മണിപ്രവാളം !!
പത്താംക്ലാസ് ബിരുദവും പോളിടെക്നിക്കിലെ "ഉപരിപഠന"വും കഴിഞ്ഞ്, ഇനിയെന്ത് എന്ന മട്ടില്‍ അന്തംവിട്ട് കുന്തം വിഴുങ്ങി പുര നിറഞ്ഞ് നില്‍ക്കണ കാലം. മൂന്നുകൊല്ലത്തെ പോളി പഠനത്തില്‍ മൂന്ന്‍ മാര്‍ക്ക് ലിസ്റ്റ് മാത്രം ഉണ്ടാകേണ്ടയിടത്ത്, 9 എണ്ണം "സംഘടിപ്പിച്ചത്" കൊണ്ടാണോന്നറിയില്ല, തുടര്‍ന്നു പഠിക്കാനുള്ള അഭിവാഞ്ജയെ ജീവിതത്തില്‍ പലപ്പോഴും സ്വയം തല്ലിക്കെടുത്തിയിരുന്നു. പിന്നെയുള്ള ഒരു വഴി ജോലി സമ്പാദനമെന്ന കിട്ടാക്കനിയ്ക്കുള്ള ശ്രമമാണെന്ന ബോധം, നാട്ടിലുള്ള മോട്ടോര്‍ റിപ്പയറിംഗ് സ്ഥാപനത്തിലെ "കാശില്ലേലും എക്സ്പീരിയന്‍സ് ആവൂല്ലോ" എന്ന നിലയ്ക്കുള്ള ഒരു ജോലിയിലെത്തിച്ചു.
ജോലിസ്ഥലത്ത് സകലസമയവും "ആശാനും മോട്ടോറും പിന്നെ മോട്ടോറും ആശാനും" മാത്രമായിരുന്നല്ലോ അവസ്ഥ. അങ്ങനെ --കടയില്‍ ആശാനില്ലാത്ത-- ഇടവേളകള്‍ ആനന്ദകരമാക്കാന്‍ തുടങ്ങിവച്ച, നിത്യേന രണ്ടുനേരം സാദ്ധ്യമായിരുന്ന ആ "വായ്നോട്ടം" തെല്ലൊന്നുമല്ല മനസ്സിനു കുളിര്‍മ്മയേകിയിരുന്നത്. മരുഭൂമിയിലെ മരുപ്പച്ച പോലെ ഏതാണ്ടൊന്ന്.....
അങ്ങനെ കാലം കഴിയ്ക്കുന്നതിനിടയില്‍ നിത്യേന കാണാറുള്ളതും, തിരിച്ചിങ്ങോട്ടും നോക്കാറുള്ളതുമായ ഒരു പെണ്‍കുട്ടിയോടൊരിക്കല്‍ ഒരു കുസൃതി തോന്നി, തലയൊന്നു വെട്ടിച്ച് "ഇങ്ങു വരൂ" എന്നര്‍ത്ഥത്തില്‍ ആംഗ്യം കാട്ടി. നാണത്തില്‍ മുങ്ങിയ ഒരു ചിരി മാത്രം പ്രതീക്ഷിച്ചയിടത്ത്, വെള്ളിടി വെട്ടിയ പോലാക്കിക്കൊണ്ട് ആ കുട്ടി നടന്നടുത്ത് വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. എന്തു പറയണം എന്തു ചെയ്യണം എന്നറിയാതെ പകച്ചുനില്‍ക്കുന്നതിനിടയില്‍ താന്‍ പോലുമറിയാതെ കണ്ഠനാളത്തില്‍ നിന്നും ദീനസ്വരത്തില്‍, "എന്ത പേര്, എവിട്യാ വീട്" എന്ന ഒരു ചോദ്യം അവതരിച്ചു. പില്‍ക്കാലത്ത് ദിലീപ് ഒരു സിനിമയില്‍ ഈ ഡയലോഗ് പറഞ്ഞുകേട്ടിട്ടുണ്ട്.... എന്തായാലും ചോദ്യം കേട്ട നമ്മുടെ കഥാനായിക ഒന്നുമുരിയാടാതെ, വന്നതിനേക്കാള്‍ വേഗത്തില്‍ ഓടിമറയുകയായിരുന്നു.
ഇന്നും തീരാത്ത പ്രവാസത്തില്‍, ജീവിതമാകുന്ന നൗകയില്‍ ഇരുന്നുകൊണ്ട് ഗതകാലസ്മരണകള്‍ അയവിറക്കുമ്പോള്‍ മനസ്സിലിന്നും ഒരു സംശയം ബാക്കി,
-- അല്ലയോ കുട്ടീ, "വെപ്രാളത്തില്‍ പിറന്ന ആ മണിപ്രവാളം" ശ്രവിച്ച് നിനക്ക് മുറിവ് വല്ലതും പറ്റിയിരുന്നോ, അന്ന് ??
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക