Slider

പഠിപ്പിച്ചതും പഠിച്ചതും

0
സന്തോഷ് ഗംഗാധരൻ
പ്രഭാകരൻ മാഷ് തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ ആകമാനം നോക്കി. മിടുക്കരായി അച്ചടക്കത്തോടെ കഥയെഴുതുകയാണ്.
മലയാളം പഠിപ്പിക്കുന്നതിന്റെ അവിഭാജ്യഘടകമാണ് കഥകൾ വായിപ്പിക്കുന്നതും എഴുതിപ്പിക്കുന്നതും എന്നായിരുന്നു മാഷിന്റെ വിശ്വാസം. എഴുതുവാനുള്ള വാസന എല്ലാവരിലുമുണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിനെ പരിപോഷിപ്പിക്കേണ്ടത് ഒരു അദ്ധ്യാപകൻ എന്ന നിലയിൽ തന്റെ കർത്തവ്യമായി കരുതി. അതുകൊണ്ട് തന്നെ നാലാം ക്ലാസ്സിലെ കുട്ടികൾക്കെല്ലാം പ്രഭാകരൻ മാഷ് ജീവനായിരുന്നു.
മാഷ് കസേരയിൽ നിന്നും എഴുന്നേറ്റ് ബഞ്ചുകൾക്കിടയിലൂടെ നടന്നു. എല്ലാവരും കഥയെഴുതുന്നതിന്റെ തിരക്കിലാണ്. മാഷ് അവരുടെ അരികിലൂടെ നടക്കുന്നതൊന്നും അവർ ശ്രദ്ധിക്കുന്നില്ല. ഓരോരുത്തർക്കും, അവരവരുടെ കഥ നന്നായിട്ടുണ്ട് എന്ന് പ്രഭാകരൻ മാഷിൽ നിന്നും കേൾക്കണം. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് എല്ലാവരും.
മനസ്സിൽ ഉയർന്നു വരുന്ന സംഭവങ്ങളെ വാക്യങ്ങളാക്കി മാറ്റുമ്പോൾ അതേ വേഗത്തിൽ കൈയ്യിലിരിക്കുന്ന പേനയും ചലിക്കണം. ചിന്തകൾ നല്ല ഭംഗിയുള്ള അക്ഷരങ്ങളായി മുന്നിലെ കടലാസിൽ കണ്ടാലേ എഴുതിയ ആൾക്ക് തൃപ്തി വരു. അതുകൊണ്ട് തന്നെ കൈയ്യക്ഷരം നന്നാക്കാനുള്ള ഒരു ഉപായം കൂടിയായിട്ടായിരുന്നു മാഷിന്റെ ഈ കഥയെഴുത്ത് വിദ്യ.
ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് പോകുന്നതിന് മുമ്പ് കുട്ടികളുടെ മനസ്സിനോടൊപ്പം കൈയ്യക്ഷരവും നന്നായാൽ അതവർക്ക് വലിയ ഒരു പ്രോത്സാഹനമായി തീരും. അവരുടെ ആത്മവിശ്വാസത്തെ അത് ദൃഢമാക്കും. പ്രഭാകരൻ മാഷ് പഠിപ്പിക്കുന്ന രീതിയെ ഇടയ്ക്കെല്ലാം ഇക്കണ്ടൻ മാഷ് കളിയാക്കുമായിരുന്നെങ്കിലും മാഷ് തന്റെ രീതികൾക്ക് മാറ്റം വരുത്തിയില്ല.
ഇക്കണ്ടൻ മാഷിനെ പറ്റി ഓർത്തപ്പോൾ പ്രഭാകരൻ മാഷ് അറിയാതെ വരാന്തയിലേയ്ക്ക് നോക്കി. വെള്ള ഖദർ ജുബ്ബയും മുണ്ടും ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. നീളമുള്ള കൈകൾ ഉള്ള ജുബ്ബ നിർബ്ബന്ധമായിരുന്നു. അതിന്റെ കാരണം കുട്ടികൾക്കെല്ലാം ഇപ്പോൾ നന്നായി അറിയാം. ജുബ്ബയുടെ കൈയ്യിനുള്ളിലായിരുന്നു അദ്ദേഹം ചൂരൽ ഒളിപ്പിച്ചിരുന്നത്. ടീച്ചറില്ലാത്ത സമയം ക്ലാസ്സിലിരുന്ന് ബഹളം കൂൂട്ടിയാൽ അടി വരുന്ന വഴി അറിയില്ല.
ഇക്കണ്ടൻ മാഷിന്റെ ജുബ്ബയിൽ നിന്നും പുറത്തു വരുന്ന ചൂരൽ കുട്ടികൾക്ക് ഒരു പേടി സ്വപ്നം ആയിരുന്നു. പക്ഷേ, പ്രഭാകരൻ മാഷിന് അറിയാമായിരുന്നു, കുട്ടികളില്ലാത്ത അദ്ദേഹത്തിന്റെ മനസ്സിൽ മുഴുവൻ സ്കൂളിലെ കുട്ടികളോടുള്ള സ്നേഹം മാത്രമായിരുന്നെന്ന്.
ആനന്ദപുരം ലോവർ പ്രൈമറി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്. അതിന്റെ പോരായ്മകൾ അവിടുത്തെ കെട്ടിടങ്ങൾ കണ്ടാൽ അറിയാം. എന്നാലും കുട്ടികൾക്ക് കുറവൊന്നുമില്ലായിരുന്നു. അതിന് പ്രധാന കാരണം ഹെഡ് മാസ്റ്റർ ഇക്കണ്ടൻ മാഷിന്റെ നിയന്ത്രണത്തിൽ കിട്ടിയ അച്ചടക്കവും ആത്മാർത്ഥമായി കുട്ടികളെ സ്നേഹിച്ച് പഠിപ്പിക്കുന്ന അഞ്ചാറ് ടീച്ചർമാരും മാഷുമാരും ആണ്. ആ നാട്ടിലെ കുട്ടികൾക്ക് ആ സ്കൂളിൽ പഠിക്കാൻ വലിയ ഉത്സാഹമായിരുന്നു. അതുപോലെ തന്നെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ അവിടേയ്ക്കയക്കാനും.
പ്രഭാകരൻ മാഷിന്റെ ദൃഷ്ടി വടക്കേ അറ്റത്തുള്ള ക്ലാസ്സുമുറിയിൽ തട്ടി നിന്നു. മൂന്ന് ക്ലാസ്സുകളുള്ള ആ കെട്ടിടം മഴ വന്നാൽ ഒരു തടാകമായി മാറും. എന്നാണ് അതിന്റെ തട്ട് പൊളിഞ്ഞ് വീഴുക എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആയതിനാൽ അവിടെ ഇപ്പോൾ ക്ലാസ്സുകൾ നടത്താറില്ല. സർക്കാറിന് നിവേദനങ്ങൾ പലതും പലരും അയച്ചു. പക്ഷേ, യാതൊരു ഫലവും ഇതുവരെ കണ്ടില്ല. അല്ലെങ്കിലും സർക്കാർ വിദ്യാലയങ്ങളുടെ കാര്യം എന്നും തഥൈവ.
കഴിഞ്ഞ മഴക്കാലത്താണ് മൂന്നാം ക്ലാസ്സിലെ പിള്ളേർക്ക് മലയാളം എടുക്കുമ്പോൾ അതിന്റെ മേൽക്കൂര ചോരാൻ തുടങ്ങിയത്. പുറത്ത് മഴ പെയ്യുന്നത് കൊണ്ട് പ്രഭാകരൻ മാഷ് മഴയെ പറ്റിയുള്ള ഒരു പദ്യം തന്നെ പഠിപ്പിക്കാൻ തീരുമാനിച്ചു. മാഷ് മേശയുടെ ഒരറ്റത്ത് ചാരി നിന്ന് പദ്യം ഈണത്തിൽ ചൊല്ലി. കുട്ടികളോട് ഏറ്റ് ചൊല്ലാൻ പറഞ്ഞു.
പദ്യത്തിന്റെ അവസാനത്തിൽ കവി കുട്ടികളോട് ചോദിക്കുകയാണ്, “മഴ പെയ്യുന്നതെങ്ങനെ?”
അത് കേട്ട് കുട്ടികൾ മുഖത്തോട് മുഖം നോക്കി. എന്താണ് പറയേണ്ടതെന്ന സംശയത്തിൽ. അപ്പോൾ ക്ലാസ്സ് മുറിയുടെ പുറകിൽ താഴെ വച്ചിരുന്ന ഒരു സ്റ്റീൽ ചോറ്റുപാത്രത്തിൽ ഒരു മഴത്തുള്ളി വീണു. ‘കിണീം’.
എല്ലാവരും അങ്ങോട്ട് നോക്കുന്നതിനിടയിൽ വേറൊരു കിണ്ണത്തിൽ ഒരു തുള്ളി വീണു. ‘ക്ണാം’.
പിന്നെയങ്ങോട്ട് പല സ്ഥലത്തും മാറി മാറി വെള്ളം വീഴുന്നതിന്റെ സംഗീതമയമായ ഒരു അന്തരീക്ഷമായി മാറി ആ ക്ലാസ്സ് മുറി. മഴയുടെ ശബ്ദത്തിനോട് സ്വാരസ്യം ചേരുമാറ് കുട്ടികളും പാടാൻ തുടങ്ങി. അങ്ങനെ ആ കൊല്ലത്തെ ആദ്യത്തെ മഴ പ്രഭാകരൻ മാഷ് കുട്ടികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമാക്കിക്കൊടുത്തു.
പക്ഷേ, പിന്നീട് ചോർച്ച കൂടിയപ്പോൾ ഇക്കണ്ടൻ മാഷ് ആ മുറികൾ ഇനി ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷയാണല്ലോ മറ്റെന്തിനാക്കാൾ വലുത്! നിവേദനങ്ങൾ പലതും പോയി. പക്ഷേ, അവയെല്ലാം പോയ വഴിയെ പോയി എന്ന് മാത്രം. ഒരു നടപടിയും സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.
അപ്പോൾ പിന്നെ രണ്ട് ഡിവിഷനുകൾ കൂട്ടിച്ചേർത്ത് ക്ലാസ്സെടുക്കാൻ തുടങ്ങി. വേറെ പോംവഴിയൊന്നും കണ്ടില്ല.
പ്രഭാകരൻ മാഷ് സമയം നോക്കി. സ്കൂൾ വിടേണ്ട സമയം ആകുന്നു. മാഷ് കുട്ടികളോട് കഥയെഴുത്ത് നിർത്തി കടലാസുകൾ മേശപ്പുറത്ത് കൊണ്ട് വയ്ക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തരായി അച്ചടക്കത്തോടെ വന്ന് അവരെഴുതിയ കഥ മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് ബെഞ്ചിൽ പോയിരുന്നു.
സ്കൂൾ വിടുന്ന കൂട്ടമണി കേട്ടതോടെ കുട്ടികളെല്ലാം പുസ്തകകെട്ടുമായി ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി. പ്രഭാകരൻ മാഷ് കഥകളെല്ലാം അടുക്കിയെടുത്ത് സ്റ്റാഫ് മുറിയിലേയ്ക്ക് നടന്നു.
പ്രഭാകരൻ മാഷിന്റെ കൈയ്യിലിരിക്കുന്ന കടലാസ് കെട്ട് കണ്ടപ്പോൾ സ്വതവേ കുസൃതിയായിരുന്ന അമ്മിണി ടീച്ചർ ചോദിച്ചു. “ഭാവിയിലെ സാഹിത്യകാരന്മാർ എന്തൊക്കെയാണ് ഇന്ന് എഴുതി ഫലിപ്പിച്ചിരിക്കുന്നത്?”
“വേണ്ട ടീച്ചറേ. ഇന്നിപ്പോൾ കളിയാക്കിയാലും എന്നെങ്കിലും ഈ ആനന്ദപുരം സ്കൂളിൽ നിന്നും ഒരു എഴുത്തുകാരൻ ഉണ്ടാവാതെയിരിക്കില്ല. അന്ന് ഈ പറഞ്ഞതൊക്കെ മിഴുങ്ങേണ്ടി വരും.” പ്രഭാകരൻ മാഷ് ചിരിച്ചുകൊണ്ട് തന്നെയാണ് ഉത്തരം നല്കിയത്. അമ്മിണി ടീച്ചറുടെ തമാശകൾ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ആരും അതൊന്നും കാര്യമാക്കി എടുക്കുമായിരുന്നില്ല.
“മാഷ് കേട്ടോ, പന്തല്ലൂര് മന്ത്രി വരുന്നുണ്ടെന്ന്.” സ്റ്റാഫ് മുറിയിലേയ്ക്ക് കയറി വന്ന ശ്രീനിവാസൻ മാഷായിരുന്നു പുതിയ വിശേഷം വിളമ്പിയത്.
“നമ്മുടെ ചോരുന്ന ക്ലാസ്സ് മുറിയുടെ കാര്യം പറയാൻ പറ്റിയാൽ നന്നായിരുന്നു. പുതിയ മന്ത്രി മിടുക്കനാണെന്നാണ് പറഞ്ഞു കേട്ടത്.” പ്രഭാകരൻ മാഷ് താൻ മുൻകൈ എടുത്തിട്ടും ഇതുവരെ നടക്കാതെ പോയ ഈ കാര്യത്തിൽ തനിയ്ക്കുള്ള ആകാംക്ഷ പ്രകടിപ്പിച്ചു.
“അതിനിപ്പോൾ നമുക്കൊക്കെ മന്ത്രിയെ കാണാൻ ആര് അനുവാദം തരാനാണ്?” അമ്മിണി ടീച്ചർ തന്റെ സംശയം വെളിപ്പെടുത്തി.
“ഇപ്പോൾ തന്നെ ഇക്കണ്ടൻ മാഷോട് പറയാം എന്തെങ്കിലും വഴിയുണ്ടാക്കാൻ.” പറഞ്ഞ പാടെ കൈയ്യിലുള്ള കടലാസ് കെട്ട് മേശപ്പുറത്ത് വച്ചിട്ട് പ്രഭാകരൻ മാഷ് ഹെഡ് മാസ്റ്ററുടെ മുറിയിലേയ്ക്ക് ധൃതിയിൽ നടന്നു. ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്യണമെന്ന കണിശക്കാരനായിരുന്നു മാഷ്.
ഇക്കണ്ടൻ മാഷ് ജനാലയിൽ കൂടി കുട്ടികൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു. എല്ലാ കുട്ടികളും ഗേറ്റ് കടന്ന് പുറത്തു കടക്കുന്ന വരെ അദ്ദേഹം അങ്ങനെ നിൽക്കുന്നത് ഒരു പതിവാണ്. കുട്ടികളെപ്പോഴും മാഷുമാരുടെ നിരീക്ഷണത്തിലായിരിക്കണം. പുറത്ത് ബാലൻ മാഷും അകത്ത് ഇക്കണ്ടൻ മാഷും. കുട്ടികളുടെ ഓരോ ചലനവും അവർക്കറിയാം.
പ്രഭാകരൻ മാഷ് മുറിയിലേയ്ക്ക് കയറി വന്നപ്പോൾ ഇക്കണ്ടൻ മാഷ് അദ്ദേഹത്തിന് നേരെ തിരിഞ്ഞു. പുരികം മേലോട്ടാക്കി എന്താ കാര്യമെന്ന് ചോദിക്കാതെ തന്നെ ചോദിച്ചു.
“മാഷേ, പന്തല്ലൂര് മന്ത്രി വരുന്നുണ്ടെന്ന് കേട്ടു. മാഷ് ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ നമ്മുടെ ക്ലാസ്സ് മുറികളുടെ കാര്യം പറയാമായിരുന്നു.”
“ഞാനും കേട്ടിരുന്നു മാഷേ. പക്ഷേ, നമുക്ക് അദ്ദേഹത്തെ കാണാനുള്ള ഒരവസരം കിട്ടുമോ എന്തോ?”
“വളരെ ജനകീയനായ ഒരാളാണ് എന്നാണ് കേട്ടിരിക്കുന്നത്. അപ്പോൾ പിന്നെ കാണാൻ അനുവദിക്കാതിരിക്കുമോ?”
“ഞാനൊന്ന് ശ്രമിച്ചു നോക്കട്ടേ. പരിചയമുള്ള ആരേയെങ്കിലും കൊണ്ട് പറയിച്ചാൽ സമ്മതിക്കുമായിരിക്കും.”
“എന്നാൽ പിന്നെ അങ്ങനെയാവട്ടെ മാഷേ.” അതും പറഞ്ഞ് പ്രഭാകരൻ മാഷ് അവിടെ നിന്നും ഇറങ്ങി.
പ്രഭാകരൻ മാഷ് തന്റെ മേശപ്പുറത്ത് നിന്നും കഥകളുടെ കെട്ടുമായി വീട്ടിലേയ്ക്ക് പുറപ്പെട്ടു.
മാസത്തിലൊരിക്കൽ കുട്ടികളെഴുതിയ കഥകൾ വായിക്കുന്നത് പ്രഭാകരൻ മാഷിന് വളരെയധികം സന്തോഷം നൽകിയിരുന്നു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ഈ കഥകൾ വഴി മാഷ് ശ്രമിച്ചിരുന്നു. സാധാരണ പലരും ചെയ്യുന്ന പോലെ കുട്ടികളെ കൊണ്ട് എഴുതിച്ച് വായിച്ചു നോക്കാതെ കടലാസ് കെട്ടാക്കി വയ്ക്കുന്ന ഏർപ്പാട് മാഷിന് ഇല്ലായിരുന്നു. ഓരോ കഥയും വായിച്ച് തെറ്റുകൾ തിരുത്തി അവ എങ്ങനെ കൂടുതൽ നന്നാക്കാം എന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിക്കുന്ന കർത്തവ്യം അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം ചെയ്തിരുന്നു.
അത്താഴം കഴിഞ്ഞ് പത്നി ടിവിയുടെ മുന്നിൽ ഇരിക്കുമ്പോഴാണ് മാഷ് കഥകൾ വായിക്കാൻ തുടങ്ങുക. നല്ല കഥകൾ വായിച്ച് കേൾക്കാൻ ലീലയ്ക്കും താല്പര്യമായിരുന്നു. മാഷ് ഓരോ കഥകളായി വായിച്ച് അഭിപ്രായങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതിനിടയിൽ ഒരു പദ്യം കണ്ടപ്പോൾ മാഷിന് അത്ഭുതമായി. കുട്ടികളാരും പദ്യങ്ങൾ എഴുതാൻ താല്പര്യം കാണിച്ചിരുന്നില്ല. മാഷ് അതിനായി ആരേയും നിർബ്ബന്ധിക്കാറുമില്ല.
മാഷ് ആ പദ്യം വായിക്കാൻ കൈയ്യിലെടുത്തു. ഒരു പ്രവശ്യം വായിച്ചപ്പോൾ രസം തോന്നി. അപ്പോൾ ലീലയെ കേൾപ്പിക്കാൻ ഒന്നുകൂടി ഉറക്കെ വായിച്ചു.
ഇങ്ങനെയെന്തിനീ മന്ത്രി
ഇങ്ങനെയെന്തിനീ മന്ത്രി
ഇങ്ങനെയെന്തിനീ മന്ത്രി
ഞാൻ പഠിക്കും സ്കൂളിന്റെ ചോർച്ച മാറ്റാൻ
പറ്റാത്ത ഒരു മന്ത്രിയാണെങ്കിൽ
ഇങ്ങനെയെന്തിനീ മന്ത്രി
താൻ തന്നെ പഠിച്ചിരുന്ന ഒരു സ്കൂളിനായ്
ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്നാകിൽ
ഇങ്ങനെയെന്തിനീ മന്ത്രി
കാര്യങ്ങൾ നേരെ പറഞ്ഞു കേട്ടിട്ടും
ഒരു ചെവിയിൽ കൂടി കേട്ട്
മറ്റേ ചെവിയിൽ കൂടി കളയാനെങ്കിൽ
ഇങ്ങനെയെന്തിനീ മന്ത്രി
പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി
ഇത്ര പോലും ചെയ്യാൻ കഴിയില്ലെങ്കിൽ
ഇങ്ങനെയെന്തിനീ മന്ത്രി
പള്ളിക്കൂടങ്ങൾ ചോർന്നൊലിക്കുമ്പോൾ
ഉറക്കം നടിച്ച് മാറി നിൽക്കുകയാണെങ്കിൽ
ഇങ്ങനെയെന്തിനീ മന്ത്രി
വെറും കാഴ്ചക്കാരനായുള്ളൊരു മന്ത്രി
വെറുതെയിരിക്കുന്നൊരു മന്ത്രി
ഇങ്ങനെയെന്തിനീ മന്ത്രി
ലീലയ്ക്കും ആ പദ്യം വളരെ ഇഷ്ടപ്പെട്ടു. ക്ലാസ്സിലെ മിടുക്കന്മാരിൽ ഒരുവനായ സുഭാഷാണ് അതെഴുതിയിരിക്കുന്നത്. പിറ്റേന്ന് ക്ലാസ്സിൽ വച്ച് അവനെ അഭിനന്ദിക്കണമെന്ന് മാഷ് മനസ്സിൽ ഉറപ്പിച്ചു. അവന് അങ്ങനെയൊരു പദ്യം എഴുതുവാനുണ്ടായ പ്രചോദനം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കണം.
പക്ഷേ, പിറ്റേന്ന് പല കാരണങ്ങൾ കൊണ്ടും മാഷിന് ക്ലാസ്സിൽ തലേന്നത്തെ കഥകളെ പറ്റിയോ സുഭാഷിന്റെ പദ്യത്തിനെ പറ്റിയോ സംസാരിക്കാൻ അവസരം ലഭിക്കുകയുണ്ടായില്ല.
അന്നത്തെ പ്രധാന ചർച്ചാവിഷയം സ്കൂൾ ഇൻസ്പെക്റ്ററുടെ വരവായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം സ്കൂൾ സന്ദർശിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പന്തല്ലൂര് വരുന്നത് കൊണ്ട് ആ മേഖലയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ഔദ്യോഗിക പരിശോധനയിൽ പെടുത്തണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമായിരുന്നു. മന്ത്രി ഏതെങ്കിലും കാരണവശാൽ ഏതെങ്കിലും സ്കൂൾ സന്ദർശിക്കുകയാണെങ്കിൽ പുകിലുകളെന്നും ഉണ്ടാവാതിരിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഈ ഇൻസ്പെക്റ്ററുടെ വരവ്.
പിന്നെയുള്ള ദിവസങ്ങൾ ഇൻസ്പെക്റ്ററുടെ വരവിനുള്ള തെയ്യാറെടുപ്പായിരുന്നു.
ഇൻസ്പെക്റ്റർ രഘുനാഥ് അത്ര വലിയ കർക്കശക്കാരനൊന്നും ആയിരുന്നില്ല. ആനന്ദപുരം സ്കൂളിൽ ഇതിന് മുമ്പും പരിശോധനയ്ക്ക് വന്നിട്ടുള്ളതാണ്. അവിടുത്തെ അദ്ധ്യാപകരേയും കുട്ടികളേയും പറ്റി നല്ല അഭിപ്രായമാണ് അദ്ദേഹത്തിന്. സ്കൂളും പരിസരവും ചുറ്റി നടന്ന് കണ്ട് ചില ചില്ലറ ഉപദേശങ്ങളൊക്കെ കൊടുത്ത് അദ്ദേഹം ഓരോരോ ക്ലാസ്സുകളിലും കയറിയിറങ്ങി. ഒടുവിൽ പ്രഭാകരൻ മാഷിന്റെ ക്സാസ്സിലെത്തി.
സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് നാലാം ക്ലാസ്സിലുള്ളത്. രഘുനാഥ് അവരോട് കുറച്ചു നേരം ചോദ്യങ്ങൾ ചോദിച്ച് അവരുടെ ഉത്തരങ്ങൾ കേട്ട് രസിച്ചു. പിന്നീട് അദ്ദേഹം ഓരോരുത്തരോടും ഭാവിയിൽ അവർ എന്താവാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. പലരും ഡോക്റ്റരും എഞ്ചിനീയറും വക്കീലും മറ്റും ആകാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു.
എല്ലാവരുടേയും ഉത്തരങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം അവരോടാരാഞ്ഞു, “എന്താ നിങ്ങൾക്കാർക്കും ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ ആവാൻ ഇഷ്ടമില്ലേ? നിങ്ങളാരും രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിൽ പിന്നെ നമുക്കെവിടുന്നാണ് ഒരു മുഖ്യമന്ത്രിയേയൊ പ്രധാനമന്ത്രിയേയൊ വാർത്തെടുക്കാൻ സാധിക്കുക?”
ഇൻസ്പെക്റ്ററുടെ ചോദ്യം കേട്ട് കുട്ടികളെല്ലാവരും നിശ്ശബ്ദരായിരുന്നു. ആരും ഉത്തരം പറയുന്നില്ലെന്ന് കണ്ടപ്പോൾ പ്രഭാകരൻ മാഷിന് പരിഭ്രമമായി. കുട്ടികളുടെ നിശ്ശബ്ദത രഘുനാഥ് സർ പോരായ്മയായി കാണുമോ എന്തോ?
“ആരെങ്കിലും ഒരാളെങ്കിലും സാറ് ചോദിച്ചതിന് ഒരു മറുപടി പറഞ്ഞില്ലെങ്കിൽ ക്ലാസ്സിന് തന്നെ മോശമാകില്ലേ?” മാഷ് എല്ലാ കുട്ടികളോടുമായി പറഞ്ഞു.
അത് കേട്ടപ്പോൾ സുഭാഷ് എഴുന്നേറ്റ് നിന്നു. “എന്റെ പേര് സുഭാഷ്. ചെറിയ കാര്യങ്ങൾ പോലും ചെയ്തെടുക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരനായിട്ട് എന്ത് ഗുണമാണ് സർ?”
“അതെന്താ സുഭാഷിന് അങ്ങനെ തോന്നാൻ കാരണം? പല എംഎൽഎമാരും എംപിമാരും മറ്റും അവരവരുടെ മണ്ഡലങ്ങളിൽ പല നല്ല കാര്യങ്ങളും ചെയ്യാറില്ലേ?” രഘുനാഥ് സുഭാഷിനോടായി ചോദിച്ചു.
“ഉണ്ടാകുമായിരിക്കും. പക്ഷേ, ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടം മുഴുവൻ ചോർന്നൊലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിട്ട് കൊല്ലം ഒന്നാകുന്നു. ഇവിടെ നിന്നും പഠിച്ച് പോയ മന്ത്രിക്ക് പോലും ഇതൊന്ന് നേരെയാക്കാൻ സാധിക്കുന്നില്ല. പിന്നെന്ത് കാര്യം സാറെ?” സുഭാഷ് വളരെ ഗൗരവത്തിൽ തന്നെ മറുപടി നൽകി.
ഇൻസ്പെക്റ്റർക്ക് അത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പ്രഭാകരൻ മാഷിന്റെ മുഖത്തേയ്ക്ക് നോക്കി.
“ശരിയാണ് സർ. പല നിവേദനങ്ങളും അയച്ചതാണ്. പക്ഷേ, ഫലം തഥൈവ.”
രഘുനാഥ് കുട്ടികളുടെ നേരെ തിരിഞ്ഞു. “മന്ത്രിയ്ക്ക് പല തിരക്കുകളും ഉണ്ടാവില്ലേ. അതായിരിക്കും. ശരിയാക്കി തരാതിരിക്കില്ല.”
“പന്തല്ലൂര് കുടുംബസംഗമത്തിന് വന്നപ്പോൾ ഞാൻ നേരിട്ട് പറഞ്ഞതാണ്. ഇപ്പോ ശരിയാക്കാം എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ മാസം മൂന്ന് കഴിഞ്ഞു.” സുഭാഷ് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാക്കി.
ഈ മിടുക്കൻ മന്ത്രിയുടെ ബന്ധുവാണെന്ന് മനസ്സിലായതോടെ ഇതിനെ പറ്റി കൂടുതൽ ചർച്ച നല്ലതല്ലെന്ന് രഘുനാഥിന് തോന്നി. അദ്ദേഹം എല്ലാ കുട്ടികളോടും യാത്ര പറഞ്ഞ് ഇറങ്ങി.
ഇൻസ്പെക്റ്റർ പോയിക്കഴിഞ്ഞപ്പോൾ പ്രഭാകരൻ മാഷ് ഇക്കണ്ടൻ മാഷിനെ കാണാൻ ചെന്നു. മന്ത്രിയെ കാണുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ എന്നറിയാനായിരുന്നു. പക്ഷേ, ഇക്കണ്ടൻ മാഷിന്റെ മ്ലാനമായ മുഖം കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ലെന്ന് മനസ്സിലായി.
പ്രഭാകരൻ മാഷ് സ്റ്റാഫ് മുറിയിലെ തന്റെ കസേരയിൽ പോയിരുന്നു. കുറച്ചു നേരം ചിന്തയിലാണ്ടു. തനിയ്ക്കെന്താണ് ചെയ്യാൻ കഴിയുക എന്ന് മനസ്സിൽ ഉറപ്പിച്ചു. ഒരു കടലാസിൽ മന്ത്രിയ്ക്കുള്ള കത്തെഴുതാൻ ആരംഭിച്ചു. സുഭാഷിന്റെ പദ്യത്തിന്റെ ഒരു കോപ്പിയും എടുത്ത് വച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ഹെഡ് മാസ്റ്റർക്ക് വിദ്യാഭ്യാസമന്ത്രിയുടെ സെക്രട്ടറിയുടെ കത്ത് ലഭിച്ചു. പന്തല്ലൂരിൽ വരുന്ന സമയത്ത് മന്ത്രി താൻ പഠിച്ചിരുന്ന ആനന്ദപുരം സ്കൂൾ കൂടി സന്ദർശിക്കുന്നു.
ഇക്കണ്ടൻ മാഷും പ്രഭാകരൻ മാഷും ഇത്രയധികം സന്തോഷിച്ച ഒരവസരം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല.
പിറ്റേന്ന് അസംബ്ലിയിൽ വച്ച് സുഭാഷിന് ഒരു പ്രത്യേക സമ്മാനം സ്കൂളിന്റെ വക നൽകി. നല്ലൊരു പദ്യം രചിച്ചതിനായിരുന്നു സമ്മാനം. എങ്കിലും പ്രഭാകരൻ മാഷിന്റെ മനസ്സിൽ ഇൻസ്പെക്റ്ററോട് സുഭാഷ് പറഞ്ഞ മറുപടിയ്ക്കായിരുന്നു മുൻതൂക്കം.
‘തന്റെ കർത്തവ്യം കുട്ടികളെ പഠിപ്പിക്കുന്നതാണെങ്കിലും അവരിൽ നിന്നും പലതും തനിയ്ക്ക് പഠിക്കുവാനും സാധിക്കുന്നു’ എന്ന പ്രഭാകരൻ മാഷിന്റെ പ്രസ്താവന ബാക്കി മാഷുമാരെല്ലാം ചേർന്ന് കൈയ്യടിച്ച് അംഗീകരിച്ചു.
അമ്മിണി ടീച്ചർ പ്രഭാകരൻ മാഷിന്റെ കൈ പിടിച്ച് കുലുക്കിയിട്ട് പറഞ്ഞു, “മാഷേ, മാഷിന്റെ വഴി തന്നെ ഏറ്റവും ശ്രേഷ്ടം!”
വാൽക്കഷ്ണം : പന്തല്ലൂരുള്ള രഘുരാം എന്ന മിടുക്കന് എന്റെ കടപ്പാട്. അച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ആ മിടുമിടുക്കന്റെ പല കുസൃതികളിൽ ഒന്നിനെ ആസ്പദമാക്കിയാണ് പ്രസ്തുത കഥ. സ്കൂൾ ഇൻസ്പെക്റ്ററുടെ മുന്നിൽ അച്ചു തിളങ്ങി.

By Santhosh Gangadharan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo