-------------------------------------------------------
*റാംജി..*
വായനപ്പുരയിൽ മടക്കുകസേരയിൽ ചാരിക്കിടന്ന് ഉണ്ണുനീലിസന്ദേശം വായിക്കുന്നതിനിടയിലാണ് ആശ്രിതൻ ചാപ്പൻ അങ്ങോട്ടേക്ക് വന്നത്..
" അദ്ദിയത്തിന് ഒരു തപാൽ വന്നിട്ടുണ്ടേ..
ശിവനെ കടത്തി വിടട്ടോ തമ്പ്രാ .?"
തലചൊറിഞ്ഞുകൊണ്ടുള്ള അവന്റെ നിൽപ്പ് ഞാൻ കൗതുകത്തോടെ നോക്കി.
ഒറ്റമുണ്ടാണുവേഷം ,
ഒരു തോർത്ത് അരയ്ക്ക് മുകളിലായി വട്ടത്തിൽ കെട്ടിയിരിക്കുന്നു...
എനിക്കത് കണ്ടപ്പോൾ എന്തോ വല്ലായ്കതോന്നി..
ചാപ്പനെ അടുത്തേക്ക് വിളിച്ചു...
അവൻ മടിച്ചുമടിച്ച് എന്റെ അരികിലേക്ക് വന്നു.
കളരിയഭ്യാസികൂടിയായഞാൻ, അവൻ പോലുമറിയാതെ,അവന്റെ ഇടുപ്പിലെ തോർത്തഴിച്ച് തോളിലിട്ടുകൊടുത്തത് ക്ഷണനേരംകൊണ്ടായിരുന്നു ,
എന്നിട്ട് പറഞ്ഞു.
" നോം മറ്റ് തമ്പ്രാക്കന്മാരെപോലെയല്ല ചാപ്പാ ."
ദയനീയതയോടുകൂടിയുള്ള അവന്റെ നോട്ടവും,ആനന്ദബാഷ്പങ്ങളും കണ്ടഞാൻ ആമാടപ്പെട്ടിയിൽ നിന്ന് ഒരുപൊൻകിഴിയെടുത്ത് അവനെറിഞ്ഞുകൊടുത്തിട്ട് പറഞ്ഞു
" ശിവശങ്കരനെ നമ്മുടെ മുന്നിലേക്ക് കടത്തിവിടുക ."
തെല്ലുനേരം കഴിഞ്ഞില്ല
അഞ്ചൽശിപായി ശിവശങ്കരൻ ഒരു രജിസ്റ്റേഡ് കുറിമാനം കൊണ്ടു തന്നു..
"ഞങ്ങൾ ഒരു സാഹസയാത്രക്ക് പുറപ്പെടുകയാണ് അങ്ങൂന്നേ,
ഈ കത്ത് അങ്ങേക്ക് കിട്ടുമ്പോഴേക്കും ഞങ്ങൾ ലക്ഷ്യത്തിൽ എത്തിയിരിക്കും.
ഈ കത്തെഴുതുന്നതെന്തെന്നാൽ, അദ്ദിയം വന്ന് ഞങ്ങളെ രക്ഷപ്പെടുത്തണം..
അവിവേകമോ, സാഹസമോ ഒക്കെ ആയി കരുതാം..
പക്ഷെ എന്റെ ഉറപ്പിൽ ചാടിപ്പുറപ്പെട്ടവരാണ് കൂട്ടാളികൾ.
പൊന്നു തമ്പുരാൻ ഞങ്ങളെ കൈവെടിയില്ലാ എന്ന പൂർണ്ണ വിശ്വാസത്തിൽ ഞങ്ങൾ പോവുകയാണ. "
ബാക്കിവായിച്ചപ്പോഴാണ്.സംഗതിയുടെ അപകടം നോം മനസിലാക്കുന്നത്..
കത്തിലെ തീയതി നോക്കി..
വൃശ്ചികം 7 -84-ാംമാണ്ട്..
ഇന്ന് തീയതി ധനു 4 ഞാൻ കണക്കുകൂട്ടി അവർ അവിടെയെത്തിയിട്ട് ഒരുദിവസം കഴിഞ്ഞിരിക്കുന്നു,
അവർ ചെയ്ത അവിവേകമോർത്തപ്പോൾ എനിക്കില്ലാത്ത കോപം അങ്ങോട്ടിരച്ചുകയറി.
എന്തുചെയ്യാം,
എന്റെ പ്രജകൾ തന്നെയല്ലേ,
എനിക്കങ്ങനെ കൈവിടാൻ പറ്റില്ലെല്ലോ !
മുന്നിൽ അധികം സമയമില്ല.
ഘടികാരത്തിൽ മണി മൂന്നടിച്ചപ്പോൾ,
വേഗം തന്നെ രക്ഷാപ്രവർത്തനത്തിനുള്ള സാധനസാമഗ്രികൾ ഭാണ്ഡത്തിലാക്കി നെൽപ്പുരയുടെ അടുത്തുള്ള എന്റെ ലാബിലേക്ക് കയറി.
ആധുനികസാങ്കേതികവിദ്യകൾ ക്രമീകരിച്ചുകൊണ്ട് ഞാൻ നിർമ്മിച്ചെടുത്ത
എയർകാറിന്റെ ഡോറുതുറന്നു..
ശേഷം,നൂതനസങ്കേതികവിദ്യകൾ അടക്കംചെയ്ത ചിപ്പ് അതിന്റെ സ്ലോട്ടിലേക്ക് നിക്ഷേപിച്ചു. (സൂപ്പർ സോണിക്കിനേക്കാൾ വേഗതയേറിയ ആ കാറിന്റെ സാങ്കേതികതകൾ ഇരുചെവി അറിയാതെ ഇപ്പോഴും കൊട്ടാരം നിലവറയിൽ സൂക്ഷിച്ചിട്ടുണ്ട്)..
കഴിഞ്ഞ മിഥുനത്തിൽ പണിപൂർത്തിയാക്കി ശുക്രനിലേക്ക് ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞ് കൊണ്ടിട്ടതാണ്.
ഫ്രണ്ടുഗ്ലാസിലെ പൊടിയെല്ലാം വൃത്തിയാക്കി ഡിക്കിതുറന്ന് ഭാണ്ഡം അതിനുള്ളിലേക്ക് വെച്ചു വാഹനം പുറത്തേക്കിറക്കി. സ്ക്രീനിൽ ഡസ്റ്റിനേഷൻ പോയിന്റ് എന്ന സ്ഥലത്ത് 7140 കിലോമീറ്റർ എന്ന് ടൈപ്പ് ചെയ്തുകൊടുത്തു.
ബാക്കിയുള്ളകാര്യങ്ങൾകൂടി ക്രമീകരിച്ചുകഴിഞ്ഞപ്പോൾ യാത്രക്കായി വാഹനം സജ്ജമായികഴിഞ്ഞിരുന്നു..
ഇനി ഒന്നും നോക്കാനില്ല, ഉപാസനാമൂർത്തിയായ മുടിപ്പുരയമ്മച്ചിയെ മനസിൽ ധ്യാനിച്ച് 1750 കിലോമീറ്റർ സ്പീഡ് സെറ്റ് ചെയ്ത് ലിവർ മുന്നോട്ടാക്കി...
വാഹനം കുതിച്ചുപായുകയാണ്..
600 കിലോമീറ്റർ സ്പീഡ് കഴിഞ്ഞാൽ വാഹനത്തിന്റെ രണ്ടാമത്തെ എഞ്ചിൻ വർക്ക് ചെയ്തുതുടങ്ങും, പിന്നീട് വാഹനം മുന്നോട്ട് ഓടിക്കാനുള്ള എനർജ്ജി തനിയെ ഉണ്ടായിക്കൊള്ളും.ഒരുപാടുനാളത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായിരുന്നു ആ വിദ്യ..
4360 കിലോമീറ്റർ മുകളിൽ എത്തിയതായി ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു.
ആട്ടോമാറ്റിക്ക് ഫംങ്ങ്ഷൻ ഉള്ളതിനാൽ ഞാൻ വെറുതേയിരുന്ന് ബോറടിച്ചുതുടങ്ങി.
ഞാനങ്ങനെ അലസമായി ഇരിക്കുന്ന ആളല്ലന്ന് നിങ്ങൾക്കറിയാമെല്ലോ...
അല്ല പറയേണ്ട കാര്യം തന്നെയില്ലെല്ലോ.
മുഷിപ്പ് മാറ്റുവാൻ നാലുംകൂട്ടിയൊന്ന് മുറുക്കി ചതുരംഗ പലക എടുത്ത് സീറ്റിലേക്ക് വെച്ചു.
ഇടക്ക് എന്റെ ശ്രദ്ധ ഡിസ്പ്ലേയിലേക്ക് പോകുന്നുണ്ട്...
ഡെസ്റ്റിനേഷനിലേക്ക് 1 മണിക്കൂർ 57 മിനിട്ട് എന്ന് എഴുതികാണിക്കുന്നുണ്ട്...
കളിക്കിടയിൽ സമയം പോയതറിഞ്ഞതേയില്ല വണ്ടി ഒന്നുലഞ്ഞ് സൈഡ് വലിവ് വന്നപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്..
ഡിസ്പ്ലേയിൽ റെഡ് അലർട്ട് കാണിക്കുന്നു.
അതീവ ബുദ്ധിശാലിയായ എനിക്ക് മനസിലായി മറിയാനാട്രഞ്ചിന്റെ സിഗ്നലുകളാണ് വാഹനത്തിന്റെ ഗതി തെറ്റിക്കുന്നത്.വേഗം തന്നെ ഓപ്പറേറ്റിംഗ് ലിവറിനു താഴെയായികാണുന്ന മഞ്ഞസ്വിച്ചിൽ വിരലമർത്തി.
വണ്ടി സ്റ്റഡിയായി..
ഈ സാങ്കേതികത തീവ്ര ബുദ്ധിശാലിയായ ഞാൻ മുൻകൂട്ടി ചെയ്തുവച്ചിട്ടുള്ളതായിരുന്നു..
ഈ സമയം ട്രഞ്ചിന്റെ സിഗ്നലുകൾ എയർ കാറിന്റെ ഗ്ലാസിൽ വന്നിടിച്ച് നാണിച്ചുമടങ്ങുന്നത് കാണാമായിരുന്നു.
താഴേക്കുതന്നെ പറത്തിക്കൊണ്ട്
ഞാൻ വെളിയിലോട്ട് നോക്കി
വലിയൊരു ചുഴിപോലെ വെള്ളം കിടന്ന് കറങ്ങുന്നത് കാണാം..
ദിവ്യദൃഷ്ടി ഓണാക്കാതെ,
റേയ്സ് എന്ന ബട്ടനിൽ അമർത്തി ,വാഹനത്തിൽ നിന്ന് ചിലകിരണങ്ങൾ കിടങ്ങിലേക്ക് പോയിമടങ്ങിവന്നത് ദൃശ്യമായി എന്റെമുന്നിൽ തെളിഞ്ഞു...
വിമാനങ്ങളുടേയും,കപ്പലു
കളുടേയും അവശിഷ്ടങ്ങൾ ആക്രിസാധനങ്ങൾകൂട്ടിയിട്ടേക്കുന്നതുപോലെ കൂട്ടിയിട്ടിരിക്കുന്നു.. .
അതിനടുത്തായി കുറെ അസ്ഥികൂടങ്ങളും കാണാൻ കഴിഞ്ഞു..
ട്രഞ്ചിന്റെ ആഗീരണ ശക്തി കൂടിവരുന്നു.ഞാനിങ്ങനെയൊരുസംവിധാനം വാഹനത്തിൽ ഒരുക്കിയില്ലാരുന്നെങ്കിൽ ഞാനും സ്ക്രാപ്പിൽ പോയി കിടന്നേനേ.
എന്റെ ദീർഘവീക്ഷണത്തിൽ ഞാനങ്ങ് അന്യായമായി അഭിമാനം കൊണ്ടു..അമ്മച്ചിയാണേസത്യം...
ഇനി പോകേണ്ടുന്നത് കടലിന്റെ ആഴങ്ങളിലേക്കാണ്.
വാട്ടർഫ്രണ്ടേജ് മോഡ്‌ചെയ്ഞ്ച് ചെയ്ത്‌കൊടുത്തു.
ഇനി ഫ്രണ്ടിൽ എത്ര വെള്ളം വന്നാലും വാഹനത്തിനൊരുതടസമല്ല.
ആഴങ്ങളിലേക്ക് ഊളിയിടുന്നകൂട്ടത്തിൽ സുമോയുടെ വലിപ്പമുള്ള ഒരു സ്രാവിനെ കണ്ടു...
വലിപ്പം ഓർമ്മയിലേക്ക് വന്നില്ലെങ്കിലും നല്ല മുഖപരിചയം ഓർമ്മകൾ പരതിയപ്പോൾ പഴയ അമ്മാച്ചൻ സ്രാവാണന്നുമനസിലായി..
ഞാൻ കണ്ടകാലത്ത് ഇതിന് പാണ്ടിലോറിയുടെ വലിപ്പമുണ്ടായിരുന്നു..
കണ്ണ് ശ്രദ്ധിച്ചപ്പോൾ മനസിലായി,
ഉപ്പുവെള്ളം അധികം കുടിച്ച് പ്രഷർ വന്നതുമൂലം ആഹാരക്കുറവിൽ ഉണ്ടായ ശരീരക്ഷീണമാണന്ന്..
ആൾ തിരക്കിട്ട് എങ്ങോട്ടോ വെച്ചുപിടിക്കുകയാണ്.. ഞാനും തിരക്കായിരുന്നെല്ലോ,അതുകൊണ്ട് മൈന്റ് ചെയ്തില്ല.
9200 മീറ്റർപിന്നിട്ടപ്പോൾ ട്രഞ്ചിന്റെ ആകൃതി ഒരു ചോർപ്പ് പോലെയാണന്നുമനസിലായി..
മുന്നിലായി തെളിഞ്ഞുവന്നത് 1830 മീറ്റർ ആഴം കൂടിയെന്നായിരുന്നു..
എന്റെ ജിജ്ഞാസകൂടിവന്നു..
അവർക്ക് ആപത്ത് വല്ലതും സംഭവിച്ചിട്ടുണ്ടാകുമോ..
ഇല്ല സംഭവിക്കില്ല..ഞാനുണ്ടല്ലോ..
ദൃശ്യങ്ങളായി മുൻപ് തെളിഞ്ഞതെല്ലാം നഗ്നനേത്രങ്ങൾക്കുമുന്നിൽ കാണാറായി.
അങ്ങിങ്ങായി അവശിഷ്ടങ്ങളെല്ലാം കൂടിക്കിടക്കുന്നു.
അമ്പരപ്പിച്ച മറ്റൊരുഅത്ഭുതമെന്തെന്നാൽ പ്ലാസ്റ്റിക്ക് സാമഗ്രികൾ പ്രത്യേകമായി മാറിയാണ്കിടക്കുന്നത്..
പ്രകൃതിയുടെ വൃത്തി കണ്ട് ഞാനങ്ങ് അയ്യടാന്നായി...
വലിയൊരു വിമാനത്തിന്റെ ചിറകിന്റെ ചുവട്ടിലായി സാഹസികരുടെ അന്തർവാഹിനി കാണാം..
ചെറിയൊരു മിനിബസിന്റെ അത്രയുമേ ഉള്ളു..
അതിനുനേർക്ക് വണ്ടിയുടെ ദിശതിരിച്ചു.
അടുത്തെത്തിയതും ഞാൻ അതിന്റെ ഫ്രണ്ട് ഗ്ലാസിലേക്കൊന്ന് എത്തിനോക്കി.
മൃതപ്രായരായി ആറ് ജീവാത്മാക്കൾ..
എന്നിലെ സന്നദ്ധ പ്രവർത്തകൻ ഉണർന്നു.
സീറ്റിനുപിന്നിലായ് രഹസ്യ അറയിലെ സ്വിച്ചിൽ വിരലമർത്തി.
10 മീറ്റർ വൃത്താകൃതിയിൽ എന്റെകാറിനെ കവർചെയ്തുകൊണ്ട് ഒരുകവചം രൂപപെട്ടു..
കവചത്തിലെ വെള്ളമെല്ലാം വലിഞ്ഞതിനുശേഷം സാധാരണപോൽ ഡോർതുറന്ന് ഞാൻ പുറത്തിറങ്ങി.
കാലിൽ എന്തോ തടയുന്നു,ഞാൻ താഴേക്ക് നോക്കി..
ഒരു പിരിയൻകക്കായുടെ പുറംതോട്..
വലിച്ചെറിഞ്ഞെങ്കിലും,കവചത്തിൽ തട്ടി താഴെവീണശബ്ദം അവിടെമാകെമുഴങ്ങിക്കേട്ടു.
ഡിക്കിതുറന്ന് ഭാണ്ഡമെടുത്തഴിച്ചു...
അതിരുകാത്തുസൂക്ഷിച്ച് വേലികെട്ടുന്നതിനായി അമ്മത്തിരുമനസ് വാങ്ങിവെപ്പിച്ചിരുന്ന പ്ലാസ്റ്റിക്ക് കയർ ഞാനെടുത്തു..
ശേഷം പ്രത്യേകമായി ഞാൻ നിർമ്മിച്ചെടുത്ത ചാട്ടുളിയിൽ അത് ബന്ധിച്ചു.
അന്തർവാഹിനിയും കവചവുമായി 6-7 മീറ്റർ ദൂരമുണ്ട്,
കവചത്തിനുള്ളിൽ നിന്നുകൊണ്ട് തൊടുത്താൽ പണിപാളും
വെള്ളം കവചത്തിലേക്ക് പാഞ്ഞുകയറും.
സമർത്ഥനായ എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.
ഭാണ്ഡത്തിൽനിന്ന്, മടക്കിവെക്കാവുന്ന പ്ലാസ്റ്റിക്ക് ട്രാവൽ പൈപ്പെടുത്ത് കവചവും അന്തർവ്വാഹിനിയും അടുത്തുനിൽക്കുന്ന സ്ഥലത്ത് ഉരുക്കുവെളിച്ചണ്ണയിൽ, പ്രത്യേകലായനി കൂട്ടികലർത്തിയെടുത്തിയെടുത്ത പശകൂട്ട് തേച്ചുപിടിപ്പിച്ച് കവചത്തിലേക്ക് ഒട്ടിച്ചു,മറു സൈഡ് തേച്ചതിനുശേഷം ചാട്ടുളിയിലേക്ക് പിടിപ്പിച്ചതിനുശേഷം
മുടിപ്പെരയമ്മച്ചിയെ മനസിൽധ്യാനിച്ചുകൊണ്ട് ചാട്ടുളി അന്തർവാഹിനിലക്ഷ്യമാക്കി തൊടുത്തു...
ലക്ഷ്യംകണ്ട ആ ചരടിൽ ഞാൻ ആഞ്ഞുവലിച്ചു..
മയിലെണ്ണതിരുമ്മിയെടുത്ത് പാകപെടുത്തിയ ചരടിൽ 12 ടണ്ണിന്റെ ആ ചെറിയ സബ്‌മറയിൻ കാറിനരികിലേക്ക് നിരങ്ങിയെത്തി..
അടുത്തെത്തിയതും എക്സ്‌പാൻഷൻ ബട്ടനിലേക്ക് വിരലമർന്നതും കവചം അന്തർവാഹിനിയെകൂടി മൂടിയതും ഞൊടിയിടയിലായിരുന്നു..
ഇപ്പോൾ അനായസേന അതിനടുത്തേക്ക് നടന്നുചെല്ലാം.
വാതിലിന്റെ സമീപത്തുചെന്നു..
എന്റെ സർവ്വശക്തിയെടുക്കേണ്ടിവന്നില്ല അല്ലാതെതന്നെ വാതിൽ ഇളകിമാറിതന്നു.
അകത്തുകിടന്ന ആറുപേരേയുംവാരിയെടുത്ത് പുറത്തുകടന്നു.
വെളിയിൽ അവരെ നിരത്തികിടത്തിയതിനുശേഷം ഭാണ്ടത്തിൽനിന്ന് എന്റെ പരീക്ഷണശാലയിൽ വികസിപ്പിച്ചെടുത്ത ഒരുകഷ്ണം മഞ്ഞളും, ലൈറ്ററും, നല്ലെണ്ണയുമെടുത്തു..
അതിന്റെ പുക എല്ലാത്തിനും കൊടുത്തപ്പോൾ കണ്ണ് തുറന്നു.
വെള്ളോടിന്റെ അണ്ടാവിൽ പച്ചമരുന്നുകളിട്ട് സൂക്ഷിച്ചിരുന്ന നെല്ലിക്ക അവർക്ക് കഴിക്കുവാൻ കൊടുത്തു..
ഇതുകഴിച്ചാൽ മരണാസന്നനായികിടക്കുന്ന വയോവൃദ്ധർ പോലും പടക്കുതിരെയെപ്പോലെ ഊർജ്ജസ്വലനാകും..
ശേഷം ഭാണ്ഡത്തിൽനിന്ന് ഒരു കുപ്പിപുറത്തെടുത്തു.
മൂന്നര പതിറ്റാണ്ടോളം ഭൂമിക്കടിയിലും ജലത്തിലുമായി സൂക്ഷിച്ചിരുന്ന ദ്രാവകം ഓരോ ഔൺസുവീതം അവരുടെ വായിൽ ഇറ്റിച്ചു..
ക്ഷീണമെല്ലാം മാറിയ അവർ ചോദിക്കുകയാണ്.
" പൊന്നുതമ്പുരാനെ ഞങ്ങൾ സ്വപ്നം കാണുകയല്ലെല്ലോ "എന്ന്..
ഞാൻ ഒന്നും മിണ്ടിയില്ല ..
" അല്ലേലും അങ്ങത്ത് വന്ന് ഞങ്ങളെ രക്ഷിക്കുമെന്നറിയാം.
അങ്ങയുടെ പ്രജയാകുവാനും,സതീർത്ഥ്യരാകുവാൻകഴിഞ്ഞതും അടിയങ്ങളുടെ മുൻജന്മഭാഗ്യം .... "
പുകഴ്‌ത്തലുകൾ പണ്ടേ എനിക്കിഷ്ടമല്ലാതിരുന്നതിനാൽ,ഞാനത് ശ്രദ്ധിച്ചില്ല..
നാട്ടിലേക്ക് പോകാനായി അവരെ ക്ഷണിച്ചപ്പോൾ വണ്ടിയിലേക്കും,എന്റെമുഖത്തേക്കും അവർ പകച്ചുനോക്കി.
ഞാൻ ഒന്നും മിണ്ടാതെ എയർക്കാറിന്റെ രഹസ്യ അറയിലെ അടുത്തബട്ടനിലമർത്തി..
ഞൊടിയിടയിൽ വാഹനം ഇന്നോവാക്രിസ്റ്റയുടെ രൂപം പ്രാപിച്ചു.
ബോഡിൽ ടൈമും,ദൂരവും എല്ലാം അമർത്തുന്നതുകണ്ട് അത്ഭുത്തോടെ നോക്കിയിട്ട്‌അവർ പറഞ്ഞു.
" തമ്പുരാൻ ലോകം അറിയപ്പെടേണ്ട ബുദ്ധിശാലി തന്നെയാണ് .. തിരുവുള്ളക്കേടുണ്ടാകരുത് ഇനിയെങ്കിലും
അങ്ങയെകുറിച്ച് ലോകത്തോട് വിളിച്ചുപറയാൻ ഞങ്ങളെ അനുവദിച്ചാലും..."
എന്റെ ഇരുത്തിയുള്ളനോട്ടത്തിനെ അഭിമുഖീകരിക്കാൽ കെൽപ്പില്ലാതെ എല്ലാം ഓടി വണ്ടിയിൽകയറി..
NB:
അലക്സ്ജോൺ,ഗണേഷ് ജി ബി,അരുൺ വി സജീവ് ,സ്വപ്ന, പണികത്തി,മുക്കാടൻ, എന്നിവരായിരുന്നു ആ സാഹസിക യാത്രികരെന്ന് ഒരിക്കലും ഞാൻ ആരോടും പറയാൻ പോകുന്നില്ല...
ഇനി നിങ്ങളെന്നല്ല, ആരു ചോദിച്ചുവന്നാലും അമ്മച്ചിയാണേ ഞാൻ പറയില്ല ...
By: Ramji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക