Slider

ഒരു കിണറിന്‍റെ ആത്മരോദനം

0

ഒരു കിണറിന്‍റെ ആത്മരോദനം
---------------------------------------------
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആരൊക്കെയോ ചേര്‍ന്ന് ഭൂമി തുരന്ന് എന്നെ സൃഷ്ടിച്ചു... അവര്‍ക്ക് ദാഹജലത്തിനു വേണ്ടിയായിരുന്നു അത്..
ആവോളം തെളിനീരു ചുരത്തി ഞാന്‍ അവരെ സന്തോഷിപ്പിച്ചു..
കയറില്‍ കെട്ടിയ തൊട്ടി എന്‍റെ നെഞ്ചിലേക്കിറക്കി അവര്‍ മതിയാവോളം കോരിയെടുത്ത് ദാഹമകറ്റി.. ഞാന്‍ നിര്‍വൃതിയോടെ അവരെ നോക്കി നിന്നു..
ഇടയ്ക്കിടെ എന്‍റെ നെഞ്ചിലേക്ക് വന്ന് പുണരുന്ന തൊട്ടിയെ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങി..
കാലമേറെ കടന്നു പോയപ്പോഴും ഓരോ തലമുറ മാറി മാറി വന്നപ്പോഴും വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളിലും ഞാന്‍ അവര്‍ക്ക് ഒട്ടും കുറവില്ലാതെ തെളിനീര് പകര്‍ന്നു നല്‍കി..
പിന്നീട് എപ്പോഴോ അവര്‍ എന്‍റെ നെഞ്ചില്‍ ഒരു യന്ത്രം ഇറക്കി വെച്ചു.. അതില്‍ കുറേ കുഴലുകളൊക്കെ വെച്ചു ശക്തമായി എന്‍റെ നീര് ഊറ്റിയെടുക്കാന്‍ തുടങ്ങി..
ഞാന്‍ പേടിച്ചു വിറച്ചു ..
എന്‍റെ നെഞ്ച് പറിഞ്ഞു വരുന്നതു പോലെ തോന്നി..
പിന്നീടൊരിക്കലും എന്‍റെ പ്രിയപ്പെട്ട തൊട്ടിയെ കണ്ടതേയില്ല..
പാവം തൊട്ടിയും എന്നെ കാണാതെ ഒത്തിരി വിഷമിച്ചു കാണും..
എപ്പോളും യന്ത്രമുപയോഗിച്ച് നീര് ഊറ്റിയെടുത്തതിനാലാവണം എനിക്കിപ്പോള്‍ പഴയതു പോലെ ആരോഗ്യമില്ല.. ദിനം പ്രതി ഞാന്‍ ശോഷിച്ചുകൊണ്ടിരിക്കുകയാണ്..
പിന്നെ പണ്ടത്തെ പോലെയല്ലല്ലോ.. ഇപ്പോള്‍ അവര്‍ക്ക് എന്‍റെ നീര് കൊണ്ടുള്ള ആവശ്യങ്ങളും കൂടിയല്ലോ..
വാഹനങ്ങളൊക്കെയുണ്ട്.. അതൊക്കെ ഇടക്കിടെ കഴുകണം..
അങ്ങനെ പലതും..
എനിക്ക് ഇപ്പോള്‍ പേടിയാവുകയാണ്..
മഴ ഇനിയും വെെകിയാല്‍ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല..
ഇതാ എന്‍റെ നെഞ്ചിലെ അവസാനത്തെ നീരും ആ യന്ത്രം ഊറ്റിയെടുക്കാന്‍ തുടങ്ങി.. അതോടൊപ്പം എന്‍റെ രക്തവും കലരാന്‍ തുടങ്ങിയിട്ടുണ്ട്..
നാളെ മുതല്‍ എനിക്ക് ചുരത്താനാവില്ല എന്നു തോന്നുന്നു..
മഴമേഘങ്ങളേ.. എത്രയും പെട്ടെന്ന് എന്നിലേക്ക് പെയ്ത് എന്നെ രക്ഷിക്കണേ...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo