നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അടുത്ത വീട്ടിലെ നിർദോഷിയായ പട്ടി


അടുത്ത വീട്ടിലെ നിർദോഷിയായ പട്ടി മുറ്റത്തൂടെ വെറുതെ ക്രോസ്സുചെയ്തുപോകുമ്പോൾ കുട്ടപ്പൻ നിലത്തൂന്നൊരു കല്ലെടുത്ത് എറിയുന്ന ആംഗ്യം കാണിച്ചതും പട്ടി ഹനുമാൻഗിയറ് പിടിച്ചിട്ട് ഒരോട്ടം വെച്ചുകൊടുത്തു, തിരിച്ചു കസേരയിൽ വന്നിരുന്നിട്ട് കുട്ടപ്പൻ തുടർന്നു :-
"പണ്ട് പള്ളിക്കൂടത്തിൽ പോകുമ്പോൾ ഒരു പട്ടിയെ കാലേപ്പിടിച്ചു നിലത്തൊരൊറ്റയടിയാരുന്നു"
കുട്ടപ്പനറിയാം അതിന്റെ ബാക്കിയറിയാനുള്ള ആകാംഷ മറ്റാർക്കുമില്ലേലും ഒരാൾക്കുണ്ടാവുമെന്ന്....
ചോദ്യം കൃത്യം അവിടുന്നുതന്നെ വന്നു "അതെന്തുവാ ചേട്ടാ സംഭവം" ?
കുട്ടപ്പൻ തുടർന്നു...
ഞാനൊൻപതാം ക്ലാസ്സിൽ പഠിക്കുവാ, ഞങ്ങള് കുറെ പിള്ളാരുണ്ട് എല്ലാരൂടെ പള്ളിക്കൂടത്തിലോട്ടു പോകുമ്പോൾ അടുത്തവീട്ടിലെ പട്ടി തോടലുംപൊട്ടിച്ചോണ്ട് പെൺപിള്ളാരുടെ നേരെ ഒറ്റ വരവാണ്,
പട്ടീന്നു പറഞ്ഞാൽ ഒരു സിംഹത്തിന്റെ അത്രേം വരും....
ഇവളുമാരെല്ലാംകൂടെ വിളിച്ചുകൂവി നാലുവഴിക്കോടിയ കൂട്ടത്തിൽ ഒരുത്തിയേക്കേറിയങ്ങു കമ്മി , ഓടിയങ്ങോട്ടു ചെന്നതും എന്റെനേരെയൊരു വരവാ ..... കലേലിങ്ങോട്ടു പിടിച്ചുപൊക്കി വട്ടത്തിലൊന്നു കറങ്ങി എടുത്തൊരൊറ്റയടിയാരുന്നു ....
പട്ടീടെ മോങ്ങലും ഓട്ടോം കണ്ടപ്പോൾ കഷ്ട്ടംതോന്നിയെങ്കിലും ദേഷ്യംവരുത്തില്ലിയോ പിന്നെ ??
ഇത്രേം പറഞ്ഞിട്ട് ഇരുമ്പു കസേരയിൽ തനിക്കഭിമുഖമായിട്ട് ചെറുപുഞ്ചിരി വരുത്തിയിരിക്കുന്ന അമ്മാവിയപ്പനേം നിലത്തു കാലുംനീട്ടി താടിക്കു കയ്യുംകൊടുത്ത് അതിശയചിഹ്നം വരുത്തിയിരിക്കുന്ന അമ്മാവിയമ്മേം കട്ടിളയ്ക്ക് താങ്ങുംകൊടുത്തു അല്പ്പം അഭിമാനത്തോടെ ചാരിനില്ക്കുന്ന കെട്ടിയോളേം മാറിമാറിയൊന്നു നോക്കി...
"ദേഷ്യം വന്നപ്പോൾ കാലേൽപ്പിടിച്ചു നിലത്തൊരടിയായിരുന്നു" ഈ പറഞ്ഞതിലെ പതിയിരിക്കുന്ന അപകടത്തേപ്പറ്റി ഒർത്തിട്ടാവണം ഒരൽപം പരിഭ്രമം അവൾടെ മുഖത്തൂടെയൊന്നു മിന്നിമറഞ്ഞു
കല്ല്യാണം കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളിൽ പുതുചെക്കനാണ് താരം. കുട്ടപ്പൻ തള്ളിമറിക്കുകയാണ്.... . .
മുടിഞ്ഞ വ്യക്തിത്വവും ജീവിതത്തോടുള്ള സംഭവബഹുലമായ കാഴ്ച്ചപ്പാടുകളുമുള്ള ആളാണെന്നു വരുത്തിത്തീർക്കുന്ന വേറെയും നമ്പറുകൾ സാഹചര്യമനുസരിച്ചു വിളക്കിച്ചേർക്കാനും കുട്ടപ്പൻ മറന്നില്ല ....
പിന്നീട് ഉച്ചയൂണും കഴിഞ്ഞച്ചിവീട്ടിൽ സുഖമായിട്ടൊന്നു മയങ്ങുമ്പോളാണ് ഒരു നിലവിളിശബ്ദം കാതിൽവന്നു പതിച്ചത്....... കെട്ടിയോളാണ്....
"കുട്ടേട്ടാ പാമ്പ്.....!!!!! ഇങ്ങോട്ടോടി വാ".... കുട്ടപ്പൻ ഞെട്ടിയുണർന്ന് ബഹളം കേട്ട ഭാഗത്തേക്കു ചെന്നു
പാമ്പോ എവിടെ ??
ദോണ്ടാ ചായിപ്പിനകത്ത് വാട്ടക്കപ്പ കെട്ടിവെച്ച ചാക്കിന്റടീലുണ്ട്....
ബഹളം കേട്ട് അയൽവക്കത്തുള്ള ഒന്നുരണ്ടു പെണ്ണുങ്ങളും കയ്യാലചാടി അവിടേക്കെത്തി, അമ്മാവിയപ്പൻ ഒരു വിറകു കഷ്ണോമെടുത്തുകൊണ്ട് ചായിപ്പിലേക്കു കേറിയതും കുട്ടപ്പൻ ആജ്ഞാപിച്ചു "അച്ചനിങ്ങോട്ടു മാറിക്കേ... ഞാനൊന്നു നോക്കട്ടേ"
ധൈര്യശാലിയായ കുട്ടപ്പൻ നിരായുധനായി ചാക്കിനടുത്തെക്കു പോകുമ്പോൾ സൂക്ഷിക്കണേന്ന് പറഞ്ഞവരോടെല്ലാം കൂട്ടിച്ചേർത്തിട്ട് ഒരു പഞ്ച് ഡയലോഗ് " ....
" എന്തോന്ന് ?? ഇവിടെക്കേറി വട്ടംനിൽക്കാതെ എല്ലാരുമൊന്നു മാറിനിൽക്കാവോ " ??
എന്നാലും കൂടിനിന്നവർ വാവ സുരേഷിനേ കാണുന്ന താരാരാധനയോടെ പുതു ചെക്കന്റ പാമ്പുവേട്ട കാണാൻ എത്തിവലിഞ്ഞുനോക്കുന്നുണ്ട്.....
കുട്ടപ്പൻ ചാക്കുകെട്ടുപിടിച്ചൊന്നു ചരിച്ചതും പാമ്പ്‌ കുട്ടപ്പന്റെ കാലിന്റെ സൈഡിലൂടെ മിന്നൽ വേഗത്തിലിഴഞ്ഞു പുറത്തേക്കു ചാടി.... കെട്ടിയോൾ ഉൾപ്പെടെ കൂടിനിന്ന പെണ്ണുങ്ങളെല്ലാംകൂടെ അതിനെ ചന്നംപിന്നം അടിച്ചുകൊന്നൊരു മൂലയ്ക്കിട്ടു......
രാത്രി കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലുംനോക്കി കൂടിനിന്ന പെണ്ണുങ്ങളെ മൊത്തത്തിൽ ചിരിപ്പിച്ച റബ്ബറുപന്ത് കുത്തിപ്പൊങ്ങിയതുപോലുള്ള ചാട്ടോം അന്തരാത്മാവിൽനിന്നും ഉത്ഭവിച്ച ആ വൃത്തികെട്ട നിലവിളിയുമോർത്ത് കുട്ടപ്പൻ മലർന്നുകിടക്കുമ്പോൾ കെട്ടിയോൾ ഒന്നു തോണ്ടിയിട്ടു ചോദിച്ചു :-
"അന്ന് പട്ടിയുടെ കാലേൽപിടിച്ചുപൊക്കി താഴെയടിച്ചതും പെൺപിള്ളാരായിരുന്നു ...ല്ലേ" ? :-P :-p
--------------------------------------
സന്തോഷ് നൂറനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot