Showing posts with label രമേഷ് പാറപ്പുറത്ത്. Show all posts
Showing posts with label രമേഷ് പാറപ്പുറത്ത്. Show all posts

കരിതല വിരുതന്‍

കരിതല വിരുതന്‍
___________________
മഴ.....! കിഴക്കില്‍ നിന്നും ഇടിവെട്ടിവന്ന മഴ തോരാതെ പെയ്യുകയാണ്.കുളത്തില്‍ നാട്ടിയ ഫൂട്ട്ബാള്‍ പോസ്റ്റുകള്‍ പിഴുത് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. അതിനുപറ്റിയ സ്ഥലമെവിടെ? എന്തായാലും ഞങ്ങളുടെ ഇന്നത്തെ കളി മുടങ്ങി. 
കിണറില്‍ മുട്ടയിട്ട് അടയിരിക്കുന്ന ചപ്പലക്കോഴിയുടെ കാര്യം അതിലും കഷ്ടമാണ്. മുട്ടകളും പെറുക്കി ആ പാവം ഇനി എങ്ങോട്ടുപോകും?
വറച്ച്യാലിനുകീഴെ മഴനനഞ്ഞ് നില്‍ക്കുമ്പോഴാണ് ചങ്ക് ബ്രോയുടെ മനസില്‍ മറ്റൊരു നേരംപോക്ക് ഉദിച്ചത്- മീന്‍പിടുത്തം! ഒറവന്‍ കണ്ടത്തില്‍ വിരിച്ച ഈരഴത്തോര്‍ത്തില്‍ ആദ്യം കുടുങ്ങിയത് ഒരു കരിതലയാണ്. അഞ്ചാറെണ്ണം കൂടി കിട്ടിയാല്‍ സംഗതി പൊളിക്കും. തോലുചെത്തി മസാലതേച്ച് മഞ്ഞളിലയില്‍ പൊതിഞ്ഞ് ചുട്ടാല്‍............
കുളക്കാട് ഷാപ്പില്‍നിന്നും ഒരു മുട്ടിപ്പാനി കള്ളുകൂടി കൊണ്ടുവന്നാല്‍ ഇന്നത്തെ ദിവസംതന്നെ ഞങ്ങളുടേതാക്കാം. പക്ഷേ..... കരിതല ചാവുന്നില്ല! കരയിലിട്ട് ചവിട്ടിയിട്ടോ, വാലില്‍ പിടിച്ച് കല്ലില്‍ അടിച്ചിട്ടൊന്നും അതിന് ഒരു കോട്ടവും തട്ടുന്നില്ല. ക്ഷമയ്ക്കൊക്കെ ഒരു പരിധിയില്ലേ...? കരിതല വിരുതനാണെങ്കില്‍ ഞങ്ങള്‍ അതിനപ്പുറമാണ്. അവസാനം വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ തന്നെ തിരുമാനിച്ചു.
__________________________________________
രമേഷ് പാറപ്പുറത്ത്.

മുളയൂഞ്ഞാല്‍ (കഥ)


മുളയൂഞ്ഞാല്‍ (കഥ)
___________________
''ഊഞ്ഞാലിലെ ആണ്‍കുട്ടിയാണ് മുളയൂഞ്ഞാല്‍''
മുളയൂഞ്ഞാലിനെപറ്റി എത്ര വീമ്പുപറഞ്ഞാലും കണ്ണന് മതിവരില്ല, കാരണം അന്നാട്ടില്‍ അതുണ്ടാക്കാന്‍ അറിയുന്ന ഒരേയൊരാള്‍ കണ്ണന്‍റെ അച്ഛനാണ്. ഓണപ്പൂട്ടുകഴിഞ്ഞ്‌ സ്കൂളില്‍ ചെല്ലുമ്പോള്‍, അനിലിന്‍റെ കാറ്റടിക്കുന്ന പന്തിനെ കണ്ണന്‍ നേരിട്ടിരുന്നത് മുളയൂഞ്ഞാലിന്‍റെ മഹിമ പറഞ്ഞുകൊണ്ടാണ്. 
വെട്ടിയിട്ട മുളയില്‍ ആശാരിവന്ന് തുളയിട്ട് പോകുമ്പോഴാണ് കണ്ണനെ സംബന്ധിച്ച് ഓണം തുടങ്ങുന്നത്. അത് ഊഞ്ഞാലാക്കുന്നതും പടിഞ്ഞാറെ തൊടിയിലെ പുളിങ്കൊമ്പില്‍ തൂക്കുന്നതുമെല്ലാം അച്ഛനാണ്. പിന്നെ ഗ്രാമത്തിന്‍റെ മൊത്തം ആവേശവും ആരവവുമെല്ലാം ആ പുളിഞ്ചോട്ടിലാണ്. മുന്നിലെ കരിമ്പനയുടെ പട്ടയില്‍ ഊഞ്ഞാലുകൊണ്ട് തൊടലാണ് ഓരോ ആട്ടക്കാരുടേയും ലക്ഷ്യം. ആണുങ്ങള്‍ പലരും പനമ്പട്ടില്‍ തൊട്ടിട്ടുണ്ടെങ്കിലും, അംബുജാക്ഷിയേടത്തി മാത്രമാണ് ആ ലക്ഷ്യത്തിലെത്തിയ ഏക വനിത. എന്താ പെണ്ണിന്‍റെയൊരു ധൈര്യം!
ഇന്ന് എല്ലാം ഓര്‍മ്മകളാണ്. അമ്മ കിഴക്കേകോലായില്‍ നിലത്ത് കിടക്കുകയാണ്. തൂക്കില്‍ കിടന്ന് അനിയത്തി ചിണുങ്ങിയപ്പോള്‍ കണ്ണന്‍ അവിടേക്ക് ചെന്നു. ഉറക്കമുണര്‍ന്ന അവളെയെടുത്ത് പുറത്തേക്ക് നടന്നു. അജിതയുടെ വീട്ടിലെ മാഞ്ചുവട്ടില്‍ നല്ല തിരക്കാണ്- ആട്ടവും, പാട്ടും, ഊഞ്ഞാലാടാനുള്ള തമ്മില്‍തല്ലുമൊക്കെ നടക്കുന്നു. പതിവുപോലെ ഓണം വന്നെങ്കിലും, ഇക്കൊല്ലം അച്ഛനും മുളയൂഞ്ഞാലും ഇല്ല. ചായ്പില്‍ കിടക്കുന്ന കഴിഞ്ഞകൊല്ലത്തെ മുളയൂഞ്ഞാലും നോക്കി അവന്‍ കുറേനേരം നിന്നു.
തലയില്‍ വട്ടക്കെട്ടും കെട്ടി കൈതത്തണ്ടും ഓലയും വെട്ടിവരുന്ന അച്ഛന്‍..... പുളിങ്കൊമ്പില്‍ ഊഞ്ഞാല്‍ ഘടിപ്പിക്കുന്ന അച്ഛന്‍..... ഊഞ്ഞാലില്‍ പിടിച്ചിരുത്തി ആയത്തില്‍ ആട്ടിയിരുന്ന അച്ഛന്‍.....
ഓര്‍മ്മചിത്രങ്ങള്‍ക്കൊപ്പം അവന്‍റെ കണ്ണില്‍ നിറഞ്ഞ നീര്‍മുത്തുകള്‍ അനിയത്തിയുടെ ‍മുടിയിഴകളില്‍ വീണുടഞ്ഞു.
________________________________________________
രമേഷ് പാറപ്പുറത്ത്

നിലവിളിക്കുന്ന് (കഥ) - Part1


നിലവിളിക്കുന്ന് (കഥ)
__________________________
നിലവിളിക്കുന്നിനു താഴെയായി പുതിയസ്ഥലം വാങ്ങിയത് എനിക്കുപറ്റിയ വലിയൊരു അബദ്ധമായിരുന്നു. കാരണം ആ കുന്നിന് പ്രേതബാധയുണ്ടെന്ന് ഞാന്‍ അറിയുന്നത് പിന്നീടാണ്. ആഴ്ചപാങ്ങുള്ള ദിവസങ്ങളില്‍ അവിടേനിന്നും 'അയ്യോ രക്ഷിക്കണേ' എന്ന് പെണ്ണിന്‍റെ കരച്ചിലായി കേള്‍ക്കാറുണ്ടത്രേ.....! എണ്ണക്കപ്പലിലെ ജോലി രാജിവെച്ചതുതന്നെ കൃഷിചൈത് നാട്ടില്‍ നില്‍ക്കണം എന്ന പൂതികൊണ്ടാണ്. ആകെയുള്ള സമ്പാദ്യംകൊണ്ട് ആ കൃഷിയിടം വാങ്ങിയതും അതിനുവേണ്ടിയാണ്. ആ സ്ഥലത്തിന് നടുവിലായി ഒാടുപാകിയ ചെറിയൊരു വീടും മുന്നിലായി ഒരു കുളവുമുണ്ട്. വാഴയും കപ്പയും കൂടാതെ വാളമീന്‍ കൃഷിയുമുണ്ട്. കുളക്കരയിലെ അടയാളങ്ങളില്‍ നിന്നും മീന്‍ രാത്രിയില്‍ മോഷണം പോകുന്നുണ്ടെന്ന് മനസിലായി. ഇനിയും പ്രേതത്തിനെ പേടിച്ചിരുന്നാല്‍ കുളം കാലിയാവും. എന്തായാലും ശരി ഇന്നുതൊട്ട് രാത്രിയില്‍ ഇവിടെ തങ്ങണം, കള്ളനെ പിടിച്ചിട്ടുത്തനന്നെ വേറെകാര്യമുള്ളൂ.
അടുത്തെങ്ങും ഒരു വീടുപോലുമില്ല. നിലവിളിക്കുന്നിനോട് ചേര്‍ന്നുള്ള അരയാല്‍ ചുവട്ടില്‍ ഒരു ഒാലക്കുടിലുണ്ട്. ടൗണിലെ വിറകുപേട്ടയിലെ ഒരു വിറകുവെട്ടുകാരനാണ് അതില്‍ താമസിക്കുന്നത്. പലതവണ ഞാന്‍ മിണ്ടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മുഖത്തുപോലും നോക്കുന്നില്ല. താടിയും തലയും വളര്‍ത്തി, കറുത്ത മുണ്ടും ചുവന്ന തോള്‍മുണ്ടുമാണ് അയാളുടെ സ്ഥിരമായുള്ള വേഷം. കണ്ടാല്‍ ഒരു ഭ്രാന്തനാണെന്ന് തോന്നിപോകും!
പോക്കുവെയിലില്‍ ജലാശയവും വൃക്ഷലതാദികളുമൊക്കെ പൊന്നുപോലെ തിളങ്ങുകയാണ്. എത്രപെട്ടെന്നാണ് അന്തരീക്ഷം മാറിമറിഞ്ഞത്! കാതടപ്പിക്കുന്ന ഒരു ഇടിനാദത്തോടെ എല്ലാം കറുത്തിരുണ്ട് പോയി. കിഴക്കന്‍കാറ്റില്‍ വാഴത്തോട്ടം ആടിയുലയുകയാണ്. കുലത്തൂമ്പുവന്ന ഒരെണ്ണം ഒടിഞ്ഞുവീഴുന്നത് കണ്ണില്‍കണ്ടു. നാളെത്തന്നെ വാഴകള്‍ക്ക് ഒരോ ഊന്നുകള്‍ കൊടുക്കണം. കൃഷിഭവനില്‍നിന്നും ലഭിച്ച 'ഉജ്വല' മുളകിന്‍തൈകള്‍ നടാനുള്ള തടം റെഡിയായി. തൈകള്‍ നടുമ്പോള്‍ ചാറ്റല്‍മഴ നല്ലതാണ്, പക്ഷേ ഇത് പേമാരിക്കുള്ള കോപ്പുകൂട്ടലാണ്. മഴയ്ക്കുമുമ്പേ തീര്‍ക്കാനായി ഞാനെന്‍റെ ജോലികള്‍ വേഗത്തിലാക്കി.
''ഹരീ.......''
പതിഞ്ഞതും എന്നാല്‍ കാതുകളില്‍ മുഴങ്ങുന്നതുമായ ഒരു സ്വരം. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു അപരിചിതമുഖം. അത് എവിടേയോ കണ്ടുമറന്ന മുഖമായും തോന്നുന്നു!
മുട്ടോളം കയറിനില്ക്കുന്ന മിഡ്കാഫ് ബുട്ട്, ഷോര്‍ട് സ്കര്‍ട്ട്, ഫുള്‍സ്ലീവ് ഷര്‍ട്ട്, ചിറകുപോലെ വിടര്‍ന്നു നില്ക്കുന്ന ഫാന്‍സി ഹാറ്റ്- എല്ലാം കറുപ്പ് നിറത്തിലാണ്. തോളിലെ ചെറിയ ബാഗ്, ദേഹത്തിന്‍റെ പകുതിയോളം ഇറങ്ങിക്കിടക്കുന്നു. വെളുത്ത വട്ടമുഖത്തിന് സണ്‍ഗ്ലാസ് നന്നായി ചേരുന്നുണ്ട്. ആരാണവള്‍? അതും ഈ വേഷത്തില്‍! ആ മുഖത്തേക്ക്
ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
ഓര്‍മ്മകള്‍ ചികഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കോളേജുകാലമാണ് മനസില്‍ തെളിഞ്ഞത്. അവള്‍
എന്‍റെ സഹപാഠി ലീലയാണ്! ലീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനയിരുന്നു. കാരണം അവള്‍ എന്നോടുമാത്രമായി മൂന്നു രഹസ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അവള്‍ക്ക് അച്ഛനില്ല, ഉള്ളത് രണ്ടാനച്ഛനാണ്. റഷ്യയില്‍ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലിയുള്ള അമ്മ, ഒരു ദുര്‍നടത്തിപ്പുകാരിയാണ്. പിന്നെ...... അവളുടെ പ്രണയം- ഇതൊക്കെയാണ്
ആ രഹസ്യങ്ങള്‍.
ലീല കാരണമാണ് എനിക്ക് കോളേജില്‍ 'സഹായി' എന്ന ഇരട്ടപ്പേര് വീണത്. ഉച്ചയൂണ് എടുത്തിട്ടില്ലെങ്കില്‍ ഹോട്ടലിലേക്ക്, ബുക്ക് സ്റ്റാളിലേക്ക്, പിന്നെ എല്ലാ ശനിയാഴ്ചയും അച്ഛമ്മയെ(രണ്ടാനച്ഛന്‍റെ അമ്മ) കൊണ്ട് ഹുസൈന്‍ വൈദ്യരുടെ വീട്ടിലേക്ക് - അങ്ങനയെന്നും ഉണ്ടാകും അവളുടെ ഓരോ സഹായാഭ്യര്‍ത്ഥനകള്‍.
ലീലയെ അവസാനമായി കണ്ടത് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. അവളെ കാണാന്‍പോയ കോളേജ് സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ നഴ്സ് അവളുടെ നെറ്റിയിലെ മുറിവ് അഴിച്ചുകെട്ടുകയായിരുന്നു. ഇടത്തെ പുരികക്കൊടിയില്‍ വെട്ടേറ്റപോലെ ഒരു മുറിവ്. കണ്ണ് ചുവന്നുകലങ്ങിയിരിക്കുന്നു. എല്ലാവരും മുറിവിട്ടിറങ്ങിയപ്പോള്‍ അവള്‍ അന്നും എന്നോട് ഒരു രഹസ്യംപറഞ്ഞു. ബാത്ത്റൂമില്‍ വീണതല്ല, അച്ഛന്‍ ചെമ്പുവളകൊണ്ട് ഇടിച്ചതാണത്രേ! എന്തിനെന്നുചോദിച്ചപ്പോള്‍ അവള്‍ പൊട്ടിക്കരയുക മാത്രമാണ് ചൈതത്.
ഇത്രയൊക്കെ ഓര്‍മ്മകള്‍ തെളിഞ്ഞുവന്നെങ്കിലും അവളുടെ വസ്ത്രധാരണം എന്നില്‍ സംശയങ്ങള്‍ ബാക്കിയായി. ഞാന്‍ അവളുടെ സണ്‍ഗ്ലാസ് എടുത്തുനോക്കി. അതെ അവള്‍ ലീലതന്നെ! പുരികത്തില്‍ മുറിപ്പാടുണ്ട്. ഒപ്പം എന്നിലൊരു അമ്പരരപ്പും ഉണ്ടായി. ഇടത്തെ കണ്ണിലെ ചോരക്കളറ് ഇന്നും അതേപടി നില്‍ക്കുന്നു! ഇത്രകാലമായിട്ടും അതെന്താ മായാത്തത്? എനിക്ക് അവളോട് നൂറുകാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. പക്ഷേ അവള്‍ ഒന്നിനും മറുപടി തന്നില്ല, പകരം തൊഴുകൈയ്യോടെ അപേക്ഷിച്ചു.
''ദയവുചൈത് എന്നോടൊന്നും ചോദിക്കരുത്. എനിക്കൊന്നും ഓര്‍ക്കാനോ, പറയാനോ വയ്യ.''
അവള്‍ ഒരു സഹായം തേടി വന്നതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്, കാരണം അതിനുമാത്രമാണല്ലോ അവള്‍ പണ്ടും അടുത്തുവരാറ്. എന്നാല്‍ അവളുടെ ആവശ്യം കേട്‌ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവളുടെ വീട്ടിലേക്കുള്ള വഴി കാണിക്കണം, കൂടെ ഞാന്‍ പോകണം! അപ്പോള്‍ അവള്‍ എവിടെ നിന്നാണ് വരുന്നത്?
പണ്ടൊരിക്കല്‍ അവള്‍ അച്ഛമ്മയുടെ പിറന്നാളാഘോഷത്തിന് എന്നെ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്. വീട്, അമ്പലപ്പാറയില്‍ നിന്നും ഇടത്തോട്ടാണോ, അതോ വലത്തോട്ടോ? അവിടെ ചെല്ലുമ്പോള്‍ അറിയുമായിരിക്കും. മെയിന്‍റോട്ടില്‍ നിന്നും ആദ്യംകണ്ട ടാക്സിക്കു തന്നെ കൈകാണിച്ചു. ആ യാത്ര അവളെ വല്ലാതെ സന്തോഷിപ്പിച്ചു. അച്ഛമ്മയെന്നാല്‍ അവള്‍ക്ക് ജീവനാണ്. അവരുമൊത്ത് ആ വീട്ടില്‍ ജീവിച്ചുതീര്‍ത്ത നല്ല ദിവസങ്ങള്‍ അവള്‍ ഓര്‍ത്തോര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. അമ്പലപ്പാറയില്‍ വണ്ടിയിറങ്ങിയതും മഴ വലിയ തുള്ളിയിട്ട് പെയ്തുതുടങ്ങി. അവള്‍ വര്‍ണ്ണക്കുട നിവര്‍ത്തി, അതിലേക്ക് എന്നേയും ചേര്‍ത്തുനിര്‍ത്തി. ഇത്രനേരം അവളുടെ കൈയ്യില്‍ ആ കുട ഞാന്‍ കണ്ടില്ലല്ലോ.....!? ഉണ്ടാവും, അത് എന്‍റെ ശ്രദ്ധയില്‍ പെട്ടുകാണില്ല. സന്ധ്യമയങ്ങിയെങ്കിലും മഴതോര്‍ന്നപ്പോള്‍ അല്‍പം വെളിച്ചംവീശി. അവള്‍
കുടമടക്കി എന്നെയേല്‍പ്പിച്ചു.
'ലീലനിവാസ് ' എന്നെഴുതിവച്ച, തുരുമ്പിച്ച ഇരുമ്പ് ഗേറ്റിനുമുന്നില്‍ എത്തിയപ്പോള്‍ അവള്‍ എന്‍റെ കൈതണ്ടയില്‍ മുറുകെപിടിച്ചു. പുരപ്പുറംവരേക്ക് കാട് അതിക്രമിച്ചിരിക്കുന്നു. ശീമകൊന്നയും കമ്മ്യുണിസ്റ്റ് പച്ചയും വകഞ്ഞുമാറ്റി അവള്‍ എന്നെയും പിടിച്ച് മുന്നോട്ടുനടന്നു. ഒരുപാളി അടര്‍ന്നുപോയ മുന്‍വശത്തെ വാതിലിലൂടെ ഉള്ളിലേക്ക് നൂഴ്ന്നുകയറിയപ്പോള്‍, വല്ലംചുറ്റിക്കിളികള്‍ തലക്കുമുകളിലൂടെ പാറിപ്പറന്നു. വെളുത്ത ചുമരുകളില്‍ ചോര്‍ന്നൊലിച്ച പാടുകള്‍ കാണാം. മുക്കും മൂലയുമെല്ലാം ചിലന്തിവലയാല്‍ നിറഞ്ഞിരിക്കുന്നു. ചുമരില്‍ തൂക്കിയ ഒരു ചില്ലിട്ടഫോട്ടോ എന്‍റെ ശ്രദ്ധയില്‍പെട്ടു. അത് പൊടിതട്ടിയെടുത്തപ്പോള്‍, പത്തോ പന്ത്രണ്ടോ പ്രായമുള്ള കുഞ്ഞുലീലയുടെ ചിത്രമായിരുന്നു. ചിത്രത്തില്‍ അവള്‍ക്കുപിന്നില്‍ റഷ്യന്‍ കോട്ടയാണ്. ലീലയുടെ വേഷത്തിന് ചിത്രത്തിലേതില്‍നിന്ന് അണുവിട മാറ്റമില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരേ വേഷം! അതുകാണിക്കാന്‍ വേണ്ടി അവളെ നോക്കിയിട്ട് കാണുന്നില്ല. എവിടെപ്പോയി! ഇരുട്ടിന്‍റെ നിറവും വല്ലംചുറ്റികളുടെ എണ്ണവും കൂടിക്കൂടി വന്നപ്പോള്‍ എനിക്കുപേടിയായി. കാറ്റ് നിഴല്‍രൂപത്തില്‍ വന്ന് എന്നെ ആക്രമിക്കുകയാണോ? ആരോ എടുത്തെറിഞ്ഞപോലെ, പൂമുഖവാതില്‍ തകര്‍ത്ത് ഞാന്‍ പുറത്തേക്ക് വീണു. വക്കുകള്‍ അടര്‍ന്നുപോയി രൂപം നഷ്ടപ്പെട്ട, അച്ഛമ്മയുടെ ശവകുടീരത്തിലേക്ക് തലചായ്ച്ചിരിക്കുകയാണ് ലീല! അവള്‍വന്ന് കൈപിടിച്ച് എഴുനേല്‍പ്പിച്ചപ്പോള്‍ എനിക്ക് ആശ്വാസമായി. പേടി! അതാണ് എന്നെ ആക്രമിച്ചതെന്ന് എനിക്കു ബോധ്യമായി. മിണ്ടാമിണ്ടി കായയുടെ വള്ളികള്‍ പടര്‍ന്നുകയറിയ ജനല്‍പാളി ചൂണ്ടികാണിച്ച് അവള്‍ പറഞ്ഞു.
''ആ മുറിയിലാ ഞാനും അച്ഛമ്മയും ഉറങ്ങാറ് ''
അവളുടെ നിറകണ്ണുകള്‍ ഞാനെന്‍റെ ഉടുമുണ്ടിന്‍റെ തലപ്പുകൊണ്ട് ഒപ്പി. ചുവന്നുതുടുത്ത ഇടത്തേകണ്ണിലേക്ക് സൂക്ഷിച്ചുനോക്കി. ചുഴിയിട്ട് ഒഴുകുന്ന ചോരച്ചാലുപോലെ ലീലയുടെ ഇടത്തേകണ്ണ്! ഞാന്‍ മുഖം വെട്ടിത്തിരിച്ചു.
''എന്തുപറ്റി?''
''ഒന്നൂല്ല്യാ.....''
ഞാന്‍ നിലവിളിച്ചുവോ? ഇല്ലെന്നാണ് എന്‍റെ വിശ്വാസം. പേടി ഉള്ളില്‍തട്ടിയാല്‍ പിന്നെ................
മടക്കയാത്രയില്‍ ലീലക്കുമുന്നില്‍ ഞാനെന്‍റെ മനസുതുറന്നു. അതില്‍ നിലവിളിക്കുന്നിന്‍റെ പ്രേതബാധയും കയറിവന്നു. എന്‍റെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനൊരു ഭാഗ്യല്ലാത്ത കുട്ടിയാണെന്ന് അവളെ ബോധ്യപ്പെടുത്തി. കൈതലം എന്‍റെ കവിളില്‍ചേര്‍ത്തുവച്ച് അവള്‍ പറഞ്ഞു.
''ഹരി നല്ലകുട്ടിയാണ്. നിലവിളിക്കുന്നിലെ പ്രേതം ഹരിയെ ഒന്നും ചെയ്യില്ല.''
ലീലയുടെ കൈപത്തിക്ക് എന്തൊതൊരു തണുപ്പാണ് ! അവള്‍ വന്നകാര്യം ആരോടും പറയരുതെന്നും അവളെകുറിച്ച് അന്വേഷിക്കരുതെന്നും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു, എന്നെകൊണ്ട് സത്യം ചെയ്യിപ്പിച്ചു. വാക്കുതെറ്റിച്ചാല്‍..................
ഒരു താക്കീതുപോലെ അവള്‍ പറഞ്ഞുനിര്‍ത്തി.
അവള്‍ സീറ്റിലേക്ക് തലചായ്ച്ച്, കണ്ണുകളടച്ചു കിടന്നു. എനിക്കും നല്ല ക്ഷീണമുണ്ട്. ചിന്തകളില്‍ എപ്പഴോ ഞാനും മയങ്ങിപ്പോയി. സ്ഥലമെത്തിയപ്പോള്‍ ഒാട്ടോകാരനാണ് വിളിച്ചുണര്‍ത്തിയത്. തൊപ്പിയും ബാഗും വര്‍ണ്ണക്കുടയും എന്‍റെ മടിയിലുണ്ട്, പക്ഷേ അവളില്ല! ഓട്ടോ ഇറങ്ങി ചുറ്റും നോക്കി. അവള്‍ എന്താണ് ഒളിക്കുന്നത്, ആരെയാണ് ഭയക്കുന്നത് ? എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ ഒാട്ടോകാരനും പോയി. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടതിന്‍റെ സന്തോഷമൊക്കെ അവളുടെ പറയാതെപോക്ക് തകര്‍ത്തുകളഞ്ഞു.
എങ്ങും ഇരുട്ടാണ്. വഴിവിളക്കുകള്‍ പോലും കണ്ണടച്ചിരിക്കുന്നു. കല്ലുംപുറം ഷാപ്പില്‍നിന്നും മെഴുകുതിരിവെട്ടം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരുകുപ്പി ചിറ്റൂരടിച്ച്, കപ്പയും മീനും പൊതിഞ്ഞുവാങ്ങി. ഇരുട്ടില്‍ ഇരുട്ടായി നിലവിളിക്കുന്ന് വളര്‍ത്തുനില്‍ക്കുന്നത് കാണാം. ആല്‍ചുവട്ടിലെ കുടിലിനുമുന്നില്‍ നിന്ന് കുറേ വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല. കുളത്തില്‍ മീനുകള്‍ പുളയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. അവളുടെ ബാഗും മറ്റും മേശപ്പുറത്തുവച്ച് , ജനല്‍പാളിതുറന്ന് കുളത്തിലേക്ക് നോക്കിയിരുന്നു. കറണ്ട് വരുന്ന ലക്ഷണമില്ല. കുളിച്ചുവന്ന് ഒരു മെഴുകുതിരി കത്തിച്ചുവച്ചു. ഭക്ഷണപ്പൊതി കെട്ടഴിക്കുമ്പോഴാണ് അതുകണ്ടത്. കപ്പപൊതിഞ്ഞ കടലാസില്‍ ഒരു ചെറുപ്പക്കാരന്‍േയും ലീലയുടേയും ചിത്രവും വാര്‍ത്തയും!
''യുവതിയെ കാണാതായ സംഭവം; കാമുകന്‍ കസ്റ്റഡിയില്‍.''
എണ്ണമയത്തില്‍ മങ്ങിയ അക്ഷരങ്ങള്‍ വളരെ ബുദ്ധിമുട്ടി വായിച്ചെടുത്തു. ജനത ടൈംസിന്‍റെ ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള പത്രത്താളായിരുന്നു അത്. എന്നില്‍ നുരഞ്ഞുപൊന്തിയ
സംശയങ്ങള്‍ക്കുള്ള മറുപടിപോലെ വിളിച്ചുപറയുന്നകേട്ടു.
''അവളെ കൊന്നതാ..... അവന്‍ കൊന്നതാ....''
ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. കുടിലില്‍ ചുവന്ന കണ്ണുപോലെ ഭ്രാന്തന്‍റെ ബീഡി എരിയുന്നുണ്ട്. കുടിലിനു മുന്നില്‍ചെന്ന് വിളിച്ചുചോദിച്ചു.
''ആരാ അവളെ കൊന്നത്?''
അയാള്‍ പൊട്ടിച്ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.
കപ്പലില്‍...... നടുക്കടലില്‍........ പരിചയമില്ലാത്ത തീരങ്ങളില്‍........ പോയവര്‍ഷങ്ങളില്‍ നാടുമായുള്ള ബന്ധം കുറവായിരുന്നു. എന്താണ് ലീലക്ക് സംഭവിച്ചത്?
ലീലേ...... ആത്മമിത്രമേ....... നിനക്കുതന്ന വാക്കു ഞാന്‍ പിന്‍വലിക്കുന്നു. ഞാന്‍ നിന്നെകുറിച്ച് അന്വേഷിക്കും, ഇല്ലെങ്കില്‍ നിന്‍റെ ഹരികൃഷ്ണന് ഇനി ഉറങ്ങാന്‍ കഴിയില്ല.
അടുത്ത നിമിഷം നിലവിളിക്കുന്നിലെ കൂറ്റന്‍ പൂളമരത്തില്‍ നിന്നും വവ്വാലുകള്‍ ചിറകടിച്ചുയര്‍ന്നു. അവ അശ്വസ്തതയോടെ അവിടമാകെ ചുറ്റിപ്പറന്നു. ശക്തമായ കാറ്റില്‍ ജനല്‍പാളികള്‍ വലിയ ശബ്ദത്തില്‍ അടഞ്ഞും തുറന്നുമിരുന്നു. ആദ്യമായി ഞാനും നിലവിളിക്കുന്നില്‍ നിന്നും ആ പെണ്ണിന്‍റെ നിലവിളികേട്ടു!
''അയ്യോ...... രക്ഷിക്കണേ.... രക്ഷിക്കണേ.......''
അത്............... ലീലയുടെ ശബ്ദമായിരുന്നു....!!
(തുടരും)
രമേഷ് പാറപ്പുറത്ത്.

ഉദയസൂര്യന്‍റെ കഥ (കഥ)


ഉദയസൂര്യന്‍റെ കഥ (കഥ)
____________________________
പുഴയ്ക്ക് കുറുകെ ഒഴുകിവരുന്ന കാറ് ചൂണ്ടിക്കാണിച്ചുകൊണ്ട് പുത്തന്‍കുളം ഷാപ്പിലെ ഏട്ടന്‍ ഒരു കഥ പറഞ്ഞുതുടങ്ങി. റെയ്ഞ്ച് റോവറിന്‍റെ യുവത്വം തുളുമ്പുന്ന ആകാരഭംഗിയില്‍ നിന്നും ഞാന്‍ ഷാപ്പേട്ടന്‍റെ കഥാമുഖത്തേക്ക് തിരിഞ്ഞിരുന്നു.
എംഎസ്സി ഫിസിക്സ് ഉദയനും ഡബിള്‍ എംഎ സൂര്യനും ഉറ്റ ചങ്ങാതിമാരാണ്. വിദ്യാസമ്പന്നരാണെങ്കിലും ഇരുവരും തൊഴില്‍രഹിതരാണ്. ആദ്യമാദ്യം ഉത്സാഹത്തോടെ കുറേ ശ്രമിച്ചു, പിന്നീട് ശ്രമങ്ങളെല്ലാം പേരിനുമാത്രമായി. ഈ കുത്തിയിരിപ്പിന്‍റെ സുഖം ശരിക്കും അസ്ഥിക്ക് പിടിച്ചു. വെറുതെയിരുന്ന് തിന്നുന്നതിനും ഒരു സുഖമുണ്ട്, ഒരു പ്രത്യേകസുഖം! അത് അനുഭവിച്ചുതന്നെ അറിയണം. തൊഴിലില്ലാ വേതനത്തിന് അപേക്ഷയുമായി പോയപ്പോഴാണ് അറിഞ്ഞത്, ലക്ഷക്കണക്കിന് യുവാക്കളാണ് അപേക്ഷകര്‍! ഒരു യോഗം വിളിച്ചുചേര്‍ത്ത് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാലോ? ഒരു പക്ഷേ സംസ്ഥാന ഭരണം വരെ കിട്ടിയെന്നിരിക്കും!
ഫണ്ട്......? അതിന്
പിരിവുനടത്തണം, തൊഴിലുള്ളവരും ഉണ്ടല്ലോ നാട്ടില്‍.
ചിന്തകള്‍ പലവഴിക്ക് പോയെങ്കിലും ഒന്നും കരയ്ക്കടുപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
പള്ള്യാര്‍കുന്നിലെ ആനപ്പാറയില്‍ അവര്‍ ഇരുത്തം തുടങ്ങിയിട്ട് നേരംകുറേയായി. അവിടേയിരുന്നാല്‍ ടൗണിലെ ദേവി തിയേറ്ററിന്‍റെ മേല്‍ക്കൂരയും വടക്കെ പുഴയുടെ പാലവും കാണാം. ആടിന്‍റേയും കോഴിയുടേയും വലുപ്പത്തില്‍ പാലത്തിനുമുകളിലൂടെ വാഹനങ്ങള് പോകുന്നുണ്ട്. താഴെ ചേരാമല ചെങ്കല്‍ ക്വാറിയില്‍നിന്നും കല്ലുവെട്ട് മെഷീന്‍റെ മുരള്‍ച്ചയും അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടിപടലവും അവര്‍ക്ക് അത്ഭുതമാണ്.
പൊരിവെയിലിലും ഈ പൊടിയിലും ആളുകള്‍ എങ്ങനെയാണ് അവിടെ ജോലിചെയ്യുന്നത്!?
''ഉദയാ.......''
പുല്ലരിയാന്‍ വന്ന പെണ്ണുങ്ങളാണ്- കുമാരിയും കാഞ്ചനയും. വിളിച്ചത് ഉദയനെയാണെങ്കിലും അങ്ങോട്ടുപോയത് സൂര്യനാണ്. കാരണം അത് ഷിഫ്റ്റ് വര്‍ക്കാണ്,ഇന്നലെ ഉദയന്‍റെ ദിവസമായിരുന്നു. പുല്ലുകെട്ട് അവരുടെ തലയിലേക്ക് വച്ചുകൊടുക്കണം- അതാണ് ജോലി. അപ്പോള്‍ കുമാരിയുടെ നിറഞ്ഞമാറില്‍ ഒരോളം വെട്ടുന്നത് കാണാം. സൂത്രക്കാരി കാഞ്ചനയില്‍നിന്നും ആ ദര്‍ശനസുഖം കിട്ടില്ലെങ്കിലും, അവള്‍ക്ക് മനം മയക്കുന്ന ഒരു മണമുണ്ട്. കാച്ചെണ്ണയും വിയര്‍പ്പും ചേര്‍ന്ന മണമാണോ? അതോ മറ്റെന്തെങ്കിലും അതില്‍ ചേര്‍ന്നിട്ടുണ്ടോ? എന്തായാലും അത് കാഞ്ചനയുടെ മാത്രം മണമാണ്. ആ ഓളവും മണവുമാണ് ജോലിക്കുള്ള കൂലി.ഉദയസൂര്യന്മാര്‍ ഉത്തരവാദിത്തത്തോടെ ചൈതുപോരുന്ന ഏക ജോലിയും അതായിരുന്നു.
അങ്ങനെ സുഖിച്ച് ജീവിക്കുന്നതിനിടയിലും വേദന നിറഞ്ഞ നിമിഷങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഉദയന്‍ അമ്മയോടൊന്ന് ഉടക്കി. ആടും ആവോലി മീനുമൊക്കെ തിന്ന് ശരീരം മെച്ചപ്പെടുത്തേണ്ട പ്രായത്തില്‍, വീട്ടിലെന്നും ചോറിന് കരിമ്പുളിയും പുളിച്ചിമാങ്ങ അച്ചാറുമാണ്.
''മക്കളുടെ ആരോഗ്യം; മാതാപിതാക്കളുടെ ഉത്തരവാദിത്ത്വം''
ബാലവാടിയില്‍ വെള്ളപൂശിയ ചുമരില്‍ എഴുതിവച്ച ആ വാചകം ഒന്ന് വായിച്ചുനോക്കാനെ അവന്‍ പറഞ്ഞുള്ളൂ. അച്ഛന്‍ അവിടേക്ക് വലിഞ്ഞുകയറി വന്ന് കടുപ്പത്തില്‍ ഒരു ഡയലോഗാണ്.
''വേണമെങ്കില്‍ നക്ക്, അല്ലെങ്കില്‍ എഴുന്നേറ്റ് പോടാ തെണ്ടീ....''
ഇരുപത്തേഴ് വയസ്സായ മകനോട് ഒരച്ഛന്‍ പറയേണ്ട വാക്കുകളാണോ ഇത്? അച്ഛന്‍റെ സംസ്കാര ശൂന്യതയില്‍ ഉദയന് ലജ്ജതോന്നി. അടുത്ത മാസത്തേക്ക് നിശ്ചയിച്ച പെങ്ങളുടെ കല്ല്യാണത്തിനുവേണ്ടി ഒരു ലോണെടുത്തിട്ടുണ്ട്, അതിനുശേഷം അച്ഛന്‍ മഹാപിശുക്കനാണ്. അച്ഛന്‍റെ കഞ്ഞിത്തരം ഉദയനെ തെല്ലൊന്നുമല്ല വലപ്പിക്കുന്നത്.
സൂര്യന്‍റെ വീട്ടിലെ അവസ്ഥയും മറിച്ചല്ല. മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ അമ്പതിനായിരം കടം ചോദിച്ചപ്പോള്‍ അച്ഛന്‍റെ മറുപടി മാരകമായിരുന്നു
''നാണം കെട്ടനായേ... തൂങ്ങിച്ചത്തൂടെ നിനക്ക് ''
അച്ഛന്‍ തമാശ പറഞ്ഞതാണെന്ന് അമ്മ തിരുത്തി പറഞ്ഞില്ലെങ്കില്‍,‍ അന്നവന് കിഴക്കേകോലായില്‍ ഇരുട്ടത്തിരുന്ന് അത്താഴം കഴിക്കേണ്ടി വന്നേനേ.
പന്ത്രണ്ടും പത്തും വയസുള്ള പെണ്‍മക്കള്‍ക്ക് സ്വര്‍ണം വാങ്ങലാണ് അച്ഛന്‍റെ ഇപ്പോഴത്തെ ആവശ്യം! എന്നിട്ട് ഒരു ന്യായം പറച്ചിലും.
''കാലം 'ദാ' പറയുമ്പോഴേക്കും കടന്നുപോകും, എല്ലാം ഇപ്പോഴേ നോക്കണം''
മൂത്തമകനെന്താ കടലാസീന്ന് വെട്ടിയതാണോ? മക്കളോട് പക്ഷപാതം കാണിക്കുന്ന അച്ഛന്‍മാര്‍ നാടിനൊരു ശാപംതന്നെ.
''ടാ ഉദയാ... ഈ അച്ഛന്‍മാരൊക്കെ ഇങ്ങനെ തുടങ്ങിയാന്‍ നമുക്ക് പിന്നെ ആരാടാ ഉള്ളത്?''
''അതെ സൂര്യാ..... മുന്നോട്ട് നോക്കുമ്പോള്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലെടാ...''
ഒരുകെട്ട് കിംഗ് ബീഡി ആ ഇരുപ്പില്‍ അവര്‍ വലിച്ചുതീര്‍ത്തു. മുരുകന്‍കോവിലില്‍ നിന്നും വൈകുന്നേരത്തെ പാട്ട് കേട്ടുതുടങ്ങിയപ്പോള്‍ അവര് ‍പാറപ്പുറത്തുനിന്നും എഴുനേറ്റ് നടന്നു. പുത്തന്‍കുളം ഷാപ്പില്‍ പോയി ഓരോ പന കീച്ചിയാലോ? അവിടുത്തെ പറ്റ് തൊള്ളായിരം ആയി! എന്നാല്‍ പാലപ്പറ്റ ഷാപ്പില്‍ പുതിയൊരു അകൗണ്ട് തുടങ്ങാം. ചേരാമല ചെങ്കല്‍ ക്വാറിയുടെ വശത്തെ ഇടവഴിയിലൂടെ പാലപ്പറ്റ ഷാപ്പിലേക്ക് നടന്നു. ആ ചെങ്കല്‍ കളം അപ്പോള്‍ പൊടിയടങ്ങി ശാന്തമായിരിക്കുന്നു. മുന്നിലെ കാഴ്ച കണ്ട് ഇരുവരും ഇടിവെട്ടിയപോലെ നിന്നു.
പലിശ വാസു! സൂര്യന്‍റെ കഴുത്തില്‍ കുത്തിപ്പിടിച്ചുകൊണ്ട് അയാള്‍ അലറി.
''വേഷം കെട്ടെടുത്താല്‍ വെട്ടിക്കീറും പന്നീടെ മോനേ.......''
പലിശവാസുവിന്‍റെ ഭീഷണി സൂര്യനേക്കാള്‍ കൂടുതല്‍ അലട്ടിയത് ഉദയനേയാണ്. കാല്‍ലക്ഷം രൂപ കടം വാങ്ങിയത് സൂര്യനായിരുന്നെങ്കിലും, അത് ഉദയന്‍റെ ഒരു അടിപിടി കേസ് ഒതുക്കിതീര്‍ക്കാന്‍ വേണ്ടിയായിരുന്നു. പലിശവാസു കണ്ണില്‍ചോരയില്ലാത്തവനാണ്. അയാളുടെ ഗുണ്ടകള്‍ നാട്ടില്‍ എത്രയെത്ര കൊള്ളരിതായ്മകള്‍ ചൈതിട്ടുണ്ട്. ഉദയന്‍ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്ങനെയെങ്കിലും വാസുവിന്‍റെ പണം തിരിച്ചുകൊടുക്കണം.
എങ്ങനെ കൊടുക്കും..........?
ഉദയന്‍ പതുക്കെ എഴുനേറ്റ് പൂജാമുറിയിലെ ഭസ്മക്കൊട്ടയില്‍ നിന്നും പടിഞ്ഞാറെ മുറിയുടെ താക്കോലെടുത്തു. വാതില്‍ ഒന്ന് താങ്ങിതുറക്കണം,അല്ലെങ്കില്‍ അത് വലിയ ശബ്ദത്തില്‍ കരയും. പെട്ടകം തുറന്ന് സ്വര്‍ണ്ണപ്പെട്ടി എടുത്ത് മടിയില്‍ വച്ചു. മൊബൈല്‍ ഫോണിന്‍റെ ഫ്ളാഷ് ലൈറ്റില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിളങ്ങി. സാരിമാല, നെക്ക്ലൈസ്, ഇളക്കത്താലി..... ഇതിനൊക്കെപുറമെ സാദാരണ ഉപയോഗിക്കാന്‍ വേണ്ടി ഒരു മീഡിയം മാല വേറെയുമുണ്ട്. കടം വാങ്ങിയുള്ള അച്ഛന്‍റെ ധൂര്‍ത്തില്‍ ഉദയന് അതിശയം തോന്നി. കാതിലേക്ക് രണ്ടു കൂട്ടമുണ്ട്- ജിമുക്കിയും മഴത്തുള്ളിയും. കൈ ചെയിനും പിന്നെ എട്ട് വളകളും‍! വള ആറുപോരെ? മതി,
വള ആറുമതി. അവന്‍ രണ്ടു വളകളെടുത്ത് പോക്കറ്റിലിട്ടു, ഒപ്പം അഞ്ഞൂറിന്‍റെ രണ്ട് നോട്ടുകളും. ഉദയന്‍റെ ജീവിതത്തിലെ ആദ്യത്തെ മോഷണം! ആ ഇരുട്ട് മുറിയില്‍ നിന്ന് അവന്‍ വിയര്‍ത്തുകുളിച്ചു. ആ രണ്ടു വളകള്‍ ഇല്ലെങ്കിലും പെങ്ങളുടെ കല്ല്യാണം നടക്കും, എന്നാല്‍ പണം കൊടുത്തില്ലെങ്കില്‍ അയാള്‍ സൂര്യനെ.....................
ഉദയന്‍റെ ആ രാത്രി തീര്‍ത്തും ഉറക്കമില്ലാത്ത രാത്രിയായിരുന്നു. കാലത്ത് എഴുന്നേറ്റ് കുളിച്ച്, ആര്‍ക്കും മുഖം കൊടുക്കാതെ തന്നെ കവലയിലേക്ക് ഇറങ്ങി. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം സൂര്യന്‍ ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നു. വളകള്‍ എവിടെ വില്‍ക്കും? കോയമ്പത്തൂര്‍ക്ക് വിട്ടാലോ? കുറേ നേരം ആലോചിച്ചെങ്കിലും അവര്‍ക്ക് ഒരു തിരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. പുത്തന്‍കുളം ഷാപ്പില്‍നിന്ന് ഓരോന്നടിച്ചാല്‍ ഒരു തീരുമാനത്തിലെത്തും, ഉറപ്പ്. സീറോ ബാലന്‍സ് വച്ചുള്ള അവരുടെ ഓരോ കളികളും ജന്മം കൊണ്ടത് അവിടെ വച്ചുതന്നെയാണ്. നടത്തത്തിനിടയില്‍ സൂര്യന് ഒരു സംശയം- സ്വര്‍ണ്ണപ്പെട്ടി ആരെങ്കിലും തുറന്നുനോക്കിയാല്‍.............
ഉണര്‍ന്നു ചിന്തിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങളുണ്ട്. തല്കാലം ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ വളകള്‍ വാങ്ങിവയ്ക്കാം!
ഷാപ്പിലേക്ക് കാലെടുത്ത് വച്ചതും, ഉള്ളില്‍ നില്ക്കുന്ന അളെകണ്ട് അവര്‍ ചായ്പ്പിലേക്ക് ഒളിഞ്ഞുനിന്നു.
ഉദയന്‍റെ അച്ഛന്‍!
''എന്താ കാര്‍ണോരേ... രാവിലെത്തന്നെ വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ടല്ലോ!''
ഷാപ്പുകാരന്‍റെ ചോദ്യത്തിന് അയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്കി.
''എടോ ഈ ലോകത്ത് ആരെങ്കിലും വിയര്‍പ്പില്‍ മുങ്ങി മരിച്ചിട്ടുണ്ടോ, എല്ലാരും നീന്തിക്കുളിച്ച് കരകയറിയവരല്ലേ......?
പിന്നെ എന്‍റെ കഷ്ടപ്പാടുകളെല്ലാം താല്കാലികമാണ്. എനിക്കൊരു നിധിയുണ്ട്! എന്‍റെ ഉദയന്‍. അവന്‍ എംഎസ്സി ഫിസിക്സാ.... എംഎസ്സി ഫിസിക്സ്. അവനൊരു ജോലികിട്ടിയാല്‍............ ഊണും ഉറക്കോം മാത്രമായിരിക്കും പിന്നെ എന്‍റെ പണി.''
അതുകേട്ടപ്പോള്‍ അന്നോളം അനുഭവിക്കാത്ത ഒരു വിങ്ങല്‍ ഉദയന് അനുഭവപ്പെട്ടു. പോക്കറ്റില്‍ കിടക്കുന്ന സ്വര്‍ണ്ണവളകള്‍ ചുട്ടുപ്പൊള്ളുകയാണ്. ആ തീയ്യില്‍ ഹൃദയംതന്നെ ഉരുകിത്തീരുമോ എന്ന തോന്നല്‍! അവന്‍റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍തുള്ളികള്‍ തട്ടിക്കളഞ്ഞ് സൂര്യന്‍ പറഞ്ഞു.
''ഉദയാ... നമുക്ക് ആ വളകള്‍ വില്‍ക്കണ്ട,അച്ഛന്‍റെ നിധികുടം ഒരു ഓട്ടക്കലമാണെന്ന് അറിഞ്ഞാല്‍.....''
അപ്പോള്‍ പലിശവാസു? കുറച്ച് സമയം ചോദിക്കാം, ഏത് ഭാഷയാണോ അവന് മനസ്സിലാകുന്നത് ആ ഭാഷയില്‍! അവര്‍ നേരേപോയത് ദാമോദരന്‍ മാഷിന്‍റെ ടൂട്ടോറിയല്‍ കോളേജിലേക്കാണ്. അവിടെ ശമ്പളം തുച്ഛമാണെന്ന് അറിയാം, എങ്കിലും...... കുട്ടികള്‍ 'സാറേ' എന്നുവിളിക്കുന്നതും പ്രതിഫലമായിത്തന്നെ കരുതണം. പക്ഷേ എന്തുചെയ്യാന്‍? അവിടെ വേക്കന്‍സിയില്ല, ഒരിക്കല്‍ മാഷ് ഇങ്ങോട്ട് വച്ചുനീട്ടിയ ജോലിയായിരുന്നു അത്! അവര്‍ നിരാശയോടെ നടന്നു. മനസില്‍ കനലെരിയുകയാണ്, എങ്ങനേയും ഒരു ജോലി നേടണം. ചേരാമല ചെങ്കല്‍ക്കളം ഉണര്‍ന്നിരിക്കുന്നു. വെയിലേറ്റാല്‍ തളരാത്ത, ഉശിരുള്ള ആണുങ്ങള്‍ക്ക് സ്വാഗതമോതുന്ന തൊഴിലിടം. ലോഡിനായി ലോറികള്‍ നിരന്നുകിടപ്പുണ്ട്. അവര്‍ യാന്ത്രികമായി അങ്ങോട്ട് ഇറങ്ങിചെന്നു. നാല്പത് കിലോ ഭാരമുള്ള കല്ലുകള്‍ ചുമക്കണം. ചുമക്കുക തന്നെ! രണ്ടാമത്തെ ലോറി നിറയ്ക്കുമ്പോള്‍ അവര്‍ ശരിക്കും തളര്‍ന്നുപോയി. പൊള്ളുന്ന ചൂട്! മുകളില്‍, വെള്ളിവെളിച്ചം കൊണ്ട് മുഖം മറച്ച് നിന്നുകത്തുകയാണ് സൂര്യന്‍. ആ സൂര്യനാണേ സത്യം അവര്‍ക്ക് ഇരിക്കുന്നിടത്തുനിന്നും എഴുനേല്‍ക്കാന്‍പോലും വയ്യ. പക്ഷേ സത്യം അതൊന്നുമല്ലായിരുന്നു. പരസ്പര സഹായത്തോടെ അവര്‍ എഴുന്നേറ്റു! വെള്ളം കുടിച്ച് ജോലിയാരംഭിച്ചു. പിന്നീട് വൈകുന്നേരം പണിമാറ്റുന്നതു വരെ അവര്‍ തളര്‍ന്നതേയില്ല! അന്നത്തെ അദ്ധ്വാനത്തിന്‍റെ ഫലം പണമായി ഉള്ളംകൈയ്യില്‍ വന്നപ്പോള്‍ ക്ഷീണം പകുതിയായി കുറഞ്ഞു. പണത്തിന്‍റെ യദാര്‍ത്ഥ വില അറിഞ്ഞ നിമിഷം! അവര്‍ മുഖത്തോട് മുഖംനനോക്കി വെറുതെയൊന്ന് ചിരിച്ചു.നിഷ്കളങ്കമായ ചിരികള്‍! ശരീരത്തിന് ഇത്രയധികം ജോയിന്‍റുകളും പിന്നിലൊരു നട്ടെല്ലും ഉണ്ടെന്ന് അവര്‍ അറിഞ്ഞതും അന്നായിരുന്നു.
ആ ദിവസത്തെ കൂലിയെ മുപ്പതുകൊണ്ടും, അതിനെ പന്ത്രണ്ടുകൊണ്ടും ഗുണിച്ചുനോക്കി. എത്ര വലിയ സംഖ്യ! എല്ലാം കണക്കുകളുടെ മായാജാലങ്ങള്‍. അങ്ങാടിയിലെത്തിയപ്പോള്‍ അവരെ വരവേറ്റത് പലിശവാസുവും ഗുണ്ടകളുമായിരുന്നു.
''വീട്ടില്‍പോയി തന്തേം തള്ളേയും പെങ്കൊച്ചുങ്ങളേം ചെറുതായൊന്ന് പേടിപ്പിച്ചിട്ടുണ്ട്, ഇത് വെറും സാമ്പിള്‍ മാത്രം''
പറഞ്ഞുതീര്‍ന്ന നിമിഷം ഉദയന്‍റെ വലതുകാല്‍ വാസുവിന്‍റെ നെഞ്ചില്‍ പതിച്ചു. ചേരാമലയിലെ ചെങ്കല്ലിനേക്കാള്‍ പത്തിരട്ടി ഭാരമുള്ള ചവിട്ടായിരുന്നു അത്.
''പണം നിന്‍റെ മേശപ്പുറത്ത് ഒരുന്നാള്‍ വരും, അതുവരേക്ക് അടങ്ങിയിരുന്നോണം, ഇല്ലെങ്കില്‍ കൊന്ന് കുഴിച്ചുമുടും............''
ഉദയസൂര്യന്‍റെ ചൂണ്ടുവിരലുകള്‍ക്ക് മുന്നില്‍കിടന്ന് അയാള്‍ വാക്കുകളില്ലാതെ ഞരങ്ങി. 'അമ്പാഴപ്പൊണ്ണന്‍മാര്‍' എന്ന അവരുടെ പരിഹാസപ്പേര് അഴിഞ്ഞുവീണതും അപ്പോഴായിരുന്നു. കാലക്രമേണ ചെങ്കല്ലുകള്‍ ഭാരംകുറഞ്ഞ് പൂചെണ്ടുകളായി മാറി. ലോഡിംഗ്, ഡ്രൈവിംഗ്, മെഷീന്‍ ഓപ്പറേറ്റര്‍- എന്നീ ജോലികള്‍ക്ക് ശേഷം ചെങ്കല്‍ കളങ്ങള്‍ പാട്ടത്തിനെടുത്ത് അവര്‍ മുതലാളിമാരായി. അവര്‍ പണ്ട് കുത്തിയിരിപ്പു സമരം നടത്തിയിരുന്ന പള്ള്യാര്‍കുന്നില്ലേ, അതിന്‍റെ ഒരു ഭാഗം അവര്‍ വിലയ്ക്കുവാങ്ങി. മേല്‍മണ്ണ് മാന്തിനോക്കുമ്പോള്‍ വെട്ടുപാറയുടെ വലിയ ശേഖരമായിരുന്നു അത്. അവരുടെ കഠിനാദ്ധ്വാനത്തിന് കാലം നല്കിയ സമ്മാനം! പള്ള്യാര്‍കുന്നിലെ ചെങ്കല്ലിന്‍റെ പെരുമ ഇന്ന് വടക്കേ ഇന്ത്യവരെ എത്തിയിരിക്കുന്നു. സേവനമനോഭാവമാണ് അവരുടെ വളര്‍ച്ചയക്ക് കാരണമെന്ന് അവിടുത്തെ വിലക്കുറവില്‍ നിന്നും നമുക്ക് മനസിലാവും.
റെയ്ഞ്ച് റോവര്‍ ഷാപ്പിനുമുന്നില്‍ വന്നുനിന്നു. കറുത്ത കണ്ണാടിയുംവച്ച് ഉദയസൂര്യന്‍മാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. തറവാടിത്തമുള്ള മൂന്ന് തെമ്മാടികള്‍! എനിക്ക് അങ്ങനെയാണ് തോന്നിയത്. അവരെ ഇപ്പോ കണ്ടാല്‍ ആ പഴയ എരപ്പാളികളാണെന്ന് ഒരിക്കലും പറയില്ല. വൃത്തിയുള്ള മരബെഞ്ച് തോളുമുണ്ടുക്കൊണ്ട് ഒന്നൂടെ വൃത്തിയാക്കി ഷാപ്പേട്ടന്‍ അവരെ സ്വീകരിച്ചിരുത്തി. ഞാന്‍ ആ കാറിനുചുറ്റും നടന്നുനോക്കി. അതിന്‍റെ പുറസൗന്ദര്യം കണ്ടപ്പോള്‍ അകവും കാണണമെന്ന ഒരുപൂതി. ഗ്ലാസില്‍ കൈവച്ച് ഉള്ളിലേക്ക് നോക്കി.
ങേ... ഇതെപ്പോള്‍ സംഭവിച്ചു!? ഞാന്‍ ചമ്മലോടെ അവിടെനിന്നും ഓടിപ്പോന്നു.
നിങ്ങള്‍ എന്നെ കളിയാക്കില്ല എന്ന വിശ്വാസത്തോടെ ഒരു സത്യം പറയുകയാണ്, ഞാനും ഒരു തൊഴില്‍രഹിതനാണ്! ഈശ്വരാ..... അലസമായി ഉറങ്ങിത്തീര്‍ത്ത എന്‍റെ പകലുകള്‍........ ഉദയസൂര്യന്‍റെ കഥകേട്ടപ്പോള്‍ നെഞ്ച് വല്ലാതെനീറി. ചായക്കടയുടെ തിണ്ണയില്‍ നിന്നും ആരൊക്കേയോ വിളിക്കുന്നുണ്ട്. അവിടെ പോയിരുന്നാല്‍ നാട്ടിലെ പെണ്ണുങ്ങളെ കുറിച്ച് അപവാദങ്ങള്‍ കേള്‍ക്കാം; പറയാം. വേണ്ട, ഞാന്‍ മുന്നോട്ടുനടന്നു. കനാല്‍വക്കത്തു നിന്നും ആരൊക്കേയോ വിളിക്കുന്നു. അങ്ങോട്ടുപോയാല്‍ ചീട്ടുകളിച്ച് പണം നേടാം; നഷ്ട്ടപ്പെടുത്താം. അതും വേണ്ട,ഞാന്‍ നേരെ പോയത് മൈത്രി ഇലക്ട്രോണിക്സിലേക്കാണ്. നഗരത്തിലെ ഏറ്റവും വലിയ സര്‍വീസ് സെന്‍റര്‍. നിരാശയായിരുന്നു ഫലം. ഒഴിവുണ്ട്, പക്ഷേ എക്സ്പീരിയന്‍സ് വേണം. തിരിച്ചുപോരുമ്പോള്‍ ഉണ്ണിമേനോന്‍ തെങ്ങുകയറ്റക്കാരനെ അന്വേഷിച്ച് നടക്കുന്ന കണ്ടപ്പോള്‍, കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മവന്നു.
അന്ന് തെങ്ങുകയറ്റം പഠിക്കാന്‍ പോയതും, തോലുപോയ ശരീരഭാഗങ്ങള്‍ അമ്മ പാളവിശറികൊണ്ട് വീശിത്തന്നതും. മേടച്ചൂടിലെ നീറുന്ന ഒരോര്‍മ്മ ജോലിയായി മുന്നില്‍വന്ന് നില്ക്കുന്നു!
''ഞാന്‍ കയറാം''
''നീയോ.....!?"
അതെ, ഞാന്‍ തന്നെ. ഉണ്ണിമേനോന് ഏക്കര്‍ കണക്കിന് തെങ്ങിന്‍തോപ്പുകളുണ്ട്. അവിടെ പണി സ്ഥിരമായാല്‍...............
ഒരു പാറ്റത്തെങ്ങിന്‍റെ മുകളിലിരുന്ന് ചുറ്റുംകണ്ണോടിച്ചു. തെങ്ങിന്‍തോപ്പിന് നടുവിലായി, നീല പെയിന്‍റടിച്ച മേനോന്‍റെ വീടുകാണാന്‍ എന്തൊരു ചന്തമാണ്!!
അന്നത്തെ പണികഴിഞ്ഞ് എനിക്ക് താറാവിനെപോലെ നടക്കാനേ കഴിഞ്ഞുള്ളൂ. കൈക്കാലുകള്‍ക്ക് എന്തൊരു കടച്ചിലാണ്!? വാടകവീട്ടില്‍ ചെന്നപ്പോള്‍ അമ്മ, അച്ഛന്‍റെ പുറത്ത് തൈലം തേച്ചുകൊണ്ടിരിക്കുകയാണ്. തലയും നെഞ്ചും നരച്ച അച്ഛന്‍ ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നത് മകനായ എന്‍റെ തോല്‍വിയാണ്. എന്‍റെ മാത്രം തോല്‍വി.
എന്‍റെ കയ്യിലെ അരിയും പലചരക്ക് സാധനങ്ങളും കണ്ടപ്പോള്‍ അച്ഛന്‍റെ മുഖത്ത് സന്തോഷം വിടരുന്നത് ഞാന്‍ കണ്ടു. അമ്മക്ക് അപ്പോഴും സംശയങ്ങളായിരുന്നു. അമ്മയെ പറഞ്ഞിട്ടും കാര്യമില്ല, എന്‍റെ ഹിസ്റ്ററിയും മോശമാണ്. ഞാന്‍ ആ സംശയം മാറ്റാനും പോയില്ല. ഇനി വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് എല്ലാവരും അറിയേണ്ടത്, ഞാന്‍ നന്നായകാര്യം!
പെരുച്ചാഴിയും എലികളും ഭരിക്കുന്ന വീട്ടില്‍ ഞാന്‍ ഒന്നുരണ്ട് കെണികള്‍വച്ച് ഉറങ്ങാന്‍ കിടന്നു. എന്‍റെ ഒരു സ്വപ്നം എന്നെ ഉറങ്ങാനേ സമ്മതിക്കുന്നില്ല! ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട്! ഉദയസൂര്യന്‍റെ കഥ എന്നില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. മനസില്‍ ഒരു ബുദ്ധിയുദിച്ചു- ഇത് ഒരു സന്ദേശക്കഥയാക്കിയാലോ? എന്നെപ്പോലെ ആര്‍ക്കെങ്കിലും അതൊരു മനംമാറ്റത്തിന് വഴിയൊരുക്കിയാലോ?
'വരൂ നമുക്ക് വിയര്‍പ്പില്‍ കുളിക്കാം' എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതി തുടങ്ങി. ഉദയസൂര്യന്‍റെ കഥ എഴുതിത്തീര്‍ന്നപ്പോഴേക്കും സൂര്യനും ഉദിച്ചിരിക്കുന്നു. ഒരു സാഹിത്യഗ്രൂപ്പിലേക്ക് പോസ്റ്റുചൈത് ഞാന്‍ കുളിക്കാന്‍ പോയി.
എത്ര ഉന്മേഷമുള്ള പ്രഭാതം!
ചായ കുടിച്ച് നേരെ ആരോമ തോട്ടത്തിലേക്ക് പോയി ജോലിയാരംഭിച്ചു. ഒരു ചെന്തെങ്ങിന്‍റെ മണ്ടയിലിരുന്ന് ഞാന്‍ ഫോണെടുത്ത് നോക്കി. പോസ്റ്റ് ചൈത് മണിക്കൂറുകളായെങ്കിലും വന്നിരിക്കുന്നത് ഒരൊറ്റ ലൈക്കാണ്. അതും ചിലപ്പോള്‍ അറിയാതെ വിരല്‍ത്തട്ടി വന്നതായിരിക്കും. അത്രയ്ക്ക് മോശമാണോ? ഒരിക്കല്‍ കൂടി വായിച്ചുനോക്കി.
വരൂ നമുക്ക് വിയര്‍പ്പില്‍ കുളിക്കാം......
എത്ര അര്‍ത്ഥവത്തായ തലവാചകം!
ഓസം,വണ്ടര്‍ഫുള്‍,സ്പെക്ടാക്കുലര്‍
ഇതില്‍ കുറഞ്ഞൊന്നും എനിക്ക് പറയാനില്ല. അപ്പോഴാണ് ഇടിമിന്നലു പോലെ ഒരു കമന്‍റ് വന്നത്. ആ പേരു കണ്ടപ്പോഴേ എന്‍റെ പാന്തക തളപ്പ് താഴേക്ക് വീണുപോയി. നാട്ടുകാരന്‍ ചിലമ്പനാണ്. ഞാന്‍ നെഞ്ചിടിപ്പോടെ കമന്‍റ് വായിച്ചു
''എടാ ഊളേ..... ആദ്യം നീ നന്നാവടാ..... എന്നിട്ട് മറ്റുള്ളവരെ നന്നാക്കാന്‍ നടക്ക്. എന്‍റെ ആയിരം എപ്പോള്‍ തരും??''
ഞാന്‍ ആയിരം കടം വാങ്ങിയതും മുങ്ങിനടക്കുന്നതും സത്യമാണ്, എന്നുവച്ച് ഒരു സാഹിത്യസൃഷ്ടിയില്‍ വന്ന് പകപോക്കാന്‍ പാടുണ്ടോ? ആ കമന്‍റ് മുക്കിയാലോ, അല്ലെങ്കില്‍ വേണ്ട പോസ്റ്റ് തന്നെ മുക്കാം.
തിളപ്പില്ലാതെ എങ്ങനെ ഇറങ്ങും? കൈതണ്ടക്ക് ഭാരം കൊടുത്ത് പതുക്കെ ഇറങ്ങണം. താഴോട്ട് ഊര്‍ന്നുപോയാല്‍............. അരഭാഗം തെങ്ങില്‍ അമര്‍ന്നാല്‍.......... എല്ലാം തീരും. സ്വപ്നങ്ങളും ഭാവി തലമുറയും എല്ലാം.
അടുത്ത തെങ്ങില്‍ കയറുന്നതിന് മുമ്പ് എനിക്ക് നിങ്ങളോട് ഒരു കാര്യംകൂടി പറയാനുണണ്ട്. ഉദയസൂര്യന്‍റെ ജീവിതത്തിലെ പ്രധാനഭാഗം. ഞാന്‍ ആ കാറിനുള്ളില്‍ എന്താണ് കണ്ടതെന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ.......?
നിറഞ്ഞ മാറുള്ള കുമാരിയും നല്ല മണമുള്ള കാഞ്ചനയും ആയിരുന്നു കാറില്‍! ഒരേ മണ്ഡപത്തില്‍, ഒരേ മുഹൂര്‍ത്തത്തില്‍ ഉദയന്‍ കുമാരിയേയും സൂര്യന്‍ കാഞ്ചനയേയും വിവാഹം ചൈതിരിക്കുന്നു. ഉദയസൂര്യ ബ്രിക്സ് കമ്പനിയില്‍ വരവുചിലവ് കണക്കുകള്‍ നോക്കുന്നത് കുമാരിയും കാഞ്ചനയും ചേര്‍ന്നാണ്. പത്തില്‍ പലവട്ടം പൊട്ടിയ അവരെങ്ങനെ വലിയ കണക്കുകാരികളായി എന്നൊന്നും ചോദിക്കരുത്. ഇത് ജീവിതമാണ്. പലതും പഠിക്കേണ്ടിവരും, പലതും മറക്കേണ്ടിയും വരും.
_____________________________________________
രമേഷ് പാറപ്പുറത്ത്

അദില്‍ മുഹമ്മദിന്‍റെ രാജകുമാരി(കഥ)


അദില്‍ മുഹമ്മദിന്‍റെ രാജകുമാരി(കഥ)
________________________________________
ഷാഹിതയുടെ നുണക്കുഴി കവിളിലേക്ക് മജീദ് കൈവീശി അടിച്ചപ്പോള്‍, വേച്ചുപോയ അവളെ പുറകിലെ മണ്‍ചുമര് താങ്ങിനിര്‍ത്തി. മജീദിന്‍റെ ചൂണ്ടുവിരല്‍ അവള്‍ക്കുനേരെ നിന്ന് വിറച്ചു.
''അറക്കും ഞാന്‍''
ജീവിതത്തില്‍ ആദ്യമായാണ് മജീദ് അവളുടെമേല്‍ കൈവയ്ക്കുന്നത്. അവനെ പറഞ്ഞിട്ട് കാര്യമില്ല, ഇത്തരം കുരുത്തക്കേട് കാണിച്ചാല്‍ ആരായാലും തല്ലിപോകും. ചിലപ്പോള്‍ കൊന്നെന്നും വരും! എല്ലാത്തിനും ഒരു പരിധിയില്ലേ..........?
ഷാഹിതയ്ക്ക് കുട്ടികളെ ജീവനാണ്. ജീവനേക്കള്‍ ജീവന്‍! രണ്ടില്‍ പഠിക്കുന്ന ആഷികും നാല് വയസുകാരി ആദിയയും അവളുടെ മടിത്തട്ടിന് വേണ്ടിയുള്ള യുദ്ധത്തിലാണ്. രണ്ടുപേരേയും പിണക്കാന്‍ വയ്യാ......... അവള്‍ ആഷികിനെ പിടിച്ച് മടിയിലിരുത്തിയിട്ട് ആദിയയെ മാറില്‍ കിടത്തി. എന്നിട്ട് ഷാഹിത അവളുടെ വായതുറപ്പിച്ച് നോക്കി. വായിലെ പുണ്ണിന് കാര്യമായ മാറ്റമുണ്ട്. കാക്കക്കുട്ടിയുടെ തൊള്ളപോലത്തെ തുടുപ്പൊക്കെ പോയിരിക്കുന്നു. കാച്ചിയമോര് കുടിപ്പിച്ചും കാടിക്കൂര്‍ക്കയില തീറ്റിച്ചുമാണ് അവളത് മാറ്റിയെടുത്തത്. പക്ഷേ ഇല തിന്നണമെങ്കില്‍ ആദിയായ്ക്ക് ഒരു കണ്ടീഷനുണ്ട്. ഒന്ന് ഷാഹിത തിന്നാലേ ഒന്ന് അവളും തിന്നൂ.
"ആദിക്ക് ദുനിയാവില് ഏറ്റോം ഇഷ്ടള്ള ആളാരാ...??"
ആദിയ നിസ്സംശയം പറഞ്ഞു.
"ശായിതാമ്മ"
ഷാഹിത അവളെ കൂട്ടിലിട്ട് താലോലിച്ചു. ആ സ്നേഹക്കൂട്ടിലേക്ക് ആഷിക് നുഴഞ്ഞുകയറി. അവന്‍റെ പല്ല്- കീഴ്നിരയില്‍ നടുക്കുള്ളത് ഇളകുന്നുണ്ട്. ഷാഹിത അവന്‍റെ തല, മാറോടുചേര്‍ത്തുവച്ച് കണ്ണിറുക്കി പതുക്കെ വലിച്ചു.
ആഷികിന്‍റെ ആദ്യത്തെ പാല്‍പല്ല് അവനോട് വിടപറഞ്ഞു! അവളത് തലചുറ്റി പുരപ്പുറത്തേക്ക് എറിഞ്ഞു.
"ആനപല്ല് പോയി കീരിപല്ല് വരട്ടെ!"
ആദിയ അവരുടെ പതിവ് സവാരിക്കുവേണ്ടി ശാഠ്യംപിടിച്ചു. ആദിയയെ തോളിലിട്ട്, ആഷികിന്‍റെ വിരല്‍തുമ്പുപിടിച്ച് ഷാഹിത ചാത്തന്‍പറമ്പിലേക്ക് നടന്നു. അവിടുത്തെ വലിയ കുളമാണ് ആദിയയുടെ സ്വര്‍ഗം! അവള്‍ക്ക് ദിവസവും അതിലിറങ്ങിയൊന്ന് തത്തിക്കളിക്കണം. പിന്നെ പോകുന്ന വഴിക്കുള്ള ഭൂതത്താന്‍ കിണറിന്‍റെ ആഴവും നോക്കണം. കിണറിനുള്ളില്‍ വളര്‍ന്നു നില്ക്കുന്ന ചുടലപ്പാറകവും, അതിനെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കാട്ടുവള്ളികളും കണ്ടാലേ പേടിതോന്നും. ആ കിണറ്റിലേക്ക് ചാടാനെന്നപോലെ നില്ക്കുന്ന കരിമ്പന ഒരു അത്ഭുതമാണ്. അതിന്‍റെ മുക്കാല്‍ഭാഗം വേരുകളും അന്തരീക്ഷത്തിലാണ്. ഒരു പ്രത്യേക കോണില്‍ പന നില്ക്കുന്നത് വായുവിലാണെന്ന് തോന്നിപ്പോകും! 
"പനയിലെ യക്ഷിക്ക് കുളിക്കാന്‍ ഭൂതത്താന്‍ കുഴിച്ച കിണറാണത്"
ഇത് നൂറ്റൊന്ന് വയസുള്ള ചാമിക്കുട്ടിയുടെ വാദമാണ്; നാട്ടുകാര്‍ക്ക് ആര്‍ക്കുംതന്നെ അതിനോട് എതിരഭിപ്രായവും ഇല്ല. അവര്‍ പരസ്പരം ചോദിക്കുന്ന ചോദ്യം ഇതാണ്-
"കാറ്റിലും മഴയിലും ആ പനയെന്താ കടപുഴങ്ങി വീഴാത്തത്!?"
ഉത്തരവും അവര്‍തന്നെ പറയും.
"യക്ഷി ചില്ലറക്കാരിയല്ല"
അവര്‍ മൂന്നുപേരും വളരെ കരുതലോടെ കിണറിലേക്ക്എത്തിനോക്കി.
ഇരുട്ട്......!
പ്രഭാതസൂര്യന്‍റെ ഒരു വെള്ളിരേഖ മാത്രം ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് കാണാം. പനമുകളില്‍ ഉണക്കപ്പട്ടകള്‍ക്ക് ഇടയില്‍നിന്നും പറമെരുക് ചിറകടിച്ചപ്പോള്‍ ആദിയ, ഷാഹിതയുടെ മാറിലൊളിച്ചു.
അവര്‍ നടത്തം തുടര്‍ന്നു....... ഇനി കുത്തനെയുള്ള ഒരു കയറ്റമാണ്. പതിവുപോലെ ആഷിക്കിന്‍റെ കൈകള്‍ ഷാഹിതയ്ക്ക് നേരെ ഉയര്‍ന്നു. അവള്‍ രണ്ടുപേരെ എങ്ങനെ എടുക്കും? അവന്‍ സ്ഥിരം നമ്പര്‍ തട്ടിവിട്ടു.
"ആഷിക്കൂനും ഷായിതാമ്മെ പെരുത്ത ഇഷ്ടാണ്." 
പിന്നെ അപ്പീലില്ല, അവനെ വാരിയെടുത്ത് അവള്‍ ഒക്കത്തുവച്ചു. രണ്ടു കുട്ടികളേയും എടുത്ത്, വളരെ ആയാസപ്പെട്ട് കുന്നുകയറി. അവരെ കണ്ടപ്പോള്‍ കുളക്കരയില്‍ നിന്നും ഒരു പൊന്‍മാന്‍ ദൂരേക്ക് പറന്നുപോയി. ഉറക്കത്തിലായിരുന്ന കുളം ആദിയയുടെ ചവിട്ടേറ്റ് പുളകംകൊണ്ടു. അവള്‍ കുഞ്ഞോളങ്ങളെ കോരിയെടുത്ത്, പളുങ്ക് മുത്തുകളായ് മേല്‍പ്പോട്ടെറിഞ്ഞു. കുളത്തിന് സമീപത്ത് കാണുന്ന മണ്‍ചുമരുകളുള്ള ഒാടുമേഞ്ഞ ചെറിയ പുര, പണ്ടത്തെ കാവല്‍പുരയാണ്. ഷാഹിതയുടെ ഉപ്പ മീന്‍ വളര്‍ത്തിയിരുന്ന കാലത്ത് കാവല്‍ക്കാരന്‍ തങ്ങിയിരുന്ന കൂര. ചിതലരിച്ച് ദുര്‍ബലപ്പെട്ട വാതില്‍ തുറന്ന് അവര്‍ അകത്തേക്ക് പ്രവേശിച്ചു. ജനലഴിയില്‍ തൂങ്ങിക്കിടക്കുന്ന കുരുവിക്കൂട്ടില്‍ നിന്നും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു. അമ്മക്കുരുവിയും രണ്ട് കുഞ്ഞുങ്ങളും! പടച്ചോന്‍റെ ഓരോ വിലാസങ്ങള്‍.........
മുമ്മൂന്ന്- ഒമ്പത് ഫ്ലയിങ് കിസ്സുകള്‍ കുരുവിക്കൂട്ടിലേക്ക് അയച്ച് അവര്‍ വീട്ടിലേക്ക് മടങ്ങി.
ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന്‍ ആദിയ മുലപ്പാലിനുവേണ്ടി ശ്രമിച്ചപ്പോള്‍ ഷാഹിതയ്ക്ക് ആദ്യം ചിരിയാണുവന്നത്. പാല് കിട്ടാതെ അവള്‍ നിരാശയോടെ മടങ്ങിയപ്പോള്‍ ഷാഹിതയുടെ മുഖവും വാടി. 
സ്ഥാനം കൊണ്ട് അമ്മായി ആണെങ്കിലും......................
ഉമ്മയുടെ സ്ഥാനവും മകളുടെ സ്നേഹവും തന്ന ആ കുരുന്നിനെ താന്‍ വഞ്ചിച്ചുവോ? അവളെ കുറ്റബോധം വീര്‍പ്പുമുട്ടിച്ചു.
ഷാഹിതയുടെ കല്ല്യാണം വര്‍ഷങ്ങള്‍ക്കു മുമ്പ് കഴിഞ്ഞതാണ്. 
നല്ല ബന്ധം. ബാദ്ഷായും കുടുംബവും സ്നേഹനിധികളായിരുന്നു. ഗര്‍ഭം ധരിക്കാതെ വന്നപ്പോള്‍ ചികിത്സ ആരംഭിച്ചു. ചികിത്സയുടെ ഭാഗമായി രണ്ടു തവണ ലാപ്രോസ്കോപ്പിക് സര്‍ജറിയും ചെയ്യേണ്ടിവന്നു. എന്നിട്ടും ഫലമൊന്നും ലഭിക്കാഞ്ഞ് പ്രശസ്ത ഡോക്ടര്‍ എസ്.റാവുവിന്‍റെ സേവനംതേടി. ഒരു ടെസ്റ്റ്ട്യൂബ് ശിശുവിനുള്ള സാദ്യതപോലും ഇല്ലെന്ന് അയാള്‍ പറയുന്നതുവരെ പ്രതീക്ഷകളുണ്ടായിരുന്നു. ശസ്ത്രക്രിയയിലെ പിഴവുകളാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് അറിഞ്ഞപ്പോള്‍ വേദന ഇരട്ടിയായി. ബാദ്ഷയുടെ നെഞ്ചിന്‍റെ ചൂട് എല്ലാ വേദനകളിലും അവള്‍ക്ക് ആശ്വാസമേകി. പിന്നീട് അവന്‍റെ മനസില്‍ പുനര്‍വിവാഹത്തിന്‍റെ മുള പൊട്ടിയപ്പോള്‍...........
ഹൃദയത്തില്‍ നിന്നും ഹൃദയം പറിച്ചുവച്ച് അവള്‍ ആ വീടിന്‍റെ പടികളിറങ്ങി. 
ഇപ്പോള്‍ ഷുഗര്‍ പേഷ്യന്‍റായ അദില്‍ ‍മുഹമ്മദിനും ഭാര്യ ആയിഷക്കും മകളുടെ സാനിദ്ധ്യം ഒരനുഗ്രഹമാണെങ്കിലും ഉള്ളില്‍ തീയ്യാണ്. അവരുടെ കണ്ണുകള്‍ അടഞ്ഞാല്‍..........
ആദിയ വന്ന് ഒരു കഷ്ണം കോഴിക്കോടന്‍ ഹല്‍വ വായിലേക്ക് തിരുകിയപ്പോഴാണ് ഷാഹിത ആലോചനയില്‍നിന്നും ഉണര്‍ന്നത്. ഉമ്മയും മജീദ്ക്കായും അടുക്കളയില്‍ അത്താഴത്തിനുള്ള പോത്ത് ബിരിയാണിയുടെ തിരക്കിലാണ്. ബിരിയാണി നന്നാവണമെങ്കില്‍ ഇക്കാക്ക തന്നെ വയ്ക്കണം. പെട്ടി ഒരുക്കുന്ന ഫസീലയെ തുണികള്‍ മടക്കിക്കൊടുത്ത് ഷാഹിത സഹായിച്ചു. അവധിക്കുവന്ന മജീദും കുടുംബവും നാളെ തിരിച്ചു പോവുകയാണ്. മജീദ് മെക്കാനിക്കല്‍ എഞ്ചിനീയറും ഫസീല ഫാര്‍മസിസ്റ്റുമാണ്. അവരുടെ ജോലിത്തിരക്ക് കാരണം വീട്ടുജോലിക്കും കുട്ടികളെ നോക്കാനും വേണ്ടി ഒരു സ്ത്രീയെ നിര്‍ത്തിയിട്ടുണ്ട്. ആദിയക്ക് ആ താത്തയെ തീരെ ദഹിക്കാരുമില്ല. 
ആഷിക് ഒഴികെ മറ്റാര്‍ക്കും ഒരുഷാറില്ല. അവന്‍ ഒരു വിമാനയാത്രയുടെ ത്രില്ലിലാണ്. കൂടെ ചെന്നാല്‍ മക്കയും മദീനത്തെ പള്ളിയും കാണിച്ചു കൊടുക്കാമെന്ന് ഷാഹിതയോട് പറഞ്ഞു. ഒരിക്കല്‍ വരാമെന്ന് അഷികിന് അവള്‍ വാക്കും കൊടുത്തു.
പതിവുപോലെ ആദിയ ഷാഹിതയ്ക്കൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. അടരുവാനാവാതെ ആ രണ്ടുഹൃദയങ്ങളും തേങ്ങി. നാളെ നേരം പുലര്‍ന്നാല്‍...........
അവള്‍ക്കത് ഓര്‍ക്കാന്‍കൂടി വയ്യ.
"ശായ്താമ്മ എന്തിനാ കരയണേ......?"
സങ്കടം കൊണ്ടാണ്........
"അടുത്ത കൊല്ലം വരുമ്പോഴും ആദിയെന്നെ ഉമ്മാന്ന് വിളിക്ക്വോ?"
ആലോചനയോടെയാണ് ആദിയ മറുപടി പറഞ്ഞത്
"ഞാന്‍ സൗദിക്ക് പോണില്ല!!"
ചുടു നിശ്വാസങ്ങള്‍കൊണ്ട് കഥകള്‍ പറഞ്ഞുപറഞ്ഞ് അവര്‍ ഉറക്കത്തിലേക്ക് വഴുതിവീണു. സുബഹ്ബാങ്കിനു പിന്നാലെ വലിയൊരു ഞെട്ടലോടെയാണ് ആ കുടുംബം ഉണര്‍ന്നത്.
ആദിയായേം ഷാഹിതാനേം കാണാനില്ല!!
"ബദിരീങ്ങളേ......"
ആയിഷുമ്മ നെഞ്ചില്‍ കൈവച്ചു. ഫസീല തളര്‍ന്നു വീണു. ആദിയയെ പെറ്റ വയറല്ലേ, എങ്ങനെ സഹിക്കും?
"ആദൂ.......ഷാഹീ......."
മജീദിലെ ബാപ്പയും ഇക്കാക്കയും പരാഭ്രാന്തിയോടെ വീടുമൊത്തം അരിച്ചുപ്പെറുക്കി. അടക്കിപ്പിടിച്ച കരച്ചിലുകള്‍ നിലവിളികളായി ഉയര്‍ന്നപ്പോള്‍ സംഭവം അയല്‍വാസികളും അറിഞ്ഞു. ഭൂതത്താന്‍ കിണറിന്‍റെ ഭീകരരൂപം മജീദിന്‍റെ മനസില്‍ തെളിഞ്ഞു. അയല്‍ക്കാരുമൊത്ത് അയാള്‍ അങ്ങോട്ടോടി. കാടുവെട്ടിത്തെളിക്കാന്‍ മടവാക്കത്തി ഓങ്ങിയപ്പോള്‍ പനയില്‍നിന്നും ഒരു പച്ചപ്പട്ട നിലംപതിച്ചു! എല്ലാവരും ഭീതിയോടെ മേല്‍പ്പോട്ടുനോക്കി. ആ തിരച്ചില്‍ ചെന്നെത്തിയത് ചാത്തന്‍പറമ്പിലെ കുളത്തിലും കാവല്‍പുരയിലുമാണ്. പുരയുടെ വാതില്‍ ഉള്ളില്‍നിന്നും കൊളുത്ത് ഇട്ടിരിക്കുന്നു! പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍, വാതില്‍ ചവിട്ടി തുറന്നു. വലിയ ശബ്ദംകേട്ട് കുരുവി കൂട്ടില്‍നിന്നും പറന്നുപോയി.
ഇരുട്ടുമൂലയില്‍ കുഞ്ഞിനെ മാറില്‍ അടക്കിപ്പിടിച്ച് ഷാഹിത നില്ക്കുന്നു! മജീദ് മകളെ അവളില്‍നിന്നും ബലമായി അടര്‍ത്തിയെടുത്തു. മജീദിന്‍റെ അടിക്കുപിന്നാലെ ഫസീലയുടെ തീക്കണ്ണുകള്‍ അവളെ ദഹിപ്പിച്ചു. 
"നിര്‍ത്തി, വെക്കേഷന്‍ എന്ന മാമാങ്കം. എന്തു വിശ്വാസത്തിലാ ഈ മാരണങ്ങളുടെ അടുത്തേക്ക് വരുന്നത്?"
ഫസീല നിന്ന് ജ്വലിച്ചു.
ഉമ്മ, ഉപ്പ, നാട്ടുകാര്‍....... എല്ലാവരുടെ കണ്ണുകളും അവജ്ഞയോടെ പിന്‍വാങ്ങിയപ്പോള്‍ ഷാഹിത മണ്‍ചുമരിലേക്ക് ചാരിനിന്ന് തേങ്ങി. മരണവേഗത്തില്‍ വന്ന് കുരുവി മക്കളെ നിരീക്ഷിച്ചു. ഷാഹിതയെ ആശ്വാസിപ്പിക്കാനെന്നോണം അത് കൂടിന് പുറത്തിരുന്ന് പതുക്കെ ചിലച്ചു.
ആദിയയുടെ അന്തര്‍ജ്ഞാനത്തില്‍ നിന്നും ഉടലെടുത്തതാണ് കാവല്‍പുരയിലെ ഒളിച്ചിരിക്കല്‍. ഷാഹിതയെ പിരിയാതിരിക്കാന്‍ അവള്‍ക്ക് പെട്ടെന്ന് കിട്ടിയ പോംവഴി. ആദ്യം കുറേ എതിര്‍ത്തെങ്കിലും, ആ നാലുവയസുകാരിയിലെ സൂത്രശാലിക്കു മുന്‍പില്‍ ഷാഹിത കീഴടങ്ങി. സമ്മതിച്ചില്ലെങ്കില്‍....... അവള്‍........ ആദിയയുടെ സ്നേഹം അവളെ അടിമയാക്കിയിരുന്നു.
വരട്ടിയ ഇറച്ചിയും അച്ചാറും അടങ്ങുന്ന ബാഗ് ഷാഹിതയാണ് കാറിലേക്ക് എടുത്തുവച്ചത്. വണ്ടിയിലേക്ക് കയറുമ്പോള്‍ ആഷിക് അവള്‍ക്കുനേരെ കൈകാണിച്ചപ്പോള്‍ വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചമര്‍ത്തി അവളും കൈകാണിച്ചു. കൈയ്യും തലയും പുറത്തേക്കിട്ട് ആദിയ കാറിക്കരയുകയാണ്. ഫസീല അവളെ വാരിവലിച്ച് തല്ലുമ്പോള്‍ ഷാഹിത മുഖം തിരിച്ചു. ഷാഹിതയുടെ മുഖത്തേക്കൊന്ന് നോക്കുവാന്‍പോലും കരുത്തില്ലാതെ ഇരിക്കുകയാണ് മജീദ്. തല്ലിയതിലല്ല അവന് വിഷമം, പറഞ്ഞ വാക്കുകള്‍.......... വയ്യാത്ത ഉപ്പയേയും ഉമ്മയേയും കൊണ്ട് ഒന്നരമാസമാണ് ആശുപത്രിവാസം കഴിച്ചുകൂട്ടിയത്. അവള്‍ വീട്ടിലില്ലെങ്കില്‍..................
ആ സഹോദര ഹൃദയം അണപൊട്ടി ഒഴുകാതിരിക്കാന്‍ വേണ്ടി ഗൗരവക്കാരനെ പോലെ മുഖം വീര്‍പ്പിച്ച് ഇരുന്നു. 
പൊടി പറത്തികൊണ്ട് കാര്‍ മുന്നോട്ട് ചലിച്ചു.
"ശായ്താമ്മാ...... ശായ്ത....."
ആദിയയുടെ വിളികള്‍ നേര്‍ത്തുനേര്‍ത്ത് കേള്‍ക്കാതെയായി. കാര്‍ ഒരു ചുവന്ന പൊട്ടായി മറയുന്നതുവരെ ഷാഹിത നോക്കിനിന്നു.
അടുക്കളയില്‍ നിന്നും കിടപ്പുമുറിയില്‍ നിന്നുമെല്ലാം അവളുടെ ചിരിയും കൊലുസിന്‍റെ കിലുക്കവും കേള്‍ക്കുന്നപോലെ! അരുമക്കിടാവിനെ നഷ്ടപ്പെട്ട അമ്മയെപ്പോലെ ഷാഹിത അടയാളങ്ങള്‍ തിരഞ്ഞുനടന്നു. കുഞ്ഞിക്കാലടി പതിഞ്ഞ വെള്ളുത്ത കിടക്കവിരിയും കുഞ്ഞരിപല്ലുകൊണ്ട് കടിച്ചു കീറിയ നീല മക്കനയും അവളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്!
ഇന്‍സുലിന്‍ കുത്തിവെക്കാന്‍വേണ്ടി ഷാഹിത അടുത്തേക്ക് വന്നപ്പോള്‍ അദില്‍ മുഹമ്മദ് സിഗരറ്റ് നിലത്തിട്ട് ചവിട്ടി. അവള്‍ കണ്ടാല്‍ കലമ്പും, പുകവലിക്കരുതെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. മജീദ് ആദിയയെ വളര്‍ത്തുന്നതിനേക്കാള്‍ പൊലിവോടെയാണ് അയാള്‍ ഷാഹിതയേയും വളര്‍ത്തിയത്. അദില്‍ മുഹമ്മദിന്‍റെ രാജകുമാരിയാണ് ഷാഹിത! 
അവളുടെ കവിളില്‍ രൂപപ്പെട്ട മജീദിന്‍റെ കൈപത്തിക്ക് മുകളില്‍ അയാളുടെ ചുളിവീണ വിരലുകള്‍ ചലിച്ചു.
ഷാഹിതയുടെ മനോവ്യഥ അദില്‍ മുഹമ്മദിന്‍റെ വെളുത്ത നെഞ്ചിലേക്ക് പെയ്തിറങ്ങി.
"അദിലുപ്പാടെ കുട്ടി കരയണ്ട."
_____________________________________
രമേഷ് പാറപ്പുറത്ത്

മനോവ്യാപാരം(കഥ)


മനോവ്യാപാരം(കഥ)
_____________________________
തമ്പാനൂര്‍ റയില്‍വേസ്റ്റേഷനില്‍ വടക്കോട്ടുളള വണ്ടി കാത്തിരിക്കുകയാണ് അജിത. ഭയത്തിന്‍റെ സങ്കല്‍പ്പരൂപം അവളുടെ മുഖത്ത് കാണാം. 
അന്ന്, അപരിചിതനായ അവനോടൊപ്പം ഹോട്ടല്‍മുറിയില്‍ ഒരുരാത്രി കഴിച്ചുകൂട്ടിയത്, ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്നു. നാലു വര്‍ഷമായി കണ്ടിട്ടെങ്കിലും ഹൃദയത്തില്‍ പതിച്ചുവച്ച ആ മുഖം....................... 
നിറകണ്ണിലും അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
പിരിഞ്ഞതിനു പിന്നാലെ അവന്‍റെ മൊബൈല്‍ നമ്പറും അസാധുവായി. പിന്നെ അവനായി കുറേ അന്വേഷണങ്ങള്‍ നടത്തി; ഒരു വിവരവും ലഭിച്ചില്ല. അവന്‍റെ നാട്ടിലെ ഒരു ഭ്രാന്തന്‍റെ വീട് അറിയാം. ആ വീട്ടിലെ അമ്മയോടോ, മോളോടോ ചോദിച്ചാല്‍ അവനെകുറിച്ച് അറിയാന്‍ കഴിയും. ഈ യാത്രയുടെ ലക്ഷ്യവും ആ വീടുതന്നെ. 
അനൗണ്‍സ്മെന്‍റിനു പിന്നാലെ ട്രെയിനിന്‍റെ മഞ്ഞില്‍പൊതിഞ്ഞ വെളിച്ചം ദൂരെ കാണപ്പെട്ടപ്പോള്‍, അവള്‍ ചെരുപ്പിന്‍റെ വള്ളികെട്ടി സിമന്‍റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റുനിന്നു.
തീവണ്ടി മുന്നോട്ട് കുതിച്ചുപായുമ്പോള്‍, പോയ വര്‍ഷങ്ങളിലൂടെ അവള്‍ പിന്നോട്ട് സഞ്ചരിച്ചു. ഒരു ബഹുരാജ്യ കമ്പനിയുടെ കൊച്ചി ബ്രാഞ്ചില്‍ മര്‍ച്ചന്‍ഡൈസറായി ജോയിന്‍ചൈത ദിവസം. ബാഗുംതൂക്കി അലഞ്ഞുനടന്ന് കച്ചോടംചെയ്യുന്നത് ആളുകള്‍ക്ക് പുശ്ചമാണെന്ന് അവള്‍ക്കുമറിയാം. എങ്കിലും കിട്ടിയ ജോലി ചൈതേതീരൂ.... കാരണം, ആ പതിനെട്ടുകാരിയുടെ ചുമലില്‍ താങ്ങാവുന്നതിലധികം ബാദ്ധ്യതകളുണ്ട്. മദ്യപാനിയായ അച്ഛന്‍, വഴിയില്‍ വീണുമരിക്കുമ്പോള്‍ അവള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്നു. പിന്നീട് പരീക്ഷപോലും എഴുതിയില്ല. രോഗിയായ അമ്മയുടെ മരുന്നിനുമാത്രം മാസത്തില്‍ രൂപ ആയിരംവേണം, മിടുക്കനായ അനിയനെ പഠിപ്പിക്കണം, അച്ഛന്‍ വരുത്തിവച്ച കടബാദ്ധ്യത വേറെയും.
ബോസ് പറഞ്ഞപ്രകാരം വെയിറ്റിംഗ് റൂമിലേക്ക് പോകുമ്പോള്‍ , ഹാളില്‍ കുറച്ച് ചെറുപ്പക്കാര്‍ ക്രിക്കറ്റ് കളിക്കുന്നു. അവനൊഴികെ ഭാക്കിയെല്ലാവരും യൂണിഫോമിലാണ്. അവന്‍ ഉയര്‍ത്തിയടിച്ച ഭാരമില്ലാത്ത മഞ്ഞപ്പന്ത് അവളുടെ മുടിയിഴകളില്‍‍ തങ്ങിന്നിന്നു. പന്തെടുത്തുകൊണ്ട് അവന്‍ സ്വയം പരിചയപ്പെടുത്തി.
''ഭക്തവത്സലന്‍ ഫ്രം പാലക്കാട്''
മുടിക്കെട്ടില്‍ കൈകടത്തിയത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവള്‍ മറുപടി നല്കി
''അജിത ഫ്രം ട്രിവാന്‍ഡ്രം''
അവള്‍ വെയ്റ്റിംഗ് റൂമില്‍ പോയിരുന്നു.
''മാസ് എന്‍ട്രി ഭക്താ''
പെണ്ണുങ്ങളുടെ മനശാസ്ത്രവും ശരീര ശാസ്ത്രവും കലക്കിക്കുടിച്ച മൂര്‍ത്തിയുടെ ഡയലോഗാണ്. നീണ്ട മുടി മാടിയൊതുക്കി ഹെയര്‍ബോ വച്ചുകൊണ്ട് അവന്‍ തുടര്‍ന്നു...
''ഭക്താ.... ഇതുവരെ വീണിട്ടില്ല, വീണുപോയാല്‍ മോര്‍ണിംഗ് ടീ പോലെ പതിവായിമാറും, അതാണ് അവളുടെ പുരികക്കൊടിയുടെ ലക്ഷണം.''
അതുകേട്ടപ്പോള്‍ ആത്മീയ ഗുരു സഹദേവന് ചൊടിച്ചു
''എടോ... സ്ത്രീസ്റ്റാഫുകളെ സുഹൃത്തിലുപരി സ്വന്തം സഹോദരിയായി കാണണമെന്നാണ് ബോസിന്‍റെ ഓര്‍ഡര്‍''
ഹാളില്‍ കൂട്ടച്ചിരി ഉയര്‍ന്നു
''നിനക്കും ബോസിനും പിരാന്താണ്''
അജിത അവരുടെ അട്ടഹാസങ്ങളെല്ലാം അമ്പരപ്പോടെ ദൂരെനിന്നും നോക്കികൊണ്ടിരുന്നു.
ഭക്തവത്സലനും അജിതയും കച്ചവടത്തിനായി അകലെയുള്ള ഒരു നഗരത്തില്‍ ചെന്നിറങ്ങി. വിഷ്വല്‍ ഡിക്ഷ്നറിയാണ് പ്രോഡക്ട്.ഒന്നിന് നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ! ഇരുപത് പുസ്തകങ്ങള്‍ ചുമന്ന് അജിത തളര്‍ന്നുപോയി. പുസ്തക്കെട്ടുകള്‍ താഴെവച്ച് കൈ കുടയുന്നതുകണ്ട് അവന്‍ ഊറിച്ചിരിച്ചു. വൈകുന്നേരമായിട്ടും ഒരു പുസ്തകം പോലും വില്‍ക്കുകയോ, ജോലി സംബന്ധിച്ച് അവള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൊടുക്കുകയോ ചൈതില്ല. കിന്നാരം പറച്ചിലിന് ഒരു കുറവുമില്ല. അവനുമൊത്തുള്ള ജോലി അവള്‍ക്ക് വളരെ ദുസ്സഹമായി. ഒരു നല്ല ട്രൈനറെ കിട്ടാഞ്ഞതില്‍ അജിത വിധിയെ പഴിച്ചു. 
അവന് യൂണിഫോം ധരിച്ചാലെന്താ.....? മുണ്ടുംഷര്‍ട്ടുമാണ് വേഷം. അവള്‍ക്ക് കൂടെ നടക്കാന്‍തന്നെ ചമ്മല്‍തോന്നി. പോരാത്തതിന് ചെയിന്‍ സ്മോക്കറും. സിഗരറ്റ് വലിച്ച് അവന്‍ മുന്നിലും പുസ്തകം ചുമന്ന് അവള്‍ പുറകേയുംനടന്നു.
''അജിതേ...... നിന്‍റെ വേഷം നീല ടോപ്പും വെള്ളജീന്‍സും ആയിരുന്നെങ്കില്‍, നമ്മള്‍ പ്രണയ ജോഡികളാണെന്നേ ആരും പറയൂ.......''
അതിന് അവളില്‍ നിന്നും മറുപടി കിട്ടാഞ്ഞ് ഭക്തവത്സലന് ദേഷ്യം വന്നു. ട്രൈനറെ തൃപ്തിപ്പെടുത്താതെ മര്‍ച്ചന്‍ഡൈസര്‍ എന്തുനേടാനാണ്? ജീവിതകാലം മുഴുവന്‍ ഭാരം ചുമന്ന് നടുവൊടിക്കാം എന്നല്ലാതെ....... 
ചുമക്കട്ടെ കഴുത.
മടക്കയാത്രക്ക് ബസ്റ്റാന്‍ഡിലേക്ക് പോയപ്പോള്‍ അവിടെ ഒരു ബസ് നിന്നുകത്തുന്നു! ചുറ്റിലും അക്രമാസക്തരായ ജനങ്ങള്‍. ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി, പൊലിഞ്ഞുപോയത് മൂന്ന് കുരുന്നുജീവനാണ്!
കടകമ്പോളങ്ങള്‍ അടഞ്ഞു. റോഡില്‍ വാഹനങ്ങളുടെ ഓട്ടം പൂര്‍ണ്ണമായും നിലച്ചു. നഗരം വിജനമായി. മിന്നല്‍ പണിമുടക്ക്! തിരിച്ചുപോകാന്‍ വഴിയൊന്നുമില്ലാത്തതിനാല്‍ ലോഡ്ജില്‍‍ മുറിയെടുക്കാന്‍ തീരുമാനിച്ചു. അവനൊപ്പം ഒരുമുറിക്കകത്ത് രാത്രി കഴിച്ചുകൂട്ടുന്നത് ഓര്‍ത്തപ്പോള്‍ അജിതയുടെ ചങ്ക് പിടച്ചു. വേറെ എന്തുചെയ്യും?? ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ച്, അര്‍ദ്ധമനസ്സോടെ അവള്‍ സമ്മതം മൂളി. 
പകുതി ഷട്ടറിട്ട ഇടത്തരം ടൂറിസ്റ്റ് ഹോമിന്‍റെ ചില്ലുവാതിലില്‍ മുട്ടിയപ്പോള്‍, സുമുഖനായ ചെറുപ്പക്കാരന്‍ തുറന്നുകൊടുത്തു. അലങ്കാര വെളിച്ചത്തിനുകീഴെ അവന്‍ സ്വര്‍ണ്ണംപോലെ വിളങ്ങി. വെള്ളിമാലയും വജ്രമോതിരും 
ജി-ഷോക്ക് വാച്ചും അവന്‍റെ ആകര്‍ഷണീയത കൂട്ടി. അഡ്വാന്‍സ് കൊടുക്കുന്ന വേളയില്‍, ഭക്തവത്സലന് കൈകൊടുത്തുകൊണ്ട് അവന്‍ സ്വയം പരിചയപ്പെടുത്തി.
''പ്രവീണ്‍കുമാര്‍''
നല്ല വൃത്തിയും വെളിച്ചവുമുള്ള മുറി കണ്ടപ്പോള്‍ അജിതയ്ക്ക് അല്പം ആശ്വാസമായി. ജനല്‍പാളി തുറന്നപ്പോള്‍ തണുത്തകാറ്റ് ഉള്ളിലേക്ക് പാഞ്ഞുകയറി. കാലും മുഖവും കഴുകി ഫ്രഷ് ആയി. ഭക്ഷണത്തിന് വഴിയൊന്നുമില്ല, ഇരുവരും വെള്ളംകുടിച്ച് വയറുനിറച്ചു.
''നല്ല വീതിയുള്ള കട്ടില്, രണ്ടാള്‍ക്ക് സുഖമായി കിടക്കാം''
കട്ടിലിലേക്ക് ഇരുന്നുകൊണ്ട് ഭക്തവത്സലന്‍ അഭിപ്രായപ്പെട്ടു.
''ഞാന്‍ താഴെ കിടന്നോളാം......''
അതുകേട്ട് അവന്‍ ‍പൊട്ടിച്ചിരിച്ചു.
''തണുപ്പുകാലമാണ്, വാതം പിടിക്കും. രാജകുമാരി കട്ടിലില്‍തന്നെ കിടന്നോ...''
നിലത്തേക്കിരുന്ന് ഒരു സിഗരറ്റിന് തീകൊളുത്തി.
'' പ്ലീസ്.. പുറത്തുപോയി വലിക്കൂ''
അവനത് കുത്തിക്കെടുത്തി പുറകോട്ട് ചാഞ്ഞു.
പുറംതിരിഞ്ഞ് കടക്കുന്ന അവളുടെ ആകാരഭംഗിയും കട്ടിലിലെ ഒഴിഞ്ഞ സ്ഥലവും അവനെ ഭ്രമിപ്പിച്ചു. 
സ്വന്തമായി ഒരു ബ്രാഞ്ച് ഓഫീസ് എന്ന സ്വപ്നം കൈയ്യെത്തും ദൂരത്ത് എത്തിനില്‍ക്കുമ്പോള്‍, വികാരത്തിന് അടിപ്പെട്ട് അരുതാത്തതൊന്നും സംഭവിക്കാന്‍ പാടില്ല.... അവന്‍ തിരിഞ്ഞുകിടന്നു. അപ്പോള്‍ മുന്നിലെ പിങ്ക് ചുമരിലും അതാ അവള്‍! നിഴലിനുപോലും എന്തൊരു വശ്യത! അവന്‍ ലൈറ്റ് ചവിട്ടിക്കെടുത്തി.ഫൂട്ട് ലൈറ്റിന്‍റെ അരണ്ടവെളിച്ചതില്‍ ഒരു കരിങ്കല്‍പ്രതിമപോലെ, കണ്‍മുന്‍പിലതാ അവളുടെ രൂപം!
ഭക്തവത്സലന്‍ പതുക്കെ എഴുന്നേറ്റു. റൂമില്‍നിന്നും പുറത്തേക്ക് നടന്ന് കോണിപ്പടികള്‍ ഇറങ്ങി. റിസപ്ഷനുമുന്നില്‍ മുരടനക്കംകേട്ട് പ്രവീണ്‍കുമാര്‍ വാതില്‍തുറന്ന് എത്തിനോക്കി.
''വാ..... അളിയാ'' അവന്‍ ഭക്തവത്സലനെ റൂമിലേക്ക് സ്വീകരിച്ചിരുത്തി. അവന്‍ മദ്യപിക്കാനുള്ള പുറപ്പാടിലാണ്.
''ഇവന്‍ ബ്രാ‍ണ്ടിയിലെ രാജാവാണ്! കിരീടം വയ്ക്കാത്ത രാജാവ്....''
മേശപ്പുറത്തിരിക്കുന്ന എം.എച്ച് ഫുള്‍ബോട്ടില്‍ കാണിച്ചുകൊണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.
''ഗ്ലാസ് ഒന്നുമതി, ഞാന്‍ മദ്യപിക്കില്ല''
ഭക്തവത്സലന്‍ മുന്നറിയിപ്പ് നല്കി. പ്രവീണ്‍കുമാറിന്‍റെ പ്രലോപനങ്ങളില്‍ വീണില്ല, കാരണം അവന്‍റെ തീരുമാനങ്ങള്‍ പാറപോലെ ഉറച്ചതാണ്.
'' എവിടുന്ന് ഒപ്പിച്ചളിയാ പാന്‍റുംഷര്‍ട്ടുമിട്ട ആ സാധനത്തിനെ??''
മദ്യം അകത്തുചെന്നപ്പോള്‍ പ്രവീണ്‍കുമാറിന്‍റെ മാന്യത മങ്ങിത്തുടങ്ങി.
''പെങ്ങളാടേ.....''
ചെയറില്‍ നിന്നും എഴുന്നേറ്റ ഭക്തവത്സലനെ അവന്‍ പിടിച്ചിരുത്തി.
'' ഒടിയനോടാണോ നിന്‍റെ മായ! മിന്നല്‍ പണിമുടക്കില്‍ കുടുങ്ങിപ്പോയ മാര്‍ക്കറ്റിംഗ് ജോലിക്കാരിയെ അളിയനങ്ങ് പൊക്കി, അതല്ലേ സത്യം?''
അവന്‍ ഭ്രാന്തമായ ആവേശത്താല്‍ മേശവലിപ്പില്‍ നിന്നും നോട്ടുകെട്ടുകള്‍ മേശപ്പുറത്തേക്ക് വച്ചു.
''ജസ്റ്റ് ഏന്‍ ഹവര്‍''
ഭക്തവത്സലന്‍ സിഗരറ്റ് കുറ്റിയില്‍ നിന്നും മറ്റൊന്നിലേക്ക് തീ പകര്‍ന്ന് ആഞ്ഞുവലിച്ചു. പുകച്ചുരുളുകള്‍ക്ക് ഇരുപുറമായി ഈരണ്ട് കണ്ണുകള്‍. കനലെരിയുന്ന കണ്ണുകള്‍!
ഇതേസമയം ഉറക്കമുണര്‍ന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു അജിത. അവള്‍ എഴുനേറ്റ് ലൈറ്റിട്ടു. 
''ഭക്തവത്സലന്‍ എവിടെ?!''
അവള്‍ അവിടെമൊത്തം പരതി, വാതിലിനടുത്തേക്ക് ചെന്നു. വാതില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു! അവളുടെ ഭയം നാലായി പെരുകി. ഏതു വിഷമഘട്ടത്തിലും അവള്‍ക്ക് തുണയാവാറുള്ളത് അച്ഛന്‍റെ ഓര്‍മ്മകളാണ്. അവളുടെ പല്ല്- മുകളില്‍ നടുവിലുള്ളത് വെപ്പാണ്. ആ ഓര്‍മ്മപ്പല്ലില്‍ നാവുകൊണ്ട് തുഴഞ്ഞ് അവള്‍ കട്ടിലില്‍ കുനിഞ്ഞുകൂടി ഇരുന്നു.
വാതില്‍ തുറക്കപ്പെട്ടപ്പോള്‍ ഭക്തവത്സലനു മുമ്പേ മുറിയിലേക്ക് പ്രവേശിച്ചത് മദ്യത്തിന്‍റെ രൂക്ഷ ഗന്ധമാണ്. ആ ഗന്ധം അജിതക്ക് അറപ്പാണ്, ഭയമാണ്.... അവള്‍ക്ക് മുഖം കൊടുക്കാതെ അവന്‍ വാഷ്ബേസിനു മുന്നിലെ കണ്ണാടിയില്‍ നോക്കി. നെറ്റിപൊട്ടി ചോര താഴേക്ക് ഒഴുകുന്നു! അവന്‍ മുഖം കഴുകി, മദ്യത്തില്‍ കുതിര്‍ന്ന ഷര്‍ട്ട് വെള്ളംതൊട്ട് തുടച്ചു.
'' എന്‍റെ സ്ഥാനത്ത് സ്വന്തം അനിയത്തി ആയിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്വോ?''
നിറകണ്ണുകളോടെയുള്ള ആ ചോദ്യത്തിനുപിന്നാലെ അവള്‍ പറഞ്ഞു നിര്‍ത്തിയ കഥയാണ് അവന്‍റെ നെഞ്ചുതകര്‍ത്തത്.
അവളുടെ ജീവിതകഥ!
അവളോട് ഒരു സോറി മാത്രം പറഞ്ഞുകൊണ്ട് അവന്‍ ഉറങ്ങാന്‍ കിടന്നു. ഇരുട്ടില്‍ അവളുടെ തേക്കങ്ങള്‍ ഹൃദയഭിത്തിയില്‍ ഉരക്കടലാസുപോലെ ഉരഞ്ഞുകൊണ്ടിരുന്നു.
''സമയം ആറായി......''
പുലര്‍ക്കാലത്ത് കിട്ടിയ ഉറക്കത്തില്‍ നിന്നും അവനെ ഉണര്‍ത്തിയത് അവളാണ്. ദേഹം അനക്കാന്‍ വയ്യാത്ത വേദനയോടെ അവന്‍ എഴുനേറ്റു. അവള്‍ ബാത്ത്റൂമില്‍ പോയ തക്കത്തില്‍ അവളുടെ ബാഗ് തുറന്ന് പരിശോധിച്ചു. നീല ചട്ടയുള്ള ഒരു ഡയറിയെടുത്ത് നിവര്‍ത്തി. ചോരയുടെ നനവുള്ള വരികള്‍...... അവസാനം എഴുതിയ കുറിപ്പില്‍ നിന്നാണ് അവനത് മനസിലാക്കിയത്- അടവു തെറ്റിയ ബാങ്ക് ലോണ്‍. ജപ്തി നേരിടേണ്ടിവന്നാല്‍ അവള്‍ മരിക്കും, തീര്‍ച്ച! ഇത് അവളുടെ അവസാനത്തെ ശ്രമമാണ്. ജീവിതത്തോടുള്ള അവസാന പോരാട്ടം!
അവന്‍ ജനല്‍പാളി തുറന്ന് പുറത്തേക്ക് നോക്കി. നഗരം ഉണര്‍ന്നിരിക്കുന്നു. ഇളംവെയിലില്‍ കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം തിളങ്ങുകയാണ്. ഒഴുകുന്ന ജനങ്ങള്‍... അതില്‍ എത്ര സ്ത്രീജനങ്ങള്‍! അജിതയെപ്പോലെ ജീവിതത്തോട് പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചവര്‍. അവരെയൊക്കെ ഏതുകണ്ണിലായിരുന്നു ഇത്രനാള്‍ കണ്ടിരുന്നത്? അജിതയെ പോലും......... വികല മനസിന് ചങ്ങലയിടാന്‍ വൈകിയതില്‍ അവന് മനസ്താപം തോന്നി. അജിതയുടെ വീട് ജപ്തി ചെയ്യരുത്, അമ്മയുടെ ചികിത്സയും അനിയന്‍റെ പഠിപ്പും മുടങ്ങരുത്.
ബോസ് പറഞ്ഞതാണ് ശരി. അവള്‍ സ്വന്തം സഹോദരിയാണ്!
റൂമൊഴിഞ്ഞ് പോകുമ്പോള്‍ ഭക്തവത്സലനും പ്രവീണ്‍കുമാറും മുഖം നോക്കിയില്ലെങ്കിലും, അവരുടെ മുഖത്തെ മുറിവുകള്‍ കണ്ണിറുക്കി ചിരിച്ചു. യശോദ ഹോട്ടലില്‍നിന്നും ഒരോ നെയ്റോസ്റ്റ് കഴിച്ച് അവര്‍ ബസില്‍കയറി. അവന്‍ മൂന്നുവര്‍ഷംകൊണ്ട് നേടിയ 
കച്ചവടതന്ത്രങ്ങളും അനുഭവങ്ങളുമെല്ലാം നാല് മണിക്കൂര്‍ യാത്രയില്‍ അവളുമായി പങ്കുവച്ചു.
വള്ളുവനാട്!
ഇരുവശവും നെല്‍പ്പാടങ്ങളുള്ള ചെമ്മണ്‍പാതയിലൂടെ അവര്‍ മുന്നോട്ട് നടന്നു. വാഴത്തോട്ടത്തിന് നടുവിലുള്ള ആ വീട്ടിലേക്ക് പടികള്‍ കയറി. വരാന്തയുടെ ഒരു കോണില്‍, ചാരുകസേരയില്‍ മയങ്ങിക്കിടക്കുന്ന മദ്ധ്യവയസ്കന്‍റെ നെറുകില്‍ അവനൊരു മുത്തം കൊടുത്തു. താടിയു തലയും നീണ്ട അയാളുടെ കാല് ചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നു. നാട്ടിലെ ലക്ഷപ്രഭുവായിരുന്നു. ബിസിനസ് പാര്‍ട്ട്ണറുടെ ചതിയെതുടര്‍ന്ന് ഉണ്ടായ ധനനഷ്ടം സമനില തെറ്റിച്ചു. മൂര്‍ച്ചയുള്ളതെന്തും കയ്യില്‍കിട്ടിയാല്‍ എല്ലാം വെട്ടിനിരത്തുന്ന കൊടുംഭ്രാന്തനാണിപ്പോള്‍. അവനും അജിതയും പൂമുഖത്തേക്ക് കയറിയിരുന്നു. കരഞ്ഞ് കണ്ണീരുവറ്റിയ അമ്മയും ശരീരവളര്‍ച്ച ഇല്ലാത്ത മോളും! വെളുത്ത ചുമരിലെ വാളില്‍ അജിതയുടെ കണ്ണുടക്കിയപ്പോള്‍, അവിടുത്തെ മുത്തച്ഛന്‍ കളരിക്കാരന്‍ ആയിരുന്നകാര്യം അവന്‍ പറഞ്ഞുകൊടുത്തു. വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതി ഭക്തവത്സലന്‍ ആ ചേച്ചിയെ ഏല്പിച്ചു.
''ഹാപ്പി ബര്‍ത്ത്ഡേ''
ആ വീട്ടില്‍ നിന്നിറങ്ങിയിട്ടും അവിടുത്തെ ദയനീയ മുഖങ്ങള്‍ അജിതയുടെ കണ്ണില്‍ നിന്നും മാഞ്ഞില്ല.
''നമ്മളൊക്കെ എത്ര ഭാഗ്യം ചൈതവരാ അല്ലേ''
അതെ..... അജിതയുടെ നാവില്‍ നിന്നും അവനു കേള്‍ക്കേണ്ടതും അതുതന്നെയായിരുന്നു.
''അവിടെ വേറെ ആരും ഇല്ലേ?''
അവന്‍ വിശദീകരിച്ചു-
''ഉണ്ട്, ആ ചേച്ചിക്കു താഴെ ഒരു മകന്‍. പ്രതീക്ഷയുടെ രാജകുമാരന്‍! അച്ഛന്‍റെ അസുഖം മാറും, ചേച്ചിയുടെ കുറവുകള്‍ സഹിച്ച് ഒരാള്‍ കല്ല്യാണം കഴിക്കും, അമ്മ ചിരിക്കും, അവന്‍റെ ജോലിയുടെ സ്ഥാനക്കയറ്റത്തിലൂടെ നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചുവരും..... ഈ പ്രതീക്ഷകളാണ് അവന്‍റെ ജീവവായു.''
ഭക്തവത്സലന്‍ ഒരു കള്ളച്ചിരിയോടെ ആ നീലച്ചട്ടയുള്ള ഡയറി അവള്‍ക്കുനേരെ നീട്ടി.അവള്‍ ചമ്മലോടെ അതുവാങ്ങി മറിച്ചുനോക്കി. മരണക്കുറിപ്പുകളൊക്കെ അടര്‍ത്തി മറ്റി, ആല്‍ഫ്രഡ് പി. സ്ളോവാന്‍റെ പ്രയോഗത്തോടെ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു.
''ദ ബിസിനസ് ഓഫ് ബിസിനസ് ഈസ് ബിസിനസ്''
അവളത് മനസില്‍ ഉരുവിട്ടു.
ഇരുമ്പ്ഗേറ്റില്‍ 'കെ.കെ.മേനോന്‍' എന്നെഴുതിവച്ച വീട്ടിലേക്ക് അജിതയെ വില്‍പ്പനക്കു പറഞ്ഞുവിട്ട് അവന്‍ ഒരു സിഗരറ്റ് ചുണ്ടില്‍ തിരുകി.
മുന്ന് മാസങ്ങള്‍ക്കു ശേഷം അജിത ട്രൈനറും ഭക്തവത്സലന്‍ അസിസ്റ്റന്‍റ് മാനേജറുമായി. ഒരു മലയാളി പെണ്‍കുട്ടി മൂന്നുമാസം കൊണ്ട് ട്രൈനറായതിന്‍റെ പെരുമ കാനഡയിലെ ഹെഡ്ഡ് ഓഫീസിലും എത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഗോള്‍ഡ് മെഡല്‍ കിട്ടിയപ്പോഴാണ്, അതൊരു അത്ഭുതമായിരുന്നെന്ന് അജിതയ്ക്കു മനസിലായത്. അവള്‍ ആദ്യമായി വിജയമണി മുഴക്കിയത് ഓര്‍ത്തു. അതില്‍ ഭൂരിഭാഗവും ഭക്തവത്സലന്‍റെ വില്‍പ്പനകളായിരുന്നു.അതിനുശേവും എത്രയെത്ര വില്‍പ്പനകള്‍.......... ഞായറാഴ്ചകളില്‍ ജോലിക്ക് വിളിക്കുമ്പോള്‍ എത്ര ശപിച്ചിട്ടുണ്ട് ആ പാവത്തിനെ?
അവള്‍ ഡയറിയെടുത്ത് രണ്ടാംപേജില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു-
''ഭക്തവത്സലന്‍.
എ കണ്‍സള്‍ട്ടിങ് സെയില്‍സ് എഞ്ചിനീയര്‍''
തോപ്പുംപടി പാലത്തിനു മുകളില്‍നിന്നും താഴോട്ട് നോക്കിനില്ക്കുമ്പോള്‍ ഭക്തവത്സലന്‍റെ മനസ് നീറി. അജിത പോവുകയാണ്. സീനിയര്‍ ട്രൈനറായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം. പിറ്റേന്ന് രാവിലെ അവളെയാത്രയാക്കാന്‍ നോര്‍ത്ത് സ്റ്റേഷനിലേക്ക് അവന്‍പോയി. പിരിയാന്‍നേരത്തെ ഹസ്തദാനത്തില്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ബ്രാഞ്ച് മാനേജറുടെ മിനിമം മാസവരുമാനം മൂന്നുലക്ഷം രൂപയാണെന്ന് ഓര്‍മ്മിപ്പിച്ച്, എ.പി. സ്ളോവാന്‍റെ പ്രയോഗം കൊണ്ട് അവളെ ചിരിപ്പിച്ച് യാത്രയാക്കി.
അജിതയുടെ സാന്നിദ്ധ്യത്തില്‍ ട്രിവാന്‍ഡ്രം ബ്രാഞ്ചിന്‍റെ സെയില്‍സ് ഗ്രാഫ് കുതിച്ചുയര്‍ന്നു. ആ ഗോള്‍ഡ് മെഡല്‍ അവിടെ അവളുടെ സ്വര്‍ണ്ണ ചിറകുകളായി മാറി. പത്ത് ട്രൈനര്‍മാരെ സൃഷ്ടിക്കുക എന്ന കടമ്പ കടക്കാതെതന്നെ അവള്‍ ബ്രാഞ്ചിന്‍റെ ചീഫ് ആയിമാറി. 
അത്താഴപട്ടിണി കിടന്നിരുന്ന കാലത്ത് മാളത്തിലൊളിച്ച ബന്ധുക്കളൊക്കെ ഇപ്പോള്‍ തലപൊക്കി തുടങ്ങി. വീട് വീണ്ടെടുത്തു, അനിയനെ മെഡിസിന് ചേര്‍ത്തു, ചികിത്സയുണ്ടെങ്കിലും അമ്മയുടെ ഹൃദ്രോഗത്തിനും കാര്യമായ മാറ്റമുണ്ട്. ഈ സന്തോഷങ്ങളൊന്നും അറിയേണ്ട ഒരാള്‍ അറിഞ്ഞിട്ടില്ല എന്നതാണ് അവളുടെ ഏകദുഃഖം.
ട്രയിന്‍ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ലോ റണ്ണിങ്ങിലാണ്. അവള്‍ എഴുന്നേറ്റ് ഡ്രസ്സിന്‍റെ ചുളിവുകള്‍ വലിച്ചുനിവര്‍ത്തി ഇറങ്ങാന്‍ തയ്യാറായി. ഇരുവശവും നെല്‍പ്പാടങ്ങളുള്ള ആ റോട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ അവളുടെ നെഞ്ചിടിപ്പ് കൂടി. ആ റോഡ് ടാര്‍ ചൈതിരിക്കുന്നത് മാത്രമാണ് കാലത്തിന്‍റെ മാറ്റം. ഭക്തവത്സലന്‍ പണ്ട് പറഞ്ഞപ്രകാരം
അവള്‍ നീല ടോപ്പും വൈള്ള ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. അതിന് ചേരുന്ന ഇനാമല്‍ ജിമുക്കിയും.അവന്‍ നീലഷര്‍ട്ടും വെള്ള മുണ്ടും ഉടുത്തുവന്നാല്‍....... കാണുന്നവരൊക്കെ പറയട്ടെ പ്രണയജോഡികളെന്ന്!
അവന്‍റെ കല്ല്യാണം കഴിഞ്ഞുകാണുമോ?
അവള്‍ ടോസിട്ടുനോക്കി. ഇല്ല.... കഴിഞ്ഞിട്ടില്ല. ഒറ്റനാണയം സത്യമേ പറയൂ...... അതാണ് അവളുടെ വിശ്വാസം.
വാഴത്തോട്ടത്തിന് നടുക്കുള്ള വീട് പ്രതീക്ഷിച്ച അവള്‍ കണ്ടത് കാടുകയറിയ ആ വീടാണ്! അവിടെ ഭ്രാന്തനെ ചങ്ങലയിട്ടിരുന്ന ആ വരാന്തയിലേക്ക് കാട് അതിക്രമിച്ചിരിക്കുന്നു. അവിടെയിരുന്ന് ചുവന്ന കണ്ണുള്ള ചെമ്പോത്ത് എന്തോ കൊത്തിവലിക്കുന്നു. അവിടെ ആള്‍താമസമില്ലെന്ന് അറിഞ്ഞ്‌ നിരാശയോടെ മടങ്ങുമ്പോഴാണ് 'കെ.കെ.മേനോന്‍' എന്നെഴുതിയ വീട് കണ്ടത്. ആദ്യമായി അവളില്‍നിന്നും പുസ്തകം വാങ്ങിയ അവിടുത്തെ മുത്തശ്ശിയെ കാണാന്‍ തോന്നി. അവര്‍ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു...... അന്ന് എന്തൊരു പ്രസരിപ്പായിരുന്നു മുഖത്ത്! അവള്‍ പണ്ടത്തെ കഥ പറഞ്ഞ് അവരില്‍ ഓര്‍മ്മ വരുത്തി. ഇറങ്ങാന്‍ നേരം ഒട്ടും പ്രതീക്ഷയില്ലാതെ അവള്‍ ചോദിച്ചു- ഭക്തവത്സലന്‍റെ വീട് അറിയുമോ?
അവര്‍ ആ കാടുകേറിയ വീട്ടിലേക്ക് വിരല്‍ചൂണ്ടിയപ്പോള്‍ അജിത ഞെട്ടി. 
ആ പ്രതീക്ഷയുടെ രാജകുമാരന്‍ അവനായിരുന്നോ......?
''അവരിപ്പോള്‍ എവിടെ?''
മുത്തശ്ശിയുടെ കണ്ണുനിറയുന്നത് അവള്‍ കണ്ടു.
''പെറ്റമ്മയുടേയും കൂടപ്പിറപ്പിന്‍റേയും ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന കണ്ടപ്പോള്‍, പ്രതിയോഗി ജനിപ്പിച്ച തന്തയാണെന്ന് നോക്കീലാ.......''
തലകറക്കം അനുഭവപ്പെട്ടപ്പോള്‍ അജിത അവരെ മുറുക്കെ പിടിച്ചു.
''അവന്‍??''
മുത്തശ്ശി വേഷ്ടിയുടെ കോന്തലകൊണ്ട് മുഖം അമര്‍ത്തി തുടച്ചു...
''ഒരുദിവസം ജയിലുചാടി വന്ന്..............''
അജിത അവരുടെ തലയിലെ വെള്ളി നാരുകളില്‍ മുഖം പൂഴ്ത്തി.
അവളുടെ ഉള്‍കണ്ണില്‍ ആ രംഗം തെളിഞ്ഞുവന്നു....
നടന്നുവരുന്ന ഭക്തവത്സലന്‍. എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന മുടിയും കുറ്റിത്താടിയും. ചുവന്നകണ്ണുകള്‍.... ചുമരിലെ വാളെടുത്ത് സ്വയം വയറ്റിലേക്ക് കുത്തിയിറക്കുന്നു. വാള്‍പിടിയിലൂടെ താഴേക്ക് ഒറ്റിവീഴുന്ന ചോരത്തുള്ളികള്‍...
വേദന കടിച്ചമര്‍ത്തുന്ന പല്ലുകള്‍ക്കുള്ളില്‍ കിടന്ന് നാവ് പിടഞ്ഞു....... മാപ്പ്.
ജീവിതത്തിന്‍റെ താക്കോല് സമ്മാനിച്ച ഓര്‍മ്മയിലെ കൂട്ടുകാരനോട് മാത്രമായി അവള്‍ മന്ത്രിച്ചു.
''ഭക്താ..... ഞാന്‍...... മാനേജറായിട്ടോ.......''
_____________________________________
രമേഷ് പാറപ്പുറത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo