Slider

സദാചാരം

0
Image may contain: Hafi Hafsal
'' ഡാ .. നീ ഇതെവിടെയാ ? ... വേഗം നമ്മുടെ വായനശാലയുടെ അടുത്തേക്ക് വാ ''
'' ഈ നേരത്തോ ?.. സമയം പതിനൊന്നു മണി കഴിഞ്ഞില്ലേ ?.. ഞാൻ ഉറങ്ങാൻ തുടങ്ങായിരുന്നു .. നീ കാര്യം എന്താണെന്നു പറ . '' ?
'' ഡാ .. നമ്മുടെ വായന ശാലയുടെ അടുത്തുള്ള മജീദില്ലേ ? ''
'' ഏത് ദുബായിൽ ജോലി ചെയ്യുന്ന മജീദോ ? ''
'' ആ .. അയാള് തന്നെ .. ഞാനിന്നു നൈറ്റ് ഡ്യൂട്ടിക്ക് പോയതായിരുന്നു . പക്ഷെ എന്റെ കൂടെ ജോലി ചെയ്യുന്ന ജയേഷിന് മറ്റന്നാൾ എന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു . അത് കൊണ്ട് ഇന്ന് കൂടി ജോലി ചെയ്യുകയാണെങ്കിൽ രണ്ടു ദിവസം ലീവ് അഡ്ജസ്റ്റ് ചെയ്യാമെന്നും പറഞ്ഞു . ഞങ്ങൾ ഇടക്ക് അങ്ങനെ ചെയ്യുന്നതല്ലേ അത് കൊണ്ട് ഞാൻ നാട്ടിലേക്കു തിരിച്ചു പോന്നു . ഞാൻ തിരിച്ചു വരുന്ന വഴിയിൽ
മജീദിന്റെ വീടിനു മുന്നിലുള്ള വായന ശാലക്കടുത്ത് മുൻപെങ്ങും കാണാത്ത ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നു . വായന ശാലയൊക്കെ ഒൻപത് മണിക്ക് തന്നെ അടച്ചിരുന്നു . അവിടെ ഒരു മനുഷ്യനെയും കാണാനുമില്ല .. ''
'' അതിനിപ്പോൾ എന്താ .. നീ കാര്യമെന്താണെന്നു വെച്ചാൽ തെളിയിച്ചു പറ ''
'' അവളില്ലെ ആ മജീദിന്റെ ഭാര്യ .. ശീലാവതി .. ഞാനന്നു അവളെ നോക്കി ഒന്ന് ചിരിച്ചു ഒരു തമാശ പറഞ്ഞപ്പോൾ ഭാര്യയോട് പോയി കാണിക്കാൻ പറഞ്ഞവളാണ് .. ഇപ്പൊ കണ്ടില്ലേ ... എനിക്കുറപ്പാ മജീദ് ദുബായിലുള്ള സമയം അവൾക്ക് പലരോടും ബന്ധം ഉണ്ട് . അതിലൊരാളാണ് ഈ ബൈക്കിൽ വന്നത് . മനസ്സിലാവാതിരിക്കാൻ കുറച്ചപ്പുറമുള്ള വായന ശാലയ്ക്ക് മുന്നിൽ ബൈക്ക് നിർത്തിയിട്ടതാണ് .. ''
'' നീ പറയുന്നത് സത്യമാണോ ?.. ഞാനും അവളെ ഒന്ന് രണ്ടു പ്രാവശ്യം ട്യൂൺ ചെയ്യാൻ നോക്കിയതാ .. അവൾ മൈൻഡ് കാണിച്ചില്ല .. ഇന്നവളുടെ തനിക്കൊണം നാട്ടുകാര് മൊത്തം കാണണം .. ഞാനിതാ വന്നു .. നീ ബൈക്കിന്റെ അടുക്കൽ തന്നെ നിൽക്ക് . അവനെ രക്ഷപെടാൻ അനുവദിക്കരുത് ... ''
'' അത് പിന്നെ പ്രത്യേകിച്ച് പറയണോ ... നീ വേഗം വാ .. നീ പറ്റാണെങ്കിൽ അനൂപിനെ വിളിച്ചു കൊണ്ട് വാ .. ഞാൻ കുറെ ആയി വിളിക്കുന്നു. കിട്ടുന്നില്ല ... ''
നൗഫൽ ബൈക്കിനടുത്ത് തന്നെ നിലയുറപ്പിച്ചു ഉറ്റ സുഹൃത്ത് കബീറിനെ കാത്തിരുന്നു . കബീർ വരുന്നതിനു മുന്നോടിയായി തന്റെ സൗഹൃദ സംഘത്തിൽ ഉള്ളവരെയെല്ലാം അയാൾ ഫോൺ ചെയ്തു ഇരയുടെ വിവരങ്ങൾ കൈമാറി . മിനിട്ടുകൾക്കകം ആ വീടിനു മുന്നിൽ ചെറിയൊരു സംഘം രൂപപ്പെട്ടു .. അവർ മതിൽ ചാടി ആ വീട്ടു വളപ്പിലേക്ക് പ്രവേശിച്ചു ..
'' കബീർ ... നീയും രണ്ടു മൂന്നു പേരും കൂടി അടുക്കള വാതിലിന്റെ അടുക്കൽ പോയി നിൽക്കണം .. അവനതു വഴി ഇറങ്ങി ഓടുകയാണെങ്കിൽ അതിനനുവദിക്കരുത് .. വീടിന്റെ നാല് വശത്തും നിരീക്ഷിക്കാനായി ചുരുങ്ങിയത് ഒരാളെങ്കിലും ഉണ്ടാവണം . ഞാൻ കാളിങ് ബെല്ലടിച്ചു നോക്കട്ടെ ... ദേ മുകളിലെ മുറിയിലെ വെളിച്ചം കണ്ടോ ? .. അവനവിടെ തന്നെ കാണും ... ''
നൗഫൽ പല്ലു ഞെരിച്ചു. മജീദിന്റെ ഭാര്യയോടുള്ള പ്രതികാരം അവന്റെ കണ്ണുകളിൽ അഗ്നിയായി ജ്വലിക്കുന്നുണ്ട് . സകല ദേഷ്യവും മനസ്സിൽ ആവാഹിച്ചു അവൻ കാളിങ് ബെല്ലിൽ വിരലമർത്തി .. ദേഷ്യത്തിന്റെ തീവ്രതയിൽ കാളിങ് ബെൽ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു ... സദാചാരത്തിന്റെ കാവൽ ഭടന്മാർ എന്തിനും സജ്ജരായി ഒരുങ്ങി നിന്നു . കാളിങ് ബെൽ അധിക നേരം അലമുറയിടുന്നതിനു മുൻപ് അവൾ അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു .വെളുത്ത നിറമുള്ള പ്രാർത്ഥന വസ്ത്രമണിഞ്ഞു വാതിൽ തുറക്കുമ്പോൾ അവളാകെ പരിഭ്രമിച്ചിരുന്നു .
'' എന്താ ..... ?? എന്താ പ്രശ്നം ? ... എന്താ എല്ലാവരും കൂടി ?... '' ആൾ കൂട്ടത്തെ കണ്ടു അവളാകെ പരിഭ്രമിച്ചു . എന്തോ അപായം ഉണ്ടായിട്ടുണ്ട് . അവളുടെ മനസ്സൊന്നു പിടഞ്ഞു ..
'' അയ്യോ ... എന്തൊരു അഭിനയം .. ഞങ്ങളൊക്കെ ഉണ്ണാക്കന്മാർ ആണെന്നെന്നോ നിന്റെ വിചാരം ? ...ഇത് ഞങ്ങൾ ഈ നാട്ടിൽ അനുവദിക്കില്ല . നീ അകത്ത് ഒളിപ്പിച്ചവനെ ഇങ്ങു ഇറക്കി വിട് .. ഞങ്ങൾക്ക് അവനെയാണ് കിട്ടേണ്ടത് ? ''
'' എന്ത് തോന്ന്യാസാ നിങ്ങളീ പറയുന്നത് ? .. ഞാൻ ആരെ ഒളിപ്പിച്ചെന്നാ ?.. അത് ചോദിക്കാനാണോ ഈ രാത്രിയിൽ എല്ലാവരും മതില് ചാടി വന്നിരിക്കുന്നത് ? ''
'' നീ കഥാ പ്രസംഗം ഒന്നും നടത്തൊന്നും വേണ്ട ... അവനെ പുറത്തിറക്കുന്നതാണ് നിനക്ക് നല്ലത് .. അല്ലെങ്കിൽ ഞങ്ങൾ ബലമായി അവനെ പിടിച്ചിറക്കി കൊണ്ട് പോകും .. '' നൗഫലിന്റെ ശബ്ദത്തിനു ഭീഷണിയുടെ സ്വരം .
'' എന്റെ സമ്മതമില്ലാതെ എന്റെ വീടിനകത്തു കയറിയാൽ ഒരാളുടെ എങ്കിലും കാലു ഞാൻ വെട്ടിയിടും ... ആശുപത്രിയിൽ കിടക്കുന്ന എന്റെ ഉമ്മയുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ബെല്ലടിക്കുന്നത് കേട്ടു അശുഭ വർത്തയൊന്നും ആകരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഓടി വന്നതാണ് ഞാൻ . ഇവിടെ ഈ വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന എന്റെ മകനുണ്ട് . അവന്റെ സുഖ വിവരങ്ങൾ അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ നിങ്ങളെ പോലുള്ളവർക്ക് സമയമില്ല .. താല്പര്യമില്ല .... എന്റെ കിടക്ക പങ്കിടുന്നവർ ആരൊക്കെയാണെന്ന് ലിസ്റ്റ് ഉണ്ടാക്കുവാൻ നടക്കുന്നു സദാചാര കമ്മറ്റി ....തൂ ഫ് ''
അവൾ വാതിൽ അവർക്കു മുന്നിൽ കൊട്ടിയടച്ചു .. അവളുടെ പ്രതികരണം അവർ ഒട്ടും പ്രതീക്ഷിച്ചില്ല . അവരിൽ തെല്ലു ഭയമുണർത്താൻ അവൾക്കായി .. അവർ വീട്ടു വളപ്പിൽ കയറിയത് പോലെ തന്നെ പുറത്തിറങ്ങി ..
'' അവൾ ... ഇതൊക്കെ അവളുടെ അഭിനയമാണ് .. എനിക്കുറപ്പാണ് ... അവൻ അതിനകത്തു തന്നെയുണ്ട് .. ''
നൗഫലിന്റെ പ്രതികരണം അനുകൂലിച്ചും പ്രതികൂലിച്ചും ചില സംസാരങ്ങൾ അവർക്കിടയിലുണ്ടായി .. അവർ അവളുടെ വീടിനു സമീപത്ത് നിന്നും കവലയിലേക്കു നടക്കുമ്പോൾ അവർക്ക് മുന്നിൽ ഒരു ഓട്ടോ വന്നു നിർത്തി . അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ കയ്യിലൊരു കവറുമായി നിർത്തിയിട്ടിരിക്കുന്ന ബൈക്കിനടുത്തേക്ക് നടന്നു ...
'' ഡാ ... നിക്കേടാ അവിടെ ? .. നീ ആരാ ? '' സംഘത്തിലെ ഒരാൾ ചോദിച്ചു .
'' എന്റെ പൊന്നു ചേട്ടന്മാരെ .. ഞാൻ നാട്ടിലേക്കു പോകുന്ന വഴിയായിരുന്നു ... ഇവിടെ എത്തിയപ്പോൾ പെട്രോൾ തീർന്നു പോയി വണ്ടി ഓഫ് ആയി .. എന്റെ കയ്യിൽ ആണേൽ കാശുണ്ടായിരുന്നില്ല . ഞാൻ ഒരു ഓട്ടോ പിടിച്ചു എ ടി എം കാർഡ് വെച്ച് കാശെല്ലാം എടുത്തു പെട്രോൾ വാങ്ങി വരുന്ന വഴിയാണ് . ''
അവൻ കയ്യിൽ കരുതിയ കവറിൽ നിന്നും കുപ്പിയെടുത്തു ബൈക്കിൽ പെട്രോൾ ഒഴിച്ച് ശര വേഗത്തിൽ മിന്നി മറഞ്ഞു . എല്ലാവരും നൗഫലിനെ തള്ളി പറഞ്ഞു സ്വന്തം വീടുകളിലേക്ക് മടങ്ങി .
നൗഫൽ നിരാശയിൽ സ്വന്തം വീടിനു മുന്പിലെത്തുമ്പോൾ ഫോൺ സ്‌ക്രീനിൽ കബീറിന്റെ നമ്പർ തെളിഞ്ഞു .
'' നൗഫലെ .. ഡാ ഞാൻ പറയാൻ മറന്നു ... നീ പറഞ്ഞിട്ട് അങ്ങോട്ട് വന്നപ്പോൾ ഞാൻ അനൂപിന്റെ വീട്ടിൽ പോയി അവനെ തിരക്കി .. അവൻ കുറച്ചു മുൻപ് എങ്ങോട്ടോ അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ടെന്നു അവന്റെ ഭാര്യ പറഞ്ഞു . ''
'' എന്തേലും ആവട്ടെ .. അവളെ കയ്യോടെ നാറ്റിക്കാമെന്നു കരുതിയല്ലേ അവനെയും വിളിക്കാമെന്ന് കരുതിയത് .. അതെന്തായാലും ചീറ്റി പോയി .. അവൻ ഇനി വന്നിരുന്നേൽ അവന്റെ വായിലുള്ളതും കൂടി ഞാൻ കേൾക്കേണ്ടി വന്നേനെ ... .. ഓക്കേ എന്നാൽ നാളെ കാണാം ... ''
നൗഫൽ വീടിന്റെ കാളിങ് ബില്ലിൽ പതിയെ വിരലമർത്തി ... കതകു തുറക്കാൻ അല്പം സമയമെടുത്തപ്പോൾ അവൻ ഫോണെടുത്തു ഭാര്യയുടെ നമ്പറിലേക്കു വിളിച്ചു ..
'' എന്താ .. നീ വാതിൽ തുറക്കാത്തത് ?... ഞാൻ പുറത്ത് എത്ര നേരമായി ബെല്ലടിച്ചിരിക്കാനെന്നറിയോ ....?.. ഇന്നൂടെ ജയേഷ് ഡ്യൂട്ടി ചെയ്യാന്നു പറഞ്ഞു .. ഞാനിങ്ങോട്ടു പോന്നു .. നീ വേഗം വാതിൽ തുറക്ക് .. ''
ഭാര്യയുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങുന്നത് ഉറക്ക ചുവയിലായിരിക്കുമെന്നു അവൻ കരുതി . അവൾ കതകു തുറക്കുന്ന നേരം അടുക്കള ഭാഗത്തു നിന്നും ധൃതിയിൽ ഒരു നിഴൽ മതിലു ചാടി പോയത് പോലെ അവനു തോന്നി ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo