.
..
കുറച്ചു നാളുകൾക്കു മുൻപ് അധ്യാപികയായ ഒരു സുഹൃത്ത് പങ്കുവെച്ച ചില കാര്യങ്ങളാണ്.. വേദനിപ്പിക്കുന്ന ചില സത്യങ്ങളാണ്.. ഇപ്പോഴത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഓർമ്മ വരുന്നത്.
വയറു വേദനയെന്നും, ഇരിക്കാൻ സാധിക്കുന്നില്ലെന്നും ഉള്ള നാലാം ക്ലാസുകാരിയുടെ ബുദ്ധിമുട്ട് സ്ഥിരമായപ്പോഴാണ് ടീച്ചർക്ക് സംശയം തോന്നിത്തുടങ്ങുന്നത്. സ്കൂളിലെ കൗൺസിലിംഗ് സ്റ്റാഫിന്റെ സഹായത്തോടെ കാര്യങ്ങൾ വിശദ്ധമായി ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് പലതും വെളിയിൽ വരുന്നത്. അമ്മയും അച്ഛനും ഉദ്യോഗസ്ഥരായതു കൊണ്ടു സ്കൂൾ വിട്ടു വന്നാൽ വൈകിട്ടു അച്ഛനും അമ്മയും എത്തുന്നതുവരെ കുട്ടി അകന്നൊരു ബന്ധു വീട്ടിലാണ്. ബന്ധുവിന്റെ കോളേജിൽ പഠിക്കുന്ന മകൻ മിട്ടായി കൊടുത്തും, മടിയിലിരുത്തിയും തക്കം കിട്ടുമ്പോഴെല്ലാം തന്നിലെ വികാരം അടക്കാൻ കുഞ്ഞിനെ ഉപയോഗിക്കുകയും, പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന ഭീഷണിപ്പെടുത്തുകയും കൂടെ ആയപ്പോൾ കുഞ്ഞിന് വേദനിച്ചതും, ചോര പൊടിഞ്ഞതുമൊന്നും ആരും അറിഞ്ഞില്ല. ഒപ്പം പല തിരക്കുകൾക്കുമിടയിൽ അച്ഛനുമമ്മയും വേണ്ട പരിഗണന കുഞ്ഞിന് കൊടുത്തിരുന്നില്ല എന്നുകൂടെ പറയേണ്ടി വരും.
ഇതിനേക്കാളൊക്കെ അധ്യാപകരെ ഞെട്ടിച്ചത് എല്ലാം അറിഞ്ഞപ്പോൾ ഉള്ള മാതാപിതാക്കളുടെ നിസ്സംഗതയാണ്... കേസ് കൊടുക്കണം എന്നു പറഞ്ഞ അധ്യാപകരോട് "ഇതാരോടും പറയരുത്, പുറത്തറിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞിന്റെ ഭാവി എന്നു പറഞ്ഞു കരച്ചിലും, കാലു പിടിത്തവും നടത്തിയ അച്ഛനും അമ്മയും.. " ആ കുഞ്ഞിനോട് ഈ ക്രൂരത ചെയ്തതിനേക്കാൾ.. അല്ലെങ്കിൽ മാനസികമായും ശാരീരികമായും ആ പൂമൊട്ട് വേദനിച്ചതിനേക്കാൾ ഇത് സമൂഹം അറിയുമോ എന്നുള്ള പേടിയായിരുന്നു അവർക്കു. പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട്, സ്റ്റാറ്റസ് അങ്ങിനെ... ഒടുവിൽ അധ്യാപകർക്കും മിണ്ടാതിരിക്കേണ്ടി വന്നു. വൈകാതെ കുഞ്ഞിനെ അവർ സ്കൂൾ മാറ്റുകയും ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചവരെ അവർ തന്ത്രപരമായി ഒഴിവാക്കി..
ഒന്ന് ചോദിച്ചോട്ടെ ഇവിടെ ആർക്കാണ് നാണക്കേട് ഉണ്ടാകേണ്ടത്.. ഒന്നുമറിയാത്ത ആ പിഞ്ചു കുഞ്ഞിനോ അതോ അതിനെ ഉപദ്രവിച്ചവനോ? ഇവർ പ്രതികരിക്കാതെ ഒതുങ്ങികൂടുമ്പോൾ അവൻ അടുത്ത ഇരയെ തേടി കണ്ടെത്തി ഇനിയും പഴയ പ്രവർത്തികൾ ആവർത്തിക്കുകയല്ലേ ചെയ്യുക.. ഇതൊക്കെ ആരോട് പറയാൻ...
ഒരു അർത്ഥത്തിൽ നോക്കിയാൽ ഇതിൽ അവർക്കൊപ്പം നമ്മളടങ്ങുന്ന സമൂഹവും കുറ്റക്കാരാണെന്ന് പറയാതെ വയ്യ. കാരണം പണ്ടുമുതലേ ഉള്ള തുടർക്കഥയാണല്ലോ, പഠിപ്പിക്കലാണല്ലോ ... "പെണ്ണിന് മാത്രം നഷ്ടപ്പെടുന്നതാണ് മാനം എന്നുള്ള" തെറ്റായ കാഴ്ചപ്പാട്. അതു പറഞ്ഞും പഠിപ്പിച്ചും അടക്കിയും ഒതുക്കിയും വളർത്തി.. അവൾക്കെന്തു സംഭവിച്ചാലും നീയൊരു പെണ്ണാണ് സഹിക്കണം എന്നു പറഞ്ഞു കൊടുത്തു ഒപ്പം സദ്യക്ക് അച്ചാറു വിളമ്പുന്ന പോലെ ഇലയുടെയും മുള്ളിന്റെയും കഥ പറഞ്ഞു കൊടുത്തു വളർത്തി നശിപ്പിക്കുന്ന അധഃപതിച്ചൊരു സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് എന്തെങ്കിലും സംഭവിച്ചാൽ പുറത്തു പറയാൻ കുഞ്ഞുങ്ങൾ, കുടുംബങ്ങൾ ഭയപ്പെടുന്നത്.. പുറത്തു പറഞ്ഞാൽ തന്നെ ചില മാന്യന്മാർ പറഞ്ഞതുപോലെ ഒൻപതു വയസ്സുള്ള കുഞ്ഞു ഉഭയസമ്മതപ്രകാരം ബന്ധപ്പെട്ടു എന്നു പറയാനും മടിക്കാത്ത നികൃഷ്ട ജീവികളുടെ ഇടയിലല്ലേ നമ്മൾ ജീവിക്കുന്നത്. നമ്മൾ ഇരകൾ എന്നു വിളിക്കുന്ന സർവൈവേർസിനൊപ്പം നിൽക്കാതെ കുറ്റവാളികളെ പൊതിഞ്ഞു പിടിക്കാനും , സംരക്ഷിക്കാനുമൊക്കെ വെകിളി പൂണ്ടു നടക്കുന്ന നിയമവും, നിയമപാലകരും .. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചില്ലേ...
അതൊക്ക അവിടെ നിൽക്കട്ടെ... എല്ലാം നടന്നു കഴിഞ്ഞിട്ട് മെഴുകുതിരി കത്തിച്ചു, മാപ്പ് പറഞ്ഞു, ഹാഷ്ടാഗും ചെയ്തു ഖേദം പ്രകടിപ്പിച്ച ശേഷം , ഇതുപോലെ മറ്റൊരിടത്തു സംഭവിക്കുമ്പോൾ മുൻപ് നടന്നത് മറന്നു മെഴുകുതിരിയുമായ് വീണ്ടും ഓടുന്നതിനേക്കാൾ നമുക്ക്... മാതാപിതാക്കൾക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ...
അവൾ എന്താണെന്ന്, അവളുടെ ശരീരം എന്താണെന്ന് നമുക്ക് നമ്മുടെ കുഞ്ഞിന് മടിയില്ലാതെ പറഞ്ഞു കൊടുക്കാം ... അനാവശ്യ സ്പർശനമോ , പെരുമാറ്റമോ ഉണ്ടായാൽ ഒഴിഞ്ഞുമാറാതെ പ്രതികരിക്കണമെന്നു... അവള് പൂവും, പൂമ്പാറ്റയും ഒന്നുമല്ല ശക്തി ആണെന്ന്.. (സ്ത്രീ ശക്തി ആണെന്നാണല്ലോ എല്ലാ പുരാണങ്ങളും പഠിപ്പിക്കുന്നത്... ) അവൾക്കെന്തും സാധിക്കുമെന്ന്.. ആർക്കും ഉപയോഗിച്ചു വലിച്ചെറിയാനുള്ള ചണ്ടി അല്ല അവളെന്നു... വിലയും വ്യക്തിത്വവും അവകാശങ്ങളും ഉള്ളവളാണെന്നു.. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും അവൾക്കു കൂടി അനുഭവിക്കാൻ ഉള്ളതാണെന്ന്... പരസ്പരം സ്നേഹിക്കണമെന്നു, ബഹുമാനിക്കണമെന്നു.. നമുക്ക് നമ്മുടെ കുഞ്ഞിന് പറഞ്ഞു കൊടുക്കാം.. പഠിപ്പിക്കാം... എന്തിനും പ്രാപ്തയാക്കി വളർത്താം.
ആൺകുഞ്ഞിനെയും എല്ലാം പറഞ്ഞുകൊടുത്തും, ബോധ്യപ്പെടുത്തിയും വളർത്താം അതിനേക്കാളൊക്കെ പ്രധാനമായ ഒരു പോയിന്റ്.. *പെൺകുട്ടികളേക്കാൾ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യം ആൺകുഞ്ഞിനാണ് കാരണം ആദ്യ ആർത്തവം വരുന്ന സമയത്തെങ്കിലും പെൺകുഞ്ഞിന് ആവശ്യമുള്ള അറിവുകൾ മുതിർന്നവർ പറഞ്ഞു കൊടുക്കും എന്നാൽ ആൺകുഞ്ഞിനോടത് പറയാൻ എല്ലാവരും മടിക്കും.. എന്തിനു ഹൈസ്കൂൾ ക്ലാസ്സിലെ ബയോളജി അധ്യാപകർ പോലും റീപ്രൊഡക്ഷനും, സെക്സ് ഓർഗൻസുമൊക്കെ പഠിപ്പിക്കുന്ന സമയത്ത് കാണിക്കുന്ന ലജ്ജയും , പരുങ്ങലുമൊക്കെ തെറ്റായാണ് കുഞ്ഞുങ്ങളിലേക്ക് എത്തുന്നത് ... സെക്സ് ഒരു പാപമാണെന്നും, ആ വാക്കു എന്തോ അപരാധമാണെന്നുമൊക്കെയുള്ള ധാരണ കുഞ്ഞുങ്ങളിൽ വളരുമ്പോൾ.. അവർ അതെപ്പറ്റി അറിയാൻ തെറ്റായ മാർഗങ്ങൾ സ്വീകരിക്കും .. കൂട്ടുകാരും , കൊച്ചുപുസ്തകവും, പോൺസൈറ്റുകളുമെല്ലാം പലപ്പോഴും ലൈംഗിക വൈകൃതങ്ങളാണ് കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുന്നത്.. അതിന്റെ അനന്തരഫലങ്ങൾ ആണ് പിന്നീടുണ്ടാകുന്ന പല പ്രശ്നങ്ങളും. എന്തിനു ഇതൊക്കെ പലരുടെയും വിവാഹജീവിതത്തെ വരെ തെറ്റായി ബാധിച്ച പല കഥകളും അറിയാം..
അതുകൊണ്ട് കുഞ്ഞുങ്ങൾക്കു ചെറുപ്പത്തിലേ അവരുടെ പ്രായത്തിനും ബുദ്ധിക്കും അനുസരിച്ചു കാര്യങ്ങൾ പറഞ്ഞു കൊടുക്കാം.. അവരുടെ ശരീരം എന്താണെന്ന് അവരെ ബോധ്യപെടുത്താം ..ഗുഡ് ടച്ചും, ബാഡ് ടച്ചും പഠിപ്പിക്കാം... ആൺകുഞ്ഞിനെ ആയാലും, പെൺകുഞ്ഞിനെ ആയാലും... അവര് സംശയങ്ങൾ ചോദിക്കുമ്പോൾ നുണ പറയാതെ, ദേഷ്യപ്പെടാതെ അവരുടെ പ്രായത്തിനനുസരിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം..
വയറും, വജൈനയും, മാറിങ്ങളുമെല്ലാം ആഗ്രഹപൂർത്തീകരണത്തിനു മാത്രമല്ല എന്നു ബോധ്യപ്പെടുത്താം ... വയറിലാണ് അമ്മ കുഞ്ഞിനെ ഒൻമ്പതുമാസം ചുമന്നതെന്നു പറഞ്ഞു കൊടുത്തു നോക്ക് , അത്യാവശ്യ സാഹചര്യങ്ങളിൽ ആ വയറു കീറിമുറിച്ചാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെന്നു പറഞ്ഞു നോക്ക്, വജൈനയിലൂടെയാണ് പ്രാണവേദന അനുഭവിച്ചു അമ്മ അവനു ജന്മം കൊടുത്തതെന്ന് പറഞ്ഞു നോക്ക്, മാറിടങ്ങളാണ് പാൽചുരത്തി ആറുമാസം വരെ അവരുടെ വിശപ്പ് അടക്കിയതെന്നു പറഞ്ഞു നോക്കു ... അവർക്കു ജന്മം കൊടുക്കാൻ മാസം തോറും അമ്മ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ആർത്തവം എന്നവർക്ക് പറഞ്ഞു കൊടുക്കു ... ഇതൊന്നും പറയാതെ അറിയിക്കാതെ ഒളിച്ചു വെച്ചിട്ടാണ് പലർക്കും ശരീരം ലൈംഗിക തൃഷ്‌ണക്കുള്ള മരുന്നായി മാത്രം അനുഭവപ്പെടുന്നത്... ഇതൊന്നും വേണ്ടവിധത്തിൽ ബോധ്യപ്പെടാത്തവരുടെ വിവാഹ ജീവിതത്തിലും കാണാം ഒരുപാട് താളപ്പിഴകൾ, പരസ്പരം അറിഞ്ഞു മനസ്സിലാക്കാൻ സാധിക്കാതെ ശ്വാസം മുട്ടി കാലം കഴിക്കുന്ന ജീവിതങ്ങൾ...
ഇനിയും അതിനൊന്നും തയ്യാറായില്ലെങ്കിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു മരണപ്പെട്ട കുഞ്ഞുങ്ങളുടെ ആത്മാക്കൾ ശവകുഴികളിൽ കിടന്നു ശാന്തി ലഭിക്കാതെ അലമുറയിടുന്നത് ഇനിയും നമ്മുടെ ഉറക്കം കെടുത്തും... സ്വകാര്യഭാഗങ്ങളിൽ കമ്പിയും , കുപ്പിച്ചില്ലും കയറി ഇറങ്ങിയ പിഞ്ചു ശരീരങ്ങൾ ഇനിയും പോസ്റ്റുമാർട്ടം ടേബിളുകളിൽ നിരക്കും . ആസിഡും, പെട്രോളുമായി സ്നേഹം പിടിച്ചു വാങ്ങാൻ ഇനിയും പലരും ഇറങ്ങും.. തെളിവില്ലെന്ന് പറഞ്ഞു മനുഷ്യമൃഗങ്ങൾ ഇനിയും പെണ്ണിന്റെ മാനത്തിനു വിലപറയും, ജയിലുകളിൽ തിന്നുകൊഴുക്കുന്ന ക്രൂരന്മാരെ ഇനിയും കാണേണ്ടി വരും..
നന്നാവലും നന്നാക്കലുമൊക്കെ നമ്മളിൽ നിന്നാണ് തുടങ്ങേണ്ടത്... അതിനുശേഷം സമൂഹത്തിലേക്കിറങ്ങാം.. നമ്മുടെ കാഴ്ചപ്പാടുകളിലും, ചിന്തകളിലും ഒന്നും മാറ്റം വരാതെ..വരുത്താതെ എന്തെങ്കിലും പ്രശ്നം വരുമ്പോൾ ആണുങ്ങളെ, അല്ലെങ്കിൽ പെണ്ണുങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്നതിൽ ഒരു അർത്ഥവുമില്ല.
എല്ലാത്തിന്റെയും കൂടെ ചെറിയ മക്കളുടെ സംരക്ഷണം മാതാപിതാക്കളുടെ ഉത്തരവാദിത്വം അല്ലേ... അവർക്കുണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതല്ലേ... അനാവശ്യമായി ബന്ധുവീടുകളിലേക്കു അയക്കുന്നതും, അവിടെ നിർത്തുന്നതും ഒക്കെ ഒഴിവാക്കാവുന്നതല്ലേ... മക്കള് വീട്ടിൽ നിന്ന് വരുന്നതും, പോകുന്നതുമൊക്കെ അന്വേഷിച്ചുകൂടെ.. അതിപ്പോ ആൺകുഞ്ഞായാലും, പെൺകുഞ്ഞായാലും. അതും ആരെ വിശ്വസിക്കണം എന്നറിയാത്ത ഈ കാലഘട്ടത്തിൽ.
മക്കളെ സാമൂഹ്യദ്രോഹികളായി വളരാൻ അനുവദിക്കാതിരിക്കാം നമുക്ക്...
പറഞ്ഞും,കേട്ടും, എഴുതിയും പഴകിയ കാര്യങ്ങൾ... എങ്കിലും ഒരു സ്ത്രീയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ പറയാതെ വയ്യ.
രചന : Aswathy Joy Arakkal
സൂപ്പർബ് അച്ചുക്കുട്ടി. എല്ലാ പേരെന്റ്സ് ഉം വായിച്ചിരിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ. നല്ലതും ചീത്തയും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ nanukkenda കാര്യം ഇല്ല. ഹ്ര്യദയത്തിൽ തൊട്ട ഒരെഴുത്ത്. ലവ് u
ReplyDelete