Slider

ഗുപ്തം_കൽപ്പിതം ... !! (കഥ)

0
"കനമേറുന്ന ഇരുട്ടിന് പറയാൻ ആകുലതകളുടെ കടങ്കഥകളൊരുപാടുണ്ടാവാം ,അതിൽ ഭീതിയുടെ പുകമറയ്ക്കപ്പുറം അനാവൃതമാക്കപ്പെടേണ്ട
നഗ്നയാഥാർത്ഥ്യങ്ങളുണ്ട്,
അതിലേക്കൂളിയിട്ട് പൊള്ളയായ പുറംതോടുകൾ പൊട്ടിച്ചെറിഞ്ഞ് ഉള്ളറകളിലേക്ക് വെളിച്ചം വീശുകതന്നെ വേണം. ... "
ജനലഴികളിൽക്കൂടെ പടർന്നുകയറിയ ഇളംതണുപ്പേറ്റതോടെ കൽപ്പനയ്ക്ക് തെല്ലൊരാശ്വാസം തോന്നി. പേനമടക്കി ഡയറിത്താളിൽവെച്ച് മുറിയിൽ അലക്ഷ്യമായി നടന്നു. പുറത്ത് അന്ധകാരത്തിന്റെ നിശാവസ്ത്രമണിഞ്ഞ് നിദ്രപുൽകിയ പ്രകൃതി, ഉറക്കച്ചടവിൽ ചില വികൃതശബ്ദങ്ങൾ
പുറപ്പെടിവിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെയുള്ള മൂന്ന് ദിവസങ്ങളിലെ പത്രങ്ങൾ മേശമേൽ തുറന്നു വെച്ചിട്ടുണ്ട്. അതിൽ ഒരു വീട്ടിലെ മൂന്ന് മരണങ്ങളുടെ വാർത്തകൾ
ചുവന്നമഷിയാൽ മാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ആദ്യത്തേതിൽ ഒരാത്മഹത്യ..., അത് തീ കൊളുത്തിയുള്ളതാണ് ...മറ്റു രണ്ടും തുടർന്നുള്ള ദുരൂഹ മരണങ്ങൾ.
അന്വേഷണാത്മക വാർത്തകൾക്ക് പിന്നാലെ പോവാനിഷ്ടപ്പെടുന്ന
യുവജേർണലിസ്റ്റാണ്
പാതിമലയാളിയായ കൽപ്പന ഗുപ്ത.
അതു കൊണ്ട് തന്നെയാണ് എഡിറ്റർ വർമ്മാജി ഈ ടാസ്ക് അവളെ ഏൽപ്പിച്ചതും .ആദ്യത്തേത് ആത്മഹത്യയാണെന്ന് വിധിയെഴുതിയ പോലീസ് പക്ഷെ മറ്റു രണ്ടിലും എങ്ങുമെത്താതെ നിൽക്കുകയാണ് . അവരാവട്ടെ വീട്ടിൽ തനിച്ചുള്ള ദിവസങ്ങളിൽ പുലർച്ചെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഒരാൾ നിലവിളക്ക് കൊണ്ട് തലതല്ലിത്തകർന്ന രീതിയിലും മറ്റേയാൾ
ചെമ്പ്കമ്പി മേലാസകലം ചുറ്റി ഷോക്കേറ്റ നിലയിലും.
പുറത്തെവിടേയോ ഒരു നായ നിർത്താതെ ഓരിയിടുന്നുണ്ടായിരുന്നു. കൽപ്പന പത്രവാർത്തകൾ ഒരാവൃത്തി കൂടി വായിച്ചു. ശേഷം തന്റെ ഡയറിയെടുത്ത് വീണ്ടുമെഴുതാൻ തുടങ്ങി ...
"ടൗണിന് കിഴക്ക് ഭാഗത്തായി പട്ടാളം റോഡിന് നാല് കിലോമീറ്റർ ചെന്നാൽ ഒരു ക്ഷേത്രം ,അതിനോട് ചേർന്ന ഇടവഴി താണ്ടിയാൽ വിജനമായ ഒരിടമുണ്ട് ,അവിടെയാകെയുള്ളത് ഈ സംഭവങ്ങൾ നടന്ന വീടാണ് .ഉടമസ്ഥൻ വിദേശത്തായതിനാൽ വാടകയ്ക്ക് കൊടുത്തിരുന്നതായിരുന്നു.കഴിഞ്ഞ ആറുമാസമായി താമസക്കാരില്ലാതെ നാട്ടുകാരിൽ ഭീതിയുടെ വിത്തെറിഞ്ഞ് തലയുയർത്തി നിൽക്കുന്ന ആ ഒറ്റനില വീട്
വാടകയ്ക്ക് തരാൻ അവർക്കത്ര സമ്മതമില്ലായിരുന്നു .ഒരു സ്ത്രീ എന്നതായിരുന്നു മുഖ്യ കാരണം .....! പത്രപ്രവർത്തകയാണെന്നും സംഭവങ്ങളെക്കുറിച്ച് സ്റ്റോറി ചെയ്യാനാണെന്നും പറഞ്ഞതോടെ അവരയഞ്ഞു. പ്രേതഭവനം എന്ന
ദുഷ്പേര് മാറി കിട്ടുമല്ലോ എന്നവർ സമാധാനിച്ചു കാണും .
വീട് വൃത്തിയാക്കാൻ നാട്ടുകാർ ആരും തയ്യാറല്ലായിരുന്നു. ക്ഷേത്രത്തിന്റെ വാസ്തുവിന് കടകവിരുദ്ധമായ നിർമ്മാണ രീതി കൊണ്ടാണ് അവിടെ സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടാവുന്നെതെന്നും അതിനാൽ ഇനിയും ഒരു ദുർമരണത്തിനുകൂടി അവർക്ക് കൂട്ടുനിൽക്കാനാവില്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. തുടർന്ന് ടൗണിൽ നിന്നും ഒരു തമിഴനെ കൂടെക്കൂട്ടി വീടൊന്നാകെ വൃത്തിയാക്കി ,ശേഷം എല്ലാ മുറിയിലും. ക്യാമറകൾ ഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി എന്നും കാലത്ത് ചെന്ന് വീടും പരിസരവും പരിശോധിക്കും .സാമൂഹ്യ വിരുദ്ധരോ മറ്റോ വരുന്നുണ്ടോ എന്നറിയാനായിരുന്നു. പക്ഷെ ദൃശ്യങ്ങൾ എല്ലാം ശൂന്യമായിരുന്നു. "
കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണ് ....!
കൽപ്പന പുറത്തേ ഇരുട്ടിലേക്ക് വീണ്ടും നോക്കി.
"അതിന്ദ്രിയ ശക്തികൾ മനുഷ്യന്റെ ക്രിയാശേഷിക്കുമപ്പുറമാണ് കുട്ടീ ... അവിടെ താമസിച്ചാൽ ഏകാന്തമായ ഏതെങ്കിലും രാത്രിയിൽ നിങ്ങളും ചിലപ്പോൾ കൊല്ലപ്പെട്ടക്കാം ...! "
നാട്ടിലെ പ്രമാണിയായ മൂപ്പിൽനായരുടെ മുന വെച്ചുള്ള സംസാരമവളുടെ ചെവിയിൽ മുഴങ്ങി .കൽപ്പന തന്റെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ മാനസികമായ തയ്യാറെടുപ്പുകൾ നടത്തി.
ആ വീട്ടിലേക്ക് താമസം മാറുക ...! ഏകാന്ത രാത്രികളിൽ ആ വീട്ടിലെ അജ്ഞാത സാന്നിദ്ധ്യം തിരിച്ചറിയുക. പിറ്റേന്ന് രാവിലെ കൽപ്പന ഓഫീസിലേക്ക് പോവുമ്പോൾ അത്യാവശ്യ സാധനങ്ങൾ കൂടെ കരുതിയിരുന്നു.
താമസത്തിന്
വീട്ടിലേക്ക് ചെല്ലാൻ പറ്റിയ സമയം
സന്ധ്യയ്ക്കാണെന്നവളൂഹിച്ചു , നാട്ടുകാരുടെ പ്രതീക്ഷകൾ തെറ്റിച്ച് പെട്ടന്നൊരു വൈകുന്നേരം ചെല്ലുക..., പിറ്റേന്ന് രാവിലെ കാലത്തെഴുന്നേറ്റ് തന്റെ സാന്നിദ്ധ്യം വിളിച്ചോതുക .. വൈകീട്ട് ആറ് മണിയോടെ ക്ഷേത്രപരിസരത്ത് കാറ് പാർക്ക്ചെയ്ത് നേർത്ത ഇരുട്ടിൽ
ഉറച്ചചുവടുകളുമായി കൽപ്പന തന്റെ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
രാവിന് തീവ്രതയേറുംതോറും കൽപ്പന ഏത് സാഹചര്യവും നേരിടാൻ
തയ്യാറായിക്കഴിഞ്ഞിരുന്നു, വീടിന്റെ സ്വാഭാവികതയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്നവൾ നിരീക്ഷിച്ചു. പാർസൽ കൊണ്ടുവന്ന ഭക്ഷണവും കഴിച്ച് ഒരു പഴയ ഗസലും കേട്ട് സ്വീകരണമുറിയിൽ പതിയേ ഉലാത്തി .
ചില ചെറിയ ശബ്ദങ്ങളും ചിലതരം ഗന്ധവ്യതിയാനങ്ങളും മാറ്റി നിർത്തിയാൽ ആ രാത്രിയ്ക്ക് അവളെ സംബന്ധിച്ച് വലിയ പ്രത്യേകതകൾ ഒന്നും തന്നെയില്ലായിരുന്നു .ദുരൂഹ സാഹചര്യത്തിൽ മരിച്ച രണ്ടു പേരും മരണമടഞ്ഞത് അവർ ഒറ്റയ്ക്കായ രാത്രികളിലായിരുന്നു എന്നതിന്റെ പ്രധാന്യം കൽപ്പന ഓർക്കാതിരുന്നില്ല. എല്ലാ വാതിലുകളും ജനലും അകത്ത് നിന്നുമടച്ച വീട്ടിലെ അവരുടെ മരണങ്ങൾക്ക് ദുരൂഹതയേറെയുണ്ടായിരുന്നു .
ഇലക്ട്രീഷ്യനായ ഭർത്താവ് കൊണ്ടു വെച്ച ചെമ്പ് കമ്പി മേലാസകലം വരിഞ്ഞുമുറുക്കിയതിലെ ചേതോവികാരം ഏറെ അമ്പരപ്പിക്കുന്നതുമായിരുന്നു.
തുടർച്ചയായ മൂന്ന് ദിവസത്തെ
താമസംമൂലം നാട്ടുകാർക്ക് കൽപ്പനയോട് ഒരാരാധനയൊക്കെ തോന്നിത്തുടങ്ങി.
"അവളാണ് പെണ്ണ് .. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല്യാന്നല്ലേ ...!"
അമ്പലത്തില് മാലകെട്ടുന്നതിനിടെ വാരസ്യാര് പറഞ്ഞു. പക്ഷെ കൽപ്പന അത്ര സന്തോഷത്തിലായിരുന്നില്ല. ചില മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചിരുന്നു . അർദ്ധരാത്രിയിലുള്ള ചെറിയ ശബ്ദവ്യ'തിയാനം, പാത്രങ്ങളുടെ ശബ്ദം പോലെ .. മറ്റൊന്ന് നാസാരന്ധ്രങ്ങളിലേക്ക് അരിച്ചിറങ്ങുന്ന ഓടിത്തളർന്ന വാഹനങ്ങളുടെ മണം.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വയറിന് നല്ല സുഖമില്ലാത്തതിനാൽ രാത്രിയിൽ ഭക്ഷണം വാങ്ങിയിരുന്നില്ല. പകരം കുറച്ച് ആപ്പിൾ ആയിരുന്നു കൊണ്ടുവന്നത് ,എല്ലാ വാതിലുകളും ജനലും അടച്ചെന്നുറപ്പ് വരുത്തി തന്റെ മുറിയിൽ ഒരു തളികയിൽ ആപ്പിളും അത് മുറിക്കാനുള്ള കത്തിയും കരുതിയശേഷം പതിവുപോലെ ഡയറി തുറന്ന് എഴുതാൻ തുടങ്ങി ...
അമാവാസിയായതിനാലാവും പുറത്ത് അന്ധകാരം കനക്കുന്നുണ്ടായിരുന്നു , സമയം ഭീമാകാരനായ ഒരു പാമ്പ് കണക്കെ ഇഴഞ്ഞു നീങ്ങി . കൈയ്യിൽ പേനയും പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണ കൽപ്പന പെട്ടന്ന് ഞെട്ടിയുണർന്നു. ... !
ചുറ്റും കട്ടപിടിച്ച ഇരുട്ട് , വൈദ്യുതി നിലച്ചിരിക്കുന്നു .. വിയർത്തൊട്ടിയ കൽപ്പന ഇരുട്ടിൽത്തപ്പിത്തടഞ്ഞ് എമർജൻസി ലൈറ്റ് ഓൺ ചെയ്തു.
ജനലരുകിൽ ഒരു രൂപം തെളിഞ്ഞ പോലെ ... അവളൊന്നു ഞെട്ടി,
അത് പക്ഷെ പെട്ടന്ന് അപ്രത്യക്ഷമായി.ജനൽപ്പാളികളിൽ എന്തോ ഒലിച്ചിറങ്ങുന്നുണ്ട് .. ചുവന്ന് കൊഴുകൊഴുത്തൊരു ദ്രാവകം .
ചോര ...!
മിഴികളിൽ ഭീതിയുടെ തിരയിളക്കം അലതല്ലി. താനിരിക്കുന്നതിന് തൊട്ടു പുറകിൽ ഒരാളുടെ സാന്നിദ്ധ്യം അവളറിഞ്ഞു .. തിരിഞ്ഞു നോക്കണോ ...? കാൽവിരലിലൂടെ ഭയത്തിന്റെ തരിപ്പ് അരിച്ചു കയറുന്നതവളിഞ്ഞു. ഒരു വേള ദീർഘമായൊന്നു നിശ്വസിച്ച് അവൾ രണ്ടും കൽപ്പിച്ച് തിരിഞ്ഞു. ...! അവിടം ശൂന്യമായിരുന്നു. അവളൊന്നാശ്വസിച്ചു.
പാത്രങ്ങളുടെ ചിലമ്പൽ ചെറുതായി കേൾക്കാം ,അത് പതിയേ കൂടുന്ന പോലെ ... അടുക്കള ഭാഗത്ത് നിന്നാണെന്നവൾ തിരിച്ചറിഞ്ഞു....! അന്തരീക്ഷത്തിൽ വാഹനത്തിന്റെ ഗന്ധം നിറയുന്നു. ... അല്ല ...! ഇത് മണ്ണെണ്ണയുടെ ഗന്ധമാണ് .തുടം തുടമായി അതൊഴിക്കുന്നതിന്റെ ശബ്ദവും കേൾക്കാം ... അടുക്കളയിൽ ആരോ ഉള്ളതായി അവൾക്കു തോന്നി , തീപ്പട്ടിയൊരയ്ക്കുന്നതിന്റെ സൂക്ഷ്മ ശബ്ദം അവൾ തിരിച്ചറിഞ്ഞു.
ഒരു നിമിഷത്തിന്റെ ഇടവേള ....!ഒരഗ്നിഗോളം അടുക്കളയെ ഒന്നാകെ വിഴുങ്ങി.
കത്തിക്കരിഞ്ഞ മുടിയുടെ ഗന്ധം അവിടമാകെ നിറഞ്ഞു. ... അവൾ ചാടിയെഴുന്നേറ്റു. .. മങ്ങിയ വെളിച്ചത്തിൽ പാതി കത്തിക്കരിഞ്ഞൊരു ഭീകരരൂപം തന്നെ തട്ടിമാറ്റി അപ്പുറത്തെ മുറിയിലേക്ക് ഓടി മറഞ്ഞു.
കൽപ്പനയുടെ നിയന്ത്രണം പാടെ മറഞ്ഞിരുന്നു ...പതിഞ്ഞ കാലടികളോടെ ധൈര്യം സംഭരിച്ച് അവളടുക്കളയിലെത്തി .കത്തിക്കരിഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം ... നിലത്താകെ മണ്ണെണ്ണ പടർന്നിരിക്കുന്നു. ...
അവളോടി പുറത്തേക്കുള്ള വാതിലിനടുത്തെത്തി ,താക്കൊലെടുത്ത് തുറക്കാൻ ശ്രമിച്ചു. ... പറ്റുന്നില്ല ...! വീണ്ടും വീണ്ടും ശ്രമിച്ച് നിരാശയോടെ താക്കോൽ വലിച്ചെറിഞ്ഞു.
ആ പാതികത്തിക്കരിഞ്ഞ രൂപം തൊട്ടപ്പുറത്തെ മുറിയിലുണ്ടെന്നവളോർത്തു ,ഏതു നിമിഷവും അത് തന്നെത്തേടിയെത്തും മറ്റൊരു ദുർമരണത്തിന്റെ ഇരയാവാനാണെല്ലോ തന്റെ
വിധിയെന്നവളോർത്തു. തിരിച്ചോടി തന്റെ മുറിയിലെത്തി തപ്പിത്തടത്ത് കത്തി കൈയ്യിലെടുത്തു ....
ആ കരിഞ്ഞ ഗന്ധം ഇപ്പോളവളുടെ തൊട്ടു പുറകിൽ നിന്നാണ് ,ഏത് നിമിഷവും അത് തന്നെ കീഴ്പ്പെടുത്തും .മറ്റു രണ്ടു സ്ത്രീകളും കൊല്ലപ്പെട്ട പോലെ താനും ..മൂപ്പിൽ നായരുടെ വാക്കുകൾ ചെവികളിൽ മുഴങ്ങി ... മുന്നിലെ ചുവരിൽ ഭീമാകാരമായ നിഴൽ വികസിക്കുന്നു ...
പെട്ടന്നവളുടെ കഴുത്തിൽ കത്തിയടർന്ന ഒരു കൈ മുറുകാൻ തുടങ്ങി ...!
കൽപ്പന അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തേയ്ക്ക് വന്നില്ല.
ആ കത്തിക്കരിഞ്ഞ രൂപം അവളെ കീഴ്പെടുത്താൻ തുടങ്ങിയിരുന്നു ...
കൈകാലുകൾ തളരുന്ന പോലെ ... ശ്വാസം കിട്ടുന്നില്ല . സർവ്വശക്തിയുമെടുത്ത് വലതു കൈയ്യിലെ കത്തി കൊണ്ടവൾ ആ രൂപത്തിന്റെ കൈയ്യിൽ ആഞ്ഞ് കുത്തി ,ശേഷം വാശിയോടെ പേർത്തും പേർത്തും മുറിച്ചു. ...
കഴുത്തിലെ പിടിയയഞ്ഞു ... സ്വതന്ത്രയായ അവൾ മറ്റൊന്നുമാലോചിക്കാതെ മുറിയിൽ നിന്നും ഇറങ്ങിയോടി പുറത്തേക്കുള്ള വാതിൽപ്പിടിയിൽ പിടിച്ചു വലിച്ചു ..
അത് പൂട്ടിയിരുന്നില്ല എന്നതവളെ അത്ഭുതപ്പെടുത്തി ....!
തിരിഞ്ഞു നോക്കാതെ ഓടി തന്റെ കാറിനരുകിലെത്തി .അവളാകെ തളർന്നിരുന്നു ,കാറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല ... തുടർച്ചയായ ശ്രമത്തിന് ശേഷം അവൾ കാറിൽത്തന്നെ ഇരിക്കാൻ തീരുമാനിച്ചു. ...
അകലെ ഏതോ പക്ഷി
ഭീകര ശബ്ദത്തോടെ രാവിനെ ഭക്ഷിക്കുന്നുണ്ടായിരുന്നു.
കാലത്ത് ഏറെ വൈകിയാണ് അവളുണർന്നത് ... തലേന്നത്തെ സംഭവം ഓർത്തയുടനെ അവളിറങ്ങി വീട് ലക്ഷ്യമാക്കി നടന്നു. മുറ്റത്ത് കുറച്ചാളുകൾ, വീട് തുറന്നിരിക്കുന്നു. കാലത്ത് പാലുമായി വരുന്ന നാണിത്തള്ള ഒരു മൂലയ്ക്ക് താടിയ്ക്ക് കൈയ്യും കൊടുത്തിരിപ്പുണ്ട് .അകത്ത് രണ്ടു മൂന്ന്പോലീസുകാർ എന്തൊക്കയോ പറയുന്നുണ്ട് .ആളുകൾക്കിടയിലൂടെ കൽപ്പന അകത്തേയ്ക്ക് കടന്നു. പോലീസുകാർ ക്യാമറ സിസ്റ്റം ലാപ്പ്ടോപ്പുമായി ബന്ധിപ്പിക്കുന്ന തിരക്കിലായിരുന്നു .. ഇവരെ ആരാണ് ഈ വിവരങ്ങളറിയിച്ചതെന്നവൾ സംശയം കൂറി .. മോണിറ്ററിൽ തന്റെ ചലിക്കുന്ന ചിത്രങ്ങൾ ...
ലൈറ്റ് ഒക്കെ ഓഫ് ചെയ്ത ശേഷം തന്റെ റൂമിലെ ടേബിൾ ലാമ്പിലെ വെളിച്ചത്തിൽ ഡയറിയെഴുതുന്നു .. അൽപ്പസമയത്തിന് ശേഷം മയക്കത്തിലേക്ക് ... അതിനിടെ ടേബിൾ ലാമ്പ് ഓഫ് ചെയ്യുന്നുണ്ട് ...
"ങ്ങേ അപ്പോൾ കറണ്ടു പോയിരുന്നില്ലേ ..?"
അവൾക്ക് സംശയമായി ... വീണ്ടുമവൾ മോണിറ്ററിലേക്ക് നോക്കി .
മയക്കത്തിലായിരുന്നവൾ പെട്ടന്ന് ഞെട്ടിയുണരുന്നു ... പരിഭ്രാന്തിയോടെ ജനലിലേക്കും തുടർന്ന് മടിയോടെ പുറകിലേക്കും നോക്കുന്നു ... ചാടിയെഴുന്നേറ്റ് അടുക്കളയിലേക്ക് ഓടുന്നു .. തുടർന്ന് പുറത്തേ വാതിലിനടുത്തെത്തി കൈയ്യിലുള്ള പേന താക്കോൽ പഴുതിലിട്ട് കുറേ തവണ തിരിക്കുന്നു ...
നിരാശയോടെ അത് വലിച്ചെറിഞ്ഞ് തിരിച്ച് മുറിയിലേക്കോടുന്നു. ഭ്രാന്തമായ ചേഷ്ടകൾ ... കൈകാലുകൾ കുടയുന്നു... ഏറെ ബുദ്ധിമുട്ടോടെ കൈയ്യിലിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തിയിറക്കി ...!
"നോ ... അവളലറി ...ഇത് സത്യമല്ല ...! "
ആ സത്വത്തിനെയാണ് താൻ കുത്തിയത് .. "
പക്ഷെ ആരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ... അവൾ തന്റെ മുറിയിലേക്കോടി ... മൂന്ന് പോലീസുകാർ എന്തൊക്കയോ അളവുകൾ എടുക്കുന്നുണ്ടായിരുന്നു. അവർക്ക് നടുവിലായി ചോരയിൽ കുളിച്ചൊരാൾ കിടക്കുന്നു.... തന്റെയതേ വസ്ത്രങ്ങളിണിഞ്ഞ് കഴുത്ത് വേർപെട്ട ഒരു സ്ത്രീരൂപം ....!
ആ പോലീസുകാരെ പിടിച്ചു മാറ്റാനവൾ ആവതും ശ്രമിച്ചു. പക്ഷെ തന്റെ കൈൾ അവരുടെ ശരീരത്തിലൂടെ കയറിപ്പോവുന്നത് ഭീതിയോടെ അവളറിഞ്ഞു. അവളുടെ അലർച്ചകൾ പ്രതിധ്വനികളില്ലാതെ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു. കുറച്ചു സമയത്തിനു ശേഷം ആ തലവേർപെട്ട ശരീരം സ്‌ടെക്ച്ചറിലേക്ക് മാറ്റി .. ആ മുഖത്തേക്ക് അവളൊന്നേ നോക്കിയുള്ളൂ ...!
നിരാശയോടവൾ പുറത്തേക്ക് നോക്കി,
പുറത്തേ ജനലിൽ ഏതോ രാക്കിളിയുടെ വിസർജ്ജ്യം ഒലിച്ചിറങ്ങിയത് ഘനീഭവിക്കാൻ തുടങ്ങിയിരുന്നു...!
അവസാനിച്ചു...
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo