അദില്‍ മുഹമ്മദിന്‍റെ രാജകുമാരി(കഥ)
________________________________________
ഷാഹിതയുടെ നുണക്കുഴി കവിളിലേക്ക് മജീദ് കൈവീശി അടിച്ചപ്പോള്‍, വേച്ചുപോയ അവളെ പുറകിലെ മണ്‍ചുമര് താങ്ങിനിര്‍ത്തി. മജീദിന്‍റെ ചൂണ്ടുവിരല്‍ അവള്‍ക്കുനേരെ നിന്ന് വിറച്ചു.
''അറക്കും ഞാന്‍''
ജീവിതത്തില്‍ ആദ്യമായാണ് മജീദ് അവളുടെമേല്‍ കൈവയ്ക്കുന്നത്. അവനെ പറഞ്ഞിട്ട് കാര്യമില്ല, ഇത്തരം കുരുത്തക്കേട് കാണിച്ചാല്‍ ആരായാലും തല്ലിപോകും. ചിലപ്പോള്‍ കൊന്നെന്നും വരും! എല്ലാത്തിനും ഒരു പരിധിയില്ലേ..........?
ഷാഹിതയ്ക്ക് കുട്ടികളെ ജീവനാണ്. ജീവനേക്കള്‍ ജീവന്‍! രണ്ടില്‍ പഠിക്കുന്ന ആഷികും നാല് വയസുകാരി ആദിയയും അവളുടെ മടിത്തട്ടിന് വേണ്ടിയുള്ള യുദ്ധത്തിലാണ്. രണ്ടുപേരേയും പിണക്കാന്‍ വയ്യാ......... അവള്‍ ആഷികിനെ പിടിച്ച് മടിയിലിരുത്തിയിട്ട് ആദിയയെ മാറില്‍ കിടത്തി. എന്നിട്ട് ഷാഹിത അവളുടെ വായതുറപ്പിച്ച് നോക്കി. വായിലെ പുണ്ണിന് കാര്യമായ മാറ്റമുണ്ട്. കാക്കക്കുട്ടിയുടെ തൊള്ളപോലത്തെ തുടുപ്പൊക്കെ പോയിരിക്കുന്നു. കാച്ചിയമോര് കുടിപ്പിച്ചും കാടിക്കൂര്‍ക്കയില തീറ്റിച്ചുമാണ് അവളത് മാറ്റിയെടുത്തത്. പക്ഷേ ഇല തിന്നണമെങ്കില്‍ ആദിയായ്ക്ക് ഒരു കണ്ടീഷനുണ്ട്. ഒന്ന് ഷാഹിത തിന്നാലേ ഒന്ന് അവളും തിന്നൂ.
"ആദിക്ക് ദുനിയാവില് ഏറ്റോം ഇഷ്ടള്ള ആളാരാ...??"
ആദിയ നിസ്സംശയം പറഞ്ഞു.
"ശായിതാമ്മ"
ഷാഹിത അവളെ കൂട്ടിലിട്ട് താലോലിച്ചു. ആ സ്നേഹക്കൂട്ടിലേക്ക് ആഷിക് നുഴഞ്ഞുകയറി. അവന്‍റെ പല്ല്- കീഴ്നിരയില്‍ നടുക്കുള്ളത് ഇളകുന്നുണ്ട്. ഷാഹിത അവന്‍റെ തല, മാറോടുചേര്‍ത്തുവച്ച് കണ്ണിറുക്കി പതുക്കെ വലിച്ചു.
ആഷികിന്‍റെ ആദ്യത്തെ പാല്‍പല്ല് അവനോട് വിടപറഞ്ഞു! അവളത് തലചുറ്റി പുരപ്പുറത്തേക്ക് എറിഞ്ഞു.
"ആനപല്ല് പോയി കീരിപല്ല് വരട്ടെ!"
ആദിയ അവരുടെ പതിവ് സവാരിക്കുവേണ്ടി ശാഠ്യംപിടിച്ചു. ആദിയയെ തോളിലിട്ട്, ആഷികിന്‍റെ വിരല്‍തുമ്പുപിടിച്ച് ഷാഹിത ചാത്തന്‍പറമ്പിലേക്ക് നടന്നു. അവിടുത്തെ വലിയ കുളമാണ് ആദിയയുടെ സ്വര്‍ഗം! അവള്‍ക്ക് ദിവസവും അതിലിറങ്ങിയൊന്ന് തത്തിക്കളിക്കണം. പിന്നെ പോകുന്ന വഴിക്കുള്ള ഭൂതത്താന്‍ കിണറിന്‍റെ ആഴവും നോക്കണം. കിണറിനുള്ളില്‍ വളര്‍ന്നു നില്ക്കുന്ന ചുടലപ്പാറകവും, അതിനെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന കാട്ടുവള്ളികളും കണ്ടാലേ പേടിതോന്നും. ആ കിണറ്റിലേക്ക് ചാടാനെന്നപോലെ നില്ക്കുന്ന കരിമ്പന ഒരു അത്ഭുതമാണ്. അതിന്‍റെ മുക്കാല്‍ഭാഗം വേരുകളും അന്തരീക്ഷത്തിലാണ്. ഒരു പ്രത്യേക കോണില്‍ പന നില്ക്കുന്നത് വായുവിലാണെന്ന് തോന്നിപ്പോകും!
"പനയിലെ യക്ഷിക്ക് കുളിക്കാന്‍ ഭൂതത്താന്‍ കുഴിച്ച കിണറാണത്"
ഇത് നൂറ്റൊന്ന് വയസുള്ള ചാമിക്കുട്ടിയുടെ വാദമാണ്; നാട്ടുകാര്‍ക്ക് ആര്‍ക്കുംതന്നെ അതിനോട് എതിരഭിപ്രായവും ഇല്ല. അവര്‍ പരസ്പരം ചോദിക്കുന്ന ചോദ്യം ഇതാണ്-
"കാറ്റിലും മഴയിലും ആ പനയെന്താ കടപുഴങ്ങി വീഴാത്തത്!?"
ഉത്തരവും അവര്‍തന്നെ പറയും.
"യക്ഷി ചില്ലറക്കാരിയല്ല"
അവര്‍ മൂന്നുപേരും വളരെ കരുതലോടെ കിണറിലേക്ക്എത്തിനോക്കി.
ഇരുട്ട്......!
പ്രഭാതസൂര്യന്‍റെ ഒരു വെള്ളിരേഖ മാത്രം ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് കാണാം. പനമുകളില്‍ ഉണക്കപ്പട്ടകള്‍ക്ക് ഇടയില്‍നിന്നും പറമെരുക് ചിറകടിച്ചപ്പോള്‍ ആദിയ, ഷാഹിതയുടെ മാറിലൊളിച്ചു.
അവര്‍ നടത്തം തുടര്‍ന്നു....... ഇനി കുത്തനെയുള്ള ഒരു കയറ്റമാണ്. പതിവുപോലെ ആഷിക്കിന്‍റെ കൈകള്‍ ഷാഹിതയ്ക്ക് നേരെ ഉയര്‍ന്നു. അവള്‍ രണ്ടുപേരെ എങ്ങനെ എടുക്കും? അവന്‍ സ്ഥിരം നമ്പര്‍ തട്ടിവിട്ടു.
"ആഷിക്കൂനും ഷായിതാമ്മെ പെരുത്ത ഇഷ്ടാണ്."
പിന്നെ അപ്പീലില്ല, അവനെ വാരിയെടുത്ത് അവള്‍ ഒക്കത്തുവച്ചു. രണ്ടു കുട്ടികളേയും എടുത്ത്, വളരെ ആയാസപ്പെട്ട് കുന്നുകയറി. അവരെ കണ്ടപ്പോള്‍ കുളക്കരയില്‍ നിന്നും ഒരു പൊന്‍മാന്‍ ദൂരേക്ക് പറന്നുപോയി. ഉറക്കത്തിലായിരുന്ന കുളം ആദിയയുടെ ചവിട്ടേറ്റ് പുളകംകൊണ്ടു. അവള്‍ കുഞ്ഞോളങ്ങളെ കോരിയെടുത്ത്, പളുങ്ക് മുത്തുകളായ് മേല്‍പ്പോട്ടെറിഞ്ഞു. കുളത്തിന് സമീപത്ത് കാണുന്ന മണ്‍ചുമരുകളുള്ള ഒാടുമേഞ്ഞ ചെറിയ പുര, പണ്ടത്തെ കാവല്‍പുരയാണ്. ഷാഹിതയുടെ ഉപ്പ മീന്‍ വളര്‍ത്തിയിരുന്ന കാലത്ത് കാവല്‍ക്കാരന്‍ തങ്ങിയിരുന്ന കൂര. ചിതലരിച്ച് ദുര്‍ബലപ്പെട്ട വാതില്‍ തുറന്ന് അവര്‍ അകത്തേക്ക് പ്രവേശിച്ചു. ജനലഴിയില്‍ തൂങ്ങിക്കിടക്കുന്ന കുരുവിക്കൂട്ടില്‍ നിന്നും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു. അമ്മക്കുരുവിയും രണ്ട് കുഞ്ഞുങ്ങളും! പടച്ചോന്‍റെ ഓരോ വിലാസങ്ങള്‍.........
മുമ്മൂന്ന്- ഒമ്പത് ഫ്ലയിങ് കിസ്സുകള്‍ കുരുവിക്കൂട്ടിലേക്ക് അയച്ച് അവര്‍ വീട്ടിലേക്ക് മടങ്ങി.
ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന്‍ ആദിയ മുലപ്പാലിനുവേണ്ടി ശ്രമിച്ചപ്പോള്‍ ഷാഹിതയ്ക്ക് ആദ്യം ചിരിയാണുവന്നത്. പാല് കിട്ടാതെ അവള്‍ നിരാശയോടെ മടങ്ങിയപ്പോള്‍ ഷാഹിതയുടെ മുഖവും വാടി.
സ്ഥാനം കൊണ്ട് അമ്മായി ആണെങ്കിലും......................
ഉമ്മയുടെ സ്ഥാനവും മകളുടെ സ്നേഹവും തന്ന ആ കുരുന്നിനെ താന്‍ വഞ്ചിച്ചുവോ? അവളെ കുറ്റബോധം വീര്‍പ്പുമുട്ടിച്ചു.
ഷാഹിതയുടെ കല്ല്യാണം വര്‍ഷങ്ങള്‍ക്കു മുമ്പ് കഴിഞ്ഞതാണ്.
നല്ല ബന്ധം. ബാദ്ഷായും കുടുംബവും സ്നേഹനിധികളായിരുന്നു. ഗര്‍ഭം ധരിക്കാതെ വന്നപ്പോള്‍ ചികിത്സ ആരംഭിച്ചു. ചികിത്സയുടെ ഭാഗമായി രണ്ടു തവണ ലാപ്രോസ്കോപ്പിക് സര്‍ജറിയും ചെയ്യേണ്ടിവന്നു. എന്നിട്ടും ഫലമൊന്നും ലഭിക്കാഞ്ഞ് പ്രശസ്ത ഡോക്ടര്‍ എസ്.റാവുവിന്‍റെ സേവനംതേടി. ഒരു ടെസ്റ്റ്ട്യൂബ് ശിശുവിനുള്ള സാദ്യതപോലും ഇല്ലെന്ന് അയാള്‍ പറയുന്നതുവരെ പ്രതീക്ഷകളുണ്ടായിരുന്നു. ശസ്ത്രക്രിയയിലെ പിഴവുകളാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് അറിഞ്ഞപ്പോള്‍ വേദന ഇരട്ടിയായി. ബാദ്ഷയുടെ നെഞ്ചിന്‍റെ ചൂട് എല്ലാ വേദനകളിലും അവള്‍ക്ക് ആശ്വാസമേകി. പിന്നീട് അവന്‍റെ മനസില്‍ പുനര്‍വിവാഹത്തിന്‍റെ മുള പൊട്ടിയപ്പോള്‍...........
ഹൃദയത്തില്‍ നിന്നും ഹൃദയം പറിച്ചുവച്ച് അവള്‍ ആ വീടിന്‍റെ പടികളിറങ്ങി.
ഇപ്പോള്‍ ഷുഗര്‍ പേഷ്യന്‍റായ അദില്‍ മുഹമ്മദിനും ഭാര്യ ആയിഷക്കും മകളുടെ സാനിദ്ധ്യം ഒരനുഗ്രഹമാണെങ്കിലും ഉള്ളില്‍ തീയ്യാണ്. അവരുടെ കണ്ണുകള്‍ അടഞ്ഞാല്‍..........
ആദിയ വന്ന് ഒരു കഷ്ണം കോഴിക്കോടന്‍ ഹല്‍വ വായിലേക്ക് തിരുകിയപ്പോഴാണ് ഷാഹിത ആലോചനയില്‍നിന്നും ഉണര്‍ന്നത്. ഉമ്മയും മജീദ്ക്കായും അടുക്കളയില്‍ അത്താഴത്തിനുള്ള പോത്ത് ബിരിയാണിയുടെ തിരക്കിലാണ്. ബിരിയാണി നന്നാവണമെങ്കില്‍ ഇക്കാക്ക തന്നെ വയ്ക്കണം. പെട്ടി ഒരുക്കുന്ന ഫസീലയെ തുണികള്‍ മടക്കിക്കൊടുത്ത് ഷാഹിത സഹായിച്ചു. അവധിക്കുവന്ന മജീദും കുടുംബവും നാളെ തിരിച്ചു പോവുകയാണ്. മജീദ് മെക്കാനിക്കല്‍ എഞ്ചിനീയറും ഫസീല ഫാര്‍മസിസ്റ്റുമാണ്. അവരുടെ ജോലിത്തിരക്ക് കാരണം വീട്ടുജോലിക്കും കുട്ടികളെ നോക്കാനും വേണ്ടി ഒരു സ്ത്രീയെ നിര്‍ത്തിയിട്ടുണ്ട്. ആദിയക്ക് ആ താത്തയെ തീരെ ദഹിക്കാരുമില്ല.
ആഷിക് ഒഴികെ മറ്റാര്‍ക്കും ഒരുഷാറില്ല. അവന്‍ ഒരു വിമാനയാത്രയുടെ ത്രില്ലിലാണ്. കൂടെ ചെന്നാല്‍ മക്കയും മദീനത്തെ പള്ളിയും കാണിച്ചു കൊടുക്കാമെന്ന് ഷാഹിതയോട് പറഞ്ഞു. ഒരിക്കല്‍ വരാമെന്ന് അഷികിന് അവള്‍ വാക്കും കൊടുത്തു.
പതിവുപോലെ ആദിയ ഷാഹിതയ്ക്കൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. അടരുവാനാവാതെ ആ രണ്ടുഹൃദയങ്ങളും തേങ്ങി. നാളെ നേരം പുലര്‍ന്നാല്‍...........
അവള്‍ക്കത് ഓര്‍ക്കാന്‍കൂടി വയ്യ.
"ശായ്താമ്മ എന്തിനാ കരയണേ......?"
സങ്കടം കൊണ്ടാണ്........
"അടുത്ത കൊല്ലം വരുമ്പോഴും ആദിയെന്നെ ഉമ്മാന്ന് വിളിക്ക്വോ?"
ആലോചനയോടെയാണ് ആദിയ മറുപടി പറഞ്ഞത്
"ഞാന്‍ സൗദിക്ക് പോണില്ല!!"
ചുടു നിശ്വാസങ്ങള്‍കൊണ്ട് കഥകള്‍ പറഞ്ഞുപറഞ്ഞ് അവര്‍ ഉറക്കത്തിലേക്ക് വഴുതിവീണു. സുബഹ്ബാങ്കിനു പിന്നാലെ വലിയൊരു ഞെട്ടലോടെയാണ് ആ കുടുംബം ഉണര്‍ന്നത്.
ആദിയായേം ഷാഹിതാനേം കാണാനില്ല!!
"ബദിരീങ്ങളേ......"
ആയിഷുമ്മ നെഞ്ചില്‍ കൈവച്ചു. ഫസീല തളര്‍ന്നു വീണു. ആദിയയെ പെറ്റ വയറല്ലേ, എങ്ങനെ സഹിക്കും?
"ആദൂ.......ഷാഹീ......."
മജീദിലെ ബാപ്പയും ഇക്കാക്കയും പരാഭ്രാന്തിയോടെ വീടുമൊത്തം അരിച്ചുപ്പെറുക്കി. അടക്കിപ്പിടിച്ച കരച്ചിലുകള്‍ നിലവിളികളായി ഉയര്‍ന്നപ്പോള്‍ സംഭവം അയല്‍വാസികളും അറിഞ്ഞു. ഭൂതത്താന്‍ കിണറിന്‍റെ ഭീകരരൂപം മജീദിന്‍റെ മനസില്‍ തെളിഞ്ഞു. അയല്‍ക്കാരുമൊത്ത് അയാള്‍ അങ്ങോട്ടോടി. കാടുവെട്ടിത്തെളിക്കാന്‍ മടവാക്കത്തി ഓങ്ങിയപ്പോള്‍ പനയില്‍നിന്നും ഒരു പച്ചപ്പട്ട നിലംപതിച്ചു! എല്ലാവരും ഭീതിയോടെ മേല്‍പ്പോട്ടുനോക്കി. ആ തിരച്ചില്‍ ചെന്നെത്തിയത് ചാത്തന്‍പറമ്പിലെ കുളത്തിലും കാവല്‍പുരയിലുമാണ്. പുരയുടെ വാതില്‍ ഉള്ളില്‍നിന്നും കൊളുത്ത് ഇട്ടിരിക്കുന്നു! പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍, വാതില്‍ ചവിട്ടി തുറന്നു. വലിയ ശബ്ദംകേട്ട് കുരുവി കൂട്ടില്‍നിന്നും പറന്നുപോയി.
ഇരുട്ടുമൂലയില്‍ കുഞ്ഞിനെ മാറില്‍ അടക്കിപ്പിടിച്ച് ഷാഹിത നില്ക്കുന്നു! മജീദ് മകളെ അവളില്‍നിന്നും ബലമായി അടര്‍ത്തിയെടുത്തു. മജീദിന്‍റെ അടിക്കുപിന്നാലെ ഫസീലയുടെ തീക്കണ്ണുകള്‍ അവളെ ദഹിപ്പിച്ചു.
"നിര്‍ത്തി, വെക്കേഷന്‍ എന്ന മാമാങ്കം. എന്തു വിശ്വാസത്തിലാ ഈ മാരണങ്ങളുടെ അടുത്തേക്ക് വരുന്നത്?"
ഫസീല നിന്ന് ജ്വലിച്ചു.
ഉമ്മ, ഉപ്പ, നാട്ടുകാര്‍....... എല്ലാവരുടെ കണ്ണുകളും അവജ്ഞയോടെ പിന്‍വാങ്ങിയപ്പോള്‍ ഷാഹിത മണ്‍ചുമരിലേക്ക് ചാരിനിന്ന് തേങ്ങി. മരണവേഗത്തില്‍ വന്ന് കുരുവി മക്കളെ നിരീക്ഷിച്ചു. ഷാഹിതയെ ആശ്വാസിപ്പിക്കാനെന്നോണം അത് കൂടിന് പുറത്തിരുന്ന് പതുക്കെ ചിലച്ചു.
ആദിയയുടെ അന്തര്‍ജ്ഞാനത്തില്‍ നിന്നും ഉടലെടുത്തതാണ് കാവല്‍പുരയിലെ ഒളിച്ചിരിക്കല്‍. ഷാഹിതയെ പിരിയാതിരിക്കാന്‍ അവള്‍ക്ക് പെട്ടെന്ന് കിട്ടിയ പോംവഴി. ആദ്യം കുറേ എതിര്‍ത്തെങ്കിലും, ആ നാലുവയസുകാരിയിലെ സൂത്രശാലിക്കു മുന്‍പില്‍ ഷാഹിത കീഴടങ്ങി. സമ്മതിച്ചില്ലെങ്കില്‍....... അവള്‍........ ആദിയയുടെ സ്നേഹം അവളെ അടിമയാക്കിയിരുന്നു.
വരട്ടിയ ഇറച്ചിയും അച്ചാറും അടങ്ങുന്ന ബാഗ് ഷാഹിതയാണ് കാറിലേക്ക് എടുത്തുവച്ചത്. വണ്ടിയിലേക്ക് കയറുമ്പോള്‍ ആഷിക് അവള്‍ക്കുനേരെ കൈകാണിച്ചപ്പോള്‍ വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചമര്‍ത്തി അവളും കൈകാണിച്ചു. കൈയ്യും തലയും പുറത്തേക്കിട്ട് ആദിയ കാറിക്കരയുകയാണ്. ഫസീല അവളെ വാരിവലിച്ച് തല്ലുമ്പോള്‍ ഷാഹിത മുഖം തിരിച്ചു. ഷാഹിതയുടെ മുഖത്തേക്കൊന്ന് നോക്കുവാന്‍പോലും കരുത്തില്ലാതെ ഇരിക്കുകയാണ് മജീദ്. തല്ലിയതിലല്ല അവന് വിഷമം, പറഞ്ഞ വാക്കുകള്‍.......... വയ്യാത്ത ഉപ്പയേയും ഉമ്മയേയും കൊണ്ട് ഒന്നരമാസമാണ് ആശുപത്രിവാസം കഴിച്ചുകൂട്ടിയത്. അവള്‍ വീട്ടിലില്ലെങ്കില്‍..................
ആ സഹോദര ഹൃദയം അണപൊട്ടി ഒഴുകാതിരിക്കാന്‍ വേണ്ടി ഗൗരവക്കാരനെ പോലെ മുഖം വീര്‍പ്പിച്ച് ഇരുന്നു.
പൊടി പറത്തികൊണ്ട് കാര്‍ മുന്നോട്ട് ചലിച്ചു.
"ശായ്താമ്മാ...... ശായ്ത....."
ആദിയയുടെ വിളികള്‍ നേര്‍ത്തുനേര്‍ത്ത് കേള്‍ക്കാതെയായി. കാര്‍ ഒരു ചുവന്ന പൊട്ടായി മറയുന്നതുവരെ ഷാഹിത നോക്കിനിന്നു.
അടുക്കളയില്‍ നിന്നും കിടപ്പുമുറിയില്‍ നിന്നുമെല്ലാം അവളുടെ ചിരിയും കൊലുസിന്‍റെ കിലുക്കവും കേള്‍ക്കുന്നപോലെ! അരുമക്കിടാവിനെ നഷ്ടപ്പെട്ട അമ്മയെപ്പോലെ ഷാഹിത അടയാളങ്ങള്‍ തിരഞ്ഞുനടന്നു. കുഞ്ഞിക്കാലടി പതിഞ്ഞ വെള്ളുത്ത കിടക്കവിരിയും കുഞ്ഞരിപല്ലുകൊണ്ട് കടിച്ചു കീറിയ നീല മക്കനയും അവളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്!
ഇന്‍സുലിന്‍ കുത്തിവെക്കാന്‍വേണ്ടി ഷാഹിത അടുത്തേക്ക് വന്നപ്പോള്‍ അദില്‍ മുഹമ്മദ് സിഗരറ്റ് നിലത്തിട്ട് ചവിട്ടി. അവള്‍ കണ്ടാല്‍ കലമ്പും, പുകവലിക്കരുതെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. മജീദ് ആദിയയെ വളര്‍ത്തുന്നതിനേക്കാള്‍ പൊലിവോടെയാണ് അയാള്‍ ഷാഹിതയേയും വളര്‍ത്തിയത്. അദില്‍ മുഹമ്മദിന്‍റെ രാജകുമാരിയാണ് ഷാഹിത!
അവളുടെ കവിളില്‍ രൂപപ്പെട്ട മജീദിന്‍റെ കൈപത്തിക്ക് മുകളില്‍ അയാളുടെ ചുളിവീണ വിരലുകള്‍ ചലിച്ചു.
ഷാഹിതയുടെ മനോവ്യഥ അദില്‍ മുഹമ്മദിന്‍റെ വെളുത്ത നെഞ്ചിലേക്ക് പെയ്തിറങ്ങി.
"അദിലുപ്പാടെ കുട്ടി കരയണ്ട."
_____________________________________
രമേഷ് പാറപ്പുറത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക