നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രീഡിഗ്രിക്ക് പഠിച്ചത്.


പ്രീഡിഗ്രിക്ക് പഠിച്ചത്.
ആ അതൊക്കെ ഒരു കാലം
അന്ന് കോളേജ് മിക്സഡ് ആയിരുന്നില്ല. ആമ്പിള്ളേര് മാത്രം. പിന്നീട് ഏതൊക്കെയോ കോഴ്സുകൾക്ക് പെമ്പിള്ളേർക്ക് കൂടെ അഡ്മിഷൻ കൊടുത്തുതുടങ്ങിയെന്ന് കേട്ടു. അല്ലേലും അതങ്ങനല്ലേ, കാക്കക്ക് വായിൽ പുണ്ണ് ഇല്ലാത്തപ്പോ അത്തിപ്പഴം പഴുത്ത പതിവില്ല്ലല്ലോ.
ആകപ്പാടെയുള്ള ആശ്വാസം ക്ലാസ്സ് കട്ട് ചെയ്തുള്ള സിനിമക്ക് പോക്കാണ്. (അപ്പോ സെന്റ് മേരീസിലെ പെമ്പിള്ളേരെ വായ് നോക്കുന്നതോ?.... ആ, അത് മറ്റൊരാശ്വാസം)
ഒരുമാതിരിപ്പെട്ട പടങ്ങളൊക്കെ റിലീസിന്റെ അന്ന് തന്നെ കാണുമായിരുന്നു.
ആയിടക്കാണ് കാതൽദേശം റിലീസ് ആയത്. A.R. റഹ്മാന്റെ ഗംഭീരപാട്ടുകളും അബ്ബാസ് എന്ന ചുള്ളന്റെ ഇന്ട്രോയും ഒക്കെ ആയി വമ്പിച്ച ഹൈപ്പ് ആയിരുന്നു പടത്തിന്. (ആ അബ്ബാസ് ദേ ഇപ്പൊ ഹാർപ്പിക്കും കൊണ്ട് വീടുതോറും കേറിയിറങ്ങി കക്കൂസ് കഴുകിക്കൊടുക്കുന്നു. ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം)
രാഗത്തിലായിരുന്നു റിലീസ്. ഫസ്റ്റ് ഡേ നൂണ്‍ഷോക്ക് തന്നെ വെച്ചുപിടിച്ചു. മുടിഞ്ഞ തിരക്ക്.
രണ്ട് ഗേയ്റ്റാണ് അവിടെ. രണ്ടിന്റേം മുന്നില് ജനപ്രളയം. ടിക്കറ്റ് കൊടുക്കാൻ നേരത്തുമാത്രമേ ഗേയ്റ്റ് തുറക്കൂ. ആ നേരത്തൊരു മരണവെപ്രാളമായിരിക്കും. എങ്ങാനും ഇടയിൽപ്പെട്ടാൽ ജ്യൂസടിച്ച കരിമ്പിന്റെ അവസ്ഥയായിരിക്കും.
കൊറേ ടീമുകള്‌ ഗേയ്റ്റ് ചാടി അകത്ത് കടക്കുന്നുണ്ട്. ചാടിയിട്ട് ഒരൊറ്റ ഓട്ടമാണ്‌ ടിക്കറ്റ് കൊടുക്കണ തുരങ്കത്തിന്റെ അകത്തേക്ക്. പരിപാടി വളരെ സിമ്പിളാണ്‌. പക്ഷേ ഈ ഗേയ്റ്റ്‌ എന്ന് പറഞ്ഞാൽ ചില്ലറ ഐറ്റമൊന്നുമല്ല. നല്ല ഹൈറ്റുണ്ട്. നോക്കീം കണ്ടും ചാടിയില്ലെങ്കി മൂലമറ്റം പവർഹൗസ് തരിപ്പണമാവും. അതുകൊണ്ടൊരു പേടി.
വേണോ വേണ്ടയോന്ന് കൊറേ നേരം ഡൗട്ടടിച്ച് നിന്നിട്ട് അവസാനം ഞാൻ "ഇങ്കി പിങ്കി പോങ്കി" അൽഗോരിതം ഉപയോഗിച്ച് ഒരു തീരുമാനത്തിലെത്തി. ചാടിയേക്കാം.
വാരഫലം അനുസരിച്ച് എനിക്കന്ന് ഗുളികന്റെ അപഹാരമായിരുന്നെന്നും മാനഹാനിക്കും അംഗഭംഗത്തിനും വരെ ചാൻസുണ്ടായിരുന്നെന്നും. പിറ്റേന്ന് മംഗളം വാരികയിൽ വായിച്ചപ്പഴേ എനിക്ക് മനസ്സിലായുള്ളൂ. പക്ഷേ ഗുളികന്‌ സംഗതി നേരത്തേതന്നെ അറിയാർന്നു. വലിഞ്ഞ്കേറി ടോപ്പിലെത്തി താഴേക്ക് നോക്കിയപ്പോ ദാണ്ടെ നിക്കണ്‌ ഗുളികൻ ഗേയ്റ്റിന്റെ ചോട്ടില്‌, പോലീസ് യൂണിഫോമില്‌.
ഹെൽമറ്റിന്റെ ഷേപ്പുള്ള മുഖവും ഉപ്പുമാങ്ങഭരണിക്ക് കയ്യും കാലും മുളച്ചതുപോലത്തെ രൂപവുമുള്ള ഒരു പോലീസ് മാമൻ. പുള്ളി ലാത്തിയൊക്കെ പിടിച്ച് എന്നെ കലിപ്പിട്ട് നോക്കി ഒരേ നിൽപ്പ്.
ഞാനാണെങ്കി അന്തരീക്ഷത്തില് തള്ളവിരലുകൊണ്ട് കളവും വരച്ച് “ഇങ്ങനൊന്നും നോക്കിക്കൂട, ഞാൻ ചാടാൻ വരുമ്പൊ ശെരിക്കും മാമൻ അപ്പറത്തോട്ട് പോണം” ന്നൊക്കെ പറഞ്ഞ് ഗേയ്റ്റിന്റെ മണ്ടക്കിരിപ്പാണ്.
ഇപ്പോ പുള്ളി മാത്രമല്ല, താഴെ നിക്കണ ജനം മൊത്തം എന്നെയാണ്‌ നോക്കണത്. ഏതാണ്ടീ കാഴ്ചബംഗ്ലാവിന്റെ മതിലിൽ ഇരിക്കണ കൊരങ്ങന്റെ അവസ്ഥ.
പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം എന്ന ഭാവത്തിൽ ദയനീയമായി നോക്കിയ എന്നെ, നിന്റെ ഓരോ അരിമണിയായി പെറുക്കിയെടുക്കാൻ വന്നതാണെന്ന ഭാവത്തിൽ ക്രൂരമായി നോക്കിക്കൊണ്ട് പുള്ളി അലറി.
“ചാടടാാാാ”
കേക്കേണ്ട താമസം, ഞാനൊരൊറ്റ ചാട്ടം വെച്ചുകൊടുത്തു. ചാടിത്തുടങ്ങിയതിനുശേഷമാണ്‌ മനസ്സിലായത് പുള്ളി പറഞ്ഞത് പുറത്തേക്ക് ചാടാനാണെന്ന്. ആ തിരിച്ചറിവിന്റെ വെപ്രാളത്തിൽ ചാട്ടം ക്യാൻസൽ ചെയ്യാൻ ഞാനൊരു വിഫലശ്രമം നടത്തിനോക്കി. പക്ഷേ ചീറ്റിപ്പോയി. കൈ വിട്ട ചാട്ടവും ട്യൂബ് വിട്ട പേസ്റ്റും തിരിച്ചെടുക്കാനാവില്ലെന്നാണല്ലോ.
അങ്ങനെ ഭൂഗുരുത്വാകർഷണനിയമത്തെ വെല്ലുവിളിക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ട് തലകുത്തനെ കീഴ്പ്പോട്ട് പോയിക്കൊണ്ടിരിക്കണതിന്റെ ഇടക്കാണ്‌ ഞാനാ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. എന്റെ മുണ്ട് അതാ സമാധാനത്തിന്റെ വെള്ളക്കൊടി പോലെ ഗേയ്റ്റിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നു...!!!
ചുരുക്കിപ്പറഞ്ഞാൽ ഒളിമ്പിക്സിൽ പ്ലാറ്റ്ഫോം ഡൈവിങ്ങ് ചെയ്യണ പെണ്ണുങ്ങളുടെ അവസ്ഥയിലായിരുന്നു ഞാൻ. സെയിം യൂണിഫോം...സെയിം പൊസിഷൻ...
പിന്നെയെനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഗുളികന്റെ പ്രവർത്തനഫലമായി തട്ടും തടവും കൂടാതെ വളരെ പെട്ടെന്നുതന്നെ താഴെയെത്തി പോലീസുകാരന്റെ പാദാരവിന്ദങ്ങളിൽ ക്രാഷ് ലാന്റ് ചെയ്ത് ഞാൻ കമിഴ്ന്നടിച്ച് വീണു, "ജോക്കി ഓർ നത്തിംഗ്" എന്ന് ഫ്ലെക്സ് വെച്ചത്പോലെ !!!
പൊതുവേ തമിഴ്പടമാവുമ്പോ പെമ്പിള്ളേരൊന്നും അധികം കാണാറില്ല. ഇതിപ്പോ അബ്ബാസിനെ കാണാൻ വേണ്ടി കൊറേയെണ്ണത്തിനെ കെട്ടിയെടുത്തിട്ടുണ്ട്. അവരുടെയെല്ലാം മുന്നിലാണ്‌ ഞാനങ്ങനെ ഹവ്വാബീച്ചിൽ സൺബാത്തിനുകിടക്കണപോലെ നീണ്ടുനിവർന്ന് കിടന്നിരുന്നത്. അങ്ങനെ മാനഹാനീടെ പാർട്ട് ക്ലിയറായി.
അംഗഭംഗമായിട്ടില്ലെങ്കിലും എവിടെയൊക്കെയോ പെയിന്റിളകിയിട്ടുണ്ട്. ഇനിയിപ്പോ എഴുന്നേറ്റുകഴിഞ്ഞാൽ പോലീസുമാമന്റെ വക ഗേയ്റ്റ് ചാടിയതിനുള്ള അടി വേറേം വാങ്ങണം. എഴുന്നേൽക്കണോ വേണ്ടയോന്ന് കുലംകഷമായി ചിന്തിച്ച്, പാതാളത്തിലേക്കെങ്ങാനും വല്ല ഷോർട്ട് കട്ടുമുണ്ടോന്ന് ചുഴിഞ്ഞുനോക്കി ഞാൻ കുറച്ചുനേരം അവിടെത്തന്നെ കിടന്നു. പിന്നെ രണ്ടുംകൽപ്പിച്ചങ്ങെഴുന്നേറ്റ് പോലീസുമാമന്‌ മുതുകും കാണിച്ചുകൊടുത്ത് സൈക്കിള്‌ സ്റ്റാന്റിലിട്ട പൊസിഷനിൽ നിന്നു.
പക്ഷേ പേടിച്ചപോലൊന്നും ഉണ്ടായില്ല. തല്ലാൻ ലാത്തീം പൊക്കിപ്പിടിച്ച് നിന്ന പോലീസുകാരൻ ചിരിച്ചുചിരിച്ച് ഓന്ത് മൂക്കിപ്പൊടി വലിച്ച അവസ്ഥയിലായിരുന്നു. അങ്ങനെ കിട്ടുമെന്നുറപ്പിച്ച കുറെ തല്ലിൽ നിന്നും ലോകചരിത്രത്തിലാദ്യമായി ഒരാൾ ഉടുതുണി ഊരിപ്പോയതിന്റെ പേരിൽ രക്ഷപ്പെട്ടു. സംഭവാമി ഗുഹേ ഗുഹേ....!!!
……………………………………………….
ഉടുതുണിയില്ല്ലാതെ ഗേയ്റ്റ് ചാടിയ യുവാവിന്‌, ഗേയ്റ്റിൽ കയറി ലാത്തികൊണ്ട് മുണ്ട് തോണ്ടിയെടുത്തുകൊടുത്ത് പോലീസുകാരൻ മാതൃകയായി.
ആ മുണ്ടുമെടുത്ത് ടിക്കറ്റെടുക്കുന്നിടത്തേക്ക് ഓടാൻ ശ്രമിച്ച യുവാവിനെ കഴുത്തിനുപിടിച്ച് ഗേയ്റ്റിലൂടെ വെളിയിലേക്കിട്ട് അതേ പോലീസുകാരൻ വീണ്ടും മാതൃകയായി...!


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot