നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലോകവാതിൽ..

Image may contain: 1 person, beard and closeup
•••••••••••••••••••••••••••••••••••••••
ഭാര്യ കാലത്ത്‌ ചായക്കപ്പുമായി വന്ന് തന്നെ വിളിച്ചുണർത്തുന്നതും, ആ ചായ മോത്തിക്കുടിക്കാൻ നോക്കുന്നതും സ്വപ്നം കണ്ട്‌ ചിരിച്ച്‌ അങ്ങനെ കിടക്കുമ്പൊളാണു കൈത്തണ്ടയിൽ മെല്ലെ രണ്ട്‌ തട്ട്‌ കിട്ടിയത്‌. കണ്ണു തുറന്ന് നോക്കുമ്പോളുണ്ട്‌ അവൾ കുളിച്ച്‌ ഈറൻ മുടിയിൽ തോർത്തും ചുറ്റി കൈയ്യിൽ ഒരു ചായക്കപ്പുമായി മുന്നിൽ.
“ന്തേ ഒരു ചിരി കാലത്ത്‌ തന്നെ?”. അവളുടെ ചോദ്യം സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ
“ഡീ ഞാനിപ്പൊ സ്വപ്നം കണ്ടതേ ഉള്ളൂ, നീ ചായക്കോപ്പയുമായി വന്ന് വിളിച്ചുണർത്തുന്നത്‌.”
എന്ന് പറഞ്ഞത്‌ കേട്ട്‌ അവൾ പൊട്ടിച്ചിരിച്ചിട്ട്‌ പറഞ്ഞു.
“അത്‌ സ്വപ്നമൊന്നുമല്ല മനുഷ്യാ സത്യാണു, കുളിച്ച്‌ വേഗം ഓഫീസിൽ പോകാൻ നോക്ക്‌ സമയമൊത്തിരിയായി".
അവൾ അതും പറഞ്ഞ്‌ അടുക്കളയിൽ പോയെങ്കിലും സാധാരണ എഴുന്നേറ്റ്‌ അടുക്കളയിൽ പോയി ഫ്ലാസ്‌കിലെ തണുത്ത ചായ എടുത്ത്‌ കുടിച്ചോണ്ടിരുന്ന എനിക്ക്‌ ഇത്‌ സത്യമോ മിഥ്യയോ എന്ന് ഉൾക്കൊള്ളാൻ ഇത്തിരി നേരം കൂടി വേണ്ടി വന്നു.
ചായമുമായി പത്രമെടുക്കാൻ മുറ്റത്തേക്ക്‌ നടക്കുമ്പോളുണ്ട്‌ പത്രവും നീട്ടിക്കൊണ്ട്‌ അവൾ എന്റടുത്തേക്ക്‌ വരുന്നു.
സെറ്റിയിലിരുന്ന് പത്രം വായിക്കുന്നതിനിടയിൽ അവളുണ്ട്‌ നെറുകയിൽ എണ്ണ തേച്ചുകൊണ്ട്‌, “സമയമേറെ ആയെന്ന്” വ്യാകുലപ്പെടുന്നു.
എന്ത്‌ പറ്റിയെന്ന് ചിന്തിച്ച്‌ കുളിമുറിയിലെത്തി വെള്ളം കോരാൻ തൊട്ടി കിണറ്റിലുടുമ്പോളുണ്ട്‌ അവൾ അത്‌ തടഞ്ഞ്‌ വെള്ളം കോരി വെച്ച വലിയ ബക്കറ്റ്‌ ചൂണ്ടിക്കാട്ടുന്നു. വെള്ളം ദേഹത്തൊഴിക്കാൻ നോക്കുമ്പോൾ അവളുടെ ശാസന “ ശ്രദ്ധിക്കണം, ചൂടുവെള്ളമാണെന്ന്".
ഞെട്ടിപ്പോയി കുളിക്കാൻ ചൂടുവെള്ളമോ?
“ഇവൾക്ക്‌ ഇനി വല്ല പിരിയും തെറ്റിയതാകുമോ?”
എന്ന ആലോചനയോടെ കുളി കഴിഞ്ഞ്‌ വരുമ്പോൾ അതാ ഏറെ ഇഷ്ടമുള്ള മെറൂൺ കളർ ഷേർട്ടും ബ്ലാക്ക്‌ പാന്റും അയേൺ ചെയ്ത്‌ മടക്കി കിടക്കയിൽ വച്ചിരിക്കുന്നു.
എല്ലാം പതിവിനു വിപരീതം.
ഡ്രസ്സ്‌ ചെയ്ത്‌ വന്ന് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പുട്ടാണോ ഉപ്പ്മാവാണോ എന്ന് മനസ്സിലാകാത്തതിനു ഞാൻ തന്നെ ഇട്ട്‌ അവളെ കളിയാക്കുന്ന പേരായ ‘പുട്ട്മാ'ക്ക്‌ പകരം നല്ല ‘മൊരിച്ച കടലാസ്‌’ പോലുള്ള അരിദോശയും തേങ്ങാചമ്മന്തിയും.
ബ്രേക്ക്ഫാസ്റ്റിനു ഒരു ചടങ്ങ്‌ പോലെ വന്നിരുന്ന്, കഴിച്ചത്‌ പോലെ ആക്കി പോകുമായിരുന്ന ഞാൻ അഞ്ച്‌ ദോശ കഴിഞ്ഞിട്ട്‌ പിന്നെയും അടുക്കളയിലേക്ക്‌ നോക്കുന്നത്‌ കണ്ട്‌ അവൾ പറയാണു.
“അരിയാണു മനുഷ്യാ, ഷുഗറാന്ന്”!!
മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌ കൈ മുഴുവനായും നക്കി വടിച്ച ശേഷം, കൈ കഴുകി ഇറങ്ങാൻ നോക്കുമ്പോൾ എന്നും തരുന്ന ചോറ്റുപാത്രത്തിനു പകരം ഒരു പൊതിക്കെട്ട്‌ തന്നിട്ട്‌ അവൾ പറയാണു. “ചേട്ടനിഷ്ടപ്പെട്ട പൊതിച്ചോറാണെന്ന്”.
ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട്‌ നീങ്ങുമ്പോൾ അവൾ ഇരുന്ന് മുറ്റത്തെ പുല്ല് നുള്ളിക്കളയുന്നത്‌ ഞാൻ സൈഡ്‌ മിററിലൂടെ വീട്‌ മായുന്നത്‌ വരെ നോക്കിക്കോണ്ടിരിന്നു.
ഒഫീസിലേക്കുള്ള യാത്രയിലും ഇന്ന് എന്തൊക്കെയാണു സംഭവിക്കുന്നത്‌ എന്ന് എനിക്ക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.!!
കഴിഞ്ഞ ദിവസം അവളുടെ അമ്മ വീട്ടിൽ വന്നപ്പോൾ, മുറ്റത്ത്‌ നിറയെ പുല്ല് നിറഞ്ഞത്‌ പറഞ്ഞ്‌ അമ്മ അവളെ കുറ്റപ്പെടുത്തിയപ്പോൾ അമ്മയുടെ പക്ഷം ചേർന്ന് സംസാരിച്ചതിനാകുമോ?
ഓഫീസിലെത്തിയിട്ടും അവളുടെ കാലത്തെ പെരുമാറ്റത്തിൽ വല്ലാത്ത ആശയക്കുഴപ്പം. ഇന്ന് ഇനി വല്ല വ്രതവും മറ്റും ആകുമോ?
ആകെ അസ്വസ്ഥമായി മനസ്സ്‌. ഓഫീസിലെത്തിയോ എന്ന് ചോദിച്ച്‌ വാട്ട്‌സപ്പിൽ ഒരു നാലഞ്ച്‌ മെസ്സേജുകൾ വരാനുള്ള നേരമായി. മെസ്സേജ്‌ വായിച്ചില്ല എന്ന് കണ്ടാൽ വിളിയും തുടങ്ങും. അപ്പൊളേക്കും മിക്കവാറും ഓഫീസിലേക്കുള്ള പകുതി ദൂരം മാത്രമേ എത്തിയിട്ടുണ്ടാവൂ.
കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞ്‌ ഇത്തിരി മുഷിഞ്ഞത്‌ കൊണ്ടാകുമോ?
അതും സംശയമായി.
ഓഫീസിലെത്തി ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഒരു മെസ്സേജോ കോളോ ഒന്നും ഇല്ല.
‘ചെറിയ വാശിയോ, പരിക്ഷണമോ ആണെങ്കിൽ നടക്കട്ടെ തൽക്കാലം ശ്രദ്ധിക്കണ്ട.’ എന്ന് കരുതി ഫോൺ ഒരു മൂലക്ക്‌ മാറ്റി വച്ചു.
എന്നിട്ടും അഞ്ചും പത്തും മിനുട്ട്‌ കഴിയുമ്പോൾ ഇടക്കിടക്ക്‌ ഫോണിലേക്ക്‌ അറിയാതെ കൈ നീളുന്നുണ്ടായിരുന്നു.
‘ശരി എന്തായാലും ഇനി ഉച്ചക്ക്‌ നോക്കാം’ എന്ന് കരുതി, അത്യാവശ്യം ചെയ്ത്‌ തീർക്കാനുള്ള ഫയലിൽ ശ്രദ്ധ മുങ്ങിപ്പോയതിനാൽ ഉച്ച വരെ പിന്നെ ആ കാര്യം മറന്നു.
ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്ന് പൊതിയഴിച്ചപ്പോൾ മൂക്കിൽ കയറിയ മണം സഹിക്കാൻ പറ്റാതെ അതിലൊരുവൻ ചോദിക്കുകയാണു,
“ഇന്നെന്താ ഹോട്ടലീന്ന് “
വീട്ടിൽ നിന്നാണെന്ന്” പറഞ്ഞിട്ട്‌ വിശ്വസിപ്പിക്കാൻ പെട്ട പാട്‌..!!
കൈ കഴുകി തിരിച്ച്‌ വന്ന് നോക്കിയപ്പോളും ഫോണിൽ ഒരു വിവരവുമില്ല.
അപ്പോളേക്കും ഒരു നീണ്ടകാലയളവായി മിണ്ടാത്ത ഒരു ഫീൽ എന്നിൽ നിറയാൻ തുടങ്ങിയിരുന്നു. എങ്കിലും അവൾക്ക്‌ വാശിയെങ്കിൽ എനിക്കും വാശി തന്നെ എന്ന മട്ടിൽ മിണ്ടാതിരുന്നു.
ഉച്ചക്ക്‌ ശേഷം അർജന്റ്‌ സ്റ്റാഫ്‌ മീറ്റിംഗ്‌ ആയതിനാൽ പിന്നീട്‌ ഫോൺ നോക്കാനേ സാധിച്ചില്ല.
മീറ്റിംഗ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോഴേക്കും വല്ലാത്ത ഒരു ഒറ്റപ്പെടലിൽ ഞാൻ പെട്ട്‌ പൊയിരുന്നു.
‘ഇടക്കിടെ ഉള്ള അവളുടെ വിളിയും, മെസ്സേജുകളും ജോലിക്കിടയിൽ വലിയ ശല്ല്യമായി തോന്നാറുണ്ടെങ്കിലും, അവളുടെ ശബ്ദമില്ലാതെ പോയ ഈ നാലഞ്ച്‌ മണിക്കൂറുകൾ കൊണ്ട്‌ തന്നെ ഞാൻ ആകെ പരിക്ഷീണനായിരുന്നു’.
‘മക്കളില്ലാത്ത ഞങ്ങൾ ഈ നാലു വർഷത്തിനുള്ളിൽ ഒന്നും മിണ്ടാതെ പോയ നാലഞ്ച്‌ മണിക്കൂറുകൾ ഇതായിരുന്നൂന്ന്’ തോന്നിയപ്പോൾ വല്ലാത്ത വേദന തോന്നി.
‘അവൾക്ക്‌ വാശിയെങ്കിൽ വാശി, അതിനു മുന്നിൽ തോറ്റാലും സാരമില്ല’ എന്ന് കരുതി ഫോൺ എടുത്ത്‌ അവളുടെ നമ്പറിലേക്ക്‌ മൂന്നാലു വട്ടം വിളിച്ചെങ്കിലും കോൾ പോകുന്നില്ല. നാലാമത്‌ ഒരു വട്ടം കൂടി വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ എനിക്കെന്തൊക്കെയോ അപകടം മണത്തു. ഞാൻ മാനേജറുടെ അനുവാദവും വാങ്ങി വേഗം ബൈക്കെടുത്ത്‌ വീട്ടിലേക്ക്‌ കുതിച്ചു.
വീട്ടിലേക്കെത്തിയ എന്നെ പിന്നെയും അവൾ അത്ഭുതപ്പെടുത്തി. ആകെ പുല്ല് പിടിച്ച്‌ വൃത്തികേടായിരുന്ന പൂന്തോട്ടം നല്ല വൃത്തിയായി കിടക്കുന്നു,
മുറ്റത്തൊരു പുൽക്കൊടി പോലും ഇല്ലാതെ മുഴുവൻ പറിച്ചിരിക്കുന്നു,
ജനലിന്റെ വിരിയും, ഉമ്മറത്തെ സോഫ വിരിയും ഒക്കെ മാറ്റി പുതിയത്‌ വിരിച്ചിട്ടുണ്ട്‌.
‘ഇതൊക്കെ ചെയ്ത്‌ അവൾ എവിടെ’ എന്ന് പരിഭ്രാന്തിയോടെ അന്വേഷിക്കുമ്പോൾ നല്ല പഴംപൊരിയുടെ സ്വാദൂറുന്ന മണമായി അടുക്കളയിൽ അവളുടെ സാമീപ്യം.
“എന്താ ഇത്ര നേരത്തെ”
എന്ന അന്വേഷണവുമായി ചായയും, ഇളംചുവപ്പായി മൊരിഞ്ഞ പഴംപൊരിയും കൊണ്ട്‌ വന്ന അവളുടെ മുന്നിൽ ഒരു സ്കൂൾ കുട്ടിയെ പോലെ ഡ്രസ്സൊന്നും മാറാതെ, കാലും മുഖവും കഴുകാതെ ഞാനിരുന്നു. ആ വേഷത്തിൽ തന്നെ ഇരുന്ന് പഴംപൊരി എടുത്തത്‌ അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലും, ഇത്തിരി വ്യാജദേഷ്യത്തോടെ “ഇത്ര നേരായിട്ടും എന്നെക്കുറിച്ച്‌ നീ അന്വേഷിച്ചില്ലാലൊ” എന്ന് ചോദിച്ച്‌ കൊണ്ട്‌ ഞാൻ ഒരു മുഴുത്ത പഴംപൊരിയിൽ പിടുത്തമിട്ടു.
അവളുടെ മൗനം എന്നെ വിഷമിപ്പിച്ചു.
“നിന്റെ ഫോണെവിടെ”
എന്ന് ഇത്തിരി ഗൗരവത്തിൽ ചോദിച്ചപ്പോൽ അവൾ ആ കഥ പറഞ്ഞു.
രാത്രി ഊണും കഴിഞ്ഞ്‌ കഴുകാൻ പാത്രങ്ങളുമായി അടുക്കളയിലേക്ക്‌ പോകുന്ന വഴിയാണു നേരത്തെ ഗ്രൂപ്പിലിട്ട പോസ്റ്റിനു ഒരു നെടുനീളൻ കമന്റ്‌ കണ്ടത്‌. കമന്റ്‌ വായിച്ച്‌ ‘ആവേശാഹ്ലാദവിവശയായ’ ഞാൻ അപ്പൊ തന്നെ റിപ്ലേ ടൈപ്പ്‌ ചെയ്തു കൊണ്ടിരിക്കെ ഉണ്ട്‌ ആ പാണ്ടൻ പൂച്ച കിണറ്റിൻ കരയിൽ നിന്ന് കുളിമുറി വഴി ചാടാൻ ലക്ഷ്യം വെക്കുന്നു. പൂച്ചയെ ആട്ടിപ്പായിക്കാൻ കൈ വീശിയതും, ടൈപ്പ്‌ ചെയ്ത റിപ്ലേ അടക്കം ഫോൺ പോയി വീണത്‌ കിണറ്റിൽ”.
മുഖമുയർത്താതെ അവൾ പറഞ്ഞത്‌ കേട്ട ഞാൻ പാതിവിഴുങ്ങിയ പഴംപൊരിയുമായി സ്തംഭിച്ച്‌ ഇരുന്നു പോയി.
“ഒരു ദിവസം ഫോണില്ലാത്തത്‌ കൊണ്ട്‌ എത്ര മാത്രം കാര്യങ്ങൾ നടന്നു, വീടും മുറ്റവും വൃത്തിയായില്ലേ, ഇനി കുറച്ച്‌ പുസ്തകങ്ങളൊക്കെ വായിക്കണം, ആ തയ്യൽ മെഷീൻ ഒന്ന് പൊടി തട്ടിയെടുക്കണം, എന്തെങ്കിലുമൊക്കെ കുറച്ച്‌ നട്ട്‌ നനച്ച്‌ വളർത്തണം” ഇടംകണ്ണിട്ട്‌ എന്നെ നോക്കി ഇതൊക്കെ അവൾ പറയുന്നത്‌ പതിനായിരം രൂപക്ക്‌ ആറുമാസം മുന്നെ വാങ്ങിയ ഫോൺ കളഞ്ഞതിന്റെ ദേഷ്യം കുറക്കാനുള്ള മുൻകൂർ ജാമ്യമാണെന്ന് എനിക്ക്‌ മനസ്സിലായി.
അത്‌ കൊണ്ട്‌ തന്നെ കൂടുതലൊന്നും പറയാതെ എഴുന്നേറ്റ്‌ പോയി കാലും മുഖവും കഴുകി കാലത്ത്‌ മുഴുമിക്കാനാവാത്ത പത്രത്തിലേക്കിറങ്ങി. അതിന്റെ അരികും മൂലയും മുക്കാലും വിഴുങ്ങി തലയുയർത്തി നോക്കുമ്പോൾ ഉണ്ട്‌ ഒരു മീൻകള്ളത്തി പക്ഷി കിണറ്റിലേക്ക്‌ തന്നെ നോക്കി നിൽക്കുന്നു.
‘ഇന്നലെ വീണ ഫോണുണ്ടോ പൊങ്ങി വരുന്നൂന്നും നോക്കീട്ട്‌. ‘കാരണം അമ്മയെ വിളിക്കാനുള്ള സമയമായീ'.
ഫോണിൽ നിന്ന് അമ്മയുടെ നമ്പർ ഡയൽ ചെയ്ത്‌ അവളുടെ കൈയ്യിൽ കൊടുത്ത്‌ “വേഗം വച്ചിട്ട്‌ ഇറങ്ങ്‌,
ഒരു സ്ഥലം വരെ പോയി വരാം”.എന്ന് പറഞ്ഞപ്പൊ അന്ധാളിപ്പോടെ അവൾ മുഖത്തേക്ക്‌ നോക്കി.
അവളെയും കൂട്ടി ടൗണിൽ പോയി നല്ലൊരു ഫോൺ വാങ്ങി കൈയ്യിൽ കൊടുത്ത്‌ തിരികെ വണ്ടിയിൽ വരുമ്പോൾ അവൾ വലിയ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു.
“ഇക്കുറി എങ്ങനാ ചിട്ടി വെക്കുകാ” എന്ന് അത്‌ കേട്ട്‌ ഞാൻ പറഞ്ഞു.
“ഏത്‌ ചിട്ടിയേക്കാളും വലുതാണു നിന്റെ സ്വാതന്ത്ര്യം പെണ്ണേ, ലോകത്തിലേക്ക്‌ തുറക്കുന്ന നിന്റെ ജാലകവാതിലാണു എനിക്ക്‌ വലുതെന്ന്” പറഞ്ഞത്‌ പക്ഷെ എന്റെ മനസ്സിലാണെന്ന് മാത്രം..
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot