@@@@@@
സൂര്യൻ പതിവ് പോലെ കിഴക്കുദിച്ചെങ്കിലും... പ്രശസ്ത ഓൺലൈൻ സഹിത്യകാരൻ ഉത്പലൻ കിഴക്കുംമുറി...അന്ന് കട്ടിലിൽ നിന്നും ഉദിച്ചുയർന്നില്ല. ചിതല് തിന്ന മച്ച് നോക്കിക്കിടന്ന അയാളുടെ മനസ്സിൽ മുഴുവൻ... തലേ രാത്രി എഫ്. ബിയിൽ വായിച്ച "വള്ളിക്കെട്ട്''എന്ന രചനയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു...!
ഉത്പലൻ കൂടി ഉൾപ്പെടുന്ന സാഹിത്യ ഗ്രൂപ്പിൽ തിളങ്ങി നിന്നിരുന്ന... ഉത്പലന്റെ സഹ സാഹിത്യ കാരനും, നിതാന്തമായ അസൂയക്ക് പാത്രമായവനുമായ (അസൂയേടെ വലുപ്പം വെച്ച് നോക്കുമ്പം പാത്രം അണ്ഡാവോ, ബിരിയാണി ചെമ്പോ ആവാം )...തോമസ് വീട്ടിൽക്കുടി... വായിക്കുന്നവർക്കാർക്കും ഒരു ചുക്കും മനസ്സിലാകരുത് എന്ന ദുരാഗ്രഹത്തോട് കൂടി... വളരെ ദുർഗ്രാഹ്യമായി എഴുതിയ ഒരു നാല് വരി രചന ആയിരുന്നു ഉത്പലന്റെ ചിന്തകളുടെ മൂലഹേതു.
വീട്ടിൽ വളർത്തുന്ന ഒരു പട്ടി തുടല് പൊട്ടിച്ചോടുന്നതും, അയൽ വീട്ടിലെ അടുക്കളയിൽ കയറി, കഞ്ഞിക്കലം തട്ടിമറിക്കുന്നതും ...അവസാനം അത് കിണറ്റിൽ ചാടുന്നതുമായിരുന്നു വള്ളിക്കെട്ടിന്റെ കഥാസാരം!.
ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകാതെ കുഴങ്ങി നിന്ന ഉത്പലൻ... രചനയുടെ ചോട്ടിൽ ഒരു കമന്റ് കുരു കുഴിച്ചിടുന്നതിന് വേണ്ടി, രചന കോപ്പി ടെക്സ്റ്റ് ചെയ്ത ശേഷം... തന്റെ അടുത്ത സുഹൃത്തായ... ബുദ്ധിജീവി പറങ്ങോടന് വാട്സാപ്പിൽ അയച്ച് കൊടുത്തു. പക്ഷെ പറങ്ങോട സമക്ഷത്ത് നിന്നും ലഭിച്ച മറുപടി ഉത്പലനെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല...
അതിങ്ങനെ ആയിരുന്നു. "പട്ടിയുടെ തുടൽ മുതലാളിത്ത വ്യവസ്ഥിതിയേയും, തട്ടിമറിച്ച കഞ്ഞിക്കലം ആഗോള സാമ്പത്തിക വ്യവസ്ഥിതിയേയും സൂചിപ്പിക്കുന്നു. കിണറ്റിൽ ചാടുന്ന പട്ടി ഈ വ്യവസ്ഥിതികളിൽ നിന്നും കരകയറാൻ പറ്റാതെ അഗാധതയിലേക്ക് പതിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് !. പിന്നീടുള്ള അവന്റെ ജീവിതം മണ്ഡൂക സമാനം ആയിരിക്കും എന്ന് സംശയലേശേമന്യേ രചയിതാവ് ദ്യോതിപ്പിക്കുന്നുണ്ടിതിൽ.
പറങ്ങോടനയച്ച ഈ മറുപടി ഉത്പലന് കത്തിയില്ല! . എന്നാൽ മെസേജിന്റെ അർത്ഥം എന്താണെന്ന് പറങ്ങോടനോടെങ്ങാൻ ചോദിക്കാമെന്ന് വെച്ചാൽ.... അത് കുറച്ചിലാണ് താനും. അതുകൊണ്ട് തന്നെ പറങ്ങോടനുള്ള വാട്സ് ആപ് മറുപടി ഉത്പലൻ ഈ വിധമാണ് അയച്ചത്.
"തികച്ചും ശരിയാണ് പറങ്ങോടൻ ! തികച്ചും ശരിയാണ് ...നമ്മുടെ ചിന്താധാരകൾ എത്രമേൽ തുലനം ചെയ്യുന്നു... എന്നതിൽ എനിക്ക് അതിശയം തോന്നുന്നു ... "
എന്നാ പുല്ല് മനസ്സിരുത്തി ഒന്നൂടെ വായിക്കാം എന്ന ചിന്തയിൽ... ഫോണെടുത്ത് വായന തുടങ്ങിയ ഉത്പലൻ... ഇരുന്നും, മലർന്നും, തലകുത്തി നിന്നും ... കഷായം ഉണ്ടാക്കും പോലെ സമൂലം മൂന്നാവർത്തി വായന നടത്തിയെങ്കിലും... " ജബാന്ന് പറഞ്ഞാൽ ജബ... " എന്നല്ലാതെ ഒരു കുന്തവും നേരെ പോയിട്ട് വളഞ്ഞ വഴിയിൽ പോലും ഉത്പുവിന് മിന്നിയില്ല.
തന്റെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിൽ "വീട്ടിൽ കുടി തോമസിന് " എന്ത് തോന്നും... എന്ന വിഷമത്തിൽ കട്ടിലിൽ തന്നെ കിടന്ന ഉത്പുവിന്റെ തലയിൽ അപ്പോൾ എതോ ഒരു ഐഡിയ മിന്നി. ആ.. ഐഡിയാ ക്യാൻ ചേഞ്ച് ഈ പ്രശ്നം, എന്ന ചിന്തയോടെ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുന്നേറ്റ ഉത്പു...ഉടുമുണ്ടോട് കൂടി യുറേക്കാ എന്നലറി വിളിച്ചു.
പിന്നെ ഫോണെടുത്ത് രചനക്കടിയിലെ കമന്റ്കളിലേക്ക് തന്റെ കണ്ണുകളോടിച്ചു...എന്നാൽ തന്നെപ്പോലെ ഒരു വടി വാഴക്കയും മനസ്സിലാകാത്തവർ തയ്യാറാക്കിയ സ്റ്റിക്കർ കമന്റുകളുടെ മനോഹരമായ ഒരു പൂന്തോട്ടം മാത്രമാണ് ഉത്പുവിന് അവിടെ കാണാൻ കഴിഞ്ഞത്!.
ആ തോട്ടത്തിലൂടെ അരിച്ച് നടന്ന ഉത്പുവിന്റെ കണ്ണുകൾ... മികച്ച വായനക്കാരിയും, രചനകൾ അരച്ച് കലക്കി അടുപ്പിൽ വെച്ച് കുറുക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവളുമായ മേരി തോമസിന്റെ അഭിപ്രായം എന്തെന്നറിയാൻ കൊതിച്ചു.
അവളുടെ അഭിപ്രായത്തിന്റെ വേര് മാന്തി സ്വന്തമായി ഒരു കമന്റ് ചെടി മുളപ്പിക്കാം എന്നായിരുന്നു ഉത്പലന്റെ ഐഡിയ... എന്നാൽ ഉത്പലനെ ആകെ തളർത്തിക്കൊണ്ട് "സംത്രാസത്തിന്റെ ആന്തോളനം " എന്നൊരു അഭിപ്രായം മാത്രമായിരുന്നു മേരി തോമസ് അവിടെ രേഖപ്പെടുത്തിയിരുന്നത്.
അവളുടെ അഭിപ്രായത്തിന്റെ വേര് മാന്തി സ്വന്തമായി ഒരു കമന്റ് ചെടി മുളപ്പിക്കാം എന്നായിരുന്നു ഉത്പലന്റെ ഐഡിയ... എന്നാൽ ഉത്പലനെ ആകെ തളർത്തിക്കൊണ്ട് "സംത്രാസത്തിന്റെ ആന്തോളനം " എന്നൊരു അഭിപ്രായം മാത്രമായിരുന്നു മേരി തോമസ് അവിടെ രേഖപ്പെടുത്തിയിരുന്നത്.
അവളുടെ ആ കമന്റ് വായിച്ചതും വീട്ടിലുള്ള സകലതും സംത്രാസത്തോടെഎടുത്ത് കിണറ്റിലിട്ട ശേഷം... അവിടെ നിന്നും ഇറങ്ങി ഗോക്കളെ മേക്കാൻ ആന്തോളനത്തോടെ പോകാനായ് ഉത്പലന് തോന്നി.
ഇനി എന്ത് എന്ന മട്ടിൽ ചിന്തിച്ചിരുന്ന ഉത്പലനെ ഞെട്ടിച്ച് കൊണ്ട് ഉടൻ തന്നെ തോമസ് വീട്ടിൽകുടിയുടെ ഒരു എഫ് ബി പോസ്റ്റ് വന്നു.
വായനക്കാർ ക്ഷമിക്കുക .. ഇന്നലെ എന്റെ വാളിൽ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു കൈയ്യബദ്ധമായിരുന്നു... കുടുംബ ശ്രീക്കാർ നടത്തുന്ന വിനോദയാത്രക്ക് രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ, ഫേസ് ബുക്കിനേപ്പറ്റി അഞ്ച് നയാപ്പൈസ വിവരമില്ലാത്ത... എന്റെ ഭാര്യ, ഉറങ്ങിക്കിടന്ന എന്നെ ഉണർത്തണ്ട എന്ന് കരുതിയും, എഫ്. ബി ബുദ്ധിജീവിയായ എന്റെ ദൃഷ്ടിയിൽ എളുപ്പത്തിൽ പെടും എന്ന ധാരണ കൊണ്ടും ... ഫേസ് ബുക്കിലെ "റൈറ്റ് സംതിഗ് ഹിയർ" എന്നുള്ളിടത്തായി
"വള്ളിക്കെട്ടാണ്...
കെട്ടിയിരിക്കുന്നത്. അഴിഞ്ഞാൽ
പട്ടി അയൽ വക്കത്ത് പോയി കഞ്ഞിക്കലം തട്ടി മറിക്കും, പിന്നെ കിണറ്റിൽ ചാടും"
കെട്ടിയിരിക്കുന്നത്. അഴിഞ്ഞാൽ
പട്ടി അയൽ വക്കത്ത് പോയി കഞ്ഞിക്കലം തട്ടി മറിക്കും, പിന്നെ കിണറ്റിൽ ചാടും"
എന്നൊരു സന്ദേശം എനിക്ക് വായിക്കാനായ് എഴുതി പോസ്റ്റിയതായിരുന്നു നിങ്ങൾ കണ്ടത്. കാലത്തെ ഉണരുമ്പോൾ തന്നെ അത് എന്റെ ശ്രദ്ധയിൽ പെടുന്നതിന് വേണ്ടി അവൾ നടത്തിയ ഒരു ബ്രേക്കില്ലാത്ത സൈക്കളോടിക്കൽ മൂവായിരുന്നു ആ പോസ്റ്റ്...സദയം ക്ഷമിക്കുക.
അനന്തരം "വള്ളിക്കെട്ട് "സാഹിത്യ ലോകത്ത് കൊണ്ടുപിടിച്ച ചർച്ചകൾക്കും, തീപ്പൊരി വിവാദങ്ങൾക്കും വഴിവെച്ചതറിയാതെ.. "മി.വീട്ടിൽക്കുടി" പുതപ്പ് തലവഴി ഒന്നുകൂടി വലിച്ചിട്ടു...പിന്നെ തലേന്ന് കണ്ട ഗഹനമായ സ്വപ്നത്തിന്റെ അന്തർധാരകളിലേക്ക് മസ്തിഷ്കത്തെ സംയോജിപ്പിച്ച ശേഷം...അതിന്റെ കടുപ്പത്തിന് സമാനമായ കൂർക്കംവലി പുതപ്പിനടിയിൽ നിന്നും പുറത്തേക്ക് തള്ളിവിട്ടു.
(ശുഭം)
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക