നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാതി വെന്ത പായസം


പാതി വെന്ത പായസം
================
ചെറുകഥ
----------------
രതീഷ് കണ്ണാടിയിൽ ഒന്ന് കൂടി നോക്കി ഭംഗി ഉറപ്പു വരുത്തി പോക്കറ്റിൽ നിന്ന് ചീപ്പ് എടുത്തു തലമുടി ഒന്ന് കൂടി ചീകി....
ചാഞ്ഞും ചെരിഞ്ഞും ഒന്ന് കൂടി നോക്കി .... വാച്ചിൽ സമയം നോക്കി പത്ത് മണി ആകുന്നു പതിനൊന്നരക്ക് വൈറ്റില ഹബ്ബിൽ എത്തണം രതീഷ് ഓർത്തു ...
അവിടെ അവൾ പതിനൊന്നരക്കു എത്തും എന്നാണ് പറഞ്ഞിരിക്കുന്നത്...
അങ്ങിനെ ഒരുപാട് നാളത്തെ ഒരാഗ്രഹം ഇന്ന് പൂർത്തീകരിക്കാൻ പോകുന്നു...
അവളെ അറിയാൻ ... എല്ലാ തരത്തിലും...
മുഖപുസ്തകത്തിലൂടെയാണ് അവളെ പരിചയപ്പെട്ടത്...
നീതു... അതാണ് അവളുടെ പേര്...
പരിച്ചയപ്പെട്ടപ്പോൾ ഇങ്ങിനെ ഒക്കെ ആവുമെന്ന് ഒന്നും തോന്നിയില്ല ... മാത്രമല്ല ഫേക്ക് ഐഡിയിൽ കൂടിയാണ് പരിചയപ്പെട്ടത്...
ഒറിജിനലിൽ ഒരു കളിയും പറ്റില്ല... അവിടെ അവൾ ഉണ്ടല്ലോ...
ലവ്യ.... ഭാവി വധു.... അവളെയും മുഖപുസ്തകത്തിൽ കൂടിയാണ് പരിചയപ്പെട്ടത്..
ഒരു പാവം പിടിച്ച നാട്ടിൻപുറത്തുകാരി പെണ്ണ്...
എന്തൊരു സ്നേഹമാണ് അവൾക്ക്...
അതുകൊണ്ടു തന്നെയാണ് വീട്ടുകാർ മുഖേന ആലോചിച്ചതും കല്യാണം ഉറപ്പിച്ചതും....
അടുത്തമാസം പതിനഞ്ചിന് കല്യാണമാണ്...
മോതിരം മാറ്റം കഴിഞ്ഞു....
പക്ഷേ ഇവൾ നീതു.... അവളൊരു മോഹമായി മനസ്സിൽ വളർന്നു പോയി.... അവൾക്കും....
" ഇന്നാണോടാ നിന്റെ കല്യാണം... കുറെ നേരമായല്ലോ ഒരുക്കം തുടങ്ങിയിട്ട്..." അകത്തു നിന്നും അമ്മ വിളിച്ചു ചോദിച്ചു....
'കല്യാണമല്ല... ആദ്യരാത്രി...' രതീഷ് മനസ്സിൽ മറുപടി പറഞ്ഞു...
രതീഷ് മീശ കൂടി ചീകിയൊതുക്കി കുറച്ചു പൌഡർ എടുത്ത് മുഖത്തിട്ടു...
എത്രയൊരുങ്ങിയിട്ടും മതിയാകുന്നില്ല...
പോക്കറ്റിൽ കിടന്നു ഫോൺ ബെല്ലടിച്ചു...
" മണ്ണിതിൽ പിറന്നത് നിനക്കു വേണ്ടി...
തേടിയതും തിരഞ്ഞതും നിന്നെ മാത്രം...
പ്രിയേ .... നിന്നെ മാത്രം.... "
റിങ്ടോൺ കേട്ടപ്പോഴേ മനസ്സിലായി....
ലവ്യയാണ്... ഭാവി ഭാര്യ...
രതീഷ് കാൾ അറ്റൻഡ് ചെയ്തു ചോദിച്ചു...
" എന്താ മോളൂട്ടാ..."
" ഒന്നൂല്ല്യാ... രതീഷേട്ടൻ എന്തെടുക്കുവാണെന്നറിയാൻ വിളിച്ചതാ..." പാതി കൊഞ്ചലുള്ള ശബ്ദത്തിൽ ലവ്യ മറുപടി പറഞ്ഞു...
" പ്രത്യേകിച്ചു ഒന്നുമില്ലെടാ... കുറച്ചു കഴിഞ്ഞു കൂട്ടുകാരുടെ അടുത്തേക്ക് ഒന്ന് പോകണം ... കല്യാണം വിളിക്കാനുണ്ട്... ആ.. അതേ ചിലപ്പോ എന്നെ വിളിച്ചാൽ കിട്ടില്ല ട്ടോ... അവന്മാരുടെ അടുത്ത് പോയാൽ പിന്നെ ഫോൺ എടുക്കുന്നത് ഒക്കെ അവരായിരിക്കും അതുകൊണ്ട് ഞാൻ ചിലപ്പോ സ്വിച്ചോഫ് ചെയ്തു വെക്കും... പിന്നെ കുറച്ചു ക്യാഷ് അറേഞ്ച് ചെയ്യാനുണ്ട്....ഞാൻ വൈകിട്ട് വിളിക്കാം..." രതീഷ് ബുദ്ധിപൂർവ്വം പറഞ്ഞു..."
" ഉം... സാരല്ല്യ... കൂട്ട് കൂടി കള്ളൊന്നും കുടിക്കരുത് ട്ടോ.." ഉടനെ വന്നു സ്നേഹപൂർവ്വമുള്ള ഉപദേശം...
" ഞാനും പോകുവാ കുറച്ചു കഴിഞ്ഞാൽ കൂട്ടുകാരി വരും ബ്യൂട്ടി പാർലറിൽ ഒന്ന് പോണം... കല്യാണത്തിന്റെ അന്ന് സുന്ദരിയായില്ല എന്ന് ഈ ചെക്കൻ പറഞ്ഞാലോ..." ലവ്യ പാതി കളിയായി പറഞ്ഞു...
" ഉം അത് നല്ലതാ മോളൂ... എന്നാലും കല്യാണത്തിന് ഇനി എന്റെ പെണ്ണിനെ എല്ലാവരും കണ്ണ് വെക്കുമോ..." രതീഷ് കുസൃതിയോടെ ചോദിച്ചു...
" പോ രതീഷേട്ടാ കളിയാക്കാതെ.." ലവ്യ പരിഭവിച്ചു...
" ചുമ്മാ പറഞ്ഞതല്ലേ മോളൂ... എന്നാ ഞാൻ വെക്കട്ടെ ട്ടോ... കുളിച്ചു പോകാൻ നോക്കട്ടെ..." രതീഷ് സംഭാഷണം അധികം നീട്ടാൻ താല്പര്യമില്ലാത്തത് പോലെ പറഞ്ഞു....
" ഓക്കേ രതീഷേട്ടാ പോയിട്ട് വേഗം വാ ട്ടോ... പോകുന്ന കാര്യം ഭംഗിയായി നടക്കാൻ ഞാൻ പ്രാര്ഥിക്കുന്നുണ്ട് ട്ടോ..."
അത് കേട്ടപ്പോൾ രതീഷിന്റെ മനസ്സിൽ ഒരു മുൾക്കുത്ത് ഉണ്ടായി...
എങ്കിലും അവൻ " ഓക്കേ ടാ ബൈ ഉമ്മ...." എന്ന് പറഞ്ഞു...
"ബൈ ഏട്ടാ.... ഉം........മ്മ" ലവ്യയും പറഞ്ഞു... രതീഷ് കാൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ടു...
പാവം.... ഒരർത്ഥത്തിൽ താൻ ചതിയല്ലേ ചെയ്യുന്നത്... രതീഷ് മനസ്സാക്ഷിക്കുത്തോടെ ഓർത്തു....
പക്ഷേ മോഹം കൊണ്ട് വിരിച്ച വലയിൽ പെടുന്നത് പാറക്കല്ലാണെങ്കിലും അതൊന്നു വലിച്ചു നോക്കും എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്...
അതുകൊണ്ട് തന്നെ മനസ്സ് ഞൊടിയിട കൊണ്ട് മറുപടി നൽകി....
ഇല്ല ഇനിയിതാവർത്തിക്കില്ല...
ഒറ്റ തവണ മാത്രം....
നീതുവും അതാണ് പറഞ്ഞിരിക്കുന്നത്...
ഒറ്റ തവണ മാത്രം...
അത് കഴിഞ്ഞു രണ്ടു വഴിക്ക് പിരിയുക....
പിന്നീടൊരിക്കലും കോണ്ടാക്ട് ചെയ്യാൻ രണ്ടാളും ശ്രമിക്കരുത്....
നീതുവിനും കല്യാണാലോചനകൾ വരുന്നുണ്ട്... നീതു...
വീണ്ടും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് കയറി വന്നു...
അപ്രതീക്ഷിതമായാണ് അവളെ കണ്ടുമുട്ടിയത്...
പതിവ് പോലെ ലവ്യയുമായുള്ള ചാറ്റിംഗ് കഴിഞ്ഞു ലോഗൗട്ട് ചെയ്തു ഫേക്ക് ഐഡിയിൽ കയറി ചുമ്മാ ഒന്ന് ഓടിച്ചു നോക്കുന്നതിനിടയിലാണ് അവളുടെ പ്രൊഫൈൽ കണ്ടത്....
അർദ്ധനഗ്നയായ നടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ കണ്ടപ്പോഴേ ഉറപ്പിച്ചു...
ഇതിച്ചിരി തിളക്കൽ കൂടിയ സാധനമാണ്...
ഫേക്ക് ആണോ എന്ന് ശങ്കയുണ്ടായിരിന്നു.... മടിച്ചു മടിച്ചാണ് റിക്വസ്‌റ്റ് അയച്ചത്....
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും സ്വീകരിച്ചതായി അറിയിപ്പ് വന്നു...
പതിവ് പോലെ ഹായ് യിൽ തുടങ്ങി പതുക്കെ സംസാരം വഴി മാറ്റി...
അപ്പോഴും ഉള്ളിൽ ഫേക്ക് എന്നൊരു ആശങ്കയുണ്ടായിരുന്നു കാരണം ആണായി ജനിച്ചാലും മുഖപുസ്തകത്തിൽ നപുംസകമായി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരുപാട് ഷണ്ഡന്മാരുടെ കാലമാണ് ഇത്....
ഫേക്ക് എന്ന ചിന്ത കാരണമാണ് ഫോട്ടോയും വോയ്‌സും ചോദിച്ചത്...
രണ്ടും കൂടി തരില്ല ഏതെങ്കിലും ഒന്ന് എന്നായി അവൾ ...
ശരി എങ്കിൽ ഫോട്ടോ തരാൻ പറഞ്ഞു......
മുഖം കാണിക്കില്ല എന്നായി...
അതും സമ്മതിച്ചു...
അല്ലെങ്കിൽ തന്നെ മുഖം എന്തിന്...
ഫോട്ടോ തന്നു...
കൊള്ളാം നല്ല ഫിഗർ...
താനും മുഖം കാണിക്കാതെയുള്ള ഫോട്ടോസ് അയച്ചു കൊടുത്തു...
എന്തിനധികം പറയുന്നു ഇന്നേവരെ ലവ്യയുമായി സംസാരിക്കാത്ത മേഖലയിലേക്ക് സംസാരം വഴി മാറിയത് എത്ര പെട്ടെന്നായിരുന്നു ലവ്യക്ക് താൻ ഡീസെന്റ് ആണ് കാരണം ഇന്നുവരെ മോശമായി ഒന്നും അവളോട് പറഞ്ഞിട്ടില്ല...
പക്ഷേ ഇങ്ങനൊരു മാർഗ്ഗം കിട്ടിയപ്പോൾ ....
ഡ്രെസ്സോട് കൂടെ അയച്ച ഫോട്ടോകൾ പിന്നീട് ഡ്രസ്സ് ഇല്ലാതായി...
ചാറ്റിൽ നീല ലൈറ്റുകൾ മാത്രം തെളിഞ്ഞു കൊണ്ടിരുന്നു...
നിശ്വാസങ്ങൾ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു...
ഒടുവിൽ മോഹമായി മാറി...
അതാണ് തുറന്ന് ചോദിച്ചതും....
ഒരുപക്ഷേ നീതുവിനും തന്നിൽ മോഹമായിട്ടുണ്ടാകും അതാവും ആദ്യം സമ്മതിക്കാതിരുന്നിട്ടും അവൾ സമ്മതിച്ചത്...
ഇത്തരം ചാറ്റ് താനും അവളും ആദ്യമായിട്ട് ഒരാളോട് അല്ല ചെയ്യുന്നത് എന്ന് രണ്ടാൾക്കും അറിയാം .......
പക്ഷേ ഇങ്ങനൊരു മോഹം ഇതുവരെ ആരോടും തോന്നിയിട്ടില്ല എന്നാണ് അവൾ പറഞ്ഞ് ......
ഇനി തോന്നിയിട്ടുണ്ടോ അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടോ ആവോ എന്തായാലും അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല....
എന്തായാലും താനും പോയിട്ടില്ല എന്ന് പറഞ്ഞു...
അത്‌ ഒരുപരിധി വരെ ശരിയുമാണ്...
മുഖപുസ്തകം വഴി പരിചയപ്പെട്ട ആരുടെ അടുത്തും ഇതുവരെ പോയിട്ടില്ല...
കാശ് കൊടുത്ത് പോയിട്ടുണ്ട് അതൊട്ടു അവൾ ചോദിച്ചില്ല താനൊട്ടു പറഞ്ഞതും ഇല്ല....
എന്തായാലും ഇന്ന് നീതുവെന്ന മോഹം പൂവണിയാൻ പോകുന്നു...
രതീഷ് ബസ്റ്റോപ്പിലേക്ക് നടന്നു...
ബസ്സിലിരിക്കുമ്പോഴും ചിന്ത നീതുവിൽ തന്നെയായിരുന്നു...
പോക്കറ്റിൽ തപ്പി നോക്കി .........
ഉണ്ട് .......... പുതിയ സിം പോക്കറ്റിൽ തന്നെയുണ്ട്...
ആ നമ്പറാണ് അവൾക്ക് കൊടുത്തിട്ടുള്ളത്......
കൃത്യം പതിനൊന്ന് മുപ്പത്തിഅഞ്ചിനു കാൾ വരും...
അവൾ വിളിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്...
ഇതുവരെ അങ്ങോട്ടുമിങ്ങോട്ടും നമ്പർ കൊടുക്കുകയോ വിളിക്കുകയോ വരെ ചെയ്തിട്ടില്ല...
ഇന്നാണ് ആദ്യമായി വിളിക്കുന്നത് അതും ആളെ തിരിച്ചറിയാൻ വേണ്ടി മാത്രം...
അതോടു കൂടി ഈ സിം കളയണം...
പതിനൊന്ന് ഇരുപതിന് തന്നെ ബസ് വൈറ്റില ഹബ്ബിൽ എത്തി...
ഇനിയുമുണ്ട് പത്ത് മിനിറ്റ്...
രതീഷ് കുറച്ചു മാറി തിരക്കൊഴിഞ്ഞ ഒരിടത്ത് ഇരുന്നു...
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സ്വിച്ചോഫ് ചെയ്തു പുതിയ സിം ഇട്ടു...
ഇന്നലെ ആക്റ്റിവേറ്റ് ചെയ്തതാണ് അതുകൊണ്ട് തന്നെ പെട്ടെന്ന് നെറ്റ്‌വർക്ക് ക്ലീയർ ആയി.... ഫോൺ പോക്കറ്റിലേക്ക് തന്നെ ഇട്ടു....
രതീഷ് ഇടക്കിടക്ക് വാച്ചിലേക്ക് നോക്കി...
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി...
സമയം പോകുന്നില്ല...
അല്ലെങ്കിലും സമയം പെട്ടെന്ന് പോകണമെന്ന് ചിന്തിച്ചാൽ ഇഴഞ്ഞേ പോകൂ പോകരുത് എന്ന് ചിന്തിച്ചാൽ പെട്ടെന്ന് പോകും അതാണ് സമയത്തിന്റെ പ്രത്യേകത...
ചെറിയ പരിഭ്രമം തോന്നുന്നുണ്ട്...
പരിചയക്കാർ ആരെങ്കിലും കണ്ടാൽ....
പിന്നെ അവരുടെ ചോദ്യത്തിന് ഉത്തരം കൊടുത്തു വശക്കേടാകും...
പതിനൊന്നു മുപ്പത്തിരണ്ടായപ്പോൾ സ്റ്റാന്റിലേക്ക് ഒരു ബസ് കയറി വന്നു...
ആളുകൾ ഇറങ്ങി രതീഷ് വേഗം അങ്ങോട്ട് നോക്കാതെ തിരിഞ്ഞു നിന്നു....
പരിചയമുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ കാണണ്ട...
അങ്ങിനെ നിൽക്കുന്ന സമയത്ത് തോളത്ത് ഒരു കൈ വന്നു തട്ടി... രതീഷ് കഴുത്തു തിരിച്ചു ചുമലിലേക്ക് നോക്കി ഒരു സ്ത്രീയുടെ കൈകളാണ്.....
ഈശ്വരാ അവൾ എന്നെ കണ്ടുപിടിച്ചോ... എന്നാലും എങ്ങിനെ....
ഒരുനിമിഷം കൊണ്ട് അർജ്ജുനന്റെ അമ്പിനേക്കാൾ വേഗത്തിൽ കുറെ ചോദ്യങ്ങൾ രതീഷിന്റെ മനസ്സിലൂടെ കടന്നു പോയി...
" ഹലോ " അതാ ആ കൈ വീണ്ടും തട്ടുന്നു...
ചുണ്ടിൽ ഒരു ചിരി ഫിറ്റ് ചെയ്തു രതീഷ് തിരിഞ്ഞു...
ഒരുനിമിഷം.....
രതീഷിന്റെ സപ്തനാഡികളും തളർന്നു പോയി...
അമ്പതു വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ....
രതീഷിന്റെ ചുണ്ടിലെ ചിരി കോടിപ്പോയി....
പകരം ആ സ്ത്രീയുടെ ചുണ്ടിൽ ചിരി വിടർന്നു....
എട്ടിന്റെ പണി കിട്ടിയല്ലോ ഈശ്വരാ...
രതീഷ് മനസ്സിൽ ഓർത്തു....
എങ്ങിനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു കൊണ്ടിരുന്നതിന്റെ ഇടയിൽ അടുത്ത ചോദ്യം വന്നു...
" മോനേ ഈ തൃപ്പൂണിത്തറക്കുള്ള ബസ് എവിടെ കിട്ടും..."
രതീഷ് വീണ്ടും അമ്പരന്നു...
ങ്ങേ... അപ്പൊ ഇതല്ലേ....
രതീഷ് എങ്ങോട്ടോ കൈ ചൂണ്ടി...
ആ സ്ത്രീ ആ ഭാഗത്തേക്ക് നോക്കിയ ശേഷം രതീഷിനോട് പറഞ്ഞു... താങ്ക് യു മോനേ....
അതും പറഞ്ഞു അവർ വേഗം രതീഷ് ചൂണ്ടിക്കാട്ടിയ ഭാഗത്തേക്ക് നടന്നുപോയി...
ഒറ്റ നിമിഷം കൊണ്ട് വിയർപ്പിൽ കുളിച്ച രതീഷ് ആശ്വാസത്തോടെ അവിശ്വസനീയതോടെ ശ്വാസോച്ഛാസം ചെയ്തു...
ഇടിക്കും എന്നുറപ്പിച്ച മഞ്ഞുമലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കപ്പലിന്റെ കപ്പിത്താനെപ്പോലെയായി രതീഷ്....
പകപ്പ് ഒന്നടങ്ങിയപ്പോൾ രതീഷ് ബസ് വന്ന് നിന്ന ഭാഗത്തേക്ക് നോക്കി...
അതാ തലയിലൂടെ ഷാൾ ഇട്ട ഒരു യുവതി അങ്ങോട്ടുമിങ്ങോട്ടും പോകുന്നവരെ സൂക്ഷിച്ചു നോക്കുന്നു...
അതവൾ തന്നെ നീതു...
രതീഷിന് ഉറപ്പായി...
വിളിക്കട്ടെ എന്നിട്ട് പോകാം രതീഷ് മനസ്സിൽ വിചാരിച്ചു...
അതിനിടയിൽ രതീഷ് കണ്ണുകൾ കൊണ്ട് ആ സ്റ്റാൻഡ് മുഴുവൻ സൂക്ഷ്മനിരീക്ഷണം നടത്തി... ഭാഗ്യം അറിയുന്ന ആരുമില്ല...
അതാ നീതു ബാഗിൽനിന്ന് നേരെ മുമ്പിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി ഫോൺ എടുക്കുന്നു...
തിരിഞ്ഞാണ് നിൽക്കുന്നത് മുഖം വ്യക്തമല്ല...
എന്തിന് മുഖം...
അല്പനേരം കൂടി കഴിഞ്ഞാൽ എല്ലാം കാണാൻ പോകുവല്ലേ...
രതീഷിന് കാലിൽ നിന്ന് ഒരു കുളിര് കേറി ദേഹത്ത് മൊത്തം ഒന്ന് ഓടിക്കളിച്ചു....
നീതു ആ ചെറുപ്പക്കാരനെ അറിയാത്ത ഭാവത്തിൽ നോക്കിക്കൊണ്ട് നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി...
പുറകിൽ നിന്ന് അത് നോക്കികൊണ്ടിരുന്ന രതീഷിന് ചിരി വന്നു...
അവളുടെ ചിന്ത ആ ചെറുപ്പക്കാരനാണ് താൻ എന്നാണെന്ന് തോന്നുന്നു...
അവളുടെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു ആ ചെറുപ്പക്കാരനും അവളെ ഇടക്കിടക്ക് പാളി നോക്കുന്നുണ്ട്...
പ്രതീക്ഷിച്ച പോലെ രതീഷിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തു...
പിന്നിലൂടെ പോയി ഒന്ന് ഞെട്ടിച്ചു കളയാം...
രതീഷ് ഫോൺ എടുത്ത് സൈലന്റ് മോഡിൽ ആക്കി...
നീതുവിന്റെ പുറകിലേക്ക് ചെന്നു....
ഇപ്പൊ അവളുടെ ശ്രദ്ധ പൂർണ്ണമായും ആ ചെറുപ്പക്കാരന്റെ മുഖത്താണ്...
അവൻ ഫോൺ എടുക്കുന്നുണ്ടോ എന്നതാണ് അതാ അവനും പുഞ്ചിരിക്കാൻ തുടങ്ങിയിരിക്കുന്നു....
ഇനിയും താമസിച്ചാൽ ചിലപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും...
രതീഷ് വേഗം വിളിച്ചു...
നീതു... ഹലോ നീതുവല്ലേ... പെൺകുട്ടി വേഗം ഞെട്ടിത്തിരിഞ്ഞു...
ഒരുനിമിഷം ആ സുന്ദരമുഖം കണ്ടപ്പോൾ രതീഷിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...
അവരുടെ ആ രണ്ടു ചുണ്ടുകളും ഒരുമിച്ചു ചലിച്ചു....
രതീഷേട്ടൻ.... ലവ്യ.... രണ്ടാളും മുഖത്തോട് മുഖം നോക്കി മന്ത്രിച്ചു...
രതീഷ് ഇപ്പോൾ കാൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു....
അതാ നീതുവെന്ന ലവ്യയുടെ കയ്യിലിരിക്കുന്ന മൊബൈൽ എന്ന ചെകുത്താൻ കുഞ്ഞു ശബ്‌ദിക്കുന്നു.....
രണ്ടുപേരും നിശബ്ദരായി മുഖത്തോടു മുഖം നോക്കി നിന്നു....
പറയുവാൻ ഒന്നും ഇല്ലാത്തത് പോലെ.......
പ്രിയ വായനക്കാരെ...
ഇവരെ ഇങ്ങിനെ തന്നെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വിടുകയാണ്...
ഇവർ ഒന്നിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം...
നടന്നതെല്ലാം മറന്ന് വേണമെങ്കിൽ രണ്ടാൾക്കും ഒന്നിക്കാം അല്ലെങ്കിൽ വേർ പിരിയാം...
അതുമല്ലെങ്കിൽ തെറ്റ് ചെയ്യാൻ വന്നപ്പോഴും ഒരുമിച്ചു വന്നത് കൊണ്ട് ഇവർ ഒരുമിക്കേണ്ടവർ തന്നെ എന്ന് വേണമെങ്കിലും തീരുമാനിക്കാം...
രണ്ടാളും മനസ്സ് കൊണ്ട് പങ്കാളിയെ വഞ്ചിക്കാൻ തീരുമാനമെടുത്തവരാണ്...
അങ്ങിനെ നോക്കുമ്പോൾ എന്റെ കണക്ക് പുസ്തകത്തിൽ രണ്ടാൾക്കും തുല്യ മാർക്കാണ്... ശേഷം ചിന്ത്യം...
ഒന്ന് മാത്രം ഓർക്കുക..
ഫേക്ക് ഐഡി.. അതാർക്കുവേണമെങ്കിലും ഉണ്ടാക്കാം...
വേറൊരാൾക്കു പണി കൊടുക്കാൻ തീരുമാനിച്ചു നിങ്ങൾ ഉണ്ടാക്കുന്ന ഫേക്ക് ഐഡിയിലൂടെ ഒരുപക്ഷേ നിങ്ങൾക്ക് തന്നെ പണി കിട്ടിയേക്കാം...
തനിക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്ന് ചിന്തിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു...
ജയ്‌സൺ ജോർജ്ജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot