ബൈബിളും നെഞ്ചില്‍ അടക്കി പിടിച്ച് ഈലോവ് മകന് പിന്നില്‍ നടന്നു. പലതും അപ്പോള്‍ മനസ്സില്‍ മിന്നി മാഞ്ഞ് പോയി.
" ഒത്തിരി ദൂരം ഉണ്ടോ മക്കളെ ?" ...അയാള്‍ പതറിയ സ്വരത്തില്‍ ചോദിച്ചു.
"ഇല്ലപ്പാ...മെല്ലെ നടന്നാല്‍ മതി തട്ടി വീഴും .." മകന്‍ മറുപടി പറഞ്ഞു.
തന്‍റെ നാടിന് പ്രായം കൂടിയത് പോലെ ആ വൃദ്ധന് തോന്നി.ഇടുക്കിയില്‍ അയാള്‍ വന്നത് അപ്പന് ഒപ്പമാണ്. ഒന്നും ഇല്ലായിരുന്നു അന്ന് കീറി പറിഞ്ഞ ഒരു മുണ്ടും കുറെ വിശന്ന വയറുകളും അല്ലാതെ. ഈലോവിന്റെ അപ്പന്‍ മത്തായി കാടിന്റെ ഒരു വശം വെട്ടി തെളിച്ച് കൃഷി തുടങ്ങി. അമ്മച്ചി മക്കളെ നോക്കി വളര്‍ത്തി.
മൂന്ന് ചേച്ചിമാരും രണ്ടു അനിയന്മാരും ഉണ്ടായിരുന്നു ഈലോവിന്. കാട്ടുപ്പന്നി വന്ന് ഓരോ തവണ കൃഷി നശിപ്പിക്കുമ്പോഴും അപ്പന്‍ കര്‍ത്താവിനെ പ്രാകി അമ്മച്ചി അതിന് മാപ്പും പറഞ്ഞു. മഴ വന്നു കാറ്റ് വന്നു ഒപ്പം വസൂരിയും. മഴയും കാറ്റും ഒന്നും ഇല്ലാതെ മടങ്ങിയപ്പോള്‍ വസൂരിയ്ക്ക് കൂട്ടായി ഈലോവിന്റെ മൂത്ത ചേച്ചിയെയും ഇളയ അനിയനെയും കൊണ്ട് പോയി. അവര്‍ കിടന്ന ചാള അപ്പനാണ് തീ വച്ചത്. ഉള്ളില്‍ അപ്പോഴും ചേച്ചി "വെള്ളം....വെള്ളം " എന്ന് പറയുന്നണ്ടായിരുന്നു.
" അപ്പന്‍ എന്തിനാ അവരെ കൊന്നത്...." കണ്ണീര്‍ തുടച്ച് ഈലോവ് ചോദിച്ചു.
അവനെ ചേര്‍ത്ത് പിടിച്ച് നിറഞ്ഞ് വന്ന കണ്ണ് തുടച്ച് അപ്പന്‍ പറഞ്ഞു " നിനക്ക് വീതം കൂടുതല്‍ കിട്ടാന്‍ ..."
അന്ന് മുതല്‍ അവനില്‍ ഒരു മാറ്റം വന്ന് തുടങ്ങി. ഇടുക്കിയോട് പട വെട്ടി ജീവിതം ജയിച്ചു കേറാന്‍ പലതും കൊടുക്കേണ്ടി വന്നു മത്തായി മാപ്പിളയ്ക്ക്. അതില്‍ മക്കളുടെ കണ്ണീരും ഉള്‍പ്പെടും.ഇളയ പെങ്ങളെ അവളിലും ഇരട്ടി വയസ്സുള്ള ഒരു കിഴവന്‍ വില്ലേ ജ് ഓഫീസര്‍ക്ക് കെട്ടിച്ചു കൊടുത്തപ്പോള്‍ അപ്പന്‍ പൊട്ടിചിരിച്ച് കൊണ്ട് ഈലോവിനെ ഉമ്മ വച്ചു. അപ്പോള്‍ അപ്പന്റെ കണ്‍
മുന്നില്‍ ഒരു ഏക്കര്‍ കൃഷി ഭൂമി വിളഞ്ഞ് നിന്നത് അയാള്‍ ഓര്‍ത്തു. പല പാവങ്ങളെയും പിടിച്ച് പറിച്ച് മത്തായി രാജാവായി. അരികില്‍ അപ്പോഴും പ്രിയ മകന്‍ ഈലോവ് അവന്റെ വീതം കണക്ക് കൂട്ടി നിന്നിരുന്നു.വെടി പൊട്ടിച്ച് മതിവരുവോളം തിന്നുന്ന കാട്ടുപ്പന്നിയുടെ ഇറച്ചിയില്‍ നല്ല വെണ്ണ പോലെയുള്ള പത്തിരി മുക്കി മകനെ ഊട്ടുമ്പോള്‍ അപ്പന്‍ പറഞ്ഞു
" ഈലോവെ ....മകനെ .....ഞാന്‍ ഉണ്ടാക്കിയത് ഒന്നും നീ കൈ വിടല്ലേ എടാ...."
പിന്നീട് കരള്‍ രോഗം മൂര്‍ച്ചിച്ച് ഒരു സഹോദരി കൂടെ മരണത്തിന് കീഴുപ്പെടുമ്പോള്‍ ഈലോവ് അറിയാതെ ഉള്ളില്‍ ഒരു സന്തോഷം കണക്ക് കൂട്ടി. ആരും കെട്ടാതെ പോയ ചട്ട് കാലുള്ള പെങ്ങളെ നിര്‍ബന്ധിച്ച് മഠത്തില്‍ ചേര്‍ത്ത് കര്‍ത്താവിന്റെ മണവാട്ടിയാക്കി.
" ദാഹിക്കുന്നു മോനെ....എന്റെ തൊണ്ട പൊട്ടുന്നു..അപ്പന് നടക്കാന്‍ വയ്യ..." ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞ് ഈലോവ് ഒരു പാറയില്‍ ഇരുന്നു.
" അപ്പന്‍ ഈ വെള്ളം കുടിച്ചോ ...." കിതച്ച് കൊണ്ട് മകന്‍ അയാള്‍ക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടി.
അയാള്‍ അത് വാങ്ങി കുടിച്ചു എന്നിട്ട് ആ പാറയിലേക്ക് ചാരി കിടന്നു. ഓര്‍മ്മകള്‍ വീണ്ടും ഒരു തേനീച്ച കൂട്ടത്തെ പോലെ ഇരച്ച് എത്തി.മക്കളെ നോക്കിയും അവരുടെ മരണങ്ങള്‍ കണ്ടും അമ്മച്ചിയും എപ്പോഴോ മണ്ണടിഞ്ഞു. അപ്പനും പ്രിയ മകന്‍ ഈലോവും അപ്പോഴേക്കും ഇടുക്കിയെ പിടിച്ച് അടക്കി കഴിഞ്ഞിരുന്നു. സ്വത്ത് ഭാഗം വച്ചപ്പോള്‍ കുടുംബ വീടും ഒപ്പം വയസ്സനായ അപ്പനെയും അവന് വീതിച്ച് കിട്ടി. ഒടുവില്‍ ഏതോ ഒരു എഴാം പാതിര നാള്‍ അപ്പന്‍ നാട് വിട്ട് പോയി. അപ്പന്‍ ദൈവ വഴിയില്‍ പോയി എന്ന് പറഞ്ഞു കൊണ്ട് പ്രിയ മകന്‍ നെഞ്ചത്ത് അടിച്ചു.
കണ്ണ് തുറന്നപ്പോള്‍ ഈലോവ് ആരുടെയോ ഒക്കത്ത് ആയിരുന്നു. ശെരിയാണ് മകന്‍ അയാളെ ചുമലില്‍ തുക്കി കൊണ്ടാണ് പോകുന്നത്.കാട്ടു വഴി തുടങ്ങി കഴിഞ്ഞു. പാറ കെട്ടുകള്‍ മാറി പച്ചപ്പ് തെളിഞ്ഞു തുടങ്ങി. കുന്തി പുഴയുടെ ഒഴുക്ക് ചെവിയില്‍ വന്ന് അടിക്കുന്നു.മയക്കം പോലെ ഒന്ന് വീണ്ടും കണ്ണിലേക്ക്. ചെറുപ്പത്തിന്റെ ഉശിര് അയാളില്‍ ആടി നിന്ന കാലം.
ഈലോവ് രണ്ട് കെട്ടി. ചോറതിങ്ങള്‍ ഈപ്പന്റെ മകള്‍ എല്‍സയാണ് ആദ്യ ഭാര്യ അവള്‍ ഒന്ന് പേറാന്‍ വേണ്ടി പുരയില്‍ പോയപ്പോള്‍ കരുവാറ്റെ ആന്‍സിയെ അയാള്‍ സ്വീകരിച്ചു. രണ്ടു പേരെയും ഒരേ വീട്ടില്‍ പാര്‍പ്പിച്ചു. പള്ളിയും പട്ടക്കാരും ഒന്നും പറഞ്ഞില്ല കാരണം ഈലോവ് അന്ന് പ്രമാണിയായിരുന്നു. രണ്ടിലും കൂടി അഞ്ചു മക്കള്‍ ജനിച്ചു. എല്‍സയില്‍ അപ്പോഴേക്കും വിഷാദം കുടിയേറി. അവള്‍ കര്‍ത്താവിനെ കൂടുതല്‍ പ്രാര്‍ഥിച്ചു. അടുക്കളയില്‍ പോത്തും പോര്‍ക്കും വച്ച് വിളമ്പി. മക്കളെ നോക്കി വളര്‍ത്തി.പശുവിനെ കറന്ന് ചൂട് പാല്‍ എന്നും രാവിലെ ഈലോവിന് കൊടുത്തു. ആന്‍സി സുന്ദരിയായിരുന്നു. അവള്‍ ചമഞ്ഞു നടന്നു.ഇടയ്ക്ക് സ്വന്തം കുഞ്ഞങ്ങള്‍ക്ക് പാലും വെണ്ണയും കൂടുതല്‍ കൊടുത്തു. എല്‍സയില്‍ മൂന്ന് കുഞ്ഞുങ്ങളെ ജനിപ്പിച്ച ഭര്‍ത്താവിന് തന്നോട് സ്നേഹം കുറവ് ആയതിനാല്‍ ആണ് രണ്ടു മക്കളെ തന്നത് എന്ന് നാട്ടുക്കാരോട് പരിഭവം പറഞ്ഞു.
"എന്റെ മക്കള്‍ക്ക് വീതം കുറഞ്ഞ് പോകാമോ എന്ന് എനിക്ക് പേടിയുണ്ട് ഇച്ചായോ..." ആന്‍സി ഒരു രാത്രിയില്‍ ഈലോവിനോട് പറഞ്ഞു.
" ഇവിടെ വേറെ ഒരുത്തി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് എന്നെയും മക്കളെയും കൊല്ലാന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.ഞങ്ങക്ക് വേറെ വീട് താ എന്റെ കെട്ടിയോനെ..." അവള്‍ സങ്കടം കുടഞ്ഞു.
കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റ് അയാള്‍ ഭാര്യയുടെ മുടിക്ക് കുത്തി പിടിച്ച് പുറത്താക്കി.
" രാത്രിയില്‍ മനുഷ്യനെ ഉറങ്ങാന്‍ വിടണം എടി ഒരുമ്പപ്പെട്ടവളെ...ഇവിടെ ഉള്ളത് തിന്ന് കിടക്കാന്‍ പറ്റും എങ്കില്‍ നീ നിന്നാല്‍ മതി ഇല്ലെങ്കില്‍ കൊന്ന് താഴ്ത്തും ഞാന്‍..." പോത്തിനെ പോലെ മുക്ര ഇട്ട് അയാള്‍ അമറി.
ഇളയ കുഞ്ഞിനെ ഉക്കത്ത് വച്ച് ആന്‍സി മുറിയുടെ പുറത്ത് നിന്ന് കരഞ്ഞു. എല്‍സ അവളെ ആശ്വസിപ്പിച്ചു. സ്നേഹം കൂടിയും കുറഞ്ഞും ഇരുന്ന ആ വീട്ടില്‍ ഒരു വെരുകിനെ പോലെ അലഞ്ഞത് ഈലോവ് മാത്രം ആയിരുന്നു. അയാള്‍ പള്ളിയില്‍ പോയി,കര്‍ത്താവിനെ പ്രാര്‍ഥിച്ചു., എല്ലാ കുര്‍ബാനയും കൂടി, പള്ളിക്ക് സംഭാവനകള്‍ നല്‍കി. അനാഥ പിള്ളേര്‍ക്ക് വേണ്ടി പണം എറിഞ്ഞു .
" ഈലോവ് മാന്യന്‍ ആണ് ....അയാള്‍ വിശ്വാസി ആണ്...അവനാണ് കുടുംബനാഥന്‍.." നാട്ടുക്കാര്‍ വാഴ്ത്തി
ചിലവു അറിഞ്ഞു പണം മുടക്കാന്‍ തയ്യാറായി. മക്കളെ ഒരുപാട് സ്നേഹിച്ചു. ഒരു അല്പം സ്നേഹ കൂടുതല്‍ എല്‍സയോടും കാണിച്ചു. ഭാര്യമാരെ ദേഷ്യംവരുമ്പോള്‍ തല്ലി. മണ്ണില്‍ വീണ്ടും വീണ്ടും പണി എടുത്തു. എങ്കിലും ആ ഉള്ളില്‍ എവിടെയോ ഒരു കനല്‍ ഇരുന്നു പുകഞ്ഞു. ഒരു പ്രഭാതത്തില്‍ എല്‍സയും മക്കളെ ഉപേക്ഷിച്ച് ഒരു എങ്ങോട്ടോ പോയി. ദുഖം കുറച്ച് നാള്‍ തളം കെട്ടി നിന്നു.ആന്‍സി വീട്ടമ്മയായി.
ഈലോവ് അവന്റെ പ്രിയപ്പെട്ട പുത്രനെ താലോലിക്കാന്‍ മറന്നില്ല. എല്‍സയുടെ മൂത്ത സന്താനം ആന്ദ്രെ കുഞ്ഞപ്പോവിനെ.അവനെ അയാള്‍ മതി മറന്ന് സ്നേഹിച്ചു. കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരുള ഒരുട്ടി മകന് കൊടുക്കും. മക്കള്‍ക്ക് എന്ത് വാങ്ങിയാലും അതില്‍ ഒരു അളവ് കൂടുതല്‍ ആന്ദ്രെയ്ക്ക് നല്‍കി വന്നു. ഒരു അത്താഴ ദിവസം ആന്‍സി പരിഭവ കേട്ട് അഴിച്ചു.
" എനിക്ക് ഉള്ളതും നിങ്ങളുടെ മക്കളാണ് വേര്‍ത്തിരിവ് കാണിക്കരുതെ ഇച്ചായോ..."
പറഞ്ഞ പാടേ പോര്‍ക്കിന്റെ ചാറും ചോറും അവളുടെ മുഖത്ത് ഇരുന്നു. മകനോട് ഉള്ള സ്നേഹം അയാളെ അന്ധനാക്കി എങ്കിലും ഉള്ളിലെ ആ കനല്‍ അണയാതെ കിടന്നു.നനഞ്ഞ മണ്ണിന്റെ സ്പര്‍ശം ഈലോവിനെ ഉണര്‍ത്തി. കൈയും കാലും വരിഞ്ഞു മുറുകുന്നു. അയാള്‍ തിരിയാന്‍ നോക്കി. ഇല്ല
പറ്റുന്നില്ല.
" കുഞ്ഞേ ....ആന്ദ്രെ...മകനെ..." അയാള്‍ ദീനമായി വിളിച്ചു. ഭയം അപ്പോഴേക്കും ഈലോവിനെ കാര്‍ന്നു തുടങ്ങി.
ആന്ദ്രേയുടെ തല പൊന്തി വന്നു. അവന്റെ മുഖം അയാള്‍ക്ക് കാണാന്‍ സാധിച്ചില്ല. എങ്കിലും മകനാണ് അത് എന്ന തിരിച്ചറിവ് അയാളെ സന്തോഷവനാക്കി.
" അപ്പന് എഴുന്നേല്‍ക്കാന്‍ വയ്യ കുഞ്ഞേ...." ഈലോവ് കരഞ്ഞ് കൊണ്ട് പറഞ്ഞു.
" അപ്പാ......അപ്പന്‍ ഇനി മുതല്‍ ഇവിടെയാണ് ..ഇതാണ് അപ്പന്റെ വീട് ഇനി...കര്‍ത്താവിനോട് ചേര്‍ന്നിരിക്കാന്‍ അപ്പന്‍ ആ വേദപ്പുസ്തകം
വച്ച് കൊള്ളൂ..." ആന്ദ്രെ പറഞ്ഞു.
" കഴുവേറി നീ എന്നെ കൊല്ലാന്‍ പോകുവാണോ....നീ ഗുണം പിടിക്കില്ല...നീ നശിക്കും ....നായിന്റെ മോനെ...." ഒരു നിമിഷം കൊണ്ട്
ഈലോവ് വിളിച്ച് പറഞ്ഞു.
" അപ്പ.....ഇതാണ് വിധി..ദൈവ വഴിയില്‍ പോയ മത്തായിപ്പനും എന്റെ അമ്മച്ചിയും ഈ മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നു എന്ന് എനിക്ക് അറിയാം...പണ്ട് ഇവിടം ചൂണ്ടിക്കാണിച്ചു കൊണ്ട് അപ്പന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയില്ലേ...ഇവിടെയാണ് നമ്മുടെ പൂര്‍വ്വികര്‍ ഉറങ്ങുന്നത് എന്ന്..."
തെളിഞ്ഞ ഉറച്ച സ്വരത്തില്‍ ആന്ദ്രെ പറഞ്ഞു നിര്‍ത്തി. അവന്റെ വിയര്‍പ്പ് തുള്ളികള്‍ അയാളുടെ ചുണ്ടില്‍ ഇറ്റ് വീണു. ഉള്ളിലെ കനലുകള്‍ എരിഞ്ഞു കത്തിയപ്പോള്‍ ഓര്‍മ്മകള്‍ വെട്ടി തിളങ്ങി.
ചട്ട് കാലുള്ള അനിയത്തി പെണ്ണിനെ കര്‍ത്താവിന്റെ മണവാട്ടിയാക്കി വിട്ടപ്പോള്‍ അവളുടെ വീതം കൂടി തന്‍റെ പന്തിയില്‍ ചേരും എന്ന് അയാള്‍ കണക്ക് കൂട്ടി. അവള്‍ക്ക് ഉള്ളത് അവള്‍ക്ക് തന്നെ കൊടുക്കണം എന്ന അപ്പന്റെ പിടിവാശി പ്രിയപ്പെട്ട മകന് മാറ്റാന്‍ സാധിച്ചില്ല. പിന്നീട് എന്ത് ചെയ്യാന്‍ ഒരു അനുനയം തര്‍ക്കത്തില്‍ എത്തിയപ്പോള്‍ അപ്പന്റെ കഴുത്തിലേക്ക് ഈലോവ് കൈകള്‍ അമര്‍ത്തി. ഒന്ന് ഞെരുങ്ങി പിന്നെ മരിച്ചു.
ശവം അന്ന് തന്നെ തൊഴുത്തില്‍ മറവു ചെയ്തു. പിന്നീട് ആന്ദ്രെയ്ക്ക് അഞ്ച് വയസ്സ് ഉള്ളപ്പോള്‍ പുറം പണിക്കാരി മേരിക്കുട്ടി തൊഴുത്തില്‍ ഒരു തലയോട്ടി കണ്ട് ഓടി വന്നു. അന്ന് അവളെയും അത് പോലെ മറവു ചെയ്തു പോയി. പല തെറ്റും ക്ഷമിച്ച് കൂടെ കഴിഞ്ഞ എല്‍സ ഒരിക്കല്‍ അയല്‍വക്കത്തെ ഒരുവളുമായി ഈലോവിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു.സ്വതേ നിശബ്ദ ജീവിയായ അവള്‍ അന്ന് അലറി വിളിച്ചു നെഞ്ചത്ത് അടിച്ച് കരഞ്ഞു. ഭര്‍ത്താവിനെ വെട്ടാന്‍ കത്തി ഓങ്ങിയതും
അടി വയറ്റില്‍ ഒരു ചവിട്ട്. നിലവിളിയോടെ കിടന്ന് പിടഞ്ഞു. അന്ന് മേലെ പള്ളിയിലെ പെരുന്നാളിന് പോയിരിക്കുക്കയായിരുന്നു ആന്‍സിയും ബാക്കി മക്കളും. അമ്മച്ചിയെ പറ്റി ചേര്‍ന്ന് എപ്പോഴുംനടക്കുന്ന ആന്ദ്രെ ആ മരണം അടുത്ത് കണ്ടു. അവന്റെ കുഞ്ഞി കണ്ണുകള്‍ പിടഞ്ഞു മരിക്കുന്ന അമ്മച്ചിയെ നോക്കി. മിണ്ടാതെ അവിടുന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. അന്ന് മുതല്‍ അവന്‍ അപ്പനെ വെറുക്കാന്‍ തുടങ്ങി.
ഈലോവ് മിണ്ടാതെ കിടപ്പായി. അപ്പന് മകന്‍ മരണ കുഴി വെട്ടി. പാതി ബോധം ഉള്ള അപ്പനെ വരിഞ്ഞു കെട്ടി പെട്ടിയിലാക്കി.തലയില്‍ പൂവിന്റെ കീരിടം ചൂടി. കൈയില്‍ കൊന്ത പിടിപ്പിച്ചു.
" എന്നെ അവന്‍ സ്വര്‍ഗത്തില്‍ അനുഗമിക്കും ...എനിക്ക് വേണ്ടി സ്വര്‍ഗ്ഗ കവാടം മലര്‍ക്കെ തുറക്കും...അവന്‍ വലിയവനാണ്... കര്‍ത്താവിനോട് ഞാന്‍ എന്നും ചേര്‍ക്കപ്പെടും...." ഈലോവ് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.
ആന്ദ്രെ കുഴിയിലേക്ക് മണ്ണ് വെട്ടി ഇടാന്‍ തുടങ്ങി. കാല്‍ക്കല്‍ ആദ്യത്തെ പിടി മണ്ണ് വീണപ്പോള്‍ ഈലോവ് കണ്ടു തനിക്ക് ചുറ്റും നില്‍ക്കുന്നവരെ. സ്നേഹം നിറഞ്ഞ നോട്ടവുമായി അമ്മച്ചി, വസൂരി കലകള്‍ നിറഞ്ഞ മുഖത്ത് വാത്സല്യം തുളുമ്പുന്ന ചിരിയുമായി ചേച്ചി, കളിക്കാന്‍ വിളിച്ചു കൊണ്ട് നില്‍ക്കുന്ന അനിയനെ, കരയുന്ന അപ്പനെ........ഈലോവ് മരണം അടുത്ത് കണ്ടു. മണ്ണ് മൂടി മൂടി കഴുത്തറ്റം എത്തി. ആന്ദ്രെ അപ്പനെ നോക്കി വിസ്മയം നിറഞ്ഞ കണ്ണുകള്‍ അപ്പോഴും പരതി നടന്നു. മുഖത്തേക്ക് അവസാന പിടി മണ്ണ് മൂടുന്ന നേരം ദൂരെ ഒരു മാലാഖ കുഞ്ഞിനെ തോളില്‍ ഏറ്റി ഒരു സുന്ദരി പെണ്ണ് വന്നു അവള്‍ക്ക് എല്‍സയുടെ മുഖമായിരുന്നു.
അടുത്ത പകല്‍ ഈലോവിന്റെ വീട്ടില്‍ നാട്ടുകാര്‍ കൂടി. ദൈവ വഴിക്ക് തിരിച്ച ഈലോവിനെ പറ്റി നാട്ടുക്കാര്‍ പുകഴ്ത്തി, ആന്ദ്രെ കണീര്‍ പൊഴിച്ചു അവന്റെ ഭാര്യ നിറ വയര്‍ തടവി അരികില്‍ ഇരുന്നു.
By: Adhya Thulasi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക