"വലിയ പതിവൃതയാ പോണ പോക്ക് കണ്ടില്ലേ.... ആരാന്റെ എച്ചിൽ പാത്രം കഴുകാൻ ഒരു മടിയുമില്ല.. ഇനീപ്പോ പാത്രo കഴുകൽ മാത്രാണോന്ന് ആർക്കറിയാം... "
"ന്റെ ദാസാ നീയൊന്ന് നിർത്ത് ആ കുട്ടി കേക്കും... പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളേം കൊണ്ട് ഈ ചോര പൊടിയണ പ്രായത്തിൽ ആരേം ആശ്രയിക്കാതെ ജീവിക്കുന്നുണ്ട് അത്.... സഹായിക്കാൻ പറ്റീലേലുo ഉപദ്രവിക്കരുത്..."
രാമേട്ടനാണത് പറഞ്ഞത് ..... തിരക്കിട്ട് നടക്കുന്നതിനിടയിൽ ഞാൻ കണ്ടിരുന്നു രാമേട്ടൻ വാത്സല്യത്തോടെയെന്നെത്തന്നെയിങ്ങനെ നോക്കി നിൽക്കുന്നത്... ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു സംസാരിക്കാൻ തുടങ്ങുമ്പോഴാണ് ദാസേട്ടനത് പറഞ്ഞതും ....
ഒരുപാട് കേട്ടു തഴമ്പിച്ചതാണെന്റെ കാതുകൾ.... കരയാൻ മറന്ന കണ്ണുകളും ചിരിക്കാൻ മറന്ന അധരങ്ങളും പിന്നെ കുറെയേറെ പ്രാരാബ്ധവും അതൊക്കെയാണിന്നീ ദേവു..
ജീവിക്കാനുള്ള ഏക പ്രതീക്ഷ വൈകിയെത്തുന്ന വൈകുന്നേരങ്ങളിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന മൂന്ന് ജോഡി കുഞ്ഞിക്കണ്ണുകളാണ്... ഇരുപത്തിനാലാം വയസിൽ വൈധവ്യമെന്ന വിധി സമ്മാനിച്ചു പോയ വിനോദേട്ടൻ കയ്യിലേൽപ്പിച്ചയെന്റെ മാലാഖ കുഞ്ഞുങ്ങൾ...
പതിനേഴാം വയസിൽ അമ്മാവനും അമ്മായിയും ഭാരമിറക്കി വെച്ചു വിനോദേട്ടനോടൊപ്പം പടിയിറക്കി വിടുമ്പോൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു ..
"ദേവു... നീയെന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നെ.... നിന്റെയീ സ്നേഹം കണ്ടിട്ട് തന്നെയെനിക്ക് പേടിയാവാ... " മാറോടടക്കി പിടിച്ചു വിനോദേട്ടനത് പറഞ്ഞപ്പോൾ ആ നെഞ്ചിടിപ്പിന്റെ താളത്തിൽ മതിമറന്നു കാതോർത്തു ഞാൻ
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരൂല്ലാത്തോൾക്ക് കിട്ടിയ സൗഭാഗ്യ എനിക്കേട്ടൻ.....ഇതുപോലെ ഇങ്ങനെ ഈ നെഞ്ചിൽ ചേർത്തു നിർത്തണം എന്നെ.... "
അന്നെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് പറയുമ്പോൾ... കണ്ണിലെ കണ്ണീരിനെ അധരത്താൽ ഒപ്പിയെടുത്തെന്റെ കണ്ണുകളിൽ നോക്കി അപ്പോഴും ഏട്ടനെന്നോട് പറയുന്നുണ്ടായിരുന്നു ... കൂടെയുണ്ടാവും മരണം വരെ....
അന്നത് കേട്ട് സന്തോഷിക്കുമ്പോൾ ഓർത്തില്ല കൂടെയുണ്ടാവുമെന്ന് പറഞ്ഞത് എന്റെ മരണം വരെയല്ല എന്നത്.....
അല്ല അതും ശെരിയാണ്.. ഒരുപക്ഷെ അന്നായിരുന്നില്ലേ എന്റെയും മരണം.....
മരിക്കണമെന്ന് കരുതുമ്പോഴൊക്കെ കുഞ്ഞാറ്റയും പൊന്നുവും കീരിപ്പല്ല് കാട്ടി ചിരിക്കുന്ന കുട്ടു മോനും മനസിലേക്കോടിയെത്തും...
"അമ്മേ ബിരിയാണി കൊണ്ടരോ ഇന്നും വരുമ്പോ?
ഇന്നലെ കൊണ്ടന്ന ബിരിയാണിക്ക് എന്ത് രുചിയാരുന്നെന്നോ..."
ഇന്നലെ കൊണ്ടന്ന ബിരിയാണിക്ക് എന്ത് രുചിയാരുന്നെന്നോ..."
അത് പറയുമ്പോ പൊന്നൂന്റെ കണ്ണിലെ തിളക്കം കണ്ടപ്പോ മനസ്സൊന്നു നൊന്തതാണ്
ജോലി ചെയ്യുന്ന വീട്ടിൽ നിന്നും ഇന്നലെ കളയാൻ വെച്ച ബിരിയാണി കെട്ടി പൊതിഞ്ഞു കൊണ്ടു വരാൻ നോക്കുമ്പോ കൊച്ചമ്മ പറഞ്ഞു
"ദേവു അത് ഇന്നലത്തെയാടി കഴിക്കാൻ കൊള്ളൂലന്ന്.."
പട്ടിക്ക് കൊടുക്കാനാണെന്ന് കള്ളം പറയുബോൾ കണ്ണുകൾ ചതിക്കരുതെന്ന് മാത്രമായിരുന്നു പ്രാർത്ഥന... ഒരുപാട് നാളായി പൊന്നു പറയുന്നു ബിരിയാണി കഴിക്കണമെന്ന്... ആ കുഞ്ഞു സങ്കടം പറച്ചിൽ ഇന്നുമൊരു നോവാണ്..
"അമ്മാ ബിരിയാണിക്ക് നല്ല ടേസ്റ്റാ ല്ലേ... അതിന് നല്ല മണം കാണുവോ ആ കിച്ചു ന്റെ വീട്ടില് എന്നും ഇണ്ടാക്കൂത്രേ അമ്മയ്ക്ക് പൈസ കിട്ടുമ്പോ ബിരിയാണി ഞങ്ങക്കും കൊണ്ടരോ....
ഓരോ ശെനിയാഴ്ച വൈകുന്നേരവും വിചാരിക്കാറുണ്ട്... എണ്ണിപ്പെറുക്കി ഉപ്പും മുളകും വാങ്ങി കുട്ട്യോൾടെ ഫീസിനുള്ളത് മാറ്റി വെച്ചു കഴിയുമ്പോൾ എന്റെ പങ്ക് കുറച്ചുള്ള അരിക്കേ കാശ് തികയാറുള്ളു എന്നത് ബിരിയാണി എന്ന പൊന്നൂന്റെ മോഹത്തെ കണ്ടില്ലെന്ന് നടിക്കാൻ എന്നെയും പ്രേരിപ്പിച്ചിരുന്നിരിക്കും...
. വാഴയിലയിൽ പൊതിഞ്ഞ ഒരു ദിവസം പഴക്കമുള്ള ബിരിയാണി മൂന്ന് പേർക്കും വാരി കൊടുക്കുമ്പോൾ കുട്ടുമോൻ അതിലേക്ക് കുഞ്ഞു കൈകളിട്ടു...
"ഇനി അമ്മ കഴിച്ചോ ഇന്നാ.... "
അതു കഴിക്കുമ്പോൾ തോന്നി ഈ മൂന്ന് പുഞ്ചിരിയിലും കണ്ണിലെ തിളക്കത്തിലും എന്റെയോരോ സങ്കടവും ഇല്ലാതാവുമെന്ന്....
അറിയാതെ ഭിത്തിയിലേക്ക് നോക്കി. വിനോദേട്ടന്റെ ഫ്രെയിം ചെയ്ത ഫോട്ടോ... പുഞ്ചിരി.... എന്നും പുഞ്ചിരിച്ചാണല്ലോ പതിവ്... ഒരുപക്ഷെ ആ പുഞ്ചിരിയാവാം മുന്നോട്ട് ജീവിക്കാൻ എന്നെ പഠിപ്പിച്ചതും... ആ ഫോട്ടോ എന്നെ നോക്കി പറയാതെ പറയുന്നുണ്ടായിരുന്നു... ഇവരൊന്നു വളർന്നാൽ നിന്റെയെല്ലാ പ്രശ്നോം തീരില്ലേ ദേവൂന്ന്....
അതെ....... ഭർത്താവില്ലാത്തവളെ പാതിരാത്രി വാതിലിൽ തട്ടി വിളിക്കുന്നതും കടക്കണ്ണെറിഞ്ഞു നോക്കുന്നതും ഇല്ലാതാകാൻ മൂന്ന് വയസുള്ള മോൻ ഇനിയുമേറെ വളരണം...
"മോളെ എത്ര കാലാന്ന് വെച്ചാ നീയിങ്ങനെ നിനക്കും വേണ്ടേ ഒരു ജീവിതം... "
വിമലേച്ചി.. വിനോദേട്ടന്റെ ഒരേയൊരു പെങ്ങൾ... എന്നെപ്പറ്റി ആകുലതയുള്ള ഒരേയൊരു വ്യക്തി...
ഇല്ല ഏട്ടത്തി എന്നെ വിനോദേട്ടൻ ഏൽപ്പിച്ചു പോയതാ ന്റെ മക്കളെ... ന്റെ സുഖം നോക്കി ഞാൻ പോയാ സ്നേഹം എന്താന്ന് ന്നെ പഠിപ്പിച്ച ഒരാത്മാവുണ്ട്... ആ ആത്മാവിനു പോലും ശാന്തി കിട്ടാതെ പോകും....
ഒരു ജന്മം മുഴുവൻ കിട്ടാതെ പോയ സ്നേഹം വെറും അഞ്ചു വർഷം കൊണ്ട് തന്നിട്ടുണ്ട് ഏട്ടൻ... ആ ഓർമ്മകൾ മതി മുന്നോട്ടെനിക്ക്... ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ജീവിതത്തിലേക്ക് നിറം പകർന്നു തന്നയാ നീല പട്ടു സാരിയും എന്റെ ആത്മാവിനെ വരെ ബന്ധിച്ചയാ പൊൻതാലിയും...... കൂടെ ഞാനുണ്ട് ന്ന് പറയാതെ പറയാറുണ്ട് എന്റേട്ടൻ...
ദേ ചിരിക്കുന്നത് കണ്ടില്ലേ... കൂടെ ഇണ്ടാവുംന്ന് പറഞ്ഞു പറ്റിച്ച കള്ള ചിരി....
നിറ കണ്ണുകളോടെ വിമലേടത്തി കെട്ടി പിടിക്കുമ്പോൾ പറഞ്ഞിരുന്നു... എന്താവശ്യം വന്നാലും വരണേ മോളേന്ന്....
ആവശ്യങ്ങൾ പലത് വന്നിട്ടും പോയില്ല.. കാരണം ഏട്ടത്തി എന്നെ കണ്ടത് പോലെ കാണാൻ അവരുടെ വീട്ടുകാർക്ക് ആവില്ലെന്ന് എപ്പോഴൊക്കെയോ തിരിച്ചറിഞ്ഞിട്ടുണ്ട്...
പ്ലസ് ടു കഴിഞ്ഞതും കുഞ്ഞാറ്റയ്ക്കായി ആലോചനകൾ കൊണ്ട് വരാൻ തിടുക്കമായിരുന്നു നാട്ടുകാർക്ക്... അപ്പോഴൊക്കെ പഠിക്കണം ജോലി വാങ്ങണം എന്നൊക്കെ സ്വപ്നം കാണാറുള്ള അവളെ ഓർമ വരും....
കടം വാങ്ങിയും ലോണെടുത്തും കുഞ്ഞാറ്റയെ ബാങ്ക് ജോലിക്കാരിയാക്കിയപ്പോൾ നഴ്സിംഗ് പഠിക്കണമെന്ന് പറഞ്ഞ പൊന്നൂന്റെ ആഗ്രഹവും മുടക്കിയില്ല ഞാൻ....
മോള്ടെ ഫീസടച്ചില്ലെങ്കിൽ നാളെ വൈകിട്ട് മോള് വീട്ടിലുണ്ടാവുമെന്ന് പറഞ്ഞത് ഒരു ഞെട്ടലായിരുന്നു...
പലയിടത്തും കൈ നീട്ടി..... എത്താ കൊമ്പിൽ പിടിക്കാൻ പോയിട്ടല്ലേയെന്ന പലരുടെയും ചോദ്യത്തെ ഒരൽപ്പം കണ്ണീരോടെ അവഗണിച്ചു.....
പണ്ടെന്നോ പണിക്ക് പോയ പരിചയം വെച്ച് നാട്ടിലെ പള്ളിയിൽ ചെന്ന് അച്ചനെ കാണുമ്പോൾ പ്രതീക്ഷ ഒട്ടും തന്നെയില്ലായിരുന്നു.....
വിനോദേട്ടനൊപ്പം പഠിച്ചതാത്രേ അച്ചൻ..
അച്ചന്റെ സഹായവും പുറം പണിയും..... ഒരുവിധം മൂന്നാളെയും പഠിപ്പിച്ചു കയറ്റി.....
നീയെന്താ നാട്ടിലേക്ക് വരാത്തത് ന്നുള്ള ചോദ്യത്തിന് ആ ചെറ്റക്കുടിലിലേക്ക് വരാൻ നാണക്കേടാമ്മേ എന്ന പൊന്നൂന്റെ മറുപടി എന്റെ ചങ്കിൽ കൊള്ളുന്നതായിരുന്നു....
അമ്മ ലോണെടുത്തോളു ഞാൻ അടയ്ക്കാം.... എനിക്കും ഇണ്ട് നല്ലൊരു വീട്ടിൽ ഉറങ്ങാനൊരാഗ്രഹം.....അവനും കാണില്ലേ ആഗ്രഹം മ്മക്ക് വീട് പണിയാം....
അന്നത്തെയെന്റെ സങ്കടത്തിൽ കുഞ്ഞാറ്റയത് പറഞ്ഞപ്പോൾ എന്തോ സമാധാനം തോന്നി....
അച്ചന്റെ സഹായം അതിനുമുണ്ടായിരുന്നു..വീട് ഉയരത്തിൽ പൊങ്ങി വരുന്തോറും ഒരു പ്രത്യേക സന്തോഷമായിരുന്നു...
പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞു കുഞ്ഞാറ്റയെ വന്നു പെണ്ണ് ചോദിക്കുമ്പോൾ അവരൊക്കെ നിന്റെ കുടുംബത്തീന്ന് പെണ്ണ് ചോദിച്ചു വന്നത് തന്നെ വലിയ കാര്യാന്ന് നാട്ടുകാർ പറഞ്ഞിരുന്നു...... ഇതല്ലാതെ എനിക്കു വേറൊരു വിവാഹം വേണ്ടെന്ന് കുഞ്ഞാറ്റ പറയുമ്പോൾ ഞാൻ മനസിലാക്കിയിരുന്നു ഇടയ്ക്കിടയ്ക്ക് അവളുടെ റൂമിൽ നിന്ന് കേൾക്കാറുള്ള പതിഞ്ഞ ശബ്ദത്തിലെ ഫോൺ വിളിയിലെ നായകൻ അവനായിരുന്നെന്ന്...
ചോദിച്ചില്ല.... അവളുടെ ജീവിതം അവളെങ്കിലും ആസ്വദിക്കട്ടെയെന്ന് കരുതി... ആ വലിയ വീട്ടിൽ അവള്ടെ സ്വപ്നങ്ങൾക്ക് പ്രാരാബ്‌ധങ്ങളുടെ ചുവയുണ്ടാവില്ല....
ചോദിച്ചില്ല.... അവളുടെ ജീവിതം അവളെങ്കിലും ആസ്വദിക്കട്ടെയെന്ന് കരുതി... ആ വലിയ വീട്ടിൽ അവള്ടെ സ്വപ്നങ്ങൾക്ക് പ്രാരാബ്‌ധങ്ങളുടെ ചുവയുണ്ടാവില്ല....
കുഞ്ഞാറ്റയെ കാണാൻ വന്നവർ പൊന്നുവിനെ കൂടി കണ്ടപ്പോൾ ഇങ്ങോട്ട് പറഞ്ഞു ഒരുമിച്ചു നടത്തിയാലോ രണ്ട് കല്യാണവുമെന്ന്......
പൊന്നുവിനെ അവർക്ക് ഒരുപാട് ഇഷ്ടായത്രേ ഏട്ടനും അനിയനും രണ്ട് മക്കളേം കൊണ്ട് പോകുന്നു.... രണ്ട് മക്കളും ഒരു വീട്ടിൽ.. ഇതിൽ പരം ഒരമ്മയ്ക്ക് വേറെന്ത് വേണം.....
പൊന്നുവിനെ അവർക്ക് ഒരുപാട് ഇഷ്ടായത്രേ ഏട്ടനും അനിയനും രണ്ട് മക്കളേം കൊണ്ട് പോകുന്നു.... രണ്ട് മക്കളും ഒരു വീട്ടിൽ.. ഇതിൽ പരം ഒരമ്മയ്ക്ക് വേറെന്ത് വേണം.....
ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും പറമ്പ് മുറിച്ചു വിറ്റു നന്നായി തന്നെ രണ്ടാളേം ഇറക്കി വിട്ടപ്പോ എന്തൊക്കെയോ ചെയ്തു തീർത്ത പ്രതീതിയായിരുന്നു...
ആ സന്തോഷം തല്ലി കെടുത്തി കൊണ്ടാണ് മൂന്നാം ദിനം കൂടെ ജോലി ചെയ്യുന്നവളുടെ കൈ പിടിച്ചു കുട്ടുമോൻ വീട്ടിൽ കയറി വന്നത്...
അന്ന് മുതൽ ഓരോന്നും മാറി മറിയുന്നത് പതിയെ അറിയുന്നുണ്ടായിരുന്നു.....
എന്നോടൊപ്പം മാത്രം ഭക്ഷണം കഴിക്കാറുണ്ടായിരുന്ന മോൻ അമ്മ കഴിക്കാറുണ്ടോ എന്ന് പോലും തിരക്കാതെയായി തൊട്ടതിനും പിടിച്ചതിനും മകളായി കരുതിയവൾ കുറ്റം കണ്ട് പിടിക്കുമ്പോൾ അമ്മയ്ക്ക് എന്തിന്റെ കേടാന്ന് മകൻ ചോദിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല
നാത്തൂന്റെ സ്വഭാവം കൊണ്ടാണോ അതോ ചെന്ന് കയറിയ വീട്ടിലെ സുഖം കൊണ്ടാണോ പൊന്നൂo കുഞ്ഞാറ്റയും ഈ വഴി മറന്നു തുടങ്ങിയിരിക്കുന്നു...
"മോനെ വീടിന്റ ലോൺ കൂടി ഇനിയമ്മയ്ക്ക് വലിക്കാൻ വയ്യ നീ അടയ്ക്കണം "
അന്നത് പറയുമ്പോൾ ചീറ്റി വന്ന മകനെ ഒരൽപ്പം പേടിയോടെയാണ് നോക്കിയത്...
"ഉള്ള പറമ്പും സ്വത്തും മുഴുവൻ പെണ്മക്കൾക്ക് കൊടുത്തില്ലേ തള്ളേ ഇനി ഇതെങ്കിലും എനിക്കു വേണ്ടി ചെയ്തൂടെ.....
"അമ്മ പറ്റുന്ന പോലെ അടച്ചോളാ ഒന്നും ചെയ്തിട്ടില്ല ന്ന് നിനക്ക് തോന്നുന്നുണ്ട് ല്ലേ ഇപ്പൊ..... അമ്മയിങ്ങനെ കഷ്ടപ്പെടല്ലേന്ന് പറഞ്ഞു സങ്കടം തൂകുന്ന ഒരു കുട്ടുമോൻ ഇണ്ടാർന്നു അമ്മയ്ക്ക്..... ഓർമേണ്ടോ നിനക്ക്???
"ഓഹ് വളർത്തിയ പിച്ച കഥ പറഞ്ഞു നാറ്റിക്കല്ലേ ഇനിയും....
"അമ്മ ലോൺ അടയ്ക്കാൻ നിക്കണ്ട സ്വരൂപ് അടച്ചോളും ഈ വീടും പറമ്പും അങ്ങ് എഴുതി കൊടുത്തേക്കെന്ന് മരുമോൾ പറയുമ്പോൾ മനസിലായി പ്ലാനിങ് നേരത്തെ നടന്നു കഴിഞ്ഞു എന്നത്....
അവസാനത്തെ ഒപ്പും വെച്ചു കഴിഞ്ഞപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു...അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല.. ന്റെ കുട്ടുമോന്റെ കണ്ണിലെ ആ പഴയ തിളക്കം തിരിച്ചു വന്നിരിക്കുന്നു....
അമ്മൂമ്മ ന്തിനാ കരയുന്നെ എന്നുള്ള കൊച്ചു മോന്റെ ചോദ്യത്തിന് അവനെ കെട്ടി പിടിച്ചു തേങ്ങാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളു....
"വൃത്തികെട്ട കൈ കൊണ്ട് കുഞ്ഞിനെ പിടിക്കാതെ തള്ളേ.. വല്ല അസുഖവും വരും ന്റെ കുഞ്ഞിന്... "
ഈ വൃത്തികെട്ട കൈ കൊണ്ട് വാരി കൊടുത്തത് ആർത്തിയോടെ കഴിക്കാറുള്ളോരു ബാല്യം നിന്റെ ഭർത്താവിന് ഉണ്ടായിരുന്നു മോളെ.....
മനസ്സിൽ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ കരഞ്ഞേങ്കിലും പുറമെ കാണിച്ചില്ല.... എന്നും പുഞ്ചിരിച്ചാണല്ലോ പതിവ്...
പഴയ പെട്ടിയിൽ നിന്നാ നീല പട്ടു സാരിയും പൊതിഞ്ഞു വെച്ച പൊൻ താലിയും ചുരുട്ടി കൂട്ടി സൂക്ഷിച്ച കുറച്ച് നോട്ടുകളുമായി പടിയിറങ്ങുമ്പോഴും പ്രതീക്ഷിച്ചു വെറുതെയെങ്കിലും പോവല്ലേ അമ്മേന്ന് കുട്ടുമോൻ പറയുമെന്ന്...
വിനോദേട്ടന്റെ പുഞ്ചിരി നിറഞ്ഞയാ ഫോട്ടോ അതുമാത്രം മതിയായിരുന്നു മുന്നോട്ടുള്ള യാത്രയിൽ കൂട്ടിന്... ജനലിൽ കൂടി എത്തി വലിഞ്ഞു നോക്കുന്ന മോളേ കണ്ടില്ലെന്ന് നടിച്ചു..... അന്നാദ്യമായി പുഞ്ചിരിക്ക് പകരം കണ്ണീർ സ്ഥാനം പിടിച്ചു....
ആ ഫോട്ടോയിൽ നോക്കി അന്നാദ്യമായി ചോദിച്ചു... കൂടെ ഉണ്ടാവുംന്ന് പറഞ്ഞു പറ്റിച്ചു കടന്നു കളഞ്ഞതല്ലേ ഇനിയെങ്കിലും കൊണ്ടോയിക്കൂടെ ന്നെയും....
ശരണാലയത്തിന്റെ പടികൾ കയറുമ്പോൾ വേദനയോടെ നോക്കുന്നയാ കണ്ണുകൾ എനിക്ക് നല്ല പരിചയമായിരുന്നു... അച്ചൻ....
"മക്കൾക്ക് വേണ്ടി ജീവിച്ചപ്പോ സ്വന്തമായി ജീവിക്കാൻ മറന്നു ല്ലേ ദേവു... "
"ഇല്ലച്ചാ ഞാൻ ജീവിച്ചില്ലെന്ന് ആരാ പറഞ്ഞെ... ഞാൻ ജീവിച്ചു നല്ല അന്തസ്സായി തന്നെ.. എന്റെ മക്കൾക്ക് വേണ്ടി... ഇനിയും ജീവിക്കും എന്റെ മക്കൾക്ക് ഒരു ഭാരമായി മാറാതെ അവരെ വേദനിപ്പിക്കാതെ....
ഓരോ ചുവടും മുൻപോട്ട് വെക്കുമ്പോളും ഒറ്റക്കല്ലെന്ന ബോധ്യം എന്നിൽ നന്നേ ഉണ്ടായിരുന്നു
നിറഞ്ഞൊഴുകിയയെന്റെ കവിൾത്തടങ്ങളെ സാരിത്തുമ്പിനാൽ ഒപ്പിയെടുത്തു ചുമരാണിയിൽ ഞാനേട്ടന്റെയാ പുഞ്ചിരിക്കുന്ന ഫോട്ടോ തൂക്കിയിട്ടിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു
നേർത്ത പുഞ്ചിരിയോടെ ഞാനേട്ടനോടായി മെല്ലെ മൊഴിഞ്ഞു
"ചെയ്തത് തെറ്റായോ ഏട്ടാ? അനുസരിച്ചിട്ടല്ലേ ഉള്ളൂ ഇന്നോളം വരെ, ഏട്ടൻ പറഞ്ഞത് ഇന്നും എനിക്ക് ഓർമയുണ്ട്, സ്ഥാനമില്ലെന്ന് കണ്ടാൽ ഇറങ്ങി പോരണം അത് വീട്ടിൽ നിന്നാണെങ്കിലും മനസ്സിൽ നിന്നാണെങ്കിലും.....
പുഞ്ചിരിയോടെ തന്നെ മടങ്ങി പോന്നേക്കണം എന്ന് "
പുഞ്ചിരിയോടെ തന്നെ മടങ്ങി പോന്നേക്കണം എന്ന് "
മാറ്റൊട്ടും കുറയാതെ ഏട്ടനെന്നെത്തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴും... ഇന്നോളമെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചയതേ പുഞ്ചിരി...
ഹൃദയഭേദകം....
ReplyDelete