കഥ:-
നാലാം ക്ലാസിൽ ഭക്ഷ്യ ശൃംഖല പഠിപ്പിക്കുന്നതിനിടയിൽ പെട്ടന്നാണ് ബാലകൃഷ്ണൻ മാഷ് അത് ചോദിച്ചത്.
കുട്ടികൾ എല്ലാവരും പെട്ടൊന്നൊന്ന് അമ്പരന്നു.കോഴിമുട്ട കൊണ്ട് എന്തൊക്കെയാ ചെയ്യാൻ പറ്റുക? എല്ലാവരും പരസ്പരം നോക്കി. ഉടനെ തന്നെ മുന്നിലെ ബെഞ്ചിലെ ഷിബിൻ ചാടി എഴുന്നേറ്റ് പറഞ്ഞു
'' പുഴുങ്ങി തിന്നാം മാഷേ..'' മാഷിന്റെ ചോദ്യത്തിന് എല്ലാം പെട്ടന്ന് ചാടി കയറി ഉത്തരം പറയുക അവന്റെ ഒരു ശീലമായിരുന്നു. അവന്റെ ഉത്തരം കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു. മാഷും.'' എന്നിട്ട് മാഷ് എല്ലാവരോടുമായി പറഞ്ഞു...'' ചിരിക്കണ്ട..ശരിയല്ലെ അവൻ പറഞ്ഞത്?
അതു കേട്ടപ്പോഴേയ്ക്കും അന്ന എഴുന്നേറ്റുനിന്നു പറഞ്ഞു.'' കോഴിമുട്ട കേയ്ക്ക് ഉണ്ടാക്കാനെടുക്കും മാഷേ '' മമ്മി കെയ്ക്ക് ഉണ്ടാകുമ്പോ കോഴി മുട്ട ഉടച്ച് ഒഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.''
ശരിയാ മാഷേ ... ഓളെ മമ്മി നല്ല ടേയ്സ്റ്റുള്ള കേയ്ക്കുണ്ടാക്കാറുണ്ട്. ഇടയ്ക്ക് ഞങ്ങൾക്കെല്ലാർക്കും കൊണ്ട തരാറും ഉണ്ട്. അന്നയുടെ തൊട്ടടുത്തു തന്നെയിരിക്കുന്നവർ അത് ശരി വച്ചു.
'' കോഴിമുട്ട തലയിൽ തേയ്ക്കാനെടുക്കും.... നല്ലോണം മുടി ഉണ്ടാകും'' പെട്ടെന്നോർത്ത് കൊണ്ട് സീന പറഞ്ഞു.
എല്ലാവരും സീനയുടെ മുടിയിലേക്ക് അറിയാതെ നോക്കി പോയി. നല്ല കറുത്തിരുണ്ട മുടിയുണ്ട് സീനയ്ക്ക് അവളുടെ അമ്മയ്ക്കും അങ്ങനെ തന്നെ.'' ''അപ്പോ ഇതാ ഓള്ടെ മുടീന്റെ രഹസ്യം.. അല്ലെ? പഹച്ചി നമ്മള്ളേടു പോലും പറഞ്ഞില്ല.. ''അവളുടെ തന്നെ ബഞ്ചിലെ സബീന ദീപയോട് അടക്കം പറഞ്ഞു. അവർ മൂന്ന് പേരും ഉറ്റ കൂട്ടുകാരികളാണ്.
ഒരു പുതിയ അറിവ് കിട്ടിയ പോലെ എല്ലാവരും അൽപ്പം നിശബ്ദരായി പോയി.
ആ നിശബ്ദതയെ ഭേദിച്ച് സംഗീത് എഴുന്നേറ്റു നിന്നു പറഞ്ഞു... "നിങ്ങൾക്കാരും അറിയാത്ത ഒരു ഉപയോഗം കോഴിമുട്ട കൊണ്ട് ഉണ്ട്.. എല്ലാടിഞ്ഞാൽ കോഴിമുട്ടയുടെ വെള്ളയിലാ ചെന്നിനായകം എന്ന മരുന്ന് അരച്ച് പുരട്ടുക''
ഇതിനെ കുറിച്ച് വളരെ ആധികാരികമായി വിവരിക്കാൻ സംഗീതിന് അറിയാമായിരുന്നു.കാരണം കഴിഞ്ഞ മാസം മുഴുവനു അവൻ മരത്തിന്റെ കൊമ്പിൽ നിന്നു വീണ് കൈ ഒടിഞ്ഞ് വീട്ടിൽ കിടപ്പായിരുന്നു.ആ സമയത്ത് കുട്ടൻ വൈദ്യരുടെ മേൽ പറഞ്ഞ ചെന്നിനായക ചികിൽസയിലായിരുന്നു അവൻ.'' ശരിയാ മാഷേ പണ്ട് എന്റെ അനിയന്റെ കാല് ഒടിഞ്ഞ് കെട്ടിയ്ക്കാൻ കൊണ്ട് പോയപ്പോ വൈദ്യർ കോഴിമുട്ട കൊണ്ടചെല്ലാൻ പറഞ്ഞിരുന്നു. സബിത അത് ശരിവച്ചു.
''ശരി ശരി.. കഴിഞ്ഞോ വേറെ എന്തെല്ലാം പറ്റും കോഴിമുട്ട കൊണ്ട്? മാഷ് ചോദിച്ചു.വ്യത്യസ്തമായി എന്ത് പറയാം എന്ന് കുറേ നേരമായി ആലോചിച്ചു കൊണ്ടിരുന്ന ഗിരീഷ് പതുക്കെ എഴുന്നേറ്റു, എന്നിട്ട് എല്ലാവരേയും നോക്കി അഭിമാനത്തോടെ പറഞ്ഞു '' കോഴിമുട്ടത്തോടിൽ കളറടിച്ച് ചെടികളിൽ കമഴ്ത്തിവയ്ക്കാം... നല്ല രസാ കാണാൻ... പിന്നെ കോഴിമുട്ടത്തോട് പൊടിച്ച് റോസാചെടിയ്ക്ക് ഇടാം. നല്ല വളാ.. ''
ഗിരീഷിന്റെ വീട്ടിൽ നല്ലൊരു പൂന്തോട്ടമുണ്ട്. അവന്റെ അച്ചനാണ് അത് പരിപാലിക്കുന്നത്.പ്രധാന സഹായി ഗീരീഷ് തന്നെ. ആരും ഇതുവരെ പറയാത്ത ഒരു കാര്യം പറഞ്ഞപോലെ ഗിരീഷ് അഭിമാനപൂർവം നിന്നപ്പോൾ മാഷ് അവനെ തോളിൽ തട്ടി അഭിനന്ദിച്ചു.എന്നിട്ട് എല്ലാവരോടും ചോദിച്ചു.''കഴിഞ്ഞോ? എല്ലാവർക്കും ഇത്രയൊക്കെയേ അറിയൂ?
കുട്ടികൾ പരസ്പരം നോക്കി.. ''വേറെന്താ...''??
''ശരി... നാളെ എല്ലാവരും കോഴിമുട്ടയുടെ ഇതൊന്നുമല്ലാത്ത വ്യത്യസ്ഥമായ ഉപയോഗങ്ങൾ എഴുതി വരിക''
ശരി മാഷേ.. എല്ലാവരും തല കുലുക്കി സമ്മതിച്ചു.
.....ർ ർ ർ ണീം.....
പെട്ടന്നാണ് ബെല്ലടിച്ചത്.അത് കേട്ടതും കുട്ടികളെല്ലാം പുറത്തേയ്ക്കോടി...
സിറാജൊഴികെ !
എറ്റവും പിറകിലെ ബഞ്ചിലിരിക്കുന്ന സിറാജ് ചെറിയൊരു നാണക്കാരനായിരുന്നു. അവന് വാപ്പ ഉണ്ടായിരുന്നില്ല.. മരിച്ചു പോയതാണെന്ന് അവനും അതല്ല അവനേയും, ഉമ്മയേയും ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാരും വിശ്വസിച്ചുപോന്നു.പലപ്പോഴും സിറാജ് സ്കുളിൽ വരാറുണ്ടായിരുന്നില്ല.. ഒരേ ഒരു ട്രൗസറും ഷർട്ടും മാത്രമേ അവന് ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നില്ല അതിന്റെ കാരണം. അവന്റെ ഉമ്മയ്ക്ക് ഒരുപാട് ആടും കോഴികളും ഉണ്ടായിരുന്നു. ആട്ടിൻപാലും കോഴികളെയുമൊക്കെ വിറ്റിട്ടായിരുന്നു സിറാജും ഉമ്മയും ജീവിച്ചിരുന്നത്. ആടുകളെയും കോഴികളേയും പരിചരിച്ച് നേരം വൈകി അവന് മിക്കപ്പോഴും സമയത്തിന് സ്കൂളിൽ പോകാൻ കഴിയുമായിരുന്നില്ല. അന്നവൻ സ്കൂളിൽ പോവില്ല. അവൻ സ്കൂളിൽ വരാത്തതിന് ആദ്യമൊക്കെ ബാലകൃഷ്ണൻ മാഷ് വഴക്ക് പറയുമായിരുന്നു.പിന്നെ പിന്നെ അവന്റെ കഥകളെല്ലാം അറിഞ്ഞതിന് ശേഷം ആരും അവനെ ഒന്നും പറയില്ലായിരുന്നു.
"എന്താ സിറാജെ നീ പോവാത്തത് ''?
മാഷ് അവനോട് ചോദിച്ചു ''
അവൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷെ വാക്കുകൾ പുറത്ത് വന്നില്ല.
''നീ ഇന്ന് ഒന്നും കഴിച്ചില്ലെ ഉച്ചയ്ക്ക്. ''
അവൻ ഉണ്ടെന്നോ ഇല്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം തലയാട്ടി.
''നിനക്ക് സുഖമില്ലെ?''
മാഷ് ചേദിച്ചു..
''അതല്ല മാഷെ.... '' കരച്ചിലിന്റെ വക്കോളം എത്തിയ സ്വരത്തിൽ അവൻ പറഞ്ഞു.
''കോഴിമുട്ട വിരിയിച്ചെടുക്കാം മാഷേ... അത് വിരിഞ്ഞ് കുഞ്ഞിക്കണ്ണുകളും ഇളം മഞ്ഞ കൊക്കും കാലുകളുമൊക്കെയുള്ള കോഴിക്കുഞ്ഞുങ്ങളുണ്ടാകും.......എന്നിട്ട് അതെല്ലാം കൂടി കിയ്യോ.. കയ്യോന്ന്......
അത്രയും പറഞ്ഞപ്പോഴേയ്ക്കും സിറാജിനോട് കരഞ്ഞു പോയി... അവൻ പൊട്ടി പൊട്ടി കരഞ്ഞു.. എന്തിനാണെന്നറിയാതെ..
==================
അഭിലാഷ് വേങ്ങേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക