മുളയൂഞ്ഞാല്‍ (കഥ)
___________________
''ഊഞ്ഞാലിലെ ആണ്‍കുട്ടിയാണ് മുളയൂഞ്ഞാല്‍''
മുളയൂഞ്ഞാലിനെപറ്റി എത്ര വീമ്പുപറഞ്ഞാലും കണ്ണന് മതിവരില്ല, കാരണം അന്നാട്ടില്‍ അതുണ്ടാക്കാന്‍ അറിയുന്ന ഒരേയൊരാള്‍ കണ്ണന്‍റെ അച്ഛനാണ്. ഓണപ്പൂട്ടുകഴിഞ്ഞ് സ്കൂളില്‍ ചെല്ലുമ്പോള്‍, അനിലിന്‍റെ കാറ്റടിക്കുന്ന പന്തിനെ കണ്ണന്‍ നേരിട്ടിരുന്നത് മുളയൂഞ്ഞാലിന്‍റെ മഹിമ പറഞ്ഞുകൊണ്ടാണ്.
വെട്ടിയിട്ട മുളയില്‍ ആശാരിവന്ന് തുളയിട്ട് പോകുമ്പോഴാണ് കണ്ണനെ സംബന്ധിച്ച് ഓണം തുടങ്ങുന്നത്. അത് ഊഞ്ഞാലാക്കുന്നതും പടിഞ്ഞാറെ തൊടിയിലെ പുളിങ്കൊമ്പില്‍ തൂക്കുന്നതുമെല്ലാം അച്ഛനാണ്. പിന്നെ ഗ്രാമത്തിന്‍റെ മൊത്തം ആവേശവും ആരവവുമെല്ലാം ആ പുളിഞ്ചോട്ടിലാണ്. മുന്നിലെ കരിമ്പനയുടെ പട്ടയില്‍ ഊഞ്ഞാലുകൊണ്ട് തൊടലാണ് ഓരോ ആട്ടക്കാരുടേയും ലക്ഷ്യം. ആണുങ്ങള്‍ പലരും പനമ്പട്ടില്‍ തൊട്ടിട്ടുണ്ടെങ്കിലും, അംബുജാക്ഷിയേടത്തി മാത്രമാണ് ആ ലക്ഷ്യത്തിലെത്തിയ ഏക വനിത. എന്താ പെണ്ണിന്‍റെയൊരു ധൈര്യം!
ഇന്ന് എല്ലാം ഓര്‍മ്മകളാണ്. അമ്മ കിഴക്കേകോലായില്‍ നിലത്ത് കിടക്കുകയാണ്. തൂക്കില്‍ കിടന്ന് അനിയത്തി ചിണുങ്ങിയപ്പോള്‍ കണ്ണന്‍ അവിടേക്ക് ചെന്നു. ഉറക്കമുണര്‍ന്ന അവളെയെടുത്ത് പുറത്തേക്ക് നടന്നു. അജിതയുടെ വീട്ടിലെ മാഞ്ചുവട്ടില്‍ നല്ല തിരക്കാണ്- ആട്ടവും, പാട്ടും, ഊഞ്ഞാലാടാനുള്ള തമ്മില്‍തല്ലുമൊക്കെ നടക്കുന്നു. പതിവുപോലെ ഓണം വന്നെങ്കിലും, ഇക്കൊല്ലം അച്ഛനും മുളയൂഞ്ഞാലും ഇല്ല. ചായ്പില്‍ കിടക്കുന്ന കഴിഞ്ഞകൊല്ലത്തെ മുളയൂഞ്ഞാലും നോക്കി അവന്‍ കുറേനേരം നിന്നു.
തലയില്‍ വട്ടക്കെട്ടും കെട്ടി കൈതത്തണ്ടും ഓലയും വെട്ടിവരുന്ന അച്ഛന്‍..... പുളിങ്കൊമ്പില്‍ ഊഞ്ഞാല്‍ ഘടിപ്പിക്കുന്ന അച്ഛന്‍..... ഊഞ്ഞാലില്‍ പിടിച്ചിരുത്തി ആയത്തില്‍ ആട്ടിയിരുന്ന അച്ഛന്‍.....
ഓര്‍മ്മചിത്രങ്ങള്‍ക്കൊപ്പം അവന്‍റെ കണ്ണില്‍ നിറഞ്ഞ നീര്‍മുത്തുകള്‍ അനിയത്തിയുടെ മുടിയിഴകളില്‍ വീണുടഞ്ഞു.
________________________________________________
രമേഷ് പാറപ്പുറത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക