നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രസവം:

Image may contain: drawing

നിറവയറുമായി കയറി വന്നപ്പോൾ ഇറക്കിവിടാൻ തോന്നിയില്ല.
എവിടെ നിന്നു വന്നു?, ഇവളുടെ അച്ഛനാര് ?, അമ്മയാര് ?, ഇവളുടെ വയറ്റീക്കിടക്കുന്ന കുഞ്ഞിന്റെ അച്ഛനാര് എന്നൊന്നുമറിയില്ല!
എങ്കിലും ഇറക്കിവിടാൻ തോന്നിയില്ല.
പൂർണഗർഭിണിയായ ആ വലിയ വയർ കണ്ടപ്പോൾ ദുഃഖം തോന്നി.
വീട്ടിൽ വന്നപ്പോൾ വിശന്നുവലഞ്ഞിരിക്കുകയാണെന്ന് തോന്നിയതിനാൽ ഭക്ഷണം നൽകി. ഒരു മടിയും കൂടാതെ അവൾ ഭക്ഷണം കഴിച്ചു.
കുറേ ദിവസം വീടിനകത്തും പുറത്തും കാര്യമായൊന്നും മിണ്ടാതെ അവൾ ചുറ്റിപ്പറ്റി നിന്നു. നിറവയറിലേക്ക് നോക്കുമ്പോൾ എനിക്ക് ഭയം തോന്നി. ഇത് പാരയാകുമോ? പക്ഷേ ഈ മഴക്കാലത്ത് എപ്പോഴും മഴച്ചാറ്റലും കാറ്റുമുള്ള സമയത്ത് ഇറക്കിവിടാൻ മടി.
ആയിരക്കണക്കിന് സ്ത്രീകൾ ഒന്നാശുപത്രിയിലെത്താൻ മാർഗമില്ലാതെ മാടങ്ങളിലും വഴിയോരങ്ങളിലും പ്രസവിച്ചു വീഴുന്ന ഈ ലോകത്ത് എന്റെയീ കാരുണ്യത്തിന് എന്ത് പ്രസക്തി?
എന്റെയീ നിറവയർ സ്നേഹം എനിക്കുതന്നെ പാരയാകുമോ? കാത്തിരുന്ന് കാണാം! ഏതായാലും വീട്ടിൽ നിന്നും ഇറക്കി വിടാൻ വയ്യ!
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഞാനാ ഗർഭിണിയുടെ സാന്നിദ്ധ്യവുമായി പൊരുത്തപ്പെട്ടു.
ഒരു ദിവസം രാത്രി വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരയുടെ അടിത്തട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടു ! നോക്കിയപ്പോൾ വസ്ത്രങ്ങൾക്കിടയിൽ ഒരു തുരങ്കമുണ്ടാക്കി അവൾ അവിടെ പ്രസവിച്ചു കിടക്കുന്നു! കുറേ കുഞ്ഞുങ്ങൾ ആമോദത്തോടെ മുലകുടിക്കുന്നു. കുറേ കുഞ്ഞുങ്ങൾ മുല തിരഞ്ഞ് തിക്കിത്തിരക്കുന്നു. എന്നേ കണ്ടപ്പോൾ കുഞ്ഞുങ്ങളെ നക്കിത്തുടച്ചു കൊണ്ടിരുന്ന അവൾ സംതൃപ്തിയോടെയും ശാന്തതയോടെയും എന്നെ നോക്കി.
കുഞ്ഞുങ്ങളുടെ സൗന്ദര്യം ആസ്വദിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു: "ഡീ പൂച്ചേ..; നിന്റെ ഉപ്പൂപ്പാന്റെ വീടാണോ ഇത്, പുതുപുത്തൻ വസ്ത്രങ്ങൾക്കു മുകളിൽ കിടന്ന് പ്രസവിക്കാൻ?"

Kadarsha KA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot