Slider

''എങ്കിലും എന്റെ വായനക്കാരാ !!!(നർമ്മ കഥ)

0

''എങ്കിലും എന്റെ വായനക്കാരാ !!!(നർമ്മ കഥ)
=================
'''ഉമ്മറത്തെ,
തൂണിൽ ചാരി നിന്ന് , കെെയ്യും കെട്ടി ആകാശത്തേക്കും നോക്കി നില്ക്കുകയാണ് ചവറ ചാക്കോച്ചൻ,
ചവറയെ അറിയില്ലേ, ??
സാഹിത്യ ഗ്രൂപ്പുകളിൽ നർമ്മ കഥകളെഴുതുന്ന ഹാസ്യ എഴുത്തുകാരൻ,
,മുറ്റമടിക്കാനായി ചൂലും കൊണ്ട് അവിടേക്ക് വന്ന ചവറയുടെ പയറ് മണി പോലുളള ഭാര്യ തന്റെ കെട്ട്യോന്റെ ആ നിശ്ചല നില്പ്പ് കണ്ട് ചോദിച്ചു,
എന്തോന്നാ മനുഷ്യാ , നിങ്ങള് മാനത്തേക്കും നോക്കി നില്ക്കണെ ,??
ചവറ തല തിരിച്ച് ഭാര്യയേ നോക്കി പറഞ്ഞു,
''എടി, നമുക്കെത്ര നേരം വേണേലും നോക്കി നില്ക്കാൻ പറ്റിയ സ്ഥലമാണെടീ ആകാശം ,എത്ര നോക്കിയാലും ആകാശത്തിനൊരു പരിഭവവുമില്ല, പരാതിയുമില്ലാ, !
പിന്നെ എവിടെ നോക്കിയാലാ പരാതി, ?
അതു ശരി, അതറിയൂലാ, എടി,
പെണ്ണുങ്ങടെ മുഖത്തേക്ക് തുറിച്ച് നോക്കാൻ പറ്റോ,
പീഡനമാകില്ലേ?
അയൽക്കാരനെ നോക്കിയാൽ അവൻ പറയും,
എന്താ സൂക്ഷിച്ച് നോക്കുന്നത്, ആ നോട്ടം കണ്ടിട്ട് എന്തോ പന്തികേടുണ്ടല്ലോ അളിയാ എന്ന് പറയും,
അയൽക്കാരിയെ നോക്കിയാൽ പിന്നെ പറയുകയും വേണ്ടാ, നീ മൂന്നാം ലോക മഹായുദ്ധം പ്രഖ്യാപിക്കും, !!!
എന്നാൽ പ്രക്യതി ഭംഗി ആസ്വദിച്ചേക്കാമെന്നു കരുതി തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് നോക്കിയാൽ ആ പറമ്പിനുടമസ്ഥൻ പറയും,
_''കണ്ടില്ലേ അവന്റെ നോട്ടം എന്റെ പറമ്പീന്ന് എന്തോ മോട്ടിക്കാനുളള പരിപാടിയാ ''

എന്നാൽ
തല കുനിച്ച് നടന്നേക്കാമെന്നു കരുതി ഭൂമിയിലേക്കും നോക്കി നടന്നാൽ പറയും,
''കണ്ടില്ലേ തല കുനിച്ചുളള അവന്റെ നടത്തം ,കളള ലക്ഷണമാ പിശാച്, അടുപ്പിക്കാൻ കൊളളത്തില്ലാ '' !!!
എന്നാൽ,
തല ഉയർത്തി നേരെ നോക്കി നടന്നാൽ പറയും ,
''കണ്ടില്ലേ, അവന്റെ നടത്തം നെഞ്ചും വിരിച്ച് വല്ല്യ ആളാന്നാ വിചാരം അഹങ്കാരിയാ, ജാഡയാ, !! അപ്പോൾ പിന്നെ എന്തോ ചെയ്യുമെടി , ആകാശത്തേക്ക് നോക്കി നിന്നാൽ ആകാശം ഒരു കുറ്റവും പറയൂലാ,
നക്ഷത്രങ്ങളെ കാണാം,
മേഘങ്ങളെ കാണാം,
അമ്പിളി മാമന്റെ ചലനം കാണാം,
നീ എന്താടാ എന്നെ തുറിച്ച് നോക്കണെ എന്ന പരാതിയില്ല, ഒന്നുമില്ലാ,!! ശരിയല്ലേടീ, ?
?
ഓ എനിക്കിതൊന്നും അറിയേലാ എന്റീശോയേ പിന്നെ, ഒരു കാര്യം , ,
നിങ്ങളിങ്ങനെ മാനത്തേക്കും നോക്കി നിന്നോ, ഉച്ഛക്ക് ഉണ്ണാൻ നേരം കറിയില്ലെന്നും പറഞ്ഞ് എന്റെ നേരെ തുറിച്ച് നോക്കരുത്, പറഞ്ഞേക്കാം, !!!
മീൻ കാരൻ വന്നില്ലേടി ??!
അറിഞ്ഞില്ലേ മീൻകാരൻ ആസ്പത്രീലാന്ന് ,
അയാള് മൂത്രമൊഴിക്കുമ്പോൾ ബ്ളഡ് വരുവാന്ന്,-------അങ്ങനെ വന്നാലത് സൂക്ഷിക്കേണ്ടേ മനുഷ്യാ, ??
ഓ എന്നാത്തിനാടി മൂത്രത്തിലെ ബ്ളഡ് സൂക്ഷിച്ചിട്ട് എന്നാ കിട്ടാനാ , അതൊക്കൊ ആരേലും സൂക്ഷിക്കോടി മണ്ടി !!
ഒന്ന് പോ മനുഷ്യാ, നിങ്ങളോട് സംസാരിക്കാൻ ഞാനില്ല, അല്ലാ, ഗ്രൂപ്പിലേക്ക് ഇന്ന് നർമ്മകഥകളൊന്നും എഴുതുന്നില്ലേ ??
ഇല്ലെടി, ഗ്രൂപ്പിലേക്ക് എഴുത്ത് നിർത്തി, !
അതെന്താ ?
എന്റെ പോസ്റ്റുകളൊന്നും ആരും വായിക്കുന്നില്ലെടി, !!
അങ്ങനെ പറയരുത് കഴിഞ്ഞ ആഴ്ചയിലെ നർമ്മകഥ ഹിറ്റായിരുന്നൂന്ന് നിങ്ങളല്ലേ പറഞ്ഞത്,?
അത് നേരാ, പക്ഷേ അതിനു ശേഷം അയച്ച എന്റെ പോസ്റ്റിന് വന്ന കമൻസ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയെടി എനിക്ക് മനസിലായി അത് ആരും വായിച്ചിട്ടില്ലാന്ന്, ! അതല്പ്പ്പം നീണ്ട പോസ്റ്റായിരുന്നു,,
എന്തായിരുന്നു കമൻസ് ?
ആദ്യത്തെ കമന്റ് ,ഒരാളെഴുതി ''അടി പൊളീന്ന് ''
രണ്ടാമത്തെ കമന്റ്, ''സമകാലീകം ''
മൂന്നാമത്തെ കമന്റ് ,''നന്നായി ചിരിപ്പിച്ചൂന്ന് ''
നാലമതൊരാളെഴുതി, ഇത്തരം ഹാസ്യ കഥകൾ ഞാൻ വായിച്ചിട്ടേയില്ലാന്ന് !!!
പിന്നീട് ചിരിക്കുന്ന കുറെ സ്റ്റിക്കർ കമന്റുകളും,
ഒടുവിൽ ഒരാളെഴുതി '' ഇതൊക്കൊയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന്, !!!
അതിരിക്കട്ടെ , എന്തായിരുന്നു പോസ്റ്റ്,??
അച്ഛന്റെ മരണവാർത്ത,!!!
================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo