Slider

അപ്പുവും അച്ഛനും പിന്നെ ..സദയും (കഥ )

0

“റോസു ഇതു നിന്റെ വാവക്ക് കൊടുക്കോ?” ചുവന്ന ട്രൗസറിന്റെ പോക്കറ്റില്നിന്നും പല നിറത്തിലുള്ളവർണക്കടലാസിൽ പൊതിഞ്ഞ മിട്ടായികൾ കൈയിലെടുത്തു, അപ്പു അവന്റെ കൂട്ടുകാരി റോസുവിന്റെ നേർക്ക് നീട്ടി
“വാവ ഇതൊന്നും കഴിക്കാറായില്ല”- രണ്ടു കൈയും നീട്ടി ചോക്ലേറ്റ് വാങ്ങുന്നതിനിടയിൽ റോസു പറഞ്ഞു
“സാരമില്ല ഫ്രിഡ്ജിൽ വെച്ചോ.. വാവ വലുതാവുമ്പോൾ കൊടുക്കാലോ” ...ഇത്രയും പറഞ്ഞു അപ്പു കോണിപ്പടിയിലെ കൈവരികളിലൂടെയൂർന്നു താഴേക്ക് പോയി..
രണ്ടാമത്തെ നിലയിലാണ് അപ്പുവിന്റെ ഫ്ലാറ്റ്.റോസുവിന്റെ വാവയെ കാണാൻ അവനോടി വന്നപ്പോൾ അവളെ കുളിപ്പിക്കാൻ കൊണ്ടുപോയി. .അപ്പുവിന് ദേഷ്യവും സങ്കടവും വന്നു
തുറന്നു കിടന്ന വാതിലിലൂടെ അപ്പു വീട്ടിലേക്കു കടന്നു. ഞായറാഴ്ചയായതിനാൽ അച്ഛൻ സോഫയിലിരിപ്പുണ്ട്
അച്ഛനെ കണ്ടതും അപ്പുവിന് ദേഷ്യം കൂടി. മുറിയിലേക്കു പോവുന്ന പോക്കിൽ സോഫയിലെ കുഷ്യനും പിന്നെ മേശയിലിരുന്ന പത്രങ്ങളും വലിച്ചു താഴെയിട്ടു അവൻ റൂമിലേക്കോടി... അകത്തു കയറി വാതിൽ വലിച്ചടച്ചു
“അപ്പു” വാതിലിനപ്പുറം അച്ഛന്റെ നിസ്സഹായ സ്വരം..
അപ്പു കട്ടിലിലേക്ക് ചാടി കയറി..കളിപ്പാട്ടങ്ങളുടെ നടുവിലേക്ക് ..
കൈയിൽ കിട്ടിയ കളിപ്പാട്ടങ്ങളൊരാന്നായി അവൻ വലിച്ചെറിയാൻ തുടങ്ങി
വാവയെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അവസാനമായി അച്ഛൻ വാങ്ങി കൊടുത്ത സ്വർണമുടിയുള്ള , പിങ്ക് ഉടുപ്പിട്ട പാവക്കുട്ടിയെ കൈയിലെടുത്തു. സ്കൂൾ ബാഗ് തുറന്നു പച്ച നിറത്തിലെ കവറിനുള്ളിലെ ക്രയോൺസെടുത്തു സുന്ദരി പാവയുടെ ചുവന്ന കവിൾ തടങ്ങൾ നിറയെ കുത്തി വരച്ചു..
പച്ച, മഞ്ഞ, കറുപ്പ്...
സ്വർണ തല മുടിമുഴുവൻ വലിച്ചു പറിച്ചു... സർവ ശക്തിയുമെടുത്തു പാവയെ വലിച്ചെറിഞ്ഞു..
അസത്തു !
****
“അപ്പു” വാതിലിനിപ്പുറം നിന്ന് സുരേഷ് നിസഹായനായി വിളിച്ചു
വലിയ ശബ്ദത്തോടെ വാതിലിൽ എന്തോ വന്നു തട്ടുന്ന ഒച്ച കേട്ട് സുരേഷ് നിന്നു .
കഴിഞ്ഞ ആറുമാസമായി അപ്പു ഇങ്ങിനെയാണ്.
ഇന്നലെ അവന്റെ അമ്മ സദയുടെ അനിയത്തിസതി ക്ക് ഒരു കുഞ്ഞു പിറന്നുവെന്ന വാർത്ത കേട്ടതും അപ്പുവിന് പിന്നെയും ദേഷ്യം വർദ്ധിച്ചു
തുറന്നു കിടക്കുന്ന അടുത്ത ബെഡ്റൂമിലേക്ക് സുരേഷ് നോക്കി. അതിനകത്തു സദ എന്ത് ചെയ്യുകയാണെന്ന് അയാൾക്കറിയാം .. പതിവുപോലെ കമിഴ്ന്നു കിടന്നു തലയിണയിൽമുഖമമർത്തി കരയുകയാവും . അമ്മയായ അവളെ അപ്പുഎത്രയാണ് ദേഹോപദ്രവം ചെയ്യുന്നത്?
സദയെ നേരിടാൻ ധൈര്യമില്ലാതെ അയാൾ സോഫയിൽ ചെന്നിരുന്നു
മൊബൈൽ കൈയിലെടുത്തു. കൂട്ടുകാരനായ അനീഷ് തന്ന കൗൺസിലറെ വിളിച്ചു സംസാരിക്കാൻ തയ്യാറെടുത്തു
ഇതു എത്രമത്തെ ആളോടാണ് അപ്പുവിന്റെ കാര്യം പറയുന്നതെന്ന് അയാൾക്ക്
നിശ്ചയം പോരാ..
***
“Can I speak to Mr. Menon “സുരേഷിന്റെ സ്വരം സദക്ക് കിടപ്പുമുറിയിൽ നിന്നും വ്യക്തമായി കേൾക്കാം..അപ്പുവിന്റെ മുറിയിൽ നിന്ന് വരുന്ന ബഹളങ്ങളും..
തലയിണയിൽ മുഖമമർത്തി സദ കിടന്നു..
അവന്റെ കൂട്ടുകാരി റോസുവിന്റെ വാവ പിറന്ന നാൾ മുതലേ ബഹളമാണ്.
അല്പം കുറവുണ്ടായിരുന്ന വാശി ഇന്നലെ വീണ്ടും തുടങി . ദേഷ്യം സഹിക്കാതെ കൈ വേദനിക്കും വരെ സുരേഷ് അടിയും കൊടുത്തു. എന്നിട്ടും കുട്ടി അടങ്ങിയിട്ടില്ല .
ഈ നേരംവരെയും അപ്പു ഒന്നും കഴിച്ചിട്ടില്ല.
രാത്രി ഭക്ഷണവുമായി ചെന്ന സുരേഷിന്റെ അടുത്ത് അവൻ പറഞ്ഞത് സദ ഓർത്തു.. “വാവയെ താ അച്ഛാ . എത്ര നാളായി പറയുന്നു? എന്നിട്ടേ ഞാൻ കഴിക്കൂ “
അടുത്ത കസേരയിലിരിക്കുകയായിരുന്ന ,ആദ്യത്തെ കീമോയിൽ തന്നെ മുടിമുഴുവൻ കൊഴിഞ്ഞ സദയുടെ തലയിൽ, വേദനിപ്പിക്കുന്ന തരത്തിൽ തട്ടിക്കൊണ്ടു അപ്പു മുറിയിൽ കയറി കതകടച്ചു..
സദ തലയണയെടുത്തു വയറിനു മേൽ വെച്ചമർത്തി..
ഇനിയും മുറിവുണങ്ങിയിട്ടില്ലാത്ത വയറിലേക്ക്..
അതിനേക്കാൾ ആഴത്തിൽ മുറിവേറ്റ അവളുടെ ഹൃദയത്തിന്റെ മിടിപ്പ് കൂടി -ഈ നിമിഷം തന്നെ എല്ലാമങ്ങു തീർന്നിരുന്നെങ്കിൽ...**Sani John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo