Showing posts with label NSooppy. Show all posts
Showing posts with label NSooppy. Show all posts

അറിവ് തേടി

Image may contain: one or more people and eyeglasses
***************
കഥ:
അയാൾ യാത്രയിലായിരുന്നു.ഏറ്റവും മെച്ചപ്പെട്ട അറിവ് നേടുകയായിരുന്നു ലക്ഷ്യം.
പല ഗുരുഭൂതരേയും സമീപിച്ചു, ഒന്നിലും തൃപ്തി വന്നില്ല .അങ്ങിനെയാണ് ഒരുപാട് ദൂരത്തുള്ള സൂഫി വര്യനെ കുറിച്ച് അറിയാൻ ഇടയായത്.
പ്റയാസങ്ങൾ ഏറെ സഹിച്ച് സൂഫി വര്യൻറെ സന്നിദാനത്തിലെത്തി.
പാറാവുകാരൻ അദ്ദേഹത്തെ ഗുരുവിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടു പോയി.
വിശാലമായ ഹാൾ...... ഒരേ വേഷത്തിൽ ധാരാളം പേർ ഒരേ പായയിൽ വട്ടത്തിലിരിക്കുന്നു.കൂട്ടത്തിൽ കുട്ടികളും മുതിർന്നവരും ആണും പെണ്ണും ഒക്കെ ഉണ്ട്.
തൊട്ടടുത്തുള്ള സന്ദർഷകരുടെ ഇരിപ്പിടത്തിലിരുന്ന് സൂഫി വര്യനെ തിരിച്ചറിയാനാവാതെ അയാൾ വിയർത്തു.
'അങ്ങയ്ക് എന്ത് വേണം?'....കൂട്ടത്തിൽ ഒരാൾ ചോദിച്ചു.
' ഞാൻ സൂഫി വര്യനെ കാണാൻ വന്നതാണ്. ന്യൂനതകളില്ലാത്ത ഏറ്റവും ശരിയായ അറിവ് ഗുരു ഭൂതരിൽ നിന്നും നേരിട്ട് പഠിക്കലാണ് എൻറെ ലക്ഷ്യം.'
അയാൾ മൊഴിഞ്ഞു.
'കുടിക്കാൻ ചായ,കാപ്പി, വെള്ളം എന്താണ് വേണ്ടത്?
'വെള്ളം,'......
ഉടനെ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വന്ന് നൽകി.
വളരെ അകലെ നിന്നും ദിവസങ്ങളോളം യാത്ര ചെയ്താണ് അയാൾ ഇവിടെ എത്തിയതെന്ന് അയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കിയ ശേഷം കൂട്ടത്തിൽ നിന്നും മറ്റൊരാൾ ചോദിച്ചു.
'വീട്ടിൽ കുടിക്കാൻ വെള്ളം എവിടെ നിന്നാണ് കിട്ടുന്നത്?'
'കിണറ്റിൽ നിന്നാണ്' '
'കിണറ്റിൽ നിന്ന് എങ്ങിനെയാണ് വെള്ളം ലഭിക്കുന്നത് '?
'തൊട്ടി ഉപയോഗിച്ച് കോരി എടുക്കുന്നതാണ്, '
' തൊട്ടിയിൽ നിന്ന് നേരിട്ടാണോ കുടിക്കുന്നത്?'
'അല്ല,
ഗ്ളാസിൽ ഒഴിച്ചാണ്.'
ഇത് കേട്ട് ചിരിച്ചു കൊണ്ട് മറ്റൊരാൾ പറഞ്ഞു...
'സുഹൃത്തെ വിവരവും ഇതുപോലെയാണ് .ചെറിയവരിൽ നിന്നാണ് നമുക്ക് ആവശ്യമായ വിവരങ്ങൾ നേരിട്ട് പഠിക്കാൻ കഴിയുക.എല്ലാവരിലുമുണ്ട് വ്യത്യസ്തമായ നൻമകളും,അറിവുകളും..... മുഖം നോക്കാതെ വലുപ്പ ചെറുപ്പം പരിഗണിക്കാതെ അവ കണ്ടെത്തി, മനസ്സിലാക്കി, ജീവിതത്തിൽ പകർത്താൻ നാം തയ്യാറാകുമ്പോളാണ് യഥാർത്ഥ ജ്ഞാനം നേടാൻ കഴിയുന്നത്.'
ലളിതമായ ഉത്തരം കേട്ട് പൂർണ്ണ സംതൃപ്തിയോടെ അറിവ് നേടാനായി അയാൾ സ്വന്തം ഗ്രാമത്തിലേക്ക് തന്നെ തിരിച്ചു. ....
എൻ.സൂപ്പി, വാണിമേൽ.

ഐസ് കട്ടകൾ


Image may contain: one or more people and eyeglasses
*******************
സന്ധ്യാ നേരം.....റാഗിങ്ങ് ഭീകരതയുടെ കരിഞ്ഞ മണം ഹോസ്റ്റൽ കോമ്പൗണ്ടും ഭേദിച്ച് പുറത്തേക്ക് പ്രവഹിക്കാതിരിക്കാൻ സീനിയർ വിദ്യാർത്ഥികൾ ബോധപൂർവം റൂമിന് വെളിയിൽ കളിതമാശകളുമായി നേരം കൊല്ലുന്നു.
രണ്ട് ദിവസത്തെ പൊതുഅവധി അടക്കം നാല് ദിവസം തുടർച്ചയായി കിട്ടാൻ പോകുന്ന അവധിയുടെ ആഘോഷങ്ങളൊന്നും പുതു വർഷ വിദ്യാർത്ഥികളിൽ കാണാനില്ല. 
റൂമടച്ച് കുറ്റിയിട്ട് മുഖം പുസ്തക താളുകളിൽ ഒളിപ്പിച്ച് ,ഏത് സമയവും ഗരുഢനെ പോലെ കൂർത്ത ചുണ്ടും നഖവുമായി തങ്ങളുടെ മേൽ പറന്നിങ്ങാവുന്ന റാഗിങ്ങിനെ കുറിച്ചുള്ള ചിന്തകൾ അവരെ നിശ്ചലരാക്കി. 
കൃത്യം 8മണിക്ക് മെസ്സിനുള്ള സൈറൻ മുഴങ്ങി.
മെസ്സ് ഹാളിൽ സീനിയേർസിൻറെ ഏകപക്ഷീയ തോന്ന്യാസങ്ങൾ തുടങ്ങുന്നതിന് മുമ്പെ ഭക്ഷണം കഴിച്ചു വരാമെന്ന ധാരണയിൽ അവർ ഇരുവരും ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
വിശാലമായ മെസ്സ് ഹാളിൽ മുഖ പരിചയമില്ലത്ത പുതുമുഖങ്ങൾ അച്ചടക്കത്തോടെ ഇരിക്കുന്നു.
പുട്ടും പഴവും പിന്നെ പുഴുങ്ങിയ മുട്ടയും ഒരോ ഗ്ളാസ് പാലും.
പെട്ടെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ മെസ്സ്ഹാളിൻറെ നിയന്ത്രണം കയ്യിലെടുത്തത്.
പാലും പഴവും മുട്ടയും ബലാൽക്കാരമായി അവർ എടുത്ത് തിന്നാൻ തുടങ്ങി. 
കുറെ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു നശിപ്പിച്ചു കൊണ്ടിരുന്നു. 
അതിനിടയിൽ കിട്ടിയതും കഴിച്ച് പോകാനൊരുങ്ങവെ കൂട്ടത്തിൽ നേതാവെന്ന രൂപത്തിൽ തലയിൽ വലിയ കെട്ടും,കള്ളിമുണ്ടും ഉടുത്ത നീണ്ടുമെലിഞ്ഞ ആൾ അവരെ തടഞ്ഞു നിർത്തി ചോദിച്ചു, "തൻറെ പേരെന്താടാ? "
സമീർ...
റൂം നമ്പർ? 
ആറ്.
നിൻറെ പേര്? 
ഷാജി.
"ഓഹോ പോലീസ് ഓഫീസറുടെ മകനാണല്ലെ?"
അവൻ മിണ്ടിയില്ല.
"ആ...സാരമില്ല. ..നിന്നെ ഞങ്ങൾ വേണ്ട പോലെ കണ്ടോളാം "
രണ്ട് പേരും രാത്രി 11മണിക്ക് പതിമൂന്നാം നമ്പർ റൂമിൽ വരണം...എല്ലാവരരയും ഒന്ന് പരിചയപ്പെടാനാ."
അടച്ചിട്ട മുറിയിൽ അവർ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുറത്ത് എന്തൊക്കെയെ ശബ്ദം കേൾക്കുന്നു...
പതിനൊന്ന് മണിക്ക് മുമ്പെ അവർ മടിച്ച് മടിച്ച് പുറത്തേക്കിറങ്ങി.
പോകാതിരുന്നാൽ വരാൻ പോകുന്ന ഭവിഷത്ത് സീനിയേർസ് പലപ്പോഴായി പറഞ്ഞത് അവർക്ക് നന്നായി ഓർമ്മയിലുണ്ട്. ...
എന്ത് പ്റയാസങ്ങൾ സഹിക്കേണ്ടി വന്നാലും അവരെ പൂർണമായി അനുസ്സരിക്കണം.
കോഴ്സ് പൂർത്തിയാക്കണമെന്കിൽ ഇതൊക്കെ സഹിച്ചെ പറ്റൂ.
നാട്ടിൽ നിന്ന് വന്ന ദിവസം തന്നെ ബാഗ് തുറന്ന് സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്റഷ്, പോസ്റ്റൽ സ്റ്റാമ്പ് അങ്ങിനെ പലതും അവർ കൊണ്ടു പോയിരുന്നു. 
ഹോസ്റ്റൽ കോമ്പൗണ്ടിലെ ഇലക്രിക്ക് പോസ്റ്റിൽ ഒരാൾ വലിഞ്ഞു കേറുന്നു.
മറ്റുള്ളവർ എന്തിനും തയ്യാറായി പരിസരം വീക്ഷിച്ചു കൊണ്ട് ഗ്രൗണ്ടിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു.
വെളിയിൽ ലൈറ്റ് വളരെ കുറവാണ്. ഹോസ്റ്റലിന് ചുറ്റുമുള്ള പോസ്റ്റുകളിലെ പ്രകാശിക്കുന്ന ബൾബുകളൊക്കെ അവർ അഴിച്ചു മാറ്റിയിരുന്നു. 
തുടങ്ങാനിരിക്കുന്ന റാഗിങ്ങ് മാമാങ്കം അതിഗംഭീരമാക്കാനുള്ള പുറപ്പാട്.....
എന്ത് സംഭവിച്ചാലും പുറംലോകം അറിയരുത്...
അവർ ഇരുട്ടിന്റെ കൂട്ടുകാർ. ...
"ഓടിക്കോ" പരിസരം വീക്ഷിക്കുന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞു. 
ഹോസ്റ്റൽ കമാനമാകെ പ്റകാശിപ്പിച്ചു കൊണ്ട് ഡപ്യൂട്ടി വാർഡൻറെ കാർ അതാ കുതിച്ചു വരുന്നു.
പോസ്റ്റിൽ നിന്നും ഊർന്നിറങ്ങിയ ബൾബ് മോഷ്ടാവ് ഉടുതുണിയില്ലാതെ എങ്ങോ ഓടിമറഞ്ഞു.
" മീറ്റിങ്ങ് നാളേക്ക് മാറ്റിയിരിക്കുന്നു...റൂമിലേക്ക് പോയ്ക്കോളൂ "...
ഓടുന്നതിനിടയിൽ ഒരാൾ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു.
ദൈവ പ്രാർത്ഥന സഫലമായതിലുള്ള ആശ്വാസ നെടുവീർപ്പോടെ അവർ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
ഉറക്കം വരാതെ കണ്ണും പൊളിച്ചു കിടന്ന ഏതൊ യാമങ്ങളിൽ അവരൊ രുറച്ച തീരുമാനത്തിലെത്തി......
കാലത്ത് ടൗണിൽ പോയി ആരുമറിയാതെ നാട്ടിലേക്ക് ബസ് ടിക്കറ്റ് റിസർവ് ചെയ്യണം. 
എത്രയും പെട്ടെന്ന് നാട്ടിലെത്തണം.
കാലത്ത് നാല് മണിക്ക് കാപ്പിയുമായി വന്ന ഹസൈനാർക്ക ബെല്ലടിച്ചതോടെ പുതിയ പ്രഭാതത്തെ കണികാണാൻ ധൈര്യമായി വാതിൽ തുറന്നു. 
പ്രാർത്ഥന കഴിഞ്ഞ്, കാപ്പി കുടിക്കുന്നതിനിടയിൽ പത്രത്തിലൂടെ കണ്ണോടിച്ചു.
തലെ ദിവസത്തെ പ്ളാനാകെ തെറ്റിക്കുന്ന അശുഭകരമായ വാർത്ത. 
ഫസ്റ്റ് പേജിൽ തന്നെ ചിത്ര സഹിതം വന്നിരിക്കുന്നു.
തൻറെ ഗ്റാമത്തിൽ വ്യാപകമായി നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ നേർ കാഴ്ച. 
നാട്ടിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു.
വെടിവെപ്പ്, ബോംബേറ്, വെട്ട്,കുത്ത്.....വീടാക്രമണം, വിളനശിപ്പിക്കൽ എന്നിങ്ങനെ സകല കൊള്ളരുതായ്മകളും നിഷ്കരുണം തുടരുന്നു. 
കടലിനും ചെകുത്താനുമിടയിൽ പെട്ടത് പോലെ. ...സമീർ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ഹോസ്റ്റലിൽ നിൽക്കാനും പറ്റില്ല, നാട്ടിൽ പോകാനും കഴിയാത്ത അവസ്ഥ. ..
"നമ്മൾ രണ്ട് പേരും കോഴിക്കോട്ടെക്ക് എൻറെ വീട്ടിൽ പോകുന്നു "പരിഹാരം നിർദേശിച്ചത് സമീറിൻറെ വിഷമം കണ്ടറിഞ്ഞ ഷാജിയാണ്. 
കൂട്ടുകാരനോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ തൻറെ കണ്ണിൽ നിന്നും പുറത്തേക്ക് എത്തി നോക്കിയ രണ്ടിറ്റ് ചുടുകണ്ണീർ തുള്ളികൾ ഉള്ളം കയ്യിലൊപ്പിയെടുത്ത് അവൻ കൂട്ടുകാരൻറെ കവിളിൽ തലോടി.
രാത്രിയാണ് അവർ 
കോഴിക്കോട് എത്തിയത്.
ഷാജിയുടെ മമ്മിയും,അനുജനും, അനുജത്തിയും അവരെ സ്വീകരിച്ചു. 
സമീറിൻറെ നാട്ടിൻറെ ഗുരുതരാവസ്ഥ പറഞ്ഞറിഞ്ഞത് അവരെയും വല്ലാതെ വേദനിപ്പിച്ചു.
അവൻറെ ഡാഡിയെ കണ്ടാൽ വിവരങ്ങൾ കൃത്യമായി അറിയാം.
മമ്മി അദ്ദേഹത്തെ ഓഫീസിൽ വിളിച്ചു. ..
അദ്ദേഹം ഒരു എമർജൻസി മീറ്റിങ്ങിലാണെന്നൂം വീട്ടിലേക്ക് വിളിക്കാൻ പറയാമെന്നും ഡ്യൂട്ടിയിലുള്ള പോലീസുകാരൻ പറഞ്ഞു. 
അഞ്ച് മിനിട്ടിനുള്ളിൽ അദ്ദേഹത്തിന്റെ വിളിവന്നു.
മമ്മി വിശദമായി സംസാരിച്ചു. ...
പരുക്ക് പറ്റിയ ചിലരെ മെഡിക്കൽ കോളേജിൽ കൊണ്ട് വന്നിട്ടുണ്ട്....
ഡാഡിയെ കാണാൻ സമീറിനെ കൂട്ടി ടൗണിലെ ടൂറിസ്റ്റ് ഹോമിൽ ചെല്ലണമെന്നും നിർദേശിച്ചു. 
കൌണ്ടറിൽ എത്തിയ സമീറിനെ അവിടെ ഇരുത്തി ഷാജിയെ അവർ തിരിച്ചയച്ചു.
അൽപ്പം കഴിഞ്ഞു പോലീസ് വേഷമിട്ട അയാൾ ധൃതിയിൽ വന്നു. ..."സമീർ എവിടെ?ഹോ ഇവിടെ ഉണ്ടോ?"
ഒരു പാട് കാലത്തെ പരിചയമുള്ളത് പോലെ ഷാജിയുടെ ഡാഡി സ്നേഹത്തോടെ പെരുമാറി.
'വാ പേടിക്കണ്ട നിൻറെ നാട്ടുകാരൊക്കെ ഇവിടെ ഉണ്ട്. ..അവരെ കൂടെ നാട്ടിൽ പോകാം"
അയാൾ സമീറിൻറെ കൈപിടിച്ച് പവലിയനിലേക്ക് നടന്നു. 
അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. 
ബദ്ധവൈരികളായി അറിയപ്പെടുന്ന വ്യത്യസ്ത ചേരിയിലെ ഉന്നത ലോക്കൽ നേതാക്കൾ. ..
അരണ്ട വെളിച്ചത്തിൽ ഒരു ടേബിളിൻറെ ഇരുവശത്തും അഭിമുഖമിരുന്ന് കഥ പറഞ്ഞുല്ലസിക്കുന്നു.
തൊട്ടടുത്ത ഗ്ളാസിലെ തന്കനിറമുള്ള പാനീയത്തിൽ വെയിറ്റർ ആചാരപൂർപ്പം ഐസ് കട്ടകൾ കോരിയിടുന്നു.
ഇതാണ് യഥാർത്ഥ ബോംബ്....സമീർ ആരോടെന്നില്ലാതെ മന്ത്രിച്ചു....
എൻ.സൂപ്പി, വാണിമേൽ.

മൂന്ന് കവിതകൾ.

No automatic alt text available.

മൂന്ന് കവിതകൾ. ...
*******************
1. പിശക്.
അക്ഷരം പഠിക്കാൻ 
സ്കൂളിൽ പോയപ്പോളോർത്തില്ല
ജീവിതം പഠിക്കാൻ
ഗൾഫിൽ പോകണമെന്ന്.

2 .നഷ്ടം.
അന്ന് മുൻ ബെഞ്ചിലിരുന്ന്
പഠിച്ചപ്പോളിന്ന്
നഷ്ടമായത്
മന്ത്രിപ്പണി.
3 .മറതി.
സ്കൂളിൽ പോകുമ്പോൾ
മറന്നു പോയത് പേന
ഗൾഫിൽ പോകുമ്പോൾ
മറന്നു വെച്ചത് മനസ്സ്.
എൻ. സൂപ്പി, വാണിമേൽ.

കാലം മാറും കഥയും..

No automatic alt text available.

ആള് ചെറുപ്പമാണെന്കിലും അബു ചില്ലറക്കാരനല്ല....
വിവിധ തുറകളിലുള്ള നാനാജാതി ജനങ്ങളുമായും പുള്ളിക്ക് നല്ല ബന്ധമാണ്.
നിത്യേന പല ആവശ്യങ്ങൾക്കായി സമൂഹത്തിൽ ഉന്നതിയിലുള്ളവരും താഴെക്കിടയിലുള്ളവരുമടക്കം പലരും അദ്ദേഹത്തെ തേടി എത്തിക്കൊണ്ടിരിക്കും.
നേരിൽ കണ്ട ഉടനെ സുസ്മേരവദനായി ഒന്ന് കെട്ടിപ്പിടിച്ച ശേഷമാണ് വിവരങ്ങൾ അന്വോഷിക്കുക.
എന്ത് വിഷയമായാലും അത് സന്തോഷ പൂർവ്വം ഏറ്റെടുത്ത്,' നമുക്ക് ശരിയാക്കാം നിങ്ങൾ ബേജാറാകാതിരിക്കീൻ' എന്ന് പറഞ്ഞ് തൻറെ ആസ്ഥാനമായ സ്ഥിരം ഹോട്ടലിൽ കൊണ്ട് പോയി പള്ള നിറയെ ചായയും പൊറാട്ടയും ചാപ്പ്സും തീറ്റിക്കുകയെന്നത് അബുവിൻറെ മറ്റൊരു പ്റത്യേകതയാണ്.
മൂപ്പരെ കണ്ട് കിട്ടാനാണ് പണി...
ഇന്നത്തെ ന്യൂജികളെ തോൽപ്പിക്കുന്ന ടൂർ പ്രേമിയാണെന്നത് തന്നെ കാര്യം . ..
ആര് വിളിച്ചാലും കൂടെ പോകും.
അയാൾ നേരെ ഹോട്ടലിൽ ചെന്ന് കേഷ്യരോട് തെരക്കി.
അബു?
"ഇസ്മയിൽ ഹാജിയുടെ ബിൽഡിംഗിൽ കാണും.
മൂപ്പരാണ് അതിൻറെ പണി എടുപ്പിക്കുന്നത്."
ഒട്ടും താമസിയാതെ അങ്ങോട്ട് വിട്ടു.
ടൗണിൻറെ ഹൃദയഭാഗത്ത് ഹോസ്പിറ്റലിനായി ഉയർന്നു വരുന്ന കൂറ്റൻ കെട്ടിടം. പണി നടക്കുന്നതിനാൽ ചുറ്റും മറച്ചിരിക്കയാണ്.
ഗേറ്റിൽ സെക്യൂരിറ്റിയോട് അന്വേഷിച്ചു.
അദ്ദേഹം അയാളെ മുകളിലെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അവിടെ ഒരു റും ഓഫീസിനായി പണി തീർത്ത് ഫർണീഷ് ചെയ്ത് അലന്കരിച്ചിട്ടുണ്ട്.
അയാളെ കണ്ട ഉടനെ കസേരയിൽ നിന്നും ചാടി എണീറ്റ് അബു കെട്ടിപ്പിടിച്ചു കുശലങ്ങൾ പറഞ്ഞു.
അറബി നാട്ടിൽ ജോലിക്ക് പോയിട്ടില്ലാത്ത ഇയാൾക്ക് ഈ നല്ലൊരു ശീലം എവിടുന്നു കിട്ടി?ആവോ.?
അവർ ലോഹ്യം പറയുന്നതിനിടയിൽ സെക്യൂരിറ്റി തിരിച്ച് വന്ന് മുതലാളി വിളിക്കുന്നതായി പറഞ്ഞു.
താഴെ കാറിനടുത്ത് ആജാനുഭാവുവായ ഇസ്മയിൽ ഹാജി കാത്തു നിൽക്കുകയാണ്.
അബു സുഹൃത്തിനെ ഹാജിയാർക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
അൽപ്പം വിദ്യാഭ്യാസമുണ്ടെന്ന് തോന്നുന്നവരെ ഹാജിയാർക്ക് വലിയ കാര്യമാണെന്ന് സംസാരത്തിലൂടെ അയാൾക്ക് മനസ്സിലായി.
കണ്ടാൽ ഭയം തോന്നുന്ന വലിയ വട്ട മുഖം. ..കുടവയർ,കട്ടി മീശ.
ഹാജിയാരുടെ കോലം കണ്ടാൽ ആരും ഒന്ന് ഞെട്ടും..
അവരെ കാറിൽ കേറ്റിയിരുത്തി അദ്ദേഹം സെക്യൂരിറ്റി ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി,തുടർന്ന് ഭക്ഷണം കഴിക്കാൻ പണവും നൽകി. ...,പിന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
വഴിയിൽ പാട്ടും തമാശകളുമായി ഹാജിയാർ അവരുടെ യാത്ര വളരെ സന്തോഷകരമാക്കി.
ഭയപ്പെടുത്തുന്ന ശരീരപ്റകൃതിയാണെൻകിലും അദ്ദേഹത്തിന്റെ മനസ്സ് കുട്ടികളെ പോലെ ലോലവും നിർമ്മലവുമാണെന്ന് മനസ്സിലാകാൻ അയാൾക്ക് ഏറെ സമയം വേണ്ടി വന്നില്ല.
തലശേരിയിൽ നിന്നും ബ്റെയ്ക്ഫാസ്റ്റും ഒപ്പം ജീവിതത്തിൽ അന്ന് വരെ കഴിച്ചിട്ടില്ലാത്ത ഏറെ രുചിയുള്ള പേരറിയാത്ത ജ്യൂസും കഴിച്ച് അവർ യാത്ര തുടർന്നു.
തൻറെ സുഹൃത്തും മുൻ മന്ത്രിയുമായ എം.എൽ.എയെ സന്ദർശിക്കുകയാണ് യുടെ പ്റധാന ലക്ഷ്യമെന്ന് യാത്രാ മധ്യേ അയാൾക്ക് മനസ്സിലായി.
നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലിൻറെ കാർ പാർക്കിൽ വണ്ടി നിർത്തി റിസപ്ഷനിലേക്ക് കയറി.
എം.എൽ. എ.അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് പവലിയനിലൂടെ ഹാജിയാരുടെ സ്ഥിരം ഫാമിലി റൂമിലേക്ക് അവർ പോയി.
വെയിറ്റർ തണുത്ത വെള്ളവും ഗ്ളാസും മുന്നിൽ വെച്ച് ഓർഡറിനായി കാത്തു നിന്നു.
വിളിക്കാമെന്ന് പറഞ്ഞു അയാളെ പറഞ്ഞു വിട്ട് , അപ്പുറത്തെ മുറിയിൽ കയറി ലാൻഡ് ഫോണിൽ ഏറെ നേരം ഗൾഫിലേക്ക് ബിസിനസ് കാര്യങ്ങൾ സംസാരിച്ചു.
അന്ന് മൊബൈൽ ഉണ്ടായിരുന്നില്ല.
കച്ചോടത്തിൽ എന്തോ നന്നായി തടഞ്ഞിട്ടുണ്ടല്ലോ?ഹാജിയാരെ കണ്ടാൽ മനസ്സിലാകും "അബു തമാശ പൊട്ടിച്ചു.
"എൻറെ ചിരിക്കുന്ന മുഖമാണ് നിങ്ങൾ കാണുന്നതെൻകിലും ഉള്ളിൽ മനസ്സ് നീറുകയാണ്"... അവരുടെ തൊട്ടടുത്ത ചെയറിൽ മേശമേൽ കൈമുട്ട് കുത്തയിരുന്ന് അയാൾ പറയാൻ തുടങ്ങി.
എല്ലാ ദുഃഖങ്ങളും ആരോടെൻകിലും തുറന്നു പറഞ്ഞ് മനസ്സിൻറെ ഭാരം അൽപ്പമെങ്കിലും കുറയ്ക്കണമെന്നുണ്ട്".
"പറഞ്ഞോളൂ...കേൾക്കാൻ ഞങ്ങൾ തയ്യാറാണ്...വല്ല രീതിയിലും ഞങ്ങൾക്ക് സഹായിക്കാൻ പറ്റുമോ എന്ന് നോക്കാം." അബു ഹാജിയാരെ സമാധാനിക്കാനായി പറഞ്ഞു
"ഇങ്ങള് പറ ഹാജീക്ക കേൾക്കട്ടെ."..അയാളും സ്ക്രൂ മുറുക്കി.
"ഞാൻ ഏഴാം ക്ളാസിൽ പഠിക്കുന്ന സമയം. വളരെ ദരിദ്ര കുടുംബമായിരുന്നു ഞങ്ങളുടെത്.ഉപ്പ സുഖമില്ലാതെ പെട്ടെന്ന് കിടപ്പിലായി.മൂത്ത പെങ്ങളെ കല്ല്യാണം കഴിപ്പിച്ചയക്കേണ്ട സമയം.
എൻറെ പഠിപ്പ് തുടരാൻ ഒരു നിവൃത്തിയുമുണ്ടിയിരുന്നില്ല.ഞങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കിയ നാട്ടു മുഖ്യൻ മദ്രാസ്സിൽ കഫ്തീരിയയിൽ ഒരു ജോലി ശരിയാക്കി തന്നു.
ഞാൻ പഠിപ്പ് നിർത്തി അങ്ങോട്ട് പോയി.
അതിനിടയിൽ പെങ്ങളുടെ കല്ല്യാണം ഉറപ്പിച്ചു....പിന്നീട് സന്തോഷത്തിൻറെ ദിവസങ്ങളായിരുന്നു.
പുറത്ത് ചായ കൊണ്ട് പോയി വിൽക്കലായിരുന്നു ജോലി. പത്ത് പതിനാല് മണിക്കൂർ ജോലി ചെയ്യും.ശമ്പളത്തിന് പകരം കമ്മീഷനായിരുന്നു.
ചായയുമായി വെളിയിൽ പോയാൽ സ്കൂളുകളുടെ മുന്നിൽ കുട്ടികൾ പുസ്തക സഞ്ചിയും തൂക്കി വരുന്നതും പോകുന്നതും കാണാൻ മണിക്കൂറുകളോളം സ്കൂൾ ഗെയിറ്റിനുമുന്നിൽ അറിയാതെ നിന്ന് പോകുമായിരുന്നു.
അതിൻറെ പേരിൽ തല്ല് വരെ കൊണ്ടിട്ടുണ്ട്.
പെങ്ങളുടെ കല്ല്യാണം നിശ്ചയിച്ചതോടെ ആ ഏർപ്പാട് നിർത്തി. മേക്സിമം പണം ഉണ്ടാക്കി കല്ല്യാണം ഗ്രാൻറാക്കണമെന്ന ആശ....
പെട്ടെന്നാണ് വാപ്പ മരണപ്പെട്ട വിവരം അറിഞ്ഞത്.
ഉടനെ നാട്ടിലേക്ക് പുറപ്പെട്ടു.
പ്റയാസത്തിൻറെ മേലെ പ്റയാസം.
കല്ല്യാണം നിശ്ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനമായി.
നാലാം ദിവസം വീണ്ടും തിരിച്ചു മദ്രാസ്സിലേക്ക്...
പണമില്ലാത്തവന് ദുഃഖിക്കാൻ എവിടെ അർഹത??....എവിടെ സമയം??
കല്ല്യാണത്തിൻറെ രണ്ട് ദിവസം മുമ്പ് പെങ്ങൾക്ക് മൊയിലാഞ്ചിയും കരിവളയും പൗഡറുമൊക്കെ വാങ്ങി നിറച്ച കൊച്ചു ഇരുമ്പ് പെട്ടിയുമായി നാട്ടിലേക്ക് പുറപ്പെട്ടു.
ഉച്ച സമയമാണ് വീട്ടിൽ എത്തിയത്. ഉമ്മ, ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുമായി ദുഃഖ സൂചകമായി വീട്ടിനുള്ളിലായിരുന്നു.
മറ്റുള്ളവർ കല്ല്യാണ അറ ചമയിക്കുന്ന തെരക്കിലും..
പെട്ടി ഉള്ളിലോട്ട് വെച്ച് ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ നാട്ട് മുഖ്യൻ പെങ്ങളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
എനിക്കാകെ കലി കയറി. അയാളെ ഉച്ചത്തിൽ ചീത്തപറഞ്ഞു...
ആളുകൾ അറിഞ്ഞു.
മുറിവേറ്റ മനസ്സുമായി ഉമ്മയുടെ അടുത്ത് പോയി അയാൾ പറഞ്ഞു 'ഈ കല്ല്യാണം നടക്കണമെന്കിൽ ഓനെ ഇന്ന് തന്നെ മദിരാശിക്ക് തന്നെ കയറ്റി അയക്കണം.'....
കാരണോമാർ കൂടിയിരുന്നു. ..
അങ്ങിനെ തന്നെ തീരുമാനമായി...
പെങ്ങളെ കല്ല്യാണത്തിൻറെ തലെ ദിവസം എല്ലാവരും ആഹ്ളാദത്തോടെ അറ ഒരുക്കുമ്പോൾ ...അതെ തുറക്കാത്ത പെട്ടിയുമായി പെങ്ങളുടെ മുഖത്തൊന്ന് നോക്കാൻ പോലും കഴിയാതെ തിരിച്ചു പോകേണ്ടി വന്ന മഹാ പാപിയാണ് ഞാൻ "എന്ന് അയാൾ പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞതും, അടുത്തിരുന്ന വെള്ളം നിറച്ച ഗ്ളാസ് ശക്തമായി ഒരു ഭാഗത്തേക്ക് അടിച്ചു തെറിപ്പിച്ചതും ഒപ്പമായിരുന്നു.
ഗ്ളാസ് ചുമരിൽ തട്ടി പഞ്ചസാര പോലെ പൊടിഞ്ഞ് ചിന്നഭിന്നമായി.
പേടിച്ചരണ്ട് രണ്ട് പേരും വിറളി വെളുത്തു....
സ്വബോധം വീണ്ടെടുത്ത അദ്ദേഹം അവരെ സമാധാനിപ്പിക്കാൻ ഒരുപാട് പണിപ്പെട്ടു.
വികാരപരമായി പെരുമാറിപ്പോയതിൽ അദ്ദേഹം ക്ഷമ ചോദിച്ചു.
"അന്ന് ഞാനെടുത്ത ശപഥമാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്."..അയാൾ തെല്ലാശ്വസത്തോടെ ഓർമിച്ചു..
ലോഞ്ചിൽ ദുബായിലേക്ക് പോയതും പണിയില്ലാതെ വിശമിച്ച് വിശപ്പ് മാറ്റാൻ അടച്ചിട്ട ബേക്കറിയുടെ മുന്നിൽ വെച്ച ഉന്ത് വണ്ടിയിൽ നിന്നും ബിസ്കറ്റ് പൊടി വാരി തിന്ന് പൈപ്പ് വെള്ളം കുടിച്ചതുമായ വേദനയുറ്റ ചരിത്രം വരെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് അദ്ദേഹം ആശ്വാസം കൊള്ളുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശ്രമവും ദൈവാനുഗ്റഹവും അദ്ദേഹത്തെ ഉന്നതിയിൽ എത്തിച്ചു.
പഠിക്കാൻ കഴിയാത്തതിലെ വേദന മാറ്റാൻ അനേകം പേർക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ കോംപ്ളക്സ് തുടങ്ങി ഏവർക്കും മാതൃകയാകാനും ചരിത്രം തിരുത്തി എഴുതാനും ഹാജിയാർക്ക് കഴിഞ്ഞു.
എൻ. സൂപ്പി.

വില

No automatic alt text available.

സമയം രാത്രി മൂന്ന് മണിയായി കാണും.
കുട്ടിയുമായാണ് അയാൾ വന്നത്. 
നല്ല ശൊന്കുള്ള കൊച്ച്....അൽപ്പ നേരം എന്റെ ശ്രദ്ധ ഞാനറിയാതെ കുട്ടിയിൽ കേന്ദ്രീകരിച്ചു.
അല്ലേലും അറബി പിള്ളേരെ കണ്ടാൽ എങ്ങിനെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയും?
അത്രമാത്രം സൗന്ദര്യവും സ്മാർട്ട്നസ്സും അവർക്ക് സ്വന്തമാണല്ലോ?
കുട്ടിക്ക് പനിയും,ചുമയും തൊണ്ട വേദനയുമാണ് പോലും....കാഴ്ചയിൽ ഒരു അസുഖവും കുട്ടിക്കില്ലായിരുന്നു.
ആഹ്ളാദ പൂർവം അവൻ ഫാർമസിയിലുട നീളം ഓടിച്ചാടി അഭ്യാസങ്ങൾ കാണിക്കുകയാണ്!!!
പനിക്ക് പാരസിറ്റമോൾ സിറപ്പും ഹെർബൽ കഫ് സിറപ്പും കൊടുത്തു.
"ആൻറിബയോട്ടിക്കാണോ"?.....അയാൾ ചോദിച്ചു.
അല്ല....
സ്റ്റ്റോങ്ങ് ആൻറിബയോട്ടിക്ക് വേണം. ..അയാൾ പറഞ്ഞു.
എന്ത് കൊടുക്കണമെന്നാലോചിച്ച് ഫാർമസിസ്റ്റ് ശന്കിച്ചു നിൽക്കവെ അയാൾ തുടർന്നു..
"കണ്ണ് ക്ളീൻ ചെയ്യാൻ മെഡിസിൻ വേണം.
വളരെ മൈൽഡ് ആയിരിക്കണം. ..
ആൻറിബയോട്ടിക്കും സ്റ്റിറോയിഡും വേണ്ട ......എൻറെ ഡോഗിനാണ്."
ഫാർമസിസ്റ്റ് ഐഡ്റോപ്പ് എടുത്ത് കൊടുത്തു. ...
അയാൾ വീണ്ടും ,"ഈസ് ഇറ്റ് സെയ്ഫ്?
ആർ യു ഷുഅർ"...
തുടർന്ന് മൊബൈലെടുത്ത് രണ്ട് പട്ടിക്കുട്ടികളുടെ മുഖ ചിത്രം കാണിച്ചു കൊണ്ട്. ..
' ദി ഈസ് വെരി എക്സ്പെൻസീവ്."
അവയുടെ കണ്ണുകൾ ഇൻഫെക്ഷൻ കാരണം ചുവന്ന് പഴുത്തിരുന്നു.
'എത്ര വിലയാകും "?ഞാൻ ചോദിച്ചു.
"എറൗണ്ട് 1000 BD each."
(ഏകദേശം നാല് ലക്ഷം രൂപ !!)
അയാൾ പോകാൻ സമയം മകനെ വിളിച്ചു. .
"മുഹമ്മദ് തആൽ".......
അത്രയൊന്നും വിലയില്ലാത്ത അവൻ ഫാർമസിയുടെ മറ്റൊരു മൂലയിൽ മറ്റേതോ ലോകത്ത് അവന് വിലപ്പെട്ടവരുമായി സൗഹൃദം പന്കിടുന്ന തെരക്കിലായിരുന്നു.
എൻ. സൂപ്പി.

ഇരട്ട മുഖം...രണ്ടും....നൻമ നിറഞ്ഞത്


ഇന്ന് 'കെളവൻറെ' വക ഫ്രീയാ...ബേജാറില്ലാതെ തട്ടിക്കോ'...
ബ്റൈക്ക് ഫാസ്റ്റ് കഴിക്കാൻ കയറുമ്പോൾ കാഷ്യർ തൻറെ തനത് തമാശ ശൈലിയിൽ തട്ടി വിട്ടത് ഞാനത്റ കാര്യമാക്കിയിരുന്നില്ല..
കൈ കഴുകി പരിചയക്കാരൻ മണിയുടെ അടുത്ത് പോയിരുന്ന് കാര്യങ്ങൾ തിരക്കി. 
'ഒരറബി പാർസലിന് ഓർഡർ ചെയ്ത് കുറച്ചു നേരം ഇവിടെ ഉണ്ടായിരുന്നു, ഇപ്പോൾ ഭക്ഷണം കഴിക്കുന്നവരുടെയൊക്കെ ബില്ല് അദ്ദേഹം പേ ചെയ്യാമെന്ന് പറഞ്ഞേൽപ്പിച്ചിരിക്കുകകയാ....''
" എന്നിട്ട് അയാൾ എവിടെ '
കാണാനുള്ള ആഗ്രഹം, ഞാൻ തിരക്കി. ...
'ഇപ്പം വെളിയിലോട്ട് പോയി...വേഗം കഴിച്ചോളു,അങ്ങോര് പാർസൽ വെയിറ്റ് ചെയ്ത് വെളിയിലുണ്ട്.....അവസരം കളയണ്ട'......മണി ചിരിച്ചു കൊണ്ട് പറഞ്ഞു....
ഈ ഒരസാധാരണ ന്യൂസ് കേട്ടതോടെ അദ്ദേഹത്തെ കണ്ടിരുന്നെൻകിൽ എന്ന് മനസാ ആഗ്റഹിച്ചതെ ഉള്ളൂ, 'അതാ ഇതാണ് താരം'.....അറബി വേഷധാരിയായ ഒരു ചെറുപ്പക്കാരൻ ഷോപ്പിലെക്ക് കയറി വരുന്നത് കണ്ട് എന്റെ ചുമലിൽ തട്ടി മണി പതുക്കെ പറഞ്ഞു. ....
സ്വദേശികളെ, പ്റത്യേകിച്ച് തങ്ങളുടെ സ്പോൺസർമാരെയും ,തൊഴിൽ ഉടമകളെയും ,അവരുടെ ഭാര്യമാരെയും ,അവർ എത്ര ചെറുപ്പമായാലും 'കിളവൻ'...'കിളവി'എന്ന് അവർ കേൾക്കാതെ അഭിസംബോധന ചെയ്യുന്നത് മലയാളികളിൽ ചിലരുടെ ഒരു പൊതു ശൈലിയാണ്....
അത് നാം തിരുത്തേണ്ട ഒരു തെറ്റായ കീഴ്വഴക്കമാണെന്നാണ് മുമ്പെ എന്റെ എളിയ അഭിപ്രായം....
നല്ല മുഖ പരിചയമുള്ള അറബിയെ കണ്ടതോടെ ഏതാണ്ട് ഒരു മാസം മുമ്പ് ഞങ്ങളുടെ ഫാർമസിയിൽ നടന്ന ഒരു അസാധാരണ സംഭവം പൊടുന്നനെ ഓർമ്മയിലെത്തി....
ഇതെ 'കിളവൻറെ' അല്ല ഈ നല്ല മനുഷ്യൻറെ മറ്റൊരു കാർക്കഷ്യ സ്വഭാമാണ് അന്നദ്ദേഹത്തിൽ അവിടെ കാണാനിടയായത്.....
പത്തിരുപത് ദിനാറിൻറെ (ഏകദേശം 4000രൂപ )സാധനങ്ങൾ വാങ്ങിയതിന് ബാക്കി കൊടുത്തതിൽ അഞ്ച് ഫിൽസ് കുറഞ്ഞു പോയത് അയാൾ മനസ്സിലാക്കുകയും അതിന് ആവശ്യപ്പെടുകയും ചെയ്തു.....സാധാരണ സ്വദേശികൾ ബാക്കി കൊടുത്താൽ എണ്ണി നോക്കാതെ വലിയ കുപ്പായത്തിൻറെ കീശയിലേക്ക് താഴ്ത്തുകയും, കോയിൻസ് ചാരിറ്റബിൾ ബോക്സിൽ ഇടാറുമാണ് പതിവ്....
പതിവിന് വിപരീതമായി അയാൾ പറഞ്ഞത് 'ദാറ്റ് ഈസ് മൈ റൈറ്റ് "എന്നാണ്.
5 ഫിൽസിൻറെ പുതിയ ബണ്ടിൽ പൊട്ടിച്ച് ഉള്ളിൽ അയാളെ ശപിച്ചു കൊണ്ടു ബാലൻസ് മുഴുവനും കൊടുക്കേണ്ടി വന്നു. ...
അറു പിശുക്കനെന്ന് ഞങ്ങൾ മുദ്ര ചാർത്തിയ അദ്ദേഹം പിന്നീട് വലിയപോക്കറ്റുകളിൽ നിന്നും ദിനാറുകൾ വാരിയെടുത്ത് തൊട്ടടുത്ത് നിരനിരയായി അടുക്കി വെച്ചിട്ടുളള ചാരിറ്റി ബോക്സുകളിൽ ഉൽസാഹ പൂർവം തിരുകി കയറ്റുന്നത് കണ്ട് കുറ്റബോധത്തോടെ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു..

എൻ.സൂപ്പി.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo