
"ഡാ പെട്ടെന്ന് റെഡിയാക്" എന്ന് മാമൻ പറഞ്ഞപ്പോ അത് ഇമ്മാതിരി ഒരു കുരിശിലേക്കാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാമന്റെ മൊപ്പെഡിൽ തുടങ്ങിയ യാത്ര ഒരു ചായക്കടക്ക് മുന്നിലാണ് എത്തിയത്. ഗ്യാസ് ട്രബിൾ ആവശ്യത്തിൽ കൂടുതൽ അകത്ത് ഉള്ളതിനാൽ സാധാരണയായി പുള്ളി പുറത്ത് നിന്ന് ആഹാരമൊന്നും കഴിക്കാറില്ല 'പിന്നെ ഇതെന്തിനാണപ്പാ' എന്ന മട്ടിൽ പരിപ്പുവടയോ, ഉഴുന്നുവടയോ, കേക്കോ ഏതാണ് ആദ്യം ഓർഡർ ചെയ്യേണ്ടത് എന്ന ആത്മസംഘർഷത്താൽ ചില്ലുകൂടിനടുത്തേക്ക് നടക്കാനാഞ്ഞ എന്നോട് കനത്ത മൂളലോടെ മാമൻ മേലോട്ട് എന്ന് ആഗ്യം കാട്ടി.
അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്. ഓടിട്ട ഒരു ഇരുനില കെട്ടിടത്തിന്റെ അടിഭാഗത്താണീ ചായക്കട. ചായക്കടയുടെ തൊട്ടപ്പുറത്തായി മുകൾ നിലയിലേക്ക് തടി കൊണ്ടുള്ള കുറച്ച് പടികൾ. പടി കയറി ചെല്ലുന്നത് ഒരു കോറിഡോറിലേക്കാണ്. കോറിഡോറിന്റെ രണ്ടു മൂന്ന് പലകകൾ ഇളകിയിരിക്കുന്നതു കൊണ്ട് മുകളിലുള്ളവർക്ക് ചായക്കടയുമായി നേരിട്ട് സംപ്രേക്ഷണം സാധ്യമാണ്. അവിടെ ദോശ മുട്ടക്കറി കടല തുടങ്ങിയവയുടെ വേവ്, ചൂട്, അളവ്, മണം, രുചി തുടങ്ങിയവ ഈ വിള്ളലിലൂടെ കണ്ടറിയാം. പക്ഷെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ ഹോട്ടലിലെ ചൂട് കലത്തിൽ നിന്ന് പ്ലേറ്റില്ലാതെ തന്നെ ഇവയെല്ലാം രുചിക്കുകയും ചെയ്യാം.
രണ്ട് മുറികൾ ആണ് മുകളിൽ, ഒന്നൊരു തയ്യൽ കടയാണ്. തുണ്ടിൽ ഡ്രൈവിംഗ് സ്കൂൾ' എന്ന അതിനടുത്ത മുറിയാണ് മാമന്റെ ലക്ഷ്യം എന്ന് എനിക്ക് മനസ്സിലായി. വട്ടത്തിനകത്ത് Lഎന്ന അക്ഷരം പിന്നെ കഥകളി മുദ്രകൾ പോലെ എന്തൊക്കെയോ ചിഹ്നങ്ങളും ഒരു മധ്യവയസ്കനും ഒരു ചെറുപ്പക്കാരനും അവിടെയുണ്ടായിരുന്നു. പത്തു മിനിട്ട് കഴിഞ്ഞപ്പൊ ആശാൻ എത്തി. "എന്റെ അനന്തിരവനാ പറഞ്ഞിട്ട് കാര്യമില്ല" എന്ന മട്ടിൽ മാമൻ ആശാനെ ഒന്നു നോക്കി. "ഇവനെ ഞാൻ ശരിയാക്കിയേക്കാം'' എന്ന മട്ടിൽ ആശാൻ എന്നേയും.
അങ്ങനെ പിറ്റേ ദിവസം രാവിലെ 7 മുതൽ ഒരു വെള്ള അംബാസിഡർ കാറിൽ ഡ്രൈവിംഗ് പഠനം ആരംഭിച്ചു. എന്നെ കൂടാതെ അഡ്മിഷൻ എടുത്ത ദിവസം പരിചയപ്പെട്ട ശ്യാമും പിന്നെ ബാലൻ ചേട്ടനും ആയിരുന്നു 7 മണി ബാച്ചിൽ. ആദ്യ ദിവസങ്ങളിൽ നിരപ്പുള്ള റോഡിൽ സ്റ്റിയറിംഗ് ബാലൻസ് മാത്രം ശരിയാക്കാനുള്ള പരിശീലനത്തിൽ മറ്റുള്ളവർ വിജയിച്ചപ്പോൾ ''റോഡിന്റെ ഇരുവശങ്ങളിലും നട്ടിരിക്കുന്ന മരങ്ങളുടെ സെൻസസ് എടുക്കാനല്ല നമ്മൾ പോകുന്നത് " എന്ന് ആശാനേക്കൊണ്ട് കനത്തിൽ പറയിക്കേണ്ടി വന്നു.
''വളയം പോലും നേരെ ചൊവ്വേ പിടിക്കാനറിയാത്ത എവനൊക്കെ എങ്ങനെ വണ്ടിയോടിക്കും എന്റീശ്വരാ" എന്ന ആശാന്റെ ആത്മഗതം പറങ്കിമാവിൻ കൊമ്പിൽ പാട്ടയുടെ അടപ്പ് സ്റ്റിയറിംഗ് ആക്കി നിറയെ ആളുകളേയും കൊണ്ട് ഓവർലോഡിൽ പറക്കുന്ന എന്റെ ചെവിക്കല്ലിന് ഓങ്ങി ഒരു അടിയായിട്ടാണ് കിട്ടിയത്.
മറ്റ് രണ്ടു പേരും ബ്രേക്കും ആക്സിലേറ്ററും കഴിഞ്ഞ് ഗിയറിലേക്ക് കയറിയപ്പൊ ഞാൻ വളയം ഒരു വിധം ശരിയാക്കിയെടുത്തു. പക്ഷെ ഇതിനകം "നേരേ നോക്കി ഓടിക്കെടാ കഴുതേ'' " നിന്റെ കണ്ണവിടെടാ മരപ്പട്ടീ" തുടങ്ങിയ രണ്ടു മൂന്ന് ഉന്നത ബിരുദങ്ങൾ ആശാനിൽ നിന്ന് എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.
എന്നത്തേയും പോലെ താമസിച്ചു വന്ന അന്ന്, ഓടിച്ചാടി ബാക്ക് സീറ്റിൽ കയറിയിരുന്ന എനിക്ക് തൊട്ടടുത്തു നിന്ന് ഒരു കുട്ടിക്യൂറാ സുഗന്ധം കിട്ടി. കുറിയും കുളിപ്പിന്നലുമൊക്കെയായി ഒരു സുന്ദരിക്കുട്ടി സ്വപനത്തിലെപ്പോലെ എന്റെ തൊട്ടപ്പുറത്ത്.
തെറി വിളി കിട്ടാതെ വണ്ടിയോടിക്കുന്ന ശ്യാമിന്റെ ഉൾപ്പെടെ ശ്രദ്ധ മുഴുവൻ അവളിലായി. ഒന്ന് പാളി നോക്കിയപ്പോൾ ബാലൻ ചേട്ടന്റെ അവസ്ഥയും വ്യത്യസ്തമല്ല എന്ന് മനസ്സിലായി.
അവളാകട്ടെ ഹരികൃഷ്ണൻസിലെ ജൂഹിയെപ്പൊലെ നടുക്കിരുന്ന് ഒരു പെഡസ്ട്രിയൽ ഫാൻ പോലെ ഏവരേയും കടാക്ഷിച്ചു കൊണ്ടേയിരുന്നു. ആശാനും പതിവില്ലാതെ തമാശകൾ പൊട്ടിച്ച് അന്നത്തെ പഠനം ഒരു പ്ലഷർ ട്രിപ്പാക്കി മാറ്റി.
അവളാകട്ടെ ഹരികൃഷ്ണൻസിലെ ജൂഹിയെപ്പൊലെ നടുക്കിരുന്ന് ഒരു പെഡസ്ട്രിയൽ ഫാൻ പോലെ ഏവരേയും കടാക്ഷിച്ചു കൊണ്ടേയിരുന്നു. ആശാനും പതിവില്ലാതെ തമാശകൾ പൊട്ടിച്ച് അന്നത്തെ പഠനം ഒരു പ്ലഷർ ട്രിപ്പാക്കി മാറ്റി.
"സമയമായെടാ" എന്ന് അമ്മ പറയുമ്പൊ മാത്രം പുതപ്പ് മാറ്റുന്ന ഞാൻ പിറ്റേന്ന് സമയമെടുത്ത് പല്ലുതേച്ച് കുളിച്ച് ഒരുങ്ങിയാണ് പോകാൻ റെഡിയായത്. 6.45ന് ചായക്കടക്ക് മുന്നിലെത്തിപ്പൊ പൂക്കളുള്ള ഷർട്ട് ധരിച്ച് അവളെ ചായ കുടിക്കാൻ ക്ഷണിക്കുന്ന ബാലേട്ടനെ കണ്ട് ഞാൻ ഞെട്ടി. പക്ഷെ ചായ ഓഫർ നിരസിച്ച് എന്നെ നോക്കി ചിരിച്ച് അടുത്ത് വന്ന ആ കുട്ടിക്യൂറ എന്നോട് പേര് ചോദിച്ചു. ഇതിനകം എത്തിയ ശ്യാമും ഞങ്ങൾക്കൊപ്പം ചേർന്നു.
6.30ന് കുളിച്ച് റെഡിയാകുന്ന ഞാൻ, അതു കണ്ട് ലോകാവസാനമായോ ഭഗവാനേ എന്ന മട്ടിൽ വായ് തുറന്നു നിൽക്കുന്ന അമ്മ, പല പല നിറങ്ങളിൽ പൂത്തുലയുന്ന ബാലേട്ടൻ, കൃത്യം 6.45 ന് എത്തുന്ന കുട്ടിക്യൂറ, തെറിയുടെ ഡിഗ്രി കുറച്ച് ആശാൻ, ആദ്യം ഡ്രൈവിംഗ് നടത്തി പിന്നെ ഫുൾ ടൈം അവളെ സഹായിക്കുന്ന ശ്യാം, ഇത്തരത്തിൽ വായിനോട്ട സുന്ദരമായി ഒരാഴ്ച കടന്നു പോയി.
ഇതിനകം വണ്ടി ഞങ്ങൾക്ക് പകുതി സ്വതന്ത്രമാക്കി ആശാനും അവളോട് കൂടുതൽ അടുത്തു . കൊട്ടാരക്കരയിലെ സമതലങ്ങൾ അവൾക്കും, മലനിരകളും തീരദേശവും ജനവാസമില്ലാത്ത വനഭൂമികളും ഞങ്ങൾക്കും. എവിടെയായാലും കാറിനെ ബോട്ട് പോലെ ഓടിക്കുന്ന അവൾക്ക് പ്രോൽസാഹനവും... ചെറിയ കുഴികൾ വെട്ടിച്ച് മാറ്റി വലിയ കുഴികൾ ഒന്നും വിടാതെ കീഴടക്കുന്ന എനിക്ക് ആശാന്റെ നുള്ളും പിച്ചും. കുട്ടിക്യൂറാ ലഹരിയിൽ ആ സമയം ഒന്നുമറിയില്ലെങ്കിലും വീട്ടിലെത്തി നോക്കുമ്പൊ തുടയിൽ ചെറിയ ചെല്ലികൾ വന്നിരിക്കും പോലെ പാടുകളും വെള്ളമൊഴിക്കുമ്പൊ നീറ്റലും എനിക്ക് മാത്രം സ്വന്തമായി.
"അവൾക്കെന്നോടിഷ്ടമാടാ" എന്ന് അവൾ വരാഞ്ഞ ഒരു ദിവസം ശ്യാം എന്നോടു പറഞ്ഞപ്പൊ കയറ്റത്ത് ഓഫായിപ്പോയ വണ്ടി പോലെയായി ഞാൻ. ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തെത്തിയ ബാലേട്ടനും ഇത് കേട്ട് ഫ്രണ്ട് ടയർ പഞ്ചർ ആയ ഫിയറ്റ് കാർ ആയി മാറി.
പീഢന പർവ്വങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ബാലൻചേട്ടനിൽ നിന്ന് ഈ വിവരം അറിഞ്ഞ ആശാൻ അവളുടെ സമയം മാറ്റി. യാതൊരു വികസനങ്ങളുമില്ലാതെ മൊത്തം കുണ്ടും കുഴിയും ഉള്ള സ്ഥലങ്ങളാണ് കൊട്ടാരക്കരയിൽ എന്ന് തോന്നിപ്പിച്ച് ഡ്രൈവിംഗ് എനിക്ക് അപ്രാപ്യമായ കാര്യമാണ് എന്ന് ആശാൻ മനസ്സിലാക്കിത്തന്നുകൊണ്ടിരുന്നു. ഒപ്പം തുടയിലെ ചെല്ലികളുടെയും ഡ്രൈവിംഗ് ഡിഗ്രികളുടേയും എണ്ണം കൂടിക്കൂടി വന്നു.
അവസാനം H എടുക്കാൻ പരിശീലനം നടത്തുന്ന ദിവസം വന്നെത്തി. എന്നോട് വരണ്ട പിന്നെ നോക്കാം എന്നാണ് ആശാൻ പറഞ്ഞതെങ്കിലും അഭിമാനം അനുവദിക്കാത്തതിനാൽ ഞാനും കൃത്യം 9 മണിക്ക് നെല്ലിക്കുന്നം ഗ്രൗണ്ടിലെത്തി. ആശാൻ മാക്സിമം എന്നെ ഒഴിവാക്കി കുട്ടിക്യൂറയ്ക്കും മറ്റു ബ്യൂട്ടികൾക്കുമൊടുവിൽ ശ്യാമിനേയും ബാലേട്ടനേയും റെഡിയാക്കിയെടുത്തു. പക്ഷെ ആശാന്റ ദൗർബല്യമറിയാവുന്ന എന്റെ ഫ്രണ്ടും ഡ്രൈവിംഗിലെ ഉന്നത ബിരുദധാരിയും ചെല്ലികളുടെ ഹോൾസെയിലറുമായ അരുണിന്റെ വാക്കുകളാൽ പ്രചോദിതനായി "കിംഗ് ജോർജ്ജ് " എന്ന പൈൻറുമായാണ് ഞാൻ എത്തിയത് എന്ന സത്യം ആശാനറിഞ്ഞത് വളരെ വൈകിയാണ്.
കിങ്ങ് ജോർജ്ജ് സടകുടയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ആദ്യത്തെ H എടുത്തു കഴിഞ്ഞപ്പോൾ വളഞ്ഞൊടിഞ്ഞ മുന്നിലെ കമ്പികൾ യാതൊരു ചെല്ലികളുടെയും സഹായമില്ലാതെ ഞാനും ആശാനും കൂടി നൂത്തെടുത്തു. വൈകുന്നേരം ആറു മണിക്ക് പിരിഞ്ഞപ്പോൾ ആശാൻ ഒരു "കിംഗ് ജോർജ്ജ്" തംസ് അപ്പ് തന്നാണ് എന്നെ യാത്രയാക്കിയത്.
ടെസ്റ്റിന്റെ അന്ന്, മഹാഗണപതിയുടെ അനുഗ്രഹത്താൽ H വലിയ കലിപ്പില്ലാതെ ഞാനും എടുത്തു. ആരാധനാ പൂർണ്ണമായ മാമന്റെയും കുട്ടിക്യൂറയുടേയും നോട്ടങ്ങൾ അവഗണിച്ച് തോളത്ത് വീഴുന്ന ആശാന്റെ കൈവിരലുകൾ നോക്കി ഗിയർ മാറ്റി ഞാൻ റോഡും, അതിൽ നിന്ന് കിട്ടിയ പ്രചോദനത്താൽ ടൂ വീലറും പാസ്സായി.
ടെസ്റ്റിൽ പാസായെങ്കിലും 'കുട്ടി' വെറും 'കൂറ'യാണെന്ന് ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ രാജേഷിൽ നിന്നും മനസ്സിലാക്കിയ ശ്യാമും, അത്തവണയും പൂക്കാത്ത ഷർട്ടുമായി അടുത്ത ടെസ്റ്റ് ലക്ഷ്യമാക്കി ബാലേട്ടനും, അവസാന കമ്പി തട്ടിയിട്ട് ആദ്യ കടമ്പയിൽത്തന്നെ അടിയറവ് പറഞ്ഞ കുട്ടിക്യൂറയും, 'കിംഗ് ജോർജ്' സ്പെഷ്യലിസ്റ്റ് ആശാനും, ആ ചായക്കടയിലെ ചൂട് ചായയും ദോശയും മുട്ടക്കറിയും എന്റെ ഓർമ്മയിലെ നല്ല ഡ്രൈവിംഗ് ടെസ്റ്റായി ഇന്നും നിലനിൽക്കുന്നു.
ഒപ്പം..
നാലഞ്ചു പേരേ തേച്ച് കുട്ടിക്യൂറയിൽ നിന്നും ഇച്ച് ഗാർഡ് ആയി മാറിയ അവളും...
- ഗണേശ് -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക