നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരി കയറ്റുമതി

Image may contain: one or more people, sunglasses and beard
കണ്ണൂര് അമ്മയുടെ വീട്ടിലേക്ക് പോകുക എന്നാൽ പെരുമ്പാവൂരു സ്‌ഥിരതാമസമാക്കിയ ഞങ്ങൾക്ക് ഒരരങ്ങാണ്.
ചെറുപ്പം മുതൽ തന്നെ യാത്രയുടെ തീവ്രത കൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ടും ഇവിടത്തെ വീട് അടച്ചിട്ട് യാത്ര പോകുന്നതിലെ പ്രയാസങ്ങൾ കൊണ്ടും യാത്ര മിക്കവാറും വർഷത്തിൽ ഒരെണ്ണമാക്കി ചുരുക്കിയിരുന്നു.
ഞങ്ങൾക്കാകട്ടെ പരശുറാം എക്‌സ്‌പ്രസ്സിലെ ഒരു യാത്ര അല്ലെങ്കിൽ കെ എസ് ആർ ടി സിയിൽ മാറിക്കേറി മാറിക്കേറി പോകുക എന്നത് വലിയ ഒരു ഇഷ്‌ടവുമായിരുന്നു.
പിന്നെ കണ്ണൂരിലെ അമ്മവീട്ടിലെ ചേട്ടന്മാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പിന്നെ ചെറുകുന്നമ്പലത്തിലെ ഉത്സവം, വെടിക്കെട്ട്, വിഷുക്കൈനീട്ടം, അച്ചാച്ചനും അച്ചമ്മയും ആർക്കും കൊടുക്കാതെ ഞങ്ങൾക്കായി സേവ് ചെയ്തു വെച്ചിരിക്കുന്ന ചില കളിപ്പാട്ടങ്ങൾ, അങ്ങനെ പലതും.
പക്ഷെ അതിരാവിലെ തുടങ്ങുന്ന യാത്ര ഇന്നത്തെപ്പോലെ എളുപ്പമല്ലായിരുന്നു. എട്ടോളം റെയിൽവേ ക്രോസുകൾ (ഇപ്പോൾ എല്ലാം ഓവർബ്രിഡ്‌ജുകളായി), ടൗണുകളിലൂടെയുള്ള യാത്ര, ഇടയ്‌ക്കിടയ്‌ക്ക് പല സ്‌ഥലത്തും ഭക്ഷണം കഴിക്കാനായുള്ള നിർത്തിയിടൽ അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
യാത്ര വല്ലപ്പോഴുമായതു കൊണ്ടു തന്നെ കുറച്ചധികം ദിവസങ്ങൾ അവിടെ താമസിക്കാനുദ്ദേശിച്ചുള്ളതുമായിരിക്കും. മിക്കവാറും പല ബാഗുകളിലും സഞ്ചികളിലും ചാക്കുകളിലുമൊക്കെയായി അരി, തേങ്ങ തുടങ്ങിയ സാധനങ്ങൾ അങ്ങോട്ടും പല പല ഐറ്റംസ് ഇങ്ങോട്ടുമൊക്കെയായി ചുമക്കുകയും ചെയ്യേണ്ടി വന്നിരുന്നു.
അന്നൊക്കെ വസ്ത്രങ്ങളിൽ ഇന്നുള്ളത്ര ഓപ്‌ഷൻസ് ഇല്ലാഞ്ഞ കാരണം എല്ലാരുടെയും കൂടി ഡ്രസുകൾ ഒറ്റ ബാഗിൽ കയറും. അത് അമ്മ പിടിച്ചോളും. യാത്രയ്‌ക്കിടയിൽ കഴിക്കാനും കുടിയ്‌ക്കാനുമായി പൊതിഞ്ഞെടുക്കുന്ന ഇഡ്‌ഡലി, ചമ്മന്തിപ്പൊടി, പിന്നെ ചുക്കുവെള്ളം തുടങ്ങിയവ അടങ്ങിയ ഒരു ബിഗ് ഷോപ്പർ ഞാനും അനിയനും കൂടെ മാറി മാറി പിടിയ്‌ക്കും. രണ്ടു കൈകളിലുമായി മാറിമാറി പത്തു പന്ത്രണ്ടു പൊതിച്ച തേങ്ങ അടങ്ങിയ ഒരു സഞ്ചിയും ഒരു അരിസഞ്ചിയും അച്‌ഛൻ കൈകാര്യം ചെയ്യും. അങ്ങനെയായിരുന്നു യാത്ര.
അങ്ങനെയുള്ള ഒരു യത്ര.
അന്ന് ജോലി, ലീവ് തുടങ്ങിയ പല പ്രശ്‌നങ്ങൾ കാരണം പകൽ യാത്ര രാത്രിയിലേക്കു മാറ്റി വയ്‌ക്കേണ്ടി വന്നു. കെ എസ് ആർ ടി സി യുടെ കൃത്യത കാരണം വിളിച്ചു ചോദിച്ച സമയത്തൊന്നും വണ്ടി വന്നതുമില്ല. അങ്ങനെ ആദ്യം വന്ന ഒരു തൃശ്ശൂർ ഫാസ്‌റ്റിൽ കയറി തൃശ്ശൂരെത്തിയ ഞങ്ങൾ തൃശ്ശൂരിൽ നിന്ന് ഒരു സുൽത്താൻ ബത്തേരി ഫാസ്‌റ്റിൽ മാറിക്കയറി കോഴിക്കോട്ടേയ്‌ക്ക് യാത്രയായി.
ഡ്രൈവറുടെ സീറ്റിന്റെ ഇടതുവശത്ത് ഗിയർബോക്‌സിനടുത്തായി തേങ്ങാസഞ്ചിയും അരിയുടെ സഞ്ചി മുകളിലെ ബർത്തിലും സ്‌ഥാപിച്ച ശേഷം സൈഡ് സീറ്റിലിരിക്കുന്ന അമ്മയുടെയും നടുക്കിരിക്കുന്ന എന്റെയും അനിയന്റെയും ഇടത്തായി അച്‌ഛനും ഇരുന്നു.
ഇന്നത്തെപ്പോലെ മാലപൊട്ടിക്കൽ, സ്ത്രീകൾക്കു നേരെയുള്ള ഉപദ്രവങ്ങൾ, ബർത്തിൽ വെച്ച ബാഗ് മോഷണം, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ അങ്ങനെ പ്രശ്‌നങ്ങളൊന്നും വൻതോതിൽ അന്നില്ലാഞ്ഞതിനാൽ ഞങ്ങളെല്ലാവരും സുഖമായി ഉറങ്ങി.
കോഴിക്കോട് സ്‌റ്റാന്റിൽ പതിവുള്ള ചായ കുടിക്കലൊക്കെ കഴിഞ്ഞ് ബസ് എടുക്കാറായപ്പോഴാണ് കണ്ടക്‌ടർ സകുടുംബം ഉറങ്ങിക്കിടക്കുന്ന ഞങ്ങളെ കണ്ടത്. എന്തൊക്കെയോ ചീത്ത വിളിച്ചുകൊണ്ട് കക്ഷി അച്‌ഛനെ വിളിച്ചുണർത്തി. അച്‌ഛൻ ഞങ്ങളെയും വിളിച്ചുണർത്തി. തപ്പിപ്പറക്കി അമ്മയുടെ ബാഗ് അമ്മയും ഞങ്ങളുടെ ബാഗ് – അതിനോടകം ഇഡ്‌ഡലിയും വെള്ളവുമൊക്കെ തീർന്നതു കാരണം ഭാരം നന്നെ കുറഞ്ഞത് ഞങ്ങളും എടുത്തുകൊണ്ട് ബസിൽ നിന്നും ഇറങ്ങി. താഴെ ഇറങ്ങിയ ശേഷം തുണിബാഗ് ഞങ്ങളെ ഏൽപ്പിച്ച് ബസിൽ നിന്നും അച്‌ഛൻ എടുത്തുകൊടുത്ത തേങ്ങാബാഗ് അമ്മ ജനലിലൂടെ വാങ്ങി താഴെ വെച്ചു.
തുടർന്ന് അരിസഞ്ചിയുമായി ഇറങ്ങുന്ന അച്‌ഛനെയും കാത്ത് ഞങ്ങൾ താഴെ നിൽപ്പായി.
അഞ്ചുമിനിട്ടായി, പത്തുമിനിട്ടായി..
അച്‌ഛൻ ഇറങ്ങി വരുന്ന മട്ട് കാണുന്നില്ല. ബസിൽ ഇരുന്നിരുന്ന ആളുകൾ സീറ്റിൽ നിന്നും എഴുന്നേറ്റും മറ്റും നിൽക്കുന്നു. ബസിൽ നിന്നും ഒച്ചയും ബഹളവും മറ്റും കേൾക്കുന്നു. അമ്മ ആകെ ടെൻഷൻ ആയി.
കാര്യമെന്താണെന്നറിയാൻ സഞ്ചികൾ ഞങ്ങളെ ഏൽപ്പിച്ച് അമ്മയും ബസിനകത്തേക്ക് കയറി. നാലഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അമ്മയും ഇറങ്ങി വരാതായപ്പോൾ ഓരോ സഞ്ചിയായി പൊക്കിയും താങ്ങിയും ബസിനകത്ത് കയറ്റിയ ശേഷം ഞാനും അനിയനും ബസിനകത്തേക്ക് കയറി.
ഞങ്ങൾ ഇരുന്നിരുന്ന സീറ്റിനടുത്തേക്ക് ചെന്നു. ഒരു ചെറു പൂരത്തിനുള്ള ആളുകൾ അവിടെ കൂടി നിൽപ്പുണ്ട്.
പുറംതിരിഞ്ഞു നിൽക്കുന്ന ആളുകൾക്കിടയിൽ വിഷണ്ണനായി നിൽക്കുന്ന അച്‌ഛനെ ഞാൻ കണ്ടുപിടിച്ചു. ഒരരികിലായി അമ്മയും നിൽപ്പുണ്ട്. കണ്ടക്‌ടറും മറ്റൊരാളും സീറ്റിൽ കയറി നിൽക്കുകയാണ്. കൈ മുകളിലേക്കുയർത്തി എന്തോ പൊക്കുകയും താഴ്‌ത്തുകയും ചെയ്യുന്നു. എന്തൊക്കെയോ ഐഡിയകൾ പരസ്‌പരം പറയുന്നുമുണ്ട്.
ഇവരുടെ പ്രവർത്തികൾ കണ്ട് ചിരിപൊട്ടിയ ഞങ്ങൾ ഇവർ പൊക്കുകയും താഴ്‌ത്തുകയും ചെയ്യുന്ന സാധനം കാണാനായി ആൾക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു കയറി.
അവിടെയതാ അൽപാൽപ്പമായി ബർത്തിന്റെ ഇടയിലൂടെ അനങ്ങിയനങ്ങി താഴേയ്‌ക്കിറങ്ങി ഇരുമുടിക്കെട്ട് പരുവത്തിൽ ബർത്തിന്റെ മുകളിലും താഴെയുമായി അടങ്ങിയിരിക്കുന്നു നമ്മുടെ അരിസഞ്ചി!
ഈ കാഴ്‌ചയെല്ലാം കണ്ട് ബസ് ഇരപ്പിച്ച് നിർത്തിയിരുന്ന ഡ്രൈവർ ഇതിനിടെ സംഭവസ്‌ഥലത്തെത്തി. ആകെമൊത്തം രംഗം നിരീക്ഷിച്ചു. പിന്നെ അച്‌ഛനോടായി ചോദിച്ചു.
ചേട്ടാ..ഈ സഞ്ചി ഇനി ആവശ്യമൊള്ളതാണോ?
സഞ്ചി മാത്രമല്ല, ആളുകൾ വിട്ടാൽ അരിയും പിന്നെ കൈയിലിരിക്കുന്ന തേങ്ങയും വരെ ഉപേക്ഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന അച്‌ഛൻ നിഷേധരൂപത്തിൽ തലയാട്ടി.
കക്ഷി സിമ്പിളായി സുൽത്താൻ ബത്തേരിയ്‌ക്കു പോകാൻ ടിക്കറ്റെടുത്തിരിക്കുന്ന മറ്റേതോ ഒരു യാത്രക്കാരന്റെ ഒരു ബിഗ് ഷോപ്പർ ബർത്തിൽ നിന്നെടുത്ത് അതിലെ സാധനങ്ങൾ സീറ്റിൽ വെച്ച് അരിസഞ്ചിയ്‌ക്കു താഴെ പിടിച്ചു. പിന്നെ ബസിന്റെ കീയുടെ കൂടെ ഉണ്ടായിരുന്ന ഒരു ഹാക്‌സോബ്ലേഡ് കഷണം കൊണ്ട് സഞ്ചി കീറി. പിന്നെ താഴേയ്‌ക്ക് വീണ അരി ബിഗ് ഷോപ്പറിൽ കളക്‌റ്റ് ചെയ്ത് ഇരുമുടിക്കെട്ടിനെ മോചിപ്പിച്ചു.
ശേഷം അച്‌ഛനോടായി പറഞ്ഞു. ചേട്ടാ..ആ കടേന്ന് ഒരു ബിഗ് ഷോപ്പറു വാങ്ങി ഈ ചേട്ടനു കൊടുത്തേരെ..
അന്നത്തോടെ അരി കയറ്റുമതി ഞങ്ങൾ അവസാനിപ്പിച്ചു.
===========@RajeevPanicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot