നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ട്രെൻഡ്

Image may contain: 1 person, closeup
അമ്മാാാാ........
പുത്രി മീനാക്ഷീടെ അക്ഷമയോടെള്ള വിളി...
ക്ഷമ നശിക്കുമ്പളാ നീട്ടീള്ള ഈ വിളി ..
"എന്താ മീനൂട്ടീ ...''
''അമ്മ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ.. "
"ഉവ്വല്ലോ, മറുപടീം പറഞ്ഞു. അത് നീ കേട്ടില്യേ..''
"അതെന്ന്യാ പറഞ്ഞേ..
യ്ക്കതൊന്നും പറ്റില്യ
അമ്മേടേല് ള്ളതൊക്കെ ഓൾഡ് ഫാഷനാ..
അതൊന്ന്വല്ല ഇപ്പളത്തെ ട്രെൻഡ്‌..."
പന്ത്രണ്ടാം ക്ലാസില് പഠിക്കണ മീനാക്ഷിക്ക് സ്കൂളില് എത്നിക്ക് ഡേ..
സെറ്റ് മുണ്ടാത്രേ ഡ്രെസ് കോഡ്..
അത് വാങ്ങണംന്നാണ് ആവശ്യം
അലമാരേല് ധാരാളം മുണ്ടും വേഷ്ടീം ഉണ്ട്
സെറ്റ് മുണ്ട് മീരക്കൊരു വീക്ക്നെസ്സാ...നല്ല ഭംഗിള്ള കരകള് കാണുമ്പോ വാങ്ങും
അവസരം കിട്ടുമ്പളൊക്കെ ഉടുക്കേം ചെയ്യും
കഴിഞ്ഞ തവണ തൃശൂര് പോണ വഴി മുല്ലോത്ത് തറീലൊന്ന് കേറി... ഓണം പ്രമാണിച്ച് നല്ല ഭംഗിള്ള കരകളുള്ള മുണ്ട് നെയ്ത് വെച്ചേക്കണത് കണ്ടപ്പോ നാലഞ്ചെണ്ണം വാങ്ങി. അതൊന്നും ഉടുത്തിട്ടില്ല
അലമാര തുറന്ന് നോക്കി അതീന്ന് ഇഷ്ടള്ളത് എടുത്തോളാൻ മീനാക്ഷ്യോട് പറഞ്ഞതാ.. അതൊന്നും നോക്കീട്ട് പോലൂല്ല്യ കുട്ടി.. കാണാണ്ടെന്നെ പറഞ്ഞു, അതൊന്നും പറ്റില്ലാന്ന്..
അതൊന്ന്വല്ലാത്രേ ട്രെൻഡ്...
എന്താ പറയാ.. കുട്ട്യോളല്ലേ, അവർക്ക് അവർടെ ഇഷ്sങ്ങള്ണ്ടാവൂലോ
"നെണക്ക് എങ്ങനത്യാ കുട്ട്യേ വേണ്ടേ.. സെറ്റ് മുണ്ടിലൂണ്ടോ ഫാഷനും ട്രെൻഡ്വൊക്കെ..
അതില് ഫാഷൻ കൊണ്ടന്നാ എന്ത് ഭംഗ്യാണ്ടാവാ..ന്താച്ചാ ആവാം.. കൊണ്ടോവാം കടേൽക്ക്, പോരേ.. ഈ പണ്യൊന്ന് തീർത്തോട്ടെ.."
മീനാക്ഷീടെ മുഖൊന്ന് തെളിഞ്ഞ്ണ്ട്.. പിടിച്ച വാശി ജയിച്ചൂലോ,.. അമ്മേ സോപ്പിട്ടിട്ടേ കാര്യള്ളൂന്ന് അവൾക്കറിയാം. അച്ഛൻ ഈ വാശിക്കൊന്നും കൂട്ട് നില്ക്കില്ല.
അച്ഛനോട് പറഞ്ഞാൽ ''അമ്മേടേല് ധാരാളം മുണ്ടും വേഷ്ടീം ഉണ്ട്, അതീന്ന് ഒരെണ്ണം എടുത്തുടുത്താ മതീ '' ന്ന് പറയും..
കടേൽ ചെന്നപ്പളാ മീരേടെ കണ്ണ് തള്ളീത്..
"ഇതെന്താദ്.. ഇങ്ങനൊക്ക്യാ ഇപ്പൊ മുണ്ടും വേഷ്ടീം.. ? കണ്ണാടീം, തുന്നലും, ചിത്രപ്പണീം.. ശിവ ശിവ.. ഇതിലും വന്നോ ഫാഷൻ.. വെർത്യല്ല മീനാക്ഷിക്ക് ന്റെ മുണ്ടൊന്നും ബോധിക്കാത്തെ.."
"ഇതാമ്മേ.. ഇത് മതി... നല്ല ഭംഗീല്യേ ?"
മീനാക്ഷി ഉത്സാഹത്തിലാണ്. എന്തൊക്ക്യോ വരേം കുറിം കണ്ണാടീം ഒക്കേള്ള മുണ്ടെടുത്ത് കയ്യില് പിടിച്ച് ണ്ട് കുട്ടി..
" ഇഷ്ടായീച്ചാ എടുത്തോളൂ... "
മീര സമ്മതം നല്കി
" ബ്ളൗസ് തയ്പിക്കണ്ടേ കുട്ടി, അതെവട്യാ ഇനി "
" എർണാകുളത്താവാം, അവട്യേ ഫാഷനില് തയ്ക്കൂ "
"ഓ, സെറ്റ് മുണ്ടിന്ള്ള ബ്ലൗസിനൂണ്ടോ ഫാഷൻ... ഇനി അതെന്തൊക്ക്യാണാവോ"
ബ്ലൗസ് തയ്പ്പിക്കാൻ കൊണ്ടോയപ്പോ, മീനൂട്ടി ഫാഷൻ പറഞ്ഞ് കൊടുക്കണത് കണ്ടപ്പളാ...
പുറകിലൊരു കെട്ട്, കയ്യിലൊരു വെട്ട്..
"എന്താ മീനൂട്ട്യേ, മുണ്ടിന്ള്ള ബ്ലൗസല്ലേ ഇത്.. അതിന് വേണ്ടേ ലേശൊരു ലാളിത്യെക്കെ.. നീ ഫാഷൻ പരേഡിനല്ലല്ലോ പോണേ.. ഇങ്ങനൊന്നും വേണ്ട.. നല്ല വൃത്തീല് തയ്പിക്കൂ.. അത് മതി"
"ഈ അമ്മയ്ക്ക് ഒരു ചുക്കും അറിയില്യ..
ഇതാപ്പോ ട്രെൻഡ്.."
"ന്നാലും വേണ്ട, കുട്ടി മുണ്ട് മുണ്ടായിട്ടെന്നെ ഉടുത്ത് ഭംഗ്യായിട്ട് പോവൂ.. ജിമിക്ക്യൊക്കെ ഇട്ട്, ലേശം മുല്ലപ്പൂവൊക്കെ ചൂടി.. നല്ല ഐശ്വര്യാ യിരിക്കും.."
"ജിമിക്ക്യോ.. ഞാനിതിന് പറ്റ്യ വേറെ നല്ല കമ്മല് കണ്ട് വെച്ച്ണ്ട്..."
"ഇനി അതേതാണാവോ..''
''എങ്ങനത്യാ കുട്ട്യേ"
"നല്ല എറക്കത്തില് തോള് വരെ ള്ളത്,
അതാപ്പോ ട്രെൻഡ്.."
" അപ്പോ മാല്യോ.. അതെങ്ങനത്യാ..?"
"എന്റീശ്വരാ... ഈ അമ്മയ്ക്ക് യാതൊരു ബോധോല്യ.. നീളംള്ള കമ്മലിന് ആരെങ്കിലും മാലേട്വോ..
മാലയൊന്നും ഇടില്യാമ്മേ
അതല്ലേപ്പോ ട്രെൻഡ്.."
" അപ്പോ .. മുല്ലപ്പൂ.....??"
"മുല്ലപ്പൂവോ..? ഞാൻ മുടി അഴിച്ചാ ഇടണേ..
അങ്ങന്യാപ്പോ ട്രെൻഡ്..."
"ഓഹ്.. ആയ്ക്കോട്ടെ.."
"അമ്മ കാലത്ത് നേർത്തെ മുണ്ടുടുപ്പിക്കണേ, നാളെ വൈകാൻ പാടില്ലാന്ന് ടീച്ചർ പറഞ്ഞ്ണ്ട്. "
"യ്ക്കീ ട്രെൻഡിലൊന്നും മുണ്ടുടുപ്പിക്കാൻ അറീല്യ മീനൂട്ടീ.. "
"അതമ്മ സാധാരണ പോലെന്നെ ഉടുപ്പിച്ചാ മതി"
"ഓ... ഭാഗ്യം.... അതില് ട്രെൻഡില്യ..... "
....................................................
.....................................................
Dr. RAJANI K P

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot