Slider

ഒറ്റത്തത്ത

0

..............
"സരോ... നീയെന്തിനാണിങ്ങനെ കരയുന്നത്.. "അയാൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടു ചോദിച്ചു. അവളുടെ മുഖം കരഞ്ഞു വീർത്തിരുന്നു.. കണ്ണുകൾ കലങ്ങിമറിഞ്ഞു ഒഴുകുന്ന പുഴ പോലെ.. ചുരുണ്ട മുടി അഴിഞ്ഞുലഞ്ഞു ചുമലിൽ ചിതറി കിടന്നു..
അവൾ താഴെ തറയിൽ കിടന്നുരുണ്ടു.. തല ചുമരിൽ ഇടിച്ചു.. "എനിക്കിതു സഹിക്കാൻ വയ്യ.. "ഇടയ്ക്കു ചിതറിയ വാക്കുകൾ..
അയാൾക്കൊന്നും മനസ്സിലായില്ല.. മകനും മകളും മിഴിച്ചു നോക്കി..
രാവിലെ ഞാൻ ജോലിക്കു പോകുമ്പോഴും അവളുടെ മുഖം കരഞ്ഞു വീർത്തിരുന്നോ.. നേരിയ ഓർമ്മ..
പെട്ടെന്നു ഒരു ഞെട്ടലോടെ അയാൾ ഓർത്തു.. അവളുടെ മുഖമൊന്നു ശരിക്കു നോക്കിയിട്ട് നാളുകൾ ആയിരിക്കുന്നു..
രാവിലെ എട്ടുമണിക്ക് പോയാൽ തിരിച്ചെത്തുന്നത്‌ രാത്രി എട്ടു മണിക്കാണ്.. ഓഫീസിലെ ജോലിക്കിടയിൽ എപ്പോഴെങ്കിലും അവളെ പറ്റി ഓർത്തിരുന്നോ.. ഇല്ലെന്നു തോന്നി.. വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷങ്ങൾക്കിടയിൽ എന്തൊക്കെയോ സംഭവിച്ചു.... അവളാണോ താനാണോ അകന്നു കൊണ്ടിരുന്നത്.. മക്കൾ വലുതാകുന്തോറും അകൽച്ച കൂടി വന്നതാണോ.. മക്കളെ നോക്കുന്നതിനിടയിൽ തന്നെ അവൾ മറന്നതാണോ..താൻ അവളെ മറന്നതാണോ..
അയാൾക്ക്‌ എന്തോ അവളുടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ വയ്യാത്ത കുറ്റബോധം തോന്നി..
"ഞാൻ ഒറ്റക്കായി... "
കരച്ചിലിനടയിൽ അവൾ പിറുപിറുത്തു കൊണ്ടിരുന്നു.
അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. വാടിയ താമരപൂ പോലെ അവൾ കുഴഞ്ഞു കിടന്നു..
"സരോ.. നീ പറയ്‌... എന്തിനാ നീയിങ്ങനെ കരയുന്നത്.." അയാളുടെ സ്വരം അപ്പോൾ വിറച്ചു..
വിറക്കുന്ന ചുണ്ടുകളോടെ താങ്ങാൻ വയ്യാത്ത ഹൃദയവേദനയോടെ അവൾ പറഞ്ഞു.. "ഇന്നലെ എന്റെ തത്ത പറന്നു പോയി. ഞാൻ എന്റെ സ്വപ്നം ഊട്ടി വളർത്തിയ തത്തയായിരുന്നു..
എന്റെ മനസ്സ് കൊത്തിയെടുത്താണ് പറന്നത്..
എനിക്കിതു സഹിക്കാൻ വയ്യ.. ഞാൻ അവളോടാണ് എല്ലാം പറഞ്ഞിരുന്നത്.. സംസാരിച്ചിരുന്നത്..
എന്റെ മനസ്സായിരുന്നു അത്.. "അവൾ കരച്ചിലിനടയിൽ പറഞ്ഞു കൊണ്ടിരുന്നു.
അയാൾ അപ്പോഴാണ് അവളൊരു തത്തയെ വളർത്തിയിരുന്ന കാര്യം ഓർത്തത്‌..
അയാളുടെ ഉള്ളൊന്നു പിടഞ്ഞു.. ആ തത്തയെ പോലും താൻ ശ്രദ്ധിച്ചിട്ടില്ല.. പറന്നു പോയത് അറിഞ്ഞില്ല..
ഒഴിഞ്ഞ കൂട്ടിലേക്ക്‌ അയാളൊന്നു നോക്കി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്കും..
"അമ്മ തനിയെ സംസാരിക്കുന്നു അച്ഛാ.. "
മകനും മകളും പറഞ്ഞതോർത്തു..
മനസ്സിൽ വീണു കഴിഞ്ഞ ചങ്ങലയുടെ കിലുക്കം അയാളറിഞ്ഞു.. സരോ.. ഭ്രാന്തിയാവുകയാണ്..
അവളൊരിക്കലും തനിക്കു മുന്നിൽ കരയുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്ന് അയാൾ ഓർമ്മിച്ചു. ഇതിപ്പോൾ ആദ്യമായി ഇങ്ങനെ.. വല്ലാത്തൊരു നൊമ്പരത്തോടെ
അയാൾ അവളെ പിടിച്ചു ദേഹത്തോട് ചേർത്തു മുറിയിലേക്ക് കൊണ്ടു പോയി..
അവൾ താഴെ തളർന്നു അയാളുടെ കാല്പാദങ്ങളിൽ കിടന്നു..
"എനിക്കിന്നു നിങ്ങളുടെ കൂടെ കിടക്കണം.. നിങ്ങളുടെ അടുത്ത്.. എനിക്കിന്ന് പേടിയാവുന്നു ഒറ്റയ്ക്ക് കിടക്കാൻ.. എത്ര നാളായിരിക്കുന്നു ഞാൻ നിങ്ങളുടെ കൂടെ കിടന്നിട്ട്..
സരോ തേങ്ങലോടെ അയാളുടെ കാൽപാദങ്ങളെ ചുംബിച്ചു.
കുറ്റബോധം മുൾമുനയായി അയാളിൽ തറച്ചു കയറി.. നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ അയാൾ അവളെ നോക്കി.
അവളുടെ കഴുത്തിനു താഴെയുള്ള കറുത്ത മറുകും.. എപ്പോഴും നനഞ്ഞ അധരങ്ങളും..
ചുരുണ്ട മുടിയുടെ വശ്യതയും..
അന്നൊക്കെ ചുംബിക്കാൻ എന്തൊരു ആവേശമായിരുന്നു..
എപ്പോഴാണ് താനൊരു ശവമായി മാറിയത്..എത്രയോ നാളുകയായിരിക്കുന്നു അവളെ ഒന്നു ചേർത്തു പിടിച്ചിട്ടുണ്ട്.. അടുത്ത് കിടന്നിട്ട്.. സ്നേഹത്തോടെ ഒന്നു ചുംബിച്ചിട്ട്... അയാൾക്ക്‌ സ്വയം പുച്ഛം തോന്നി..
അയാൾ അവളെ ചേർത്തു പിടിച്ചു.. നനഞ്ഞ അധരങ്ങളിൽ അമർത്തി ചുംബിച്ചു.. ആവേശത്തോടെ നെഞ്ചോട്‌ ചേർത്തു മുറുകെ പുണർന്നു..
സരോ കണ്ണുകളടച്ചു.. ചെവിയോർത്തു.. ദൂരെയെവിടെയോ തന്റെ തത്ത അതിന്റെ ഇണയോടൊപ്പം ബന്ധനസ്ഥയായിരിക്കുന്നു.. ഭർത്താവിന്റെ നെഞ്ചിലെ ഹൃദയമിടിപ്പിന് അവൾ കാതോർത്തു.. എത്ര നാളായി... ഇതൊന്നു കേട്ടിട്ട്.. ഈ ചുരുണ്ട മുടിയിൽ മുഖം ചേർത്തുവച്ചു മയങ്ങിയിട്ട്..താനിവിടെ ഈ കൂട്ടിൽ
ഈ ഹൃദയത്തിൽ ബന്ധനസ്‌ഥയാവട്ടെ..
Preetha sudhir
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo