ആരെയൊക്കെയോ വിളിക്കുന്നതും സംസാരിക്കുന്നതും കണ്ടു.
നിർമ്മല മിസ്സ് ഗ്രീഷ്മയേയും നയനയേയും അടുത്തേക്ക് വിളിച്ച് എന്തൊക്കെയോ പറഞ്ഞു.
അവരുടെ മുഖം വല്ലാതാവുന്നത് ശ്രദ്ധിച്ചു..
''എന്താണാവോ പ്രശ്നം.. ആകെ ഒരു പന്തികേട്..."
ഗ്രീഷ്മയും നയനയും അടുത്ത് വന്നിരുന്നപ്പോ ചോദിച്ചു
" എന്താ പ്രശ്നം?"
"ഒന്നൂല്ലെടോ.. ടൂർ കാൻസൽ ചെയ്തു"
" അതെന്താ?'
അപ്പോഴാണ് ജാൻസി മിസ്സ് പറഞ്ഞത്
" ഡിയർ സ്റ്റുഡൻസ്, നമ്മൾ ഇപ്പോൾ തിരിച്ചു പോവുകയാണ്.. ചില പ്രശ്നങ്ങളുണ്ട്..ടൂർ പിന്നൊരിക്കലാവാം..."
ആരും മിണ്ടുന്നില്ല...ഒന്നും മനസ്സിലായില്ല...
ബസ് പിന്നെ എവിടെയും നിർത്താതെ തിരിച്ച് പോന്നു.
"ഇതെന്താ ബസ് കോളേജിലേക്ക് തിരിയാത്തത്..?''
"എന്താ മിസ്സ് , കോളേജിലേക്കല്ലേ...?"
മിസ്സ് ചോദ്യം കേട്ടതായി ഭാവിക്കുന്നില്ല.. മനസ്സിലാകെ ഒരസ്വസ്ഥത.... കണ്ണടച്ചിരുന്നു.. ബസ്സ് നിന്നപ്പോഴാണ് കണ്ണ് തുറന്നത്
"എന്താ എന്റെ വീടിന് മുന്നിൽ നിർത്തീത്.... "
മുറ്റത്ത് നിറയെ ആൾക്കൂട്ടം.... ബസ്സ് വന്ന് നില്ക്കുന്നത് കണ്ട് എല്ലാവരും സഹതാപത്തോടെ നോക്കുന്നുണ്ട്....
മനസ്സ് പിടഞ്ഞു....
''ഈശ്വരാ... എന്താണാവോ...... ''
ഗ്രീഷ്മയും നയനയും രണ്ട് കയ്യിലും അമർത്തിപ്പിടിച്ചു.... വിറക്കുന്ന കാലുകളോടെ അകത്തേക്ക് നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ മെല്ലെ പറയുന്നത് കേട്ടു... "കുട്ട്യെ ടൂറിന് പറഞ്ഞയച്ച് തിരിച്ച് വന്ന് ഓഫീസിലേക്ക് ഇറങ്ങീതാ....
റോഡിലേക്ക് കടന്നപ്പോ പുറകീന്ന് ഒരു ലോറി വന്ന് ഇടിച്ച് തെറിപ്പിക്ക്യാർന്നു.... അപ്പൊ തന്നെ കഴിഞ്ഞൂന്നാ കേട്ടത്....."
അകത്തേക്ക് കയറി... വെള്ളപുതച്ചു കിടക്കുന്ന അമ്മയെ ഒരു നോട്ടം മാത്രേ കണ്ടുള്ളു........ പിന്നെ ബോധം വരുമ്പോ പറമ്പിന്റെ അറ്റത്ത് അമ്മയുടെ ചിത എരിയുന്നുണ്ടായിരുന്നു.....
...................................................
അമ്മ എപ്പോഴും പറയുമായിരുന്നു..
" അമ്മക്ക് ആഗ്രഹത്തിനൊത്ത് പഠിക്കാൻ സാഹചര്യങ്ങളുണ്ടായില്യ.. അതോണ്ട് ആശിച്ച ജോലി നേടാനും പറ്റീല്യ...
ന്റെ മാളൂട്ടി പറ്റണത്രേം പഠിക്കണം...
നല്ല ജോലി നേടണം... സ്വന്തം കാലിൽ നിന്നിട്ട് മതി കല്യാണൊക്കെ " ന്ന്
"അമ്മേ.... അമ്മ ആശിച്ച പോലെ മാളൂട്ടിക്ക് നല്ല ജോലി തന്നെ കിട്ടി.....
നാഷണലൈസ്ഡ് ബാങ്കില് മാനേജരായിട്ട്.....
മാളൂട്ടി നാളെ പോവാ.. ജോയിൻ ചെയ്യാൻ....
ഒരു നിമിഷം അമ്മ ന്റെ മുന്നിലൊന്ന് വര്വോ.......
മാളൂട്ടീടെ പെട്ടി ഒതുക്കിത്തന്ന്.... നെറ്റിയില് ഉമ്മ വെച്ച് അനുഗ്രഹിച്ച് യാത്രയാക്കാൻ......
ഒരേയൊരു നിമിഷം........."
പൊട്ടിക്കരഞ്ഞു പോയി..........
അച്ഛന്റെ ചോദ്യമാണ് ഉണർത്തിയത്...
" കുട്ടി കരയാണോ?
ലീവ് കിട്ടുമ്പളൊക്കെ വരാലോ.. പിന്നെന്താ..
കൊണ്ടു പോകാനുള്ളതൊക്കെ എടുത്തു വെച്ചോ ? ബാംഗ്ലൂര് സിറ്റീല് കിട്ടാത്തത് ഒന്നൂല്ല.. എന്നാലും അവിടെ സ്ഥലൊക്കെ ഒന്നു പരിചയാവണത് വരെക്ക് ള്ളത് കൊണ്ടക്കോളൂ... ഇനി വല്ലതും വാങ്ങാനുണ്ടോ കൊണ്ടോവാൻ? വേണെങ്കി ഞാൻ പോയി വാങ്ങാം "
" ഉവ്വച്ഛാ...... വേണം.....
രാസ്നാദിപ്പൊടി.... ഭൃംഗാമലകാദി വെളിച്ചെണ്ണേം.......
അതിനമ്മേടെ മണാ.......... അതെങ്കിലും കിട്ടൂലോ എനിയ്ക്ക്............
.........................................
........................................."
DR.RAJANI K P

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot