നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാംഗ്ലൂർ ഡേയ്സ്


ബാംഗ്ലൂർ ഡേയ്സ്
*******************
പോകാതെ... പോകാതെ...
നീയിരുന്താൽ നാൻ ഇരുപ്പേൻ...
പോകാതെ പോകാതെ...
നീ പിരിന്താൽ നാൻ ഇരപ്പേൻ...
ഇയർ ഫോണിലൂടെ ഒഴുകിയെത്തിയ പാട്ടിനൊപ്പം എന്റെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങിയിരിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ ട്രെയിനിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ പാട്ട് ആദ്യമായി ഞാൻ കേൾക്കുന്നത്. ഒരു മാസത്തെ ട്രെയിനിങ്ങ് കഴിഞ്ഞ് തിരികെ കോളേജിലേക്ക് മടങ്ങുമ്പോൾ നിഹാലാണ് ആ പാട്ടെനിക്ക് കേൾപ്പിച്ചത്.
രാത്രിയുടെ നിശബ്ദയിൽ ഒന്നും മിണ്ടാനാകാതെ ഫോണും പിടിച്ച് ഇരുതലക്കൽ പിടഞ്ഞു കൊണ്ടിരുന്ന സമയത്ത് നിഹാലാണ്‌ ചോദിച്ചത്.
"റിയാ... ഞാനൊരു സോങ്ങ് പ്ലേ ചെയ്യട്ടെ ?"
" ഉം.. "ഞാൻ മൂളി.
അങ്ങേത്തലക്കൽ അവൻ ഈ സോങ്ങ് വെച്ച് തന്നപ്പോൾ ഹൃദയം വല്ലാതെ പിടയുന്നുണ്ടെന്നു മാത്രം മനസ്സിലായി.
നിഹാൽ... ഒരു മാസത്തെ ബാംഗ്ലൂർ നിംഹാൻസ് ഹോസ്പിറ്റൽ ട്രെയ്‌നിങ്ങിൽ നിന്നും കിട്ടിയ സുഹൃത്ത്. ദിവസങ്ങളുടെ അടുപ്പം ജന്മാന്തരങ്ങൾക്കുമപ്പുറമുള്ള ഏതോ കണ്ണികളാൽ കൂട്ടി ചേർക്കപ്പെട്ട പോലെ തോന്നിയിരുന്നു പലപ്പോഴും.
തമിഴ്‌നാട്ടിലെ ഞങ്ങളുടെ കോളേജിൽ നിന്നും ഞാനും ഉറ്റസുഹൃത്ത് പ്രിയയുമാണ് ട്രെയിനിങ്ങിനുണ്ടായിരുന്നത്. പല സംസ്ഥാനത്തു നിന്നും വന്നവരിൽ ആദ്യം സൗഹൃദം സ്ഥാപിച്ചത് ഉത്തർപ്രദേശിൽ നിന്നും എത്തിയ ജാനിയോടും ദീപയോടുമായിരുന്നു. കാശ്മീർകാരനായ അൻസാർ വരെ ഫ്രണ്ട് ആയിട്ടും കേരളത്തിൽ നിന്നെത്തിയ അഞ്ചു പേരോട് മിണ്ടാനെന്തോ ഭയമായിരുന്നു.
അല്ലെങ്കിലും മലയാളി ആയിരുന്നിട്ടും മലയാളി ഫ്രണ്ട്സ് എനിക്ക് കുറവായിരുന്നു എന്ന് പറയുന്നതാണ് ശരി.
നാലാമത്തെ ദിവസം അഞ്ചുപേരിൽ ഒരാളായ ഫ്രാങ്ക്ളിനൊപ്പം ന്യൂറോ ഡിപ്പാർട്ട്മെന്റിൽ പോസ്റ്റിങ്ങ് കിട്ടിയ ദിവസം. മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് അലീനയും നിഹാലും ഫ്രാങ്ക്ളിനെ തിരക്കി വന്നത്.
"ഡോ... താൻ മലയാളിയല്ലേ?"
"ആ.. അതെ... " വിക്കി കൊണ്ട് നിഹാലിനു മറുപടി നല്കിയപ്പോഴേക്കും ഫ്രാങ്ക്‌ളിൻ അടുത്തെത്തിയിരുന്നു.
"മലയാളീസായ ഞങ്ങളോടൊന്നും മിണ്ടാതെ താൻ നോർത്തീസിനോടും വെസ്റ്റീസിനോടുമാണല്ലോ കമ്പനി? ഞങ്ങളെയൊന്നും ഇഷ്ടപ്പെട്ടില്ലേ?"
" അങ്ങനെയല്ല... നിഹാൽ... നിങ്ങൾ 5 പേരും എപ്പോഴും ഒരു ഗ്രൂപ്പ് ആയല്ലേ നടക്കുന്നെ... എപ്പോഴെങ്കിലും പരിചയപ്പെടാം ന്നു കരുതി..."
"പേരൊക്കെ അറിയാലോ.. "
"ഉം.. ഫ്രാങ്ക്‌ളിൻ പറഞ്ഞതാ."
" ഓക്കേ. ഞങ്ങളുടെ ഗ്രൂപ്പിലേക്കും സ്വാഗതം."
ചിരിച്ചു കൊണ്ട് തലയാട്ടി പിന്നെ കാണാമെന്നു പറഞ്ഞു യാത്ര പറഞ്ഞിറങ്ങി. നേരെ പോയത് ലൈബ്രറിയിലേക്കാണ്. പുസ്തകങ്ങളോട് മടുപ്പ് തോന്നി തിരികെ ഹോസ്റ്റലിലേക്ക് നടന്നു.
വിരസമായ ആ ആഴ്ചയിൽ നിഹാലുമായി നല്ല സൗഹൃദം ഉടലെടുത്തിരുന്നു.
പരസ്പരം കൈ മാറിയ ഫോൺ നമ്പറുകളിലൂടെ സൗഹൃദം കൂടുതൽ ആഴത്തിലേക്ക് വളർന്നു കൊണ്ടിരുന്നു. ജനാല വിരിയൊന്നു മാറ്റിയിട്ടാൽ ദൂരെ കാണാമായിരുന്ന വാഹനനിരകളുടെ വെളിച്ചം രാത്രികളിൽ നോക്കിയിരിക്കുക പതിവാക്കിയിരുന്ന ഞാൻ പിന്നീടെപ്പോഴോ മൊബൈൽ സ്‌ക്രീനിൽ തെളിയുന്ന വെളിച്ചം കാത്തിരിക്കുന്നവളായി.
നിഹാലുമായുള്ള സൗഹൃദം ഞാനേറെ ഇഷ്‌ടപ്പെടാൻ തുടങ്ങിയിരുന്നു. മൗനത്തെ പ്രണയിച്ചിരുന്ന ഞാൻ അവനിലെ വാചാലതയെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.
ഫോണിലൂടെ ഒഴുകിയെത്തുന്ന അവനിഷ്ടപ്പെട്ട പാട്ടുകളുടെ ശ്രോതാവായി ഞാൻ മാറിയിരുന്നു. പിന്നീടുള്ള 3 ആഴ്ചകൾ 3 ദിവസമായി ചുരുങ്ങിപോയി.
തിരികെ പോകേണ്ട ദിനത്തിന് തലേന്ന് ബാംഗ്ലൂരിൽ തന്നെ ട്രെയിനിങ്ങ് തീർത്തു കൂടെ എന്ന അവന്റെ ചോദ്യത്തിന് ഒരു ചെറു ചിരി മാത്രമായിരുന്നു ഉത്തരം.
കോളേജിൽ റിപ്പോർട്ട് ചെയ്ത് ചെന്നൈയിലാണ് അടുത്ത ഒരു മാസം എന്ന് പറഞ്ഞപ്പോൾ അവൻ വെറുതെയൊന്നു മൂളി.
അടുത്ത ദിവസം സർട്ടിഫിക്കറ്റുകൾ വാങ്ങി പിരിയുമ്പോൾ ഫോറം മാളിൽ വെച്ച് പ്രിയ മൊബൈലിൽ പകർത്തിയ ഫോട്ടോസ് ഓർമ്മകുറിപ്പുകളെന്ന പോൽ അവശേഷിച്ചിരുന്നു.
അന്ന് രാത്രിയിൽ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് മടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത മനസ്സിൽ നിറയുന്നതറിഞ്ഞു. നിഹാലിന്റെ ഫോണിലൂടെ ഒഴുകിയെത്തിയ പോകാതെ... സോങ്ങ് മനസ്സിനെ കീറി മുറിക്കാൻ തുടങ്ങിയിരുന്നു. ആദ്യമായി കേട്ടത് കൊണ്ടോ എന്തോ ആ രാത്രിയിൽ എന്റെ ഹൃദയം ആ പാട്ടിൽ അലിഞ്ഞില്ലാതായിരുന്നു.
ഇടക്കിടെയുള്ള ഫോൺ വിളികൾ സൗഹൃദം ശക്തമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കോഴ്സ് തീർത്ത് നാട്ടിലെത്തി അധികമാവും മുൻപേ അലനുമായി വിവാഹം ഉറപ്പിച്ചു.
വിവാഹമാണെന്നു പറഞ്ഞപ്പോൾ "ക്ഷണിക്കില്ലേടി പാവക്കുട്ടി നീയെന്നെ..?" എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.
"നിന്നെ വിളിക്കാതെ പിന്നെ ആരെയാടാ ഞാൻ വിളിക്കാ." മറുചിരിയോടെ അന്ന് ആ സംസാരം അവസാനിപ്പിച്ചു.
അലനും ഞാനും ഒരുമിച്ചാണ് അവനെ ഫോണിലൂടെ ക്ഷണിച്ചത്. വിവാഹത്തീയതി നിശ്ചയിച്ചതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ.
പിന്നീട് ജീവിതത്തിന്റെ തിരക്കുകളിൽ നിഹാൽ ഒരു ഓർമ്മയായി മാറിയിരുന്നു. പഴയ നമ്പർ മാറ്റിയതും ഫോൺ ഫോർമാറ്റ് ആയതുമെല്ലാം കാരണക്കാരായി പഴിചാരപ്പെട്ടു.
വിവാഹ ശേഷം ബാംഗ്ലൂരിലോട്ട് അലനോടൊപ്പം ഞാൻ പറിച്ചു നടപ്പെട്ടു. പലപ്പോഴും നിംഹാൻസിനു മുന്നിലൂടെ കടന്നു പോകുമ്പോൾ കളിയാക്കിയും പിണങ്ങിയും വഴക്കടിച്ചും നടക്കുന്ന രണ്ടു അവ്യക്ത രൂപങ്ങൾ കൺമുന്നിൽ തെളിഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോൾ ആദ്യം തിരഞ്ഞത് പ്രിയയേയും നിഹാലിനെയുമാണ്. നിരാശ മാത്രമായിരുന്നു ഫലം.
ഇപ്പോൾ ഈ പാട്ടും കേട്ട് നിങ്ങളോടിത് പറയുമ്പോൾ വർഷങ്ങളായി ഞാൻ തിരഞ്ഞിരുന്ന രണ്ടു പേരിൽ ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടപ്പുണ്ട്. കൺഫേം ബട്ടണിലേക്ക് കൈവിരൽ നീളും മുൻപേ നിങ്ങളോടെനിക്ക് പറയണമെന്ന് തോന്നി. നിഹാൽ എന്ന എന്റെ സുഹൃത്തിനെ കുറിച്ച്.
മുറിഞ്ഞു പോയ സൗഹൃദത്തിന്റെ കണ്ണികൾ കൂട്ടി ചേർക്കുവാൻ ഇനിയെനിക്ക് കൈവിരൽ നീട്ടാമല്ലോ അല്ലേ... കൺഫേം ബട്ടനിലേക്ക്. 👉
*****
Ritu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot