Showing posts with label NooranadJayaprakash. Show all posts
Showing posts with label NooranadJayaprakash. Show all posts

വീട്ടിലേയ്ക്കുള്ള വഴി.

Image may contain: 1 person, smiling, sky, outdoor, closeup and water

ഹലോ മോനേ.... ഒരു നിമിഷം ഒന്ന് നിൽക്കണേ.....
ആ....ആരാ.... എന്താ....?
ഞാൻ നിനക്കപരിചിതനാണ്...
നീയെനിക്കും.
ഒരു നിമിഷം എന്നെയൊന്ന് കേൾക്കു... ഒരുതവണ മോനൊന്നു ചിന്തിക്കു.
ആയിക്കോട്ടേ.... കാര്യം പറയു.
മോനെവിടേയ്ക്കാ....
ഹ...ഹ.....ഹ അത് കൊള്ളാം....
ഡിസംബർ 31 ന് സന്ധ്യയ്ക്ക് ബാറിന്റെ മുന്നിൽ നിൽക്കുന്ന ഒരു യുവത്വത്തിനോട് ചോദിക്കണോ മാഷേ എവിടേയ്ക്കാണെന്നും.... എന്തിനാണെന്നും.....?
അതറിയാം മോനേ അവിടേയ്ക്ക് തന്നെയാണോ എന്ന് ഉറപ്പിക്കാൻ ചോതിച്ചതാ....
ആണെങ്കിൽ എന്നെയൊന്ന് കേൾക്കണേന്ന് പറഞ്ഞതും അതാ.
എന്താ മാഷേ കാര്യം പറയു....?
തിടുക്കമാണല്ലേ.... കൂട്ടുകാര് കാത്തിരിക്കുന്നുണ്ടാകും നടക്കില്ലെന്നറിഞ്ഞുകൊണ്ട് ചില വാക്കുപറച്ചിലുകളുടെ ആഘോഷങ്ങൾക്കായി.... അല്ലേ...?
നാളെമുതൽ കുടിക്കില്ല , വലിക്കില്ല , തമ്പാക്കില്ല , ഹാൻസില്ല , കഞ്ചാവില്ല , ബൈക്ക് റൈഡിംഗ് ഇല്ല... എല്ലാം നിർത്തി...
സത്യം... അമ്മയാണെസത്യം.
അതേ.... ഇന്ന് ഞങ്ങൾ അങ്ങനെ ഒരു തീരുമാനം എടുക്കും... അത് നടപ്പാക്കും... വാക്കാണ്.
പാലിക്കപ്പെടാത്ത വാക്ക്പുക്കുന്ന രാത്രിയാണിന്ന് ഡിസംബർ 31.
വാക്കുറപ്പിച്ച് കൈകൊടുക്കുമ്പോൾ ഗ്ലാസുകളുടെ കൂട്ടിയടിശബ്ദം കൂടും.
അപ്പോൾ ഒന്നോർക്കണം അടുക്കളയിൽ ഇന്നത്തേഅത്താഴവും അതിനരികിലൊരമ്മയും ഉറക്കളച്ച് നിന്നേ കാത്തിരിപ്പുണ്ടെന്ന്.
വന്നതുപോലെ വീടണഞ്ഞെങ്കിലേ അടുത്ത ആണ്ടിലും നടപ്പിലാക്കാനാകാത്ത വാക്കുകളുടെ കെട്ടഴിക്കാനാകുമെന്ന്.
കണ്ണും തുടച്ച് ആ മനുഷ്യൻ നടന്നകലുമ്പോൾ ആ യുവത്വത്തിന്റെ തോളിൽ ഒരു കൈ പതിച്ചു.
ബാറിലെ കാവൽക്കാരൻ
അതൊരച്ഛനാണ്.... പണ്ടൊരു 31ന് നാളെ മുതൽ പലതും നിർത്തും എന്ന വാക്കുറപ്പിക്കാൻ കൂട്ടുകാരുമൊത്ത് ഇവിടൊത്തുകൂടിയ ഒരു യുവത്വത്തിന്റെ അച്ഛൻ.
നാളെ നിർത്തുന്നതു കൊണ്ട് ഇന്ന് ഇത്തിരി കൂടി ആകാമെന്ന് കരുതി നിലയറിയാതെ കുടിച്ച് നാളേയ്ക്ക് കാത്ത് നിൽക്കാതെ ഇന്ന് തന്നെ വാക്ക് പാലിച്ച ഒരൊറ്റമകന്റെ പിതാവ്.
പെറുക്കിക്കൂട്ടിയ അവനേയും വഹിച്ച് ഒരു വണ്ടി വീട്ടിലെത്തുമ്പോൾ ഉറക്കമളച്ച് അവന്റമ്മ കാവലിരുന്ന അവന്റെ അത്താഴം അപ്പോഴും ആ മേശമേലുണ്ടായിരുന്നു.
അന്നു മുതൽ എല്ലാ ഡിസംബർ 31 നും അദ്ധേഹം ഇവിടെവരും.
നാളെ നിർത്തുന്നത് ഇന്നിത്തിരി കൂടുതൽ ആകാമെന്ന് കുട്ടൂകാർ പറയുന്നത് കേൾക്കരുതെന്ന ഉപദേശശം പത്ത് യുവത്വങ്ങൾക്ക് കൊടുത്ത് നനഞ്ഞമിഴികളും തുടച്ച് ആ മനുഷ്യൻ തിരിച്ചു പോകും.
കേട്ടുനിന്ന യുവത്വം വണ്ടി തിരിച്ച് വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കയറ്റി.
പാലിക്കപ്പെടാനാകാത്ത വാക്കുകൾക്ക് വേണ്ടി ഇന്നത്തെ അമിതാഘോഷങ്ങളിൽ വീട്ടിലേയ്ക്കുള്ള വഴി മറക്കല്ലേ.... യുവത്വമേ.......
എല്ലാവർക്കും പുതുവൽസരാശംസകൾ.....
നൂറനാട് ജയപ്രകാശ്.....

പാപദോഷം

Image may contain: 1 person, eyeglasses, selfie and closeup.
.....
ഹലോ....... ഈ കവടി നിരത്തീം കൈ നോക്കീം ഭാവീം ഭൂതോം ഒക്കെപ്പറയുന്ന പരമേശ്വരൻ പോറ്റിയാണോ.....?
മറുവശത്ത് നിന്ന ആൾ ഒന്ന് പരിഭ്രമിച്ചു....
ന്നാലും അത് വാക്കുകളിൽ പ്രകടിപ്പിക്കാതെ പറഞ്ഞു.
അതേല്ലോ..... ആട്ടേ.... നമ്മളാരാണാവോ...?
അതേ... ഞാൻ ലിസിയാണേ കോട്ടയത്തുള്ള ഒരു സ്നേഹഭവനീന്നാണേ... ഒരാൾക്ക്
ഒരു കാര്യമറിയാൻ വേണ്ടി വിളിച്ചതാരുന്നേ.
പരിഭ്രമിച്ച പോറ്റിക്ക് ഒരൽപ്പം ആശ്വാസം ആ പേര് കേട്ടപ്പോൾ.
നായനാര് പറഞ്ഞ പോലെ ഓള് മറ്റേ ജാതിക്കാരിയാ....
അത് പിന്നെ... ലിസി ഒരാൾക്കൊരു കാര്യമറിയാൻ ലിസിയെന്തിനാ വിളിച്ചത്...? കാര്യമറിയേണ്ട ആളല്ലേ വിളിക്കേണ്ടത്...
അതേ.... അങ്ങനെയാണ് വേണ്ടത് ഇത് ഇവിടുത്തേ ഒരു അന്തേവാസിയാണേ... ഇത്തരി പ്രായമുള്ള ആളാണേ വിളിച്ചു കൊടുക്കാൻ പറഞ്ഞോണ്ടാണേ വിളിച്ചത്.... ഓ..... ഞങ്ങക്കിതിലൊന്നും വിശ്വാസമില്ലെന്നേ...
ന്നാ.... വിശ്വാസമുള്ള ആളിന്റെ കൈയ്യിൽ കൊട്. പോറ്റി ഇത്തിരി നീരസം കലർത്തിപ്പറഞ്ഞു.
ന്നാ..... കമലാക്ഷിയമ്മേ എന്താ ചോദിക്കാനുള്ളേന്ന് വച്ചാ ചോദീര്.
ലിസി കമലാക്ഷിയമ്മയ്ക്ക് മൈക്ക് കൈമാറി.
ഹലോ..... പോറ്റിസാറല്ലേ....?
അതേ പോറ്റിയാണ്.... എന്താണറിയേണ്ടത് ചോദിച്ചോളു.
അതേ... ഈ വിളിക്കുന്നാളിൻെറ പേരും വയസ്സും ഒന്ന് പറയാമോ...?
പേര് കമലാക്ഷീന്നാണേ വയസ്സ് 71.
ആ.... അമ്മയ്ക്കെന്താ അറിയേണ്ടത്..?
അതേ..... പോറ്റി സാറേ എന്റെ കൊച്ചുമോളുടെ വിവാഹക്കാര്യത്തേപ്പറ്റി അറിയാനാണേ.
കൊച്ചുമോൾ എന്നു വച്ചാൽ...?
എന്റെ മകന്റെ മകൾ.
ആട്ടെ.... കുട്ടിയുടെ ജനനത്തീയ്യതിയും സമയവും അറിയാമോ അമ്മയ്ക്ക്..?
ഒന്ന് നിൽക്കണേ പോറ്റിസാറേ..... അതേ... ലിസിക്കൊച്ചേ എന്റെ തലയിണക്കിഴിൽ ഒരു പേപ്പർ ഇരിപ്പുണ്ട് അതിങ്ങെടുത്തേ....
ഹലോ.... പോറ്റി സാറേ... പോയോ...
ഹലോ.....
പറയു അമ്മേ....
ജനനത്തീയ്യതി... 21-3-1994 .സമയം രാത്രി എട്ട് അഞ്ച്.
ആ.... ഞാനൊന്നു നോക്കട്ടമ്മേ....
ആട്ടമ്മേ.... ഈ കൊച്ചുമോള് അമ്മയുടെ കൂടെയുണ്ടോ....?
ഇല്ല പോറ്റിസാറേ അവള് വീട്ടിലാ എന്റെ മോന്റെ കൂടെ.
പിന്നെ അമ്മയെന്താ... ഈ സ്നേഹാലയത്തിൽ.....?
അത്...... അത്.... പോറ്റിസാറേ......
പറഞ്ഞോളു അമ്മേ.... സമയമുണ്ട് എനിക്ക് വിശദമായി നോക്കണം അതിനിടയ്ക്ക് അമ്മ പറഞ്ഞോളു.
അത്..... പിന്നെ... പോറ്റിസാറേ എനിക്ക് ഒരേയൊരു മകനാ അവന് ഒരേയൊരു മകളും.
അവന് ജോലി റെയിൽവേയിലാണേ
അവന്റെ കെട്ടിയോള് ടീച്ചറാ.
ഒരു പത്തു വയസ്സുവരെ ഞാനാ ഈ കുഞ്ഞിനേ വളർത്തിയത് അന്നേരമാ എനിക്കൊരു അസുഖം പിടിപെട്ടത്
കാലിലെ തൊലിയുടെ നിറം മങ്ങിത്തുടങ്ങി.
ഡോക്ടറേ കാണിച്ചപ്പം വെള്ളപാണ്ട് ആണെന്നാ പറഞ്ഞത്.
ആദ്യം ആരും കാണാത്ത ഭാഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നത് ശരീരം മുഴുവനുമായി.
20 വയസ്സായപ്പോൾ മുതൽ പെങ്കൊച്ചിന് ആലോചനകൾ വന്നു തുടങ്ങി.
വരുന്ന ആലോചനകൾ എല്ലാം മുടങ്ങി
വരുന്നവർ എന്നേക്കണ്ടിട്ടാണ് ആലോചനകൾ വേണ്ടാന്ന് വയ്ക്കുന്നത് എന്നാണ് അവർ പറയുന്നത്.
അതിന് പരിഹാരമായി മരുമോളാ പറഞ്ഞത് മോടെ കല്യാണം കഴീന്നതുവരെ അമ്മയേ നമുക്ക് സ്നേഹാലയത്തിലാക്കാമെന്ന്.
അങ്ങനെ എന്റെ മോൻ എന്നേ ഇവിടെ ക്കൊണ്ടാക്കിയിട്ട് ഇപ്പോ മൂന്നാണ്ട് കഴിഞ്ഞു.
കൊച്ചുമോടെ കല്യാണം ഇതുവരെ കഴിഞ്ഞില്ല.... എനിക്കാണേ വീട്ടിൽ പോകാൻ കൊതിയായി.
അവന്റച്ഛന്റെ അസ്ഥിത്തറയൊന്ന് വൃത്തിയാക്കാനോ ഒരന്തിത്തിരിവയ്ക്കാനോ ആരുമുണ്ടാകില്ല അതിപ്പം നശിച്ച് നാറാണക്കല്ലായിക്കാണും.
ഉടനെയെങ്ങാണം അങ്ങോട്ട് പോകാനൊക്കുമോന്നറിയാനാ പോറ്റി സാറേ ചേദിച്ചത്. കൊച്ചിന്റെ കല്യാണം കഴിയാതെ അവരെന്നേ അങ്ങോട്ട് കൊണ്ടു പോകില്ല. ഇന്നാളിലൊരാള് പറഞ്ഞത് കൊച്ചിന് പാപദോഷമുണ്ടെന്നാ.
അങ്ങനെ വല്ലോം ഉണ്ടോ പോറ്റിസാറേ ഉടനെയെങ്ങാനും അതിന്റെ കല്യാണം നടക്കുമോ..?
പരമേശ്വരൻ പോറ്റി ഒന്നൂറിച്ചിരിച്ചിട്ട് പറഞ്ഞു.
അമ്മേ ഞാൻ വിശദമായി നോക്കി പാപദോഷം ആ പെങ്കൊച്ചിനല്ല
അമ്മയുടെ മകനാ....
തൊലിയുടെ നിറമൊന്ന് മാറിയപ്പം മോളുടെ കല്യാണം നടക്കില്ലാന്നും പറഞ്ഞ് പെറ്റതള്ളയേ സ്നേഹാലയത്തിലാക്കിയ ആ മകനാണ് പാപദോഷം.
ഈ അസുഖം അമ്മയുടെ മകനായിരുന്നു വന്നതെങ്കിലോ..?
അയാളേയും അവർ ശരണാലയത്തിലാക്കുമാരുന്നോ...?
ഇല്ല.... ഒരിക്കലുമില്ല കാരണം കല്യാണം നടത്തേണ്ടത് അയാളല്ലേ അപ്പോപ്പിന്നെ അയാൾക്ക് കുഷ്ടം വന്നാലും കല്യാണം കഴിയാതെ അയാളെ അവര് കളയില്ല.
ഓ.... അമ്മയിപ്പം വീട്ടിലുണ്ടേലെന്ത് ഇല്ലേലെന്ത്.... ?
അമ്മ വിഷമിക്കേണ്ടാ അമ്മയുടെ കൊച്ചുമകളുടെ വിവാഹം അമ്മയുടെ സാന്നിധ്യത്തിലേ നടത്തു.
അതിപ്പം നാളെയായാലും ശരി നാല് വർഷം കഴിഞ്ഞായാലും ശരി.
ഇത് ഞാനാ പറയുന്നത് താഴത്തിടത്തേ പരമേശ്വരൻ പോറ്റി. അമ്മ സമധാനമായി ഉറങ്ങിക്കോ...
ലിസിക്കൊച്ചേ..... ന്നാ ഈ ഫോണൊന്ന് ഓഫാക്കിയേര്...
കമലാക്ഷിയമ്മ സന്തോഷവതിയായി.
പരമേശ്വരൻ പോറ്റി ഫോണെടുത്ത് കറക്കി.
തനിക്കറിയാവുന്ന സകല ജോതിഷികളേയും വിളിച്ചു പറഞ്ഞു.....
ഈ ജനനത്തീയ്യതിയിലുള്ള പെങ്കൊച്ചിന്റെ എന്ത് കാര്യമറിയാനായി ആര് വന്നാലും എന്നേ അറിയിക്കണേന്ന്.
പുളളി ജോതിഷരത്നങ്ങളുടെ കുലപതിയാണേ അതു കൊണ്ട്
മറ്റാരുടെയും അടുത്ത് ആ ജനനത്തീയ്യതി എത്തിയില്ല.
എത്തിയത് പരമേശ്വരൻ പോറ്റിയുടെ കവടിപ്പലകയ്ക്ക് മുന്നിൽ. വന്നതോ കുട്ടിയുടെ അച്ഛനും അമ്മയും.
അഞ്ച് വർഷമായി കുട്ടിയുടെ വിവാഹം ആലോചിക്കുന്നു പോറ്റിസാറേ.... ഒന്നും നടക്കുന്നില്ല...
എന്തെങ്കിലും.... ദോഷം...?
ചോദ്യം കുട്ടിയുടെ അമ്മയുടേതാണ്.
പോറ്റി കവടിപ്പലകയിൽ ചെറുശംഖുകൾ നിരത്തി കുറേ അധിക സമയം ആലോചനയിൽ മുഴുകിയ ശേഷം പറഞ്ഞു.
എങ്ങനെ നടക്കും....?ഈ കുട്ടിയേ അത്രയധികം സ്നേഹിക്കുന്ന ഒരാളുടെ മനസ്സ് വേദനിപ്പിച്ചാൽ പിന്നെ എങ്ങനെ അതിനൊരു മംഗല്യഭാഗ്യമുണ്ടാകും.
മനസ്സ് വേദനിപ്പിക്കാനോ...? ആരുടെ..?
ഞങ്ങളാരുടെയും മനസ്സ് വേദനിപ്പിച്ചിട്ടില്ല പോറ്റി സാറേ ...
ഉണ്ടല്ലോ.... പ്രശ്നത്തിൽ കണ്ടതാ ഞാൻ പറഞ്ഞത്.
അതും അച്ഛൻബന്ധമുള്ള വീട് വിട്ട് പോയ ആളാണേ ഈ കുട്ടിക്കായി മനസ്സുരുക്കി ജീവിക്കുന്നത്.
അവര് തിരിച്ച് വന്നാലേ ഈ കുട്ടിക്ക് മംഗല്യയോഗമുണ്ടാകു... അത് മാത്രമല്ല ഐശ്വര്യപൂർണ്ണമായ ഒരു കുടുംബ ജീവിതം ആ കുട്ടിക്കുണ്ടാകണമെങ്കിൽ അവരുടെ പ്രാർത്ഥനക്കേ അത് സാധിക്കു അത്രയ്ക്ക് ആത്മബന്ധമാണ് അവളോടവർക്ക്.
നിങ്ങൾ ആലോചിച്ചു നോക്കു.... അങ്ങനെ ആരെങ്കിലുമുണ്ടോ..?
അച്ഛനും അമ്മയും പരസ്പരം നോക്കി.
ദക്ഷിണവച്ചപ്പോൾ പോറ്റി പറഞ്ഞു
അതെടുത്തോളു.... ചില കർമ്മങ്ങൾ പ്രതിഫലം വാങ്ങാതെ ചെയ്യുമ്പോഴേ
അതിന് ഫലമുണ്ടാകു. മകളുടെ നേരക്കുറിപ്പടി എടുക്കാൻ വരുമ്പോൾ തന്നാൽ മതി.
നാല് മാസം കഴിഞ്ഞൊരുനാളിൽ പരമേശ്വരൻ പോറ്റിയുടെ കവടി നിരന്നു.
21-3-1994 ൽ 8 അഞ്ചിന് ജനിച്ച ഗായത്രിയുടെ ജാതകപ്പൊരുത്തം നോക്കാൻ.
നടത്താം.....പത്തിൽ എട്ട് പൊരുത്തമുണ്ടല്ലോ... കുട്ടിക്ക് ദൈവാദീനവുമുണ്ട്. നിങ്ങളുടെ കുടുംബത്തിന്റെ ഐശര്യവും ഞാനിവിടെക്കാണുന്നു.
വീട് വിട്ട് പോയാൾ തിരികെ വന്നൂല്ലേ..?
അതേ പോറ്റി സാറേ.... വന്നതല്ല കൂട്ടിക്കൊണ്ടു വന്നതാണ്.
നന്നായി... അതിന്റെ ഐശര്യം കാണാനുണ്ട്. ആ ഐശര്യം കളഞ്ഞുപുളിക്കരുത്. താനേ കെടുവോളം ആ വിളക്ക് പൂമുഖത്ത് കത്തട്ടെ.... തല്ലിക്കെടുത്താൻ നിൽക്കരുത് എണ്ണ തീരുമ്പോൾ താനേ അണഞ്ഞോളും.
ആ... വിവാഹത്തിന് താൻ കണ്ടിട്ടില്ലാത്ത കമലാക്ഷിയമ്മ മുന്നിൽ തന്നെയുണ്ടെന്നറിഞ്ഞപ്പോൾ
പരമേശ്വരൻപോറ്റി ഒന്ന് മന്ദഹസിച്ചു.
പരമേശ്വരൻപോറ്റിയുടെ അടുത്ത സുഹൃത്ത് ആണ് വരന്റെ അച്ഛൻ അതിനാൽ പോറ്റിക്കും ക്ഷണമുണ്ട് വിവാഹത്തിന്.
വിശ്വാസങ്ങൾ ചിലർക്കേ ഉപകാരപ്പെടുള്ളു എങ്കിലും വിശ്വസിക്കുന്ന ആർക്കും ഉപദ്രവമാകാറില്ല എന്നതാണ് വാസ്തവം.
വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അവർക്കത് ഗുണം ചെയ്യുന്നുണ്ടെങ്കിൽ.
അവിശ്വസിക്കുന്നവർക്ക് ഒരു ചേതവുമില്ലല്ലോ.... പിന്നെന്തിനാ......?
നൂറനാട് ജയപ്രകാശ്......

ആൺതുണ

......Image may contain: 1 person, eyeglasses, selfie and closeup
നരേന്ദ്രൻ മരിച്ചു. ഒപ്പത്തിനൊപ്പം ഓടിക്കൊണ്ടിരുന്ന ഹൃദയം ഒറ്റയടിക്ക് ഓട്ടം നിർത്തിയതാണ് മരണകാരണം.
വലിയില്ല, കുടിയില്ല, കൊഴുപ്പില്ല, പഞ്ചാരയില്ല, രക്തസമ്മർദ്ധമില്ല...
പിന്നെങ്ങനെന്ന് ചോദിച്ചാ..... ഓടിത്തളർന്നപ്പം അതങ്ങ് നിന്നു അത്രതന്നെ. നാട്ടുഭാഷേപ്പറഞ്ഞാ തലേലെഴുത്ത് അല്ലാണ്ടെന്താ....
കമല കരയുന്നു.. മരണമെന്തെന്ന് അറിയാൻ പാകമാകാത്ത മകൻ വയറ് വിശന്നപ്പോ അവനമ്മിഞ്ഞ ചോദിച്ചു അതുകേട്ടവളാർത്തു കരഞ്ഞു.
നാട്ടുപെണ്ണുങ്ങളുടെ നാമം ചൊല്ലലിന്
നടുവിലാണ് നരേന്ദ്രൻ.
മൂന്നാലു ദിവസം പഴക്കമുള്ളതായിട്ടാകണം നാമം ചുരുക്കിചൊല്ലാൻ നാട്ടുപ്രമാണി കനകാംബരൻ നാമപ്രമാണി കനകയുടെ ചെവിയിലോതി.
നരേന്ദ്രനേ കാണാൻ വന്നവർ നാമം ചൊല്ലുന്ന ഭാഗത്തേയ്ക്കും കമലയുടെ കരച്ചിൽ കേൾക്കാൻ വന്നവർ അടുക്കളവഴി അപ്പുറത്തേക്കും പോയി.
കമലയുടെ ചുറ്റും നിന്നവരിൽ ചിലർ താടിക്ക് കൈകൊടുത്തു, ചിലർ പിറുപിറുത്തു, ചിലർ വിതുമ്പി, ചിലർ കുഞ്ഞുമോന്റെ തലയിൽ തലോടി.
നരേന്ദ്രനേ തെക്കോട്ടെടുത്തപ്പോ കമല വാവിട്ട് കരഞ്ഞു. അമ്മ കരഞ്ഞപ്പോ കാര്യമറിയാതെ ആ കുഞ്ഞു പൈതലും കരഞ്ഞു.
കുഴിക്കരയിൽ കുഞ്ഞിന്റെ കൈപിടിച്ച് കർമ്മം ചെയ്യിക്കുന്നത് കണ്ടപ്പം വിതുമ്പി നിന്നവർ വാവിട്ട് കരഞ്ഞു.കരച്ചിലിനിടയിൽ ചിലർ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു.
മായംകണ്ടത്തിലെ കമലാക്ഷി തന്റെ കരച്ചിൽ ബ്രേക്കിട്ട് നിർത്തി അടുത്തുനിന്ന കൂടേത്തേ സരളയുടെ കൈപ്പൊയത്ത് മാന്തി.
കരച്ചിൽ നിർത്താതെ സരള കമലാക്ഷിയേ രൂക്ഷമായി നോക്കി
ഇച്ചായി.... എനിക്ക് പശുനേ കറക്കണം ഞാനങ്ങ് പോവാ...
സരള തലകുലുക്കി അനുവാദം നൽകി
കമലാക്ഷി പിറകിലേക്ക് വലിഞ്ഞ് സ്ഥലം കാലിയാക്കി.
നരേന്ദ്രന്റെ ചിതയിൽ തിരിതെളിഞ്ഞപ്പോൾ നെടുവീർപ്പുകൾ ചിഹ്നഭിന്നമായി.
നരേന്ദ്രന്റെ സഞ്ചയനം മുതൽ കമല കേൾക്കാൻ തുടങ്ങിയതാണ്
മോളേ... നീ ചെറുപ്പമാണേ...
മോളേ... നീ ഒറ്റയ്ക്കാണേ....
മോളേ നിന്റെ മോനൊരച്ഛനേ വേണേ..
മോളേ... നിനക്ക് ഒരു കൂട്ടു വേണം ട്ടോ.
എന്നൊക്കെ...
കാണുമ്പോഴൊക്കെ അത് ആവർത്തിച്ചു പലരും.
കമലയ്ക്ക് ഒരു മറുപിടി മാത്രം അപ്പു വളരട്ടേന്ന്....
പിന്നെയും പലരും ഉപദേശിച്ചു മോളേ നീ ബുദ്ധിമോശം കാണിക്കല്ലേന്ന്.
അപ്പു വളർന്ന് സ്വന്തം കാലിൽ നിൽക്കാറായി എന്ന് കമലയ്ക്ക് തോന്നിയ ഒരു ദിവസം അവളവനോട് ചോദിച്ചു
മോനേ.... അമ്മയ്ക്ക് ഒരു കൂട്ടു വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
ഒരാൾ അമ്മയ്ക്ക് കൂട്ടാവാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ആ... ആളേ അമ്മ കൂട്ടാക്കുന്നതിൽ മോന് എന്തെങ്കിലും വിരോധമുണ്ടോ..?
ഇല്ലമ്മേ.... ഒരിക്കലുമില്ല അമ്മയ്ക്ക് ഒരു കൂട്ടുവേണമെന്നത് എന്റെയും ആഗ്രഹമാണ്. ഞാൻ വയറ്റിപ്പിഴപ്പിനായി എവിടേയ്ക്കെങ്കിലും പോയാൽ അമ്മ ഉറ്റയ്ക്കാകും അതിനാൽ അമ്മയിത് പണ്ടേ ചിന്തിക്കേണ്ടിയിരിന്നു....
അപ്പു പറഞ്ഞു നിർത്തി.
മോനേ...അന്നമ്മയ്ക്ക് ഒരു കൂട്ടുണ്ടായാലും... ഇന്നമ്മയ്ക്ക് ഒരു കൂട്ടുണ്ടായാലും പലരും പലതും പറയും.. നമ്മുടെ നാടല്ലേ.
അന്നമ്മയ്ക്ക് നിന്നേ വളർത്തിയെടുക്കാൻ പലതും ഉപേക്ഷിക്കേണ്ടത് അനിവാര്യമായിരുന്നു.
സമൂഹത്തിനേ അന്ന് എനിക്ക് പേടിയായിരുന്നു.
ഇന്നെനിക്ക് ആരേയും പേടിയില്ല നിന്റെ സമ്മതം മാത്രം മതി.
പാൽ സൊസൈറ്റിയിലായിരുന്നു കമലയ്ക്ക് ജോലി.പാലെടുക്കാൻ വരുന്ന വണ്ടിയിലെ ഡ്രൈവർ അനീഷാണ് കമലയെ കൂടെക്കൂട്ടാമെന്ന് പറഞ്ഞത്.
തന്റേതല്ലാത്ത കാരണത്താൽ ഭാര്യയുമായി പിണങ്ങി കഴിയുകയാണ് അനീഷ്.
അറിഞ്ഞവരറിഞ്ഞവർ മൂക്കത്ത് വിരൽ വച്ചു സഹപ്രവർത്തകർ പോലും. കമലയെ മണത്ത്നടന്ന ചില മുട്ടനാടുകൾക്കായിരുന്നു കൂടുതൽ സോക്കേട്.
ഇവൾക്കിതെന്തിന്റെ കേടാ....?
മുതുകൂത്ത് അല്ലാണ്ടെന്താ പറയുക.
വയസ്സുചെന്നപ്പഴാ അവടെ ഒരു പ്രേമം.
ഓ... ഇതവന്റെ കയ്യിലേ കാശ് കണ്ടോണ്ടാ...
ഇങ്ങനെ നീളുന്നു മാളോരുടെ ഡയലോഗുകൾ.
കമല എല്ലാം കേട്ട് ചിരിച്ചുതള്ളി.
ഒരിക്കൽ എതിരേ വന്ന നാരായണിയേടത്തി ചോദിച്ചു
എടീ.... പെങ്കൊച്ചേ ഞാനീ കേട്ടതൊക്കെ നേരാണോടീ...?
എന്താ... നാരായണിയേടത്തി കേട്ടത്...?
നിന്റെ പുതിയ സമ്മന്തക്കാരന്റെ കാര്യമാ ചോദിച്ചത്.
ആ... അത് ശരിയാ നാരായണിയേടത്തീ... ആലോചിച്ചപ്പോ ഇനിയൊരു ആൺതുണ വേണമെന്ന് തോന്നി.
ഹാ..... നീയാ കൊച്ചനേക്കുറിച്ചോർത്തില്ലല്ലോടീ അവനെന്തു വിചാരിക്കുമെടീ...?
ന്റെ... നാരായണിയേടത്തി ഞാനവനേ ഓർത്താ ഇതുവരെ ഇത് ചിന്തിക്കാതിരുന്നത് ഇപ്പം അവന്റെ സമ്മതത്തോടാ ഈ തീരുമാനമെടുത്തത്.
പിന്നെ നാരായണിയേടത്തി ഒരു 20 വർഷം മുന്നേ എന്റെ പിറകേ എത്ര വട്ടം നടന്നതാ മോളേ നിനക്കൊരു ആൺതുണ വേണ്ടേടീന്നും ചോദിച്ചോണ്ട്..
പിന്നെന്താ ഇപ്പം ഇങ്ങനെ...?
ഡീ.... അന്ന് നിന്റെ പ്രായത്തേ ഓർത്താടീ ഞാനങ്ങനെ പറഞ്ഞത് ഇതിപ്പം.....
എന്ത് ഇതിപ്പം....? എനിക്ക് 44 വയസ്സേ ആയിട്ടുള്ളു നാരായണിയേടത്തി.
പിന്നെ ഒരു ആൺതുണ എന്നത് അന്തിക്കൂട്ടിന് മാത്രമാണെന്ന ധാരണ തെറ്റാണ്.
ആ തുണയ്ക്ക് പ്രായം ഒരു തടസ്സമാകില്ല.
എന്തിന്... നാരായണീയേടത്തീടെ കാര്യം തന്നെയെടുക്കു.
ഒരു മകനുള്ളത് ഭാര്യവീട്ടിലല്ലേ താമസം...? നാരായണിയേടത്തി പശൂനേ വളർത്തീം... കൂലിപ്പണി ചെയ്തും ഒക്കെയല്ലേ ജീവിക്കുന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന60 വയസ്സുള്ള നാരായണിയേടത്തിയുടെ കതകിന് രാത്രിയായാൽ തട്ടലുണ്ടെന്ന് നാരായണിയേടത്തി എന്നോട് പറയാറുണ്ടല്ലോ...?
ഒരാൺതുണ ഉണ്ടായിരുന്നേൽ ആ തട്ടൽ ഉണ്ടാകുമായിരുന്നോ...?
ന്റെ.... നാരായണിയേടത്തി..... കൂടെക്കിടക്കാൻ മാത്രമല്ല ഒരു പെണ്ണിന് ആണിനേ വേണ്ടത്. ഏതൊരു പെണ്ണിനും ഒരാൺതുണ ഉള്ളത് ഒരു വലിയ ധൈര്യമാ. ഒരാൺതുണയുള്ള പെണ്ണിന് ഈ ലോകത്തോട് തന്നെ പോരാടാനുള്ള ചങ്കുറപ്പുണ്ടാകും.
നാരായണിയേടത്തി തലയും കുനിച്ച് നടന്നകന്നു.
നീ.... ആരോടാ കമലേ... ഈ പറയുന്നത്... നിനക്ക് വേറേ ഒരു പണിയുമില്ലേ. ഇത് നമ്മുടെ നാടല്ലേ.. ഇവിടിങ്ങനൊക്കെയല്ലേ...
അപ്പൊപ്പിന്നെ നിനക്ക് നല്ലതെന്ന് തോന്നുന്നത് നീയങ്ങ് ചെയ്യുക അത്രതന്നെ..
ഈ... പറഞ്ഞത് കാര്യമറിഞ്ഞപ്പം ഞാൻ കമലയോട് പറഞ്ഞതാണേ അല്ലാണ്ട് എനിക്കെങ്ങും വയ്യാ എല്ലാരേം പോലെ കമലയെ കുറ്റപ്പെടുത്താൻ......
നൂറനാട് ജയപ്രകാശ്.....

കോമാളി

Image may contain: 1 person, eyeglasses and closeup

.....
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു.
സമയം ഏകദേശം പതിനൊന്നിനോടടുത്തു.
അമ്മ ഡ്യുട്ടിയിലാണ്.രാവിലത്തേ ഷിഫ്റ്റ് കഴിഞ്ഞിറങ്ങി ഒരു ചായബ്രേക്കെടുത്തിട്ട് ഉച്ചയ്ക്കത്തേ ഷിഫ്റ്റിനായി കയറി.
ഉച്ച ഷിഫ്റ്റിലെ പ്രധാന ജോലി അച്ഛൻ രാവിലെ വാങ്ങിക്കൊടുത്ത പത്ത് പതിനഞ്ച് നെയ്മത്തിയുടെ പോസ്റ്റ്മാർട്ടമാണ്.
റിസൾട്ടറിയാൻ തെക്കേതിലെ പുളളിപ്പൂച്ചയും പതിവുകാരൻ കാലൻ കാക്കയും തൊട്ടുമുന്നിൽത്തന്നെയുണ്ട്.
ഞാനാണെങ്കിൽ അകത്തേ ബാത്ത്റൂമിലേ ഫ്ലഷ് വർക്ക് ചെയ്യിക്കാനുള്ള കിണഞ്ഞ ശ്രമത്തിലും.
പുത്തൻപെണ്ണ് വരുമ്പോൾ ഫ്ലഷ് വർക്ക് ചെയ്തില്ലെങ്കിൽ നാണക്കേട് എനിക്കാണേ.
ഏത് പുത്തൻ പെണ്ണാണന്നല്ലേ....?
എന്റെ പെണ്ണേ.....
അടുത്താഴ്ച്ച എന്റെ കല്യാണമാണേ
അച്ഛനും അതിന്റെ ആവശ്യത്തിനായി പുറത്തു പോയേക്കുവാ കാലത്തേ.....
ഇറയത്ത് തൂക്കിയ ഓട്ട്മണി ഇടതടവില്ലാതെ ശബ്ദിച്ചു.
അതൊരു മോഹമായിരുന്നു എനിക്ക്. വീട് ചെറുതാണെങ്കിലും മുൻവാതിലിലെ കതകിൽ ഒരു നിറപറയും നിലവിളക്കും കൊത്തിയതാവണമെന്നും.....
കോളിംഗ് ബെല്ലിന് പകരം ഒരു നാക്കുള്ള ഓട്ട്മണി വേണമെന്നതും.
അത് രണ്ടും സാധിച്ചൂട്ടോ....
" ഉണ്ണീ...... അതാരാന്ന് നോക്കിക്കേടാ...."
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം.
പോസ്റ്റ്മാർട്ടം കഴിഞ്ഞിട്ടുണ്ടാവണം.
ഫ്ലഷിന്റെ പണി പാതിയിൽ നിർത്തി ഞാനെണീറ്റ് കതക് തുറന്നു.
തിണ്ണയിലിട്ടിരുന്ന ചുവന്ന കസേരയിൽ അമ്മുവിന്റെ അച്ഛനിരിക്കുന്നു.
അതേ..... എന്റെ പ്രതിശ്രുതവധു അമ്മുവിന്റെ അച്ഛൻ.
ഞാനെന്തോ ചോദിക്കാൻ തുടങ്ങും മുമ്പേ അദ്ധേഹം പറഞ്ഞു.
"മോനേ.... കുടിക്കാൻ ഇത്തിരി വെള്ളം വേണം... "
അദ്ധേഹം വല്ലാതെ പരവശനായിരുന്നു.
ഞാൻ അടുക്കളയിൽ കയറി അമ്മയോട് കാര്യവും പറഞ്ഞ് ഫ്രിഡ്ജിലിരുന്ന തണുത്ത വെള്ളക്കുപ്പിയുമെടുത്ത് അദ്ധേഹത്തിന്റെ അടുത്ത് എത്തിയതും.....
ആർത്തിയോട് അദ്ധേഹമാ കുപ്പിവാങ്ങി അതിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർത്തു.
എന്താ..... അച്ഛാ കാര്യം വല്ലാണ്ടങ്ങ് ക്ഷീണിതനായിരിക്കുന്നല്ലോ അങ്ങ്...?
അദ്ധേഹം ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.
"എവിടെയോ കല്യാണം ക്ഷണിക്കാൻ പോയി വരുന്ന വഴിയായിരിക്കും അദ്ധേഹം അതാ ക്ഷീണം.... ഞാനിത്തിരി സംഭാരം എടുക്കാം... ആ... ക്ഷീണമങ്ങ് മാറട്ടെ.... "
അമ്മ അടുക്കളയിലേയ്ക്ക് പോയി.
" അച്ഛനെവിടെപ്പോയിമോനേ....?"
അദ്ധേഹമെന്നോട് ചോദിച്ചു.
അച്ഛൻ ആ വണ്ടിക്കാർക്ക് അഡ്വാൻസ് കൊടുക്കാൻ പോയതാ.
" വരാൻ താമസിക്കുമോ മോനേ...?"
ഇത് ചോദിക്കുമ്പോഴേയ്ക്കും അച്ഛന്റെ ഹെർക്കുലീസ് മുറ്റത്ത് ബ്രേക്കിട്ടു.
"ആഹാ.... ഇതാരാ...? എന്താന്നാ ഈ വഴിക്കൊക്കെ...? ക്ഷണമൊക്കെ തീർന്നോ...?"
അച്ഛൻ കുശലാന്വേഷണം നടത്തി സോപാനത്തിലിരുപ്പുറപ്പിച്ചു.
"നിങ്ങളെന്നോട് ക്ഷമിക്കണം... എനിക്കൊരു കാര്യം പറയാനുണ്ട് ഞാനതിനാ വന്നത്.... "
അദ്ധേഹം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അച്ഛനെന്റെ മുഖത്തേയ്ക്ക് നോക്കി.
ഞാനും തെല്ലാശങ്കയിലായി
"എന്താന്നാ... കാര്യം...'' അച്ഛന് ആകാംഷയായി.... എനിക്കും.
"അമ്മു...... അമ്മു.......... "
''അമ്മുവിനെന്തു പറ്റി.. .?"
" അവള് നമ്മെയൊക്കെ ചതിച്ചു..... അവളിന്ന് കാലത്ത് പാലിന് പോയിട്ട് തിരികെ വന്നില്ല അടുത്തുള്ള ഒരു ഓട്ടോക്കാരനുമായി അടുപ്പത്തിലായിരുന്നു എന്ന്. അവന്റെ വീട്ടിലുണ്ടെന്നാ അറിയാൻ കഴിഞ്ഞത്.."
ഇത് കേട്ടുകൊണ്ടുവന്ന അമ്മയുടെ കയ്യിലിരുന്ന സംഭാരപ്പാത്രം താഴെവീണു ചിതറി....
"ഈശ്വരാ..... ചതിച്ചോ....?എന്തൊരു തന്തയില്ലാഴ്കയായിപ്പോയി.... ''
അച്ഛൻ പൊട്ടിത്തെറിച്ചു.
"ദൈവമേ..... നാട്നീളെ കല്യാണവും ക്ഷണിച്ചല്ലോ.... എന്തൊരു നാണക്കേടായിപ്പോയി.... ഇനി മനുഷ്യരുടെ മുഖത്തെങ്ങനെ നോക്കും..?"
അമ്മയും ഉച്ചത്തിലെന്തൊക്കെയോ പുലമ്പി...
"തന്റെ വളർത്തുദോഷമാടോ.....കാരണം
ഒന്നേയുള്ളേലും ഉലക്കയ്ക്കടിച്ച് വളർത്തണമെന്നാ.... പഴമക്കാര് പറയുന്നേ... താനത് ചെയ്തില്ല അതാ പറ്റിപ്പോയത്.... എങ്ങാണ്ട് പന്നക്കൂട്ടങ്ങള്...."
അച്ഛന്റെ ശകാരവർഷങ്ങൾ ഒന്നൊന്നായി ആ മനുഷ്യന്റെ മേൽ പതിക്കുമ്പോഴും കുനിഞ്ഞിരുന്ന് കരയുകയാണ് ആ പാവം... താനിതെല്ലാം കേൾക്കാൻ അർഹനാണ് എന്ന മട്ടിൽ.
പൊന്നുപോലെ വളർത്തിയ മകളുടെ വക സമ്മാനം.
അച്ഛാ..... വേണ്ടച്ഛാ....അദ്ധേഹത്തേ ഒന്നും പറയരുത് ഈ പാവം എന്ത് പിഴച്ചു...? നമുക്കുമില്ലേ ഒരു പെൺകുട്ടി..?
നാളെ അച്ഛനും ഈ അവസ്ഥയിൽ മറ്റൊരു വീട്ടിൽ ഇങ്ങനെ ഇരിക്കില്ലെന്നുറപ്പുപറയാനാകുമോ...?
" ഇല്ലെടാ...... ഞാനിങ്ങനെ ഇരിക്കില്ല. ഇങ്ങനെ ഒരവസ്ഥ എനിക്ക് വന്നാൽ അവള് പോയി പൊറുക്കുന്ന വീട്ടുമുറ്റത്ത്
പിറ്റേന്ന് കാലത്ത് എന്റെ ജഡം കണ്ടാവും അവളുണരുന്നത്...."
അച്ഛൻ വാചാലനായി.
ഇല്ലച്ഛാ.... അങ്ങനെയൊന്നും സംഭവിക്കില്ല.... വെറുതേ പറയുന്നതാ അതൊക്കെ.... അങ്ങനെ സംഭവിച്ച ചരിത്രവുമില്ല.
നമ്മൾ ഇദ്ധേഹത്തിന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കച്ഛാ.... ഒറ്റമകളുടെ വിവാഹത്തിനായി എല്ലാമൊരുക്കി കാത്തിരുന്ന ഈ അച്ഛനല്ലേ നാണക്കേടും മാനക്കേടും....?
നമുക്കെന്ത്....? ക്ഷണിച്ചവരോട് കാര്യം പറയുക ഒരിത്തിരി ബുദ്ധിമുട്ടുണ്ടാകും എന്നാലും ഈ മാതാപിതാക്കൾ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ എന്തായിരിക്കും അച്ഛാ ഇപ്പോൾ...?
കണ്ണുംതുടച്ച് തലയും കുനിച്ച് ആ മനുഷ്യൻ ഞങ്ങൾക്കിടയിലൂടെ മുറ്റത്തേയ്ക്കിക്കിറങ്ങി.
ആ... മുഖത്ത് എന്തൊക്കെയോ തീരുമാനിച്ചുറച്ച പോലെയുള്ള ഭാവമായിരുന്നു അപ്പോൾ.
ഞാൻ പേടിച്ചു.... അച്ഛൻ പറഞ്ഞപോലെ
ഇദ്ധേഹമെന്തെകിലും കടുംകൈ......?
ഞാനും അദ്ധേഹത്തിന് പിറകേ മുറ്റത്തേയ്ക്കിറങ്ങി.
"നീയിനി.... എങ്ങോട്ടാടാ....? അങ്ങേരുടെ പിറകേ.... നീയങ്ങേരേ ആശ്വസിപ്പിക്കാൻ പോകാതെ കല്യാണം മുടങ്ങിയെന്ന് എല്ലാരോടും വിളിച്ചു പറയാൻ നോക്ക്.
ബോംബേന്നും, ബാഗ്ലൂരീന്നും, ചെന്നേന്നും വരാനിരിക്കുന്നവർ അവരുടെ ടിക്കറ്റെങ്കിലും ക്യാൻസൽ ചെയ്യട്ടെ.
അച്ഛൻ എനിക്ക് നേരേ തിരിഞ്ഞു.
''അതേയതേ...... അതെങ്കിലും നടക്കട്ടെ "
അമ്മയും അച്ഛനൊപ്പം കൂടി.
റോഡിലേയ്ക്കിറങ്ങിയപ്പം ആ മനുഷ്യൻ എന്റെ കരങ്ങൾ കവർന്ന് അദ്ധേഹത്തിന്റെ നെഞ്ചോട് ചേർത്തു.
"മോനെന്നോട്.... പൊറുക്കണം.... എനിക്കാമോനേ... തെറ്റ് പറ്റിയത്... ഞാനാ തെറ്റുകാരൻ... "
അദ്ധേഹം കൊച്ചു കുട്ടികളേപ്പോലെ വിതുമ്പി.....
താങ്കളെന്ത്പിഴച്ചു....??
ഞാൻ കാണാൻ വന്നപ്പോഴും ആ കുട്ടിയോട് ചോദിച്ചതല്ലേ.... ആരെങ്കിലും മനസ്സിലുണ്ടോന്ന്....?
അന്നവൾ പറഞ്ഞു അങ്ങനെയൊന്നുമില്ലെന്ന്.... അതോ... ഇതിപ്പം അത് കഴിഞ്ഞ് ഇഷ്ടം തോന്നിയതാണോ....?
"അല്ല മോനേ.... അവൾക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടെന്ന് അവളെന്നോട് പറഞ്ഞാരുന്നു. ഞാനാണതെതിർത്തത്
അവളൊരു ഓട്ടോക്കാരന്റെ കൂടെ ജീവിക്കുന്നത് കാണാനല്ല മോനേ ഈയച്ഛൻ കൊതിച്ചത്.... "
"മോൻ വരുന്ന ദിവസം ഞാനാണവളോട് പറഞ്ഞത് അവന്റെ കാര്യമെങ്ങാനം ഇവിടെ മിണ്ടിയാൽ എന്റെ ശവം നീ കാണുമെന്ന്.... അതാ.... അന്നവളങ്ങനെ പറഞ്ഞത്. "
അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്.... അപ്പോൾ നിങ്ങളാണ് തെറ്റുകാരൻ... നിങ്ങൾ മാത്രം.
പെൺകുട്ടികളുടെ മനസ്സു കാണാൻ ഇന്നത്തെ മാതാപിതാക്കൾ ശ്രമിക്കുന്നില്ല... പ്രത്യേകിച്ച് അച്ഛൻന്മാർ.
അവരുടെ ഇഷ്ടങ്ങൾ എന്തെന്ന് മനസ്സിലാക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഇന്ന് പലരും.
അപ്പോളാണ് ഈ അബദ്ധങ്ങൾ സംഭവിക്കുന്നത്... ഒന്ന് ചോദിക്കട്ടെ... ഈ ഓട്ടോക്കാരൻ സ്വജാതിയാണോ...?
" അതേ.... മോനേ... ന്നാലും...."
എന്റെ മാഷേ.... നിങ്ങളേത് ലോകത്താ ജീവിക്കുന്നത്....? നന്നായി കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ ഇന്ന് ഒരു ഓട്ടോക്കാരൻ ആയിരവും രണ്ടായിരവും വരെ സമ്പാദിക്കും ഒരു ദിവസം.
വൈകിട്ട് അവന്റെ കുടുംബത്തോടൊപ്പമിരുന്ന് അവന് അത്താഴമുണ്ണാനും കഴിയും.
ഞങ്ങളേപ്പോലുള്ള പ്രവാസികൾക്ക് അതിലൊരിത്തിരികൂടി കൂടുതൽ കാശ് കിട്ടിയെന്നിരിക്കാം (ചിലർക്ക്).
അല്ലാതെ നിങ്ങളുടെ മോൾക്ക് അവളാഗ്രഹിക്കുന്ന രീതിയിൽ ഒരു ജീവിതം കൊടുക്കാനാവില്ല ഒരു പ്രവാസിക്ക്.
കെട്ടിക്കഴിഞ്ഞ് പിറ്റേമാസം പോകുന്ന ഞാൻ വരുന്നത് ചിലപ്പോൾ ഒന്നോ രണ്ടോ വർഷം കഴിഞ്ഞായിരിക്കാം.
ഈ.... ജീവിതത്തേക്കാൾ എത്രയോ നല്ലതാണ് ആ ഓട്ടോക്കാരനുമായുള്ള ജീവിതം...?
അവന്റെ കുടുംബവുമായുള്ള ആ ജീവിതമാണ് അവനുള്ള മിച്ചം.
ഒരു മിനിട്ട് താങ്കളിവിടെ നില്ല് ഞാനിപ്പം വരാം.
കല്യാണം കഴിഞ്ഞ് പുത്തൻപെണ്ണുമായി കറങ്ങി നടക്കാൻ ഞാൻ വാങ്ങിയ പുത്തൻ ബുള്ളറ്റിന്റെ പിറകിൽ അമ്മുവിന്റെ അച്ഛനേയും കയറ്റി അവളിറങ്ങിപ്പോയ വീട് ലക്ഷ്യമാക്കി ഞാൻ നീങ്ങി.
വീടിന്റെ പടിയ്ക്കൽ വണ്ടി വച്ച് ഞങ്ങളിരുവരും മുറ്റത്തേയ്ക്ക് കടക്കവേ നിരവധി ആളുകൾ ഞങ്ങൾക്ക് ചുറ്റും കൂടി.
ഞങ്ങളെന്തോ പ്രശ്നം സൃഷ്ടിക്കാൻ വന്നതാണെന്ന ധാരണയിൽ.
മുന്നിൽ നിന്ന ആ ഓട്ടോക്കാരനോട് ഞാൻ പറഞ്ഞു.
സുഹൃത്തേ ഞങ്ങളൊരു പ്രശ്നം ഉണ്ടാക്കാനോ കുട്ടിയേ കൂട്ടിക്കൊണ്ടുപോകാനോ വന്നതല്ല.
എനിക്ക് ആ പെൺകുട്ടിയോട് ഒരു വാക്ക് ചോദിക്കണം അത്രമാത്രം..
ആദ്യം ഓട്ടോക്കാരനും കൂട്ടുകാരും അതിനനുവദിച്ചില്ല. അപ്പോ.... ഓട്ടോക്കാരന്റെ അച്ഛനാണ് അമ്മുവിനേ മുറ്റത്തേയ്ക്ക് വിളിച്ചിറക്കിയത്.
അതിൽനിന്നൊരു കാര്യം എനിക്ക് മനസ്സിലായി അയാളും ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കണം.
ഞാനവളോട് പരസ്യമായി ചോദിച്ചു ഏതായാലും നിനക്കെന്നേ വേണ്ടാന്ന് വച്ച സ്ഥിതിക്ക്.... എനിക്ക് നിന്നേയും
വേണ്ടാ.. അപ്പോൾ പിന്നെ നിശ്ചയിച്ച ദിവസം തന്നെ നിനക്കിഷ്ടപ്പെട്ട ആളുമായി നിന്റെ വിവാഹം നടത്തിത്തരാൻ നിന്റെ അച്ഛന് സമ്മതമാണെങ്കിൽ അതല്ലേ നല്ലത്...?
നിനക്ക് ഒളിച്ചോടി എന്ന നാണക്കേടും മാറും ഇദ്ധേഹത്തിന് കുടുംബത്തിന്റെ മാനവും രക്ഷിക്കാം....
എന്ത് പറയുന്നു....?
എങ്ങും നിശബ്ദത.. അവൾ ഓട്ടോക്കാരന്റെ മുഖത്തേയ്ക്ക് നോക്കി.
നിങ്ങൾക്കാർക്കും ഒരു നഷ്ടവും വരില്ല. നഷ്ടം എനിക്കാണ് എന്റെ കുടുംബത്തിനാണ്.അത് ഞാൻ സഹിച്ചോളാം.
വേണമെങ്കിൽ എനിക്ക് മാനനഷ്ടത്തിന് കേസുകൊടുക്കാം.... ഞാനെന്തിനാ ഈ പാവത്തിനേ ക്രൂശിക്കുന്നത്...?
അദ്ധേഹം ഒരച്ഛന്റെ സ്ഥാനത്ത് നിന്നേ കാര്യങ്ങൾ കണ്ടുള്ളു. മകളുടെ മനസ്സ് കാണാൻ അദ്ധേഹം ശ്രമിച്ചില്ല എന്നതാണ് സത്യം.
ഒരാളേ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരാളുടെ മുഖത്ത് നോക്കി അയാളേ ഇഷ്ടമാണെന്ന് ഒരിക്കലും ഒരു പെൺകുട്ടി പറയരുത്....
അതിനി ആര് ചാവുമെന്ന് പറഞ്ഞാലും ആരും ചാവാൻ പോണില്ല അത് പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.
പക്ഷേ..... ഒരു കാര്യമോർക്കുക പെണ്ണ് കാണാൻ വരുമ്പോൾ കണ്ട പെണ്ണ് എനിക്കിഷ്ടമായി എന്ന് ഒരാണിന്റെ മുഖത്ത്നോക്കി പറയുമ്പോ.... അവന്റെ മനസ്സിൽ വിരിയുന്ന മഴവില്ലിന് ഏഴ് നിറമല്ല എഴുപത് നിറങ്ങളായിരിക്കും.
ആ... നിറം മങ്ങിപ്പോകുമ്പോഴുള്ള അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ പറയാനാകു.....
ഇപ്പോൾ ഇവിടെ കോമാളിയായത് ഞാനാണ്.... ഞാൻ മാത്രം...
സാരമില്ല ജീവിതത്തിൽ എല്ലാ വേഷവും കെട്ടണമെല്ലോ... വില്ലനും ... നായകനും... കോമാളിയും എല്ലാം... എങ്കിലല്ലേ ആ നാടകത്തിന് തിരശ്ശീല വീഴു...
ആ.... ഓട്ടോക്കാരന്റെ അച്ഛൻ എണീറ്റ് വന്ന് എന്റെ കരം ഗ്രഹിച്ച് പറഞ്ഞു.
" അങ്ങ്.... വലിയവനാണ്..... വലിയ മനസ്സിനുടമയാണ്.... അങ്ങയെ ദൈവം രക്ഷിക്കട്ടെ.... "
വീർപ്പുമുട്ടിനിന്ന അമ്മു അവളുടെ അച്ഛന്റെ നെഞ്ചിലേക്ക് വീണ് ആർത്ത് കരഞ്ഞു....
ഞാനെന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഒന്നുകൂടി അവിടേയ്ക്ക് നോക്കി....
ആ..... മുറ്റത്ത് നിന്ന പത്ത്നൂറ് കണ്ണുകളിൽ നിന്ന് കനവ് പെയ്യുന്നുണ്ടായിരുന്നു.....
ഞാനതിൽ നനയുന്നതിന്റെ ഒരു സുഖമറിയുന്നുണ്ടായിരുന്നു.....
നൂറനാട് ജയപ്രകാശ്......

പ്രണയമെന്തെന്ന് പ്രവാസി...?

Image may contain: 1 person, eyeglasses and closeup


ഒരിക്കലൊരു സന്ധ്യയ്ക്ക് അവളെന്റെ അരികിലെത്തി.
മുറ്റത്തൊരു കസേരയെടുത്തിട്ട് അന്തിക്കാറ്റും ഏറ്റ് കള്ള് മോന്തുകയാണ് ഞാൻ.
അവൾ വന്നപ്പോൾ ഞാനവളേ തുറിച്ചു നോക്കി. ഇതെന്തേ ഇപ്പോ ഇങ്ങനെ തോന്നാനെന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്നവൾക്ക് മനസ്സിലായി.
"കറണ്ട് പോയി മനുഷ്യാ.... അതാ വന്നത്..."
അതാന്ന് പറ അല്ലാണ്ട് ഈ സമയത്ത് നിന്നേ കണി കാണാൻ കിട്ടില്ലെന്നെനിക്കറിയാമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ കയ്യിലുരുന്ന കടലാസ് കുമ്പിളിലെ തണുത്ത കപ്പലണ്ടിയിൽ നാലെണ്ണം ഞാനവൾക്ക് നേരേ നീട്ടി...
അവളത് വാങ്ങി വായിലിട്ട് ചവച്ചോണ്ട് എന്നോടൊരു ചോദ്യം...
"നിങ്ങളാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...?"
ഞാനവളേ വീണ്ടും തുറിച്ചു നോക്കി....
എന്റെ തുറിച്ചു നോട്ടങ്ങളുടെ അർത്ഥം ഏകദേശം അവൾക്ക് അറിയാമായിരുന്നു.
വർഷം പത്തിരുപത്തെട്ടായേ.... കൂടെ പൊറുക്കാൻ തുടങ്ങീട്ട്...
ഇപ്രായത്തിലും പ്രണയമോ...? എന്നാണാ നോട്ടത്തിലെ ചോദ്യമെന്നവൾ മനസ്സിലാക്കി.
"ഇപ്പഴല്ല... മനുഷ്യാ എപ്പോഴെങ്കിലും..?"
കയ്യിലിരുന്ന ഗ്ലാസിലെ ബാക്കി വച്ച ഒരു കവിൾ കള്ള് ഞാൻ വായിലേക്കൊഴിച്ച് നിവർന്നിരുന്നു.
അതൊരു... കഥയാ... പറയാനാണേൽ ഒത്തിരിയുണ്ട്. ഞാമ്പറഞ്ഞു.
" ചുരുക്കിപ്പറയണം കറണ്ട് വന്നാൽ ഞാനങ്ങ് പോകും.... " അവള് പറഞ്ഞു.
ഞാമ്പറഞ്ഞു തുടങ്ങി.......
പ്രണയമെന്തെന്ന് അറിവില്ലാത്ത കാലത്ത് കളിക്കൂട്ടുകാരി രമണിയോടൊരിഷ്ടം തോന്നി.
ഒന്നിച്ച് പഠിക്കുകയും ഒന്നിച്ച് കളിക്കുകയും ചെയ്ത ആ കളിക്കൂട്ടുകാരിക്കൊച്ചിനോട് തോന്നിയ ആ ഇഷ്ടത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
എന്തോ... മനസ്സിൽ കണ്ട് എന്നേ വളർത്തിയ അച്ഛൻ ആ ഇഷ്ടം മുളയിലേ നുള്ളി.
കോളേജിൽ പഠിക്കുമ്പോ (I.T.I )
എന്നും ബസ്സിൽ യാത്ര ചെയ്യുന്ന സഹയാത്രികയായ പെങ്കൊച്ചിനോട് ഒരിഷ്ടം തോന്നി. ഇത്തിരികൂടി പക്വതയാർന്ന ഒരിഷ്ടം.
ആദിക്കാട്ട്കുളങ്ങരക്കാരി ഒരു സുനിത.
അതവളേ അറിയിച്ചപ്പം അവൾക്കും അങ്ങനെയാണെന്ന്.
രണ്ട് പേരും രണ്ടിടത്ത് പഠിക്കുന്നതിനാൽ പരസ്പരം മനസ്സ് തുറക്കാൻ സമയമില്ല.
അവൾ MSM കോളേജിൽ പ്രീഡിഗ്രി
അപ്പോളവളാണ് പറഞ്ഞത് പറയാനുള്ളത് എഴുതിത്തരാൻ.
എഴുതിയപ്പോഴാണ് കൂട്ടുകാർ പറഞ്ഞത് ഇതാണ് പ്രണയലേഖനമെന്ന്.
കണ്ടാൽ ഏതോ ചുളയുള്ള വീട്ടിൽ പിറന്നതാണെന്ന് കരുതി അവളുടെ പ്രണയലേഖനങ്ങളിൽ ചാന്തും , പൊട്ടും ,കൺമഷിയും , വളയുമൊക്കെയായിരുന്നു വിഷയം.
പിന്നീടാകട്ടെന്ന് പറഞ്ഞ് ഞാനത് നീട്ടിക്കൊണ്ട് പോയത് നിവർത്തികേടുകൊണ്ടാണെന്ന് അവളറിഞ്ഞപ്പോൾ അധികം വൈകിയിരുന്നില്ല.
"ഇന്നെന്റെ ചോറ് നീ... കഴിക്കെന്നും " പറഞ്ഞ് അവളവളുടെ വട്ടപ്പാത്രം എനിക്ക് നേരേ നീട്ടിയപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.
തിരികെ എന്റെ ചോറ്പൊതി അവള് വാങ്ങിയപ്പോൾ എന്റെ വിടർന്ന കണ്ണുകൾ താനേയടഞ്ഞു....
പിറ്റേന്ന് അവൾ തന്ന പ്രണയ ലേഖനത്തിലെ വിഷയം ദാരിദ്രവും.... പച്ചരിച്ചോറും... മുളക് ചമ്മന്തിയുമായിരുന്നു.
അവളുടെ വട്ടപ്പാത്രം പോലും വാങ്ങാൻ മെനക്കെടാതെ ബസ്സ് മാറി യാത്ര ചെയ്തപ്പോഴാണ് ഞാനെന്നോടത് പറഞ്ഞത്.
പ്രണയം നിനക്ക് പറ്റില്ല അതിനിത്തിരി ദുട്ടിന്റെ ചിലവുണ്ടെന്ന്.
ദുട്ടിറക്കിയ ഒരു കളിയ്ക്കും ഞാനില്ലെന്ന് പറഞ്ഞ് സമാധാനിച്ച് പിന്മാറി. അല്ല.... അത് ദുട്ടില്ലാഞ്ഞിട്ട് തന്നെയായിരുന്നു.
വടക്കേ ഇൻഡ്യയിൽ ജോലി ചെയ്യുമ്പോൾ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരന്റെ പെങ്ങളോടൊരിഷ്ടം തോന്നി ഒരിക്കലവന്റെ വീട്ടിൽ പോയപ്പോൾ.
ഒരു മലയാലപ്പുഴക്കാരി ജഗത.
വീട്ടിൽ വന്ന് വിവരം പറഞ്ഞപ്പോൾ ഞാൻ പോയി ചുറ്റുപാടൊക്കെ ഒന്ന് കാണട്ടെയെന്നായി അച്ഛൻ.
ചുറ്റുപാട് കണ്ടേച്ചുവന്ന അച്ഛൻ പറഞ്ഞു "വേണ്ടാ നമുക്ക് ചേരുന്ന ബന്ധമല്ലിതെന്ന് "
എന്നേ വിറ്റ്കിട്ടുന്ന സ്വർണ്ണവും പണവും കൊണ്ട് അച്ഛന്റെ മോളേക്കെട്ടിക്കാമെന്ന മോഹവുമായി നടക്കുന്ന അച്ഛന് മൂന്ന് അനുജത്തിമാരും മൂന്നിടങ്ങഴി മണ്ണിലൊരു കൂരയുമുള്ള ചുറ്റുപാട് എങ്ങനെ ഇഷ്ടപ്പെടാനാ...?
എനിക്കവളേ മതീന്ന് തറപ്പിച്ച് പറഞ്ഞപ്പം വാക്കുറപ്പിച്ച പെങ്ങളുടെ ചെക്കൻവീട്ടുകാർക്ക് ഇരുപതിനായിരം രൂപാ കൊടുക്കണം അതവരോട് തരാൻ പറയെന്നായി സ്നേഹനിധിയായ എന്റെ അച്ഛൻ.
ഇത് ഞങ്ങളേക്കൊണ്ട് കൂട്ടിയാൽ കൂടില്ല കുഞ്ഞേന്ന് പാവപ്പെട്ട ജഗതയുടെ വീട്ടുകാർ പറയുമ്പോൾ എന്റെ നെഞ്ചിലൊരു വിങ്ങൽ മിന്നി മറഞ്ഞു.
കാൽക്കാശിന് പോങ്ങില്ലാത്തോനേ... നീയെന്തിനാടാ ആ പാവം കൊച്ചിന് ആശകൊടുത്തതെന്ന് ആ വിങ്ങിയ മനസ്സ് എന്നോട് ചോദിച്ചു.
ഉടൻതന്നെ ഞാൻ കെട്ടണമെന്നായി അച്ഛൻ.
ഇരുപത്തിമൂന്ന് വയസ്സും അൻപത് കിലോ ഭാരമുളള ഒരു ശരീരവും മാത്രം സ്വന്തമായുള്ള ഞാനെങ്ങനെ ഒരു പെണ്ണിനേ പോറ്റുമെന്നാലോചിക്കാതെ അച്ഛനേ അക്ഷരംപ്രതി അനുസരിച്ചു ഞാൻ.
ആ... എന്നാലിനി കല്യാണം കഴിഞ്ഞ് പ്രണയിക്കാമെന്ന് കരുതി.
കറ്റാനത്ത്കാരി ഒരു ലേഖ.
അതായത് നീ.....
ഡീ.... ദേ...കറണ്ടുവന്നു നീ പോന്നില്ലേ...?
ഞാനവളേ ഓർമ്മപ്പെടുത്തി.
" ആ.... കറണ്ടൊക്കെ വരട്ടെ.... നിങ്ങള് ബാക്കി പറ.... "
ബാക്കി കേൾക്കാനുള്ള ആവേശമവളിൽ സുനാമി പോലെ പൊങ്ങി.
ബാക്കിയെന്തുവാ ഇരുപതിനായിരം ആര് ആദ്യം തരുന്നോ അവർക്ക് ഞാൻ സ്വന്തം. അച്ഛന്റെ ആഹ്വാനം.
പതിനയ്യായിരം തരാമെന്ന് പറഞ്ഞോരോടു പോലും അച്ഛൻ പറഞ്ഞു ഇരുപതിനായിരത്തിൽ ഒരു പൈസ കുറയില്ലെന്ന്.
ഇരുപതിനായിരത്തിന്റെ ഫിക്സഡ് റേറ്റ് സ്റ്റിക്കർ എന്റെ നെറ്റിയിലൊട്ടിച്ചിരുന്നു അച്ഛൻ.
അങ്ങനെ ഇരുപതിനായിരം രൊക്കം കയ്യിലുണ്ടായിരുന്ന നിന്റെ വീട്ടുകാർക്ക് നറുക്ക് വീണു. അവർ വിലയുറപ്പിച്ചു.
കാശും കൊണ്ട് വന്നപ്പം നിന്റെ ഒരമ്മാവൻ എന്നോട് ചോദിച്ചു...
"എന്താ.... ഇത്ര കൊച്ചിലേ.... കെട്ടുന്നേന്ന്...?"
പെങ്ങളേ കെട്ടിക്കാനാണെന്ന് ഞാനന്ന് പറഞ്ഞില്ല മറ്റെന്തോ പറയാൻ തുനിഞ്ഞപ്പോ നിന്റെ മൂത്ത ആങ്ങളയാ പറഞ്ഞത് നേരത്തേ ആ ജോലിയങ്ങൊതുക്കുവാന്ന്.
കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന നിന്റെ മുഖത്ത് ആ ഇരുപതിനായിരത്തിന്റെ ഗമ ഞാൻ കണ്ടു.
ഇടയ്ക്ക് നീയത് പറയാതെ പറയുകയും ചെയ്തു.
എങ്കിലും ഞാൻ കരുതി ഇനിയിവളേ പ്രണയിച്ച് തുടങ്ങാമെന്ന്.
അങ്ങനെ ഞാനൊന്ന് പ്രണയിച്ച് തുടങ്ങിയപ്പോഴാ ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നത്.
നിന്റെ സ്വർണ്ണം വിറ്റ് ഞാൻ ഗൾഫിന് പറന്നപ്പോൾ ഞാനാണ് നിങ്ങൾക്ക് ജോലി വാങ്ങിത്തന്നത് എന്ന ഭാവം നിന്റെ കത്തുകളിൽ എനിക്ക് വായിക്കാനായി .
എനിക്ക് അന്ന് തോന്നിത്തുടങ്ങിയ ആ പ്രണയം ഒരിത്തിരി കുറഞ്ഞ പോലെ.
ആ.. ഇനിയൊരു കുട്ടിയായിക്കഴിയുമ്പോൾ പ്രണയിച്ച് തുടങ്ങാമെന്ന് കരുതി അന്ന് ഞാൻ.
നിനക്കൊരു കുട്ടിയായപ്പം മുതൽ നിന്നെയെനിക്ക് പ്രണയിക്കാൻ കിട്ടിയിട്ടേയില്ല.
നിനക്കെപ്പോഴും നിന്റെ കുഞ്ഞിന്റെ കാര്യം.എന്നാലിനി ഒരു കുട്ടി കൂടി ആയിക്കഴിയുമ്പോൾ ഈ കലാപരുപാടിക്കൊരു അന്ത്യമാകുമല്ലോ... അപ്പോൾ സ്വസ്ഥമായി പ്രണയിക്കാമെന്ന് കരുതി സമാധാനിച്ചു ഞാൻ.
അതും സ്വാഹ.....
അപ്പോൾ നീ കൂടുതൽ തിരക്കിലായി കുട്ടികളുടെ വളർച്ച അവരുടെ പഠിത്തം അവരേക്കുറിച്ചുള്ള ആശങ്ക അങ്ങനെയങ്ങനെ പോയി കാര്യങ്ങൾ.
എന്നാലിനി അവരേ കെട്ടിച്ച് വിട്ടേച്ച് വിശാലമായി പ്രണയിക്കാമെന്ന് കരുതിയപ്പം നീ പഴയതിലും കൂടുതൽ കാര്യശേഷിയുള്ളവളായി.
അവരുടെ ജോലി.... ശർഭകാലപരിചരണം... ഇളയവളേ കെട്ടിക്കാനുള്ള ധനസമാഹരണം... അങ്ങനെ പലതും.
രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞപ്പോൾ പ്രവാസം മതിയാക്കി ഇനിയെങ്കിലും പ്രണയിക്കാമെന്ന മോഹവുമായി നാട്ടിലെത്തിയപ്പോൾ നിന്നിലേ പ്രണയം നശിച്ച് തുടങ്ങിയിരുന്നു.
മൂത്ത മകളുടെ പ്രസവമെടുക്കാൻ ഷാർജയ്ക്ക് പുറപ്പെടാനുള്ള തിരക്കിലായിരുന്നു നീ...
ആ... ഇനി ഒരു മൂന്ന് മാസം കഴിഞ്ഞ് നീ വരുമ്പോൾ പ്രണയിക്കാമെന്ന് കരുതിയിരുന്ന എനിക്ക് എപ്പോഴോ ഈ കള്ളിനോട് പ്രണയം തോന്നി.
നീ... വരുമെന്നറിയിച്ചതിന് ഒരാഴ്ച്ച മുന്നേ ഞാൻ നിന്നേ പ്രണയിക്കാൻ തയ്യാറെടുത്തു.
മനസ്സിൽ ഒരു മരവിപ്പ് കള്ളിനോടല്ലാതെ ആരോടും പ്രണയം തോന്നുന്നില്ല.
ഞാനൊരു ഡോക്ടറേ കണ്ടു. ഉള്ള വിവരങ്ങൾ തുറന്നു പറഞ്ഞു. സാറേ എനിക്കിപ്പോൾ കള്ളിനോടല്ലാതെ ഒന്നിനോടും പ്രണയം തോന്നുന്നില്ല.
വിശദമായ പരിശോധനയ്ക്കൊടുവിൽ അയാൾ പറഞ്ഞു.
ഷുഗറും , പ്രഷറും , കൊളസ്ട്രോളും ഉള്ള അൻപത് വയസ്സ് കഴിഞ്ഞ ഒരു പ്രവാസിക്ക് ഇനി കള്ളിനോടല്ലാതെ മറ്റൊന്നിനോടും പ്രണയം തോന്നില്ലാന്ന്.
അതേ.... അയാൾ പറഞ്ഞത് ശരിയാണ് എനിക്കിപ്പോൾ ഈ കളളിനോടല്ലാതെ മറ്റൊന്നിനോടും പ്രണയം തോന്നുന്നില്ല....
പ്രവാസിക്ക് പ്രണയമില്ലെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ സത്യം.
കസേരയ്ക്ക് പിറകിലായി എന്റെ തോളിൽ പിടിച്ചുനിന്നിരുന്ന അവളുടെ കണ്ണിൽ നിന്നിറ്റിയ രണ്ട് തുള്ളി കണ്ണീർ എന്റെ നെറ്റിയിൽ വീണ് ചിന്നിച്ചിതറി.....
നൂറനാട് ജയപ്രകാശ്.....

ഞാൻ മതി.... ഞാൻ മാത്രം.

Image may contain: 1 person, eyeglasses and closeup

"ദൈവമേ..... അങ്ങ് ചത്താ മതിയാരുന്നു "
ഞങ്ങളിരുവരും മാത്രമുള്ള ഒരു പകലിന്റെ പകുതിയിലവൾ മൊഴിഞ്ഞു.
ആര്.... എന്റെ ഓൾ.
ഗ്യാസുതീർന്ന കാരണത്താൽ രാവിലെ പാലിന് പോയിവരുമ്പോൾ വാലേത്തയ്യത്ത് വീണ്കിടന്ന് കിട്ടിയ ഓലമടൽ വെട്ടിക്കീറുകയാണവൾ.
ഓലക്കാല് വേറേ.... മടല് വേറേ....
വാക്കുകളിലേ അരിശം അവൾ മടലിനോട് തീർക്കുകയാണ്.
രാവിലെ അവള് തന്ന കട്ടൻ ചായയ്ക്ക് കടുപ്പമില്ലാരുന്നെന്നും പറഞ്ഞ് രണ്ടാമതൊന്നുകൂടി അവളേക്കൊണ്ടിടീപ്പിച്ച് അത് തിണ്ണയ്ക്കിരുന്ന് ഊതിയൂതിക്കുടിച്ച് പത്രം വായിക്കുകയാണ് ഞാനും.
" നീ.... വെറുതേ മനുഷ്യരെ കൊതിപ്പിക്കല്ലേടി പെമ്പറന്നോത്തി....
കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലമായി ഞാനിത് കേക്കണ്....
ഇപ്പം അങ്ങനെ ഒരു മോഹം എന്റെ മനസ്സിപ്പോലുമില്ല"....
" അതല്ലേലുമെനിക്കറിയാം നിങ്ങക്കെന്നോട് ഒരു തരി സ്നേഹമില്ലെന്ന്..... "
" ആഹാ.... അത് കൊളളാമെല്ലോടീ ഉവ്വേ..... ഇത്ര കൃത്യമായി എന്റെ മനസ്സ് എങ്ങനെ വായിച്ചെടുത്തു നീയ്...."
" ആട്ടേ..... നിനക്കിപ്പം ഇങ്ങനെ തോന്നാൻ എന്താ കാരണം...? ചത്താ മതീന്ന്....?"
"ഓ..... ഇതുപോലൊരു പൊട്ടൻ..... ചാവനൊന്നുമല്ല മനുഷ്യാ ഈ പറേന്നത്.... ഒരു കുട്ടിയൊക്കെ ആയിക്കഴിയുമ്പം എല്ലാ പെണ്ണുങ്ങൾക്കും തോന്നിത്തുടങ്ങും ഭർത്താവിന് തങ്ങളോട് പഴയതുപോലെ സ്നേഹമില്ലെന്നും തന്നേ... പഴയതുപോലെ ശ്രദ്ധിക്കുന്നില്ലെന്നും ഒക്കെ...."
"അപ്പം.... ഇങ്ങനെ ഒരു നമ്പര് കാച്ചിയാ ചിലപ്പോ.. ഓടിവന്ന് അയ്യോ.... അങ്ങനെയൊന്നും പറയല്ലേ മോളേ... നീയില്ലെങ്കിൽ പിന്നെ എനിക്കെന്ത് ജീവിതം....? ഞാൻ ചത്തു കഴിഞ്ഞേ നീ ചാകാവു എന്നാ എന്റെ പ്രാർത്ഥന പോലും...."
"ഇങ്ങനൊക്കെ പറയും എന്നു കരുതിയാ ഞങ്ങളീ... തന്ത്രം പയറ്റുന്നത്... അപ്പോ.... സ്നേഹം കാണിക്കാൻ പിശുക്ക് കാണിക്കുന്ന ആണുങ്ങള് അത് കേൾക്കാത്ത മട്ടിലിരിക്കും... "
"പക്ഷേ.... മനസ്സിപ്പറയുന്നുണ്ടാവും.... ഞാനീപ്പറഞ്ഞതൊക്കെ... കൊന്നാലും അത് കേക്കെപ്പറയില്ല..."
"നമ്മുടെ കാര്യം തന്നെയെടുക്ക്.... എന്നേ കൊണ്ടുവന്നന്ന് രാത്രി ഓർമ്മയുണ്ടോ നിങ്ങൾക്ക്.... നമ്മുടെ ആദ്യരാത്രി..."
"അന്ന് എന്റെ അരികിലിരുന്ന് എന്നോട് പറഞ്ഞതിൽ ഒന്നെങ്കിലും ഓർമ്മയുണ്ടോ നിങ്ങൾക്ക്...?"
ഞാൻ മൗനം പാലിച്ചു....
"എവിടെ.... ഓർക്കാൻ....
എന്നാൽ ഞാൻ പറയാം എനിക്ക് മറക്കാൻ പറ്റില്ലല്ലോ പിന്നീട് ഒരിക്കൽക്കൂടി ഞാൻ കേൾക്കാൻ കൊതിച്ച ആ വാക്കുകൾ..."
"പറയട്ടെ... ഞാൻ പറയട്ടേന്ന്... കേൾക്കണോ മനുഷ്യാ നിങ്ങൾക്ക്....?"
കോൾക്കാമെന്നായി ഞാൻ.....
"എന്റെ പൊന്നേ....നിന്നേപ്പോലൊരു പെണ്ണിനേ കിട്ടിയത് എന്റെ ഭാഗ്യമാ..... എന്ത് അഴകാടോ.... തന്നേക്കാണാൻ... ദൈവം എനിക്കായി കരുതിവച്ചിരുന്ന പോലെ...."
"മ്മള്... ഒന്നിച്ച് റോഡിക്കൂടി നടക്കുമ്പം ന്റെ ചങ്ങായികള് കൊതിക്കും... അവനേതയാലും കോളടിച്ചെന്ന് അടക്കത്തിപ്പറയും... അതിന് പകരം മ്മടങ്ങുമുണ്ടൊരെണ്ണം എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളെരുതാത്ത ഒന്ന്.... "
" അവരുടെ ആ പറച്ചില് കേൾക്കുമ്പോൾ അഭിമാനത്തോടെ ഞാൻ നെഞ്ചും വിരിച്ച് നിന്റെ കൈയ്യും പിടിച്ച് നടന്നു പോകും"
"മനുഷ്യാ.... അന്ന് ലൈറ്റണയും മുമ്പേ നിങ്ങടെ വായീന്ന് വീണ ആ ഒലിപ്പീര് പിന്നെന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.... അത് ഒരു വട്ടം കൂടിയൊന്ന് കേൾക്കാൻ ഞാനെത്ര കൊതിച്ചെന്നറിയാമോ..."
"ടീ.... പോത്തേ നീ ആദ്യം ഗർഭിണിയായിട്ടിരുന്നപ്പം മസാലദോശ തിന്നണമെന്ന് കൊതിപറഞ്ഞ നിനക്ക് ഞാൻ രണ്ട് മസാലദോശ ആ... സാമിയണ്ണന്റെ കടേന്ന് ചൂടോടെ വാങ്ങിച്ചോണ്ടു വന്നതോർമ്മയുണ്ടോ....?"
"അന്ന്... നീ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ ആക്രാന്തമെടുത്തത് തിന്നുന്നത് കണ്ട് അന്തംവിട്ടിരുന്ന എന്നോട് നീ പറഞ്ഞത്
എന്ത്... രുചിയായേട്ടാ ഇതിന്... ഇതെങ്ങനെയാ ഇത്ര ടേസ്റ്റിയായി ഉണ്ടാക്കുന്നത്.... അടിപൊളി.. എന്നൊക്കെയല്ലേ...."
"ആ.... വാക്കും കേട്ട് പിറ്റേന്നും ഞാൻ വാങ്ങിവന്ന രണ്ട് മസാലദോശകളിൽ ഒന്ന് തിന്നത് എന്റെ അമ്മയാ.മറ്റേത് നീ... തിന്നുമ്പോൾ ഇന്നലത്തെ ആർത്തിയോ... പുകഴ്ത്തലുകളോ ഒന്നും കേട്ടതുമില്ല കണ്ടതുമില്ല..."
"പിറ്റേന്ന്... ഒന്ന് വാങ്ങി വന്നപ്പോൾ നീയതിന്റെ പകുതി തിന്നു ബാക്കി എന്നേക്കൊണ്ട് തീറ്റിച്ചു... "
"അതിന്റെ പിറ്റേന്ന് ഞാൻ മസാലദോശയുമായി വന്നപ്പോൾ നീ പറഞ്ഞത് എന്നുമിതേയുള്ളോ... ആദ്യമത് കൊള്ളാമെന്നൊന്ന് പറഞ്ഞു പോയി അതിനിപ്പം ദേ.... എന്നുമതുതന്നെ... ഇനിയീ കുന്തം ഇവിടെങ്ങും കൊണ്ടു വന്നേക്കരുത്..."
"അതുപോലാടീ... പൊട്ടിക്കാളി എല്ലാക്കാര്യങ്ങളും കണ്ടിട്ടില്ലാത്തതിനോടും കൊണ്ടിട്ടില്ലാത്തതിനോടും ആദ്യമൊക്കെ ഭയങ്കര ആർത്തിയായിരിക്കും.... "
"അതിപ്പം.. ആഹാരമായാലും... സിനിമാ ആയാലും..... പെണ്ണായാലും.... പ്രണയമായാലും...."
"അപ്പം.... ഞാൻ പറഞ്ഞുവന്നതെന്താന്നു വച്ചാൽ..... "
"മതി.... മതി.... ഇനീം നിങ്ങളൊരു കുന്തോം പറയേണ്ടാ ..."
കയ്യിലിരുന്ന വെട്ടോത്തിയെടുത്തൊരേറു കൊടുത്തേച്ച് അവളടുക്കളേലോട്ട് കേറിപ്പോയി .
ഞാൻ പത്രത്തിലേക്ക് വീണ്ടും കണ്ണെറിഞ്ഞു.
"ഇന്നാ..... ഇത് കുടി.... ഒത്തിരി വായിട്ടലച്ചതല്ലേ.... ക്ഷീണം കാണും... "
തലയുയർത്തി നോക്കിയപ്പം കയ്യിലൊരു മൊന്തയുമായി അവള്.
മൊന്തയിൽ നല്ല ഒന്നാന്തരം മോരും വെള്ളം....
അത് വാങ്ങിക്കുടിച്ചോണ്ടിരിക്കുമ്പം അവളുടെ അടുത്ത ചോദ്യം.
"ഞാനെങ്ങാനും ചത്തുപോയാ.... നിങ്ങള് വേറേ കെട്ടുമോ മനുഷ്യാ.... ?"
ഞാനൊരൊറ്റച്ചുമ..... മോരും വെള്ളത്തിൽ ഞെരടിയ കാന്താരിയുടെ എരി എന്റെ നെറുകയിൽ കയറിയതാണേ... ആ ചോദ്യം കേട്ട്.
ഉച്ചിയിൽ ചെറുതായി തട്ടിക്കൊണ്ടവൾ തുടർന്നു. അതെന്ത് ചോദ്യമാ ഞാൻ ചോദിച്ചത്... നിങ്ങള് നൂറ് വട്ടം കെട്ടും.."
"എന്റെ... നെഞ്ചത്തേ മണ്ണുണങ്ങുന്നേന് മുന്നേ നിങ്ങള് കെട്ടും അതെനിക്കറിയാം.... "
" അപ്പം... ഞാൻ വേറേ കെട്ടരുതെന്നാണോ നീയീ പറയുന്നത്...." ഞാൻ ചോദിച്ചു.
"വേണ്ടാ..... നിങ്ങടെ മനസ്സിൽ ഞാനല്ലാതെ മറ്റാരും കാണരുത് അത് ഞാൻ ചത്താലും ഇല്ലേലും...."
" അപ്പം നമ്മുടെ ഇത്തിരിപ്പോരാത്ത മക്കളെ ആര് വളർത്തും.... " ഞാൻ
" നിങ്ങള് വളർത്തണം... " അവൾ
"എടീ... അവര് രണ്ട് പെൺകുഞ്ഞുങ്ങളല്ലേ...? അവരേ അമ്മമാര് തന്നെ വളർത്തണം... അതാ അതിന്റെ ശരി.... " ഞാൻ
" അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അത് അടയ്ക്കാമരമായാലോ....?"
ഞാൻ വിട്ടില്ല.
"അതെന്താ.... പെൺകുട്ടികളേ അച്ഛൻ വളർത്തിയാൽ വളരില്ലേ...?" അവൾ
"എടീ.... അതല്ല പറഞ്ഞത്.. അമ്മയുടെ കൂടെ നിന്ന് വളരാത്ത പെൺകുഞ്ഞുങ്ങൾക്ക് പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും....."
"കണ്ടില്ലേ.... നമ്മുടെ കിഴക്കേലേ... രവിയുടെ മോൾ അവളും വളർന്നു അമ്മയില്ലാതെ... ന്നാലും എന്തോ ഒരു അപാകതയില്ലേ... ആ കുട്ടിക്ക്....?"
" ആ.... ഇത്തിരി അപാകത ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങള് രണ്ടാമത് കെട്ടരുത്...."
" അത്... ശെരി പിളേളര് എങ്ങനെ ആണേലും വേണ്ടില്ല ഞാൻ കെട്ടുന്നതിലാ നിനക്ക് പ്രശ്നം.. അല്ലേ....?"
" അതേ.... അതു തന്നാ എന്റെ പ്രശ്നം....വേണ്ടാ അങ്ങനിപ്പം നിങ്ങള് സുഹിക്കേണ്ടാ.... "
"എടീ.... അതിനിപ്പം നീ ചത്തില്ലല്ലോ.... പിന്നെന്തിനാ അതിനേപ്പറ്റിപ്പറഞ്ഞ് നീ.. ബഹളമിടുന്നത്...."
"നിങ്ങടെ ഈ മനസ്സിലിരുപ്പ് കാരണം എനിക്ക് മനസ്സമാധാനമായി ചാവാനൊക്കൊമോ..? ഇനി ചത്താലും എനിക്ക് സ്വസ്ഥത കിട്ടുമോ..?
എന്തോന്ന് സ്വസ്ഥത അതെന്നേ പോയതല്ലേ..... "
പിറുപിറുത്തു കൊണ്ടവൾ മോര്മൊന്തയും പിടിച്ചു വാങ്ങി അകത്തേയ്ക്ക് പോയി.
ഞാനാ പത്രത്തിലെ വായിച്ചതിന്റെ ബാക്കി ഭാഗത്തേയ്ക്ക് കണ്ണ് പായിച്ചു.
തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ ബാധ്യതകളില്ലാത്ത മുപ്പത്തിരണ്ട് കാരിക്ക് പങ്കാളിയേ ആവശ്യമുണ്ട്.... ബാധ്യതയുള്ളവരേയും പരിഗണിക്കും....
നൂറനാട് ജയപ്രകാശ്.....

ലിംഗഭേദം.

.....Image may contain: നൂറനാട് ജയപ്രകാശ്, outdoor
എട്ടാ... ആ ഫർണ്ണിച്ചറുകടയിലൊന്നു നിർത്തണേ.സിറ്റിയിലെ തിരക്കിനിടയിൽ കൂടി കാറോടിച്ചുകൊണ്ടിരിക്കുന്ന അരുണിനോട് ഭാര്യ കവിതയുടെ നിർദ്ധേശം.
അതെന്തിനാ അവിടെ നിർത്തുന്നത്.? നിനക്കെന്തോ തുണകൾ വാങ്ങാനുണ്ടെന്നല്ലേ പറഞ്ഞത്.? അരുണിന്റെ സംശയം.
അതൊക്കെയുണ്ട് ഏട്ടൻ പറഞ്ഞതങ്ങ് കേട്ടാൽ മതി. കവിത ആവിശ്യത്തിലുറച്ചു നിന്നു.
പെണ്ണേ അവിടെങ്ങും പാർക്ക് ചെയ്യാൻ പറ്റില്ല. അല്ല എന്തിനാന്ന് പറഞ്ഞില്ല നീയ്.
പറയാം ഏട്ടൻ വണ്ടി നിർത്ത്.
ഫർണ്ണിച്ചറുകടയിൽ കയറി കവിത തൊട്ടിലുകളിരുന്ന ഭാഗത്തേയ്ക്ക് നീങ്ങിയപ്പോൾ അരുണിന് കാര്യം മനസ്സിലായി.
എടോ... ഈ ഏഴാം മാസത്തിലേ താൻ തൊട്ടില് തപ്പി നടക്കുന്നതെന്തിനാ.. അതിനൊക്കെ ഇനി സമയമുണ്ട്. ചിരിച്ചു കൊണ്ട് അരുണിന്റെ അഭിപ്രായം.
എനിക്കൊരു ചന്ദനത്തൊട്ടില് വേണം അതാ ഞാൻ നോക്കി നടക്കുന്നത്. എന്റെ മോൻ ചന്ദനത്തൊട്ടിൽ കിടന്നുറങ്ങുന്നത് കാണണം അതെന്റെയൊരു മോഹമാ.
ഓ.... മോൻ നീയൊന്നു പോ പെണ്ണേ എന്റെ മോൾ ചന്ദനക്കട്ടിലിലും ഒന്നും കിടക്കില്ല ഇപ്പോളേ അവൾ വയറ്റിൽ കിടന്ന് ചാട്ടം തുടങ്ങി. അരുണും വിട്ടില്ല
അതിന് വച്ച വെള്ളം അങ്ങ് വാങ്ങിയേര് ഏട്ടാ മോളല്ല മോനാണേ.
ലേബർ റൂമിന്റെ വരാന്തയിലെ ബഞ്ചിൽ അരുണിന് ഇരിക്കാനാവുന്നില്ല ഒരിടത്ത് നിൽക്കാനാവുന്നില്ല നടക്കാനുമാവുന്നില്ല.
മോനവിടിരി ആ.. കൊച്ച് പ്രസവിക്കട്ടെ.
ഇത് ഞാനെത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ ഒരു വയോധികൻ അരുണിനേ നോക്കിപ്പറഞ്ഞു.
മൂപ്പീന്നിന് അത് പറയാം. ഇവിടെ ബാക്കിയുള്ളോരുടെ ഉള്ളിൽ തീയാ.. അരുൺ മനസ്സിൽ പറഞ്ഞു.
കവിതയുടെ ഭർത്താവാരാ...? ഒരു ശുഭ്രവസ്ത്രധാരണി ഡോറിൽ പ്രത്യക്ഷപ്പെട്ടു. അരുൺ കാറ്റിനേ വെല്ലുന്ന വേഗത്തിൽ അവരുടെ അടുത്തേയ്ക്ക്.
ഞാനാ....
കവിത പ്രസവിച്ചു ഇത്തിരി കോംപ്ലിക്കേറ്റഡ് ആയിരുന്നു.
എന്ത് കുഞ്ഞാ... ആണോ പെണ്ണോ..?
ദേ... കിടക്കുന്നു അതാപ്പോ നന്നായത് ഈ ആൾക്കാരുടെ എല്ലാം ആകാംഷ ജനിക്കുന്ന കുഞ്ഞിന്റെ ലിംഗം അറിയാനാ അല്ലാണ്ട് ഇത്രയും വേദന സഹിച്ച് പ്രസവിച്ച സ്ത്രീ എങ്ങനെയുണ്ടെന്ന് ആർക്കുമറിയേണ്ടാ.
കുട്ടി ആണാണോ പെണ്ണാണോന്നാ എല്ലാർക്കുമറിയേണ്ടത്.പ്രസവം ഇത്തിരി കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്ന് ഞാൻ പറഞ്ഞിട്ട് പോലും ഇയാള് ചോദിച്ചത് കുഞ്ഞ് ആണോ പെണ്ണോന്നാ. അല്ലാണ്ട് അവളെങ്ങനെയെന്നല്ല.
തള്ള ജീവനോടുണ്ടെങ്കിൽ കുഞ്ഞ് ഇനിയുമുണ്ടാകും അനിയാ...
സോറി സിസ്റ്റർ ഞാനത്രയ്ക്കങ്ങോട്ട് ചിന്തിച്ചില്ല ഒരച്ഛനായതിന്റെ സന്തോഷം എന്നേക്കൊണ്ടത് ചിന്തിപ്പിച്ചില്ല.
അരുൺ ക്ഷമ ചോദിച്ചുകൊണ്ട് തന്റെ ഭാഗം വിശദീകരിച്ചു.
സാരമില്ല ഞങ്ങൾക്കിത് പുതുമയൊന്നുമല്ല ഞാനീ ആശൂത്രീ വന്നിട്ട് ആറ് കൊല്ലം കഴിഞ്ഞു. അന്നു മുതൽ ലേബർ റൂമിലാണ് ഇതുവരെ നടന്നിട്ടുള്ള പ്രസവങ്ങളിൽ ആരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ചോദ്യമുണ്ടായിട്ടില്ല തള്ളയെങ്ങനെന്ന്.?
എനിക്കതല്ല സംശയം കൂട്ടി ഏതായാലും വളർത്തിയല്ലേ പറ്റു..? പിന്നെന്തിനാ ഇങ്ങനെയൊരു ചോദ്യം.?
നമ്മുടെ മക്കളിൽ നമുക്കെന്തിനാ ലിംഗഭേദം...? ആ......
അവരകത്തേയ്ക്ക് പോയി.
ഇന്ന് ആകാശിന്റെ പത്താം പിറന്നാളാണ് .കേക്ക് വാങ്ങി വന്ന അരുൺ കണ്ടത് കണ്ണാടിയിൽ നോക്കിയിരിക്കുന്ന ആകാശിനെയാണ്.
എന്തുവാടാ എപ്പനോക്കിയാലും നിനക്കിത്ര ഒരുക്കം പെൺപിള്ളേര്മാതിരി..? ആളുകൾ വരാൻ സമയമായി മതി ഒരുങ്ങിയത് അരുൺ ആകാശിനേ വഴക്കു പറഞ്ഞോടിച്ചു.
ചെറുപ്പം മുതൽ അങ്ങനെയാണ് ആകാശ് കണ്ണെഴുതുന്നതും പൊട്ടു തൊടുന്നതും ഒക്കെയവന് ഒത്തിരിയിഷ്ടമാണ്.
ഇവനെന്തേ... ഇങ്ങനേന്ന് ചോദിച്ച അരുണിനോട് കവിത പറഞ്ഞത്...
കുഞ്ഞല്ലേയേട്ടാ അവൻ വളരുമ്പോൾ മാറിക്കോളം എന്നാണ്.
പക്ഷേ വളർന്നപ്പോൾ അത് കൂടുകയല്ലാതെ കുറഞ്ഞില്ല.
ഒരിക്കൽ സ്കൂളിലെ ആകാശിന്റെ ക്ലാസ് ടീച്ചർ അരുണിനേ കണ്ടപ്പോൾ പറഞ്ഞു...
ആകാശ് പഠിക്കാൻ മിടുക്കനാണ് സ്കൂളിൽ ഒന്നാമനും ആണ് പക്ഷേ കൂട്ട് എപ്പോഴും പെൺകുട്ടികളുമായി മാത്രം. അതെന്താന്ന് ഒരു പിടിയും കിട്ടുന്നില്ലാന്ന്.
കുട്ടിയേ ഒരു നല്ല ഡോക്ടറേ കാണിക്കു എന്നും.
ഒരിക്കൽ കവിത പറഞ്ഞ കാര്യം അരുണിന്റെ മനസ്സിലേക്ക് കടന്നു വന്നു. താനെങ്ങോ പോയി വന്നപ്പോൾ മോൻ എന്റെ പഴയ ഒരു ചുരീദാറും ഇട്ട് നിൽക്കുന്നു എന്ന്.
പിന്നെ താമസിച്ചില്ല അരുൺ അവനേയൊരു നല്ല മനോരോഗ വിദഗ്ദനേ കാണിച്ചു.
പരിശോധനയ്ക്കൊടുവിൽ വളരെ വിഷമത്തോടെയാണയാൾ പറഞ്ഞത് നിങ്ങളുടെ മകൻ ഒരു ട്രാൻസ്ജണ്ടർ ആണെന്ന്.
ദൈവമേ..... എന്റെ മോൻ..
അരുണിനത് വിശ്വസിക്കാനായില്ല.
നിങ്ങൾ വിഷമിക്കരുത് അവനേ അവഗണിക്കുകയുമരുത്. ഇതാരുടെയും കുറ്റമല്ല നിങ്ങളുടെയോ അവന്റെയോ. ദൈവത്തിന്റെ വികൃതിയാണ്.
ആരും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവനേ പ്രത്യേകിച്ചും. നിങ്ങളാണ് സൃഷ്ടിച്ചത് അതിനവന് എന്ത് ചെയ്യാനാകും..?
പിന്നൊരിക്കൽ
അച്ഛന്റെ വിഷമം കണ്ട ആകാശ് അരുണിന്റെ അടുത്തെത്തി പറഞ്ഞു
അച്ഛനെന്നേ പഠിപ്പിക്കു ഞാൻ പാഴാകില്ല.എനിക്കുമുണ്ടൊരു വ്യക്തിത്വം അച്ഛനേയും അമ്മയേയും ഞാൻ സംരക്ഷിക്കും... ഇതെന്റെ വാക്കാണ്.....
അഷിത.... ആരാണ്...? ഇന്റർവ്യു ഹാളിലെ ഓഫീസ് റൂം ബോയിയുടെ ചോദ്യം.
ആകാശ് എണീറ്റു ഞാനാണ്... അഷിത.
അതേ അവനിപ്പോൾ അഷിതയാണ്.
ആരും കണ്ടാൽ കൊതിക്കുന്ന ഒരു തനി നാടൻ പെണ്ണ്.
ബോഡ്മെമ്പറന്മാരുടെ മുന്നിലിരിക്കുമ്പോൾ അവൻ തെല്ലും പരിഭ്രമിച്ചില്ല. ചോദ്യങ്ങൾക്കൊക്കെ കൃത്യമായി ഉത്തരവും പറഞ്ഞു. അതും ഇംഗ്ലീഷിൽ....
MBA കഴിഞ്ഞയാൾക്ക് ഇംഗ്ലീഷിനാണോ പഞ്ഞം.
ട്രാൻസ്ജണ്ടർ ആണല്ലേ....?
അതിലൊരുവൻ ചോദിച്ചു.
അതേന്നവൻ തുറന്നടിച്ചു.... സോറി....ന്നും പറഞ്ഞ് ബയോഡാറ്റാ തിരികെക്കൊടുക്കുമ്പോൾ അത് വാങ്ങിയ ആകാശ് പറഞ്ഞത് ഇറ്റ്സ് ഓക്കേ എന്നാണ്.
എസ്ക്യൂസ് മി..... ബോഡിന്റെ ചെയർമാൻ ഇടപെട്ടു...
ആ ബയോഡാറ്റ ഒന്ന് തിരികെത്തരു.എല്ലാം പരിശോധിച്ച അദ്ധേഹം തന്റെ സഹപ്രവർത്തകരോട് ചോദിച്ചു.
എന്ത് കാരണത്താലാണ് ഇവർ ഈ ജോലിക്ക് അർഹയല്ലതായത്... എന്നൊന്നു വിശദീകരിക്കാമോ..?
അത്.... സാർ.... ഒരു.. ട്രാൻസ്ജണ്ടർ എന്നൊക്കെ പറയുമ്പം...
ഫക്ക്.... അപ്പ്... മരിക്കാറായില്ലേ ഈ ലിംഗഭേദം....? ഇവർ ഒരു ട്രാൻസ്ജണ്ടർ ആണെന്ന് ബയോഡാറ്റയിൽ രേഖപ്പെടുത്തിയതുകൊണ്ടു മാത്രമല്ലേ നിങ്ങൾക്കത് മനസ്സിലായത്....?
അവരവിടെ ഫീമെയിൽ എന്നെഴുതിയിരുന്നെങ്കിൽ നിങ്ങൾ അറിയുമായിരുന്നോ....? ഇവരേ നിങ്ങൾ അപ്പോയിമെന്റും ചെയ്തേനേ.
എനിക്ക് വേണ്ടത് എന്റെ സ്ഥാപനത്തിന് വേണ്ടത് അവരുടെ കഴിവാണ്. അത് തെളിയിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.
ലിംഗഭേദം നോക്കിയല്ലാ കഴിവ് തീരുമാനിക്കുന്നത്. ആണായാലും പെണ്ണായാലും ട്രാൻസ്ജണ്ടറായാലും സ്ഥാപനത്തിലെ ജോലികൾക്ക് അവർ പ്രാപ്തരാണെങ്കിൽ അവരേ നിയമിക്കാൻ എന്താണ് തടസ്സം...?
ഇവിടെ ഇന്ന് നടന്ന ഇന്റർവ്യൂവിൽ എല്ലാവരേക്കാളും ഈ ജോലിക്ക് ഉചിതമായത് ഇവർ തന്നെയാണ് അത് നിങ്ങൾക്കുമറിയാം.പിന്നെ അവരൊരു ട്രാൻസ്ജണ്ടറായതു കൊണ്ട് അവർക്കർഹതപ്പെട്ടത് നഷ്ടമാകരുത്.
ബയോഡാറ്റയിൽ സെക്സ് എന്ന കോളത്തിൽ എഴുതിയിരുന്ന ട്രാൻസ്ജണ്ടർ വെട്ടിക്കളഞ്ഞ് അവിടെ ഫീമെയിൽ എന്നെഴുതിയ ചെയർമാൻ
യു... ആർ അപ്പോയിന്റഡ് അഷിതാ എന്നും പറഞ്ഞ് കൈ കൊടുത്ത് പിരിയുകയായിരുന്നു.......
ലിംഗം.... അത് തീരുമാനിക്കുന്നത് ഞാനോ നീയോ അല്ല.... അത് നോക്കി ആ ആളിന്റെ വ്യക്തിത്വം അളക്കരുത് ഞാനൊരു പുരുഷനായതോ നീയൊരു സത്രീയായതോ മറ്റൊരാൾ ഇതു രണ്ടു മല്ലാതായതോ നമ്മുടെ കുറ്റമല്ല.... അവരേ അവഗണിക്കരുത്.... നമ്മളിലൊരാളായി പരിഗണിക്കണം...
നൂറനാട് ജയപ്രകാശ്.....

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo