ആ യാത്ര


" വയനാടും ഊട്ടിയും തന്നെയല്ലേ പോകുന്നത് മാറ്റമൊന്നും ഇല്ലല്ലോ ".
ഇല്ല അച്ചു... ഇനി പോകാൻ ഉള്ളവർ പൈസ അടച്ചാൽ മാത്രം മതി.. നമ്മുടെ കോളേജ് ജിവിതത്തിൽ ഓർത്തിരിക്കാൻ ഇതൊക്കെയേ ഉണ്ടാകു നല്ലപോലെ എന്ജോയ്‌ ചെയ്യണം ഇ യാത്ര... നിന്നോട് ഒരു കാര്യം പറയാൻ വിട്ടു.. നിന്റെ ബെസ്റ്റ് ഫ്രണ്ടില്ലേ രേവതി അവൾ വരുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു..ക്യാഷ് പ്രശ്നം ആണെന്ന് തോന്നുന്നു.. നി രണ്ടു ദിവസം ലീവ് അല്ലായിരുന്നോ നിന്നോടവൾ പറഞ്ഞോ.. നീതു ചോദിച്ചു.
ടൂർ പ്ലാൻ ചെയ്ത കാര്യമൊക്കെ എന്നോട് പറഞ്ഞിരുന്നു. വേറൊന്നും പറഞ്ഞില്ല.. അവളെന്തേ കണ്ടില്ലല്ലോ...
"റസ്റ്റ്‌ റൂമിൽ ഉണ്ടാകും.. ഇ അവർ ഫ്രീ അല്ലായിരുന്നോ...പ്രിയയും കൂടെ ഉണ്ടായിരുന്നു...
"നിങ്ങൾ ബാക്കിയൊക്ക പ്ലാൻ ചെയ്തോ.. അവളുടെ പേരും ചേർത്തേക്കണം.. ഞാൻ ഒന്ന് നോക്കിയിട്ട് വരാം.. "
പേരൊക്കെ ചേർത്തേക്കാം പക്ഷെ നാളെത്തന്നെ പൈസ എത്തിച്ചേക്കണം... മനോജ്‌ ആണ് അത് പറഞ്ഞത്..
30 പേരടങ്ങുന്ന ഞങ്ങളുടെ മലയാളം ബാച്ചിൽ അകെ രണ്ട് പുരുഷ പ്രജയെ ഉള്ളു അതിലൊരാൾ ആണ് അവൻ.. എല്ലാം പെൺകുട്ടികൾ ആയത് കൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ അവൻ ചെയ്യും...
കൂടുതൽ ഒന്നും പറയാതെ ഞാൻ രേവതിയെ തിരക്കി ഇറങ്ങി.. റസ്റ്റ്‌ റൂമിൽ തന്നെ ആളുണ്ട്..
" നി എന്താ ഞാൻ വരും മുൻപ് ഇങ്ങോട്ട് പോന്നത്.. അതൊക്കെ പോട്ടെ ടൂർ വരുന്നില്ലെന്ന് പറഞ്ഞതെന്താ നീ.. അവസാന വർഷമല്ലെടി നമ്മുടെ കോളേജ് ലൈഫ്.. അപ്പോൾ ടൂർ അടിച്ചു പോളിക്കണ്ടേ "
എടാ വീട്ടിലെ കാര്യം നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.. അച്ഛന് വയ്യാതിരിക്കുന്ന സമയം പണത്തിന് നല്ല ഞെരുക്കവും.. ഞാൻ എങ്ങനെ ടൂർ പോകാൻ പൈസ ചോദിക്കും "
"എന്റെ രേവു നീ അതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട.. നിനക്കും കൂടിയുള്ള പൈസ ഞാൻ അച്ഛനോട് ചോദിച്ചിട്ടുണ്ട്.. അച്ഛൻ തരും.. നീ പോകാനുള്ളതെല്ലാം പായ്ക്ക് ചെയ്താൽ മാത്രം മതി..
" അച്ചു വേണ്ടടാ.. അവളുടെ കണ്ണുകളിലിൽ നനവിന്റെ വെട്ടം തെളിയുന്നത് ഞാൻ കണ്ടു..
ദേ രേവു കൂടുതൽ സെന്റിയടിക്കാതെ വാ അടുത്ത അവർ ധന്യ മിസ്സാ പാണിനീയം ഞാൻ നോക്കി തീർന്നിട്ടില്ല.. മിസ്സ്‌ എത്തുന്നതിനു മുൻപ് അത് മനഃപാഠമാക്കാം...
പിറ്റേന്ന് തന്നെ ടൂർ പോകാനുള്ള ഞങ്ങളുടെ രണ്ട് പേരുടെയും പൈസ ഞാൻ അടച്ചു.. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ആഴം കണ്ടിട്ട് ചിലർക്കു അസൂയയും തോന്നിട്ടുണ്ടാകും...
അങ്ങനെ പോകുന്ന ദിവസം വന്നെത്തി.. എല്ലാരും വളരെ സന്തോഷത്തിൽ ആയിരുന്നു.. ബസിൽ കേറി സീറ്റൊക്കെ പിടിച്ചു.. ഞാനും രേവും ഒരു സീറ്റിൽ തന്നെ സ്‌ഥാനം പിടിച്ചു... ആദ്യം വയനാട്... കേട്ടറിവ് മാത്രമുള്ള കാടും മലകളും ഞങ്ങളെ വിസ്മയിപ്പിച്ചു.. ഒപ്പം റോഡരികിൽ നിൽക്കുന്ന കാട്ടു മൃഗങ്ങളും.. ആ തണുത്ത അന്തരീക്ഷം എല്ലാവരുടെയും മനസ്സ് കുളിർത്തു.. ഒരു ദിവസം കൊണ്ട്‌ വയനാട്ടിലെ ഏകദേശം എല്ലാ ടൂറിസ്റ്റ് പ്ളസുകളും ഞങ്ങൾ കവർ ചെയ്തു.. രാത്രി തന്നെ അവിടുന്ന് തിരിച്ചു.. ഊട്ടിയാണ് ലക്ഷ്യം... രാവിലത്തെ കറക്കം എല്ലാവരെയും ക്ഷീണിതാർ ആക്കിയിരുന്നു... തമിഴ്നാട്‌ കയറിയപ്പോൾ തന്നെ ഒരുപാട് രാത്രി ആയി.. എല്ലാവർക്കും എവിടെയെങ്കിലും ഒന്ന് കിടന്നു ഉറങ്ങണമെന്നേ ഉണ്ടാരുന്നുള്ളു.. മിസ്സിനോട് മനോജ്‌ പറഞ്ഞു നമ്മുക്ക് എവിടേലും സ്റ്റേ ചെയ്യാമെന്ന്... സാറും അത് സമ്മതിച്ചു.. പിന്നെ റൂം അന്വേഷിച്ചുള്ള ഓട്ടം... ആദ്യം കണ്ട ഹോട്ടലിന്റെ മുൻപിൽ തന്നെ ബസ്‌ നിർത്തി...അവിടവിടെ ആയി കുറച് സ്ത്രീകളെ കണ്ടപ്പോൾ ടീച്ചർ സാറിനോട് പറഞ്ഞു നമ്മുക്ക് വേറെ നല്ല ഏതെങ്കിലും ഹോട്ടൽ നോക്കാം.. ഇവിടെ അത്ര കൊള്ളില്ലെന്ന് തോന്നുന്നു..
പേടിക്കണ്ട ഇനി കുറെ ദൂരം ഓടേണ്ടി വരും വേറെ ഹോട്ടൽ കാണണം എങ്കിൽ.. തല്ക്കാലം നമ്മുക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാം...
പിന്നെ ആരും ഒന്നും പറഞ്ഞില്ല.. സാറും രണ്ട് ആൺകുട്ടികളും കഴിഞ്ഞാൽ ഞങ്ങൾ ബാക്കി പെൺകുട്ടികളാണ്.. അവിടെ നിന്നിരുന്നവരുടെ വല്ലാത്ത നോട്ടത്തിനിടയിലൂടെ ഒരു വിധം റൂമിൽ കയറി പറ്റി.. നന്നായിട്ട് ഉറങ്ങാൻ പോയ ഞങ്ങളെല്ലാം ഒരുവിധം നേരം വെളുപ്പിച്ചന്നു പറയാം... ഭാഗ്യത്തിന് പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല
രാവിലെ നേരത്തെ തന്നെ എല്ലാവരും റെഡി ആയി.. ഞാൻ ആദ്യം സീറ്റിലിരുന്നു.. രേവതി എന്റെ പുറകെ വരുന്നതെ ഉണ്ടാരുന്നുള്ളു...ബസിൽ കയറിയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു.. നോക്കിയപ്പോൾ അച്ഛനാണ്.. ഞാൻ ഫോണുമായി വണ്ടിയുടെ അവസാനത്തെ സീറ്റിനടുത്തെത്തി സംസാരിക്കാൻ തുടങ്ങി.. രേവതി കയറി വരുന്നതും കണ്ടു.. ടീച്ചർ കൌണ്ട് ചെയ്യുന്നുമുണ്ട്.. ബസ്‌ വിട്ടു.. ഫോണിൽ സംസാരിച്ചു സീറ്റിൽ വന്നപ്പോൾ രേവതിയില്ല.. അടുത്ത സീറ്റിലെങ്ങും അവളില്ല.. ഓടി നടന്നു നോക്കി..
"ടീച്ചർ രേവതി കയറിയിട്ടില്ല..
ഞാൻ ഫോൺ ചെയ്യുകയായിരുന്നു എന്റെ പുറകിൽ വരുന്നുണ്ടായിരുന്നു അവൾ
രേവതി കയറുന്നത് ഞാൻ കണ്ടതാണല്ലോ.. ഞാൻ എണ്ണമെടുത്തപ്പോൾ വണ്ടിടെ ഫുട്‍ബോര്ഡില് നിക്കുന്നുണ്ടായിരുന്നു.. പിന്നെ ആ കുട്ടിയെവിടെ.. ടീച്ചർ ചോദിച്ചു
അതും കൂടെ കേട്ടപോൾ ഞാൻ കരയുന്ന അവസ്ഥ ആയി... ഞാൻ നിര്ബന്ധിച്ചിട്ടാണ് അവൾ വന്നത്.. എന്റൊപ്പം വന്നതാണല്ലോ... അവൾക്കു എന്ത് പറ്റി... ചോദ്യങ്ങൾ കൊണ്ട്‌ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി...
ആരും ആ കുട്ടി എവിടെ പോയിന്നു കണ്ടില്ലേ...ടീച്ചർ വീണ്ടും ചോദിച്ചു ആർക്കും ഉത്തരമില്ലായിരുന്നു..
നമ്മുക്ക് ആ ഹോട്ടലിൽ പോയി നോക്കാം.. സർ വേഗം വണ്ടി തിരിക്കാൻ പറയ്.. വണ്ടി വേറെങ്ങും നിർത്തിയിട്ടില്ലല്ലോ.... ദൈവമേ എന്തൊരു മോശപ്പെട്ട സ്ഥലാണത്.. ആ കുട്ടി തനിച് പെട്ടുപോയോ...ടീച്ചർ പറഞ്ഞു...
ദൈവമേ അവൾക്കൊന്നും സംഭവിക്കല്ലേ കൂട്ടുകാരെല്ലാം ഒരേപോലെ പ്രാർത്ഥിച്ചു... ബസ്‌ നിർത്തിയപ്പോൾ ആദ്യം ഓടി ഇറങ്ങിയത് ഞാൻ തന്നെ ആണ്... അറിയാവുന്ന തമിഴിലൊക്കെ ഹോട്ടെലിൽ റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് ഞാൻ ചോദിച്ചു.. പക്ഷെ കണ്ടില്ലെന്നായിരുന്നു മറുപടി.. ഇത്രയും നേരത്തെ സന്തോഷം ഒരു നിമിഷം കൊണ്ട്‌ എല്ലാവരുടെയും മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നു...
എല്ലായിടത്തും തിരഞ്ഞു അവളെ മാത്രം കണ്ടില്ല.. ഒടുവിൽ പോലീസിൽ കംപ്ലൈന്റ്റ്‌ ചെയ്യാമെന്നായി തീരുമാനം...
എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.. കൂടുകാർ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളെ കാണുന്നത് ഒഴിച്ച് മറ്റൊന്നും എന്റെ മനസിലുണ്ടായിരുന്നില്ല... അറിയാവുന്ന ദൈവങ്ങളെയൊക്കെ മാറി മാറി വിളിച്ചു ഞാൻ...
പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു... ഫോണിന്റെ ശബ്ദമൊന്നും ഞാൻ കേട്ടില്ല... നീതു ആണ് എന്റെ ബാഗിൽ നിന്ന് ഫോൺ എടുത്ത്‌ നോക്കിയത്..
" സേവ് ചെയ്ത നമ്പറല്ല അച്ചു.. നീ കാൾ എടുക്ക്.. "
വേണ്ട നീ സംസാരിച്ചോ ആരായാലും ഞാൻ പിന്നെ വിളിച്ചോളാം എന്ന് പറയ്...
ഹലോ... നീ.. നീ.. ഇതെവിടുന്ന.. ബസിന്ന് എങ്ങോട്ടാ പോയത്‌ നീ
നീതുവിന്റെ ശബ്ദത്തിൽ നിന്ന് അത് രേവതിയാണെന്ന് എല്ലാവർക്കും മനസിലായി...
ഞാൻ ഓടി ചെന്ന് ഫോൺ വാങ്ങിച്ചു... പറയാനുള്ള വാക്കുകളൊക്കെ എന്റെ തൊണ്ടയിൽ ഉടക്കിയത് പോലെ...
"രേവു നീ എവിടെയാടാ.. പറയാതെ എങ്ങോട്ട നീ പോയത്‌..
ഞാൻ നമ്മൾ താമസിച്ച ആ ഹോട്ടലിന്റെ സൈഡിലെ ടെലിഫോൺ ബൂത്തിന്ന.. നീ എവിടാ ..
മറുപടിയൊന്നും പറഞ്ഞില്ല ഫോണും പിടിച്ചോണ്ട് അങ്ങോട്ട്‌ ഓടി ഞാൻ...എന്നെ കണ്ടപ്പോൾ അവളുടെ മുഖത് ആശ്വാസത്തിന്റെ തിരകൾ അടിച്ചുകൊണ്ടേയിരുന്നു... കരയുകയായിരുന്നു ഞങ്ങൾ... മറ്റുള്ളവരും അടുതെത്തി.... അവൾ പറഞ്ഞു
"ബസിൽ കയറി കഴിഞ്ഞു നോക്കിയപ്പോൾ ഹാൻഡ്‌ ബാഗ്‌ താഴെ വീണു കിടക്കുന്നത് കണ്ടത്.. അതെടുത്തു വന്നപ്പോളേക്കും ബസ്‌ വിട്ടു പോയി.. ഞാൻ ആകെ പേടിച്ചു പോയി.. അച്ചുന്റെ നമ്പർ മാത്രേ എനിക്കറിയൂ.. അതിൽ വിളിച്ചപോലൊക്കെ ബിസി... തിരിച്ചു വിളിക്കുമെന്നോർത് അവിടത്തന്നെ ഇരുന്നു... ഒന്നുടെ ഇപ്പൊ ട്രൈ ചെയ്തു നോക്കിയപ്പോളാണ് കിട്ടിയത്... അതും കൂടി കിട്ടിയില്ലായിരുന്നു എങ്കിൽ പിന്നെ എന്റെ അവസ്ഥ പറയണ്ടായിരുന്നു "...
സാരമില്ലട ഇനി അതോർക്കണ്ട കഴിഞ്ഞു.. ഞങ്ങൾക്ക് നിന്നെ തിരിച്ചു കിട്ടിയല്ലോ....
അങ്ങനെ ഒരിക്കലും മറക്കാത്ത ടെൻഷൻ അടിപ്പിച്ച ഓർമ്മകൾ സമ്മാനിച്ച ആ യാത്ര ഞങ്ങൾ തുടർന്നു.. നഷ്ടപെട്ടു എന്ന് വിചാരിച്ച എന്റെ നല്ല കൂട്ടുകാരിയോടൊപ്പം.....
അശ്വതി

''പച്ച കോളനിയിലെ വിശേഷങ്ങൾ !!


''പച്ച കോളനിയിലെ വിശേഷങ്ങൾ !!
============
'' ഫെയ്സ് ബുക്ക് കോളനിയിലെ പച്ച ലെെറ്റുകൾക്കിടയിലൂടെ ഞാൻ നടക്കുകയായിരുന്നു,
പച്ച ലെെറ്റുകൾ കൊണ്ട് ദീപാലംക്യതമായ എന്റെ ഫെയ്സ് ബുക്ക് കോളനി,
ആറ് വർഷങ്ങൾക്ക് മുമ്പ് ഇവിടേക്ക് ഞാൻ കുടിയേറിയപ്പോൾ വിജനമായ സ്ഥലമായിരുന്നു ഇവിടെ,
ഇന്ന്,
പത്തഞ്ഞൂറ് ഫാമിലീസ് തിങ്ങി പാർക്കുന്ന കോളനിയായി മാറി ഇവിടം,
സമൂഹത്തിലെ വിവിധ തരം ആളുകൾ, പ്രവാസികൾ വരെ, !
ഞാൻ താമസം തുടങ്ങിയപ്പോഴേക്കും ഫ്രണ്ട് റിക്വസ്റ്റെന്ന റിയൽ മാഫിയ ധാരാളമാളുകളുമായി എന്റെടുത്ത് വന്ന് സ്ഥലം ചോദിച്ചു, അങ്ങനെ സൗഹ്യദപരമായി വന്നവർക്കെല്ലാം
സ്ഥലം ദാനമായി നല്കി,
ജാതിമതഭേദമന്യേ അഞ്ഞൂറിൽ പ്പരം
ആളുകളാണ് ഈ കോളനിയിലുളളത്,
എല്ലാ ആഘോഷങ്ങളും അതിന്റേതായ പരിശുദ്ധിയോടെ ഞങ്ങൾ ആഘോഷിക്കാറുണ്ട്, അതു പോലെ എല്ലാവരുടേയും ജന്മദിനങ്ങളും, !
സാഹിത്യവാസനയുളള ഒട്ടനവധി പേർ ഈ കോളനിയിലുണ്ട്,
പോസ്റ്റ് ക്യഷിയും , കമന്റ്‌്നടീലും, ഷെയറ് വളർത്തലുമാണ് ഇവരുടെ പ്രധാന തൊഴിലുകൾ,
ഫെയ്സ് ബുക്ക് ചന്തയിൽ പോസ്റ്റ് ക്യഷി വിറ്റ് കിട്ടുന്ന ലെെക്കാണ് ഇവരുടെ ആഹാരം, !!
ഒരു കുടുംമ്പത്തിൽ ഒരാളെങ്കിലും പോസ്റ്റ് ക്യഷി ചെയ്യുന്നുണ്ട്,
ചില കുടുംമ്പത്തിലെ ആളുകൾ ഓൺലെെൻ നഗരത്തിലെ ഗ്രൂപ്പുകളിലും പോസ്റ്റ് ക്യഷി ചെയ്ത് ലെെക്കുകൾ സമ്പാദിക്കുന്നു, !!
കോളനി പൊതുവെ ശാന്തമാണ്,
ഇടക്കിടെ ചാറ്റിംങ്ങ് രോഗം പിടിപ്പെടുന്നതല്ലാതെ മറ്റൊന്നും കോളനിയെ ബാധിക്കാറില്ല,
ചാറ്റിംങ്ങ് ഒരു പകർച്ചവ്യാധിയാകാതെ
മുൻ കരുതലായി, ''ബ്ളോക്ക് സെറ്റമോളെന്ന '' തുളളി മരുന്ന് കോളനിയിൽ സുലഭമായിട്ടുണ്ട്, !!
ആകാശത്തിലെ നീല നിറത്തേക്കാളും
മനോഹരമല്ലേ ഈ കോളനിയിലെ പച്ചവെളിച്ചം എന്ന് എനിക്ക് പലപ്പോഴും, തോന്നീട്ടുണ്ട്,
പ്രഭാതത്തിൽ തന്നെ പോസ്റ്റ് കർഷകർ ക്യഷിക്കായി പറമ്പിലിറങ്ങും, ''ശുഭദിന'' ക്യഷിയാണ് പലരുടേയും പോസ്റ്റ് വിത്ത്,
പിന്നങ്ങോട്, ക്യഷിയോട് ക്യഷിയാണ്,
ചർച്ച ക്യഷി
മതപരമായ ക്യഷികൾ,
രാഷ്ട്രീയ ക്യഷികൾ,
ഇതിനിടയിൽ നഗരത്തിലെ ഓൺലെെൻ ഗ്രൂപ്പിൽ നിന്ന് വരുന്ന സാഹിത്യ കർഷകർ,
രസകരമാണ് ഈ കോളനീസം,
ഒടുവിൽ,
ചില പാതിരാ പോസ്റ്റ് കർഷകർ,
സൂര്യനസ്തമിക്കാൻ നോക്കിയിരിക്കും
ഗുഡ്നെെറ്റ് പോസ്റ്റുമായി വരവോട് വരവാ, എല്ലാവരേയും ഉറക്കീട്ടേ അവരുറങ്ങു, !
 ചിലർ ഗുഡ്നെെറ്റ് പറഞ്ഞാലും മടങ്ങി പോകാതെ തിരിഞ്ഞ് നോക്കിയിരിക്കും
ഇവറ്റകൾക്കാണ് ചാറ്റിംങ്ങ് രോഗം
പിടിപെടാൻ സാധ്യത കൂടുതൽ,,
ശ്രദ്ധിക്കുക,
കോളനിയിലെ നിയമങ്ങൾ പാലിക്കുക,
കോളനിയുടെ സമാധാനവും, സംസ്ക്കാരവും കാത്ത് സൂക്ഷിക്കുക !!
മതസൗഹാർദവും, ഭാരത സംസ്ക്കാരവും പിൻതുടരുക, !!
ജയ് ഹിന്ദ്,
ജയ് പച്ച കോളനി, !!
=================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
30/05/2017_

സ്വപ്നാടനം


സ്വപ്നാടനം
*************
എത്രയോ തവണ ഞാനാ തീരത്തുപോയിരുന്നിട്ടുണ്ട്......! പക്ഷേ അന്നൊന്നും എനിക്ക് ദാസനേയും, ചന്ദ്രികയേയും അറിയില്ലായിരുന്നു.... മുകുന്ദന്‍ മാഷിന്‍റെ മയ്യഴി പുഴയുടെ തീരങ്ങളും അറിയില്ലായിരുന്നു....
മലയാളത്തിന്‍റെയും, ഫ്രഞ്ചിന്‍റെയും സുന്ദര സംഗമമായ മയ്യഴിയുടെ തീരങ്ങളില്‍ കാറ്റുകൊണ്ടിരിക്കുവാന്‍ ഇന്ന് ഞാന്‍ ആഗ്രഹിച്ചു .... അതിന്‍റെ കൈവരികള്‍ക്കും, തീരത്തോട് ചേര്‍ത്തിട്ടിരിക്കുന്ന മരപ്പലക പാകിയ ഇരിപ്പിടങ്ങള്‍ക്കും കാല്‍പ്പനികമായൊരു ഭാവമുണ്ട്....... ആദ്യം കാണുന്നവന്റെ കണ്ണുകളെയും, കണ്ടു പഴകിയവന്‍റെ കണ്ണുകളെയും വിസ്മയിപ്പിക്കാന്‍ പോന്ന സൗന്ദര്യമുണ്ട്.....
ദാസന്‍റെ മിത്രമാവാനും, കൊറമ്പിയമ്മയുടെ മടിയില്‍ കിടന്ന് കഥ കേള്‍ക്കുവാനും, ചന്ദ്രികയുടെ പാദസര കിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുവാനും, എന്തിനധികം ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജനിക്കാനും, ജീവിക്കാനും, മരിക്കാനും ഞാന്‍ ആഗ്രഹിച്ചു ....
എന്നെ ബാധിച്ച ഒരു മാറാവ്യാധിയാണ് ഈ പുസ്തകം.... അതെന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.... അടി മുതല്‍ മുടി വരെ...., സുഖമുള്ളൊരു വേദന...
സാഹിത്യത്തോടും, പുസ്തകങ്ങളോടുമുള്ള എന്റെ ഭ്രാന്തമായ അഭിനിവേശത്തിന്‍റെ പ്രഥമ സാക്ഷിയാണ് ഈ മഹത്തായ കലാസൃഷ്ടി....
ഫ്രാന്‍സില്‍ നിന്നും ചേക്കേറിയ സായ്പ്പന്‍മാര്‍ മയ്യഴിയെ മാറോട് ചേര്‍ത്തു.... മയ്യഴിയുടെ മക്കള്‍ അവരേയും...., അവരെ ആശ്ചര്യത്തോടെയും, ആദരവോടെയും ഉറ്റുനോക്കിയ കൊറമ്പിയമ്മയുടെയും, ഉണ്ണിനായരുടെയും, റൈട്ടറുടെയും കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു... ഞാനും പ്രണയിച്ചിരുന്നു.... വിശ്വാസവും, അന്ധവിശ്വാസവും, ഇഴകലര്‍ന്ന മയ്യഴിയെ ആരാണ് പ്രണയിക്കാത്തത്....
മയ്യഴിയുടെ മക്കള്‍ക്ക് സുപരിചിതമല്ലാത്ത കമ്മ്യൂണിസ്റ്റ് , മാര്‍ക്സ്സ്റ്റ് ആദര്‍ശങ്ങളും, ചിന്തകളും അതിലൂടെ സ്വാതന്ത്യ്രത്തിന്‍റെ പുതിയ നിറങ്ങളും ചാലിച്ചവനായിരുന്നു എന്റെ ദാസന്‍.... മൂപ്പന്‍ സായിവും, ലെസ്ലീ സായിവും ഇല്ലാത്ത മയ്യഴിയെ അപ്പോഴും ആര്‍ക്കും സങ്കല്പ്പിക്കാനാകുമായിരുന്നില്ല.
മരപ്പലക പാകിയ ഇരിപ്പിടങ്ങളെ ഒന്നൊന്നായി പിന്നിട്ട് , പൂവരശ്ശും, ഗുല്‍മോഹറും, പിന്നെ പേരറിയാത്ത അനേകം മരങ്ങളും തണലുവിരിച്ച നടപ്പാതയുടെ അവസാനം വരെ നടന്ന് , അതിരില്ലാതെ എനിക്കുമുന്നില്‍.... പരന്നു കിടന്ന സമുദ്രത്തില്‍ ഞാന്‍ തിരഞ്ഞത്, കണ്ണുനീര്‍ തുള്ളിപോലുള്ള വെള്ളിയാം കല്ലുകളായിരുന്നു.... പക്ഷേ, എന്തുകൊണ്ടോ അതെന്‍റെ കണ്ണുകള്‍ക്ക് പ്രത്യക്ഷമായില്ല.....
നടപ്പാതയുടെ മധ്യത്തിലായി മൂപ്പന്‍ സായിപ്പിന്‍റെ ബംഗ്ലാവ് മങ്ങാത്ത പ്രൗഡിയോടും കൂടി തലയുയര്‍ത്തിപ്പിടിച്ചുതന്നെ നിന്നു..... കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളാണവ...... വിഘടിക്കാതെപോയ അസ്ഥികൂടങ്ങള്‍.......
മനസ്സിന് എന്തെന്നില്ലാത്ത ഭാരം തോന്നുന്നു..... കാറ്റില്‍ മറഞ്ഞുവീഴുന്ന പുസ്തകതാളുകള്‍ പോലെ എന്റെ ഹൃദയം വിറങ്ങലിച്ചു.....
അവന്‍..... ദാസന്‍.... എന്റെ പ്രിയ മിത്രം.... മെഴുകുതിരി എരിയുന്നതുപോലെ അവന്റെ ഒാര്‍മ്മകള്‍..... അവനില്ലാതെ മയ്യഴി എങ്ങനെ പുര്‍ണ്ണയാകും .....
തീരത്തിരുന്ന് സല്ലപിക്കുന്ന കമിതാക്കളില്‍ ഞാന്‍ എന്റെ ദാസനേയും, അവന്റെ ചന്ദ്രികയേയും തിരഞ്ഞു.... സായാഹ്ന സവാരിക്കിറങ്ങിയ.... വൃദ്ധജനങ്ങളില്‍ കൊറമ്പിയമ്മയേയും, ലസ്ലി സായിവിനെയും തിരഞ്ഞു.... രാത്രികളെ പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ക്ക് കീഴില്‍ കുഞ്ചക്കനെ തിരഞ്ഞു.... അവരാരും ഇന്ന് മയ്യഴിയിലില്ലാ എന്ന സത്യം എന്റെ കണ്ണുകളെ
 ഈറനണിയിച്ചു....
'' അല്‍പകാലം കഴിഞ്ഞാല്‍ അവളുടെ കണ്ണുകളും കരയാതെയാവും പക്ഷേ, കഥകളും ഐതിഹ്യങ്ങളും അവിടെ അവസാനിക്കില്ല....ഴാന്താര്‍ക്കിന്‍റെയും, വൈസ്രവണന്‍ ചെട്ടിയാരുടെയും കഥകള്‍ പറഞ്ഞുനടക്കുവാന്‍ മുത്തശ്ശിമാര്‍ ഇനിയുമുണ്ടാവും, അവരുടെ മടിയിലിരുന്ന് ആ കഥകള്‍ കേള്‍ക്കുവാനായി വെള്ളിയാങ്കല്ലില്‍ നിന്നും തുമ്പികള്‍ ഇനിയും വരും.....''
സ്വപ്നാടനം മതിയാക്കി മയ്യഴിയുടെ തീരങ്ങളോട് താല്ക്കാലികമായി യാത്ര ചോദിച്ച്, ധവള വര്‍ണ്ണത്തിലുള്ള പ്രവേശന കവാടം ലക്ഷ്യം വെച്ച് ഞാന്‍ നടന്നു..... ആകാശം ഒരു പേമാരിക്ക് ഒരുക്കം കൂട്ടുകയായിരുന്നു അപ്പോള്‍.... ഇടിയൊച്ചകളെ നിഷ്പ്രഭമാക്കികൊണ്ട്
സെന്‍റ് തെരേസാ ദേവാലയത്തിലെ മണി നാദം എന്റെ കാതുകളില്‍ മുഴങ്ങി....... എന്നിലേക്ക് വീശിയടിച്ച ശക്തിയായ കാറ്റിലും തുമ്പികള്‍ പറന്ന് നടന്നു..... ആ തുമ്പികളില്‍ ഞാന്‍ എന്നെ തിരയുകയായിരുന്നു.......
(ദിനേനന്‍ )

വാട്ട്സ്ആപ്പ്


വാട്ട്സ്ആപ്പ്
................................
'ഞാനിപ്പോൾ ഏലപ്പാറ എത്തി മോളേ' ഏലപ്പാറയിൽ നിന്ന് വാഗമൺ തിരിയുന്ന വളവിൽ ബൈക്ക് നിറുത്തി അവൾക്ക് വാട്ട്സ് ആപ്പ് ചെയ്തു..
മൂന്നുദിവസമായി അവൾ മിണ്ടിയിട്ട്.. നിരന്തരം അവൾക്ക് മെസ്സേജ് അയക്കുന്നുണ്ട്.. മറുപടി കിട്ടുന്നില്ല.. വിളിച്ചുനോക്കുന്നുണ്ട്.. ഫോൺ എടുക്കുന്നില്ല.. ട്രൂകോളർ കാണിക്കുന്നത് അവളുടെ മൊബൈൽ സൈലന്റ് ആണെന്നാണ്.. ഇത്രയും ദിവസം പിണങ്ങിയിരിക്കാൻ അവൾക്കാവില്ല..
എന്തിനാണവൾ പിണങ്ങിയത്? ഒരു തമാശ.. അതവൾക്കിഷ്ടപ്പെട്ടില്ല.. കഴിഞ്ഞയാഴ്ചയാണവൾ ആ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞത്.. പീരീഡ് ആയില്ല.. അവൾ വളരെ സിമ്പിളായി പറഞ്ഞിട്ടും നെറ്റിയിൽനിന്ന് വിയർപ്പ് ചുണ്ടിലൂടെ വായിലൊട്ടൊഴുകി.. ഉപ്പുരസം.. തുപ്പിക്കളഞ്ഞു..
'ആരുടെയാടീ.. ?'
തമാശയ്ക്കാണ് അങ്ങിനെ ചോദിച്ചത്.. അതവൾക്ക് ഏറെ നൊന്തു.. സോറി പറഞ്ഞു... അവൾ കരഞ്ഞു..
കുട്ടിക്കാനത്ത് ഹോസ്റ്റലിൽ പഠിക്കുന്ന അവൾ പലപ്പോഴും തന്റെ സ്നേഹക്ഷണങ്ങൾ സ്വീകരിച്ച് തന്നോടൊപ്പം വന്നിട്ടുണ്ട്.. പ്രണയം തലയ്ക്കുപിടിച്ച ദിവസങ്ങളിൽ എപ്പോഴോ.. അതു സംഭവിച്ചിരിക്കാം.. അതിപ്പോൾ?
എന്താണവൾ ഹോസ്റ്റലിൽ പറയുന്നതെന്നോ എങ്ങനെയാണവൾ അവിടെനിന്ന് മുങ്ങുന്നതെന്നോ ഒരിക്കലും ചോദിച്ചിട്ടില്ല.. നാട്ടിൽനിന്ന് തിരിക്കുമ്പോൾ വാട്സ് ആപ്പ് ചെയ്യും.. ഹാൾട്ട് ചെയ്യുന്ന ഓരോ പോയിന്റിലും ഒരു മെസ്സേജ്.. ഏലപ്പാറ എത്തുമ്പോൾ അവൾ കാത്തുനിൽപ്പുണ്ടാവും.. അന്നും ഇന്നും എന്നും ഞങ്ങളുടെ ഇഷ്ടസ്ഥലം വാഗമണ്ണിലെ സൂയിസൈഡ് പോയന്റ് ആയിരുന്നു.. അവിടെയെത്തിയാൽ താഴെ സൂചിമുനപോലെ നിൽക്കുന്ന മുനമ്പിൽത്തന്നെ പോകണം.. സെൽഫി എടുക്കണം.. പ്രണയം പൂത്തതും കായ്ച്ചതും ഈ മൊട്ടക്കുന്നിന്റെ മടിത്തട്ടിൽവച്ചുതന്നെ..
അന്നവൾ സെൽഫി എടുത്തു.. അതെന്റെ ഫോണിലേക്ക് സെൻഡ് ചെയ്തു.. ഫോൺ എന്റെ കൈയിൽ തന്നു..
'വിശാഖ്.. നീ ... ' അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അവളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ നെറുകയിൽ ഉമ്മവച്ചു..
'മോളേ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. കുഞ്ഞുന്നാളിലേതൊട്ട് നിന്നെ അറിയുന്ന ഞാൻ.. പക്ഷേ നീ ഫസ്റ്റ് ഇയർ അല്ലേ... നിന്റെ പഠിത്തം?.. '
'ഞാൻ.. ഞാനുണ്ടാവില്ല.. ഇവിടെനിന്ന് താഴോട്ട് ചാടും... '
വളരെ കഷ്ടപ്പെട്ടാണ് അവളെ അനുനയിപ്പിച്ചു തിരികെ കയറ്റിയത്.. കുന്നുകയറി പാർക്കിങ്ങിൽ എത്തിയിട്ടും അവളൊന്നും സംസാരിച്ചില്ല.. തിരികെ ഏലപ്പാറയിൽ കൊണ്ടുവിടുമ്പോഴും അവൾക്ക് ശബ്ദമുണ്ടായിരുന്നില്ല.. ഒത്തിരി സങ്കടം തോന്നിക്കാണും...
അന്നുമുതൽ അയക്കുന്ന മെസ്സേജുകൾ.. ഒന്നിനും മറുപടിയില്ല.. ഇന്നലെമുതൽ വാഗമൺ പോകുന്ന കാര്യങ്ങളാണ് മെസ്സേജ് ചെയ്തത്.. സാധാരണഗതിയിൽ ഏലപ്പാറയിൽ അവൾ കാണേണ്ടതാണ്... എത്ര പിണക്കമാണെങ്കിലും അവൾ ഇവിടെവരും.. സഹികെട്ട് ഇന്നലെ അവൾക്ക് മെസ്സേജ് അയച്ചിരുന്നു . അഥവാ അവൾ വന്നില്ലെങ്കിൽ സൂയിസൈഡ് പോയന്റിൽനിന്നു ചാടുമെന്ന്.. അതൊരു വൃഥാ പറച്ചിലായിരുന്നില്ല.. അത്രയ്ക്കുണ്ട് മനസ്സിൽ വിഷമം.. അവളില്ലാത്ത ഓരോ നിമിഷവും ഓരോ യുഗമാണ്.. മനസ്സിനെ സമാധാനിപ്പിക്കുവാൻ കഴിയുന്നില്ല.. എന്താണവൾ തന്നോട് മിണ്ടാൻ കൂട്ടാക്കാത്തത്? താനല്ലാതെ അവൾക്കൊരാശ്രയം ഇനി വേറെയില്ല.. വീട്ടിൽ അറിഞ്ഞാൽ അവളെ അവരെല്ലാംകൂടെ തല്ലിക്കൊന്നുകളയും.. അഭിമാനികളാണ് അവർ..
അടുത്തുകണ്ട കടയിൽനിന്ന് ഒരു കിങ്‌സ് ലൈറ്റ്സ് വാങ്ങിക്കത്തിച്ചു.. ഒരു പുക എടുത്തപ്പോൾ അങ്ങകലെ അവളുടെ രൂപം തെളിഞ്ഞു.. സിഗരറ്റു വലിക്കുന്നതിന് അല്ലെങ്കിൽത്തന്നെ വഴക്കാ.. ഇനി ഇപ്പൊ കണ്ടാ.. അതുമതി..
സിഗരറ്റ് ഷൂവിനടിയിൽ ചതഞ്ഞരഞ്ഞു... കൈപ്പത്തി നിവർത്തി വായോടടുപ്പിച്ച് ഊതിനോക്കി.. നാശം നല്ല സിഗരറ്റ് മണം.. ഒരു വിക്സ് വാങ്ങി വായിലിട്ടു തിരിഞ്ഞുനോക്കി.. അവൾ? .... ഹോ ! അത് വേറൊരു പെൺകുട്ടിയായിരുന്നു.. ദൂരെനിന്ന് അവൾ നടന്നുവരുന്നതുപോലെ തോന്നി..
'മോളേ.... എന്റെ വിഷമങ്ങളെല്ലാം ഞാൻ രണ്ടുദിവസമായിട്ട് നിനക്ക് ടെക്സ്റ്റ് ചെയ്തുതരുന്നുണ്ട്.. ഇനിയും പിണങ്ങിയിരിക്കല്ലേ. ഒന്നുവാ.. ' വീണ്ടും മെസ്സേജ് ചെയ്തു..
ഇനി അവൾ നേരത്തെതന്നെ വാഗമൺ പോയിക്കാണുമോ? തന്നേ പറ്റിക്കാനോ മറ്റോ?...
ഹോസ്റ്റലിൽ വിളിക്കാൻ യാതൊരു മാർഗ്ഗവുമില്ല.. ഇന്നലെയും അവളുടെ അമ്മയെ വഴിയിൽവച്ചു കണ്ടതാണ്.. ചോദിച്ചപ്പോൾ അവൾ രണ്ടുദിവസമായി വിളിച്ചിട്ട് എന്നു പറഞ്ഞു.. പഠിക്കാനൊത്തിരി കാണും.. അവർ സ്വയമെന്നോണം പറഞ്ഞിട്ട് നടന്നകന്നു.. അയല്പക്കമാണ്.. എങ്കിലും അത്ര വലിയ അടുപ്പമൊന്നും ആ വീട്ടുകാരോട് ഇല്ല.. അവളുടെ അച്ഛൻ പട്ടാളത്തിലാണ്.. അതുകൊണ്ടായിരിക്കാം അധികമാരും അങ്ങോട്ട് അടുക്കാറില്ല..
വണ്ടി വാഗമണ്ണിന്‌ വിട്ടു.. വഴിയിൽ ഒരു നൂറുതവണ ഫോൺ എടുത്തുനോക്കി.. അവളുടെ മെസ്സേജ് മാത്രം വന്നില്ല....
വാഗമൺ അടുക്കുംതോറും അന്തരീക്ഷം മാറിക്കൊണ്ടിരുന്നു. ചന്നംപിന്നം പെയ്യുന്ന ചാറ്റൽമഴ.. കോടമഞ്ഞു പുതച്ച കുഞ്ഞൻ മലകൾ..
'മോളേ.. നമ്മൾ ലാസ്റ്റ് വന്നതിനേക്കാളും മഞ്ഞുണ്ട് ഇന്ന്.. എന്തു രസമാണെന്നോ .. ഞാൻ ഓർക്കിഡ് ഗാർഡനിൽ എത്തി..'
ഒന്നോ രണ്ടോ തവണ ഞാൻ താമസിച്ചപ്പോൾ അവൾ വെയിറ്റ് ചെയ്തത് ഇവിടെയായിരുന്നു.. സൂയിസൈഡ് പോയന്റിന് ഇനിയും പിന്നിലേക്കുപോകണം..
ഓർക്കിഡുകൾ അവൾക്കേറെയിഷ്ടമായിരുന്നു.. അതുകൂടാതെ ഒരു ചെടിയുണ്ട് 'ഹൈഡ്രാഞ്ച' വലിയ ഇലകളും ഇലമൂടി വട്ടത്തിൽ വളരെയധികം ദളങ്ങളോടുകൂടിയ പൂവും.. ഓർക്കിഡ് ഗാർഡനിലെ മുളകൊണ്ടുണ്ടാക്കിയ ഒറ്റബെഞ്ചിൽ ഇരുന്നു.. തൊട്ടടുത്ത് ഉണങ്ങിയ ഒരു മരം.. തന്റെ സ്വപ്‌നങ്ങൾപോലെതന്നെ കരിഞ്ഞുണങ്ങിയ ഒന്ന്.. അവളൊന്നു വന്നെങ്കിൽ?
മൊബൈലിൽ വിളിച്ചു.. ബെല്ലുണ്ട്.. എടുക്കുന്നില്ല...
'മോളേ... എനിക്കിപ്പോൾ ദേഷ്യം വരുന്നുണ്ട് കേട്ടോ'
മെസ്സേജ് മഞ്ഞിനെ വകവയ്ക്കാതെ പറന്നു.
'ഞാൻ സൂയിസൈഡ് പോയന്റിലേക്ക് പോകുവാ.. ഇപ്പോൾ സമയം 3.35.. അഞ്ചുമണിവരെ ഞാൻ നിന്നെ നോക്കിയിരിക്കും.. നമ്മൾ ഇപ്പോഴും ഇരിക്കാറുള്ള അങ്ങുതാഴത്തെ ചെറിയ പാറയിൽ...'
ഗേറ്റിൽ വണ്ടി നിറുത്തി. പാസ്സ് എടുക്കുമ്പോഴും കണ്ണുകൾ ദൂരെ അവളുടെ രൂപം പ്രതീക്ഷിക്കുകയായിരുന്നു...
'സുഹൃത്തേ, നല്ല മഞ്ഞുണ്ട്.. പോയന്റ് കാണാൻ പറ്റുമോന്ന് പറയാൻ കഴിയില്ല.. ' കൗണ്ടറിൽ ഇരുന്നയാൾ പറഞ്ഞു..
'ഞാൻ ഇവിടെ ആദ്യമല്ല.. കുഴപ്പമില്ല..' മഞ്ഞുണ്ടെങ്കിലേ രസമുള്ളൂ
റോഡിൽ പണി നടക്കുന്നു.. മെറ്റൽ വിരിച്ചിട്ടുണ്ട്.. വീതി കൂട്ടുകയാവും..
ശരിയാണ്.. കോടമഞ്ഞു കനത്തുകൊണ്ടിരുന്നു.. വഴി കാണുവാൻതന്നെ പ്രയാസം ... ഏകദേശം രണ്ടു കിലോമീറ്റർ ഉണ്ട്.. കുറെ കയറിയപ്പോൾ ഹെഡ് ലാംപ് തെളിച്ചുവരുന്ന വാഹനങ്ങൾ കടന്നുപോയി.. ദൂരെ മഞ്ഞിൽകുളിച്ച കുന്നുകൾ.. പ്രകൃതി മനോഹരി.. അരണ്ടവെട്ടത്തിൽ എങ്ങും നീട്ടിപ്പിടിച്ച കൈകൾ.. സെൽഫി സ്റ്റിക്കുകൾ.. എല്ലാവരും സെൽഫി എടുക്കാനുള്ള തിരക്കിലാണ്..
പാർക്കിങ്ങിൽ വണ്ടിവച്ചപ്പോൾ നീണ്ട താടിയുള്ള ഒരു കൊലുന്നചെക്കൻ ഓടിവന്നു..
'ചേട്ടാ.. ഇവിടെ ബസ് തിരിക്കുന്ന സ്ഥലമാ.. ഒന്ന് മാറ്റിവെക്ക്..' അവന്റെ പിതാവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ കർമ്മം നിർവ്വഹിച്ചു.
'മോളേ.. ഞാൻ കുന്നുകയറുവാ.. നീ വന്നോ.. എവിടാ? എന്നെ കളിപ്പിക്കാതെ ഒന്നുവാ.. '
കുന്നിറങ്ങി.. കുന്നുകയറി പോയന്റിലെത്തി.. ജീവനിൽ കൊതിയില്ലാത്ത ഒരു നൂറുപേരെയെങ്കിലും അവിടെക്കാണാം.. പോയന്റിന്റെ അറ്റത്തുനിന്നു സെൽഫി എടുക്കുന്നവർ.. ഒന്ന് കാലുതെന്നിയാൽ പടമായി എന്നെന്നേക്കും ഭിത്തിയെ അലങ്കരിക്കേണ്ടവർ.. കുഞ്ഞുകുട്ടികൾ മുതൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവർവരെ.. ഉയർത്തിപ്പിടിച്ച കൈകളും.. സെൽഫി സ്റ്റിക്കുകളും..
മഞ്ഞിനെ തൊടാൻപറ്റുമെന്നപോലെ കൈയെത്തും ദൂരത്തിൽ വെളുത്തുചമഞ്ഞു കിടക്കുന്നു.. താഴെ പോയന്റിൽ ആരൊക്കെയോ ഉണ്ടായിരുന്നു. മഞ്ഞു കനത്തപ്പോൾ അവർ കയറിപ്പോന്നു.. ഇനിയാരും ഇറങ്ങില്ല..
താഴേക്കിറങ്ങി..
'മോളേ.. ഞാൻ താഴേക്കിറങ്ങുവാ.. നിനക്കെന്നോട് മിണ്ടണ്ടാ അല്ലേ ? എന്നോട് പിണക്കമാ അല്ലേ ? നീ തീരുമാനിക്ക്.. ഞാൻ പറഞ്ഞസമയംവരെ എനിക്കിരിക്കാൻ പറ്റില്ല. അത്രയ്ക്ക് വിഷമമുണ്ട് മോളേ... തെറ്റാണ്.. വേണ്ടായിരുന്നു.. എല്ലാം.. നീയില്ലാതെ ഞാനില്ല.. '
ഒരു സെൽഫി എടുത്തു.. അവൾക്ക് സെൻഡ് ചെയ്തു.
'ഇതെന്റെ അവസാന സെൽഫി.. നീ വരില്ല.. നിനക്ക് വരാൻ കഴിയില്ല... ഞാൻ.... '
താഴേക്കുനോക്കി.. മഞ്ഞു പതിയെ മാഞ്ഞുപോകുന്നു കാറ്റിന്റെ ചിറകേറി പറന്നുപോകുന്നു.. ദൂരെ അഗാധതയിൽ എന്തൊക്കെയോ കാണാം.. കുറച്ചുകൂടെ ദൂരെ നോക്കിയാൽ ചില വീടുകളും മറ്റും കാണാം
'മോളേ അന്നത്തെപ്പോലെ മഞ്ഞു കുറയുന്നുണ്ട്.. താഴെ ദൂരെയുള്ള വീടിന്റെ ഭംഗി ഞാനും കാണുന്നുണ്ട്....ഞാൻ '
മഞ്ഞുകുറഞ്ഞപ്പോൾ ആൾകാർ കൂട്ടംകൂട്ടമായി താഴേക്കിറങ്ങി.. പോക്കെറ്റിൽനിന്നു അവൾ അന്ന് കൈമാറിയ ഫോൺ എടുത്തുനോക്കി.
അയച്ച മെസ്സേജുകളും, അവസാനം അയച്ച സെൽഫിയുംവരെ കിട്ടിയതായി കാണിക്കുന്നുണ്ട് അവളുടെ ഫോണിൽ... ഈ വാട്സ് ആപ്പിന്റെ ഒരു കാര്യമേ ? അയച്ചാൽ അപ്പോ കിട്ടും...
അന്നവളെ തള്ളിയിടുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന ഭീതിയുടെ ഒരു ഫോട്ടോ എടുക്കാൻ പറ്റിയിരുന്നില്ല... കഷ്ടമായിപ്പോയി..
മുകളിൽനിന്ന് ആൾകാർ മുനമ്പിലെത്തുംമുന്നേ ഞാൻ ആ ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു തിരികെനടന്നു.. മഞ്ഞു വീണ്ടും കനക്കുന്നുണ്ട്.
വേണു 'നൈമിഷിക'

നൈലയും ഈച്ചയും

നൈലയും ഈച്ചയും
നൈല വിവാഹം കഴിഞ്ഞു ആ വീട്ടിൽ വന്നപ്പോൾ മുതൽ ആ ഈച്ചയും അവിടുണ്ടാരുന്നു. കൊല്ലാനുള്ള അടവുകൾ പരാജയപ്പെട്ടപ്പോൾ അവൾ അതിനെ അതിന്റെ വഴിക്ക് വിട്ടു.
ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടു പോകവേ ഒരു തരം ഏകാന്തത അവളെ ബാധിച്ചിരുന്നു. ഭർത്താവു ജോലിക്കും അച്ഛൻ കൃഷിയിടത്തിലേക്കും പോയി കഴിഞ്ഞാൽ അവൾ അവളുടെ ലോകത്തിലായി.
പതിവുപോലെ ഒരു ചായയുമായി വന്നിരുന്നപ്പോളാണ് കണ്ടത് ഈച്ച ചായിൽ കിടക്കുന്നു !? എടുത്തു കളയാതെ വെറുതെ അതിലേക്കു നോക്കിയിരുന്നു. അതു പിടക്കുന്ന കണ്ടപ്പോൾ മനസിലായി ചത്തിട്ടില്ല എന്ന്. എന്തോ പെട്ടന്ന് ചായ തറയിലേക്കൊഴിച്ചു. പിന്നീടു അതൊരു ശീലമായി. അവൾ എന്ത്കഴിക്കാൻ എടുത്താലും ഒരു പങ്ക് ഈച്ചക്കും കൊടുക്കും. രാത്രി കാലങ്ങളിൽ ഭർത്താവും അച്ഛനും അവളെ കളിയാക്കി.
ഗർഭാലസ്യം കൂടി വന്നപ്പോളാണ് അനിയത്തി ലെന കൂട്ടു നിൽക്കാൻ വന്നത്. അവൾ വന്നതിൽ പിന്നെ വീട്ടിൽ ഒരു അനക്കമൊക്കെ ആയി. ഈച്ചയുടെ കാര്യം നൈല എപ്പോളോ മറന്നു.
പ്രസവിക്കാനാരുന്നു ഇഷ്ടമെങ്കിലും ഓപ്പറേഷൻ ചെയ്യാനാരുന്നു വിധി. അന്ന് തുടങ്ങിയ നടുവിൽ വേദന ഇപ്പോളുമുണ്ട്. മകൾക്കു ഒരു വയസായപ്പോഴാണ് ഒന്ന് വീണത്‌. കാര്യമായിട്ട് ഒന്നും പറ്റിയില്ലേലും പഴയ നടുവിൽ വേദന പിന്നേം തല പൊക്കി. ലെനയെ തന്നെ ആശ്രയിക്കേണ്ടി വന്നു. മോളെ കുളിപ്പിക്കലും ഒരുക്കലുമായി അവൾക്കത് സന്തോഷമായിരുന്നു.
ഇന്നു നൈലയുടെ ആദ്യത്തെ ചരമ വാർഷികമായിരുന്നു. അവൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ഇന്നും ആർക്കുമറിയില്ല. മോളുടെ കാര്യങ്ങൾ നോക്കാൻ ലെനയെപ്പോലെ വേറെ ആർക്കും പറ്റാത്തത് കൊണ്ട് അവൾ തന്നെ കൃഷ്ണ മോൾക്ക്‌ അമ്മയായി.
കല്യാണം വലിയ ആർഭാടത്തോടെ വേണ്ട എന്നത് എല്ലാവർക്കും സമ്മതമായിരുന്നു. കല്യാണം കഴിഞ്ഞ രാത്രിയിൽ കൃഷ്ണമോളുടെ നിർബന്ധം കാരണം അവളുടെ ചുമന്ന ഉടുപ്പ് തപ്പി ലെന ചേച്ചിയുടെ മുറിയിൽ ചെന്നത്. ഉടുപ്പ് വലിച്ചെടുത്തപ്പോൾ എന്തോ താഴെ വീണു അലമാരയുടെ അടിയിലേക്ക് പോയി. ചെറിയൊരു കുപ്പി. തുറന്ന് മണക്കുന്നതിനു മുൻപ് കൃഷ്ണമോളുടെ കരച്ചിൽ കേട്ട് അതവിടെ വച്ചു. മോളെ ഉറക്കി കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു അവളുടെ കൂടെ കിടന്നോളം എന്ന്. അവളെ ഉറക്കത്തിൽ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതി ലെന ചേച്ചിയുടെ മുറിയി കിടക്കാനായി ഒരുക്കി.
രാവിലെ കൃഷ്ണമോൾ കരഞ്ഞിട്ടും അവർ കതകു തുറക്കാതായപ്പോളാണ് അച്ഛൻ ബലം പ്രയോഗിച്ചു കതകു തുറന്നത്. ജീവനറ്റ മകന്റെയും മരുമകളുടെയും ശരീരമാണ് അച്ഛൻ കണ്ടത്.
നൈലയുടെ പോലെ തന്നെ വിഷം ഉള്ളിൽ ചെന്നാണ് രണ്ടു പേരും മരിച്ചത്. നാട്ടുകാർ CBI അന്വേഷണത്തിന് വേണ്ടി ബഹളം ഉണ്ടാക്കിയപ്പോളും വീട്ടുകാർ ഹോമങ്ങൾ നടത്തിയപ്പോളും ആരും ശ്രദ്ധിച്ചില്ല നൈലയുടെ പൂമാലയിട്ട ഫോട്ടോയിൽ ഈച്ച ചത്തിരിക്കുന്നത്.
തന്റെ ഗർഭ കാലത്ത് ലെന തന്റെ ഭർത്താവുമായി തുടങ്ങിയ ബന്ധം അവൾ രണ്ടാമത് വന്നപ്പോഴെ നൈലക്കു മനസിലായുള്ളു. നിശബ്ദമായി അവൾ മരണത്തിലേക്ക് പോയി.
ലെന തുറന്ന് വച്ച കുപ്പിയിൽ നിന്നും അവൾ തന്നെ ആദ്യരാത്രിയിൽ കുടിക്കാൻ വെച്ച പാലിലേക്കു വിഷം കലങ്ങാൻ എത്ര തവണ മുങ്ങി പൊങ്ങി എന്ന് ചോദിച്ചാൽ ഈച്ചക്കുമറിയില്ല......
എല്ലാവരെയും പറ്റിച്ചെന്ന ധാരണയിൽ.. തുടങ്ങാൻ പോകുന്ന ആദ്യരാത്രിയുടെ ലഹരിയിൽ പാലിൽ വന്നിരുന്ന ഈച്ചയെ ശ്രദ്ധിക്കാൻ ലെനയും മറന്നു.......

By
Anamika DG

വെളുത്ത സർപ്പം


വെളുത്ത സർപ്പം
*****************
ആരൊക്കെയോ അവളെ പിടിച്ചെഴുന്നേല്പിച്ചു, ഉമ്മറവാതിലിനരികിൽ കൊണ്ടുനിർത്തിയപ്പോൾ സാംബ്രാണി തിരിയുടെയും കർപ്പൂരത്തിന്റെയും മനം മടുക്കുന്ന ഒരു സുഗന്ധമായിരുന്നു. നിലവിളക്കിനടുത്തായി വെള്ള പുതച്ചു കിടത്തിയിരിക്കുന്ന ആ ശരീരത്തെ അവൾ ഒന്ന് നോക്കി. 
ആരോ വിളിച്ചു.
"മോളേ... "
അവർ അവളെ ഇറുകെ പിടിച്ചു.
ആരൊക്കെയോ പതിയെ പതിയെ പറയുന്നുണ്ട്.
"എങ്ങനെ ഇരുന്ന മനുഷ്യനാണ്.. അവനു വിഷം കഴിക്കേണ്ട എന്ത് പ്രശ്‌നമാണ് ഉണ്ടായിരുന്നത് ?"
പല ചോദ്യങ്ങളുമായി കൂടി നിന്നവർ അടക്കം പറഞ്ഞു. അവളെ വീണ്ടും ആ മുറിയ്ക്കകത്തു കൊണ്ട് ഇരുത്തി. കട്ടിലിൽ മയങ്ങി കിടക്കുന്ന സ്ത്രീ പതുക്കെ ഏങ്ങലടിച്ചു വിളിക്കുന്നുണ്ട്.
"എന്റെ രാജേട്ടാ... "
അവൾ ഒന്നും മിണ്ടാതെ കട്ടിലിനരികിൽ ചാരി ഇരുന്നു. ആ മുറിയിൽ കയറി വരുന്നവർ സഹതാപത്തോടെ സ്വകാര്യമായി പറയുന്നുണ്ട്.
"ഇവൾക്കും മോൾക്കും ആരുമില്ലാതായല്ലോ ?"
അങ്ങേയപ്പുറത്തു മാവിന്റെ കൊമ്പ് മുറിക്കപ്പെട്ടു. പുറത്തു തകർത്താടുന്ന മഴ, ചില കറുത്ത കുടകൾ ജനാലയ്ക്കരികിൽ ആ രണ്ടുപേരെയും എത്തി നോക്കി.
"രാജേട്ടന്റെ മോളു ഇപ്പോൾ നഴ്സിംഗ് കഴിഞ്ഞാരുന്നോ ?"
"അവസാന വർഷം ആയിരുന്നു. എക്സാം കഴിഞ്ഞിട്ട് വന്നു നിക്കുവാരുന്നു..... "
ഇടയ്ക്കെപ്പോഴോ പലരും വെള്ളവുമായി വന്നു. അവൾ വേണ്ടാതെ നിരസിച്ചു.
കുറച്ചു കഴിഞ്ഞു മനംമടുക്കുന്ന രൂക്ഷമായ പച്ച മാംസത്തിന്റെ ദുർഗന്ധം ആ മുറിയിൽ ആഞ്ഞടിക്കുമ്പോൾ അവൾ തന്റെ ഉദരത്തെ തടവി.
"മരിച്ചത് എന്റെ അച്ഛനായിരുന്നു.... "
"ഞാൻ കൊന്നത് നിന്റെ അച്ഛനെയും...... "
Reshma S. Devan

#സംതൃപ്തി


കുറച്ച് വിലക്കുറവ് മോഹിച്ച് നോട്ടുബുക്കുകൾ വാങ്ങാൻ ഒരു പ്രമുഖ ബുക്ക് ഷോപ്പിലെത്തിയതാണ് ഞാൻ. സ്കൂൾ തുറക്കുന്നതിന്റെ തിരക്കു മുഴുവൻ ഇവിടാണ്... ഞാനും ആ തിരക്കിലേക്ക് തിരുകി കയറി ചുറ്റും ഒന്നു നോക്കി .ആ തിരക്കുകളിൽ നിന്നെല്ലാം തെന്നി മാറി ഒരമ്മയും രണ്ട് പെൺകുട്ടികളും. പഴകിയതാണെലും വൃത്തിയുള്ള വസ്ത്രങ്ങൾ.നഗരത്തിന്റെ ചായതേയ്പ്പുകളോ വലിച്ചുകെട്ടലുകളോ ഇല്ലാത്ത ഗ്രാമത്തിന്റെ നിഷ്കളങ്കത വിളിച്ചോതുന്ന മുഖങ്ങൾ.
പലവട്ടം ആ അമ്മ കൈയിലെ നോട്ടുകൾ എണ്ണുകയും എന്തോ ആലോചിക്കുകയും ചെയ്ത ശേഷം ബുക്കു വാങ്ങാനായി വന്നു നിന്നു.
പിെന്ന ഞാനവരെ കണ്ടത് ബില്ലിംഗ് സെക്ഷനിലാണ്. ബില്ലു കേട്ട് അത്രയും കാശ് കൈയിലില്ലാന്നു പറഞ്ഞ് കുറച്ച് ബുക്കവർ തിരിച്ചേൽപ്പിച്ചു. ബാക്കി ബുക്കും വാങ്ങി കാശും കൊടുത്ത് തിരിച്ചു നടന്നു .
ഞാൻ പുറത്തിറങ്ങിയപ്പോഴും അവർ അവിടെ നിൽപ്പുണ്ടായിരുന്നു. പെൺകുട്ടികളിലൊരാൾ പിണങ്ങി നിൽകുകയാണന്ന് കണ്ടാലറിയാം. അവർക്കരികത്തൂടെ പോകുമ്പോൾ "ന്താ എന്തു പറ്റീന്നു " ചോദിക്കാതിരിക്കാൻ എനിക്കു തോന്നീല.
" ഇപ്പോ വാങ്ങിയ ബുക്കു ഒരാൾക്കു പോലും തികയില്ല. സ്കൂളിലേക്കെങ്ങനെ പോകൂന്നൊക്കെയാ കുഞ്ഞേ ചോദ്യങ്ങൾ. ഞാനെന്തുചെയ്യാനാ..? ശ്വാസം മുട്ടലും അല്ലറ ചില്ലറ വയ്യായ്കകളും ഉണ്ട് .തണുപ്പും പൊടിയും ഒന്നും ഏൽക്കാൻ മേലാ... കുട്ടികളുടഛൻ മരിച്ചേ പിന്നെ വലിയ ബുദ്ധിമുട്ടാ.. ന്നു പറഞ്ഞു നിർത്തിയതും മകളാണ് പിന്നെ ബാക്കി പറഞ്ഞത് ." കഴിഞ്ഞ വർഷം ഇതു പോലായിരുന്നു. സ്കൂൾ തുറന്നിട്ടും ബുക്കുകളൊന്നും വാങ്ങീല.പിന്നെ ക്ലാസ് ടീച്ചറാണ് 3 ബുക്കു വാങ്ങി തന്നത് .അതിൽ 6 വിഷയവും എഴുതി. ഇപ്പോ ബുക്കു വാങ്ങിയാൽ പിന്നെ സ്കൂളടക്കും വരെ ബുക്കു വേണമെന്ന് പറയാനേ പാടില്ല ". വിഷമം കൊണ്ടാവണം ആ അമ്മ മുഖത്തേക്ക് നോക്കാതെ പറഞ്ഞു " നിവർത്തി വേണ്ടേ.... മൂത്തവൾ 10 ലും ഇളയവൾ 8 ലു മാണ്.
രണ്ടാളും ട്യൂഷനുംപോണില്ല.. സ്കൂളി പഠിത്തം മാത്രമേ ഉള്ളൂ... നന്നായി പഠിക്കുന്നതു കൊണ്ട് സ്കൂളിലെ ടീച്ചർമാരും സഹായിക്കും" ...
സംസാരിച്ചു സമയം പോയി.. പോട്ടെന്നു യാത്ര പറഞ്ഞവർ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ കൈയിലെ നോട്ടുബുക്കുകളുടെ യഥാർത്ഥ ആവശ്യക്കാർ അവരാണ് ന്നുള്ള ബോധ്യം ഉണ്ടായത്.
ആ കുട്ടികളെ അടുത്തേക്ക് വിളിച്ച് ഞാനവർക്കാ ബുക്കുകൾ നൽകി.ആ അമ്മ വേണ്ടായിരുന്നൂ ന്ന് പറയുമ്പോഴും അവളാബുക്കുകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു....
ആ മിടുക്കികൾ പഠിക്കട്ടെ നന്നായി തന്നെ. സാഹചര്യങ്ങളും അവസരങ്ങളും ഉണ്ടായിട്ടും ഞാനുൾപ്പെടുന്ന നമ്മൾ എത്ര മാത്രം അലസതയും ആത്മാർത്ഥ ഇല്ലായ്മയുമാണ് പഠനത്തോട് കാണിച്ചിട്ടുള്ളത് എന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.
ശ്രീലക്ഷ്മി പ്രദീപ്

ആ പച്ചയായ മനുഷ്യൻ


ഇരട്ടപ്പേരു വിളിച്ചാല്‍ തിരിഞ്ഞു നിന്നു ചീത്തവിളിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു എന്‍റെ നാട്ടില്‍.....
സ്വന്തം വീട്ടില്‍ നിന്നാലും റോഡില്‍കൂടി പോയാലും എന്തിനേറെ പറയണം അമ്പലത്തിനകത്ത് ഭക്തിരസത്തോടെ നിന്നാല്‍പോലും ഇരട്ടപ്പേര് ആര് വിളിക്കുന്നോ അവര്‍ക്കുള്ള തെറി സ്പോട്ടില്‍ തന്നെ കിട്ടും. പ്രതികരിക്കാന്‍ നിന്നാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ചെവിയും തപ്പിക്കൊണ്ട് നമ്മളുതന്നെ ഓടേണ്ടിവരുമെങ്കിലും എനിക്കും കൂട്ടുകാര്‍ക്കും അന്നത് കേള്‍ക്കുന്നതൊരു സുഖംതന്നെയായിരുന്നു
അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആ വീടിന്‍റെ മുന്നിലെത്തിയപ്പോൾ ഒന്നു നിന്നു,
പണ്ട് അവിടെനിന്നു കൊണ്ട് ആ പേരൊന്നു നീട്ടി വിളിച്ചാല്‍ മുണ്ടുംപൊക്കി "നിന്‍റെയൊക്കെ തന്തമാരേ പോയി വിളിയെടാ"ന്നുറക്കെ വിളിച്ചു പറഞ്ഞ് കല്ലും കട്ടേം പെറുക്കിയെറിഞ്ഞുകൊണ്ട് ഞങ്ങളുടെ പിറകേ ഓടിവരാരുള്ള ആ മനുഷ്യന്‍ വീടിന്‍റെ തെക്കുവശത്തായി അല്‍പ്പമുയര്‍ന്നുകാണുന്ന മണ്‍കൂനയ്ക്കു കീഴെ തണല്‍വിരിച്ചു നില്‍ക്കുന്ന തെങ്ങിന്‍ ചുവട്ടില്‍ അന്ത്യവിശ്രമംകൊള്ളുന്ന കാഴ്ച്ച കണ്ടപ്പോള്‍ മനസ്സിലെവിടെയോ ഒരു കുറ്റബോധം .....
കുരുമുളക് പറിക്കാനും തെങ്ങേല്‍ കേറാനും കെളയ്ക്കാനുമൊക്കെ നാട്ടുകാര്‍ക്ക് ഉപകാരിയായി പ്രായത്തെ മറന്ന് കഷ്ട്ടപ്പെട്ടു ജീവിച്ച ആ മനുഷ്യന്‍റെ വെറ്റിലക്കറയില്‍ ഇത്തിളുപിടിച്ച പല്ലുകൊണ്ടുള്ള നിഷ്ക്കളങ്കമായ ചിരിയില്‍ രൌദ്രം വരുത്താനായി നടക്കുന്ന ഞങ്ങളോട് നാട്ടുകാര്‍ പറയും :-
"നിങ്ങള്‍ക്കൊന്നും വേറെ പണിയില്ല്യോടാ പിള്ളാരെ.... അങ്ങേരുടെ വായിലിരിക്കുന്ന തെറി കേട്ടാലേ നിനക്കൊക്കെ ഉറക്കം വരുത്തൊള്ളോ?"
അതായിരുന്നു സത്യം..... ഉറക്കം വരില്ല !!
എന്നാപ്പിന്നെ രണ്ടുദിവസം മൈന്‍ഡ് ചെയ്യണ്ടാന്ന് കരുതി മര്യാദയ്ക്ക് പോയാലും ആരുടെയെങ്കിലും തെങ്ങിന്‍റെ മേളിലോ മുളകുകൊടിയുടെ ഇടയ്ക്കുനിന്നോ ഞങ്ങളെ മൂപ്പിക്കാനായി പുള്ളിക്കാരന്‍തന്നെ ഒന്നു മുരടനക്കും. കയ്യിലിരിക്കുന്നതെന്തും എടുത്തെറിയുന്ന ആളായതുകൊണ്ട് വെട്ടുകത്തിയെറിഞ്ഞാല്‍ ആയമെത്താത്ത ദൂരം പിന്നിട്ട് ആ പേരുറക്കെ വിളിച്ചുകൊണ്ട് ഞങ്ങള്‍ ഓടിമറയുമെങ്കിലും ഞങ്ങളെ വിളിക്കുന്ന ഹൈക്ലാസ് തെറി കേള്‍ക്കാന്‍ വിധിയുണ്ടാകുന്നത് ആ ചുറ്റുവട്ടം നില്‍ക്കുന്നവരായിരിക്കും ....
ഞങ്ങളുടെ ബാല്ല്യകാല വിവരക്കേടിന്‍റെ താളത്തിനൊത്തു നിറഞ്ഞാടിത്തകര്‍ത്ത് അരങ്ങൊഴിഞ്ഞു യാത്രയായ ആ മനുഷ്യനേപ്പറ്റി ഇന്നോര്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്.....
"ചീത്ത വിളിച്ചും, കല്ലുപെറുക്കിയെറിഞ്ഞും, തല്ലാനോടിച്ചും കുട്ടിത്തം മാറാതെ ഞങ്ങളോടൊപ്പം ആസ്വദിച്ചു ജീവിക്കുകയായിരുന്നു ആ പച്ചയായ മനുഷ്യനും" :-(
______________________ <3 _____________________
സന്തോഷ് നൂറനാട്

ആരുമല്ലാതാവുന്നവർ കഥ


ആരുമല്ലാതാവുന്നവർ
കഥ
വേദിയിലും സദസ്സിലും വിശ്വനാഥനെ കാണാതെ സരോജനി പരവശയായി.നിങ്ങൾ വിളിക്കുന്നയാൾ പരിധിക്ക് പൂറത്താണെന്ന മൊബെയിൽ അറിയിപ്പ് അവളെ ശരിക്കൂം പരിഭ്രാന്തയാക്കി.
സമന്വയം പാലിച്ചുകൊണ്ട് അവൾ വിവാഹമാല്യം അണിയിക്കുന്ന മകളെ നോക്കി സന്തുഷ്ടയാവാൻ ശ്രമിച്ചൂ. തന്റെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് മോളുടെ ഇഷ്ടത്തിന് സന്തോഷത്തോടെ സമ്മതിച്ചയാളാണ് അദ്ദേഹം. മുഹുർത്ത സമയത്ത് പെട്ടന്ന് അപ്രത്യക്ഷനാവാൻ തക്ക സംഭവങ്ങളൊന്നൂം ഇന്നുണ്ടായിട്ടുമില്ല.
അസംപൃപ്തി തനിക്കായിരുന്നു. ഏറെ മോഹിച്ച മോളുടെ കല്യാണാഘോഷത്തിൽ വേദിയുടെ മൂലയിൽ ഒരു കാഴ്ചക്കാരി മാത്രമായി നിൽക്കേണ്ടി വന്ന തന്റെ ദുർവിധിയെ പഴിച്ചു.
പക്കവാദ്യവൂം കുഴലൂത്തും പരസ്പരം മാലയണിക്കലും കഴിഞ്ഞ് മോൾ വരന്റെ അച്ഛനേയും അമ്മയേയും കാൽതൊട്ടു വന്ദിക്കുന്നതു വരെയെത്തിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. തൂവാല കൊണ്ട് മുഖം പൊത്തി അവൾ ബാത്ത് റൂമിലേക്ക് പിൻവലിഞ്ഞു.
പെട്ടന്ന് അവളുടെ മൊബെയിൽ സന്ദേശത്തിന്റെ ശബ്ദത്തോടെ വെളിച്ചം വീശി തിളങ്ങി. വിശ്വേട്ടൻ. വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് അവൾ അയാളുടെ സന്ദേശം വായിച്ചു.
" സരൂ, നീ എന്നോട് ക്ഷമിക്കണം. വിവാഹ വേദിയിലേക്ക് മോളെ ആനയിക്കാനും, അവളുടെ സാരിത്തലപ്പ് ഒന്ന് വലിച്ച് ഒതുക്കാനും, മംഗലസൂത്രം കെട്ടിയത് ശരിയായെന്നുറപ്പു വരുത്താനുമുള്ള നിന്റെ കൊച്ചു മോഹം പോലൂം സാധിപ്പിച്ചു തരാനാവാതെ ആ വേദിയുടെ മൂലയിൽ ഒതുങ്ങി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. മോളുടെ വിവാഹാവസരത്തിൽ വേദി മുഴുവൻ നിറഞ്ഞു നിൽക്കേണ്ടിയിരുന്ന നീ നമ്മുടെ പുതിയ ബന്ധുക്കളുടെ മുമ്പിൽ നിഷ്പ്രഭയയാത് എന്നെ തളർത്തി കളഞ്ഞു.
മോൾ നമുക്ക് ആരുമല്ലാതാവുന്നു എന്ന എന്റെ തോന്നലിന് ന്യായമൊന്നുമില്ല. എല്ലാം അറിഞ്ഞുകൊണ്ടു തന്നയായിരുന്നുവല്ലോ ഊരും പേരുമറിയാത്ത ഒരാൾക്ക് അവളെ ഞാൻ വിട്ടുകൊടുത്തത്. പക്ഷെ നീ അമ്മയും ഞാൻ അച്ഛനുമല്ലാതാവുന്ന ഈ അവസ്ഥ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. നമ്മുടെയാരുടേയും അകമ്പടിക്കു കാത്തു നിൽക്കാതെ അവന്റെ അമ്മയുടേയും ചേച്ചിയുടേയും കൈ പിടിച്ച് വേദിയിലേക്ക് അവൾ സ്വയം കയറിയത് തന്റേടം കൊണ്ടാണെന്ന് സമാധാനിക്കാൻ എന്റെ മനസ്സു സമ്മതിക്കുന്നില്ല.
എല്ലാം ഭംഗിയായി കഴിഞ്ഞ് അവരെ യാത്രയാക്കുന്നതിന് മുമ്പ് നീ എന്നെ അന്വേഷിക്കരുത്. എന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ എല്ലാം ഭംഗിയാക്കാൻ നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ എങ്ങോട്ടും പോവുന്നില്ല. ഈ പരിസരത്തു തന്നെയുണ്ട്. ...."
ബാത്ത് റൂമിന്റെ വാതിലിൽ ആരൊക്കെയോ ഇടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് സരോജനിക്ക് പരിസരബോധം വന്നത്. മൊബെയിൽ ഒളിപ്പിച്ച് വെച്ച് സംഭ്രമം മറച്ചു പുറത്തു വന്നപ്പോൾ കണ്ട കാഴ്ച അവളെ വല്ലാതെ നോവിച്ചു.
വാതിലിൽ മുട്ടിയവരാരും തന്നെ അന്വേഷിച്ചു വന്നവരായിരുന്നില്ല. തന്നെ ആരും അന്വേഷിച്ചതായി ആരും പറഞ്ഞില്ല.

By
Paduthol

വ്രതം


വ്രതം
=====
വ്രതം
ഒരു മീറ്റർ,
വിശപ്പിന്റെ
ആഴമളന്ന്
പട്ടിണിയുടെ
വേദനയും ദുഃഖവും
അറിയാൻ കഴിയുന്ന.
വ്രതം
ഒരു ഹസ്തം,
മനുഷ്യനിലെ
തിന്മയെ പിടിച്ചുകെട്ടി
നന്മയെ കയറൂരി വിടുന്ന.
വ്രതം
ഒരു കണ്ണ്
കരയുന്നവനെ കാണാൻ കഴിവുള്ള
ഉറങ്ങാതെ ഉണർന്നിരിക്കുന്ന.
വ്രതം
ഒരു വഴി,
സ്നേഹത്തിലൂടെ
സമാധാനത്തിലൂടെ
സന്തോഷത്തിലൂടെ
ഒരുമയിലൂടെ
കാരുണ്യത്തിലൂടെ
ത്യാഗത്തിലൂടെ
ക്ഷമയിലൂടെ
തിരിച്ചറിവിലൂടെ
ദൈവത്തിലേക്കെത്തുന്ന.
.
വ്രതം
വിശ്വാസിയുടെ
പ്രാർത്ഥന
അത് ഉദാത്തം.

By
Shananvaz

മരങ്ങൾ.


മരങ്ങൾ.
---------
വൃക്ഷ തൈകൾ നടാൻ വന്ന അപ്പേട്ടൻ ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോൾ എന്നോട് ചോദിച്ചു.
എന്താണിതൊക്കെ സ്ക്കൂളിലൊക്കെ ഇങ്ങിനെ ചെയ്തിട്ട് എന്താ കാര്യം.
ഒരുപുഞ്ചിരിയോടെ ഞാൻ കൊടുത്ത മറുപടി ഇങ്ങിനെയായിരുന്നു.
നമ്മൾ ചെറുപ്പം മുതൽ കഴിക്കുന്ന ഭക്ഷണം പാചകം ചെയ്യാൻ എത്രവിറക് ഉപയോഗിച്ചിരിക്കും. കഴിക്കുന്ന ഭക്ഷണവും അവർ തരുന്നതുതന്നെ. മരിച്ചാൽ കത്തിക്കുന്നതിനും വിറക് വേണം കൂടാതേ ജനനം മുതൽ മരണം വരേ അവർ തരുന്ന വായു അല്ലേ ശ്വസിക്കുന്നത്
പിന്നെ നമ്മളിവിടെ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും വേണ്ടേ അപ്പേട്ടാ..,
ഞാവൽ, മാവ്, സപ്പോട്ട, പേര, അരിനെല്ലി, ചാമ്പ, ആര്യവേപ്പ് എന്നിവ യെല്ലേ വെക്കുന്നത്.
കുട്ടികളും കിളികളും അണ്ണാറക്കണ്ണൻമാരും സന്തോഷിക്കട്ടെന്നേ...
ഒരു അടയാളം, ഒരു വരം, ഒരാശ്വാസം, ഒരു വിശപ്പു തീർക്കൽ. അതു മാത്രമല്ലല്ലോ മരങ്ങൾ....
ഈ മഴക്കാലത്തെങ്കിലും സ്വന്തം ജീവിതത്തിൽ ധാരാളമായുപയോഗിച്ച എന്തെങ്കിലും ഭൂമിക്കു തിരിച്ചു നൽകാൻ നിങ്ങളാലാവുന്നതുചെയ്യൂ സ്നേഹിതരേ....
ബാബു തുയ്യം.
30/05/17

പെൺപുലി..


പെൺപുലി..
--------------------------------------------------------
ചേച്ചീ... അവർ വന്നു...
കുഞ്ഞൂസ് ഓടിവന്നു അടുക്കളയിൽ നിക്കുവാരുന്ന ലിറ്റിയോടും, അമ്മ സൂസനോടും പറഞ്ഞു..
ലിറ്റി ഓടിവന്നു ജനൽകർട്ടൻ മാറ്റി റോഡിലേക്ക് നോക്കി..
താഴെ റോഡിൽ വണ്ടിയിൽ നിന്നിറങ്ങിയ രണ്ടുപേരെ ജോസഫ്‌ അങ്കിൾ കൂട്ടികൊണ്ട് വരുന്നു..
ഇതിലാരാ ചേച്ചിയേ കെട്ടാൻ പോകുന്നേ.. ?
പോടാ.. വന്നു കാണുന്നതിനു മുൻപേ കെട്ടുന്ന കാര്യം നീ തീരുമാനിച്ചോ.. ?
കുഞ്ഞൂസിന്റെ ചെവിക്കിട്ട് ഒന്ന് കിഴുക്കിയിട്ട് ലിറ്റി പറഞ്ഞു..
അവൾ വരുന്ന രണ്ടുപേരെയും നോക്കി.. ഇതിലേതായാലും വേണ്ട എന്നവൾ അപ്പോൾ തന്നെ തീരുമാനിച്ചു..
അവൾ അടുക്കളയിലോട്ട് ചെന്ന് ചായ എടുത്തുകൊണ്ടിരുന്ന സൂസനോട്‌ പറഞ്ഞു..
ചായ അമ്മ കൊണ്ട് കൊടുത്താൽ മതി..
എന്നാടീ.. ഇഷ്ടപ്പെട്ടില്ലേ.. ?
ഓ.. കണ്ടിട്ട് ഒരു സുഖമില്ല..എനിക്കെങ്ങും വേണ്ടാ ഈ ചെറുക്കനേ.. !
നിനക്ക് ഇഷ്ട്ടപെട്ടില്ലേൽ വേണ്ടന്നേ.. നീ അവരു വരുമ്പോൾ ചായ കൊണ്ട് കൊടുക്ക്‌.. അവർ അത് കുടിച്ചിട്ട് പൊക്കോളും..
ചായ മാത്രം കൊടുത്താൽ മതി.. ബിസ്ക്കറ്റ് കൊടുക്കണ്ട.. !
ശ്ശെ.. ഈ പെണ്ണിന്റെ ഒരു കാര്യം.. മിണ്ടാതെ കൊണ്ട് കൊടുത്തോണം ..
അമ്മ ബിസ്ക്കറ്റ് എടുക്ക്.. മധുരം ഞാനിടാം..
അപ്പോളേക്കും ജോസഫ്‌ അങ്കിൾ വിളിച്ചു കഴിഞ്ഞു..
ലിറ്റിമോളെ ചായ എടുത്തോണ്ട് വാ..
സൂസനേ നോക്കി ഒന്ന് കിറി കോട്ടിയിട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി ലിറ്റി ചായയുമായി ഹാളിലേക്ക് ചെന്നു..
അവൾ അങ്കിളിനെ ചോദ്യഭാവത്തിൽ നോക്കി..
അതാ ചെറുക്കൻ.. കാലിന്മേൽ കാല് കയറ്റി വെച്ചേക്കുന്ന ആളെ നോക്കി അങ്കിൾ പറഞ്ഞു..
അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് ചായ എടുത്തു കൊടുത്തു.. അടി മുടി അവൾ ഒന്ന് നോക്കി...
നമ്മുക്ക് പറ്റിയ ആളേ അല്ല.. അവൾക്കു ഉറപ്പായി.. കൂട്ടുകാരനും, അങ്കിളിനും ചായ കൊടുത്തിട്ട് അവൾ അടുക്കളയിലേക്കു രണ്ടടി നടന്നപ്പോഴേക്കും പുറകിൽ നിന്നും കേട്ടു ചെറുക്കന്റെ ശബ്ദം...
ചായക്ക് മധുരമിടാൻ മറന്നെന്നു തോന്നുന്നു...
മോളേ ലിറ്റി... അങ്കിൾ വിളിച്ചപ്പോളേക്കും അവൾ അടുക്കളയിൽ എത്തി..
സൂസൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് പോയി മധുരം ഇട്ടു കൊടുത്തു..
ലിറ്റിയോട് അങ്കിളിന്റെ മോളാ പറഞ്ഞത്.. ചെറുക്കന് മധുരം ഇല്ലാതെ ചായ കൊടുക്കണം എന്ന്.. ഒന്നും മിണ്ടാതെ ചായ കുടിച്ചാൽ വല്യ കുഴപ്പമില്ല.. അത്യാവശ്യം ക്ഷമ ഒക്കെയുള്ള ഒരു ഡീസന്റ് ആളായിരിക്കും.. മധുരം ഇല്ലാന്ന് പറഞ്ഞാൽ ഒരു കാരണവശാലും ആ ചെറുക്കാനുമായുള്ള കല്യാണത്തിന് സമ്മതിച്ചേക്കരുതെന്നു... അപ്പോൾ അതും ഉറപ്പായി..
അകത്ത്‌ അങ്കിളും വന്നവരും കൂടി ഏതോ കെട്ടിടം പണിയുന്ന കാര്യത്തെപ്പറ്റി ഭയങ്കര സംസാരമാണ്..
ഇവര് പെണ്ണ് കാണാനല്ലേ വന്നത്.. ?
ലിറ്റി അമ്മയോട് ചോദിച്ചു.. സൂസൻ ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
ഒരു ഫോൺ വന്നു ചെറുക്കന്..
ഞങ്ങൾ ഒരു അര മണിക്കൂറിനുള്ളിൽ എത്താം..
എന്നാ ഞങ്ങൾ ഇറങ്ങട്ടെ..വീട്ടുകാരെ അടുത്തദിവസം തന്നെ പറഞ്ഞു വിടാം.. ബാക്കി കാര്യങ്ങൾ നിങ്ങൾ എല്ലാം കൂടി തീരുമാനിക്ക്.. തിരക്കല്ലേ അങ്കിളേ.. കെട്ടാൻ നേരം ഏതായാലും ഞാൻ പള്ളിയിൽ ഉണ്ടാകും..
ഹ.. ഹ..അപ്പോഴേലും ഒന്ന് വന്നാൽ മതി.. കുലുങ്ങിചിരിച്ചുകൊണ്ട് അങ്കിൾ പറയുന്നത്‌ കേട്ട് ലിറ്റി അടുക്കളയിൽ നിന്ന് സൂസനോട് ചോദിച്ചു..
ആരോട് ചോദിച്ചിട്ടാ അങ്കിൾ എല്ലാത്തിനും സമ്മതം കൊടുത്തേ...അമ്മ ഒന്നുംകൂടി കല്യാണം കഴിക്കാൻ റെഡി ആയിക്കോ..എനിക്ക് ഈ തിരക്കുള്ള മനുഷ്യരെ ഒന്നും വേണ്ടാ.. ഇച്ചിരി നേരം എന്റെ അടുത്തിരിക്കാൻ പറ്റാത്ത ചെറുക്കനേ കെട്ടിയിട്ട് എന്തിനാ.. കാണാനും കൊള്ളില്ലാ.. സ്വയം അങ്ങ് തീരുമാനിച്ചു.. എന്നാ പെണ്ണിനോട് ചോദിച്ചോ.. ? എന്നേ ഇഷ്ടപ്പെട്ടോന്ന്‌ ഒരു വാക്ക്.. !..അതുപോലും ചോദിക്കാത്ത ഒരു മണുകുണാമ്പൻ... ഹും...
നീ തന്നെ അങ്കിളിനോട് പറ.. !
ഞാൻ പറയും..ജീവിതം എന്റേതല്ലേ..അങ്കിൾ എന്തൊക്കെയോ ലാഭം മുന്നിൽ കണ്ടുകൊണ്ടുള്ള കളിയാ..അതിന് എന്നെക്കിട്ടില്ല...
അപ്പോഴേക്കും ജോസഫ്‌ അവരെ പറഞ്ഞു വിട്ടിട്ട് വീട്ടിലേക്കു വന്നു..
സൂസമ്മോ...
ആ.. ചേട്ടായീ..
എടീ.. നമ്മൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധമാ ഇത്.. പൂത്ത കാശൊണ്ട് ചെറുക്കന്റെ കയ്യിൽ.. ഇച്ചിരി പൊങ്ങച്ചം കൂടുതലുണ്ടന്നേ ഉള്ളൂ..
എന്നാ വീട്ടുകാരോട് എല്ലാം കൂടി വരാൻ പറയുന്നേ... ?
അവൾക്കു ചെറുക്കനെ ഇഷ്ട്ടമായില്ലാന്നാ പറയുന്നേ.. !
ലിറ്റിയേ..
അങ്കിൾ വിളിച്ചതുകേട്ട് ലിറ്റി ഹാളിലേക്ക് വന്നു..
എന്നതാടീ അവനൊരു കുറവ്... അവന് വേണേൽ നല്ല കൊമ്പത്തൂന്ന് പെണ്ണ് കിട്ടും.. നാലുനേരം നിനക്കിഷ്ടമുള്ളതു കഴിച്ചു കിടക്കാം..വല്ലവന്റെയും കൂടെ ഇറക്കിവിടാൻ നിന്റെ അപ്പൻ ഒന്നും ഉണ്ടാക്കി വച്ചിട്ടല്ല പോയത്‌.. അതോർമ്മ വേണം... ഇതിപ്പോ കല്യാണച്ചിലവിനുള്ളത്‌ വല്ലോ കടവും മേടിച്ചിട്ടാണെങ്കിലും ഇറക്കിവിടാന്ന്‌ വെച്ചപ്പോൾ... അഹങ്കാരം പറയുന്നോ.. ?
അമ്മാവൻ ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഈ ചെയ്യുന്നതെന്ന് എനിക്കറിയാം.. ആ ചെറുക്കന്റെ പുതിയ ബിൽഡിങ്ങിന്റെ കൺസ്ട്രക്ഷൻ കോൺട്രാക്ട് അമ്മാവന് കിട്ടണം.. അതിനല്ലേ ഈ ത്യാഗം...
ജോസഫിനു ഒരു നിമിഷം ഉത്തരം മുട്ടി.. ഇതെങ്ങനെ ഇവളറിഞ്ഞു.. പെട്ടന്ന് തന്നെ ജോസഫ്‌ ശബ്ദം വീണ്ടെടുത്തു..
അതയെടീ.. ജോസഫ്‌ ലാഭം നോക്കിയേ എല്ലാം ചെയ്യാറുള്ളൂ.. അതുകൊണ്ടാ ഞാൻ ഈ നിലയിലായതും...
അത് ഞങ്ങൾക്ക് പണ്ടേ അറിയാം.. അമ്മേനേയും ലാഭം നോക്കി കൊടുത്തതല്ലേ പണ്ട്.. ഞങ്ങൾ എങ്ങനെയാ അനാഥരായതെന്നും എനിക്കറിയാം ...
സൂസൻ ഒരക്ഷരം മിണ്ടിയില്ല... തനിക്ക് ഇപ്പോഴും ചേട്ടായിയോടു മുഖത്തു നോക്കി സംസാരിക്കാൻ പേടിയാ... അവളെങ്കിലും പറയാനുള്ളത് പറയട്ടേ...
ജോസഫ്‌ സൂസന്റെ നേരെ തിരിഞ്ഞു പറഞ്ഞു...
നീ മക്കളോട് ഓരോന്ന് പറഞ്ഞു കൊടുത്ത് വെച്ചേക്കുവാ അല്ലേ..
പെട്ടന്ന് ലിറ്റി പറഞ്ഞു..
അമ്മയേ ഒന്നും പറയണ്ട... അമ്മ ഞങ്ങളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. ഞാനായിട്ട് മനസ്സിലാക്കിയതാ പറഞ്ഞത്..
അപ്പോൾ നിങ്ങൾക്ക് ഈ കല്യാണത്തിന് സമ്മതമല്ല അല്ലേ..
അങ്കിളേ കുറേ കാശ് ഉണ്ടായതുകൊണ്ട് മാത്രം ജീവിതമാകില്ല..മറ്റുള്ളവരോട് കരുണയും, സ്നേഹവും വേണം..
അങ്കിളിനു സ്വന്തം ഭാര്യയോടും, മക്കളോടുമെങ്കിലും യഥാർത്ഥമായി സ്നേഹം ഉണ്ടോ.. ?കുറേ ഇറച്ചിയും, മീനും മേടിച്ചു വീട്ടിൽ കൊടുത്താൽ അവിടുള്ളവർക്കു സന്തോഷമാകുമെന്നാണോ അങ്കിൾ കരുതിയേക്കുന്നേ.. "!!
ഒരു നേരം എങ്കിലും കുടുംബത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ അങ്കിൾ.. ?
ഒരു ഉരുള ചോറ് മക്കളുടെ വായിൽ വെച്ച് കൊടുത്തിട്ടുണ്ടോ.. ?
അവരെ ഒന്ന് സ്നേഹത്തോടെ തലോടിയിട്ടുണ്ടോ.. ?
അവരുടെ മനസ്സ് കാണാൻ അങ്കിളിനേക്കൊണ്ട് പറ്റിയിട്ടുണ്ടോ.. ?
ഇതൊക്കെയാണങ്കിളേ സ്നേഹം..
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ചാടി..
കരഞ്ഞുകൊണ്ട് അവൾ തുടർന്നു..
അങ്കിൾ കൊണ്ടുവന്ന ചെറുക്കൻ പണത്തെ സ്നേഹിക്കുന്ന ഒരാളാ..ചെറിയ, ചെറിയ കാര്യങ്ങളാണ്‌ ഒരു കുടുംബത്തിലെ വലിയ സന്തോഷങ്ങൾ..
അത് തരാൻ അയാൾക്ക് കഴിയില്ല..
എനിക്ക് അയാളെ ഒട്ട് സ്നേഹിക്കാനും കഴിയില്ല. ..
എനിക്ക് എന്നേ മനസ്സിലാക്കുന്ന.. എനിക്ക് മനസിലാക്കാൻ പറ്റുന്ന ഒരു സാധാരണക്കാരനേ മതി...
ലിറ്റി പറഞ്ഞതെല്ലാം കേട്ട് തലക്കടിയേറ്റ പോലെ നിക്കുവാരുന്നു ജോസഫ്‌.. ഒരക്ഷരം അയാൾക്ക് തിരിച്ചു പറയാൻ കിട്ടിയില്ല.. ഒന്നും മിണ്ടാതെ ജോസഫ്‌ അവിടുന്നിറങ്ങി നടന്നു...
സൂസൻ പുറകെ ചെന്ന് ഒന്ന് വിളിച്ചു...
ചേട്ടായീ...
ജോസഫ്‌ തിരിഞ്ഞുനോക്കിയില്ല.. വണ്ടിയിൽ കയറി ഓടിച്ചു പോയി..
തിരിച്ചു വീട്ടിലേക്കു കയറിയ സൂസനും കരയുവാരുന്നു.. ലിറ്റി അമ്മയെ കെട്ടിപിടിച്ചു.. സൂസൻ മകളെ ചേർത്തുപിടിച്ചു അവളുടെ മുടിയിഴകളിൽ കൂടെ ഒന്ന് തഴുകിയപ്പോൾ... ലിറ്റി അമ്മയുടെ കണ്ണുനീർ തുടച്ചു ഒരു മുത്തം ആ കവിളിൽ കൊടുത്തപ്പോൾ... സ്നേഹത്തിന്റെ ഒരു മാതൃകക്ക് സാക്ഷിയായ കുഞ്ഞൂസ് അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു..
-----------------------------------------------------------
അന്ന് രാത്രി അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ലിറ്റി അമ്മയോട് ചോദിച്ചു..
അമ്മക്ക് വിഷമമായോ ഞാൻ അമ്മാവനോട് അങ്ങനെയൊക്കെ സംസാരിച്ചതിന്... ?
ഇല്ലടീ കൊച്ചേ... അമ്മക്ക് അഭിമാനമേ ഉള്ളൂ..ഈ കാലത്ത് പെങ്കൊച്ചുങ്ങളായാൽ ഇങ്ങനെ വേണം..അമ്മക്ക് അന്ന് കഴിയാതെ പോയത്‌ ഇന്ന് നീ പറഞ്ഞതിൽ സന്തോഷമേ ഉള്ളൂ...
അമ്മ എന്തിനാ അച്ഛനുമായുള്ള കല്യാണത്തിന് സമ്മതിച്ചത്.. ?
ഇപ്പൊ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം കൊച്ചേ.. ?
അമ്മക്ക് ഇപ്പോഴും സങ്കടമുണ്ടല്ലേ.. ?
പോടീ... അമ്മ അതെല്ലാം മറന്നു...
നിനക്ക് ആരെയെങ്കിലും ഇഷ്ടമുണ്ടോ..?
ഉണ്ടാരുന്നേൽ ഞാൻ എപ്പോഴേ കൂട്ടിക്കൊണ്ടു വന്നേനേ.. !
ഈ പഞ്ചായത്തിൽ ഒരാളെയേ ഞാൻ കണ്ടുള്ളൂ.. എനിക്ക് പറ്റിയ ഒരാളായിട്ട്..
അതാരാ... ?
ഓ.. അതിനി പറഞ്ഞിട്ട് കാര്യമില്ല..
അതെന്നാ.. ആരാടീ അത്.. ?
പുള്ളിക്ക് ഭാര്യയും രണ്ട് പിള്ളേരും ഉണ്ട്.. നമ്മുടെ ചെമ്പകവീട്ടിലെ ജോസുചേട്ടൻ..
ഈ പെണ്ണിന്റെയൊരു നാക്ക്.. നിന്നെ ഞാൻ എന്നാ ചെയ്യണ്ടേ..
ലിറ്റിക്കിട്ട് ഒരു കിഴുക്ക് കൊടുത്തുകൊണ്ട് സൂസൻ പറഞ്ഞു...
അമ്മയും, മകളും ഒരുമിച്ചു ചിരിച്ചു...
സൂസൻ മകളുടെ തോളിൽ താളം പിടിച്ചു കിടക്കുമ്പോൾ അവളുടെ മനസ്സിൽ ജേക്കബ് അവളെ പെണ്ണുകാണാൻ വന്ന ദിവസം കടന്നുവന്നു..
രാവിലെ പള്ളിയിൽ പോയിട്ട് വന്നപ്പോളാണ് ചേട്ടായി പറഞ്ഞത് ഒരാൾ ഇന്ന് നിന്നെ കാണാൻ വരുന്നുണ്ടന്നു.. അച്ഛൻ നേരത്തെ മരിച്ചതിനാൽ ചേട്ടായി ആയിരുന്നു കാര്യങ്ങൾ എല്ലാം തീരുമാനിച്ചിരുന്നത്.. അമ്മയ്ക്കും പേടിയായിരുന്നു ചേട്ടായിയോട് എതിർത്ത് വല്ലതും പറയാൻ..
അന്ന് പത്തുമണി ആയപ്പോൾ ഒരാൾ വന്നു.. കണ്ടപ്പോഴേ മനസ്സിലായി പ്രായമധികമുണ്ടന്നു.. അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടരുതെന്നു കണ്ണടച്ച് കാണിച്ചു..പിന്നെ ഒന്നും, ആരോടും മിണ്ടിയില്ല..
ഒരു ഇരുനിറമെങ്കിലും ഉള്ള ..
പുക വലിക്കാത്ത, കള്ളുകുടിക്കാത്ത .. പാന്റിടുന്ന.. ബൈക്ക് ഓടിക്കാൻ അറിയുന്ന ഒരാൾ.. ഇത്രയൊക്കെയേ ഉള്ളാരുന്നു എന്റെ സങ്കല്പങ്ങൾ..
പക്ഷേ ഒന്നുപോലും കിട്ടിയില്ല..
ആദ്യരാത്രിയിൽ ജേക്കബ് അടുത്തു വന്നത് മൂക്കറ്റം കുടിച്ചിട്ടായിരുന്നു..
ഒരു പെണ്ണിന്റെ പ്രതീക്ഷകളെല്ലാം തകർത്തു ഒരു പീഡനമായിരുന്നു.. പിടിച്ചു ചുംബിച്ചപ്പോൾ സിഗരിറ്റിന്റെയും, മദ്യത്തിന്റെയും മനംമടിപ്പിക്കുന്ന മണമേറ്റപ്പോൾ പിടിച്ചു നിൽക്കാനായില്ല...
ഓടി പുറത്തുപോയി ശർദ്ദിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മ നെഞ്ചത്തടിച്ചു പറഞ്ഞത്... പെണ്ണ് വയറ്റിലിട്ടോണ്ടാണല്ലോ ദൈവമേ വന്നേക്കുന്നേ എന്നായിരുന്നു...
പ്രതികരണശേഷി ഇല്ലാതേ പോയതിനാൽ എല്ലാം സഹിച്ചു..രണ്ട് മക്കളെയും തന്ന് കുടിച്ചു, കുടിച്ചു കരൾ ഇല്ലാണ്ടായി അദ്ദേഹമങ്ങു പോയി.. സ്വത്തുക്കളെല്ലാം സ്വന്തമാക്കാൻ ചേട്ടായീ കുടിപ്പിച്ചു കൊന്നു എന്നുള്ളതാണ് സത്യം..അദ്ദേഹത്തിന്റെ കമ്പനിയിൽ മാനേജരായിരുന്ന ചേട്ടായിക്ക് അറിയാമായിരുന്നു ജേക്കബ് ഒരു കരൾ രോഗിയാണെന്നുള്ളത്‌.. അതറിഞ്ഞു കൊണ്ടാണ് സ്വന്തം പെങ്ങളെ കെട്ടിച്ചു കൊടുത്തത്.. ജേക്കബ് മരിച്ചതിനു ശേഷം ഔദാര്യം പോലെ വല്ലപ്പോഴും കുറേ വീട്ടുസാധനങ്ങൾ വാങ്ങി തരും ..പലപ്പോഴും പട്ടിണി ആയിരുന്നു..എല്ലാം അറിയാവുന്ന ചേട്ടായിയുടെ ഭാര്യയാണ് പലപ്പോഴും ആ പട്ടിണിയിൽ നിന്നും രക്ഷിച്ചത്..ചേട്ടായീ അറിയാതെ പൈസയും, സാധനങ്ങളും ഒക്കെ കൊണ്ട് തരുമ്പോൾ നാത്തൂൻ പറയും...ചേട്ടായീ ചെയ്ത തെറ്റിന്.. ഓരോ പ്രാവശ്യവും നിന്റെ കണ്ണ് നിറയുമ്പോൾ അതിൽ എന്റെ മക്കളെങ്കിലും വെന്തു വെണ്ണീറാകാതിരിക്കാനാ ഞാനിത് ചെയ്യുന്നത് എന്ന്..
എല്ലാം അറിയാമായിരുന്നു...മനസ്സിലടക്കി ഉരുകി തീരുവായിരുന്നു ഇന്നുവരെ..
ഒഴുകിയിറങ്ങിയ കണ്ണുനീർ സൂസൻ തുടച്ചു കളഞ്ഞപ്പോൾ അവൾ ഉറപ്പിച്ചിരുന്നു.. . എന്റെ മോൾക്ക്‌ ഇഷ്ട്ടമല്ലാത്തതൊന്നും ചെയ്യാൻ ഇനി സമ്മതിക്കില്ലെന്ന്..
ലിറ്റി ആയിരുന്നു സൂസന്റെ ധൈര്യം..
ലിറ്റിയേ പോലുള്ള പെൺകുട്ടികളാണ് എന്നേ പോലുള്ള അമ്മമാർക്ക് വേണ്ടത്..
പ്രതികരണശേഷി ഉള്ള പെൺകുട്ടികൾ.. രക്തബന്ധത്തിനുപോലും വിലയില്ലാത്ത.. ഇന്നത്തെ ലോകത്തിൽ ജീവിക്കാൻ ലിറ്റിയേ പോലൊരു മകളെ കിട്ടിയതിന്റെ ആശ്വാസത്തിൽ സൂസൻ ഉറങ്ങാനായി കണ്ണുകളടച്ചു..അപ്പോൾ അവിടമാകെ മുല്ലപ്പൂവിന്റെ ഗന്ധം നിറഞ്ഞു..അതിശയത്താൽ ചുറ്റും നോക്കിയപ്പോൾ ആ ഇരുട്ടിലും സൂസൻ കണ്ടു.. മുറിയിലേ മാതാവിന്റെ പുഞ്ചിരിക്കുന്ന രൂപം..ഒരു കുളിർ കാറ്റ് സൂസനേ തഴുകി കടന്നുപോയി...
.By.. .....ബിൻസ് തോമസ്‌....

ഷുഗർ


ഷുഗർ
********
തെളിഞ്ഞ ഒരു പ്രഭാതമായിരുന്നു അത്.പത്മാവതിയമ്മ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി വന്നു.പത്തു മണിയുടെ സ്വര്‍ണ്ണ വെയിലില്‍ കിണറും അതിനരികിലെ തുളസിച്ചെടിയും മുങ്ങിക്കുളിച്ചു നിന്നു.കിണറിന്റെ അരികിലെ അരമതിലില്‍ ഇരുന്നു കൊണ്ട് അവര്‍ പുറത്തേക്കു നോക്കി.അവര്‍ ആരെയോ കാത്തിരിക്കുകയാണ്.
പദ്മാവതിയുടെ ഭര്‍ത്താവു ശിവരാമന്‍ ചെത്തുകാരനാണ്.അവര്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളൂ.വേണു.അവിവാഹിതനായ വേണുവിന് ബാംഗ്ളൂരില്‍ ബിസിനസാണ്.
രണ്ടു ദിവസം മുന്പ് ഭര്‍ത്താവ് അറിയാതെ അവര്‍ മകനെ നിര്‍ബന്ധിച്ചു നാട്ടില്‍ വിളിച്ചു വരുത്തിയതാണ്.
“എനിക്ക് നിന്നെ കാണണം.കണ്ടേ പറ്റൂ.”
അവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് വേണു ഇന്നലെ രാത്രി തന്നെ വീട്ടില്‍ എത്തി.അവൻ യാത്രാക്ഷീണത്തില്‍ ഉറങ്ങിക്കിടക്കുന്നതും പിന്നെ എഴുന്നേറ്റ് കുളിച്ചു ഒരുങ്ങുന്നതും അച്ഛന്‍ ഉണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുന്നതും കൂട്ടുകാരനെ കാണാനായി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു യാത്ര പറഞ്ഞു പുറത്തെ വെയിലില്‍ മറയുന്നതും അവര്‍ തുടിക്കുന്ന ഹൃദയത്തോടെ കണ്ടതാണ്.
മകന്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ ശിവരാമനും പോയി.ചെത്താന്‍ പോകുന്നതിനു മുന്പ് പതിവ് പോലെ പണിയായുധങ്ങള്‍ അരയിലെ ബെല്‍ട്ടില്‍ മുറുക്കി കൊണ്ട് അയാള്‍ പദ്മാവതിയുടെ മുറിയില്‍ വന്നു.അപ്പോള്‍ അവര്‍ കട്ടിലില്‍ കിടക്കുകയായിരുന്നു.അയാള്‍ മുറിയില്‍ വന്നതും പരുക്കന്‍ഭാവത്തില്‍ തന്നെ നോക്കുന്നതും പദ്മാവതി അറിഞ്ഞു.
“ഞാന്‍ പോവുകയാ.പുറത്തോട്ടു ഒന്നും ഇറങ്ങണ്ട .”
പദ്മാവതി അതിനു മറുപടിയായി ഒന്ന് മൂളി.ഭര്‍ത്താവ് പുറത്തു ഇറങ്ങി സ്കൂട്ടര്‍ സ്റാര്‍ട്ട് ചെയ്തു പോയി എന്ന് ഉറപ്പായി കഴിഞ്ഞപ്പോഴാണ് അവര്‍ പുറത്തെ അരമതിലില്‍ വന്നു ഇരുന്നത്.
അല്പം കഴിഞ്ഞപ്പോള്‍ ഇടവഴിയുടെ അറ്റത്ത്‌ അടുത്ത വീട്ടിലെ സുമതിയുടെ ഇളയ മകന്‍ കണ്ണന്‍ പ്രത്യക്ഷപ്പെട്ടു.അവന്റെ കയ്യില്‍ ഒരു ബ്രൌണ്‍പേപ്പറില്‍ പൊതിഞ്ഞ എണ്ണ പുരണ്ട ഒരു കൂട് ഉണ്ടായിരുന്നു.പദ്മാവതിയമ്മ വിടര്‍ന്ന കണ്ണുകളോടെ അത് കണ്ടു അരമതിലില്‍ നിന്നു എഴുന്നേറ്റു.
അവന്‍ ഓടി വന്നു അത് അവരുടെ കയ്യില്‍ എല്പിച്ചു.
“ഞാന്‍ പോകുവാ,ആരേലും കണ്ടാല്‍ എന്നെ കൊല്ലും.”
വേഗം കൂട് പദ്മാവതിയുടെ കയ്യില്‍ എല്പിച്ചതിനു ശേഷം അവൻ തിരിച്ചോടി.
അവന്‍ പോയെന്നു ഉറപ്പായതിനു ശേഷം പദ്മാവതിയമ്മ കിണറിന്റെ അരികിലേക്ക് വന്നു.അതിനു ശേഷം അവര്‍ കൂട് പൊട്ടിച്ചു.അതിനുള്ളിൽ എണ്ണ മുറ്റിയ മധുരം കിനിയുന്ന മൃദുവായ രണ്ടു ജിലേബികള്‍ ആണ് ഉണ്ടായിരുന്നത്.
എണ്ണയുടെയും മാവിന്റെയും മധുരത്തിന്റെയും രുചി പദ്മാവതിയമ്മുടെ രസമുകുളങ്ങളില്‍ തൊട്ടു.ആ ജിലേബികള്‍ ആസ്വദിച്ചു കഴിക്കുമ്പോള്‍ സ്വര്‍ഗം ലഭിച്ചത് പോലെ അവരുടെ കണ്ണുകള്‍ നിറഞ്ഞു.നിറഞ്ഞ കണ്ണിലൂടെ അവര്‍ വീണ്ടും പകലിലേക്ക് നോക്കി.
ദൂരെ കൊയ്യാറായ മഞ്ഞ നിറം പൂണ്ട നെല്‍പ്പാടം. തന്റെ ഭര്‍ത്താവ് ചെത്തുന്ന തെങ്ങുകള്‍ അക്കരെ നിരനിരയായി നില്‍ക്കുന്നു.പാടം മുറിച്ചു ഒരുപറ്റം വെളുത്ത കൊക്കുകള്‍ പറന്നു പോകുന്നതു അവര്‍ കണ്ടു.
ജിലേബിയുടെ അവസാനത്തെ തുണ്ട് തിന്നുമ്പോള്‍ അവരുടെ ഉള്ളില്‍ അത് തീരുന്നതിന്റെ സങ്കടവും അതിന്റെ മധുരത്തിന്റെ സന്തോഷവും ഉണ്ടായിരുന്നു.വളര്‍ന്നു വലുതായ മകന്‍ ആ മഞ്ഞപ്പാടത്തിന്റെ അക്കരെ ബൈക്കില്‍ പോകുന്നതും കാറ്റില്‍ അവന്റെ എണ്ണമയം പുരണ്ട മുടി പറക്കുന്നതും അവര്‍ മനസ്സില്‍ കണ്ടു. ഭര്‍ത്താവ് ശിവരാമന്‍ ദൂരെ തീപ്പെട്ടിക്കൊള്ളികള്‍ പോലെ കാണുന്ന തെങ്ങുകളില്‍ ഒന്നിന്റെ തുഞ്ചത്ത് ഉണ്ടെന്നു ഉള്ള ഓര്‍മ്മയും അവരുടെ മനസ്സില്‍ വന്നു.മകനെയും ഭര്‍ത്താവിനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ആ ജിലേബിയുടെ മധുരത്തോടൊപ്പം അവരുടെ മനസ്സില്‍ നിറഞ്ഞു.
ജിലേബിയുടെ അവസാനത്തെ പൊടിയും തൊണ്ടയില്‍ നിന്നു ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ,ഒരു നിമിഷം കൂടി അതിന്റെ രുചി അവരുടെ നാവില്‍ തങ്ങി നിന്നു.അല്പം മുൻപ് തീര്‍ന്നു പോയ ജിലേബിയുടെ മധുരം.പദ്മാവതി കണ്ണുകള്‍ അടച്ചു ആ മധുരം ആവോളം നുകര്‍ന്നു.
പിന്നെ അവർ കിണറ്റിലേക്ക് എടുത്തു ചാടി.
പദ്മാവതി ചിതയില്‍ എരിയുമ്പോള്‍ നനഞ്ഞൊട്ടിയ ദേഹവുമായി നിന്ന വേണു പൊട്ടിക്കരഞ്ഞു.ഇതിനാണോ ,അമ്മ തന്നെ വിളിച്ചു വരുത്തിയത്.മരിക്കുമെന്ന് അമ്മ അറിഞ്ഞിരുന്നോ?അവസാനമായി ഒരു നോക്ക് കാണാന്‍?
നരച്ച ആകാശത്തിനു കീഴില്‍ വളര്‍ന്ന കുറ്റിത്താടി തടവി ശിവരാമന്‍ നിശബ്ദനായി നിന്നു.അയാളുടെ മുഖത്തിന്‌ ഒരു ഭാവമാറ്റവും ഉണ്ടായില്ല.പരുക്കന്‍ മുഖഭാവുമായി തന്റെ ഭാര്യ വിടവാങ്ങുന്നത് ശിവരാമന്‍ കണ്ടു നിന്നു.
നാട് മുഴുവന്‍ ആ ശവദാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
“എനിക്ക് തോന്നുന്നത് അയാള് കൊന്നതായിരിക്കുംന്നാ.അല്ലെങ്കില്‍ അവര്‍ സഹികെട്ട് ചത്തു.അയാളുടെ ആ പരുക്കന്‍ നോട്ടം കണ്ടില്ലേ...?”
ശിവരാമനെ വെറുപ്പോടെ നോക്കിയതിനു ശേഷം സുമതി തന്റെ അരികില്‍ നില്‍ക്കുന്ന മറ്റു സ്ത്രീകളോട് പറഞ്ഞു.
നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.ഒരു ദിവസം പദ്മാവതിയമ്മ അടുക്കളയില്‍ തല ചുറ്റി വീണു.
“കടുത്ത പ്രമേഹമുണ്ട്.ചിട്ടയായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ കാഴ്ച പോകും.പിന്നെ ജീവിതം ദുരിതമാകും.”
ഡോക്ടര്‍ ശിവരാമനോടും ഭാര്യയോടും പറഞ്ഞു.
“അതിനു ശേഷം ആ വീട്ടില്‍ എന്നും കലഹമായിരുന്നു.എന്നും പാത്രം എറിയുന്ന ഒച്ച കേള്‍ക്കാം.ഒരു നുള്ള് മധുരം പോലും ഭാര്യക്ക് കൊടുക്കാന്‍ അയാള്‍ സമ്മതിച്ചില്ല.ഒരു തവി ചോറ് അതില്‍ കൂടുതല്‍ ഭാര്യ കഴിക്കാന്‍ ശിവരാമന്‍ അനുവദിച്ചില്ല.”
സുമതി ആ ദിവസങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട് പറഞ്ഞു.
സുമതി പറഞ്ഞ കാര്യങ്ങള്‍ കുറെയൊക്കെ മറ്റു നാട്ടുകാര്‍ക്കും ശരിയാണെന്ന അഭിപ്രായമുണ്ടായിരുന്നു.പദ്മാവതിക്ക് മധുരത്തിനോട് ഉള്ള കൊതി ഒരു ഭ്രാന്ത് പോലെയായിരുന്നുവെന്നും ഭര്‍ത്താവും മകനും കാണാതെ നാട്ടിലെ കുട്ടികളെ കൊണ്ട് മധുരം വാങ്ങിച്ചു കഴിക്കുന്ന കാര്യവും അവര്‍ക്ക് അറിയാമായിരുന്നു.
“പക്ഷെ ഇതിനിടക്ക് പ്രമേഹം കൂടി അവരുടേ കാഴ്ച പോയി.ആ സമയത്ത് വീട്ടിലെ കലഹം കുറച്ചു കുറഞ്ഞു.പിന്നെ പദ്മാവതി കാടാമ്പുഴ ഭഗവതിയുടെ വല്യ ഭക്ത അല്ലായിരുന്നോ...ഭഗവതിയുടെ കൃപ കാരണം കാഴ്ച വീണ്ടും കിട്ടി.പ്രമേഹം കുറഞ്ഞു..കാഴ്ച പോയ സമയത്ത് പുറത്തോട്ടു അങ്ങനെ വരാന്‍ പറ്റില്ലാലോ...ഏതായാലും കാഴ്ച വീണ്ടും ശരിയായ സമയത്ത് കെട്ടിയോനും കെട്ടിയോളും കൂടി പിന്നെയും അടി തുടങ്ങി.അത് തീര്‍ക്കാന്‍ ആയിരിക്കും ചെറുക്കനെ വിളിച്ചു വരുത്തിയത്.”
വേണുവിന്റെ തോളില്‍ ആരോ തട്ടിയപ്പോഴാണ് അവന്‍ ഉണര്‍ന്നത്.അത് പഞ്ചായത്ത് മെമ്പര്‍ ഗോപി ആയിരുന്നു.അമ്മയുടെ ചിതക്കരികില്‍ ഒരു വാഴയുടെ ചുവട്ടില്‍ മരവിച്ചിരിക്കുകയായിരുന്നു വേണു.
“നമ്മുക്ക് ശിവരാമന്‍ ചേട്ടനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ വരെ ഒന്ന് പോകണം...അവര്‍ക്ക് നിങ്ങളുടെ മൊഴി എടുക്കണം..വലിയ കാര്യമൊന്നുമില്ല.ഫോര്‍മാലിറ്റി.”
ഗോപി പറഞ്ഞു.
ആ മരണം ഒരു സ്വാഭാവിക മരണം അല്ലെന്നും ഒന്നുകില്‍ ആത്മഹത്യയോ കൊലപാതകമോ ആണെന്ന് പോലീസിനു സംശയം ഉണ്ടെന്നും അതിനു ചോദ്യം ചെയ്യാന്‍ ആണ് കൊണ്ട് പോവുന്നത് എന്നും അമ്മ മരിച്ച മകനോട്‌ എങ്ങനെ പറയാനാണ്?
ഗോപിയുടെ വണ്ടിയില്‍ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ വേണു അരികില്‍ ഇരുന്ന അച്ചനെ പാളി നോക്കി.ആ മുഖം ഒരു മെഴുകുപ്രതിമ പോലെയുണ്ട്.നിശ്ചലമായ മിഴികള്‍ ആകാശത്തേക്ക് നീട്ടി അച്ഛന്‍ നിശബ്ദനാണ്.
വേണു ആ ദിവസങ്ങള്‍ ഓര്‍മ്മിച്ചു.
കടുത്ത പ്രമേഹം കാരണം അമ്മയുടെ സ്ഥിതി വഷളായി.കൃത്യമായ ആഹാരം ,ഡോക്ടര്‍ അനുശാസിച്ചതു മാത്രമേ, അമ്മക്ക് നല്‍കാന്‍ അച്ഛന്‍ സമ്മതിച്ചുള്ളൂ.അത് കൊണ്ട് ആരോഗ്യം കുറച്ചു മെച്ചപെടുവാന്‍ സഹായിച്ചു.പക്ഷെ തങ്ങള്‍ രണ്ടു പേരും തോറ്റ് പോയത് അമ്മയുടെ മധുരത്തിന്റെ കൊതി കൊണ്ടാണ്.അച്ഛന്‍ അറിയാതെ അമ്മ പണം മോഷ്ടിക്കുവാന്‍ തുടങ്ങി.അത് കൊണ്ട് രഹസ്യമായി മധുരപലഹാരങ്ങള്‍ വാങ്ങിത്തിന്നു.ഒടുവില്‍ അച്ഛനുമായി ഉള്ള കലഹം മൂത്ത് ഒരു മാസം അമ്മ ബാംഗ്ലൂരില്‍ വന്നു നിന്നു.പകല്‍ താന്‍ ജോലിക്ക് പോകും.ആ ഒരുമാസം കൊണ്ട് പ്രമേഹം വഷളായി.കാഴ്ച ഒട്ടുമുക്കാലും നഷ്ടപ്പെട്ടു.തിരികെ വീട്ടില്‍ വന്ന അമ്മയെ അച്ഛന്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കി.ആഹാരം ക്രമീകരിച്ചു.മരുന്ന് കൃത്യമായി കൊടുത്തു.കാഴ്ച ക്രമേണ തിരിച്ചു കിട്ടി.കാഴ്ച പൂര്‍വ സ്ഥിതി ആവാന്‍ തുടങ്ങിയതും അമ്മ വീണ്ടും പഴയ സ്വഭാവം എടുക്കാന്‍ തുടങ്ങി.അവര്‍ തമ്മില്‍ ഉള്ള കലഹം പഴയത് പോലെ തുടങ്ങി.ഒടുവില്‍ അമ്മ തന്നെ വിളിച്ചു വരുത്തിയത് ആ വഴക്ക് മൂലം ആണെന്നാണ് താന്‍ കരുതിയത്‌.അമ്മക്ക് ഷുഗര്‍ വന്നതിനു ശേഷം അച്ഛന്‍ മധുരവസ്തുക്കള്‍ കഴിക്കാറില്ല എന്ന കാര്യം അമ്മ അറിഞ്ഞില്ലെന്നു നടിച്ചതാണോ?ശരിക്കും തന്റെ കുടുംബത്തില്‍ എന്താണ് നടന്നത് ?
വണ്ടി സ്റ്റേഷനില്‍ എത്തി.
അവര്‍ ഇന്‍സ്പെക്ടറുടെ മുറിയുടെ വെളിയില്‍ കാത്തു നിന്നു.മഞ്ഞനിറം പൂണ്ട വിണ്ടു കീറിയ ഭിത്തിയില്‍ ചാരി ശിവരാമന്‍ കണ്ണടച്ചു നിന്നു.
അപ്പോഴാണ് ഒരു പ്ലേറ്റില്‍ ലഡ്ഡുവുമായി ഒരു പോലീസുകാരന്‍ അയാളുടെ മുന്നില്‍ വന്നത്.
“മകന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടി.ഒരെണ്ണം എടുക്കുട്ടോ..ഒരു സന്തോഷത്തിന്..”
പോലീസുകാരന്‍ അയാളോട് പറഞ്ഞു.
സ്വപ്നത്തിലെന്ന വണ്ണം യാന്ത്രികമായി ശിവരാമന്‍ അതില്‍ നിന്നു ഒരെണ്ണം എടുത്തു.പിന്നെ അത് വായിലിട്ടു മെല്ലെ കഴിച്ചു.ഏറെ നാള്‍ക്ക് ശേഷമാണ് അയാള്‍ മധുരം കഴിക്കുന്നത്.ആ രുചി അപരിചിതമായി അയാൾക്ക് തോന്നി.
“സ്വന്തം ഭാര്യ മരിച്ചു മുകളിലോട്ട് പോവുന്നതിനു മുന്പ് ഒരുത്തന്‍ ലഡ്ഡു കഴിക്കുന്നത്‌ കണ്ടോ.?എന്തൊക്കെ കണ്ടാലാ ..”
ഒരു പോലീസുകാരന്‍ സബ് ഇന്‍സ്പെക്ടറെ ആ കാഴ്ച കാണിച്ചു കൊടുത്തു.
“നിങ്ങളെ എസ്.ഐ വിളിക്കുന്നു..”
ആരോ ശിവരാമന്റെ തോളില്‍ തട്ടിപ്പറഞ്ഞു.അയാള്‍ ഞെട്ടി ഉണര്‍ന്നു.താന്‍ ഇപ്പോഴും ഏതോ ദു:സ്വപ്നത്തില്‍ ആണെന്ന് അയാള്‍ക്ക് തോന്നി.ഈ നരച്ച ആകാശവും വിണ്ടു കീറിയ മഞ്ഞച്ച ഈ കെട്ടിടവും പദ്മാവതിയുടെ ചിതയുടെ ഗന്ധവും....
ചുണ്ടില്‍ പറ്റിയ ലഡ്ഡുവിന്റെ പൊടി തുടച്ചു കൊണ്ട് അയാള്‍ എസ്.ഐയുടെ മുറിക്കുള്ളിലേക്ക് കയറി.അപ്പോഴും അയാളുടെ മുഖത്ത് സ്വതേയുളള പരുക്കന്‍ ഭാവമായിരുന്നു.
(അവസാനിച്ചു)

Anish Francis

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo