അപ്പുക്കുരു!
**********
**********
എന്റെ അനിയത്തികുട്ടി ശല്ല്യം ചെയ്യാൻ വരുന്നതിനു മുൻപുള്ള എകാന്തവാസം വളരെ ദുരിതം നിറഞ്ഞ ഒന്നായിരുന്നു! എനിക്കു അമ്മയും അമ്മയ്‌ക്ക് ഞാനും. സ്‌കൂളിൽ ചേർക്കുന്നതിന് മുൻപുള്ള എന്റെ ശല്ല്യത്തിൽ നിന്ന് രക്ഷപ്പെടാൻ അമ്മ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വല്ല്യമ്മയുടെ വീട്ടിലേക്കുള്ള യാത്ര! അവിടെയാണേൽ രണ്ടു ചേച്ചിമാരും എന്റെ പാകത്തിനൊരു മുതലുമുണ്ട് (പ്രായത്തിനു എന്നെക്കാൾ ഇളയതാണെങ്കിലും ചേട്ടനാണെന്നാണ് മൂപ്പർടെ വിചാരം!). അതുകൊണ്ട് തന്നെയാവണം എനിക്ക് അവിടെ പോകാൻ വല്ല്യ ഇഷ്ടായിരുന്നു. അങ്ങനെ അമ്മ എന്നെയും പിടിച്ച് ഒരു പോക്കങ്ങു പോകും. ബസ്സിറങ്ങിയുള്ള നടത്തത്തിൽ എന്റെ സ്ഥിരം നംബരായ കാലുവേദനയെ ഓടിക്കാൻ അമ്മ ഇറക്കുന്ന വേറെയൊരു നംബരുണ്ട്, വഴിയിലെ ഒരു ഭ്രാന്തൻ.
കീറിയ വസ്ത്രം ധരിച്ചു മുടി നീട്ടി വളർത്തി അലക്കേം കുളിക്കേം ചെയ്യാത്ത ഒരു ഓർഡിനറി ഭ്രാന്തൻ! ആൾക്ക് ബോണസ് ആയി ഒരു കാലിൽ കുറച്ചു മന്തും ഉണ്ടായിരുന്നു. നടന്നില്ലേൽ കാലു അതുപോലെയാകും എന്ന് പറഞ്ഞാണ് അമ്മയുടെ ഭീഷണി. അങ്ങനെ അങ്ങേരു എന്റെ സ്ഥിരം ഇരയായി. ഭീഷണിപ്പെടുത്തി നടത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് അമ്മ അദ്ദേഹത്തെ കാണിച്ചുതന്നതെങ്കിലും ഞാൻ ശ്രദ്ധിച്ചത് അയാൾ പാടുന്ന പാട്ടുകളാണ്. കേൾക്കാൻ നല്ല രസമുണ്ടെങ്കിലും അത് എന്താ സംഭവമെന്ന് മനസ്സിലാകാത്ത ഞാൻ എന്നും അമ്മയോട് ചോദിക്കും, ''അമ്മേ അത് എത് സിൽമേലെ പാട്ടാ?''. പിന്നെയാണ് മനസ്സിലായത് അത് 'സിൽമാപാട്ടല്ല' കവിതയാണെന്ന്! എന്തായാലും സംഗതി എനിക്കിഷ്ടായി, മൂപ്പരേം! അതാകും, പുള്ളിക്ക് ഒരു പേരിടലും നടത്തി, ''അപ്പുക്കുരു!''.
പിന്നെ പിന്നെ ഞാൻ അപ്പുക്കുരുന്റെ ഫാൻ ആകാൻ തുടങ്ങി. കവിതകൾ കേട്ട് കേട്ട് കവിതകളെ പ്രണയിക്കാൻ തുടങ്ങി. അപ്പുക്കുരുവിനെ ഗുരു ആയി പ്രതിഷ്‌ഠിച്ചു. ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് അയാൾക്ക് സാഹിത്യം തലയ്‌ക്ക് പിടിച്ചു വട്ടായതാണെന്ന്. അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട് അങ്ങനൊക്കെ മനുഷ്യന്മാർക്ക് വട്ട് വരോന്ന്! ഓരോരോ കാരണങ്ങളെ! അങ്ങനെ കവിതയും സിനിമാപാട്ടും തിരിച്ചറിയുന്ന പ്രായമായപ്പോഴേക്കും ഗുരു പടമായി. വർഷം കുറേ കഴിഞ്ഞെങ്കിലും ആ വഴി പോകുമ്പോൾ ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് സാഹിത്യം തലയ്‌ക്ക് പിടിച്ചു വട്ടായ ആ മനുഷ്യനെ!
ആ ഗുരുകടാക്ഷം കൊണ്ടാകണം, ചെറുതായി വല്ലതുമൊക്കെ എഴുതി വെറുപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും ആളുകൾ ചോദിച്ചുതുടങ്ങി വട്ടാണോന്ന്. ഈ എഴുതേം വായിക്കേം ചെയ്യണോരൊക്കെ വട്ടന്മാരാണോടോ ബ്ലഡി ഫൂൾസ്! ചാർളി സിനിമയിൽ പറയുന്നപോലെ ''വട്ടൻ അപ്പന്റെ മോൻ വട്ടനല്ലാതെ പിന്നെ ആരാവാനാ''. ഞാനും എന്രെ ഗുരുപാത പിന്തുടരുന്നു. ഭ്രാന്തിയെന്ന് വിളിച്ചോളൂ. കേൾക്കാൻ വല്ലാത്തൊരു സുഖാണ്! ഭ്രാന്തന്മാർക്ക് എന്തും ആവാലോ, അല്ലേ !!
Minu Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക