നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ടീച്ചറമ്മ !!


നാട്ടിലേയ്ക്കുള്ള ബസ് യാത്രയില്‍ വശങ്ങളിലെ കാഴ്ചകളോടൊപ്പം തന്നെ എന്‍റെ ഓര്‍മ്മകളും ബഹുദൂരം പുറകിലോട്ടു സഞ്ചരിച്ചു....
ഒരു വേനലവധിക്കാലത്ത് അച്ഛന്‍, എന്നേം അമ്മേം തനിച്ചാക്കി പോവുമ്പോള്‍ ഇനിയെന്ത് എന്ന മട്ടില്‍ വിധിയ്ക്ക് മുന്നില്‍ ഒന്ന് പകച്ചെങ്കിലും ആത്മധൈര്യം ചോര്‍ന്നുപോകാതെ അമ്മ, എനിക്കായി ജീവിക്കുകയായിരുന്നു. ആകെ വശമുണ്ടായിരുന്ന തുന്നല്‍പ്പണി കൊണ്ടു മാത്രം നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ ആ പാവം അടുത്തുള്ള വീട്ടു-പണികളും ചെയ്യാന്‍ തുടങ്ങി. ആ അത്യദ്ധ്വാനവും എന്നെ ഊട്ടാനായി പലപ്പോഴും പട്ടിണിയായിരുന്നതും അമ്മയെ എളുപ്പത്തില്‍ത്തന്നെ ഒരു രോഗിയാക്കുകയായിരുന്നു. അമ്മയ്ക്കൊരു സഹായമാകട്ടെ എന്ന്‍ കരുതിയിട്ടാണ് ഞാന്‍ രാമേട്ടന്‍റെ ചായക്കടയില്‍ ഒരു സഹായി എന്ന നിലയില്‍ നില്‍ക്കാന്‍ തുടങ്ങിയത്, കടയിലേയ്ക്കാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കലും അത്യാവശ്യം അകത്തെ പണികളില്‍ സഹായിക്കലും ഒക്കെയായങ്ങനെ....
പത്താംക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് ശ്രീദേവി ടീച്ചര്‍ ഞങ്ങളുടെ സ്കൂളിലേയ്ക്ക് സ്ഥലംമാറ്റമായി എത്തുന്നതും, ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ആകുന്നതും. രാമേട്ടന്‍റെ കടയില്‍പ്പോക്ക് ചിലപ്പോഴൊക്കെ ക്ലാസില്‍ വൈകിയെത്തുന്നതിനൊരു കാരണമായിരുന്നുവെങ്കിലും അതുവരെയുള്ള ക്ലാസ് ടീച്ചര്‍മാര്‍ക്ക് അതേപറ്റി അറിയുന്നതിനാല്‍ അതൊരു പ്രശ്നമായി അവരെടുത്തിരുന്നില്ല. എന്നാല്‍ ശ്രീദേവി ടീച്ചര്‍-ടെ ആദ്യദിവസം തന്നെ, നന്നേ താമസിച്ചു വന്നത് അവരില്‍ ഈര്‍ഷ്യയുണ്ടാക്കി. കാരണം ചോദിച്ചതിന് പണിക്ക് പോകുന്നത് കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍, എന്നാപ്പിന്നെ രണ്ടാമത്തെ പിരീയഡില്‍ കേറിയാല്‍ മതീന്നും പറഞ്ഞു. നിറയുന്ന കണ്ണുകളെ "ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെ"ന്ന അമ്മയുടെ വാക്കുകളുടെ ബലത്താല്‍ തുളുമ്പാനനുവദിയ്ക്കാതെ നിന്നപ്പോള്‍, തന്നെ ന്യായീകരിക്കാനെത്തിയ രമണി ടീച്ചറോട് "ഇതൊക്കെ ഇവന്മാരുടെ അടവാ-ന്നേ, ന്‍റെ ക്ലാസില്‍ ഞാനിതൊന്നും വച്ചുപൊറുപ്പിക്കില്ലെ"ന്നു പറഞ്ഞ് തന്നെ ക്രുദ്ധയായി നോക്കുകയായിരുന്നു ടീച്ചര്‍ ചെയ്തത്. തുടര്‍ന്നങ്ങോട്ട്‌ ടീച്ചറെന്നോട് മുന്‍വൈരാഗ്യം വച്ചെന്ന പോലെയാണ് പെരുമാറിയിരുന്നത്. എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി ശിക്ഷ വിധിയ്ക്കല്‍, ടീച്ചര്‍ ഒരു വിനോദമാക്കി. പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ട് മറ്റു ടീച്ചര്‍മാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു പറയാതെയുമായി.
ടീച്ചറുടെ നടപടികളില്‍ എന്‍റെ മനസ്സ് ശരിയ്ക്ക് നോവാന്‍ തുടങ്ങിയപ്പോഴാണ്, ഞങ്ങള്‍ടെ വീടിനടുത്തേയ്ക്ക് ടീച്ചറും ഭര്‍ത്താവും താമസത്തിനായെത്തുന്നത്, അങ്ങനെയാണ് എന്‍റെ വീട്ടിലെ അവസ്ഥ അവര്‍ക്ക് ബോദ്ധ്യപ്പെടുന്നതും. കുട്ടികളില്ലാതിരുന്ന അവര്‍ക്ക് പിന്നീട് ഞാന്‍ ഒരു പുത്രതുല്യനാകുന്നതും, എന്റമ്മയ്ക്ക് അവരൊരു സഹോദരിയേപ്പോലെ കൈത്താങ്ങാവുന്നതും കാലത്തിന്‍റെ നിയോഗമായിരുന്നു. പാഠ്യവിഷയങ്ങളില്‍ കീറാമുട്ടിയായിരുന്ന കണക്ക്, എന്‍റെ ഇഷ്ടവിഷയമായതും പത്താംക്ലാസ്സില്‍ ഡിസ്റ്റിങ്ങ്ഷനോടെ പാസായതും ടീച്ചറമ്മയുടെ പ്രയത്നഫലമായിരുന്നു. തുടര്‍ന്നുള്ള പഠനങ്ങള്‍ക്ക് ഒരുപാട് പണം പലപ്പോഴായി അമ്മയെ നിര്‍ബന്ധിച്ചേല്പ്പിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ചിരുന്ന അമ്മയോടവര്‍, അവന്‍ എനിക്ക് മകന്‍ തന്നെയാ ചേച്ചീ-ന്ന്‍ പറയുമായിരുന്നു. പഠിത്തം കഴിഞ്ഞേറെ വൈകാതെ, ഒരു കമ്പനിയില്‍ അക്കൌണ്ടന്റായി ജോലി കിട്ടുന്ന സമയത്താണ് ടീച്ചറമ്മ ഞങ്ങള്‍ടെ സ്കൂളില്‍നിന്നും വി.ആര്‍.എസ് എടുത്ത് വിജയന്‍ സാറിന്‍റെ നാട്ടിലോട്ട് പോകുന്നത്. പിന്നീട് ഇടക്കിടെ ഞാനും അമ്മയുമൊന്നിച്ച് അവിടെ പോകുകയും അവരെ കാണുകയും ചെയ്തിരുന്നു. ഓണത്തിന് അവര്‍ക്ക് ഒരു കോടി കൊടുക്കല്‍ എന്‍റെ ഒരു അവകാശമായിരുന്നു. ആയിടയ്ക്കാണ് അമ്മ അച്ഛന്‍റെയടുക്കലേയ്ക്ക് യാത്രയാവുന്നത്. തളര്‍ന്നുപോയ ആ അവസ്ഥയിലും ജീവിയ്ക്കാനുള്ള പ്രചോദനം നല്‍കിയത് ടീച്ചറമ്മ തന്നായിരുന്നു.
അമ്മ പോയതോടെ അവിടേയ്ക്കുള്ള സന്ദര്‍ശനങ്ങള്‍ സ്വാഭാവികമായും കൂടുകയായിരുന്നു.... ഒരു നാള്‍ കാണാന്‍ ചെന്നപ്പോള്‍ ടീച്ചറമ്മ പറഞ്ഞ വാക്കുകള്‍ എന്നെ നിത്യദു:ഖത്തിലാഴ്ത്തുകയായിരുന്നു. ടീച്ചര്‍-ടെ ഭര്‍ത്താവ് വിജയന്‍ സാറിന് ഞാന്‍ അവിടെ ചെല്ലുന്നതും ഒരു മകന്‍റെ സ്വാതത്ര്യം എടുക്കുന്നതും ഒന്നും പിടിയ്ക്കുന്നില്ലാ ത്രേ, മുമ്പും ഇങ്ങനെ ഇടയ്ക്ക് പറയാറുണ്ടെങ്കിലും ഒരു വഴക്ക് എന്ന നിലയിലേയ്ക്ക് അതെത്തിയിരുന്നില്ല, പക്ഷെ ഈയിടെയായി വല്ലാത്ത ദേഷ്യവും മറ്റുമൊക്കെയാണത്രേ... കണ്ണീരോടെ "അതോണ്ട് ഇനി മോന്‍ ഇവിടെ വരരുത്...." എന്ന്‍ പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു ആ ഉള്ളു പിടയ്ക്കുന്നത്‌. ഇതുകേട്ട് കണ്ണ് നിറഞ്ഞെങ്കിലും, എന്‍റെ ടീച്ചറമ്മ ഞാന്‍ കാരണം കൂടുതല്‍ വ്യസനിക്കാനോ ഭര്‍ത്താവുമായി വഴക്കുകൂടാനോ ഇടയാകരുത് എന്ന ഉറച്ചതീരുമാനത്താല്‍, "സാരമില്ല, എനിക്ക് മനസ്സിലാകും ടീച്ചറമ്മേടെ മനസ്സ്, ഇനി ഞാന്‍ ശ്രദ്ധിച്ചോളാ"മെന്ന ഉറപ്പുകൊടുത്ത് അന്നാ പടിയിറങ്ങുമ്പോള്‍ ഒരു തരം ശൂന്യതയായിരുന്നു മനസ്സില്‍.....
"കണിമംഗലം, കണിമംഗലം... ചേട്ടാ...ദാ കണിമംഗലം എത്തി-ട്ടാ...."
കണ്ടക്ടറുടെ സ്വരം കാതില്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നു. അയാള്‍ക്കതിന് നന്ദിസൂചകമായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാനിറങ്ങി. ഇനി കഷ്ടി ഒരു അരക്കിലോമീറ്റര്‍ നടന്നാല്‍ മതി. ഏതൊരു നാടിനും വരുന്ന മാറ്റങ്ങള്‍ ഇവിടെയും വന്നിട്ടുണ്ടെങ്കിലും പടിപ്പുരയുള്ള ആ വീടും പരിസരവും അതുപോലെത്തന്നെ എനിക്ക് അനുഭവപ്പെട്ടു. ഗേറ്റ് കടന്ന്‍ ചെല്ലുമ്പോള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നും തല ഉയര്‍ത്തിക്കൊണ്ടുള്ള അവരുടെ ചോദ്യത്തിന്, ഉമ്മറത്തേയ്ക്ക് കയറിക്കൊണ്ട് പറഞ്ഞു, ഞാനാ ടീച്ചറമ്മേ, വിഷ്ണു. പ്രായത്തിന്റെ ചുളിവുകള്‍ വീണു തുടങ്ങിയ ആ മുഖത്ത് സന്തോഷാത്ഭുതങ്ങള്‍ വിരിയുന്ന കാഴ്ച ഞാനങ്ങനെ നോക്കിനിന്നു. പുസ്തകം മടക്കി തിണ്ണയില്‍ വച്ചുകൊണ്ട്, എഴുന്നേല്‍ക്കാനാഞ്ഞ ടീച്ചറമ്മ വേച്ചുപോയപ്പോള്‍ തിടുക്കത്തില്‍ ഞാനവരെ കൈകളില്‍ താങ്ങി.
"ന്നാലും ന്‍റെ കുട്ടി വന്നൂല്ലോ, പ്രായം ആയി മോനേ, അടിയൊക്കെ തെറ്റുണൂ...."
-- "വിജയന്‍ സാറ് പോയത് ഞാന്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാ അറിഞ്ഞത്...."
മറുപടിയായി അവരൊന്നു മൂളി.... ഒറ്റപ്പെടലിന്‍റെ വേദന പകരുംവിധം....
പിന്നെ എന്‍റെ വിശേഷങ്ങള്‍ ചോദിയ്ക്കലായി, നഗരത്തിലെ പുതിയ ജോലിയും, ആറുമാസം മുന്നേ സഹപ്രവര്‍ത്തകയെത്തന്നെ ജീവിതസഖിയാക്കിയതും എല്ലാമെല്ലാം പറഞ്ഞു. വാത്സല്യാതിരേകത്തോടെ എന്നെത്തന്നെ നോക്കിയിരുന്നിരുന്ന ടീച്ചറമ്മയ്ക്കപ്പോള്‍ എന്‍റെ അമ്മയുടെ ഛായ തന്നായിരുന്നു. ഒരുപാടു നാളുകള്‍ക്ക് ശേഷം ടീച്ചറമ്മയോടോന്നിച്ച് ഭക്ഷണവും കഴിച്ചു. ഭക്ഷണശേഷം കോലായില്‍ ഒന്നിച്ചിരുന്നപ്പോള്‍ ആ ശോഷിച്ച കൈകളെ, എന്‍റെ കൈകളിലെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു,
"ടീച്ചറമ്മയെ എന്‍റെ കൂടെ കൊണ്ടുപോവാനാണ് ഞാന്‍ വന്നിരിയ്ക്കുന്നത്, ഒരു ഒഴിവുകഴിവും എനിക്ക് കേള്‍ക്കണ്ടാ... മാത്രവുമല്ല, ടീച്ചറമ്മയെ തടുക്കുന്നതായുള്ള ഒരു കാരണവും ഇന്നവശേഷിക്കുന്നില്ല, ഞങ്ങള്‍ രണ്ടാള്‍ക്കും ഒരമ്മയായും, പിറക്കാന്‍ പോകുന്ന ഞങ്ങള്‍ടെ കുഞ്ഞിനു ഒരമ്മൂമ്മയായും ഇനിയുള്ള കാലം ഞങ്ങളോടൊപ്പം കഴിയണം. അതിനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരില്ലേ, ന്‍റെ ടീച്ചറമ്മേ...."
എന്‍റെ ടീച്ചറമ്മ അപ്പോൾ, മറുപടിയൊന്നും പറയാതെ കരയുകയായിരുന്നു....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot