Slider

#കുഞ്ഞിപ്പോക്കറിന്റെ_മൊബൈൽ_ഫോൺ

0

ഗൾഫിൽ നിന്നും ലീവിന് നാട്ടിൽ വന്നതായിരുന്നു കുഞ്ഞിപ്പോക്കർ..,
ഇന്നു കാണുന്ന പോലെ അന്ന് മൊബൈൽ ഫോൺ സുലഭമായി കാണാത്തതിനാൽ എയർപൊട്ടിൽ നിന്നിറങ്ങിയതുമുതൽ കുഞ്ഞിപോക്കറിന്റെ ഉള്ളൻ കയ്യിൽ വലിയൊരു അൽകാട്ടൽ മൊബൈൽ ഫോണുണ്ടായിരുന്നു, വിരുന്നിനും സൽകാരത്തിനും എന്തിന് മരണവീട്ടിൽ പോകുമ്പോൾ വരെ കുഞ്ഞിപോക്കർമൊബൈലും പിടിച്ച് ഗമയിൽ നെളിഞ്ഞു നടക്കും..., നാട്ടിലെ പല കോടീശ്വരൻമാർക്കും ഈമൊബൈൽ എന്താണെന്നു പോലുമറിയാത്തത് കുഞ്ഞിപ്പൊക്കറിന്റെ ഗമക്ക് മാറ്റ് കൂട്ടി.
മൊബൈലിനെ കുറിച്ചറിയാത്തവർ കാണാനും തൊടാനും വരുമ്പോൾ കുഞ്ഞി പൊക്കർ സ്വയം വലുതായി വലുതായി ആനയൊളമെത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം കുഞ്ഞിപ്പൊക്കർ ഭാര്യ ഐശൂനേയും കൂട്ടി ഭാര്യവീട്ടിലേക്ക് വിരുന്ന് പോയി. ഭാര്യവീട്ടിലെത്തിയതും കുഞ്ഞിപ്പൊക്കർ കസേരയിൽ നിവർന്നിരുന്ന് വെറുതെ മൊബൈൽ ഞെക്കിക്കളിക്കാൻ തുടങ്ങി...,
"ഇതെന്തു കുന്ത്രാണ്ടാടാ....?"
അമ്മായിയുടെ ചോദ്യം കേട്ട കുഞ്ഞിപോക്കർ തെല്ലഹങ്കാരത്തോടെ പറഞ്ഞു..,
"ഇതാണമ്മായീ മൊബൈൽ ഫോൺ...., വയറ് വേണ്ട..., ഒപ്പം കൊണ്ടു നടക്കാം...., വിളിക്കുന്നവരുടെ പേരും നമ്പറും ഇതിൽ തെളിയും....., അങ്ങിനെയങ്ങിനെ ഒരുപാട് സംഭവങ്ങളുണ്ടമ്മായീ ഇതിൽ.... "
"അആ..., വിളിക്കുന്നോലെ പേരും പറയോ....? ഞാനിന്നാ നമ്മെളെ പോക്കരാജിന്റെ പൊരേൽ പോയി അനക്ക് വിളിക്കാം...., ഇന്റെ പേരതിൽ ഫാത്തിമാന്നാണോ പാത്തുമ്മൂന്നാണോന്ന് നോക്കാലോ....."
"അത്.... അത്പിന്നെയൊരിക്കൽ നോക്കാം അമ്മായീ.... "
"അല്ലാ.... ഇതിന് നല്ല വിലയുണ്ടാകുമല്ലേ....?"
"പിന്നേ............, ഇതിന് ഭയങ്കര വിലയാ...., ദുബായിലിത് രണ്ടാളുടെ കയ്യിലെ ഒള്ളൂ....., ഒന്ന് ന്റെ കയ്യിൽ...., മറ്റൊരെണ്ണം അവിടുത്തെ ശൈഖിന്റെ കയ്യിൽ....,"
ബഡായികളങ്ങിനെ പൊടിപൊടിച്ചു നടന്ന ശേഷം ഉച്ചയൂണും കഴിഞ്ഞ് മൊബൈൽ സൈലന്റ് മോഡിൽ വെച്ച് കുഞ്ഞിപ്പോക്കർ ഒന്ന് മയങ്ങാൻ കിടന്നു.
ആ സമയത്തിനു വേണ്ടി കാത്തിരിക്കായിരുന്ന കുഞ്ഞളിയൻ കാദർ മൊബൈൽ പതുക്കെ കൈക്കലാക്കി പുറത്തേക്കാടി..., വിറക്പുരക്ക് സമീപത്തിരുന്ന് കുറുക്കന് ആമയെ കിട്ടിയ പോലെ തിരിച്ചും മറിച്ചും നോക്കുന്നതിനിടയിലാണ് ദൂരെ നിന്നും ബാപ്പ സൂപ്പി കാക്ക വരുന്നത് കണ്ടത്. ഉടനെ കാദർ ഫോൺ വിറക് പുരയിലെ ഒഴിഞ്ഞ ഒരു സഞ്ചിയിലിട്ട് വീട്ടിലേക്കോടി.
സൂപ്പികാക്ക വിറക്പുരക്കടുത്തെത്തിയതും ഫോണിലേക്കൊരു കോൾ വന്നു, സൈലന്റ് മോഡിലായതിനാൽ ശബ്ദം പുറത്തു വന്നില്ല, പകരം വൈബ്രാറ്റ് ചെയ്യാൻ തുടങ്ങി...,
സഞ്ചിയിൽ നിന്നും ഒരു മൂളലും ഇളക്കവും ശ്രദ്ധയിൽ പെട്ട സൂപ്പികാക്ക വീടിന്റെ അടുക്കള ഭാഗത്തെത്തി ഉലക്കയുമെടുത്ത് തിരിച്ചുചെന്ന് തലങ്ങും വിലങ്ങും അടിയൊടടി..., ശബ്ദം കേട്ട് വീട്ടിലുള്ളവരെല്ലാം ഓടിക്കൂടി...,
"എന്താ....., എന്താ പ്രശ്നം?"
കുഞ്ഞിപ്പോക്കർ ചോദിച്ചു.
"ഈ സഞ്ചിക്കകത്തു നിന്നും ഒരിളക്കവും ശബ്ദവും.., പാമ്പാണെന്നു തോന്നുന്നു...., ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്...., ചത്തെന്നു തോന്നുന്നു.., ഇപ്പൊ അനക്കമില്ല... "
ബാപ്പാന്റെ വാക്കുകൾ കേട്ട കാദർ പിന്നെ അവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കി ആരും കാണാതെ മെല്ലെ എസ്കേപ്പായി.
"പാമ്പാണെങ്കിൽ അത്ര പെട്ടെന്നൊന്നും ചാകില്ല...., ങ്ങള് ആ ഒലക്ക ഇങ്ങ് തരീ..."
ഇതും പറഞ്ഞ് കുഞ്ഞിപ്പോക്കറിന്റെ വക നാലടി കൂടി....,
ശേഷം കുഞ്ഞിപ്പോക്കർ തന്നെ സഞ്ചിയുടെ ഒരറ്റം പിടിച്ച് മെല്ലെ കുടഞ്ഞുനോക്കിയതും നാലഞ്ച് കഷ്ണങ്ങളായി മൊബൈൽ ഫോൺ നിലത്തു വീണു ചിതറി..,
'കുരങ്ങൻ ഇഞ്ചി കടിച്ച' പോലെ കുഞ്ഞിപ്പോക്കർ വായും പൊളിച്ചു നിൽക്കവെ കഥയറിയാത്ത സൂപ്പികാക്ക ചോദിച്ചു.
"ഇതെന്തു സാദനം?"
ഉടനെയെത്തി അമ്മായിയുടെ മറുപടി,
"അള്ളാ..., ഇത് ഞമ്മളെ കുഞ്ഞിപ്പോക്കറിന്റെ മുഫീലല്ലേ..., ഇതിന് ഒറ്റക്കിറങ്ങി നടക്കാനും പറ്റോ..?"
മുനീർ ചൂരപ്പുലാക്കൽ,
രണ്ടത്താണി.
23.05.2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo