Slider

എന്നിലെ ഞാൻ..

0
..













കോളിങ് ബെല്ലിൽ വിരലമർത്തി അക്ഷമയോടെ ഞാൻ വാതിലിനു മുന്നിൽ നിന്നു . നിറഞ്ഞു വരുന്ന കണ്ണുകൾ കരച്ചിലിലേക്കു വഴി മാറാതിരിക്കാനും പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു..
അഞ്ചു മിനിട്ടിനു ശേഷമാണ് അമ്മ വാതിൽ തുറന്നത്... ചിന്നുമോളെ ചേർത്തു പിടിച്ചൊരു ഉമ്മ കൊടുത്ത ശേഷം സംശയഭാവത്തിൽ എന്നെനോക്കി..
"ഗോപേട്ടൻ എവിടെ" എന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്നു അമ്മ പറയാതെ തന്നെ എനിക്കറിയാമായിരുന്നു..
"ഞങ്ങള് തനിച്ചേയുള്ളു... ഗോപേട്ടനെന്തോ തിരക്ക്... " ഞാൻ പറഞ്ഞൊപ്പിച്ചു.
വിശ്വാസം വരാത്തത് പോലെ വീണ്ടും അമ്മയെന്നെ നോക്കി.
"നല്ല തലവേദന ഒന്ന് കിടക്കട്ടെയെന്നും" പറഞ്ഞു ഞാൻ റൂമിലേക്ക്‌ നടന്നു..
സോഫയിൽ പത്രം നോക്കിക്കൊണ്ടിരുന്ന അച്ഛൻ ഗൗരവം വിടാതെ മുഖമുയർത്തി കൊണ്ടെന്നെയൊന്നു തറപ്പിച്ചു നോക്കി... അതു കാര്യമാക്കാതെ ഞാൻ സ്റ്റെപ്പുകൾ കയറി...
ചിന്നുവപ്പോഴേക്കും മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും കൂടെ കളി തുടങ്ങിയിരുന്നു.. അല്ലെങ്കിലും ഇവിടെയെത്തിയാൽ പിന്നെ അവൾക്കെന്നെ ആവശ്യമില്ലല്ലോ..
റൂമിലെത്തി ബെഡിലേക്ക് വീണതും അതുവരെ അടക്കിപിടിച്ചിരുന്ന കണ്ണുനീർ ധാരധാരയായി എന്നിൽ നിന്നും ഒഴുകാൻ തുടങ്ങി.. മനസ്സ് മുഴുവൻ ഇന്നലെ വഴക്കിനിടയിൽ ഗോപേട്ടൻ പറഞ്ഞ വാക്കുകളാണ്..
"ഞാനില്ലാതാകുമ്പോഴേ നിങ്ങള് പഠിക്കു.. അന്നേ നിങ്ങൾക്കെന്റെ വിലയറിയൂ.. " വഴക്കിനിടയിൽ വാശിക്ക് ഞാൻ ഗോപേട്ടനോടായ് പറഞ്ഞു...
" ജോലിക്കൊന്നും പോകാതെ, വീട്ടിൽ നിന്നും പുറത്തിറങ്ങാതെ കണ്ണിൽക്കണ്ട കണ്ണീർ സീരിയലും കണ്ടു ഓരോന്ന് ആലോചിച്ചു കൂട്ടുന്നത് കൊണ്ടാണ് പ്രിയാ തനിക്കിങ്ങനെയൊക്കെ തോന്നുന്നത് .. ഇതൊക്കെ മോള് കേൾക്കുന്നുണ്ടെന്ന ബോധത്തിൽ തന്നെയാണോ താൻ സംസാരിക്കുന്നതു... "
"പിന്നെ ഈ പറഞ്ഞത്... ശെരിയാണ്.. താനില്ലാതായാ ഞാൻ വിഷമിക്കും , ജീവിക്കാൻ ബുദ്ധിമുട്ടും....അതൊക്കെ സത്യമാണ്... എന്നുവെച്ചു ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ.. പതിയെ ആ അവസ്ഥയോടു പൊരുത്തപ്പെട്ടു ജീവിക്കും.. അല്ലാതെ വേറെ നിവർത്തിയില്ലല്ലോ..നമ്മളില്ലെങ്കിൽ മറ്റുള്ളവർ ജീവിക്കില്ല എന്നുള്ളതൊക്കെ മിഥ്യാധാരണയാണ്... കുറെയൊക്കെ വിഷമിക്കും.. പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യും.. അതിപ്പോ ഞാനായാലും താനായാലും. ഒരു ആക്‌സിഡന്റ് പറ്റി കൈയ്യൊ കാലോ നഷ്ടപ്പെട്ടാൽ നമ്മള് മരിക്കൊ ഇല്ലല്ലോ അതില്ലാത്ത പോലെ ജീവിക്കാൻ പഠിക്കും... അത്രേയുള്ളൂ "
ഒരു ദയയുമില്ലാതെ ഏട്ടന്റെ വായിൽ നിന്ന് വന്ന വാക്കുകൾ എന്റെ ഹൃദയത്തെ കൂരമ്പുപോലെ കുത്തി മുറിച്ചു.
"ജോലി പോലും വേണ്ടെന്നു വെച്ചു രാവും പകലും നിങ്ങൾക്കൊക്കെ വേണ്ടി ജീവിച്ചതിനു എനിക്കിതൊക്കെ തന്നെ കിട്ടണം.. " കണ്ണീരടക്കൻ പാടുപെട്ടു കൊണ്ടു ഞാൻ പറഞ്ഞു.
"എനിക്കോ മോൾക്കോ വേണ്ടി തന്നെ ഈ വീട്ടിൽ തളച്ചിടാൻ ഞാൻ ശ്രമിച്ചിട്ടില്ല.. സ്വയം തീർത്ത തടവറക്കുള്ളിൽ ജീവിക്കുന്ന ആളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നും എനിക്കറിയില്ല.. ആദ്യം സ്വയം സ്നേഹിക്കാൻ പഠിക്കണം... കുടുംബവും, വീടും എല്ലാം വേണം അതിനൊപ്പം സ്വയം സ്നേഹിക്കാനും, തനിക്കു വേണ്ടി സമയം കണ്ടെത്താനും പഠിക്കണം .. അല്ലാതെ ഫ്രസ്‌ട്രേഷൻ മുഴുവൻ എന്റെ നേർക്കു തീർത്തിട്ടെന്തു കാര്യം.നമ്മളെ തന്നെ സ്നേഹിച്ചാലേ അല്ലെങ്കിൽ നമ്മളോട് തന്നെ സ്നേഹമുണ്ടായാലേ ചുറ്റുമുള്ളതിൽ സംതൃപ്തി കിട്ടു. "
"പ്രിയാ... വീട്ടിലിങ്ങനെ അടച്ചിരിക്കുമ്പോൾ... മനസ്സ് പലപ്പോഴും ഡിപ്രെഷൻ എന്ന സ്റ്റേജിലേക്ക് നീങ്ങും... അതിനു പരിഹാരം കാണാൻ തനിക്ക് മാത്രമേ സാധിക്കു " ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിലങ്കയണിഞ്ഞ ചിത്രത്തിലേക്ക് നോക്കികൊണ്ടു അദ്ദേഹം പറഞ്ഞു.. "
പക്ഷെ ഏട്ടൻ പറഞ്ഞ ഉപദേശമൊന്നും എന്റെ തലയിലേക്ക് കയറിയില്ല.. മനസ്സ് മുഴുവൻ ദേഷ്യം നുരഞ്ഞു പൊന്തി... അതുകൊണ്ട് തന്നെ പിണക്കം തീർക്കാൻ അദ്ദേഹം വന്നിട്ടും ഞാൻ മൈൻഡ് ചെയ്തില്ല... രാവിലെ മോളെ സ്കൂളിൽ വിടാതെ, ഞങ്ങൾ വീട്ടിലേക്കു പോവുകയാണെന്ന് അവളെക്കൊണ്ട് പറയിച്ചു വീട്ടിൽ നിന്നിറങ്ങിയതാണ് ... നെടുവീർപ്പോടെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.
************
ഒരു ഗ്ലാസ്സ് ജ്യൂസ്സുമായി അമ്മ റൂമിലേക്ക്‌
വന്നു.
"എന്താ നിങ്ങള് തമ്മില്... നിന്റെ മുഖമാകെ വല്ലാതിരിക്കുന്നല്ലോ.. " പതുക്കെ അമ്മ വിഷയത്തിലേക്ക് കടന്നു...
"എനിക്ക് വയ്യ അങ്ങേർക്കൊപ്പം ഇനി ജീവിക്കാൻ..മടുത്തു.. " പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ പറഞ്ഞു...
"വെറുതെ ഇരുന്നു തിന്നിട്ടു എല്ലിന്റെ എടേലു കുത്തുമ്പോ അങ്ങനെ പലതും തോന്നും.. " എടുത്തടിച്ചപോലെ അമ്മ പറഞ്ഞു..
"അമ്മ.. എന്റടുത്തുന്നു പോ .. " വിറച്ചു കൊണ്ടു ഞാൻ പറഞ്ഞു.
"അങ്ങനെ പോകുന്നില്ല... PG പഠിച്ചവളല്ലേ നീ ... ശെര്യാ അന്നത്തെ സാഹചര്യത്തിൽ ഒരു ജോലിയാകുന്നതിനു മുന്ന് നിന്റെ കല്യാണം നടത്തേണ്ടി വന്നു... അതു ഞങ്ങടെ തെറ്റ് തന്നെയാ.. പക്ഷെ വിവാഹം കഴിഞ്ഞിട്ടിപ്പോ, കുഞ്ഞിന് ആറു വയസ്സായി.. നീയൊരു ജോലിക്ക് ശ്രമിച്ചോ... അവിടെ വെറുതെ ചടഞ്ഞിരിക്കുമ്പോ ഇതല്ല ഇതിനപ്പുറവും തോന്നും... " അമ്മ പറഞ്ഞു.
"ഒരാശ്വാസത്തിനാ ഇങ്ങോട്ട് ഓടിവന്നത് .. സ്വന്തം അമ്മയാണ്... ഒന്ന് ആശ്വസിപ്പിക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നു.. അല്ലെങ്കിലും കെട്ടിച്ചു വിട്ടാ പിന്നെ പെണ്ണ് എല്ലാവർക്കും ബാധ്യത ആണല്ലോ.. വെറും ഭാരം... വീട്ടിൽ കയറി വന്നാൽ ബാധ്യത ആയിപോകുമോ എന്നുള്ള പേടി... അമ്മ പേടിക്കണ്ട ഞാനും എന്റെ മോളും പോയ്ക്കോളാം... " എന്റെ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അമ്മ പറഞ്ഞു തുടങ്ങി...
"മോളെ... നിന്നെ നന്നായി മനസ്സിലാക്കി കൊണ്ടു തന്നെയാണ് അമ്മ പറയണത്... PG വരെ പഠിച്ചതല്ലേ നീ.. ഒരു ജോലി നോക്കിക്കൂടെ നിനക്ക്. ജോലി എന്നത് ശമ്പളത്തിന് വേണ്ടി മാത്രല്ല... ഒരു ജോലി ഉണ്ടെങ്കിലേ പുറത്തിറങ്ങി ആളുകളുമായി ഇടപഴകി മനസ്സിനുമൊരു സന്തോഷം ഉണ്ടാകു.. ഇതിങ്ങനെ അടച്ചിരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടി നിന്റെ മനസ്സാകെ മുരടിച്ചിരിക്കാ... "
"നീ എങ്ങനെ നടന്നതാ വിവാഹത്തിന് മുന്ന്.. അണിഞ്ഞൊരുങ്ങി.. ഡാൻസ് പഠിച്ചതല്ലേ കുറേക്കാലം.. എന്നിട്ടോ .. കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായപ്പോ ഒന്നും ഇല്ല... തൊണ്ണൂറു വയസ്സായ പോലെ വേഷവും, ഭാവവും, മനസ്സും... മുരടിച്ച മനസ്സായി ഇരിക്കണ കൊണ്ടാ നിനക്കെപ്പോഴും ഗോപുവിനോട് പോലും ദേഷ്യം... ഗോപുവിന്റെ സ്വഭാവം എന്നേക്കാൾ നിനക്കറിഞ്ഞുടെ.. നിന്റെ നൃത്തം കണ്ടല്ലേ ആലോചന വന്നത് പോലും.. എന്നിട്ട്.. "
"പിന്നെ ഒരു ജോലിയുള്ളതു പെണ്ണിനെന്നും കരുത്താ... സ്വന്തമായി ചിലവാക്കാൻ, കുടുംബത്തിനൊരു താങ്ങാവാൻ... കണക്കു പറയല്ല എത്ര കഷ്ടപ്പെട്ടാ അച്ഛൻ നിന്നെയും അനുവിനെയും പഠിപ്പിച്ചത്... എന്നിട്ട് വല്ല ഓണവും, വിഷുവും വരുമ്പോൾ അച്ഛനൊരു കോടി വാങ്ങാൻ പോലും നിനക്കവന്റെ മുന്നിൽ കൈനീട്ടണ്ടേ... അതിനേക്കാളൊക്കെ നിനക്കറിയാവുന്നതല്ലേ ഗോപുവിന്റെ അമ്മ... ചെറുപ്രായത്തിൽ ശേഖരേട്ടൻ മരിച്ചിട്ടും സ്വന്തമായൊരു തൊഴിൽ ഉണ്ടായിരുന്നത് കൊണ്ടല്ലേ ആ മക്കളെ വളർത്താനും, ആരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനുമൊക്കെ അവർക്കായതു.. "
" ഇനിയിപ്പോ നീ പറഞ്ഞതുപോലെ തന്നെ തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ... കയ്യിലൊരു തൊഴിലുണ്ടെങ്കിൽ ആരെയും കൂസാതെ അന്തസ്സായി ജീവിച്ചൂടെ നിനക്കു ... "
"ഒന്നും സാധിച്ചില്ലെങ്കിൽ പത്തുകുട്ടികളെ ഡാൻസ് പഠിപ്പിച്ചു കൂടെ നിനക്ക്... ദൈവം തന്ന കലയല്ലേ.. വെറുതെ കളയണോ കുട്ടി.. "
"ആരുടേയും സപ്പോർട്ട് ഇല്ലാഞ്ഞിട്ടു പോലും വീട്ടിലിരുന്നു കൈത്തൊഴിലുകൾ ചെയ്ത് ജീവിക്കുന്ന എത്രയോ പേരുണ്ട്... നമ്മുടെ അനു തന്നെ ഫ്രീ ടൈമിലു കേക്ക് ഉണ്ടാക്കി അതൊരു ബിസിനസ്‌ ആക്കിയില്ലേ... അങ്ങനെയുമാകാം.. അല്ലാതെ ഓഫീസിൽ പോയി ചെയ്യുന്നത് മാത്രമല്ല ജോലി... "
"മക്കളുടെ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിൽക്കുന്നതല്ല, തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കേണ്ടതാണ്... മക്കളേ മനസ്സിലാക്കി കൊടുക്കേണ്ടവളാണ് അമ്മ...അതിനർത്ഥം മക്കൾ ഭാരമാണെന്നല്ല... അങ്ങനെ കരുതുന്നവരും ഉണ്ട്.. എല്ലാവരും അങ്ങനെയല്ല..മാത്രമല്ല നിന്റെ മകൾക്കു നാളെ നീയൊരു മാതൃകയും ആയിരിക്കേണ്ടേ.. "
" ഇനിയൊന്നും ഞാൻ പറയുന്നില്ല.. അമ്മ പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ എന്നു മോള് തന്നെ ചിന്തിച്ചു നോക്ക്.. " അതും പറഞ്ഞു അമ്മ എണിറ്റു..
അമ്മ പോയിട്ടും കുറേനേരം ഞാൻ അതെ ഇരിപ്പു തന്നെ തുടർന്നു... പതുക്കെ എണിറ്റു കണ്ണാടിയുടെ മുന്നിലെത്തി... ആത്മപരിശോധനയ്ക്കു നേരമായെന്നൊരു തോന്നൽ ... കണ്ണാടിയിൽ കാണുന്ന പ്രതിരൂപം എന്നെ നോക്കി പുച്ഛിക്കുന്നതുപോലെ...
ശെരിയാണ് ഗോപുവേട്ടൻ സ്നേഹമുള്ളവനാണ്... എന്നെയും മോളെയും കാര്യമായി തന്നെ നോക്കുന്നുണ്ട് .. ഒന്നിനും എതിര് നിൽക്കാറില്ല... പലപ്പോഴുമെന്റെ വിരസമായ പകലുകളുടെ മടുപ്പിൽ ജോലി കഴിഞ്ഞു വരുന്ന അദ്ദേഹവുമായി വഴക്കിനു തുടക്കം കുറിക്കുന്നതു ഞാൻ തന്നെയാണ്...
"അമ്മയും ഏട്ടനും പറഞ്ഞതല്ലേ പ്രിയാ സത്യം.. " കണ്ണാടിയിലെ എന്റെ പ്രതിബിംബം എന്നോട് തന്നെ ചോദിച്ചു .. "നിനക്ക് നിന്നോട് തന്നെ സ്നേഹമുണ്ടോ... വെറുതെ നഷ്ടപ്പെടുന്ന ദിനങ്ങളിൽ നിന്റെ സ്വന്തം ശരീരമെങ്കിലും നീ ശ്രദ്ധിച്ചിരുന്നോ ... വിവാഹം കഴിഞ്ഞു ഒരു കുഞ്ഞായതോടെ എല്ലാം തീർന്നു എന്നു നീ വിചാരിച്ചു..... അവിടെ ജീവിതം തുടങ്ങുന്നേയുള്ളു എന്നു നീ തിരിച്ചറിഞ്ഞില്ല.. "
ശെരിയാണ്... എണ്ണയില്ലാതെ പാറിപറന്നു കിടക്കുന്ന മുടിയിഴകളും, പൗഡർ പോലുമിടാതെ എണ്ണമെഴുക്കു പുരണ്ട മുഖവും, പൊട്ടി പൊളിഞ്ഞ നെയിൽ പോളിഷും,, വളർന്നു കാടുപിടിച്ച പുരികവും, ധരിച്ചിരിക്കുന്ന നരച്ച ചുരിദാറും, വിയർപ്പു മണക്കുന്ന ദേഹവും... ശ്രദ്ധിക്കാത്തത് കൊണ്ടു മാത്രം വീർത്തു വന്ന ശരീരവും എന്റെ അലസതയുടെ അടയാളമായി എന്നിൽ തെളിഞ്ഞു നിന്നു... ശരീരസംരക്ഷണം മാത്രമല്ല ജീവിതം പക്ഷെ അതും ജീവിതത്തിന്റെയൊരു ഭാഗം തന്നെയാണ്... ഇരുപത്തിയൊൻപതു വയസ്സിൽ നാല്പതുകാരിയുടെ രൂപഭാവങ്ങളുമായി ഞാൻ നിന്നു...
"ഒരു ജോലിക്ക് ശ്രമിക്കാൻ പലപ്പോഴും ഏട്ടൻ പറഞ്ഞപ്പോഴും എന്റെ അലസത അതു ഏട്ടന് കാശിനോടുള്ള ആർത്തി മാത്രമായ് കണക്കുകൂട്ടി . എന്നെ ന്യായീകരിക്കാൻ സ്വയം കരുതിക്കൂട്ടി കാരണങ്ങളുണ്ടാക്കി വഴക്കുകളുണ്ടാക്കി കുടുംബസമാധനം കളഞ്ഞു.. കുഞ്ഞിനെ ഞാൻ നോക്കിക്കോളാം മോള് പഠിക്കേ, ജോലിക്ക് പോകേ എന്താച്ചാ ആയ്ക്കോ എന്നു പലവട്ടം ഗോപേട്ടന്റെ അമ്മ പറഞ്ഞപ്പോൾ അമ്മയും ശത്രുവായി. "
"പോരെടുക്കുന്ന, ഭാര്യയെ മനസ്സിലാക്കാത്ത ഭർത്താവും വീട്ടുകാരും ഉള്ള ലോകത്തു ഇതുപോലൊരു ഭർത്താവിനെ കിട്ടിയിട്ടും അതു തിരിച്ചറിയാതെ ഞാൻ... അലസത എന്നെ ഞാനല്ലാതെയാക്കി... എനിക്കെന്നോട് തന്നെ പുച്ഛം തോന്നി... തിരിച്ചറിവിന്റെ കണ്ണീർ എന്നിൽ നിന്നും ഒഴുകി... "
************
വീണ്ടും അമ്മ റൂമിലേക്ക്‌ കയറി വരുമ്പോൾ ഷെൽഫ് വലിച്ചു വാരിയിട്ടു എന്തൊക്കെയോ തിരയുകയായിരുന്നു ഞാൻ...
"ആ താഴത്തെ ഷെൽഫിൽ ഉണ്ട്.. " അമ്മ ചിരിയോടെ പറഞ്ഞു...
ചില ഉറച്ച തീരുമാനങ്ങളോടെ ഷെൽഫിൽ നിന്നെടുത്ത ഫയൽ ഞാനെന്റെ നെഞ്ചോടു ചേർത്തു...
അമ്മയുടെ മടിയിൽ തലചായ്ച്ചു കുറേനേരം കിടന്നപ്പോൾ മനസ്സിന്റെ ഭാരമെല്ലാം കുറഞ്ഞപോലെ... ദേഷ്യം കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടും വഴക്കുകൾ ഉണ്ടാകുമെന്നൊരു തിരിച്ചറിവ്...ചില കാര്യങ്ങളൊക്കെ രണ്ടു വഴക്കു കേട്ടാലേ തലയിലേക്ക് കയറു എന്നൊരു തോന്നൽ...
വൈകുന്നേരമായപ്പോഴേക്കും പാവം ഗോപേട്ടനും എത്തി... അത്രേയുള്ളൂ ആ മനുഷ്യൻ... എന്റെ നിധി...
പിറ്റേന്ന് രാവിലെ ഏട്ടനൊപ്പം കാറിന്റെ മുൻസീറ്റിലേക്കു കയറുമ്പോൾ നെഞ്ചോടു ചേർത്തുപിടിച്ചു സെർട്ടിഫിക്കറ്റുകൾക്കൊപ്പം... വർഷങ്ങളോളം എന്റെ ആത്മാവായിരുന്ന, എന്റെ ഏട്ടനെ എനിക്ക് തന്ന ചിലങ്കയും ഞാൻ ചേർത്തു പിടിച്ചിരുന്നു...
വീട്ടിലേക്കുള്ള യാത്രയിൽ എന്റെ കൈയിലമർന്ന കൈകൾക്കു ഭാര്യയെ അംഗീകരിക്കാനറിയാവുന്ന, എങ്ങോ മറന്നുവെച്ച അവളുടെയുള്ളിലെ തീയെ അവളിലേക്കാളി കത്തിക്കാൻ സാധിച്ചവന്റെ കരുത്തുണ്ടായിരുന്നു..
******
മാസങ്ങൾക്കു ശേഷം വീണ്ടും ഒരു വേദിയിൽ ചിലങ്കയണിഞ്ഞപ്പോൾ കിട്ടിയ ആത്മസംതൃപ്തിയേക്കാളും, പ്രതിഫലത്തേക്കാളുമൊക്കെ വലുതായിരുന്നു... അച്ഛന്റെയും അമ്മയുടെയും കൺകോണിൽ കണ്ട നനവ്.. "എന്റെ അമ്മയാ " അതെന്നു അഭിമാനത്തോടെ മറ്റുള്ളവരോട് പറയുന്ന ചിന്നുമോളുടെ സന്തോഷം... എല്ലാം കണ്ട് എനിക്കൊപ്പം... എന്റെ പ്രിയപ്പെട്ടവനും.
പതുക്കെ ഏട്ടൻ പറഞ്ഞ വാക്കുകൾ ഞാൻ തിരിച്ചറിയുകയായിരുന്നു... " നമ്മളില്ലെങ്കിലും ആരും ജീവിക്കാതിരിക്കില്ല... ചിലപ്പോൾ ഒരു താങ്ങാകാൻ പോലും ആരും ഉണ്ടായെന്നും വരില്ല... അതുകൊണ്ട് മറ്റുള്ളവരെ ആശ്രയിച്ചു മാത്രമാകരുത് നമ്മുടെ സന്തോഷം.. വളരെ ചെറുതായെങ്കിലും നമുക്കായി... നമ്മുടെ മനസ്സിനായി... നമ്മളെ കൂടി കരുതി ജീവിക്കാം .... പറയാൻ ഒഴിവുകഴിവുകൾ ധാരാളമുണ്ടാകും... അതിനെ മറികടന്നു ജീവിച്ചു കാണിക്കുന്നിടത്താണ്... "
രചന : Aswathy Joy Arakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo